അത്യാഹിതങ്ങളിൽനിന്ന് നിങ്ങളുടെ കുട്ടിയെ സംരക്ഷിക്കുക
സ്വീഡനിലെ ഉണരുക! ലേഖകൻ
അയൽപക്കത്ത് മരണം നടന്ന ഒരു വീട്ടിൽ സഹായിക്കാനെത്തിയതായിരുന്നു കാൾ ഏറിക്കും ബിർഗിറ്റായും. അവരുടെ മൂന്നു വയസ്സുകാരി മകൾ ഹാന്നായും ഒപ്പമുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു ഗുളികക്കുപ്പിയുമായി ഹാന്നാ ഒരു മുറിയിൽനിന്ന് ഇറങ്ങിവരുന്നതു കണ്ടു. അതിൽനിന്നു കുറച്ചു ഗുളികകൾ അവൾ അകത്താക്കിയിരുന്നു. കുപ്പിയിലെ ലേബൽ കണ്ടപ്പോൾ ബിർഗിറ്റായ്ക്കു ശ്വാസം നിലച്ചതുപോലെയായി. അയൽക്കാരൻ ഹൃദ്രോഗത്തിനു കഴിച്ചിരുന്ന മരുന്നായിരുന്നു അതിൽ.
ഉടനടി ഹാന്നായെ ആശുപത്രിയിൽ എത്തിച്ചു. രാത്രി മുഴുവൻ അവൾ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. സ്ഥായിയായ ആരോഗ്യപ്രശ്നങ്ങൾക്കു വഴിതെളിച്ചേക്കുമായിരുന്ന ഒരു സംഗതിയായിരുന്നു ഇതെങ്കിലും അവൾക്കു യാതൊരു കുഴപ്പവും സംഭവിച്ചില്ല. കാരണം? ഗുളിക അകത്താക്കുന്നതിനു തൊട്ടുമുമ്പ് അവൾ ഭക്ഷണം കഴിച്ചിരുന്നു. ഉള്ളിലുണ്ടായിരുന്ന ആഹാരസാധനം വിഷാംശത്തിൽ കുറേ വലിച്ചെടുത്തിരുന്നതുകൊണ്ട് ഛർദിച്ചപ്പോൾ ആഹാരത്തോടൊപ്പം വിഷവും വെളിയിൽവന്നു.
ഹാന്നായുടേത് ഒരു അസാധാരണ സംഭവം അല്ല. ദിവസവും ലോകമെമ്പാടുമുള്ള ആയിരക്കണക്കിനു കുട്ടികൾക്ക്, ഡോക്ടറുടെ പക്കലോ ആശുപത്രിയിലോ കൊണ്ടുപോകേണ്ടി വരുന്ന തരത്തിലുള്ള അത്യാഹിതങ്ങൾ ഉണ്ടാകുന്നു. സ്വീഡനിൽ ഓരോ വർഷവും 8 കുട്ടികളിൽ ഒരാൾക്കു വീതം അത്യാഹിതത്തെ തുടർന്ന് വൈദ്യ ചികിത്സ ആവശ്യമായി വരുന്നു. അതുകൊണ്ട് നിങ്ങൾ ഒരു മാതാവോ പിതാവോ ആണെങ്കിൽ ഓർക്കുക, സൂക്ഷിച്ചില്ലെങ്കിൽ നിങ്ങളുടെ കുട്ടിയും അത്തരം അപകടങ്ങളിൽ ചെന്നു ചാടാനുള്ള സാധ്യത ഏറെയാണ്.
പരിചിതമായ ചുറ്റുപാടിൽ, അതായത് വീട്ടിലോ പരിസരത്തോ വെച്ച് കുട്ടികൾക്കു പരിക്കേൽക്കുന്നതു സാധാരണമാണ്. വ്യത്യസ്ത പ്രായത്തിലുള്ള കുട്ടികൾക്കു വ്യത്യസ്ത രീതിയിലുള്ള അപകടങ്ങളായിരിക്കും ഉണ്ടാകുന്നത്. ഒരു കൊച്ചു കുഞ്ഞിന്റെ കാര്യത്തിൽ കട്ടിലിൽനിന്നു താഴെ വീണുപോകാനോ ആഹാരസാധനമോ ചെറിയ എന്തെങ്കിലും വസ്തുക്കളോ തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സമുണ്ടാകാനോ എളുപ്പമാണ്. കുറച്ചു കൂടെ വലിയ കുട്ടികളാണെങ്കിൽ അവർ എവിടെയെങ്കിലും പിടിച്ചുകയറി മറിഞ്ഞുവീണേക്കാം, അല്ലെങ്കിൽ ചൂടുള്ള വസ്തുക്കളിൽ പോയി തൊടുകയോ വിഷവസ്തുക്കൾ എടുത്തു കഴിക്കുകയോ ചെയ്യുന്നതിന്റെ ഫലമായി പൊള്ളലേൽക്കുകയോ അപകടം സംഭവിക്കുകയോ ചെയ്തേക്കാം. സ്കൂൾ പ്രായമായ കുട്ടികൾക്ക് മിക്കപ്പോഴും പരിക്കേൽക്കുന്നതു വെളിയിൽ കളിക്കുന്നതിനിടയിലാണ്, റോഡിൽ വെച്ചുണ്ടാകുന്ന അപകടങ്ങളും കുറവല്ല.
ഈ അപകടങ്ങളിൽ പലതും തടയാവുന്നവയാണ്. ഒരൽപ്പം ദീർഘവീക്ഷണം ഉണ്ടായിരിക്കുകയും കുട്ടിയുടെ ശാരീരിക, മാനസിക വളർച്ചയെ കുറിച്ച് നന്നായി മനസ്സിലാക്കിയിരിക്കുകയും ചെയ്യുന്നെങ്കിൽ അവനു പരിക്കേൽക്കുന്നതും എന്തിന് ഗുരുതരമായ അപകടങ്ങൾ സംഭവിക്കുന്നതുപോലും തടയാൻ കഴിഞ്ഞേക്കും. ഇതു ശരിയാണെന്നു സ്വീഡനിൽ തെളിയിക്കപ്പെട്ടിരിക്കുന്നു. 1954-നു മുമ്പ് ഓരോ വർഷവും അവിടെ 450-ൽ അധികം കുട്ടികൾ അപകടങ്ങളിൽ പെട്ട് മരിച്ചിരുന്നു. എന്നാൽ 1954-ൽ ഒരു സംഘടിത ബാല സുരക്ഷാ പദ്ധതി പ്രാബല്യത്തിൽ വന്നതിന്റെ ഫലമായി ഓരോ വർഷവും അപകടങ്ങളിൽ പെട്ടു മരിക്കുന്ന കുട്ടികളുടെ എണ്ണം ഇന്ന് ഏതാണ്ട് 70 ആയി കുറഞ്ഞിരിക്കുന്നു.
വീടിനകത്ത്
“ഒന്നോ രണ്ടോ മൂന്നോ വയസ്സു പ്രായമുള്ള കുട്ടികളെ അപകടങ്ങൾ ഒഴിവാക്കാൻ പഠിപ്പിക്കാനും പിന്നീട് അവർ അത് ഓർത്തിരുന്നുകൊള്ളുമെന്നു പ്രതീക്ഷിക്കാനും കഴിയില്ല,” കുട്ടികളുടെ മനശ്ശാസ്ത്രജ്ഞനായ ചെഷ്ടിൻ ബാക്ക്സ്ട്രോം പറയുന്നു. അതുകൊണ്ട്, അപകടങ്ങൾ ഒഴിവാക്കാൻ കുട്ടികളെ സഹായിക്കുന്നതിനുള്ള ഉത്തരവാദിത്വം മാതാപിതാക്കളെന്ന നിലയിൽ നിങ്ങൾക്കാണ്, അല്ലെങ്കിൽ കുട്ടിയെ നോക്കാൻ ചുമതലപ്പെട്ട മറ്റു മുതിർന്നവർക്കാണ്.
ആദ്യം, സ്വന്തം വീടുതന്നെയൊന്നു പരിശോധിക്കുക. ഇതോടൊപ്പം നൽകിയിരിക്കുന്ന ചതുരത്തിലെ നിർദേശങ്ങൾ ഉപയോഗപ്പെടുത്തുക. പ്രതിപാദിച്ചിരിക്കുന്ന ചില സുരക്ഷാ സംവിധാനങ്ങൾ ഒരുപക്ഷേ എല്ലാ രാജ്യങ്ങളിലും ലഭ്യമായവ ആയിരിക്കില്ല, ലഭ്യമാണെങ്കിൽ തന്നെ അവ നല്ല പണമുടക്കുള്ളതായിരിക്കാം. എങ്കിലും അൽപ്പം സൃഷ്ടിപരമായ ഭാവനാശക്തി ഉണ്ടെങ്കിൽ നിങ്ങളുടെ പ്രത്യേക സാഹചര്യത്തിനു പ്രായോഗികമായ പരിഹാരമാർഗങ്ങളെ കുറിച്ചു ചിന്തിക്കാൻ കഴിഞ്ഞേക്കും.
ഉദാഹരണത്തിന്, അടുക്കളയിലെ വലിപ്പുകൾക്കു വളയരൂപത്തിലുള്ള പിടികളാണ് ഉള്ളതെങ്കിൽ അവയിലൂടെ ഒരു കമ്പുകടത്തി വെച്ചാൽ കുട്ടിക്ക് അത് വലിച്ചുതുറക്കാൻ കഴിയില്ല. ഓവന്റെ വാതിലിന്റെ കാര്യത്തിലും ഇതുപോലെ എന്തെങ്കിലും രീതി അവലംബിക്കാൻ സാധിക്കും. പ്ലാസ്റ്റിക് കൂടുകൾ സൂക്ഷിച്ചുവെക്കുമ്പോൾ അതിന്റെ അറ്റം കെട്ടിവെക്കാവുന്നതാണ്.
വീടിനകത്തും പരിസരത്തും സംഭവിച്ചേക്കാവുന്ന അപകടങ്ങൾ തടയാൻ സഹായകമായ മറ്റു ലളിതമായ മാർഗങ്ങളെ കുറിച്ചു ചിന്തിക്കാനും കൊച്ചു കുട്ടികളുള്ള സുഹൃത്തുക്കളുമായോ പരിചയക്കാരുമായോ അവ പങ്കുവെക്കാനും നിങ്ങൾക്കു സാധിച്ചേക്കും.
വീടിനു വെളിയിൽ
നിങ്ങളുടെ കുട്ടി കളിക്കാറുള്ള സ്ഥലങ്ങൾ പരിശോധിക്കുക. നാലു വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് ഉണ്ടാകുന്ന മിക്ക പരിക്കുകളും വെളിയിൽ കളിക്കുന്നതിനിടയ്ക്കു സംഭവിക്കുന്നവയാണ്. ഓടിക്കളിക്കുന്നതിനിടയിലോ സൈക്കിളിൽനിന്നു വീണോ അവർക്കു പരിക്കേൽക്കാം. വീടിനു വെളിയിൽ ആയിരിക്കുമ്പോൾ, മൂന്നിനും ഏഴിനും ഇടയ്ക്കു പ്രായമുള്ള കുട്ടികൾക്ക് മിക്കപ്പോഴും ജീവഹാനി സംഭവിക്കുന്നത് റോഡപകടങ്ങൾ മൂലവും വെള്ളത്തിൽ വീഴുന്നതു മൂലവുമാണ്.
കളിസ്ഥലങ്ങൾ പരിശോധിക്കുമ്പോൾ, കളിക്കാനുള്ള സജ്ജീകരണങ്ങൾ നല്ല നിലയിലാണെന്നും അവ ഉപയോഗിക്കുമ്പോൾ കുട്ടിക്കു പരിക്കേൽക്കില്ലെന്നും ഉറപ്പു വരുത്തുക. ഊഞ്ഞാലിന്റെയും സ്ലൈഡിങ് ബോർഡിന്റെയും മറ്റും അടിയിൽ വീണാലും കുട്ടിക്കു പരിക്കേൽക്കാതിരിക്കുന്നതിനായി മണലോ മറ്റോ ഇട്ടിട്ടുണ്ടോ?
വീടിനടുത്ത് കുളമോ അരുവിയോ മറ്റോ ഉണ്ടോ? ഏതാനും സെന്റിമീറ്റർ ആഴത്തിലുള്ള വെള്ളം മതി ഒന്നോ രണ്ടോ വയസ്സുള്ള ഒരു കുട്ടി മുങ്ങിപ്പോകാൻ. “ഒരു കൊച്ചുകുട്ടി വെള്ളത്തിൽ കമിഴ്ന്നടിച്ചു വീണാൽ അവനു മുകളേതാണ് താഴെയേതാണ് എന്ന് അറിയാൻ പറ്റില്ല,” കുട്ടികളുടെ മനശ്ശാസ്ത്രജ്ഞനായ ബാക്ക്സ്ട്രോം പറയുന്നു. “അതിനാൽ കുട്ടിക്കു വീണിടത്തുനിന്ന് എഴുന്നേൽക്കാൻ കഴിയാതെ പോകുന്നു.”
അതുകൊണ്ട് അടിസ്ഥാനപരമായ നിർദേശം ഇതാണ്: ഒരു വയസ്സിനും മൂന്നു വയസ്സിനും ഇടയ്ക്കു പ്രായമുള്ള കുട്ടികളെ മുതിർന്നവരുടെ മേൽനോട്ടമില്ലാതെ വെളിയിൽ തനിയെ കളിക്കാൻ വിടരുത്. വീടിനടുത്ത് കുളമോ മറ്റോ ഉണ്ടെങ്കിൽ കുട്ടിക്കു വേണ്ടത്ര പ്രായമാകുന്നതുവരെ മുതിർന്നവർ ഒപ്പമില്ലാതെ അവനെ വെളിയിൽ കളിക്കാൻ അനുവദിക്കാതിരിക്കുക.
വാഹനങ്ങളോടുന്ന റോഡിലും വാഹനത്തിലും ആയിരിക്കുമ്പോൾ
വീടിനടുത്തുകൂടെ വാഹനങ്ങളോടുന്നുണ്ടെങ്കിലും ഈ തത്ത്വം ബാധകമാണ്. “സ്കൂൾ പ്രായമായിട്ടില്ലാത്ത ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം വ്യക്തമായി തിരിച്ചറിയാവുന്ന സന്ദേശങ്ങൾ മാത്രമേ അവനു മനസ്സിലാക്കാൻ സാധിക്കൂ. മാത്രമല്ല, ഒരു സമയത്ത് ഒരു കാര്യത്തിൽ മാത്രമേ അവനു ശ്രദ്ധ പതിപ്പിക്കാൻ കഴിയൂ,” ബാക്ക്സ്ട്രോം അഭിപ്രായപ്പെടുന്നു. “എന്നാൽ റോഡിലെ സന്ദേശങ്ങൾ അവ്യക്തവും തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ളവയുമാണ്.” സ്കൂൾ പ്രായം എത്തുന്നതിനു മുമ്പ് കുട്ടിയെ ആരുടെയും സഹായമില്ലാതെ റോഡ് മുറിച്ചു കടക്കാൻ അനുവദിക്കരുത്. ഒരു കുട്ടിക്ക് ഗതാഗതത്തിരക്കുള്ള റോഡിലൂടെ തനിയെ സൈക്കിളിൽ പോകാനുള്ള പക്വത വരണമെങ്കിൽ ചുരുങ്ങിയത് 12 വയസ്സെങ്കിലും ആകണമെന്ന് വിദഗ്ധർ പറയുന്നു.
സൈക്കിളിൽ പോകുമ്പോഴോ കുതിര സവാരി നടത്തുമ്പോഴോ സ്കെയ്റ്റിങ്ങിൽ ഏർപ്പെടുമ്പോഴോ ഹെൽമറ്റ് ധരിക്കണമെന്ന് നിങ്ങളുടെ കുട്ടിയെ പഠിപ്പിക്കുക. തലയ്ക്കേൽക്കുന്ന പരിക്ക് ചികിത്സിച്ചു ഭേദമാക്കാൻ ബുദ്ധിമുട്ടുള്ളതും സ്ഥായിയായ തകരാറ് സൃഷ്ടിക്കുന്നതുമാണ്—അതു മരണത്തിനു പോലും ഇടയാക്കിയേക്കാം! കുട്ടികളുടെ ഒരു ആശുപത്രിയിൽ സൈക്കിൾ അപകടത്തെ തുടർന്നു ചികിത്സിക്കപ്പെട്ടവരിൽ 60 ശതമാനത്തിനും തലയ്ക്കോ മുഖത്തോ പരിക്കേറ്റിരുന്നു, എന്നാൽ ഹെൽമറ്റുകൾ ധരിച്ചിരുന്നവർക്ക് തലയ്ക്ക് സാരമായ പരിക്കേറ്റിരുന്നില്ല.
കാറിലും മറ്റും യാത്ര ചെയ്യുമ്പോഴും കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുക. യാത്ര ചെയ്യുമ്പോൾ കൊച്ചു കുട്ടികളെ പ്രത്യേകം രൂപകൽപ്പന ചെയ്ത സുരക്ഷാ സീറ്റുകളിൽ ഇരുത്തണമെന്നു നിഷ്കർഷിക്കുന്ന നിയമങ്ങൾ പല രാജ്യങ്ങളിലും ഉണ്ട്. ഇതുമൂലം, അപകടത്തിൽ പെടുന്ന കുട്ടികൾക്കിടയിൽ പരിക്കും മരണവും വളരെയേറെ കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. സുരക്ഷാസീറ്റുകൾ ലഭ്യമാണെങ്കിൽ, അവ ഉപയോഗിക്കുന്നത് സുരക്ഷിതത്വത്തിനുള്ള ഒരു നല്ല മാർഗം തന്നെയാണ്. എന്നാൽ ഈ സീറ്റുകൾ അംഗീകരിക്കപ്പെട്ട മാതൃകയിലുള്ളവയായിരിക്കണം. ശിശുക്കൾക്കും ഏതാണ്ട് മൂന്നു വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കും വ്യത്യസ്ത തരം സീറ്റുകളാണ് ഉള്ളത്.
യഹോവയിൽനിന്നുള്ള അമൂല്യ സമ്മാനമാണു നമ്മുടെ കുട്ടികൾ. അവർക്ക് എല്ലാ വിധത്തിലും സംരക്ഷണമേകാൻ നാം ആഗ്രഹിക്കുന്നു. (സങ്കീർത്തനം 127:3, 4) കരുതലുള്ള മാതാപിതാക്കളെന്ന നിലയിൽ കാൾ ഏറിക്കും ബിർഗിറ്റായും മക്കളെ സംരക്ഷിക്കുന്നതിൽ എപ്പോഴും ശ്രദ്ധയുള്ളവർ ആയിരുന്നു—ഹാന്നായ്ക്കുണ്ടായ അനുഭവത്തിനു മുമ്പും പിമ്പും. “എന്നാൽ ആ സംഭവത്തിനു ശേഷം ഞങ്ങൾ കൂടുതൽ ശ്രദ്ധയുള്ളവരായി,” കാൾ ഏറിക്ക് സമ്മതിക്കുന്നു. “ഇപ്പോൾ ഞങ്ങൾക്കു പേരക്കുട്ടികളുണ്ട്, മരുന്നുകൾ എപ്പോഴും ഭദ്രമായി സൂക്ഷിച്ചിരിക്കുന്നുവെന്നു ഞങ്ങൾ ഉറപ്പുവരുത്തുന്നു,” ബിർഗിറ്റാ കൂട്ടിച്ചേർക്കുന്നു.
[22-ാം പേജിലെ ചതുരം]
വീടിനകത്ത് സുരക്ഷിതത്വം
• മരുന്നുകൾ: കുട്ടിക്ക് എടുക്കാനാവാത്തവിധം അവ അലമാരയിൽ വെച്ചു പൂട്ടുക, ഡോക്ടറുടെ കുറിപ്പടിയില്ലാതെ വാങ്ങാൻ കിട്ടുന്ന മരുന്നുകളും നാട്ടുമരുന്നുകളും ഉൾപ്പെടെ എല്ലാം. കൂടാതെ, രാത്രിയിൽ നിങ്ങളുടെ വീട്ടിൽ തങ്ങുന്ന അതിഥികളോട് അവരുടെ മരുന്നുകൾ ഭദ്രമായി സൂക്ഷിക്കാൻ ആവശ്യപ്പെടുക.
• വീട്ടാവശ്യത്തിനുള്ള രാസവസ്തുക്കൾ: കുട്ടിക്ക് എടുക്കാൻ പറ്റാത്തവിധം അവ അലമാരയിൽ പൂട്ടി വെക്കുക. വ്യക്തമായി തിരിച്ചറിയാൻ സാധിക്കേണ്ടതിന് കടയിൽനിന്നു വാങ്ങിക്കുമ്പോഴുള്ള അതേ പാത്രത്തിൽ തന്നെ അവ സൂക്ഷിക്കുക. അവ ഉപയോഗിക്കുമ്പോഴും ശ്രദ്ധവേണം. കൂടാതെ, ഇടയ്ക്ക് എങ്ങോട്ടെങ്കിലും പോകുകയാണെങ്കിൽത്തന്നെ എപ്പോഴും അവ മാറ്റിവെച്ചിട്ടേ പോകാവൂ. പാത്രം കഴുകാൻ ഉപയോഗിക്കുന്ന സോപ്പോ മറ്റു ശുചീകരണ ലായനികളോ പാത്രം കഴുകുന്നിടത്ത് അവശേഷിപ്പിച്ചിട്ടു പോകാതിരിക്കുക.
• സ്റ്റൗ: അടുപ്പത്തിരിക്കുന്ന പാത്രങ്ങളുടെ പിടി പുറത്തേക്കു നീണ്ടു നിൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. സോസ്പാൻ ഗാർഡ് ലഭ്യമാണെങ്കിൽ അതു പിടിപ്പിക്കുക. സ്റ്റൗ മേശമേലോ അടിയിൽ ഷെൽഫുകളുള്ള പാതകത്തിന്മേലോ ആണു വെച്ചിരിക്കുന്നതെങ്കിൽ കുട്ടി അതിൽ ചവിട്ടിക്കയറി സ്റ്റൗ വലിച്ചു താഴെയിടാൻ സാധ്യതയുണ്ടോ? സ്റ്റൗവിൽ തൊട്ട് കുട്ടിക്കു പൊള്ളലേൽക്കാൻ സാധ്യതയുണ്ടോ? അങ്ങനെയെങ്കിൽ, കുട്ടിക്ക് കൈയെത്തിച്ചു തൊടാൻ പറ്റാത്തവിധത്തിൽ മറപോലെ എന്തെങ്കിലും പിടിപ്പിക്കുക.
• അപകടകരമായ വീട്ടുപകരണങ്ങൾ: കത്തി, കത്രിക തുടങ്ങിയ അപകടകരമായ വീട്ടുപകരണങ്ങൾ അലമാരകളിലോ വലിപ്പുകളിലോ മറ്റോ വെച്ച് പൂട്ടേണ്ടതാണ് അല്ലെങ്കിൽ കുട്ടിയുടെ കൈയെത്താത്ത ഇടത്തു സൂക്ഷിക്കേണ്ടതാണ്. അത്തരം ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനിടയിൽ മറ്റാവശ്യങ്ങൾക്കായി എങ്ങോട്ടെങ്കിലും മാറുകയാണെങ്കിൽ കുട്ടിക്ക് എടുക്കാൻ സാധിക്കാത്തവിധം അത് മേശയുടെ വക്കത്തുനിന്നും നീക്കിവെക്കുക. തീപ്പെട്ടിയും പ്ലാസ്റ്റിക്ക് കൂടുകളും കൊച്ചു കുട്ടികൾക്ക് അപകടം വരുത്തിവെച്ചേക്കാം.
• സ്റ്റെയർകെയ്സ്: കുട്ടികൾ കയറിയിറങ്ങാതിരിക്കാനായി സ്റ്റെയർകെയ്സിന്റെ മുകളിലും താഴെയും ചുരുങ്ങിയത് 70-5 സെന്റിമീറ്റർ പൊക്കത്തിൽ തടികൊണ്ടുള്ള പടികൾ പിടിപ്പിക്കുക.
• ജന്നാലകളും ബാൽക്കണിയുടെ വാതിലുകളും: കൊളുത്തുകളും ചെയിനും മറ്റും കുഞ്ഞിന് എത്താത്തത്ര ഉയരത്തിൽ ഘടിപ്പിക്കുക. അല്ലെങ്കിൽ അവന് തുറക്കാനോ വായു സഞ്ചാരത്തിനു വേണ്ടി തുറന്നിടുമ്പോൾ നുഴഞ്ഞു പുറത്തു കടക്കാനോ പറ്റാത്ത വിധത്തിൽ മറ്റെന്തെങ്കിലും സുരക്ഷാ സംവിധാനം ഘടിപ്പിക്കുക.
• പുസ്തക അലമാരകൾ: പുസ്തക അലമാരകളിലും മറ്റ് ഉയരമുള്ള ഫർണിച്ചറുകളിലും കുട്ടി വലിഞ്ഞുകയറാനും പിടിച്ചുതൂങ്ങാനും ഒക്കെ ശ്രമിക്കാറുണ്ടെങ്കിൽ അവ ചുമരിൽ ഭദ്രമായി ഉറപ്പിച്ചുവെക്കണം, അല്ലാത്തപക്ഷം അവ ദേഹത്തേക്കു മറിഞ്ഞുവീണേക്കാം.
• വൈദ്യുത പ്ലഗ്ഗുകളും വയറുകളും: ഉപയോഗിക്കാത്തപ്പോഴൊക്കെ പ്ലഗ് പോയിന്റുകൾ പ്ലഗ് ടോപ്പുകളോ മറ്റോ കൊണ്ട് അടച്ചു വെക്കണം. ടേബിൾ ലാമ്പിന്റെയും മറ്റും വയറുകൾ ചുവരിലോ ഫർണിച്ചറുകളിലോ ഉറപ്പിച്ചിരിക്കണം. ഇല്ലെങ്കിൽ കുട്ടി അവ വലിച്ചു താഴേക്കിടുകയും അവനു ഷോക്കേൽക്കുകയും ചെയ്യും. അവ എടുത്തു മാറ്റിവെക്കാനും കഴിയും. തേപ്പുപെട്ടി മേശമേൽത്തന്നെ വെച്ചിട്ടുപോകുകയോ അതിന്റെ വയർ തൂങ്ങിക്കിടക്കാൻ അനുവദിക്കുകയോ ചെയ്യരുത്.
• ചൂടു വെള്ളം: ഗീസറിൽ വെള്ളത്തിന്റെ താപനില ക്രമീകരിക്കാനുള്ള സംവിധാനമുണ്ടെങ്കിൽ ഏതാണ്ട് 50 ഡിഗ്രി സെൽഷ്യസ് വരെ മാത്രം ചൂടാക്കിയിടുക, അങ്ങനെയാകുമ്പോൾ കുട്ടി പെട്ടെന്ന് ടാപ്പ് തുറന്നാലും പൊള്ളലേൽക്കില്ല.
• കളിപ്പാട്ടങ്ങൾ: കൂർത്ത അറ്റങ്ങളോ കോണുകളോ ഉള്ള കളിപ്പാട്ടകൾ കുട്ടിക്കു കൊടുക്കരുത്. തീരെ ചെറിയ കളിപ്പാട്ടങ്ങളോ ചെറിയ ഭാഗങ്ങളായി വേർപെടുത്തിയെടുക്കാൻ കഴിയുന്ന കളിപ്പാട്ടങ്ങളോ ഉണ്ടെങ്കിൽ അവ എടുത്തുകളയുക, കാരണം കുട്ടി അതു വായിലിടുന്നപക്ഷം തൊണ്ടയിൽ കുടുങ്ങി അപകടമുണ്ടാകാൻ സാധ്യതയുണ്ട്. പാവകളുടെ കണ്ണും മൂക്കുമെല്ലാം കുട്ടിക്കു പറിച്ചെടുക്കാൻ പറ്റാത്ത വിധത്തിൽ ഉറപ്പിച്ചതായിരിക്കണം. കുഞ്ഞ് നിലത്തായിരിക്കുമ്പോൾ ചെറിയ കളിപ്പാട്ടങ്ങൾ എടുത്തു മാറ്റണമെന്ന് മൂത്ത കുട്ടികളെ പഠിപ്പിക്കുക.
• മിഠായിയും കൊറിക്കാനുള്ള സാധനങ്ങളും: മിഠായി, നിലക്കടല തുടങ്ങിയ സാധനങ്ങൾ കൊച്ചു കുട്ടികൾക്കു കൈയെത്തുന്നിടത്ത് വെക്കരുത്. കാരണം അവ തൊണ്ടയിൽ കുടുങ്ങിപ്പോയേക്കാം.
[കടപ്പാട]
ഉറവിടം: ദ ഓഫീസ് ഓഫ് ദ ചിൽഡ്രൻസ് ഓംബുഡ്സ്മാൻ
[22-ാം പേജിലെ ചതുരം]
അപകടം ഉണ്ടാകുന്നപക്ഷം
• വിഷം അകത്തുചെന്നാൽ: കുട്ടി എന്തെങ്കിലും വിഷദ്രാവകം കഴിച്ചാൽ വായ് നല്ലവണ്ണം കഴുകിച്ചശേഷം ഒന്നോ രണ്ടോ ഗ്ലാസ് വെള്ളമോ പാലോ കുടിക്കാൻ കൊടുക്കുക. അതിനുശേഷം, ഉടൻ തന്നെ ഡോക്ടറുടെയോ ഉത്പന്നത്തിന്റെ നിർമാതാക്കളുടെയോ ഉപദേശം തേടുക. ആസിഡ് പോലെയുള്ള എന്തെങ്കിലും കുട്ടിയുടെ കണ്ണിൽ പോയാൽ ഉടനടി ചുരുങ്ങിയത് പത്തു മിനിട്ടു നേരത്തേക്കെങ്കിലും തോരാതെ വെള്ളമൊഴിച്ച് കണ്ണു കഴുകുക.
• പൊള്ളൽ: പൊള്ളൽ നിസ്സാരമാണെങ്കിൽ 20 മിനിട്ട് നേരത്തേക്കെങ്കിലും ആ ഭാഗത്ത് തണുത്ത (വല്ലാതെ തണുത്തതാകാൻ പാടില്ല) വെള്ളം ഒഴിക്കുക. പൊള്ളൽ കുട്ടിയുടെ കൈപ്പത്തിയെക്കാൾ വലുതാണെങ്കിലോ മുഖത്തോ സന്ധിയിലോ അടിവയറ്റിലോ ജനനേന്ദ്രിയത്തിലോ ആണെങ്കിലോ കുട്ടിയെ അത്യാഹിത വിഭാഗത്തിൽ ചികിത്സയ്ക്കു വിധേയമാക്കുക. തൊലിപ്പുറത്ത് ആഴത്തിൽ മുറിവുണ്ടായാൽ എപ്പോഴും ഡോക്ടറുടെ പക്കൽ കൊണ്ടുപോകണം.
• തൊണ്ടയിൽ കുരുങ്ങിയാൽ: എന്തെങ്കിലും വസ്തുക്കൾ കുട്ടിയുടെ ശ്വാസനാളത്തിൽ കുരുങ്ങിയാൽ അത് ഉടനെ പുറത്തെടുക്കേണ്ടതാണ്. ഹൈംലിക്ക് രീതിയാണ് അവലംബിക്കാൻ കഴിയുന്ന ഫലപ്രദമായ ഒരു മാർഗം. എന്നാൽ നിങ്ങൾക്ക് ഈ രീതിയെ കുറിച്ച് അറിഞ്ഞുകൂടെങ്കിൽ, അതിനെ സംബന്ധിച്ച് അറിയാൻ നിങ്ങളുടെ ഡോക്ടറുമായി ബന്ധപ്പെടുക അല്ലെങ്കിൽ കുട്ടികൾക്ക് അപകടങ്ങൾ സംഭവിക്കുമ്പോൾ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചോ പ്രഥമ ശുശ്രൂഷയെ കുറിച്ചോ പഠിപ്പിക്കുന്ന കോഴ്സുകളിൽ പങ്കെടുക്കുക.
[കടപ്പാട്]
ഉറവിടം: സ്വീഡനിലെ റെഡ് ക്രോസ്
[23-ാം പേജിലെ ചിത്രം]
സൈക്കിളിൽ പോകുമ്പോൾ സുരക്ഷിതത്വത്തിനായി ഹെൽമറ്റ് ധരിക്കുക
[23-ാം പേജിലെ ചിത്രം]
കാർ സീറ്റിൽ സുരക്ഷിതത്വം