മനുഷ്യന്റെ മേലുള്ള മനുഷ്യന്റെ മർദക ഭരണം
‘മനുഷ്യൻ മനുഷ്യന്റെ മേൽ അവന്റെ ദോഷത്തിനായി അധികാരം നടത്തിയിരിക്കുന്നു’ എന്ന സഭാപ്രസംഗി 8:9-ലെ വാക്കുകൾ എത്ര സത്യമാണെന്ന് ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു. കത്തോലിക്കാ യെരൂശലേം ബൈബിൾ പറയുന്ന പ്രകാരമാണെങ്കിൽ “മനുഷ്യൻ മനുഷ്യന്റെമേൽ അവന്റെ ദ്രോഹത്തിനായി മർദക ഭരണം നടത്തുന്നു.” ദശലക്ഷക്കണക്കിന് ആളുകൾ അനീതിക്ക് ഇരയായിട്ടുണ്ട്. മനുഷ്യൻ പരീക്ഷിച്ചു നോക്കിയിട്ടുള്ള എല്ലാ ഗവൺമെന്റുകളുടെ കീഴിലും സ്ഥിതി ഇതുതന്നെ ആയിരുന്നിട്ടുണ്ട്. ഇന്ത്യൻ കാര്യാദികൾക്കായുള്ള ഓഫീസിന്റെ 175-ാം വാർഷിക ആഘോഷ വേളയിൽ യു.എസ്. ആഭ്യന്തര വിഭാഗത്തിലെ ഇന്ത്യൻ കാര്യ ഉപസെക്രട്ടറി നടത്തിയ പ്രസംഗം ഇതു സംബന്ധിച്ച ഒരു ഓർമിപ്പിക്കലായി ഉതകി.
അത് ആഘോഷത്തിനുള്ള ഒരു സമയമല്ല, പകരം “ദുഃഖകരമായ സത്യങ്ങൾ പ്രസ്താവിക്കുന്നതിനും പശ്ചാത്താപം പ്രകടിപ്പിക്കുന്നതിനുമുള്ള സമയം” ആണെന്ന് അദ്ദേഹം പറഞ്ഞു. 1830-കളിൽ സംഘടനയുടെ ആദ്യ ദൗത്യം ചെറൊകീ, ക്രീക്ക്, ചോക്റ്റൊ, ചിക്കസൊ, സെമിനോൾ എന്നീ തെക്കുകിഴക്കൻ ഗോത്രജനതകളെ കുടിയൊഴിപ്പിക്കുക എന്നതായിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു പറഞ്ഞു. “ഭീഷണിയും വഞ്ചനയും ബലവും ഉപയോഗിച്ച് ഈ പ്രധാന ഗോത്ര ജനതകളെ 1,600 കിലോമീറ്റർ പടിഞ്ഞാറേക്ക് തുരത്തി. ആ കണ്ണീർ പ്രയാണത്തിനിടയിൽ മരിച്ചുവീണ, വൃദ്ധരും ചെറുപ്പക്കാരും രോഗികളുമായ ആയിരങ്ങളുടെ ശവശരീരങ്ങൾ ധൃതിയിൽ കുഴിച്ചുമൂടി യാത്ര തുടരാൻ അവർ നിർബന്ധിതരായി.”
അദ്ദേഹം തുടർന്നു പറഞ്ഞു: “എന്നാൽ കൂടുതൽ പ്രബുദ്ധത നേടിയിരിക്കുന്ന ഈ കാലത്ത്, രോഗങ്ങൾ പരക്കുന്നതിനു മനഃപൂർവം ഇടയാക്കുകയും കൂറ്റൻ കാട്ടുപോത്തുകളെ കൂട്ടത്തോടെ കൊന്നൊടുക്കുകയും മനസ്സിനെയും ശരീരത്തെയും നശിപ്പിക്കാൻ മദ്യമാകുന്ന വിഷം ഉപയോഗിക്കുകയും ഭീരുക്കളെപ്പോലെ സ്ത്രീകളെയും കുട്ടികളെയും കൊല്ലുകയും ചെയ്തതിന്റെ ഫലമായി ഉണ്ടായ വൻ ദുരന്തത്തെ കേവലം പരസ്പരം മത്സരിക്കുന്ന രണ്ടു സംസ്കാരങ്ങൾ തമ്മിലുള്ള ഒഴിവാക്കാനാവാത്ത ഏറ്റുമുട്ടലായി തള്ളിക്കളയാനാവില്ല എന്ന് അംഗീകരിക്കേണ്ടതുണ്ട്.”a അദ്ദേഹം ഇങ്ങനെ തുറന്നു സമ്മതിച്ചു: “ഇന്ത്യാക്കാരുടേതായ എന്തും നശിപ്പിക്കാൻ ഈ സംഘടന ഇറങ്ങിപ്പുറപ്പെട്ടു. ഇന്ത്യൻ ഭാഷകൾ സംസാരിക്കുന്നതിനെ അതു വിലക്കി . . . തങ്ങൾ ഇന്ത്യക്കാരായിരിക്കുന്നതിൽ അവർക്കു നാണക്കേടു തോന്നാൻ അത് ഇടയാക്കി. ഇന്ത്യൻ കാര്യാദികൾക്കായുള്ള ബ്യൂറോ, അതിന്റെ ബോർഡിങ് സ്കൂളുകളിലെ കുട്ടികളോട് ഇത്തരത്തിൽ പെരുമാറിക്കൊണ്ട് അവരെ വൈകാരികവും മാനസികവും ശാരീരികവും ആത്മീയവുമായി പീഡിപ്പിച്ചു എന്നതാണ് ഏറ്റവും പരിതാപകരമായ സംഗതി.”
ഇപ്രകാരം പറഞ്ഞുകൊണ്ട് അദ്ദേഹം ഉപസംഹരിച്ചു: “ഈ സംഘടന ഭൂതകാലത്ത് ചെയ്തിട്ടുള്ളതിനെയെല്ലാം പ്രതിയുള്ള നമ്മുടെ ആഴമായ ദുഃഖം പ്രകടിപ്പിച്ചുകൊണ്ട് നമുക്കു തുടങ്ങാം. . . . ഇനിയൊരിക്കലും ഞങ്ങൾ ഇന്ത്യൻ സ്വത്ത് കൊള്ളയടിക്കുന്നതിൽ പങ്കെടുക്കുകയില്ല. . . . ഇനിയൊരിക്കലും ഞങ്ങൾ നിങ്ങളുടെ മതങ്ങളെയോ ഭാഷകളെയോ ആചാരങ്ങളെയോ ഗോത്ര രീതികളെയോ ആക്രമിക്കുകയില്ല.” ശ്രദ്ധേയമായി അദ്ദേഹം പറഞ്ഞു: “ഒരുമിച്ച് നമുക്ക് ഏഴു തലമുറകളുടെ കണ്ണീരൊപ്പാം. ഒരുമിച്ച് നമുക്ക് നമ്മുടെ തകർന്ന ഹൃദയങ്ങളുടെ മുറികൂട്ടാം.”—അന്നത്തെ മുഖ്യ പ്രഭാഷണങ്ങൾ (ഇംഗ്ലീഷ്), ഒക്ടോബർ 1, 2000.
മനുഷ്യൻ മനുഷ്യനോടു കാണിക്കുന്ന ക്രൂരതയ്ക്കുള്ള നിലനിൽക്കുന്ന ഏക പരിഹാരം ദൈവത്തിന്റെ രാജ്യമാണ്. അത് സകലർക്കും നീതി നടപ്പാക്കും. അത് “അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.”—വെളിപ്പാടു 21:3-5.(g01 11/8)
[അടിക്കുറിപ്പ്]
a അമേരിക്കൻ ഇന്ത്യക്കാരുടെ ചരിത്രം ഗോത്രങ്ങൾ എപ്പോഴും പരസ്പരം ഏറ്റുമുട്ടിയിരുന്നുവെന്ന് സ്ഥിരീകരിക്കുന്നു, അങ്ങനെ, “സ്ഥലം, കുതിര, പോത്ത് ഇവയ്ക്കെല്ലാമായുള്ള പോരാട്ടങ്ങൾ സ്ഥിര സംഭവങ്ങളായിത്തീർന്നു.”—അപ്പാച്ചി എന്ന് അറിയപ്പെട്ട ജനത (ഇംഗ്ലീഷ്).
[22-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
അമേരിക്കൻ ഇന്ത്യക്കാരൻ: Artwork based on photograph by Edward S. Curtis; Map: Mountain High Maps® Copyright © 1997 Digital Wisdom, Inc.; ഇന്ത്യൻ പാർപ്പിടങ്ങൾ: Leslie’s