അൽഹാംബ്ര—ഗ്രനാഡയിലെ ഇസ്ലാമിക രത്നം
സ്പെയിനിലെ ഉണരുക! ലേഖകൻ
“യഥാർഥമോ കാൽപ്പനികമോ ആയ എത്രയെത്ര ഐതിഹ്യങ്ങളും പുരാണങ്ങളും; സ്നേഹത്തെയും യുദ്ധത്തെയും വീരയോദ്ധാക്കളുടെ ആദർശ ഗുണഗണങ്ങളെയും സംബന്ധിച്ച അറബിയിലും സ്പാനീഷിലും ഉള്ള എത്രയോ ഗാനങ്ങളും ഗാഥകളും ഈ പൗരസ്ത്യ ഹർമ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു!”—വാഷിങ്ടൺ ഇർവിങ്, 19-ാം നൂറ്റാണ്ടിലെ അമേരിക്കൻ എഴുത്തുകാരൻ.
ഈവാക്കുകൾ എഴുതാൻ എഴുത്തുകാരനു പ്രേരകമായിത്തീർന്നത് സ്പാനീഷ് നഗരമായ ഗ്രനാഡയ്ക്കു മകുടം ചാർത്തുന്ന അപൂർവസുന്ദരമായ അൽഹാംബ്ര എന്ന സുപ്രസിദ്ധ കൊട്ടാരമാണ്. തെക്കൻ യൂറോപ്പിൽ അറേബ്യയുടെ അല്ലെങ്കിൽ പേർഷ്യയുടെ ഒരു തനിപ്പകർപ്പാണ് അൽഹാംബ്ര. നൂറ്റാണ്ടുകളോളം സ്പെയിൻ അടക്കിവാണിരുന്ന മുസ്ലീം മൂറുകളോടാണ് അവിടെയുള്ള കോട്ട അതിന്റെ അന്യാദൃശമായ ചാരുതയ്ക്കു കടപ്പെട്ടിരിക്കുന്നത്.a
അറബ് അമീറായ സാവി ബെൻ സിരിയാണ് 11-ാം നൂറ്റാണ്ടിൽ സ്വതന്ത്ര രാജ്യമായ ഗ്രനാഡ സ്ഥാപിച്ചത്. അത് 500-ഓളം വർഷം നിലനിന്നു. ഇക്കാലത്ത് അത് കലാപരമായും സാംസ്കാരികമായും ഉന്നതി പ്രാപിച്ചു. കത്തോലിക്കാ ഭരണാധികാരികളായ ഫെർഡിനാൻഡും ഇസബെല്ലയും 1492-ൽ സ്പെയിനിലെ മുസ്ലീം ഭരണത്തിനു വിരാമമിട്ടതോടെ ആയിരുന്നു അതിന്റെ തിരോധാനം.
1236-ൽ ക്രൈസ്തവ സൈന്യങ്ങൾ കോർഡോബ കീഴടക്കിയതിനെ തുടർന്നു മൂറിഷ് ഗ്രനാഡ അതിന്റെ ഉച്ചകോടിയിലെത്തി. ഗ്രനാഡ മുസ്ലീം സ്പെയിനിന്റെ തലസ്ഥാനമായി. ഒന്നിനു പുറകേ ഒന്നായി സിംഹാസനത്തിലേറിയ ഭരണാധിപന്മാർ ഗ്രനാഡയിൽ അൽഹാംബ്ര എന്ന കൊട്ടാരസമുച്ചയം നിർമിച്ചു. അതുപോലെയൊന്ന് യൂറോപ്പ് ഒരിക്കലും കണ്ടിട്ടില്ലായിരുന്നു. ഒരു എഴുത്തുകാരൻ ആവേശപൂർവം അതിനെ ഇപ്രകാരം വർണിച്ചു, “മുഴുലോകത്തിലുംവെച്ച് അങ്ങേയറ്റം അത്ഭുതമുണർത്തുന്ന നിർമിതി.”
കൊട്ടാര സമുച്ചയത്തിന്റെ അത്രയുംതന്നെ ഗംഭീരമാണ് അൽഹാംബ്രയുടെ പശ്ചാത്തലം. അൽഹാംബ്രയുടെ പിന്നിലായി 3,400-ലേറെ മീറ്റർ ഉയരത്തിൽ തലയുയർത്തിനിൽക്കുന്ന സിയെറ നെവാദ പർവതനിരയുടെ ഹിമാവൃതമായ ശൃംഗങ്ങൾ അതിനു കമനീയമായ പശ്ചാത്തലമൊരുക്കുന്നു. അൽഹാംബ്ര സ്ഥിതിചെയ്യുന്നത് തന്നെ ഗ്രനാഡ നഗരത്തിൽനിന്നും 150 മീറ്റർ ഉയരമുള്ള നീണ്ടതും വൃക്ഷനിബിഡവുമായ സാബികാ കുന്നിലാണ്. ഗ്രനാഡയിൽ തലയുയർത്തി നിൽക്കുന്ന കുന്നിനെ, തന്റെ ഭാര്യയെ പ്രേമപൂർവം നോക്കുന്ന ഭർത്താവിനോടാണ് 14-ാം നൂറ്റാണ്ടിലെ കവിയായ ഇബൻ സാമ്രാക് ഉപമിച്ചത്.
നഗരത്തിനുള്ളിലെ നഗരം
അൽഹാംബ്ര എന്ന പേരിന് അറബിയിൽ “ചുവപ്പ്” എന്നാണ് അർഥം. പുറംമതിലുകൾ പണിയാൻ മൂറുകൾ ഉപയോഗിച്ച ഇഷ്ടികകളുടെ നിറത്തെ സൂചിപ്പിക്കുന്നതായിരിക്കാം ഈ പേര്. എന്നിരുന്നാലും “തീപ്പന്തങ്ങളുടെ പ്രഭയിലാണ്” അൽഹാംബ്രയുടെ നിർമാണം നിർവഹിക്കപ്പെട്ടതെന്ന അറബി ചരിത്രകാരന്മാരുടെ വിശദീകരണത്തോടാണ് ചിലർ യോജിക്കുന്നത്. രാത്രികാലത്തെ ഈ പ്രഭാപൂരം മതിലുകൾക്കു ചുവപ്പു നിറം നൽകിയെന്നും അങ്ങനെയാണ് കൊട്ടാരത്തിന് ആ പേരു ലഭിച്ചതെന്നുമാണ് അവർ പറയുന്നത്.
അൽഹാംബ്ര ഒരു കൊട്ടാരത്തെക്കാളും കവിഞ്ഞതാണ്. ഗ്രനാഡ നഗരത്തിനുള്ളിലെ നഗരമെന്ന് അൽഹാംബ്രയെ വിശേഷിപ്പിക്കാം. വിസ്തൃതമായ പുറംമതിലുകൾക്കുള്ളിൽ ഉദ്യാനങ്ങളും മണ്ഡപങ്ങളും ഒരു കൊട്ടാര സമുച്ചയവും ആൽകാസാബായും (അല്ലെങ്കിൽ കോട്ട) ഒരു ചെറിയ മെദിനായും അഥവാ പട്ടണവും സ്ഥിതിചെയ്യുന്നു. അൽഹാംബ്രയുടെ മൂറിഷ് രൂപകൽപ്പനയും പിന്നീടു കൂട്ടിച്ചേർക്കപ്പെട്ട നിർമിതികളും, ലോലവും സങ്കീർണവുമായ അറബി ശിൽപ്പരീതിയുടെയും യൂറോപ്യൻ നവോത്ഥാനകാലത്തെ ജ്യാമിതീയ മാതൃകയിലുള്ള ഏറെ കരുത്തുറ്റ നിർമാണരീതിയുടെയും ഒരു അതുല്യ മിശ്രണമാണ്.
മൂറുകളും അതുപോലെ പുരാതന ഗ്രീക്കുകാരും ഉപയോഗിച്ചിരുന്ന ഒരു ശിൽപ്പരീതിയാണ് അൽഹാംബ്രയുടെ മനോഹാരിതയ്ക്കു നിദാനം. അവർ ആദ്യം പൊരുത്തം, അനുപാതം, ലാളിത്യം എന്നീ തത്ത്വങ്ങളെ അടിസ്ഥാനമാക്കി, കല്ലുകളുടെ സ്വാഭാവിക നിറവും ഘടനയും ഉപയോഗപ്പെടുത്തിക്കൊണ്ട് നിർമിതികൾക്കു രൂപംകൊടുത്തു. എന്നിട്ട് അവർ തങ്ങളുടെ മനോഹര നിർമിതിയെ മോടിപിടിപ്പിച്ചു. ഒരു വിദഗ്ധൻ പറയുന്നത് ഇപ്രകാരമാണ്, “വാസ്തുശിൽപ്പവിദ്യയിലെ പ്രഥമ തത്ത്വമായി വാസ്തുശിൽപ്പികൾ കരുതുന്നതിനെ മൂറുകൾ എപ്പോഴും കണക്കിലെടുത്തിരുന്നു, നിർമിതിയെ അലങ്കരിക്കുക, അല്ലാതെ അലങ്കാരം നിർമിക്കരുത് എന്നതാണ് ആ തത്ത്വം.”
അൽഹാംബ്രയിലൂടെ ഒരു പര്യടനം
“ന്യായാധിപന്മാരുടെ കവാടം” എന്നറിയപ്പെടുന്ന കുതിരലാടത്തിന്റെ ആകൃതിയിലുള്ള ഒരു വലിയ കമാനത്തിലൂടെയാണ് അൽഹാംബ്രയിലേക്കു കടക്കുന്നത്. മുസ്ലീം അധിനിവേശകാലത്ത് ഗൗരവതരമല്ലാത്ത പരാതികൾ യഥാസമയം കേൾക്കുന്നതിനായി ഇവിടെ കൂടിവന്നിരുന്ന നീതിന്യായസഭയെയാണ് അതിന്റെ പേര് ഓർമിപ്പിക്കുന്നത്. നഗരകവാടങ്ങളിൽവെച്ച് ന്യായം നടപ്പാക്കുന്നത് മധ്യപൂർവദേശത്തെങ്ങുമുള്ള ഒരു പതിവു സമ്പ്രദായമായിരുന്നു. ബൈബിളിൽ ഇതിനെ സംബന്ധിച്ചു പരാമർശമുണ്ട്.b
അൽഹാംബ്ര പോലുള്ള അറേബ്യൻ കൊട്ടാരങ്ങളുടെ പ്രത്യേകതയായ വിദഗ്ധമായ അലങ്കാരപ്പണികൾ മിനുസക്കുമ്മായം ഉപയോഗിച്ചാണു ചെയ്തിരിക്കുന്നത്. മിനുസക്കുമ്മായം ഉപയോഗിച്ച് ശിൽപ്പികൾ ഒന്നിനുപുറകേ മറ്റൊന്നായി ലെയ്സ്സമാന കൊത്തുപണികൾക്കു രൂപംകൊടുത്തു. ചില അലങ്കൃതകമാനങ്ങൾ കണ്ടാൽ സ്റ്റാലക്റ്റൈറ്റുകൾ (ഗുഹകളിൽ ഞാന്നുകിടക്കുന്ന ചുണ്ണാമ്പുകൽപ്പുറ്റുകൾ) കൃത്യമായ അനുപാതത്തിൽ ക്രമീകരിച്ചിരിക്കുകയാണെന്നു തോന്നും. തിളക്കമാർന്ന ടൈൽസ് സങ്കീർണമായ ജ്യാമിതീയ മാതൃകകളിൽ ക്രമീകരിച്ചിരിക്കുന്ന സിലിസ് ആണ് കൊട്ടാരത്തിന്റെ മറ്റൊരു പ്രത്യേകത. കീഴ്മതിലുകളിൽ പാകിയിരിക്കുന്ന ഉജ്ജ്വല വർണങ്ങളിലുള്ള ഇവ മുകളിലുള്ള മിനുസക്കുമ്മായ കൊത്തുപണികളുടെ ഇളംനിറവുമായി ചേരുമ്പോൾ ഉണ്ടാകുന്ന തികഞ്ഞ വർണഭേദം അമ്പരപ്പിക്കുന്നതുതന്നെ.
അൽഹാംബ്രയുടെ അങ്കണങ്ങളിൽ ഏറ്റവും വിശിഷ്ടമായത് “സിംഹസഭാതല”മാണ്. “അറബ് [വാസ്തുശിൽപ്പ]കലയുടെ സ്പെയിനിൽ നിലവിലിരിക്കുന്ന ഏറ്റവും ഉത്കൃഷ്ടമായ മാതൃക” എന്നാണ് അത് വിശേഷിപ്പിക്കപ്പെടുന്നത്. ഒരു പ്രാദേശിക ഗൈഡ്ബുക്ക് വിശദീകരിക്കുന്നു: “അനുകരിക്കാനോ പുനഃസൃഷ്ടിക്കാനോ കഴിയാത്ത എന്തെങ്കിലുമൊന്ന് ഒരു യഥാർഥ കലാസൃഷ്ടിയിലുണ്ടാകും. . . . ഗ്രനാഡയിലെ അൽഹാംബ്രയിലുള്ള സിംഹസഭാതലത്തിന്റെ മുമ്പിൽ നിൽക്കുമ്പോൾ അത്തരമൊരു അനുഭൂതിയായിരിക്കും നമുക്ക് അനുഭവപ്പെടുക.” സിംഹസഭാതലത്തിൽ വെണ്ണക്കല്ലിൽ തീർത്ത 12 സിംഹങ്ങൾ താങ്ങിനിറുത്തുന്ന ഒരു ജലധാരായന്ത്രമുണ്ട്. അതിനു ചുറ്റുമായി വണ്ണംകുറഞ്ഞ സ്തംഭങ്ങൾ താങ്ങിനിറുത്തുന്ന കമാനനിരകളോടുകൂടിയ ഇടനാഴികളുമുണ്ട്. തികഞ്ഞ അനുപാതത്തിലാണ് കമാനനിരകൾ നിർമിച്ചിരിക്കുന്നത്. സ്പെയിനിൽ ഏറ്റവുമധികം ഫോട്ടോകൾ എടുക്കപ്പെടുന്ന സ്ഥലങ്ങളിലൊന്ന് ഇതാണ്.
മനസ്സിനെ കുളിരണിയിക്കുന്ന പൂങ്കാവനങ്ങൾ
അൽഹാംബ്രയിൽ നയനമനോഹരമായ പൂന്തോപ്പുകളും ജലധാരകളും കുളങ്ങളുമുണ്ട്.c “അറബി ശൈലിയിലുള്ള പൂന്തോപ്പുകൾ പറുദീസയുടെ ഒരു പൂർവവീക്ഷണം നൽകുന്നു” എന്നാണ് മൂറിഷ് സ്പെയിൻ എന്ന തന്റെ പുസ്തകത്തിൽ എൻറികെ സോർഡോ അഭിപ്രായപ്പെടുന്നത്. ഇസ്ലാമിന്റെ സ്വാധീനം എവിടെയും ദൃശ്യമാണ്. സ്പാനീഷ് എഴുത്തുകാരനായ ഗാർസിയാ ഗോമെസ് ഇപ്രകാരം എഴുതി: “മുസ്ലീം പറുദീസയെക്കുറിച്ച് ഖുറാനിൽ വിശദമായി വിവരിക്കവേ, സുന്ദരമായ നീർച്ചോലകൾ നനവേകുന്ന . . . ഹരിതാഭമായ പൂങ്കാവനം എന്നു വർണിച്ചിരിക്കുന്നു.” അൽഹാംബ്രയിൽ വെള്ളം യഥേഷ്ടം ഉപയോഗിച്ചിരിക്കുന്നു—മരുഭൂമിയിലെ വരണ്ട കാലാവസ്ഥ ശീലിച്ച ആളുകൾക്ക് അതൊരു ആഡംബരമാണ്. ജലം അന്തരീക്ഷത്തിനു കുളിർമ പകരുമെന്നും നീർച്ചോലകളുടെ കളകളാരവം കർണരസം പകരുമെന്നും ഉദ്യാനത്തിന്റെ നിർമാതാക്കൾ മനസ്സിലാക്കിയിരുന്നു. തെളിഞ്ഞ ആകാശത്തെ പ്രതിഫലിപ്പിക്കുന്ന ദീർഘചതുരാകൃതിയിലുള്ള കുളങ്ങൾ വിശാലതയുടെയും വെളിച്ചത്തിന്റെയും പ്രതീതി ഉളവാക്കുന്നു.
അൽഹാംബ്രയിൽ നിന്നും അകലെയല്ലാതെ ഖെനെറാലിഫെ സ്ഥിതിചെയ്യുന്നു. സാബികായുടെ സമീപത്തുള്ള സെറോ ഡെൽ സോൾ എന്ന കുന്നിൽ ഒറ്റപ്പെട്ടു നിലകൊള്ളുന്ന ഒരു മൂറിഷ് ബംഗ്ലാവും ഉദ്യാനവുമാണത്. അറബിശൈലിയിലുള്ള ഉദ്യാനനിർമാണത്തിന്റെ ഒരു ഉത്തമ മാതൃകയാണ് ഖെനെറാലിഫെ.d അതിനെ “ലോകത്തിലെ ഏറ്റവും മനോഹരമായ ഉദ്യാനങ്ങളിലൊന്ന്” എന്നാണു വിശേഷിപ്പിച്ചിട്ടുള്ളത്
. മുമ്പ് അതിനെ ഒരു പാലം മുഖേന അൽഹാംബ്ര കൊട്ടാരവുമായി ബന്ധിപ്പിച്ചിരുന്നു. ഗ്രനാഡയിലെ ഭരണാധിപന്മാർ വിശ്രമിക്കാനായി ആ സുഖവസതിയിലെത്തിയിരുന്നു. അങ്കണത്തിലൂടെ പോകുമ്പോൾ എത്തിച്ചേരുന്നത് ജലഗോവണിക്കടുത്താണ്. ഇവിടെ വെളിച്ചവും നിറവും അസംഖ്യം പരിമളങ്ങളും സന്ദർശകർക്ക് ഇന്ദ്രിയാനുഭൂതി പകരും.
മൂറിന്റെ നെടുവീർപ്പ്
ഫെർഡിനാൻഡിനും ഇസബെല്ലയ്ക്കും ഗ്രനാഡ നഗരം അടിയറവുവെച്ചതിനെ തുടർന്ന് അവിടത്തെ അവസാന രാജാവായ ബോയാബ്ദിലിനും (മുഹമ്മദ് പതിനൊന്നാമൻ) കുടുംബത്തിനും പ്രവാസത്തിലേക്കു പോകേണ്ടിവന്നു. നഗരം വിട്ട അവർ ഇപ്പോൾ എൽ സുസ്പിറോ ഡെൽ മോറോ (മൂറിന്റെ നെടുവീർപ്പ്) എന്നറിയപ്പെടുന്ന ഒരു ഉയർന്ന സ്ഥലത്ത് അൽപ്പനേരം നിന്നതായി പറയപ്പെടുന്നു. പ്രൗഢമായ തങ്ങളുടെ ചുവപ്പുകൊട്ടാരം അവസാനമായൊന്നു കാണാൻ അവർ തിരിഞ്ഞുനോക്കിയപ്പോൾ, ബോയാബ്ദിലിന്റെ അമ്മ തന്റെ മകനോട് ഇങ്ങനെ പറഞ്ഞതായി പറയപ്പെടുന്നു: “ഒരു പുരുഷനെപ്പോലെ പരിരക്ഷിക്കാൻ കഴിയാതിരുന്നതിനെ ചൊല്ലി ഒരു സ്ത്രീയെപ്പോലെ വിതുമ്പുക!”
ഓരോ വർഷവും അൽഹാംബ്ര സന്ദർശിക്കുന്ന 30 ലക്ഷംവരുന്ന സന്ദർശകരിൽ ചിലർ ഇന്നും ഈ സ്ഥലത്തു പോകാറുണ്ട്. ഇവിടെ അവർക്കു ബോയാബ്ദിലിനെപ്പോലെ, കിരീടത്തിലെ രത്നമായ അറേബ്യൻ കൊട്ടാരത്തിന്റെ താഴെയായി വ്യാപിച്ചുകിടക്കുന്ന ഗ്രനാഡ നഗരത്തിന്റെ വിശാലമായ ഒരു വീക്ഷണം ലഭിക്കും. എന്നെങ്കിലുമൊരിക്കൽ നിങ്ങൾ ഗ്രനാഡ സന്ദർശിക്കുകയാണെങ്കിൽ, അതിന്റെ അവസാനത്തെ മൂറിഷ് രാജാവ് അനുഭവിച്ച ഹൃദയവ്യഥ നിങ്ങളും മനസ്സിലാക്കിയേക്കാം.
[അടിക്കുറിപ്പുകൾ]
a പൊ.യു. 711-ൽ അറബ്-ബെർബെർ സൈന്യങ്ങൾ സ്പെയിനിലേക്കു കടന്നു. വെറും ഏഴു വർഷത്തിനുള്ളിൽ ഉപദ്വീപിന്റെ വലിയൊരു ഭാഗം മുസ്ലീം ഭരണത്തിൻ കീഴിലായി. രണ്ടു നൂറ്റാണ്ടുകൾക്കുള്ളിൽ കോർഡോബ യൂറോപ്പിലെ ഏറ്റവും വലുതും സാധ്യതയനുസരിച്ച് ഏറ്റവും സംസ്കാരസമ്പന്നവുമായ നഗരമായിത്തീർന്നു.
b ഉദാഹരണത്തിന്, ദൈവം മോശെയോടു കൽപ്പിച്ചു: “ശഠനും മത്സരിയുമായ മകൻ ഒരുത്തന്നു ഉണ്ടെങ്കിൽ അമ്മയപ്പന്മാർ അവനെ പിടിച്ചു പട്ടണത്തിലെ മൂപ്പന്മാരുടെ അടുക്കൽ പട്ടണവാതില്ക്കലേക്കു” കൊണ്ടുപോകേണം.—ആവർത്തനപുസ്തകം 16:18, 19.
c സ്പെയിൻ ഉൾപ്പെടെ മെഡിറ്ററേനിയൻ പ്രദേശത്താകമാനം പേർഷ്യൻ, ബൈസന്റൈൻ ശൈലികളിലുള്ള ഉദ്യാനങ്ങളുടെ സവിശേഷതകൾ അറബികൾ അവതരിപ്പിച്ചു.
d ജെനെത്ത്-ആൽ-ആരിഫ് എന്ന അറബി വാക്കിൽനിന്നാണ് ഈ പേര് ഉത്ഭവിച്ചിരിക്കുന്നത്. “ഉയരത്തിലുള്ള ഉദ്യാന”മെന്നു ചിലപ്പോഴൊക്കെ പരിഭാഷപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് “വാസ്തുശിൽപ്പിയുടെ ഉദ്യാന”ത്തെ കുറിക്കുന്ന ഒരു വാക്കായിരിക്കാനാണ് ഏറെ സാധ്യത.
[15-ാം പേജിലെ ചിത്രം]
ആൽകാസാബാ
[16-ാം പേജിലെ ചിത്രം]
സിംഹസഭാതലം
[16, 17 പേജുകളിലെ ചിത്രം]
ഖെനെറാലിഫെ ഉദ്യാനം
[17-ാം പേജിലെ ചിത്രം]
ജലഗോവണി
[14-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
Line art: EclectiCollections
[15-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
മുകളിലത്തെ ചിത്രമൊഴിച്ച് ബാക്കിയെല്ലാം: Recinto Monumental de la Alhambra y Generalife
[16-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
എല്ലാ ചിത്രങ്ങളും: Recinto Monumental de la Alhambra y Generalife
[17-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
മുകളിലത്തെ ചിത്രങ്ങൾ: Recinto Monumental de la Alhambra y Generalife; താഴത്തെ ചിത്രം: J. A. Fernández/San Marcos