അധ്യായം 28
പരസ്പരം സ്നേഹത്തിൽ കഴിഞ്ഞുകൂടുക
1. (എ) നിങ്ങൾക്ക് എങ്ങനെ ദൈവസ്ഥാപനത്തിന്റെ ഒരു ഭാഗമായിത്തീരാവുന്നതാണ്? (ബി) അപ്പോൾ നിങ്ങൾ ഏതു കല്പന അനുസരിക്കേണ്ടതാണ്?
1 യഹോവയാം ദൈവത്തെക്കുറിച്ചുളള പരിജ്ഞാനത്തിലും വിലമതിപ്പിലും നിങ്ങൾ വളർന്നുവരുമ്പോൾ ഇതേ പ്രത്യാശയും വിശ്വാസവുമുളളവരോടു ക്രമമായി സഹവസിക്കാൻ നിങ്ങളാഗ്രഹിക്കും. അങ്ങനെ ചെയ്യുന്നതിനാൽ നിങ്ങൾ ദൈവത്തിന്റെ ദൃശ്യസ്ഥാപനത്തിന്റെ, ഒരു യഥാർഥ ക്രിസ്തീയ സഹോദരവർഗത്തിന്റെ, ഭാഗമായിത്തീരും. അപ്പോൾ, “സഹോദരൻമാരുടെ മുഴുസമൂഹത്തെയും സ്നേഹിക്കുക”യെന്നതു നിങ്ങൾ അനുസരിക്കേണ്ട ഒരു കല്പനയായിരിക്കും.—1 പത്രോസ് 2:17; 5:8, 9.
2. (എ) യേശു തന്റെ അനുഗാമികൾക്ക് ഏതു പുതിയ കല്പന കൊടുത്തു? (ബി) “പരസ്പരം” “നിങ്ങളുടെ ഇടയിൽത്തന്നെ” എന്നിങ്ങനെയുളള പദപ്രയോഗങ്ങൾ വ്യക്തമായി എന്തു പ്രകടമാക്കുന്നു? (സി) സ്നേഹം ഉണ്ടായിരിക്കുന്നത് എത്ര പ്രധാനമാണ്?
2 തന്റെ അനുഗാമികൾ പരസ്പരം സ്നേഹിക്കുന്നത് എത്ര പ്രധാനമാണെന്നു യേശുക്രിസ്തു ഊന്നിപ്പറയുകയുണ്ടായി. “നിങ്ങൾ പരസ്പരം സ്നേഹിക്കണമെന്നു ഞാൻ നിങ്ങൾക്ക് ഒരു പുതിയ കല്പന നൽകുകയാകുന്നു. . . .നിങ്ങൾക്കു നിങ്ങളുടെ ഇടയിൽത്തന്നെ സ്നേഹമുണ്ടെങ്കിൽ ഇതിനാൽ നിങ്ങൾ എന്റെ ശിഷ്യൻമാരാണെന്ന് എല്ലാവരും അറിയും.” (യോഹന്നാൻ 13:34, 35) “പരസ്പരം” എന്നും “നിങ്ങളുടെ ഇടയിൽത്തന്നെ” എന്നുമുളള പദപ്രയോഗങ്ങൾ എല്ലാ സത്യക്രിസ്ത്യാനികളും ഒരു കൂട്ടത്തിൽ അഥവാ സ്ഥാപനത്തിൽ ഒന്നിച്ചുനിൽക്കുമെന്നു വ്യക്തമായി തെളിയിക്കുന്നു. (റോമർ 12:5; എഫേസ്യർ 4:25) ആ സ്ഥാപനത്തിലെ അംഗങ്ങൾക്കു പരസ്പരമുളള സ്നേഹത്താൽ ആ സ്ഥാപനം തിരിച്ചറിയപ്പെടും. ഒരു വ്യക്തിക്കു സ്നേഹമില്ലെങ്കിൽ മറെറല്ലാം നിഷ്പ്രയോജനകരമാണ്.—1 കൊരിന്ത്യർ 13:1-3.
3. സഹക്രിസ്ത്യാനികളെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിന്റെ പ്രാധാന്യത്തെ ബൈബിൾ ഊന്നിപ്പറയുന്നതെങ്ങനെ?
3 അതുകൊണ്ട് ആദിമക്രിസ്ത്യാനികൾക്കു മിക്കപ്പോഴും ഇങ്ങനെയുളള ഉദ്ബോധനങ്ങൾ കൊടുക്കപ്പെട്ടു: “പരസ്പരം ആർദ്രസ്നേഹം ഉണ്ടായിരിക്കുക.” “പരസ്പരം സ്വാഗതം ചെയ്യുക.” “പരസ്പരം അടിമവേല ചെയ്യുക.” “പരസ്പരം ദയാപൂർവം കരുണാർദ്രമായ അനുകമ്പയുണ്ടായിരിക്കുക.” “ആർക്കെങ്കിലും മറെറാരാൾക്കെതിരെ പരാതിക്ക് ഒരു കാരണമുണ്ടെങ്കിൽ പരസ്പരം പൊറുക്കുന്നതിലും സൗജന്യമായി പരസ്പരം ക്ഷമിക്കുന്നതിലും തുടരുക.” “പരസ്പരം ആശ്വസിപ്പിച്ചുകൊണ്ടും പരസ്പരം പരിപുഷ്ടിപ്പെടുത്തിക്കൊണ്ടുമിരിക്കുക.” “പരസ്പരം സമാധാനകാംക്ഷികളായിരിക്കുക.” “പരസ്പരം ഉററസ്നേഹമുണ്ടായിരിക്കുക.”—റോമർ 12:10; 15:7; ഗലാത്യർ 5:13; എഫേസ്യർ 4:32; കൊലോസ്യർ 3:13, 14; 1 തെസ്സലോനീക്യർ 5:11, 13; 1 പത്രോസ് 4:8; 1 യോഹന്നാൻ 3:23; 4:7, 11.
4. (എ) ക്രിസ്ത്യാനികൾ “പരസ്പരം” സ്നേഹിക്കുന്നതിനുപുറമേ, മററുളളവരെ സ്നേഹിക്കേണ്ടതാണെന്ന് എന്തു പ്രകടമാക്കുന്നു? (ബി) ക്രിസ്ത്യാനികൾ വിശേഷാൽ ആരെ സ്നേഹിക്കേണ്ടതാണ്?
4 എന്നിരുന്നാലും, സത്യക്രിസ്ത്യാനികൾ ദൈവസ്ഥാപനത്തിലെ സഹയംഗങ്ങളെ മാത്രം സ്നേഹിച്ചാൽ മതിയെന്ന് ഇതിനർഥമില്ല. അവർ മററുളളവരെയും സ്നേഹിക്കേണ്ടതാണ്. യഥാർഥത്തിൽ “പരസ്പരവും എല്ലാവരോടും സ്നേഹത്തിൽ” വർധിച്ചുവരാൻ ബൈബിൾ അവരെ പ്രോത്സാഹിപ്പിക്കുന്നു. (1 തെസ്സലോനീക്യർ 3:12; 5:15) ശരിയായ സന്തുലിതവീക്ഷണം നൽകിക്കൊണ്ട് അപ്പോസ്തലനായ പൗലോസ് എഴുതി: “നമുക്ക് എല്ലാവർക്കും, എന്നാൽ വിശേഷാൽ വിശ്വാസത്തിൽ നമ്മോടു ബന്ധപ്പെട്ടവർക്കു നൻമ ചെയ്യാം.” (ഗലാത്യർ 6:10) അതുകൊണ്ട് ക്രിസ്ത്യാനികൾ തങ്ങളുടെ ശത്രുക്കൾ ഉൾപ്പെടെ എല്ലാവരെയും സ്നേഹിക്കേണ്ടതാണെന്നിരിക്കെ, അവർ വിശേഷാൽ ദൈവസ്ഥാപനത്തിലെ സഹയംഗങ്ങളെ, തങ്ങളുടെ ആത്മീയ സഹോദരീസഹോദരൻമാരെ, സ്നേഹിക്കേണ്ടതാണ്.—മത്തായി 5:44.
5. ആദിമകാലങ്ങളിലും ഇക്കാലത്തും സത്യക്രിസ്ത്യാനികൾ അവരുടെ സ്നേഹം സംബന്ധിച്ചു ശ്രദ്ധേയരായിരുന്നുവെന്നു പ്രകടമാക്കുന്നതെന്ത്?
5 ആദിമക്രിസ്ത്യാനികൾ പരസ്പരമുളള ഈ സ്നേഹ സംബന്ധിച്ചു സുപ്രസിദ്ധരായിരുന്നു. രണ്ടാം നൂററാണ്ടിലെ എഴുത്തുകാരനായിരുന്ന തെർത്തുല്യൻ പറയുന്നതനുസരിച്ച് ആളുകൾ അവരെ സംബന്ധിച്ച്: ‘നോക്കൂ! അവർ പരസ്പരം എത്ര സ്നേഹിക്കുന്നു, അവർ പരസ്പരം മരിക്കാൻ എത്ര തയ്യാറാണ്!’ എന്നു പറയുമായിരുന്നു. സത്യക്രിസ്ത്യാനികളുടെ ഇടയിൽ ഒരിക്കലും പ്രശ്നങ്ങളോ പ്രയാസങ്ങളോ ഉണ്ടാകുകയില്ലെന്ന് ഇതിന് അർഥമുണ്ടോ?
അപൂർണതയുടെ ഫലങ്ങൾ
6. സത്യക്രിസ്ത്യാനികൾപോലും ചിലപ്പോൾ പരസ്പരം പാപം ചെയ്യുന്നതെന്തുകൊണ്ട്?
6 നിങ്ങളുടെ ബൈബിൾ പഠനത്തിൽനിന്നു നമ്മളെല്ലാം നമ്മുടെ ആദ്യമാതാപിതാക്കളായ ആദാമിൽനിന്നും ഹവ്വായിൽനിന്നും അപൂർണത അവകാശപ്പെടുത്തിയെന്നു നിങ്ങൾ തിരിച്ചറിയുന്നുണ്ട്. (റോമർ 5:12) അതുകൊണ്ട് നമ്മൾ തെററു ചെയ്യാൻ ചായ്വുളളവരാണ്. “നമ്മളെല്ലാം പല പ്രാവശ്യം അബദ്ധത്തിൽ ചാടുന്നു” എന്നു ബൈബിൾ പറയുന്നു. (യാക്കോബ് 3:2; റോമർ 3:23) ദൈവസ്ഥാപനത്തിലെ അംഗങ്ങളും അപൂർണരാണെന്നും ചിലപ്പോൾ ശരിയല്ലാത്ത കാര്യങ്ങൾ ചെയ്യുന്നുവെന്നും നിങ്ങൾ അറിഞ്ഞിരിക്കണം. ഇതു സത്യക്രിസ്ത്യാനികളുടെ ഇടയിൽപോലും പ്രശ്നങ്ങളിലും പ്രയാസങ്ങളിലും കലാശിക്കാവുന്നതാണ്.
7. (എ) യുവൊദ്യയോടും സുന്തുകയോടും “ഏകമനസ്സുളളവരായിരിക്കാൻ” പറയേണ്ടതാവശ്യമായിരുന്നതെന്തുകൊണ്ട്? (ബി) അവർ അടിസ്ഥാനപരമായി നല്ല ക്രിസ്തീയ സ്ത്രീകളായിരുന്നുവെന്നു പ്രകടമാക്കുന്നതെന്ത്?
7 ആദിമ ഫിലിപ്യസഭയിലെ യുവൊദ്യ എന്നും സുന്തുകയെന്നും പേരുണ്ടായിരുന്ന രണ്ടു സ്ത്രീകളുടെ സാഹചര്യം പരിചിന്തിക്കുക. അപ്പോസ്തലനായ പൗലോസ് എഴുതി: “കർത്താവിൽ ഏകമനസ്സോടെയിരിക്കാൻ യുവൊദ്യയെ ഞാൻ പ്രബോധിപ്പിക്കുന്നു, സുന്തുകയേയും ഞാൻ പ്രബോധിപ്പിക്കുന്നു.” “ഏകമനസ്സോടെയിരിക്കാൻ” പൗലോസ് ഈ രണ്ടു സ്ത്രീകളെ പ്രോത്സാഹിപ്പിച്ചതെന്തുകൊണ്ടായിരുന്നു? അവർ തമ്മിൽ ഏതോ പ്രശ്നമുണ്ടായിരുന്നുവെന്നു വ്യക്തമാണ്. അത് എന്തായിരുന്നുവെന്നു ബൈബിൾ പറയുന്നില്ല. ഒരുപക്ഷേ, അവർ എങ്ങനെയോ അന്യോന്യം അസൂയാലുക്കളായിരുന്നു. എങ്കിലും അടിസ്ഥാനപരമായി അവർ നല്ല സ്ത്രീകളായിരുന്നു. അവർ കുറെ നാളുകളായി ക്രിസ്ത്യാനികളായിരുന്നു. വർഷങ്ങൾക്കുമുമ്പ് അവർ പൗലോസിനോടുകൂടെ പ്രസംഗവേലയിൽ പങ്കെടുത്തിരുന്നു. അതുകൊണ്ട് “സുവാർത്തക്കുവേണ്ടി എന്നോടുകൂടെ കഠിനാധ്വാനം ചെയ്ത ഈ സ്ത്രീകളെ സഹായിച്ചുകൊണ്ടിരിക്കാൻ” അവൻ സഭയ്ക്ക് എഴുതി.—ഫിലിപ്യർ 4:1-3.
8. (എ) പൗലോസും ബർന്നബാസും തമ്മിൽ ഏതു പ്രശ്നം ഉണ്ടായി? (ബി) നിങ്ങൾ അവിടെ ഉണ്ടായിരിക്കയും ഈ കുഴപ്പം കാണുകയും ചെയ്തിരുന്നെങ്കിൽ നിങ്ങൾ എന്തു നിഗമനം ചെയ്യുമായിരുന്നു?
8 ഒരു സമയത്ത് അപ്പോസ്തലനായ പൗലോസും അവന്റെ സഞ്ചാരകൂട്ടാളിയായിരുന്ന ബർന്നബാസും തമ്മിലും കുഴപ്പമുണ്ടായി. അവർ രണ്ടാമത്തെ മിഷനറിയാത്രക്കു പുറപ്പെടാറായപ്പോൾ ബർന്നബാസ് തന്റെ മച്ചുനനായ മർക്കോസിനെ കൂട്ടിക്കൊണ്ടുപോകാനാഗ്രഹിച്ചു. എന്നാൽ മർക്കോസ് അവരുടെ ഒന്നാമത്തെ മിഷനറിയാത്രയിൽ അവരെ വിട്ടു വീട്ടിൽ പോയതുകൊണ്ട് അവനെ കൂട്ടിക്കൊണ്ടുപോകാൻ പൗലോസ് ആഗ്രഹിച്ചില്ല. (പ്രവൃത്തികൾ 13:13) ബൈബിൾ പറയുന്നു: “അതിങ്കൽ ഒരു ഉഗ്രമായ കോപാവേശമുണ്ടായതിനാൽ അവർ അന്യോന്യം വേർപിരിഞ്ഞു.” (പ്രവൃത്തികൾ 15:37-40) നിങ്ങൾക്ക് അതു സങ്കല്പിക്കാൻ കഴിയുമോ? നിങ്ങൾ അവിടെ ഉണ്ടായിരിക്കുകയും ഈ ഉഗ്ര കോപാവേശം കാണുകയും ചെയ്തിരുന്നെങ്കിൽ അവരുടെ പെരുമാററരീതി നിമിത്തം പൗലോസും ബർന്നബാസും ദൈവസ്ഥാപനത്തിന്റെ ഭാഗമല്ലെന്നു നിങ്ങൾ നിഗമനം ചെയ്യുമായിരുന്നോ?
9. (എ) പത്രോസ് എന്തു തെററു ചെയ്തു, അവൻ ഈ വിധത്തിൽ പ്രവർത്തിക്കാനിടയാക്കിയതെന്ത്? (ബി) സംഭവിച്ചുകൊണ്ടിരുന്നതു കണ്ടപ്പോൾ പൗലോസ് എന്തു ചെയ്തു?
9 മറെറാരു സന്ദർഭത്തിൽ അപ്പോസ്തലനായ പത്രോസ് തെററു ചെയ്തു. അവൻ തങ്ങളുടെ വിജാതീയ സഹോദരൻമാരെ തെററായി തുച്ഛീകരിച്ചിരുന്ന ചില യഹൂദക്രിസ്ത്യാനികൾ തന്നെ അപ്രീതിയോടെ വീക്ഷിക്കുമോയെന്നുളള ഭയം നിമിത്തം വിജാതീയ ക്രിസ്ത്യാനികളോടുളള സഹവാസം നിർത്തി. (ഗലാത്യർ 2:11-14) പത്രോസിന്റെ പ്രവർത്തനം അപ്പോസ്തലനായ പൗലോസ് കണ്ടപ്പോൾ സന്നിഹിതരായിരുന്ന എല്ലാവരുടെയും മുമ്പാകെ അവൻ പത്രോസിന്റെ അനുചിതമായ നടത്തയെ കുററംവിധിച്ചു. നിങ്ങൾ പത്രോസായിരുന്നെങ്കിൽ നിങ്ങളുടെ ചേതോവികാരം എന്തായിരിക്കുമായിരുന്നു?—എബ്രായർ 12:11.
സ്നേഹപൂർവം പ്രയാസങ്ങൾ പരിഹരിക്കൽ
10. (എ) തിരുത്തപ്പെട്ടപ്പോൾ പത്രോസ് എങ്ങനെ പ്രതികരിച്ചു? (ബി) പത്രോസിന്റെ ദൃഷ്ടാന്തത്തിൽനിന്ന് എന്തു പാഠം പഠിക്കാൻ കഴിയും?
10 പത്രോസിനു പൗലോസിന്റെനേരെ കോപിക്കാമായിരുന്നു. മററുളളവരുടെ മുമ്പാകെ തന്നെ പൗലോസ് തിരുത്തിയ രീതിയിൽ അവനു പിണക്കം തോന്നാമായിരുന്നു. എന്നാൽ അവനു തോന്നിയില്ല. (സഭാപ്രസംഗി 7:9) പത്രോസ് താഴ്മയുളളവനായിരുന്നു. അവൻ തിരുത്തൽ സ്വീകരിച്ചു. പൗലോസിനോടുളള തന്റെ സ്നേഹം തണുത്തുപോകാനിടയാക്കുന്നതിന് അവൻ അനുവദിച്ചില്ല. (1 പത്രോസ് 3:8, 9) പിന്നീടു സഹക്രിസ്ത്യാനികൾക്കുളള ഒരു പ്രോത്സാഹനക്കത്തിൽ പത്രോസ് പൗലോസിനെ പരാമർശിച്ചതെങ്ങനെയെന്നു കാണുക: “നമ്മുടെ പ്രിയ സഹോദരനായ പൗലോസും തനിക്കു ലഭിച്ച ജ്ഞാനപ്രകാരം നിങ്ങൾക്കെഴുതിയതുപോലെ, നമ്മുടെ കർത്താവിന്റെ ക്ഷമയെ രക്ഷയെന്നു പരിഗണിക്കുക.” (2 പത്രോസ് 3:15) അതെ, സ്നേഹം പ്രയാസത്തെ മറയ്ക്കാൻ പത്രോസ് അനുവദിച്ചു. ഈ സംഗതിയിൽ അവന്റെ സ്വന്തം തെററായ നടത്തയിൽനിന്നായിരുന്നു ആ പ്രയാസം ഉണ്ടായത്.—സദൃശവാക്യങ്ങൾ 10:12.
11. (എ) തങ്ങളുടെ കോപാവേശം ഗണ്യമാക്കാതെ തങ്ങൾ സത്യക്രിസ്ത്യാനികളാണെന്നു പൗലോസും ബർന്നബാസും എങ്ങനെ പ്രകടമാക്കി? (ബി) അവരുടെ ദൃഷ്ടാന്തത്തിൽനിന്നു നമുക്ക് എങ്ങനെ പ്രയോജനം ലഭിക്കും?
11 പൗലോസും ബർന്നബാസും തമ്മിലുണ്ടായ പ്രശ്നം സംബന്ധിച്ചെന്ത്? അതും സ്നേഹപൂർവം പരിഹരിക്കപ്പെട്ടു. എന്തെന്നാൽ പിന്നീടു പൗലോസ് കൊരിന്ത്യ സഭയ്ക്ക് എഴുതിയപ്പോൾ ബർന്നബാസിനെക്കുറിച്ച് അവൻ ഒരു ഉററസഹപ്രവർത്തകൻ എന്നു പറയുകയുണ്ടായി. (1 കൊരിന്ത്യർ 9:5, 6) ഒരു സഞ്ചാരകൂട്ടാളിയെന്ന നിലയിൽ മർക്കോസിന്റെ മൂല്യത്തെ സംശയിക്കാൻ പൗലോസിനു നല്ല കാരണമുണ്ടായിരുന്നതായി തോന്നുന്നുവെങ്കിലും, ആ യുവാവു പിന്നീടു പക്വത പ്രാപിച്ചതുകൊണ്ടു പൗലോസിന് അവനെക്കുറിച്ചു തിമൊഥെയോസിന് ഇങ്ങനെ എഴുതാൻ കഴിഞ്ഞു: “മർക്കോസിനെ നിന്നോടുകൂടെ കൂട്ടിക്കൊണ്ടുപോരുക, എന്തുകൊണ്ടെന്നാൽ അവൻ ശുശ്രൂഷയ്ക്ക് എനിക്കു പ്രയോജനമുളളവനാണ്.” (2 തിമൊഥെയോസ് 4:11) ഭിന്നതകൾ പരിഹരിക്കുന്നതിന്റെ ഈ ദൃഷ്ടാന്തത്തിൽനിന്നു നമുക്കു പ്രയോജനമനുഭവിക്കാൻ കഴിയും.
12. (എ) യുവൊദ്യയും സുന്തുകയും തങ്ങളുടെ ഭിന്നതകൾ പരിഹരിച്ചുവെന്നു നമുക്കു സങ്കല്പിക്കാവുന്നതെന്തുകൊണ്ട്? (ബി) ഗലാത്യർ 5:13-15 അനുസരിച്ചു ക്രിസ്ത്യാനികൾ തങ്ങളുടെ ഭിന്നതകൾ സ്നേഹപൂർവം പരിഹരിക്കുന്നതു മർമപ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
12 ശരി, യുവൊദ്യയെയും സുന്തുകയെയും സംബന്ധിച്ചെന്ത്? അവർ തങ്ങളുടെ ഭിന്നതകൾ പരിഹരിക്കുകയും പരസ്പരം ചെയ്തിരിക്കാമായിരുന്ന ഏതു പാപങ്ങളെയും മറയ്ക്കാൻ സ്നേഹത്തെ അനുവദിക്കുകയും ചെയ്തോ? അവർക്ക് ഒടുവിൽ എന്തു സംഭവിച്ചുവെന്നു ബൈബിൾ പറയുന്നില്ല. എന്നാൽ അവർ ക്രിസ്തീയശുശ്രൂഷയിൽ പൗലോസിനോട് ഒത്തുചേർന്നു പ്രവർത്തിച്ചിരുന്ന നല്ല സ്ത്രീകളായിരുന്നതുകൊണ്ട് അവർ കൊടുക്കപ്പെട്ട ബുദ്ധ്യുപദേശം വിനീതമായി സ്വീകരിച്ചുവെന്നു നമുക്കു ന്യായമായി ഊഹിക്കാവുന്നതാണ്. പൗലോസിന്റെ ലേഖനം ലഭിച്ചപ്പോൾ അവർ അന്യോന്യം സമീപിച്ചു സ്നേഹത്തിന്റെ ആത്മാവിൽ തങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതായി നമുക്കു സങ്കൽപ്പിക്കാവുന്നതാണ്.—ഗലാത്യർ 5:13-15.
13. സ്നേഹം പ്രകടമാക്കുന്നതിൽ യഹോവ എന്തു ദൃഷ്ടാന്തം വെക്കുന്നു?
13 നിങ്ങളും സഭയിലെ ഒരു വ്യക്തിയോടോ വ്യക്തികളോടോ ഇണങ്ങിപ്പോകുന്നതു പ്രയാസമാണെന്നു കണ്ടെത്തിയേക്കാം. സത്യക്രിസ്തീയ ഗുണങ്ങൾ വികസിപ്പിച്ചെടുക്കുന്നതിന് അവർ ബഹുദൂരം പോകണമെങ്കിലും ഇതിനെക്കുറിച്ചു ചിന്തിക്കുക: ആളുകൾ തങ്ങളുടെ ദുർന്നടപടികളെല്ലാം നീക്കിയതിനുശേഷമാണോ യഹോവയാം ദൈവം അവരെ സ്നേഹിക്കുന്നത്? അല്ല; ബൈബിൾ പറയുന്നു: “നാം പാപികളായിരിക്കുമ്പോൾത്തന്നെ ക്രിസ്തു നമുക്കുവേണ്ടി മരിച്ചതിനാൽ ദൈവം തന്റെ സ്വന്തം സ്നേഹത്തെ നമുക്കു സ്വീകാര്യമാക്കുന്നു.” (റോമർ 5:8) നാം ദൈവത്തിന്റെ ആ ദൃഷ്ടാന്തം അനുസരിക്കുകയും ചീത്തക്കാര്യങ്ങളും ഭോഷത്വവും പ്രവർത്തിക്കുന്നവരെ സ്നേഹിക്കുകയും വേണം.—എഫേസ്യർ 5:1, 2; 1 യോഹന്നാൻ 4:9-11; സങ്കീർത്തനം 103:10.
14. മററുളളവരെ വിമർശിക്കാതിരിക്കുന്നതു സംബന്ധിച്ചു യേശു എന്തു ബുദ്ധ്യുപദേശം നല്കി?
14 നമ്മളെല്ലാം വളരെ അപൂർണരാകയാൽ നാം മററുളളവരെ വിമർശിക്കുന്നവരായിരിക്കരുതെന്നു യേശു പഠിപ്പിച്ചു. മററുളളവർക്കു തെററുകളുണ്ടെന്നുളളതു സത്യം തന്നെ, എന്നാൽ നമുക്കുമുണ്ട്. “അപ്പോൾ നീ നിന്റെ സഹോദരന്റെ കണ്ണിലെ വൈക്കോലിനെ നോക്കുന്നതും നിന്റെ സ്വന്തം കണ്ണിലെ കഴുക്കോൽ പരിഗണിക്കാതിരിക്കുന്നതും എന്ത്?” എന്നു യേശു ചോദിച്ചു. (മത്തായി 7:1-5) അങ്ങനെയുളള ബുദ്ധിപൂർവകമായ ഉപദേശം ഓർത്തിരിക്കുന്നതിനാൽ നാം നമ്മുടെ സഹോദരീസഹോദരൻമാരോട് ഇണങ്ങിക്കഴിയാൻ സഹായിക്കപ്പെടും.
15. (എ) മററുളളവർക്കെതിരായി പരാതിക്കു നമുക്കൊരു കാരണമുളളപ്പോൾപ്പോലും നാം അവരോടു ക്ഷമിക്കുന്നതു പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്? (ബി) മത്തായി 18-ാം അധ്യായത്തിലെ തന്റെ ദൃഷ്ടാന്തത്തിൽ യേശു ക്ഷമിക്കേണ്ടതിന്റെ ആവശ്യം പഠിപ്പിച്ചതെങ്ങനെ?
15 നാം കരുണയും ക്ഷമയുമുളളവരായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഒരു സഹോദരനോ സഹോദരിക്കോ എതിരായി പരാതിക്കു നിങ്ങൾക്കു യഥാർഥ കാരണമുണ്ടായിരിക്കാം. എന്നാൽ ഈ ബൈബിൾ ബുദ്ധ്യുപദേശം ഓർക്കുക: “ആർക്കെങ്കിലും മറെറാരുവനെതിരെ പരാതിക്ക് ഒരു കാരണമുണ്ടെങ്കിൽ പരസ്പരം പൊറുക്കുന്നതിലും സൗജന്യമായി പരസ്പരം ക്ഷമിക്കുന്നതിലും തുടരുക.” എന്നാൽ മററുളളവർക്കെതിരെ പരാതിക്കു യഥാർഥകാരണമുളളപ്പോൾ നിങ്ങൾ അവരോടു ക്ഷമിക്കുന്നതെന്തിന്? എന്തുകൊണ്ടെന്നാൽ “യഹോവ നിങ്ങളോടു സൗജന്യമായി ക്ഷമിച്ചു”വെന്നു ബൈബിൾ ഉത്തരം നൽകുന്നു. (കൊലോസ്യർ 3:13) നമുക്ക് അവന്റെ ക്ഷമ കിട്ടണമെങ്കിൽ നാം മററുളളവരോടു ക്ഷമിക്കേണ്ടതാണെന്ന് യേശു പറഞ്ഞു. (മത്തായി 6:9-12, 14, 15) യേശുവിന്റെ ദൃഷ്ടാന്തങ്ങളിലൊന്നിലെ രാജാവിനെപ്പോലെ യഹോവ നമ്മോട് ആയിരക്കണക്കിനു പ്രാവശ്യം ക്ഷമിച്ചിട്ടുണ്ട്. അതുകൊണ്ട് നമുക്കു നമ്മുടെ സഹോദരൻമാരോട് ഏതാനും പ്രാവശ്യം ക്ഷമിക്കാൻ പാടില്ലേ?—മത്തായി 18:21-35; സദൃശവാക്യങ്ങൾ 19:11.
16. (എ) 1 യോഹന്നാൻ 4:20, 21 അനുസരിച്ചു ദൈവസ്നേഹം സഹക്രിസ്ത്യാനികളോടുളള സ്നേഹത്തോടു ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെ? (ബി) നിങ്ങളുടെ സഹോദരനു നിങ്ങൾക്കെതിരായി എന്തെങ്കിലുമുണ്ടെങ്കിൽ എന്തു പ്രവർത്തനം ആവശ്യമാണ്?
16 നമുക്കു കേവലം സത്യം ആചരിക്കാനും അതേസമയം നമ്മുടെ സഹോദരീസഹോദരൻമാരോടു സ്നേഹരഹിതമായ, ക്ഷമാരഹിതമായ, രീതിയിൽ പെരുമാറാനും സാധ്യമല്ല. (1 യോഹന്നാൻ 4:20, 21; 3:14-16) അതുകൊണ്ട്, നിങ്ങൾക്ക് എന്നെങ്കിലും ഒരു സഹക്രിസ്ത്യാനിയുമായി ഒരു പ്രശ്നം ഉണ്ടാകുന്നുവെങ്കിൽ അയാളുമായുളള സംസാരം നിർത്തിക്കളയരുത്. നീരസം വച്ചുപുലർത്തരുത്, എന്നാൽ സ്നേഹത്തിന്റെ ആത്മാവിൽ കാര്യം നേരെയാക്കുക. നിങ്ങൾ നിങ്ങളുടെ സഹോദരന് ഇടർച്ച വരുത്തിയിരിക്കുന്നുവെങ്കിൽ ക്ഷമായാചനം ചെയ്യാൻ തയ്യാറായിരിക്കുക.—മത്തായി 5:23, 24.
17. ആരെങ്കിലും നിങ്ങളോടു തെററു ചെയ്യുന്നുവെങ്കിൽ സ്വീകരിക്കേണ്ട ഉചിതമായ പ്രവർത്തനഗതി എന്താണ്?
17 എന്നാൽ വേറെ ഏതെങ്കിലും വിധത്തിൽ നിങ്ങളെ ഒരാൾ നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യുന്നുവെങ്കിലോ? “‘അവൻ എന്നോടു ചെയ്തതുപോലെ ഞാൻ അവനോടും ചെയ്യാൻ പോകുകയാണ്’ എന്നു പറയരുത്” എന്നു ബൈബിൾ ബുദ്ധ്യുപദേശിക്കുന്നു. (സദൃശവാക്യങ്ങൾ 24:29; റോമർ 12:17, 18) “നിന്റെ വലത്തെ ചെകിട്ടത്തു തട്ടുന്നവനു മറേറതും കാണിച്ചുകൊടുക്കുക” എന്നു യേശുക്രിസ്തു ഉപദേശിച്ചു. (മത്തായി 5:39) ഒരു തട്ട് ദേഹോപദ്രവമേൽപ്പിക്കാനല്ല, പിന്നെയോ അവഹേളിക്കാനോ പ്രകോപിപ്പിക്കാനോ മാത്രമാണ്. അങ്ങനെ ഒരു ശണ്ഠയിലേക്കോ തർക്കത്തിലേക്കോ വലിച്ചിഴക്കപ്പെടുന്നതൊഴിവാക്കാൻ യേശു തന്റെ അനുഗാമികളെ ഉപദേശിക്കുകയായിരുന്നു. “ദ്രോഹത്തിനു പകരം ദ്രോഹമോ അധിക്ഷേപത്തിനുപകരം അധിക്ഷേപമോ തിരിച്ചുകൊടുക്കാതെ” നിങ്ങൾ “സമാധാനം അന്വേഷിച്ചു പിന്തുടരേണ്ട”താണ്.—1 പത്രോസ് 3:9, 11; റോമർ 12:14.
18. സകല ആളുകളെയും സ്നേഹിക്കുന്ന ദൈവത്തിന്റെ ദൃഷ്ടാന്തത്തിൽനിന്നു നാം എന്തു പാഠം പഠിക്കണം?
18 നാം “സഹോദരൻമാരുടെ മുഴുസമൂഹത്തെയും സ്നേഹിക്കേണ്ട”താണെന്നോർക്കുക. (1 പത്രോസ് 2:17) യഹോവയാം ദൈവം മാതൃക വെക്കുന്നു. അവൻ പക്ഷപാതിത്വമുളളവനല്ല. അവന്റെ ദൃഷ്ടിയിൽ എല്ലാ വർഗങ്ങളും തുല്യരാണ്. (പ്രവൃത്തികൾ 10:34, 35; 17:26) വരാനിരിക്കുന്ന “മഹോപദ്രവ”ത്തിൽ സംരക്ഷിക്കപ്പെടുന്നവർ “സകല ജനതകളിൽനിന്നും ഗോത്രങ്ങളിൽനിന്നും ജനങ്ങളിൽനിന്നും ഭാഷകളിൽനിന്നു”മാണ് എടുക്കപ്പെടുന്നത്. (വെളിപ്പാട് 7:9, 14-17) അതുകൊണ്ട് ദൈവത്തെ അനുകരിച്ചുകൊണ്ടു നാം മററുളളവർ വ്യത്യസ്തവർഗത്തിലോ ജനതയിലോ സാമൂഹ്യനിലയിലോ ഉളളവരായതിനാലോ വ്യത്യസ്ത നിറമുളളവരായതിനാലോ അവരെ സ്നേഹിക്കുന്നതു കുറച്ചായിരിക്കരുത്.
19. (എ) നാം സഹക്രിസ്ത്യാനികളെ എങ്ങനെ ആദരിക്കുകയും കരുതുകയും വേണം? (ബി) നമുക്ക് ഏതു വലിയ പദവി സ്വന്തമാക്കാൻ കഴിയും?
19 ക്രിസ്തീയ സഭയിലുളള എല്ലാവരെയും നന്നായി പരിചയപ്പെടുക. നിങ്ങൾ അവരെ സ്നേഹിക്കാനും വിലമതിക്കാനും ഇടയാകും. പ്രായമേറിയവരെ അപ്പനമ്മമാരെപ്പോലെയും ഇളയവരെ സഹോദരീസഹോദരൻമാരെപ്പോലെയും കരുതുക. (1 തിമൊഥെയോസ് 5:1, 2) ദൈവത്തിന്റെ കുടുംബസമാനമായ ദൃശ്യസ്ഥാപനത്തിന്റെ ഭാഗമായിരിക്കുന്നതു വാസ്തവത്തിൽ ഒരു പദവിതന്നെയാണ്. അതിലെ അംഗങ്ങൾ വളരെ നന്നായി സ്നേഹത്തിൽ ഇണങ്ങി ജീവിക്കുന്നു. അത്തരം സ്നേഹമുളള ഒരു കുടുംബത്തോടുകൂടെ ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കുന്നത് എത്ര വിശിഷ്ടമായിരിക്കും!—1 കൊരിന്ത്യർ 13:4-8.
[233-ാം പേജിലെ ചിത്രം]
യുവൊദ്യയും സുന്തുകയും ഉൾപ്പെടുന്ന സംഭവത്തിൽനിന്നു നമുക്ക് എന്തു പഠിക്കാൻ കഴിയും?
[235-ാം പേജിലെ ചിത്രം]
പൗലോസും ബർന്നബാസും തമ്മിലുളള വാദം അവർ ദൈവസ്ഥാപനത്തിലെ അംഗങ്ങളല്ലായിരുന്നുവെന്ന് അർഥമാക്കിയോ?
[236-ാം പേജിലെ ചിത്രം]
സത്യക്രിസ്ത്യാനികൾ പരാതിക്കുളള കാരണങ്ങളെ മറയ്ക്കാൻ സ്നേഹത്തെ അനുവദിക്കുന്നു
[237-ാം പേജിലെ ചിത്രം]
ദൈവസ്ഥാപനത്തിനുളളിൽ, തുല്യരായി കഴിഞ്ഞുകൂടാൻ ക്രിസ്ത്യാനികൾ സ്നേഹത്താൽ പ്രേരിതരാകുന്നു