അധ്യായം 25
ഹസ്തമൈഥുനം—അത എത്ര ഗൗരവതരമാണ്?
“ഹസ്തമൈഥുനം ദൈവദൃഷ്ടിയിൽ തെററാണോ എന്ന് ഞാൻ സംശയിക്കുന്നു. ഭാവിയിൽ എന്നെങ്കിലും ഞാൻ വിവാഹിതയാകുന്നുവെങ്കിൽ അതു എന്റെ ശാരീരികാരോഗ്യത്തെയോ മാനസ്സികാരോഗ്യത്തേയോ അല്ലെങ്കിൽ രണ്ടിനേയുംകൂടെയോ ബാധിക്കുമോ?”—പതിനഞ്ചു വയസ്സുകാരി മെലിസ്സ.
ഈ ചിന്തകൾ അനേകം യുവജനങ്ങളെ ശല്യം ചെയ്തിരിക്കുന്നു. അതിന്റെ കാരണമെന്താണ്? ഹസ്തമൈഥുനം വളരെ വ്യാപകമാണ്. റിപ്പോർട്ടുകളനുസരിച്ച് പുരുഷൻമാരിൽ ഏതാണ്ട് 97 ശതമാനവും സ്ത്രീകളിൽ 90 ശതമാനത്തിലധികവും 21 വയസ്സാകുമ്പോഴേയ്ക്കും ഹസ്തമൈഥുനത്തിൽ ഏർപ്പെട്ടിട്ടുണ്ടായിരിക്കും. കൂടാതെ മറുകും ചുവന്ന കൺപോളകളും മുതൽ ചുഴലിദീനവും മനോരോഗവും വരെയുളള എല്ലാത്തരം രോഗങ്ങളും ഈ നടപടിയുടെ ഫലമായി ഉണ്ടാകുന്നു എന്ന് ആരോപിക്കപ്പെട്ടിട്ടുണ്ട്.
ഇരുപതാം നൂററാണ്ടിലെ വൈദ്യശാസ്ത്ര ഗവേഷകരാരും അത്തരം പേടിപ്പെടുത്തുന്ന അവകാശവാദങ്ങൾ ഉന്നയിക്കുന്നില്ല. വാസ്തവത്തിൽ ഹസ്തമൈഥുനം മൂലം യാതൊരു ശാരീരിക രോഗവും ഉണ്ടാകുന്നില്ല എന്ന് ഇന്ന് ഡോക്ടർമാർ വിശ്വസിക്കുന്നു. “ഹസ്തമൈഥുനം, അതു എത്രകൂടെക്കൂടെയായിരുന്നാലും ഏതെങ്കിലും മാനസ്സിക രോഗത്തിലേക്ക് നയിക്കും എന്നതിന് വൈദ്യശാസ്ത്രപരമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല,” എന്ന് ഗവേഷകരായ വില്ല്യം മാസ്റേറർസും വിർജീനിയ ജോൺസണും കൂട്ടിച്ചേർക്കുന്നു. എന്നിരുന്നാലും മററു ചില മോശമായ ഫലങ്ങൾ ഉണ്ട്! ഉചിതമായി ഈ നടപടി സംബന്ധിച്ച് അനേകം ക്രിസ്തീയ യുവജനങ്ങൾക്ക് ശരിയായിത്തന്നെ ഉൽക്കണ്ഠയുണ്ട്. “ഞാൻ [ഹസ്തമൈഥുനത്തിന്] വഴങ്ങിയപ്പോൾ ഞാൻ യഹോവയാം ദൈവത്തെ നിരാശപ്പെടുത്തുന്നതുപോലെ എനിക്ക് തോന്നിയിരുന്നു,” എന്ന് ഒരു യുവാവ് എഴുതി. “ചിലപ്പോൾ എനിക്ക് വല്ലാത്ത മ്ലാനത അനുഭവപ്പെട്ടു.”
ഹസ്തമൈഥുനം എന്നാൽ എന്താണ്? അതു എത്ര ഗൗരവതരമാണ്? അത് ഉപേക്ഷിച്ചു കളയാൻ പ്രയാസകരമായ ഒരു ശീലമാണെന്ന് അനേകം യുവജനങ്ങൾ കണ്ടെത്തുന്നതെന്തുകൊണ്ട്?
യുവജനങ്ങൾ അടിപ്പെട്ടു പോകുന്നതെന്തുകൊണ്ട്?
ലൈംഗിക ഉദ്ദീപനത്തിനുവേണ്ടി അവനവനെത്തന്നെ മനഃപൂർവ്വം ഉത്തേജിപ്പിക്കുന്നതാണ് ഹസ്തമൈഥുനം. താരുണ്യത്തിൽ ലൈംഗികാഗ്രഹങ്ങൾ ശക്തമായിത്തീരുന്നു. പുനരുല്പാദന ഇന്ദ്രിയങ്ങളെ ബാധിക്കുന്ന ശക്തമായ ഹോർമോണുകൾ ഉല്പാദിപ്പിക്കപ്പെടുന്നു. അങ്ങനെ ഈ അവയവങ്ങൾക്ക് സുഖദായകമായ അനുഭൂതികൾ ഉണർത്താൻ കഴിയുമെന്ന് യുവപ്രായക്കാർ തിരിച്ചറിയുന്നു. ചിലപ്പോൾ ലൈംഗിക കാര്യങ്ങളെപ്പററി ചിന്തിക്കാതെ തന്നെ യുവപ്രായത്തിലുളള ഒരാൾ ലൈംഗികമായി ഉണർത്തപ്പെട്ടേക്കാം.
ഉദാഹരണത്തിന്, വിവിധ ഉൽക്കണ്ഠകളാലും ഭയങ്ങളാലും മോഹഭംഗങ്ങളാലും ഉളവാകുന്ന സമ്മർദ്ദങ്ങൾ ഒരു ആൺകുട്ടിയുടെ വേദകത്വമുളള നാഡീവ്യൂഹത്തെ ബാധിക്കുകയും ലൈംഗിക ഉത്തേജനത്തിന് ഇടയാക്കുകയും ചെയ്തേക്കാം. ബീജം നിറഞ്ഞു നിൽക്കുന്നതും ചിലപ്പോൾ അവൻ ലൈംഗികമായി ഉത്തേജിതമായ അവസ്ഥയിൽ ഉണരാൻ ഇടയായേക്കാം. അല്ലെങ്കിൽ സാധാരണയായി രതി സംബന്ധമായ ഒരു സ്വപ്നം സഹിതം അത് രാത്രിയിൽ ബീജസ്രവത്തിന് ഇടയാക്കിയേക്കാം. അതുപോലെ ചില പെൺകുട്ടികളും ഉദ്ദേശ്യപൂർവ്വകമല്ലാതെതന്നെ ലൈംഗികമായി ഉത്തേജിതരായിരിക്കുന്നതായി തങ്ങളെത്തന്നെ കണ്ടെത്തിയേക്കാം. അനേകർക്ക് മാസമുറയ്ക്ക് തൊട്ട് മുൻപോ പിൻപോ കൂടുതലായ ലൈംഗികാഗ്രഹം അനുഭവപ്പെടുന്നു.
അതുകൊണ്ട് അത്തരം അനുഭവങ്ങൾ നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ യാതൊരു തെററുമില്ല. അതു യൗവനപ്രായത്തിലുളള ഒരു ശരീരത്തിന്റെ സാധാരണ പ്രതികരണമാണ്. അത്തരം വികാരാനുഭവങ്ങൾ, അവ ശക്തമായിരുന്നാൽ തന്നെ മിക്കവാറും ഉദ്ദേശ്യപൂർവ്വകമല്ലാത്തതിനാൽ ഹസ്തമൈഥുനമാകുന്നില്ല. കൂടാതെ നിങ്ങൾക്ക് പ്രായമാകുന്നതനുസരിച്ച് ഇത്തരം അനുഭവങ്ങൾ കുറയും.
എന്നിരുന്നാലും കൗതുകവും ഈ വികാരാനുഭവങ്ങളുടെ പുതുമയും മനഃപൂർവ്വം തങ്ങളുടെ ലൈംഗികാവയവങ്ങൾകൊണ്ട് വിനോദിക്കുന്നതിലേക്ക് ചില യുവജനങ്ങളെ നയിക്കുന്നു.
‘മാനസിക ഇന്ധനം’
അഴിഞ്ഞ നടത്തക്കാരിയായ ഒരു സ്ത്രീയെ കണ്ടുമുട്ടുന്ന ഒരു യുവാവിനെ ബൈബിൾ വർണ്ണിക്കുന്നു. അവൾ അയാളെ പിടിച്ച് ചുംബിച്ചിട്ട് ഇപ്രകാരം പറയുന്നു: “വരിക . . . കാമവിലാസങ്ങളിൽ നമുക്ക് സുഖിക്കാം.” തുടർന്ന് എന്തു സംഭവിക്കുന്നു? “അറക്കുന്നിടത്തേക്ക് കാള പോകുന്നതുപോലെ പെട്ടെന്ന് അയാൾ അവളെ അനുഗമിക്കുന്നു.” (സദൃശവാക്യങ്ങൾ 7:7-22) പ്രകടമായും ഈ യുവാവിന്റെ വികാരങ്ങൾ ഉണർത്തപ്പെട്ടത് അയാളുടെ ഹോർമോണുകളുടെ പ്രവർത്തനഫലമായിട്ടല്ല മറിച്ച് അയാൾ കണ്ടതും കേട്ടതും നിമിത്തമാണ്.
അതുപോലെ ഒരു യുവാവ് സമ്മതിച്ചു പറയുന്നു: ‘ഹസ്തമൈഥുനം സംബന്ധിച്ച എന്റെ മുഴു പ്രശ്നത്തിന്റെയും മൂല കാരണം ഞാൻ എന്റെ മനസ്സിൽ നിറച്ച കാര്യങ്ങളായിരുന്നു. അധാർമ്മികത ഉൾപ്പെട്ട ററി. വി. പരിപാടി ഞാൻ വീക്ഷിച്ചിരുന്നു, ചിലപ്പോൾ നഗ്നത പ്രദർശിപ്പിച്ച കേബിൾ ററി. വി. പരിപാടിയും ഞാൻ കണ്ടിരുന്നു. അത്തരം രംഗങ്ങൾ ഞെട്ടിക്കുന്നവയായതിനാൽ മനസ്സിൽ നിന്ന് മായുകയില്ല. ഹസ്തമൈഥുനത്തിൽ ഏർപ്പെടാനുളള ഇന്ധനം പ്രദാനം ചെയ്തുകൊണ്ട് അവ വീണ്ടും മനസ്സിൽ മുൻപന്തിയിലേക്ക് വരുമായിരുന്നു.’
അതെ, മിക്കപ്പോഴും ഒരുവൻ വായിക്കുന്നതോ വീക്ഷിക്കുന്നതോ കേൾക്കുന്നതോ അതുപോലെ സംസാരിക്കുന്നതോ ധ്യാനിക്കുന്നതോ ആയ കാര്യങ്ങളാണ് ഹസ്തമൈഥുനത്തിന് ഇടയാക്കുന്നത്. ഒരു 25 വയസ്സുകാരി സമ്മതിച്ചപ്രകാരം: “എനിക്ക് ആ ശീലം ഉപേക്ഷിക്കാൻ കഴിയുകയില്ലെന്ന് തോന്നി. എന്നിരുന്നാലും ഞാൻ പ്രേമരംഗങ്ങളടങ്ങിയ നോവലുകൾ വായിച്ചുകൊണ്ടിരുന്നു, അതായിരുന്നു പ്രശ്നത്തിന് സംഭാവന ചെയ്തത്.”
ഒരു “ശാന്തിദായക ഔഷധം”
ഈ ശീലം ഉപേക്ഷിക്കുന്നത് ഇത്ര പ്രയാസമായിരിക്കുന്നതിന്റെ യഥാർത്ഥത്തിലുളള പ്രമുഖ കാരണം ഈ യുവതിയുടെ അനുഭവം വെളിപ്പെടുത്തുന്നു. അവൾ തുടരുന്നു: “സാധാരണയായി സമ്മർദ്ദവും പിരിമുറുക്കവും അല്ലെങ്കിൽ ഉൽക്കണ്ഠയും ശമിപ്പിക്കുന്നതിനാണ് ഞാൻ ഹസ്തമൈഥുനത്തിൽ ഏർപ്പെട്ടത്. ആ നൈമിഷിക സുഖാനുഭൂതി മദ്യപൻമാർ ഉൽക്കണ്ഠയകററാൻ വേണ്ടി മദ്യം കഴിക്കുന്നതുപോലെയായിരുന്നു.”
ഗവേഷകരായ സൂസാനിയും ഇർവിംഗ് സാർനോഫും എഴുതുന്നു: “ചിലയാളുകളെ സംബന്ധിച്ചിടത്തോളം എന്തിലെങ്കിലും ഒരു തിരിച്ചടിയോ എന്തിനേപ്പററിയെങ്കിലും ഉളള ഭയമോ അനുഭവപ്പെടുമ്പോൾ അവർ ഹസ്തമൈഥുനത്തിലേക്ക് തിരിയുന്നു. എന്നിരുന്നാലും മററു ചിലർ രൂക്ഷമായ വൈകാരിക സമ്മർദ്ദം അനുഭവപ്പെടുമ്പോൾ മാത്രമാണ് വല്ലപ്പോഴും ഒരിക്കൽ ഈ വഴിക്ക് തിരിയുന്നത്.” പ്രത്യക്ഷത്തിൽ അതുപോലെ മററു ചിലർ അസ്വസ്ഥരോ, വിഷാദമഗ്നരോ, ഏകാന്തരോ അല്ലെങ്കിൽ സമ്മർദ്ദത്തിൻ കീഴിലോ ആയിരിക്കുമ്പോൾ അത് അവരുടെ പ്രശ്നങ്ങൾ മറക്കാനുളള ഒരു “ശാന്തിദായക ഔഷധം” ആയിത്തീരുന്നു.
ബൈബിൾ എന്തു പറയുന്നു?
ഒരു യുവാവ് ചോദിച്ചു: “ഹസ്തമൈഥുനം ക്ഷമ കിട്ടുകയില്ലാത്ത ഒരു പാപമാണോ? ഹസ്തമൈഥുനം ബൈബിളിൽ പരാമർശിക്കപ്പെട്ടിട്ടേയില്ല.a ബൈബിൾ കാലങ്ങളിൽ ഈ ശീലം ഗ്രീക്ക് സംസാരിച്ചിരുന്ന ലോകത്ത് സാധാരണമായിരുന്നു; ഈ നടപടിയെ വിവരിക്കാൻ പല ഗ്രീക്കു പദങ്ങളും ഉപയോഗിക്കപ്പെട്ടും പോന്നു. എന്നാൽ ഈ പദങ്ങളിൽ ഒന്നും ബൈബിളിൽ ഉപയോഗിക്കപ്പെട്ടിട്ടില്ല.
ഹസ്തമൈഥുനം ബൈബിളിൽ നേരിട്ടു കുററം വിധിക്കപ്പെടുന്നില്ലാത്തതിനാൽ അതു നിരുപദ്രവകരമാണ് എന്നാണോ അതിന്റെ അർത്ഥം. തീർച്ചയായും അല്ല! ദുർവൃത്തിപോലെ ഗൗരവതരമായ കുററങ്ങളോടൊപ്പം അതു പട്ടികപ്പെടുത്തപ്പെട്ടിട്ടില്ലെങ്കിലും ഹസ്തമൈഥുനം തീർച്ചയായും ഒരു അശുദ്ധ നടപടിയാണ്. (എഫേസ്യർ 4:19) ഈ അശുദ്ധ ശീലത്തെ ചെറുത്തു തോല്പിക്കുന്നതിനാൽ നിങ്ങൾ “നിങ്ങൾക്കുതന്നെ പ്രയോജനം ചെയ്യുന്നു” എന്ന് ദൈവവചനത്തിലെ തത്വങ്ങൾ സൂചിപ്പിക്കുന്നു.—യെശയ്യാവ് 48:17.
“ലൈംഗിക തൃഷ്ണ” ഉണർത്തൽ
“. . .ലൈംഗിക തൃഷ്ണ എന്നിവ സംബന്ധിച്ച് നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ,” എന്ന് ബൈബിൾ ഉത്സാഹിപ്പിക്കുന്നു. (കൊലോസ്യർ 3:5) “ലൈംഗിക തൃഷ്ണ” സാധാരണ ലൈംഗിക വികാരത്തെയല്ല, മറിച്ച് അനിയന്ത്രിതമായ തീവ്ര വികാരത്തെയാണ് പരാമർശിക്കുന്നത്. അത്തരം “ലൈംഗിക തൃഷ്ണ” ഒരുവൻ പൗലോസ് റോമർ 1:26, 27-ൽ വിവരിച്ചിരിക്കുന്ന തരം മ്ലേച്ഛകാര്യങ്ങളിൽ ഏർപ്പെടുന്നതിലേക്ക് നയിച്ചേക്കാം.
എന്നാൽ ഹസ്തമൈഥുനം ഇത്തരം ആഗ്രഹങ്ങളെ “മരിപ്പിക്കു”കയില്ലേ? ഇല്ല, നേരെമറിച്ച്, ഒരു യുവാവ് സമ്മതിച്ചു പറഞ്ഞപ്രകാരം: “ഹസ്തമൈഥുനത്തിലേർപ്പെടുമ്പോൾ നിങ്ങൾ മനസ്സിൽ തെററായ ആഗ്രഹങ്ങൾ വച്ചുതാലോലിക്കുന്നു, അതു അത്തരം ആഗ്രഹങ്ങളെ വർദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.” മിക്കപ്പോഴും ലൈംഗിക സുഖം വർദ്ധിപ്പിക്കുന്നതിന് ഒരു അധാർമ്മിക സങ്കല്പം ഉപയോഗിക്കപ്പെടുന്നു. (മത്തായി 5:27, 28) അതുകൊണ്ട് അനുകൂല സാഹചര്യം ലഭിക്കുന്നുവെങ്കിൽ ഒരുവൻ എളുപ്പത്തിൽ അധാർമ്മികതയിൽ ഉൾപ്പെട്ടേക്കാം. ഒരു യുവാവിന് അതു സംഭവിച്ചു. അയാൾ ഇപ്രകാരം സമ്മതിച്ചു പറയുന്നു: “ഒരു സ്ത്രീയുമായി ബന്ധപ്പെടാതെ എന്റെ മോഹഭംഗങ്ങളിൽ നിന്ന് ആശ്വാസം നേടുന്നതിന് ഹസ്തമൈഥുനം സഹായിക്കുമെന്ന് ഒരു കാലത്ത് ഞാൻ വിചാരിച്ചിരുന്നു. എന്നിരുന്നാലും അങ്ങനെ ചെയ്യാൻ തക്കവണ്ണം എന്നെ അടിപ്പെടുത്തിയ ഒരു ആഗ്രഹം ഞാൻ വളർത്തിയെടുത്തു.” അയാൾ പരസംഗത്തിൽ ഏർപ്പെട്ടു. ഹസ്തമൈഥുനത്തിൽ ഏർപ്പെടുന്ന ചെറുപ്പക്കാരിൽ ഭൂരിപക്ഷവും പരസംഗത്തിലും ഏർപ്പെടുന്നു എന്ന് ഒരു രാജ്യവ്യാപക പഠനം തെളിയിച്ചത് ആശ്ചര്യമല്ല. അവർ അപ്പോഴും കന്യാത്വം കാത്തു സൂക്ഷിച്ചിരുന്നവരെക്കാൾ 50 ശതമാനം അധികമായിരുന്നു!
മാനസ്സികമായും വൈകാരികമായും മലിനമാക്കുന്നു
ഹസ്തമൈഥുനം മാനസ്സികമായി നമ്മെ മലിനമാക്കുന്ന ചില മനോഭാവങ്ങളും നമ്മിലേക്ക് കടത്തിവിടുന്നു. (2 കൊരിന്ത്യർ 11:3 താരതമ്യം ചെയ്യുക.) ഹസ്തമൈഥുനത്തിൽ ഏർപ്പെടുമ്പോൾ ഒരു വ്യക്തി തന്നിൽതന്നെ ശ്രദ്ധ കേന്ദ്രീകരിച്ച് തന്റെ സ്വന്തം ശരീരസുഖത്തിൽ മുഴുകുന്നു. ലൈംഗികത സ്നേഹത്തിൽനിന്ന് വേർപിരിക്കപ്പെട്ട പിരിമുറുക്കം കുറയ്ക്കാനുളള ഒരു മാർഗ്ഗം മാത്രമായിത്തീരുന്നു. ലൈംഗികാഗ്രഹങ്ങൾ ലൈംഗിക ബന്ധങ്ങളിലൂടെ—പുരുഷനും സ്ത്രീയും തമ്മിലുളള സ്നേഹത്തിന്റെ ഒരു പ്രകടനത്തിലൂടെ തൃപ്തിപ്പെടുത്തപ്പെടണമെന്നാണ് ദൈവം ഉദ്ദേശിച്ചത്.—സദൃശവാക്യങ്ങൾ 5:15-19.
ഹസ്തമൈഥുനക്കാർ വിപരീത ലിംഗവർഗ്ഗത്തിൽപ്പെട്ടവരെ വെറും ലൈംഗിക വസ്തുക്കളായിട്ട്—ലൈംഗിക തൃപ്തിക്കുളള ഉപകരണങ്ങളായിട്ട്—വീക്ഷിക്കാൻ ചായ്വ് കാണിച്ചേക്കാം. ഹസ്തമൈഥുനത്തിലൂടെ പഠിക്കുന്ന മനോഭാവങ്ങൾ നമ്മുടെ “ആത്മാവിനെ” അല്ലെങ്കിൽ നമ്മുടെ പ്രമുഖ മാനസ്സിക ചായ്വിനെ മലിനമാക്കിയേക്കാം. ചിലരുടെ സംഗതിയിൽ ഹസ്തമൈഥുനത്തിലൂടെ ഉളവാകുന്ന പ്രശ്നങ്ങൾ വിവാഹത്തിനുശേഷവും തുടരുന്നു! നല്ല കാരണത്തോടെ ദൈവത്തിന്റെ വചനം ഇപ്രകാരം പ്രോത്സാഹിപ്പിക്കുന്നു: “പ്രിയമുളളവരെ ശരീരത്തിന്റെയും ആത്മാവിന്റെയും എല്ലാ മാലിന്യത്തിൽനിന്നും നമുക്ക് നമ്മെത്തന്നെ വെടിപ്പാക്കാം.”—2 കൊരിന്ത്യർ 7:1.
കുററം സംബന്ധിച്ച സന്തുലിത വീക്ഷണം
അനേകം യുവജനങ്ങൾ ഈ ചീത്തശീലത്തിനെതിരെ പൊതുവേ വിജയം വരിക്കുന്നുവെങ്കിലും ചിലപ്പോൾ അതിനു വഴിപ്പെട്ടുപോകുന്നു. ദൈവം അങ്ങേയററം കരുണയുളളവനാണ് എന്നത് ആശ്വാസകരമാണ്. “യഹോവേ, അങ്ങ് നല്ലവനും ക്ഷമിക്കാൻ മനസ്സൊരുക്കമുളളവനുമാണ്,” എന്ന് സങ്കീർത്തനക്കാരൻ പറഞ്ഞു. (സങ്കീർത്തനം 86:5) ഒരു ക്രിസ്ത്യാനി ഹസ്തമൈഥുനത്തിൽ ഏർപ്പെടുമ്പോൾ അയാളുടെ ഹൃദയം മിക്കപ്പോഴും അയാളെ കുററംവിധിക്കുന്നു. എന്നാൽ “ദൈവം നമ്മുടെ ഹൃദയങ്ങളെക്കാൾ വലിയവനും എല്ലാം അറിയുന്നവനുമാകുന്നു,” എന്ന് ബൈബിൾ പ്രസ്താവിക്കുന്നു. (1 യോഹന്നാൻ 3:20) ദൈവം നമ്മുടെ പാപങ്ങളെക്കാൾ അധികം കാണുന്നു. അവന്റെ അറിവിന്റെ ആധിക്യം ക്ഷമയ്ക്കുവേണ്ടിയുളള നമ്മുടെ ആത്മാർത്ഥമായ പ്രാർത്ഥന അവൻ അനുകമ്പാപൂർവ്വം കേൾക്കുക സാദ്ധ്യമാക്കിത്തീർക്കുന്നു. ഒരു യുവതി ഇപ്രകാരം എഴുതി: “എനിക്ക് ഒരളവിൽ കുററബോധം തോന്നിയിട്ടുണ്ട്, എന്നാൽ യഹോവ എത്രയോ സ്നേഹവാനായ ദൈവമാണെന്നും അവന് എന്റെ ഹൃദയം കാണാൻ കഴിയുമെന്നും എന്റെ ഉദ്ദേശ്യങ്ങളും ശ്രമങ്ങളും അവൻ അറിയുന്നുവെന്നും അറിയുന്നത് ഞാൻ വല്ലപ്പോഴും ഒരിക്കൽ പരാജയപ്പെടുമ്പോൾ വല്ലാത്ത വിഷാദം അനുഭവപ്പെടുന്നതിൽ നിന്ന് എന്നെ സംരക്ഷിക്കുന്നു.” ഹസ്തമൈഥുനത്തിലേർപ്പെടാനുളള ആഗ്രഹത്തിനെതിരെ നിങ്ങൾ പോരാടുന്നുവെങ്കിൽ നിങ്ങൾ പരസംഗം എന്ന ഗൗരവമായ പാപത്തിൽ വീഴാൻ സാദ്ധ്യതയില്ല.
വാച്ച്ടവറിന്റെ 1959 സെപ്ററംബർ 1-ലെ ലക്കം ഇപ്രകാരം പ്രസ്താവിച്ചു: “നമ്മുടെ മുൻജീവിതരീതിയിൽ നാം തിരിച്ചറിഞ്ഞിരുന്നതിലധികം ആഴത്തിൽ വേരൂന്നിയിരുന്ന ഏതെങ്കിലും മോശമായ ശീലത്തിന്റെ സംഗതിയിൽ നാം അനേകം തവണ ഇടറി വീഴുന്നതായി നാം കണ്ടെത്തിയേക്കാം. . . . നിരാശരാകരുത്. ക്ഷമ ലഭിക്കാത്ത തരത്തിൽ നിങ്ങൾ പാപം ചെയ്തു എന്ന നിഗമനത്തിലെത്തരുത്. നിങ്ങൾ അങ്ങനെ ന്യായവാദം ചെയ്യാൻ തന്നെയാണ് സാത്താൻ ആഗ്രഹിക്കുന്നത്. നിങ്ങൾക്ക് ദുഃഖവും ബുദ്ധിമുട്ടും അനുഭവപ്പെടുന്നു എന്ന വസ്തുത തന്നെ നിങ്ങൾ അങ്ങേയററം പോയിട്ടില്ല എന്നതിന്റെ തെളിവാണ്. താഴ്മയോടെയും ആത്മാർത്ഥതയോടെയും ദൈവത്തിങ്കലേക്ക് തിരിഞ്ഞ് അവന്റെ ക്ഷമയും വിശുദ്ധീകരണവും സഹായവും തേടുന്നതിൽ മടുത്തുപോകരുത്. പ്രയാസം അനുഭവപ്പെടുമ്പോൾ ഒരു കുട്ടി പിതാവിനെ സമീപിക്കുന്നതുപോലെ അവനെ സമീപിക്കുക. ഒരേ ബലഹീനത സംബന്ധിച്ച് എത്ര കൂടെക്കൂടെ സമീപിച്ചാലും അവന്റെ അനർഹദയ നിമിത്തം യഹോവ കൃപാപൂർവ്വം നിങ്ങളെ സഹായിക്കും. നിങ്ങൾക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ ഒരു ശുദ്ധമന:സാക്ഷി ലഭിച്ചിരിക്കുന്നതായി നിങ്ങൾ തിരിച്ചറിയാൻ അവൻ ഇടയാക്കുകയും ചെയ്യും.”
ആ “ശുദ്ധ മനസ്സാക്ഷി” എങ്ങനെ സമ്പാദിക്കാൻ കഴിയും?
[അടിക്കുറിപ്പുകൾ]
a ‘ബീജം നിലത്തു വീഴ്ത്തിക്കളഞ്ഞതിന്’ ദൈവം ഒനാനെ കൊന്നുകളഞ്ഞു. എന്നാൽ അതിൽ ഹസ്തമൈഥുനമല്ല പൂർത്തീകരിക്കാത്ത ലൈംഗികബന്ധമാണ് ഉൾപ്പെട്ടിരുന്നത്. കൂടാതെ, മരിച്ചുപോയ തന്റെ സഹോദരന്റെ കുടുംബം നിലനിർത്താൻ വേണ്ടി ദേവരധർമ്മം അനുഷ്ഠിക്കാൻ ഒനാൻ സ്വാർത്ഥപൂർവ്വം വിസമ്മതിച്ചതുകൊണ്ടായിരുന്നു അയാൾ വധിക്കപ്പെട്ടത്. (ഉല്പത്തി 38:1-10) ലേവ്യാപുസ്തകം 15:16-18-ൽ “ബീജം പോകുന്ന”തിനെപ്പററി പറഞ്ഞിരിക്കുന്നത് സംബന്ധിച്ചെന്ത്? പ്രത്യക്ഷത്തിൽ ഇത് ഹസ്തമൈഥുനത്തെപ്പററിയല്ല രാത്രികാലങ്ങളിൽ ബീജം സ്രവിക്കുന്നതിനെപ്പററിയും വൈവാഹിക ലൈംഗികബന്ധത്തെപ്പററിയുമാണ് പരാമർശിക്കുന്നത്.
ചർച്ചക്കുളള ചോദ്യങ്ങൾ
◻ ഹസ്തമൈഥുനം എന്താണ്, അതിനെ സംബന്ധിച്ച സാധാരണയായ ചില തെററിദ്ധാരണകൾ എന്തൊക്കെയാണ്?
◻ യുവജനങ്ങൾക്ക് മിക്കപ്പോഴും വളരെ ശക്തമായ ലൈംഗികാഗ്രഹങ്ങൾ അനുഭവപ്പെടുന്നതെന്തുകൊണ്ട്? ഇത് തെററാണെന്ന് നിങ്ങൾ വിചാരിക്കുന്നുവോ?
◻ ഹസ്തമൈഥുനത്തിലേർപ്പെടാനുളള ആഗ്രഹത്തെ എന്ത് ആളിക്കത്തിച്ചേക്കാം?
◻ ഹസ്തമൈഥുനം ഒരു യുവപ്രായക്കാരന് എന്തെങ്കിലും ഉപദ്രവം വരുത്തുന്നുവോ?
◻ ഹസ്തമൈഥുനം എത്ര ഗൗരവമായ ഒരു പാപമാണെന്നാണ് നിങ്ങൾ വിചാരിക്കുന്നത്? അതിനെ കീഴടക്കുന്നതിൽ പ്രശ്നങ്ങളുണ്ടെങ്കിലും അതിനെതിരെ പോരാട്ടം നടത്തുന്ന ഒരു ചെറുപ്പക്കാരനെ യഹോവ എങ്ങനെയാണ് വീക്ഷിക്കുന്നത്?
[200-ാം പേജിലെ ആകർഷകവാക്യം]
സമ്മർദ്ദത്തിൻ കീഴിലായിരിക്കുമ്പോൾ അല്ലെങ്കിൽ പിരിമുറുക്കം, മ്ലാനത അല്ലെങ്കിൽ വിഷാദം എന്നിവ അനുഭവപ്പെടുമ്പോൾ ചിലർക്ക് ഹസ്തമൈഥുനത്തിൽ ഏർപ്പെടാനുളള പ്രേരണ അനുഭവപ്പെടുന്നു
[202-ാം പേജിലെ ആകർഷകവാക്യം]
‘ഹസ്തമൈഥുനം സംബന്ധിച്ച എന്റെ പ്രശ്നത്തിന്റെ മൂലകാരണം ഞാൻ മനസ്സിൽ നിറച്ച കാര്യങ്ങൾ ആയിരുന്നു’
[204-ാം പേജിലെ ആകർഷകവാക്യം]
“ഞാൻ [ഹസ്തമൈഥുനത്തിന്] വഴങ്ങിയപ്പോൾ ഞാൻ യഹോവയാം ദൈവത്തെ നിരാശപ്പെടുത്തുന്നതുപോലെ എനിക്ക് തോന്നിയിരുന്നു”
[198-ാം പേജിലെ ചിത്രം]
ഹസ്തമൈഥുനം കഠിനമായ കുററബോധം ഉളവാക്കിയേക്കാമെങ്കിലും ദൈവത്തിന്റെ ക്ഷമയ്ക്കുവേണ്ടിയുളള ആത്മാർത്ഥമായ പ്രാർത്ഥനയ്ക്കും ആ നടപടിയെ ചെറുക്കാനുളള കഠിനശ്രമത്തിനും ഒരു നല്ല മനസ്സാക്ഷി കൈവരുത്താൻ കഴിയും
[203-ാം പേജിലെ ചിത്രം]
കാമവികാരങ്ങൾ പ്രദർശിപ്പിക്കുന്ന സിനിമകൾ, പുസ്തകങ്ങൾ, ററി. വി. പരിപാടികൾ എന്നിവ മിക്കപ്പോഴും ഹസ്തമൈഥുനത്തിനുളള ആഗ്രഹം ജ്വലിപ്പിക്കുന്ന ‘മാനസിക ഇന്ധനമാണ്’