ആണവ ഭീഷണി ഒരു പ്രകാരത്തിലും അവസാനിച്ചിട്ടില്ല
“വൻ നശീകരണശേഷിയുള്ള ആയുധങ്ങളുടെ പെരുപ്പമാണ് ഇപ്പോൾ ഈ ഗ്രഹം നേരിടുന്ന ഏറ്റവും അപകടകരമായ ഭീഷണി.”—വില്യം ഇ. ബറോസിന്റെയും റോബർട്ട് വിൻഡ്രമിന്റെയും നിർണായക പിണ്ഡം എന്ന ഇംഗ്ലീഷ് പുസ്തകം.
വർഷം 1995, തീയതി ജനുവരി 25. അന്ന് രാവിലെ വടക്കൻ റഷ്യയിലെ റഡാർ സ്ക്രീനുകളിൽ പെട്ടെന്ന് അശുഭസൂചകമായ ഒരു പ്രതിബിംബം നിഴലിച്ചു. നോർവേയുടെ തീരത്തിനടുത്ത് എവിടെനിന്നോ ഒരു റോക്കറ്റ് വിക്ഷേപിക്കപ്പെട്ടിരിക്കുന്നു! ഒരു അണുബോംബ് ആക്രമണ സാധ്യതയെ കുറിച്ച് റഡാർ ഓപ്പറേറ്റർമാർ മോസ്കോ നഗരത്തിനു മുന്നറിയിപ്പു നൽകി. മിനിട്ടുകൾക്കുള്ളിൽ, വിപത്കരമായ ഒരു ആണവ പ്രത്യാക്രമണത്തിനുള്ള നിർദേശം നൽകാൻ വേണ്ട ഇലക്ട്രോണിക് സജ്ജീകരണങ്ങൾ അടങ്ങിയ ഒരു സ്യൂട്ട്കേസ് റഷ്യൻ പ്രസിഡന്റിനു നൽകപ്പെട്ടു. ഒരു സമഗ്ര ആണവയുദ്ധം നിമിഷങ്ങൾക്കകം പൊട്ടിപ്പുറപ്പെടാൻ സാധ്യതയുള്ളതായി തോന്നിച്ചു.
ആശ്വാസകരമെന്നു പറയട്ടെ, റോക്കറ്റിന്റെ സഞ്ചാരപഥം റഷ്യക്ക് യാതൊരു ഭീഷണിയും ഉയർത്തുന്നില്ലെന്നു മനസ്സിലാക്കാൻ കഴിഞ്ഞു. കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ചില ഉപകരണങ്ങൾ വഹിക്കുന്ന ഒരു റോക്കറ്റായിരുന്നു അത് എന്നു പിന്നീട് അറിവായി. എന്നിരുന്നാലും ദ വാഷിങ്ടൺ പോസ്റ്റലെ ഒരു ലേഖനം ഇങ്ങനെ അഭിപ്രായപ്പെട്ടു: “ആണവ യുഗത്തിലെ ഏറ്റവും അപകടകരമായ നിമിഷങ്ങൾ ആയിരുന്നിരിക്കാം അവ. ശീതയുദ്ധകാലത്ത് ഉണ്ടായിരുന്ന അതേവിധത്തിൽ ഇന്നും അണ്വായുധ-വിക്ഷേപണ സംവിധാനങ്ങൾ സദാ സജ്ജമാണെന്നും വൻശക്തികൾ തമ്മിലുള്ള വടംവലി അവസാനിച്ചെങ്കിലും തെറ്റിദ്ധാരണകൾ മൂലമുള്ള എടുത്തുചാട്ടം എത്ര വിപത്കരമായ സംഭവവികാസങ്ങൾക്കു വഴി തെളിച്ചേക്കാമെന്നും അതു നമുക്കു കാട്ടിത്തരുന്നു.”
അണ്വായുധ സജ്ജത
ദശകങ്ങളോളം മുൻ സോവിയറ്റ് യൂണിയന്റെയും ഐക്യനാടുകളുടെയും അണ്വായുധ സംബന്ധമായ നിലപാട്, ‘സുനിശ്ചിത പരസ്പര വിനാശം’ (mutual assured destruction) എന്നറിയപ്പെടുന്ന പരസ്പര നിഷ്ക്രിയീകരണ സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഇതിന്റെ ഒരു പ്രത്യേകത ‘മുന്നറിയിപ്പു ലഭിക്കുമ്പോഴേ ഉള്ള വിക്ഷേപണം’ എന്ന യുദ്ധതന്ത്രമായിരുന്നു. തങ്ങൾ ആക്രമണം തൊടുത്തുവിടുന്ന പക്ഷം പോർമുനകൾ ലക്ഷ്യസ്ഥാനത്തു പതിക്കുംമുമ്പുതന്നെ എതിർപക്ഷത്തുനിന്നു കനത്ത പ്രത്യാക്രമണം ഉണ്ടാകുമെന്ന് ഇരുകൂട്ടർക്കും ഉറപ്പായിരുന്നു. രണ്ടാമത്തെ പ്രത്യേകത ആയിരുന്നു ‘ആക്രമണത്തെ തുടർന്നുള്ള വിക്ഷേപണം’ എന്ന തന്ത്രം. ശത്രുപക്ഷത്തു നിന്നുള്ള പോർമുനകൾ നാശം വിതച്ചാൽത്തന്നെയും പ്രത്യാക്രമണം നടത്താനുള്ള ഇരുകൂട്ടരുടെയും ശേഷിയെ ആയിരുന്നു അത് അർഥമാക്കിയത്.
ശീതയുദ്ധം അവസാനിച്ചെങ്കിലും ‘സുനിശ്ചിത പരസ്പര വിനാശം’ ഇന്നും മനുഷ്യവർഗത്തെ ഒരു ദുസ്സ്വപ്നം പോലെ വേട്ടയാടുന്നു. അതേ, ഐക്യനാടുകളുടെയും റഷ്യയുടെയും അണ്വായുധ ശേഖരത്തിൽ ഗണ്യമായ—ചിലർ പറയുന്നതനുസരിച്ച് പകുതിയോളം—വെട്ടിച്ചുരുക്കൽ നടന്നിട്ടുണ്ടെങ്കിലും അവരുടെ കൈവശം ആയിരക്കണക്കിന് ആണവ പോർമുനകൾ ഇപ്പോഴുമുണ്ട്. അതുകൊണ്ടുതന്നെ, അറിയാതെയോ അധികാരപ്പെട്ടവരുടെ അനുമതി കൂടാതെയോ അവ വിക്ഷേപിക്കപ്പെടാനുള്ള സാധ്യതയുമുണ്ട്. മറുപക്ഷത്തുനിന്ന് ആദ്യം ആക്രമണം ഉണ്ടാകാനുള്ള സാധ്യത ഇല്ലെന്നു തന്നെയാണു പൊതുവെ കരുതപ്പെടുന്നതെങ്കിലും ഇരു രാഷ്ട്രങ്ങൾക്കും ഇപ്പോഴും അങ്ങനെയൊരു പേടി ഇല്ലാതില്ല. തന്നിമിത്തം ഏതു നിമിഷവും എടുത്തു പ്രയോഗിക്കാൻ പാകത്തിന് നിരവധി മിസൈലുകൾ അവർ തയ്യാറാക്കി വെച്ചിട്ടുണ്ട്.
1994-ൽ ഐക്യനാടുകളും റഷ്യയും പരസ്പരം മിസൈലുകൾ ഉന്നംവെക്കുന്നതു നിർത്താമെന്ന കരാറിലെത്തി. “ഇത് അവരുടെ പക്ഷത്തുനിന്നുള്ള സ്വാഗതാർഹമായ ഒരു നടപടി ആയിരുന്നെങ്കിലും അതിന് സൈനിക പ്രാധാന്യം ഒട്ടുംതന്നെയില്ലെന്നു പറയാം” എന്നാണ് സയന്റിഫിക്ക് അമേരിക്കന്റെ അഭിപ്രായം. “മിസൈൽ കമാൻഡർമാർക്ക് വേണമെങ്കിൽ നിമിഷങ്ങൾക്കകം, മിസൈലിന്റെ ഗതി നിയന്ത്രിക്കുന്ന കമ്പ്യൂട്ടറുകളിൽ ലക്ഷ്യസ്ഥാനത്തിന്റെ നിർദേശാങ്കങ്ങൾ റീലോഡ് ചെയ്യാൻ കഴിയും.”
പുതിയ ആയുധങ്ങൾ പണിപ്പുരയിലോ?
അണ്വായുധങ്ങൾ സംബന്ധിച്ച ഗവേഷണങ്ങളും അവയുടെ പരിഷ്കരണവും തുടർന്നുകൊണ്ടിരിക്കുകയാണ് എന്ന യാഥാർഥ്യം അവഗണിക്കാനാവില്ല. ഉദാഹരണത്തിന്, ഐക്യനാടുകൾ പ്രതിവർഷം 450 കോടിയോളം ഡോളറാണ് അത്തരം ആയുധങ്ങൾക്കായി ബഡ്ജറ്റിൽ വകയിരുത്തുന്നത്! 1997-ൽ ദ ടൊറന്റോ സ്റ്റാർ ഇപ്രകാരം റിപ്പോർട്ടു ചെയ്തു: “വൈരുധ്യമെന്നു പറയട്ടെ, ആണവ യുദ്ധ സജ്ജീകരണങ്ങൾ പരിരക്ഷിക്കാൻ യു.എസ്. ഇന്ന് ശീതയുദ്ധകാലത്ത് ചെലവഴിച്ചതിനെക്കാൾ അധികം പണം ചെലവഴിക്കുന്നുണ്ട്. ആ പണത്തിന്റെ ഒരു ഭാഗം, ഒരു പുതിയ ആഗോള ആയുധ മത്സരത്തിനു വഴിമരുന്നിട്ടേക്കാവുന്നവ എന്നു വിമർശകർ പറയുന്ന, സംശയാസ്പദമായ പദ്ധതികൾക്കായി നീക്കിവെച്ചിരിക്കുന്നു.”
ഉദാഹരണത്തിന്, ശതകോടിക്കണക്കിനു ഡോളർ ചെലവഴിക്കപ്പെടുന്ന യു.എസ്. ഗവൺമെന്റിന്റെ സ്റ്റോക്ക്പൈൽ സ്റ്റ്യുവാർഡ്ഷിപ്പ് ആൻഡ് മാനേജ്മെന്റ് പദ്ധതിയെ കുറിച്ച് വളരെയധികം വിവാദങ്ങൾ ഉയർന്നിട്ടുണ്ട്. നിലവിലുള്ള അണ്വായുധങ്ങളുടെ പരിരക്ഷണമാണ് പദ്ധതിയുടെ പ്രത്യക്ഷത്തിലുള്ള ലക്ഷ്യമെങ്കിലും അതിന് ഒരു കുത്സിത ഉദ്ദേശ്യം കൂടെയുണ്ടെന്നാണ് വിമർശകരുടെ പക്ഷം. ദ ബുള്ളറ്റിൻ ഓഫ് ദി അറ്റോമിക്ക് സയന്റിസ്റ്റ്സ് പറയുന്നു: “അണ്വായുധങ്ങൾ ഭേദഗതി ചെയ്യാനും പരിഷ്കരിക്കാനും ആധുനികവത്കരിക്കാനും പഴയവ മാറ്റി പുതിയവ നിർമിക്കാനും ഒക്കെ പരിപാടിയുണ്ട്—അണ്വായുധ ശേഖരത്തിന്റെ ആയുസ്സ് വർധിപ്പിക്കുക മാത്രമല്ല . . . അവ ‘മെച്ചപ്പെടുത്തുക’ കൂടിയാണ് അതിന്റെ ഉദ്ദേശ്യം.”
1997-ൽ, ബി-61 എന്ന അണുബോംബ് വികസിപ്പിച്ചെടുത്തത് വലിയ ഒച്ചപ്പാടിന് ഇടയാക്കിയിരുന്നു. പൊട്ടിത്തെറിക്കുംമുമ്പേ ഭൂമിയുടെ ഉപരിതലത്തെ തുളച്ചുകടന്ന് ഭൂഗർഭ സൈനിക നേതൃത്വ കേന്ദ്രങ്ങളും ഫാക്ടറികളും പരീക്ഷണശാലകളും മറ്റും നശിപ്പിക്കാൻ ഈ ബോംബിനു കഴിയും. ഒരു പഴയ ബോംബിന്റെ പരിഷ്കരിക്കപ്പെട്ട രൂപമാണ് ഇത് എന്ന് അനുകൂലികൾ അവകാശപ്പെടുന്നുണ്ടെങ്കിലും പുതിയ ഒരു ബോംബ് തന്നെയാണ് അതെന്നാണു പ്രതികൂലികൾ പറയുന്നത്—പുതിയ അണ്വായുദ്ധങ്ങൾ വികസിപ്പിച്ചെടുക്കുകയില്ലെന്ന യു.എസ്. ഗവൺമെന്റിന്റെ വാഗ്ദാനങ്ങളുടെ കടുത്ത ലംഘനം.
പ്രിൻസ്റ്റൺ സർവകലാശാലയിലെ ആണവ ഊർജതന്ത്രജ്ഞനായ ടെഡ് ടെയ്ലർ ഇങ്ങനെ അഭിപ്രായപ്പെട്ടു: “(യു.എസ്.-ൽ) ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന തരം ഗവേഷണം റഷ്യയിലും ഫ്രാൻസിലും ജർമനിയിലും മറ്റിടങ്ങളിലും നടക്കുന്നുണ്ടെന്നാണ് എന്റെ ഊഹം. നമ്മുടെ ചില പദ്ധതികൾ ലോകത്തെ പുതിയ ഒരു ആയുധ മത്സരത്തിലേക്കു നയിക്കുകയാണ് എന്നു ഞാൻ വിശ്വസിക്കുന്നു.” പുതിയ ആയുധങ്ങളെ കുറിച്ചു ഗവേഷണം നടത്തുന്നതിനും അവ വികസിപ്പിച്ചെടുക്കുന്നതിനും രൂപകൽപ്പന ചെയ്യുന്നതിനും വേണ്ട സജീവമായ പ്രോത്സാഹനം നൽകുന്നത് ആയുധ രൂപകൽപ്പനാ വിദഗ്ധർ തന്നെയാണ് എന്നും വിമർശകർ പറയുന്നു. ക്ഷതമേറ്റ ദുരഭിമാനവും പ്രശസ്തിക്കു വേണ്ടിയുള്ള വെമ്പലും സാമ്പത്തിക ബുദ്ധിമുട്ടുകളുമൊക്കെ ആയിരിക്കാം പ്രഗത്ഭരായ ഈ ശാസ്ത്രജ്ഞരെ ആയുധ ഗവേഷണങ്ങൾക്കു പുതിയ രൂപവും ഭാവവും നൽകാൻ പ്രേരിപ്പിക്കുന്ന ശക്തമായ ഘടകങ്ങൾ.
ആണവ രംഗത്ത് പുതിയ ശക്തികൾ
ലോകത്തിലെ ആണവശേഷിയുള്ള രാഷ്ട്രങ്ങളുടെ എണ്ണവും കൂടിയിട്ടുണ്ട്. ഐക്യനാടുകൾ, ചൈന, ഫ്രാൻസ്, ബ്രിട്ടൻ, റഷ്യ എന്നീ അഞ്ചു രാഷ്ട്രങ്ങളെയായിരുന്നു പൊതുവെ ആണവ ശക്തികളായി കരുതിപ്പോന്നത്. എന്നാൽ മറ്റു രാജ്യങ്ങളും അണ്വായുധങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന വിവരം പരക്കെ അറിവുള്ളതാണ്. ഉദാഹരണത്തിന്, ഇന്ത്യയും പാകിസ്ഥാനും അടുത്തയിടെ നടത്തിയ ആണവ പരീക്ഷണങ്ങൾ തെക്കുകിഴക്കൻ ഏഷ്യയിലെ കടുത്ത ആയുധ മത്സര സാധ്യതയെ കുറിച്ച് ഭയത്തിന്റെ തീപ്പൊരികൾ പാറിച്ചിരിക്കുന്നു. അൾജീറിയ, ഇറാൻ, ഇറാഖ്, ഉത്തര കൊറിയ എന്നിവയാണ് ആണവശേഷി ഉള്ളതായി സംശയിക്കപ്പെടുന്ന മറ്റു രാഷ്ട്രങ്ങൾ. 1970-ൽ പ്രാബല്യത്തിൽ വന്ന അണ്വായുധ വ്യാപന നിരോധന കരാറിൽ 180-ലധികം രാഷ്ട്രങ്ങൾ ഒപ്പുവെച്ചു. എന്നാൽ, അണ്വായുധങ്ങൾ വികസിപ്പിച്ചെടുക്കാൻ താത്പര്യമുള്ളതായി പരക്കെ സംശയിക്കപ്പെടുന്ന ഒട്ടേറെ രാഷ്ട്രീയശക്തികൾ അതിൽ ഇതുവരെ ഒപ്പുവെച്ചിട്ടില്ല.
ഏഷ്യാവീക്ക് റിപ്പോർട്ടു ചെയ്യുന്നു: “ആണവശേഷി ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്ന നേതാക്കന്മാരുള്ള രാജ്യങ്ങളുടെ വർധിച്ചുവരുന്ന എണ്ണമാണ് യഥാർഥ ഭീഷണി എന്ന് ആണവ വ്യാപനത്തെ നിരീക്ഷിക്കുന്ന വിദഗ്ധർ ഇപ്പോഴും വിശ്വസിക്കുന്നു.” പിഴയൊടുക്കേണ്ടി വരുമെങ്കിലും രഹസ്യമായി അണ്വായുധങ്ങൾ വികസിപ്പിച്ചെടുക്കാൻ വേണ്ട സാങ്കേതികവിദ്യയും സാമഗ്രികളും സമ്പാദിക്കാൻ നിശ്ചയിച്ചുറച്ചിരിക്കുന്ന ഗവൺമെന്റുകളെ തടയാൻ അണ്വായുധ വ്യാപന നിരോധന കരാറിനു സാധിക്കില്ലെന്ന് ചില നിരീക്ഷകർ കരുതുന്നു. യു.എസ്. ഡിഫൻസ് ഇന്റലിജൻസ് ഏജൻസി ഡയറക്ടർ ജെയിംസ് ക്ലാപ്പർ ഇങ്ങനെ മുൻകൂട്ടി പറഞ്ഞു: “സ്വന്തമായി നിർമിച്ചെടുത്ത മിസൈലിൽ [രാസ, ജൈവ അല്ലെങ്കിൽ ആണവ] പോർമുന ഘടിപ്പിക്കാൻ പ്രാപ്തിയുള്ള നിരവധി രാജ്യങ്ങളെ അടുത്ത നൂറ്റാണ്ടിന്റെ ആരംഭത്തോടെ നമുക്കു കാണാൻ സാധിക്കും.”
എല്ലാ രാഷ്ട്രങ്ങളും ആണവ പരീക്ഷണം നിരോധിക്കാനുള്ള സമ്മർദത്തിനു വഴങ്ങാനുള്ള സാധ്യതയും കാണുന്നില്ല. 1996-ൽ, സമഗ്ര ആണവ പരീക്ഷണ നിരോധന കരാറിൽ ഒപ്പുവെക്കാനുള്ള സമ്മർദത്തിന് ഒട്ടേറെ രാഷ്ട്രങ്ങൾ വഴങ്ങിയ സമയത്ത് ഏഷ്യാവീക്കലെ ഒരു മുഖപ്രസംഗം ഇങ്ങനെ അഭിപ്രായപ്പെട്ടു: “ആണവ പരീക്ഷണ നിരോധനത്തെ കുറിച്ചു സുവിശേഷിക്കാൻ അമേരിക്കയ്ക്കും യൂറോപ്പിനും എളുപ്പമാണ്. കാരണം അവർ ആവശ്യത്തിന് അണുസ്ഫോടന പരീക്ഷണങ്ങൾ നടത്തി വിവരങ്ങൾ ശേഖരിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി അവർക്ക് ആണവ പരീക്ഷണങ്ങൾ നടത്തിയില്ലെങ്കിലും കുഴപ്പമൊന്നുമില്ല.”
ആണവ കള്ളക്കടത്തും ഭീകരപ്രവർത്തനവും
ഏതെങ്കിലുമൊരു തീവ്രവാദി സംഘം ഒരു അണ്വായുധം കൈക്കലാക്കുകയും തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം സാധിക്കുന്നതിനായി അത് ഉപയോഗിക്കാൻ തീരുമാനിക്കുകയും—ചുരുങ്ങിയപക്ഷം പ്രയോഗിക്കുമെന്നു ഭീഷണി മുഴക്കുകയെങ്കിലും—ചെയ്തേക്കാം എന്നുള്ളതാണ് ഏറ്റവും വലിയ ഭീഷണി എന്നു ചിലർ കരുതുന്നു. അതുപോലെതന്നെ, ഗവൺമെന്റിനെയോ ഒരു കോർപ്പറേഷനെയോ ഭീഷണിപ്പെടുത്തി കാര്യം സാധിക്കാൻ ഏതെങ്കിലുമൊരു കുറ്റകൃത്യ സംഘടന റേഡിയോ ആക്ടീവ് പദാർഥം ഉപയോഗിച്ചേക്കാമെന്ന പേടിയുമുണ്ട്. സയന്റിഫിക്ക് അമേരിക്കനലെ ഒരു ലേഖനം ഇങ്ങനെ വിശദീകരിക്കുന്നു: “ആണ്വായുധത്തിന്റെ പേരുംപറഞ്ഞ് ഭീഷണി ഉയർത്തുന്ന ഒരു വ്യക്തിക്ക് തന്റെ കയ്യിലുള്ള ആണവ പദാർഥം എത്ര വിനാശകമാണെന്നു തെളിയിക്കാനായി അതിന്റെ ഒരു സാമ്പിൾ അവശേഷിപ്പിച്ചു പോകാനും കഴിയും. തുടർന്നുള്ള ഏതു ഭീഷണിയും—വായുവോ ജലമോ മലിനപ്പെടുത്തുമെന്നോ ചെറിയ ഒരു അണ്വായുധം പൊട്ടിക്കുമെന്നോ ഉള്ളത്—കാര്യസാധ്യത്തിനുള്ള ഫലപ്രദമായ മാർഗമായി ഉതകിയേക്കാം.” ആണവ പദാർഥങ്ങൾ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച പലരെയും നിയമപാലകർ ഇതിനോടകം പിടികൂടിയിട്ടുണ്ട്. ഭീകര സംഘങ്ങൾ അണ്വായുധങ്ങൾ വികസിപ്പിച്ചെടുക്കാൻ ശ്രമിക്കുന്നുണ്ടായിരിക്കുമെന്ന ഭയത്തിന് ഇത് ആക്കംകൂട്ടുന്നു.
എന്നാൽ, ആണവ കള്ളക്കടത്ത് കാര്യമായ ഭീഷണിയൊന്നും ഉയർത്തുന്നില്ലെന്നാണ് ചില വിശകലന വിദഗ്ധർ കരുതുന്നത്. ആണവ പദാർഥങ്ങളുടെ കള്ളക്കടത്ത് അങ്ങനെയൊന്നും നടന്നിട്ടില്ലെന്നും അപൂർവം ചില കേസുകളിലൊഴികെ ആയുധനിർമാണത്തിനു പറ്റിയ ഗുണനിലവാരമുള്ള പദാർഥങ്ങൾ അങ്ങനെയുള്ളവർക്കു ലഭിച്ചിട്ടില്ലെന്നും അവർ പറയുന്നു. എങ്കിലും “നിയമവിരുദ്ധമായ എല്ലാ വിപണികളിലുംതന്നെ ഹിമാനിയുടെ അഗ്രം മാത്രമേ ദൃശ്യമാകാറുള്ളൂ, ആണവ പദാർഥ കരിഞ്ചന്തയുടെ കാര്യത്തിലും അതുതന്നെയാണു സത്യം” എന്ന് സയന്റിഫിക്ക് അമേരിക്കൻ ഓർമിപ്പിക്കുന്നു. “ആണവ പദാർഥങ്ങൾ കടത്തിക്കൊണ്ടു പോകാനുള്ള 80 ശതമാനം ശ്രമങ്ങളും തടയാൻ അധികൃതർക്കു സാധിക്കുന്നുവെന്ന അവകാശവാദം വിശ്വസിക്കുന്നത് ബുദ്ധിശൂന്യമാണ്. തന്നെയുമല്ല, ചെറിയ തോതിലുള്ള ചോർത്തൽ പോലും വൻ ഭവിഷ്യത്തുക്കൾക്ക് ഇടയാക്കും” എന്നും അത് അഭിപ്രായപ്പെട്ടു.
ഒരു അണുബോംബ് നിർമിക്കാൻ ആവശ്യമായ പദാർഥങ്ങളുടെ കൃത്യമായ അളവ് പരമ രഹസ്യമായി സൂക്ഷിക്കപ്പെട്ടിരിക്കുന്ന ഒന്നാണെങ്കിലും അതിനായി 3 മുതൽ 25 വരെ കിലോ സമ്പുഷ്ടമാക്കപ്പെട്ട യുറേനിയമോ ആയുധ നിർമാണത്തിനു പറ്റിയ ഗുണനിലവാരമുള്ള 1 മുതൽ 8 വരെ കിലോ പ്ലൂട്ടോണിയമോ വേണ്ടിവരുമെന്നു കണക്കാക്കപ്പെടുന്നു. 7 കിലോ പ്ലൂട്ടോണിയം കൊണ്ടുപോകാൻ ഏകദേശം, കൂൾ ഡ്രിങ്ക്സ് കിട്ടുന്ന അലുമിനിയം ക്യാനിന്റെ അത്രയും വലിപ്പമുള്ള ഒരു പാത്രം മതിയാകും എന്നത് കള്ളക്കടത്തുകാരെ സംബന്ധിച്ചിടത്തോളം വളരെ സൗകര്യപ്രദമാണ്. റിയാക്ടറിൽ ഉപയോഗിക്കുന്ന പ്ലൂട്ടോണിയം പോലും—ഇതാണെങ്കിൽ ആയുധം ഉണ്ടാക്കുന്ന പ്ലൂട്ടോണിയത്തെക്കാൾ എളുപ്പത്തിൽ ലഭ്യമാണു താനും—അപരിഷ്കൃതമെങ്കിലും വിനാശകമായ ഒരു ആണവ ബോംബ് നിർമിക്കാൻ ഉപയോഗിക്കാമെന്നു ചിലർ കരുതുന്നു. പല വിദഗ്ധരും പറയുന്നതുപോലെ റേഡിയോ ആക്ടീവ് പദാർഥ ശേഖരങ്ങൾ വേണ്ട വിധത്തിൽ സംരക്ഷിക്കപ്പെടാത്തപക്ഷം അവ അപഹരിക്കപ്പെടാനുള്ള സാധ്യത നാം വിചാരിക്കുന്നതിലും അധികമായിരിക്കാം. “ഇന്ന് റേഡിയോ ആക്ടീവ് പദാർഥങ്ങളെക്കാൾ മെച്ചമായി ഉരുളക്കിഴങ്ങുകൾ സംരക്ഷിക്കപ്പെടുന്നുണ്ടായിരിക്കാം” എന്ന് മിഖായിൽ കൂലിക്ക് എന്ന ഒരു റഷ്യൻ ഉദ്യോഗസ്ഥൻ പരിഹാസപൂർവം പറയുകയുണ്ടായി.
അതെ, ആണവ വിപത്ത് ഡമോക്ലീസിന്റെ വാൾപോലെ ഇപ്പോഴും മനുഷ്യവർഗത്തിന്റെ തലയ്ക്കു മുകളിൽ തൂങ്ങിക്കിടക്കുന്നു. അത് എന്നെങ്കിലും നീക്കം ചെയ്യപ്പെടുമെന്നു പ്രത്യാശിക്കാൻ കഴിയുമോ?
[8-ാം പേജിലെ ആകർഷകവാക്യം]
“ആണവശേഷി ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്ന നേതാക്കന്മാരുള്ള രാജ്യങ്ങളുടെ വർധിച്ചുവരുന്ന എണ്ണമാണ് യഥാർഥ ഭീഷണി എന്ന് ആണവ വ്യാപനത്തെ നിരീക്ഷിക്കുന്ന വിദഗ്ധർ ഇപ്പോഴും വിശ്വസിക്കുന്നു.”—ഏഷ്യാവീക്ക്
[6-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
ജൈവ, രാസ ഭീഷണികൾ
അണ്വായുധങ്ങൾ വികസിപ്പിച്ചെടുക്കാൻ സാധിക്കാത്ത വിധം ദരിദ്രമായവയെങ്കിലും യുദ്ധോത്സുകതയുള്ള രാഷ്ട്രങ്ങൾ വിഷവാതകമോ ജൈവ ആയുധങ്ങളോ വഹിക്കുന്ന, മധ്യമദൂര മിസൈലുകളെ ആശ്രയിച്ചേക്കാം. ദരിദ്രന്റെ അണ്വായുധം എന്നാണ് ഇവ അറിയപ്പെടുന്നത്. തീവ്രവാദി സംഘങ്ങളും അത്തരം ആയുധങ്ങളിലേക്കു ശ്രദ്ധ തിരിച്ചേക്കാം എന്നു പല വിശകലന വിദഗ്ധരും ഭയക്കുന്നുണ്ട്.
ഉയർന്ന സാങ്കേതിക സവിശേഷതകളോടുകൂടിയ വിക്ഷേപണ സംവിധാനങ്ങൾ ഇല്ലെങ്കിൽപോലും ജൈവ, രാസ ആയുധങ്ങൾ കൊടുംവിപത്ത് വിതയ്ക്കാൻ പോന്നവയാണ്. 1997 നവംബറിൽ യു.എസ്. സെക്രട്ടറി ഓഫ് ഡിഫൻസ്, വില്യം കോഹെൻ പറഞ്ഞു: “സാങ്കേതികമായി പുരോഗമിച്ച, എളുപ്പം മുറിച്ചുകടക്കാവുന്ന അതിരുകളുള്ള ഒരു കൊച്ചുലോകത്തിൽ ആളുകളുടെ ഇടയിൽ വൻതോതിൽ രോഗവും മരണവും നാശവും അഴിച്ചു വിടാൻ വളരെ എളുപ്പമാണ്. സമനില തെറ്റിയ ഒരു വ്യക്തിക്കോ മതഭ്രാന്തന്മാരുടെ ഒരു കൂട്ടത്തിനോ രോഗകാരികളായ ബാക്ടീരിയയെ ഉപയോഗിച്ച് അല്ലെങ്കിൽ ഒരു കുപ്പി രാസവസ്തുക്കളോ അപരിഷ്കൃതമായ ഒരു ആണവബോംബോ ഉപയോഗിച്ച് ഒറ്റയടിക്ക് പതിനായിരക്കണക്കിന് ആളുകളെ കൊല്ലാനോ കൊല്ലുമെന്ന ഭീഷണി ഉയർത്താനോ കഴിയും.” 1995 മാർച്ചിൽ ടോക്കിയോയിലെ ഭൂഗർഭ പാതയിൽ യാത്രക്കാരെ ആക്രമിക്കാൻ ഒരു അവാന്തര മതവിഭാഗത്തിലെ തീവ്രവാദികൾ, സാരിൻ എന്ന, നാഡികളെ ബാധിക്കുന്ന ഒരു വിഷപദാർഥം പ്രയോഗിച്ചപ്പോൾ അത്തരം ഭയം അസ്ഥാനത്തല്ലെന്നു തെളിഞ്ഞു. ആക്രമണത്തിൽ പന്ത്രണ്ടു പേർ കൊല്ലപ്പെടുകയും 5,500 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
“ഒരു രാസ ആക്രമണം ഭയപ്പാടുണ്ടാക്കുന്ന ഒന്നാണെങ്കിൽ ഒരു ജൈവ ആയുധം അതിലും ഭീകരമാണ്” എന്ന് രാഷ്ട്രതന്ത്രശാസ്ത്ര പ്രൊഫസറായ ലിയോണാർഡ് കോൾ അഭിപ്രായപ്പെടുന്നു. “രാസ കാരകങ്ങൾക്കു (agents) ജീവനില്ല. എന്നാൽ ബാക്ടീരിയയും വൈറസും ജീവനുള്ള മറ്റു കാരകങ്ങളും സംക്രമണശേഷിയും പുനരുത്പാദനശേഷിയും ഉള്ളവയാണ്. അവ പുതിയ പരിസ്ഥിതിയുമായി ഇണങ്ങിക്കഴിഞ്ഞാൽ പിന്നെ പെരുകിക്കൊണ്ടിരുന്നേക്കാം. കാലാന്തരത്തിൽ അവ മറ്റ് ഏതൊരു ആയുധത്തെക്കാളും അപകടകാരികളായി തീരും.”
രാസ, ജൈവ ആയുധങ്ങളുടെ പെരുപ്പം തടയുന്നതിന് 1972-ൽ ജൈവ-വിഷ ആയുധ ഉടമ്പടിയും 1993-ൽ രാസായുധ ഉടമ്പടിയും സ്ഥാപിക്കുകയുണ്ടായി. എന്നാൽ, ദി ഇക്കണോമിസ്റ്റ് അഭിപ്രായപ്പെടുന്നു: അത്തരം സദുദ്ദേശ്യങ്ങളൊക്കെ ഉണ്ടെങ്കിലും “ഒരു ആയുധ നിയന്ത്രണ സംവിധാനവും പൂർണമല്ല. . . . ഓരോ ലംഘനവും കണ്ടുപിടിക്കാൻ അവയ്ക്കു കഴിയില്ല.” അത് ഇങ്ങനെയും കൂട്ടിച്ചേർക്കുന്നു: “മാത്രമല്ല, വഞ്ചകരായവർ അതിലൊന്നും ഒപ്പുവെക്കാനും പോകുന്നില്ല.”
[ചിത്രങ്ങൾ]
രാസ, ജൈവ ആയുധങ്ങൾ അനായാസം പ്രയോഗിക്കാൻ തീവ്രവാദികൾക്കു കഴിയും എന്നു നിയമപാലകർ ഭയക്കുന്നു
[7-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ആണവശേഷിയുള്ള രാഷ്ട്രങ്ങൾ
ബ്രിട്ടൻ
ചൈന
ഫ്രാൻസ്
റഷ്യ
ഐക്യനാടുകൾ
ആണവ പരീക്ഷണങ്ങൾ നടത്തിയതായി അറിയപ്പെടുന്ന രാഷ്ട്രങ്ങൾ
ഇന്ത്യ
ഇസ്രായേൽ
പാകിസ്ഥാൻ
ആണവശേഷി ആർജിച്ചെടുത്തുകൊണ്ടിരിക്കുന്നതായി കരുതപ്പെടുന്ന രാഷ്ട്രങ്ങൾ
അൾജീറിയ
ഇറാൻ
ഇറാഖ്
വടക്കൻ കൊറിയ
[4, 5 പേജുകളിലെ ചിത്രം]
ഒരു ബി-61 അണുബോംബ് ഇടുന്നു, ഭൂഗർഭ സംവിധാനങ്ങൾ നശിപ്പിക്കാൻ രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുള്ളതാണ് ഈ ബോംബ്
[കടപ്പാട്]
U.S. Air Force Photo
[4-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
U.S. Air Force Photo