ബൈബിളിന്റെ വീക്ഷണം
വിവാഹ ഇണയെ തിരഞ്ഞെടുക്കേണ്ട വിധം
“വിവാഹിതയാകുന്നതിനെ കുറിച്ചു നിങ്ങൾ ചിന്തിക്കാറുണ്ടോ?” എന്ന് അവിവാഹിതയായ ഒരു സ്ത്രീയോടു ചോദിച്ചപ്പോൾ അവർ ഉടനെ പറഞ്ഞ മറുപടി ഇതാണ്: “ചിന്തിക്കാറുണ്ടോ എന്നോ, എപ്പോഴും എനിക്ക് അതുതന്നെയാണ് ചിന്ത.”
ഏതാനും വാക്കുകളിലുള്ള ആ ഉത്തരം സ്നേഹത്തിനും സൗഹൃദത്തിനും വേണ്ടി ചില ആളുകൾ എത്രമാത്രം കൊതിക്കുന്നു എന്നു വ്യക്തമായി കാട്ടിത്തരുന്നു. ഒരു വിവാഹ പങ്കാളിയെ കണ്ടെത്തുക എന്നത് ജീവിതത്തിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന സംഗതികളിൽ ഒന്നായാണു പലരും കാണുന്നത്. അതുകൊണ്ടു തന്നെ, വിവാഹ ഇണയെ കണ്ടെത്തുന്നതിന് ആളുകളെ സഹായിക്കുക എന്ന ലക്ഷ്യത്തിൽ ലോകമെമ്പാടും കൂണുപോലെയാണ് സ്ഥാപനങ്ങളും മറ്റും മുളച്ചുപൊങ്ങുന്നത്. എന്നിട്ടും, ലോകത്തിന്റെ പല ഭാഗങ്ങളിലും, വിവാഹ പരാജയങ്ങളുടെ കൈപ്പുനീർ രുചിക്കേണ്ടിവരുന്നവരുടെ എണ്ണവുമായി തട്ടിച്ചു നോക്കുമ്പോൾ വിവാഹത്തിൽ വിജയം കാണുന്നവരുടെ എണ്ണം വളരെ കുറവാണ്.
വിവാഹ ഇണയെ സ്വയം തിരഞ്ഞെടുക്കുന്ന രീതിയാണ് പാശ്ചാത്യ നാടുകളിലേത്. എന്നാൽ, ഏഷ്യയുടെയും ആഫ്രിക്കയുടെയും ചില ഭാഗങ്ങളിൽ വീട്ടുകാർ വിവാഹം ആലോചിച്ച് ഉറപ്പിക്കുന്നതാണ് ഇപ്പോഴും നാട്ടുനടപ്പ്. അത് ഏതുവിധത്തിലായാലും, വിവാഹ ഇണയെ തിരഞ്ഞെടുക്കുക എന്നത് നിസ്സാരമായി എടുക്കേണ്ട ഒരു കാര്യമല്ല. ജീവിതത്തെ സന്തുഷ്ടമോ ദുഃഖപൂർണമോ ആക്കിയേക്കാവുന്ന ഇതുപോലുള്ള തീരുമാനങ്ങൾ അധികമില്ല. സ്നേഹം കളിയാടുന്ന വിവാഹബന്ധം ജീവിതത്തെ അങ്ങേയറ്റം അർഥ സമ്പുഷ്ടവും സംതൃപ്തിദായകവും ആക്കിത്തീർക്കുന്നു. നേരേമറിച്ച്, എപ്പോഴും കലഹിക്കുന്ന സ്വരച്ചേർച്ചയില്ലാത്ത രണ്ടുപേർ തമ്മിലുള്ള വിവാഹബന്ധം എന്നും ഹൃദയവേദനയും മാനസിക പിരിമുറുക്കവും മാത്രം സമ്മാനിക്കുന്നതായിരിക്കും.—സദൃശവാക്യങ്ങൾ 21:19; 26:21.
തങ്ങളുടെ വിവാഹബന്ധം സന്തോഷവും സംതൃപ്തിയും നിറഞ്ഞതായിരിക്കാൻ ആണ് സത്യക്രിസ്ത്യാനികളും ആഗ്രഹിക്കുന്നത്. എന്നാൽ അതോടൊപ്പം, ദൈവത്തെ പ്രസാദിപ്പിക്കാനും അവനു ബഹുമതി കരേറ്റാനും കൂടെ അവർ ആഗ്രഹിക്കുന്നു. (കൊലൊസ്സ്യർ 3:23) സ്രഷ്ടാവും വിവാഹ ക്രമീകരണത്തിന്റെ ഉപജ്ഞാതാവും എന്ന നിലയിൽ, നമ്മുടെ യഥാർഥ ആവശ്യങ്ങൾ എന്താണെന്നും നമുക്ക് അത്യുത്തമമായിരിക്കുന്നത് എന്താണെന്നും ഏറ്റവും നന്നായി അറിയാവുന്നത് ദൈവത്തിനാണ്. (ഉല്പത്തി 2:22-24; യെശയ്യാവു 48:17-19) മാത്രമല്ല, അവൻ ആയിരക്കണക്കിനു വർഷങ്ങളായി കോടാനുകോടി വിവാഹജീവിതങ്ങൾ—വിജയിച്ചതും പരാജയമടഞ്ഞിട്ടുള്ളതുമായവ—കണ്ടിട്ടുണ്ട്. ഒരു വിവാഹത്തെ വിജയിപ്പിക്കുന്നതും പരാജയപ്പെടുത്തുന്നതും ആയ കാര്യങ്ങൾ എന്തൊക്കെയാണെന്ന് അവന് അറിയാം. (സങ്കീർത്തനം 32:8) കാര്യജ്ഞാനത്തോടെയുള്ള തിരഞ്ഞെടുപ്പു നടത്താൻ ഏതൊരു ക്രിസ്ത്യാനിയെയും സഹായിക്കുന്ന വ്യക്തവും സുനിശ്ചിതവുമായ തത്ത്വങ്ങൾ തന്റെ വചനമായ ബൈബിളിലൂടെ ദൈവം നൽകിത്തരുന്നുണ്ട്. ഈ തത്ത്വങ്ങളിൽ ചിലത് ഏവയാണ്?
ശാരീരിക സൗന്ദര്യം മാത്രം നോക്കിയാൽ പോരാ
വിവാഹ ഇണയെ സ്വയം തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം ഉള്ളിടങ്ങളിൽ രണ്ടുപേർ തമ്മിൽ കണ്ടുമുട്ടുന്നത് തികച്ചും അവിചാരിതമായിട്ടായിരിക്കാം. അല്ലെങ്കിൽ സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ വഴി ആയിരിക്കാം അവർ പരിചയപ്പെടുന്നത്. പലപ്പോഴും അനുരാഗം തളിരിടുന്നത് ശാരീരിക സൗന്ദര്യത്തിൽ ആകൃഷ്ടരാകുമ്പോഴാണ്. ശാരീരിക ആകർഷണം സ്വാഭാവികവും ശക്തവുമായ ഒരു പ്രേരക ഘടകം ആണെങ്കിലും വിവാഹ ഇണയെ തിരഞ്ഞെടുക്കുമ്പോൾ ശാരീരിക ആകാരത്തിൽ മാത്രം ശ്രദ്ധ പതിപ്പിക്കാതിരിക്കാൻ ബൈബിൾ ബുദ്ധിയുപദേശിക്കുന്നു.
“ലാവണ്യം വ്യാജവും സൌന്ദര്യം വ്യർത്ഥവും ആകുന്നു; യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും” എന്ന് സദൃശവാക്യങ്ങൾ 31:30 പറയുന്നു. ‘ദൈവസന്നിധിയിൽ വിലയേറിയതായിരിക്കുന്ന സൌമ്യതയും സാവധാനതയുമുള്ള മനസ്സു എന്ന അക്ഷയഭൂഷണത്തെ’ കുറിച്ച് അപ്പൊസ്തലനായ പത്രൊസ് പറയുകയുണ്ടായി. (1 പത്രൊസ് 3:4) അതേ, ഭാവി ഇണയുടെ ആത്മീയ ഗുണങ്ങൾ—ദൈവ ഭക്തിയും ദൈവ സ്നേഹവും ക്രിസ്തീയ വ്യക്തിത്വവും—ശാരീരിക സൗന്ദര്യത്തെക്കാൾ വളരെയേറെ പ്രാധാന്യം അർഹിക്കുന്നു. വസ്തുനിഷ്ഠമായ തിരഞ്ഞെടുപ്പു നടത്താൻ—ഒരേ ആത്മീയ ലക്ഷ്യങ്ങൾ ഉള്ള, ദൈവാത്മാവിന്റെ ഫലങ്ങൾ നട്ടുവളർത്താൻ ശ്രമിക്കുന്ന ഒരാളെ കണ്ടുപിടിക്കാൻ—സമയമെടുക്കേണ്ടതു മർമപ്രധാനമാണ്. ഇത് ഒരു സന്തുഷ്ട വിവാഹ ബന്ധത്തിനു വളരെയധികം സംഭാവന ചെയ്യും.—സദൃശവാക്യങ്ങൾ 19:2; ഗലാത്യർ 5:22, 23.
‘കർത്താവിൽ മാത്രം വിവാഹം കഴിക്കുക’
ഒരേ വിശ്വാസങ്ങളും ലക്ഷ്യങ്ങളും ഉള്ള ആളെ വിവാഹം കഴിക്കേണ്ടതു വളരെ പ്രധാനമാണ്. വിവാഹജീവിതം ഒരു യഥാർഥ വെല്ലുവിളിയാണ്. ഇരു കൂട്ടരും പെരുമാറ്റത്തിലും മനോഭാവത്തിലും പല പൊരുത്തപ്പെടുത്തലുകളും വരുത്തേണ്ടത് ആവശ്യമാണ്. ഇരുവർക്കും ഇപ്പോൾത്തന്നെ പൊതുവായി എത്രയധികം വീക്ഷണങ്ങളും താത്പര്യങ്ങളും ഉണ്ടോ, പൊരുത്തപ്പെട്ടു പോകാൻ അത്രയധികം എളുപ്പമായിരിക്കും.
“അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടരുതു” എന്ന് അപ്പൊസ്തലനായ പൗലൊസ് ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിച്ചതിന്റെ കാരണം മനസ്സിലാക്കാൻ ഇതു നമ്മെ സഹായിക്കുന്നു. (2 കൊരിന്ത്യർ 6:14) ഒരേ വിശ്വാസമില്ലാത്ത, ബൈബിൾ തത്ത്വങ്ങൾ ഒരേ രീതിയിൽ മനസ്സിലാക്കാത്ത രണ്ടുപേർ തമ്മിൽ വിവാഹം കഴിക്കുന്നത് കലഹത്തിനും പൊരുത്തക്കേടിനും ഇടയാക്കും എന്ന് പൗലൊസിന് അറിയാമായിരുന്നു. “കർത്താവിൽ വിശ്വസിക്കുന്നവനുമായി മാത്രമേ” വിവാഹം പാടുള്ളൂ എന്ന ഉദ്ബോധനം ന്യായയുക്തമായ ഒന്നാണ്. (1 കൊരിന്ത്യർ 7:39) അത് ദൈവത്തിന്റെ ചിന്താഗതിയെ പ്രതിഫലിപ്പിക്കുന്നു. അത് അനുസരിക്കുന്നത് ജ്ഞാനപൂർവകമാണ്. കാരണം, ഗുരുതരമായ പല കുഴപ്പങ്ങളും ഒഴിവാക്കാൻ അതു സഹായിക്കും.—സുഭാഷിതങ്ങൾ [സദൃശവാക്യങ്ങൾ] 2:1, 9, പി.ഒ.സി. ബൈബിൾ.
വീട്ടുകാർ ആലോചിച്ച് ഉറപ്പിക്കുന്ന വിവാഹങ്ങൾ
വിവാഹം വീട്ടുകാർ ആലോചിച്ച് ഉറപ്പിക്കുന്ന രീതിയുള്ള പ്രദേശങ്ങളെ സംബന്ധിച്ചെന്ത്? ഉദാഹരണത്തിന്, തെന്നിന്ത്യയിൽ 80 ശതമാനം വിവാഹങ്ങളും മാതാപിതാക്കൾ ആലോചിച്ച് ഉറപ്പിക്കുന്നവയാണെന്ന് ചിലർ കണക്കാക്കുന്നു. ഈ രീതി പിൻപറ്റണമോ വേണ്ടയോ എന്ന് ക്രിസ്തീയ മാതാപിതാക്കൾക്കു വ്യക്തിപരമായി തീരുമാനിക്കാവുന്നതാണ്. ആത്മീയ മൂല്യങ്ങൾക്കു മുഖ്യ പ്രാധാന്യം നൽകുമ്പോൾ തീർച്ചയായും അത്തരം വിവാഹങ്ങൾ വിജയകരമായിരിക്കും.
വീട്ടുകാർ ആലോചിച്ച് ഉറപ്പിക്കുന്ന വിവാഹങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നത് അനുഭവസമ്പത്തും പക്വതയുമുള്ളവർ ആയതിനാൽ അവ മെച്ചപ്പെട്ടതായിരിക്കും എന്നാണ് അത്തരം വിവാഹങ്ങളെ അനുകൂലിക്കുന്നവർ പറയുന്നത്. ആഫ്രിക്കയിലെ ഒരു ക്രിസ്തീയ മൂപ്പൻ ഇങ്ങനെ പറയുന്നു: “അനുഭവ സമ്പത്തില്ലാത്തവരും ചെറുപ്പക്കാരുമായ മക്കൾക്ക് ഭാവി ഇണയുടെ ആത്മീയ പക്വതയെ ശരിയായി വിലയിരുത്താൻ കഴിയില്ല എന്ന് ചില മാതാപിതാക്കൾ കരുതുന്നു.” ഇന്ത്യയിലെ ഒരു സഞ്ചാര ശുശ്രൂഷകൻ കൂടുതലായി ഇങ്ങനെ പറയുന്നു: “അനുഭവസമ്പത്തില്ലാത്തവരാണ് യുവാക്കൾ. അവർ തീരുമാനം എടുക്കുന്നത് വികാരങ്ങളുടെ പുറത്തായിരിക്കാം.” തങ്ങൾക്കു മറ്റാരെക്കാളും നന്നായി മക്കളെ അറിയാവുന്നതുകൊണ്ട് അവർക്കു വേണ്ടി ജ്ഞാനപൂർവകമായ തിരഞ്ഞെടുപ്പു നടത്താൻ തങ്ങളാണ് ഏറ്റവും പറ്റിയ സ്ഥാനത്തെന്ന് അച്ഛനമ്മമാർ കരുതുന്നു. എന്നാൽ അങ്ങനെ ചെയ്യുമ്പോൾ തന്നെ യുവാവിന്റെയും യുവതിയുടെയും വീക്ഷണങ്ങളും കൂടെ കണക്കിലെടുക്കുന്നതു ബുദ്ധിയായിരിക്കും.
എന്നാൽ, മാതാപിതാക്കൾ ബൈബിൾ തത്ത്വങ്ങൾ അവഗണിച്ചുകൊണ്ട് പ്രവർത്തിക്കുന്നെങ്കിൽ പിന്നീട് വിവാഹബന്ധത്തിൽ അപസ്വരങ്ങൾ ഉയരുന്ന പക്ഷം അവർക്കുതന്നെ തിരിച്ചടി നേരിട്ടേക്കാം. വിവാഹിതരാകാൻ പോകുന്നവർക്ക് പരസ്പരം അടുത്തറിയാൻ പലപ്പോഴും അവസരം ലഭിക്കാത്തതുകൊണ്ട് പ്രശ്നങ്ങൾ തലപൊക്കിയേക്കാം. അങ്ങനെ സംഭവിക്കുന്ന പക്ഷം, “കുറ്റം മാതാപിതാക്കളുടെ തലയിൽ കെട്ടിവെക്കാനുള്ള പ്രവണതയാണ് ഉള്ളത്,” ഇന്ത്യയിലെ ഒരു ക്രിസ്തീയ പിതാവ് വിശദീകരിക്കുന്നു.
മക്കൾക്കു വേണ്ടി വിവാഹ ഇണയെ തേടുന്ന ക്രിസ്തീയ മാതാപിതാക്കൾ തങ്ങളുടെ ആന്തരം എന്താണെന്നു കൂടെ പരിചിന്തിക്കേണ്ടതുണ്ട്. ഭൗതികത്വ ചിന്താഗതിയോ പേരിനും പെരുമയ്ക്കും വേണ്ടിയുള്ള ആഗ്രഹമോ ആണ് അവരെ ഭരിക്കുന്നതെങ്കിൽ പ്രശ്നങ്ങൾ ഉയർന്നുവന്നേക്കാം. (1 തിമൊഥെയൊസ് 6:9) അതുകൊണ്ട്, വിവാഹം ആലോചിച്ച് ഉറപ്പിക്കുന്നവർ സ്വയം ഇങ്ങനെ ചോദിക്കേണ്ടതുണ്ട്: ‘ഇരു കൂട്ടർക്കും സന്തുഷ്ടിയും ആത്മീയ ആരോഗ്യവും ഉറപ്പുനൽകുന്ന ഒരു തിരഞ്ഞെടുപ്പാണോ ഞാൻ നടത്തുന്നത്? അതോ കുടുംബ മഹിമ വർധിപ്പിക്കുന്നതിലും പണമുണ്ടാക്കുന്നതിലും ആണോ എന്റെ കണ്ണ്?’—സദൃശവാക്യങ്ങൾ 20:21, NW.
ബൈബിളിന്റെ ബുദ്ധിയുപദേശം സുവ്യക്തമാണ്. അത് അനുസരിക്കുന്നതു നന്മയിൽ കലാശിക്കും. വിവാഹ ഇണയെ ഏതു വിധത്തിൽ തിരഞ്ഞെടുത്താലും ശരി, വ്യക്തിയുടെ സ്വഭാവഗുണത്തിനും ആത്മീയതയ്ക്കും ആയിരിക്കണം എല്ലായ്പോഴും മുൻതൂക്കം കൊടുക്കേണ്ടത്. അങ്ങനെയാകുമ്പോൾ, വിവാഹക്രമീകരണത്തിന്റെ ഉപജ്ഞാതാവായ യഹോവയാം ദൈവത്തിന് അതു ബഹുമതി കൈവരുത്തും. മാത്രമല്ല, വിവാഹം കഴിക്കുന്നവർക്ക് ഒരു ഉറച്ച ആത്മീയ അടിത്തറയിന്മേൽ തങ്ങളുടെ കുടുംബജീവിതം പടുത്തുയർത്താനും സാധിക്കും. (മത്തായി 7:24, 25) ഇത് വിവാഹബന്ധത്തെ സന്തുഷ്ടിദായകവും അർഥസമ്പൂർണവും ആക്കിത്തീർക്കുന്നതിനു വളരെയധികം സംഭാവന ചെയ്യും.