അധ്യായം 24
എനിക്ക് എങ്ങനെ വിവാഹത്തിന് മുമ്പേയുളള ലൈംഗികത വേണ്ട എന്ന് വയ്ക്കാൻ കഴിയും?
ററീൻ മാസിക രാജ്യവ്യാപകമായി നടത്തിയ ഒരു സർവ്വേ ചെറുപ്പക്കാരായ അതിന്റെ വായനക്കാരിൽ വളരെയധികം പേർ പിൻവരുന്ന ചോദ്യം സംബന്ധിച്ച് വിവരങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്നു എന്ന് തെളിയിച്ചു: “ലൈംഗിക സമ്മർദ്ദത്തിനെതിരെ എങ്ങനെ ചെറുത്തുനിൽക്കാൻ കഴിയും.”
സങ്കീർത്തനം 119:9-ൽ സങ്കീർത്തനക്കാരൻ സമാനമായ ഒരു ചോദ്യം ഉന്നയിച്ചു: “ഒരു യൗവനക്കാരൻ [അല്ലെങ്കിൽ യൗവനക്കാരി] തന്റെ നടപ്പിനെ നിർമ്മലമാക്കുന്നതെങ്ങനെ?” അതിനുളള ഉത്തരം: “നിന്റെ [ദൈവത്തിന്റെ] വചനപ്രകാരം ജാഗ്രത പുലർത്തുന്നതിനാൽ തന്നെ.” എന്നാൽ ശിരോജ്ഞാനത്തേക്കാൾ അധികം ആവശ്യമാണ്. “അധാർമ്മിക ലൈംഗികതയെപ്പററി ബൈബിൾ എന്തു പറയുന്നു എന്നത് നിങ്ങളുടെ മനസ്സിലുണ്ട്,” ഒരു യുവതി ഏററുപറഞ്ഞു. “എന്നാൽ നിങ്ങളുടെ ഹൃദയം ഈ ന്യായങ്ങളെ നിങ്ങളുടെ മനസ്സിന്റെ പിമ്പിലേക്ക് തളളിവിട്ടുകൊണ്ടിരിക്കും.” ഉചിതമായി സങ്കീർത്തനക്കാരൻ ഇങ്ങനെ തുടർന്നു: “ഞാൻ നിനക്കെതിരെ പാപം ചെയ്യാതിരിക്കാൻ എന്റെ ഹൃദയത്തിൽ നിന്റെ വചനത്തെ നിക്ഷേപം പോലെ സൂക്ഷിച്ചിരിക്കുന്നു.”—സങ്കീർത്തനം 119:11.
ഹൃദയത്തെ കാത്തു സൂക്ഷിക്കുക
നിങ്ങളുടെ ഹൃദയത്തിൽ ദൈവത്തിന്റെ വചനങ്ങൾ നിക്ഷേപം പോലെ സൂക്ഷിക്കുന്നതിന് നിങ്ങൾ ആദ്യം തിരുവെഴുത്തുകളും ബൈബിൾ അധിഷ്ഠിത സാഹിത്യങ്ങളും വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. ഇതിന് ദൈവനിയമത്തിന്റെ മൂല്യത്തെപ്പററി നിങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിന് സഹായിക്കാൻ കഴിയും. നേരെമറിച്ച്, ലൈംഗികമായി ഉത്തേജിപ്പിക്കുന്ന കാര്യങ്ങൾ വായിക്കുകയോ കേൾക്കുകയോ വീക്ഷിക്കുകയോ ചെയ്യുന്നത് നിങ്ങളുടെ “ലൈംഗിക തൃഷ്ണ”യെ ഉണർത്തുന്നു. (കൊലോസ്യർ 3:5) അതുകൊണ്ട് അത്തരം വിവരങ്ങൾ കർശനമായി ഒഴിവാക്കുക! മറിച്ച് നിർമ്മലവും ശുദ്ധവുമായ കാര്യങ്ങളെപ്പററി ധ്യാനിക്കുക.
കൂടുതലായി, ഒരു വ്യക്തി ഒരു നിർമ്മലജീവിതം നയിക്കുന്നുവോ എന്നതിൻമേൽ ഒരുവന്റെ അടുത്ത സുഹൃത്തുക്കൾക്ക് ഒരു വലിയ സ്വാധീനമുണ്ട് എന്ന് ഗവേഷണങ്ങൾ തെളിയിച്ചിരിക്കുന്നു. സങ്കീർത്തനക്കാരൻ ഇപ്രകാരം പറഞ്ഞു: “നിന്നെ [ദൈവത്തെ] ഭയപ്പെടുകയും നിന്റെ കല്പനകളെ അനുസരിക്കുകയും ചെയ്യുന്ന എല്ലാവർക്കും ഞാൻ ഒരു പങ്കാളിയാണ്.”—സങ്കീർത്തനം 119:63.
നിങ്ങളുടെ സുഹൃത്തുക്കൾ ‘ദൈവത്തിന്റെ കല്പനകൾ അനുസരിക്കാൻ’ യഥാർത്ഥത്തിൽ കഠിനശ്രമം ചെയ്യുന്നവരാണോ? സുഹൃത്തുക്കളുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ജോന്നാ എന്നു പേരായ യുവതി ഈ നിരീക്ഷണം നടത്തുന്നു: “നിങ്ങൾ യഹോവയെ സ്നേഹിക്കുന്നവരോടൊപ്പമായിരിക്കുന്നുവെങ്കിൽ നിങ്ങൾ ധാർമ്മികതയെപ്പററി സംസാരിക്കുമ്പോൾ നിങ്ങളുടെയും അവരുടെയും വികാരങ്ങൾ ഒരേ വിധത്തിലുളളതാണെന്ന് നിങ്ങൾ കണ്ടെത്തുന്നു. ഉദാഹരണത്തിന് അധാർമ്മികത വെറുക്കത്തക്കതാണെന്ന് അവർ പറയുന്നതായി നിങ്ങൾ കേൾക്കുമ്പോൾ നിങ്ങൾക്കും അങ്ങനെതന്നെ തോന്നുന്നു. നേരെമറിച്ച്, നിങ്ങൾ അതേപ്പററി ശ്രദ്ധയില്ലാത്ത ഒരാളോടൊപ്പമായിരിക്കുന്നെങ്കിൽ പെട്ടെന്നുതന്നെ നിങ്ങളും അയാളെപ്പോലെ ആയിത്തീരും.”—സദൃശവാക്യങ്ങൾ 13:20.
എന്നിരുന്നാലും നിർമ്മലതപാലിക്കുന്നതിനെതിരെ ഏററം വലിയ വെല്ലുവിളി ഉണർത്തുന്നത് ഡെയിററിംഗും കോർട്ടിംഗുമാണ്. റോബർട്ട് സോറെൻസനാലുളള ഒരു രാജ്യവ്യാപക പഠനംതന്നെ പരിഗണിക്കുക. സർവ്വേയിൽ ഉൾപ്പെട്ട യുവാക്കൻമാരിൽ 56 ശതമാനവും യുവതികളിൽ 82 ശതമാനവും ആദ്യമായി ലൈംഗികബന്ധങ്ങളിൽ ഏർപ്പെട്ടത് പതിവായി ഡെയിററിംഗു നടത്തിക്കൊണ്ടിരുന്നവരുമായിട്ടോ അല്ലെങ്കിൽ അവർ അടുത്ത് അറിയുകയും വളരെ ഇഷ്ടപ്പെടുകയും ചെയ്തവരുമായിട്ടെങ്കിലുമോ ആണെന്ന് അദ്ദേഹം കണ്ടെത്തി. അപ്പോൾ പിന്നെ, നിങ്ങൾ വിവാഹം ഒരു ലക്ഷ്യമാക്കാൻ പ്രായമായവരും ഡെയിററിംഗിലേർപ്പെടുന്നവരുമാണെങ്കിലെന്ത്? നിങ്ങൾക്ക് ഒരു വ്യക്തിയുമായി എങ്ങനെ കൂടുതൽ അടുത്തു പരിചയപ്പെടാനും അപ്പോഴും നിർമ്മലത പാലിക്കാനും കഴിയും?
കോർട്ടിംഗിനിടയിലെ അപകടങ്ങൾ ഒഴിവാക്കൽ
ബൈബിൾ ഇപ്രകാരം മുന്നറിയിപ്പ് നൽകുന്നു: “ഹൃദയം എല്ലാററിനേക്കാളും കപടവും വിഷമവും ഉളളത്; അതിനെ മനസ്സിലാക്കുന്നവൻ ആർ?” (യിരെമ്യാവ് 17:9 ബൈയിങ്ടൻ) ഒരുവന് വിപരീത ലിംഗവർഗ്ഗത്തിൽ പെട്ട ഒരാളോട് തികച്ചും സ്വാഭാവികമായ ഒരു ആകർഷണം തോന്നിയേക്കാം. എന്നാൽ നിങ്ങൾ എത്രയധികമായി അടുത്ത് ഇടപഴകുന്നുവോ അത്രകണ്ട് ആകർഷണവും വർദ്ധിക്കുന്നു. ഈ സ്വാഭാവികമായ ആഗ്രഹം നിങ്ങളെ വഴി തെററിച്ചേക്കാം. “ദുഷ്ട ന്യായവാദങ്ങളും . . . ദുർവൃത്തികളും ഹൃദയത്തിൽ നിന്നു വരുന്നു,” എന്ന് യേശു പറഞ്ഞു.—മത്തായി 15:19.
മിക്കപ്പോഴും രണ്ടു യുവപ്രായക്കാർ ലൈംഗിക ബന്ധത്തിലേർപ്പെടാൻ ആസൂത്രണം ചെയ്യുന്നില്ല.a അവർ പരസ്പരം രഹസ്യശരീരഭാഗങ്ങൾ താലോലിക്കുന്നതിൽ അല്ലെങ്കിൽ ഇക്കിളിപ്പെടുത്തുന്നതിൽ ഏർപ്പെട്ടതുകൊണ്ടാണ് മിക്കപ്പോഴും അതു സംഭവിച്ചിട്ടുളളത്. അവിവാഹിതയായ ഒരു മാതാവ് ഇപ്രകാരം ഏററുപറഞ്ഞു: “എന്നെ സംബന്ധിച്ചും എനിക്ക് അറിയാവുന്ന പല ചെറുപ്പക്കാരികളെ സംബന്ധിച്ചും ഓരോ തവണയും അത് ഒന്നിനൊന്ന് കൂടിക്കൂടി വന്നു, അവസാനം നിങ്ങൾ ഒരു കന്യകയല്ലാതായിത്തീർന്നു. നിങ്ങൾ ഒരു അല്പം താലോലിക്കലിൽ ഏർപ്പെടാൻ തുടങ്ങുന്നു, എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയും മുമ്പേ നിങ്ങൾ അതു തടയാൻ കഴിയാത്ത അവസ്ഥയിലായിത്തീരുന്നു.”
നിങ്ങളും ലൈംഗിക അധാർമ്മികതയിൽ വീഴുന്നത് ഒഴിവാക്കുന്നതിന് നിങ്ങളുടെ ഹൃദയം നിങ്ങളെ നയിക്കാൻ അനുവദിക്കാതെ നിങ്ങൾ നിങ്ങളുടെ ഹൃദയത്തെ നയിക്കണം. (സദൃശവാക്യങ്ങൾ 23:19) നിങ്ങൾക്ക് ഇതു എങ്ങനെ ചെയ്യാൻ കഴിയും?
പരിധികൾ വയ്ക്കുക: ഒരു പെൺകുട്ടി യഥാർത്ഥത്തിൽ ആഗ്രഹിക്കാത്തപ്പോൾപോലും താൻ അവളെ ചുംബിക്കാനും തലോടാനും തന്റെ ഗേൾഫ്രണ്ട് പ്രതീക്ഷിക്കുന്നു എന്ന് ഒരു ചെറുപ്പക്കാരൻ വിചാരിച്ചേക്കാം. “തോന്ന്യാസം കാട്ടുന്നതിനാൽ ശണ്ഠയേ ഉണ്ടാകുന്നുളളു; കൂടിയാലോചിക്കുന്നവരുടെ പക്കലോ ജ്ഞാനമുണ്ട്.” (സദൃശവാക്യങ്ങൾ 13:10) അതുകൊണ്ട് നിങ്ങൾ ഡെയിററിംഗിലേർപ്പെടുകയാണെങ്കിൽ അതു സംബന്ധിച്ച് നിങ്ങൾ എന്തു വിചാരിക്കുന്നുവെന്ന് “കൂടിയാലോചനയിലൂടെ” മറേറയാളെ അറിയിക്കുക. ജ്ഞാനപൂർവ്വം പ്രേമ പ്രകടനങ്ങൾക്ക് പരിധിവയ്ക്കുക. അതേസമയം മറേറ വ്യക്തിയെ കുഴയ്ക്കുന്ന സൂചനകൾ നൽകരുത്. ഇറുകിയതും തുറന്നുകാട്ടുന്നതും ലൈംഗികതയ്ക്ക് ഊന്നൽ നൽകുന്നതുമായ വസ്ത്രങ്ങൾ ധരിക്കുന്നത് നിങ്ങൾ നിങ്ങളുടെ കൂട്ടാളിക്ക് തെററായ സന്ദേശം നൽകിയേക്കാം.
പ്രലോഭിപ്പിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക: പർവ്വതപ്രദേശത്തെ ഏകാന്തമായ ഒരു സ്ഥലത്തേയ്ക്ക് തന്നോടൊപ്പം പോകാൻ ബോയ്ഫ്രണ്ടിനാൽ ക്ഷണിക്കപ്പെട്ട ഒരു യുവകന്യകയെപ്പററി ബൈബിൾ സംസാരിക്കുന്നു. അവന്റെ ലക്ഷ്യമെന്തായിരുന്നു? അവർക്ക് വസന്താരംഭത്തിലെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ കഴിയുക. എന്നിരുന്നാലും യാത്രയ്ക്കുളള അവരുടെ ആസൂത്രണത്തെപ്പററി പെൺകുട്ടിയുടെ സഹോദരൻമാർ മനസ്സിലാക്കുകയും അവരോട് കോപിക്കുകയും അതു തടയുകയും ചെയ്തു. അവൾ അധാർമ്മിക ചായ്വുളളവളാണ് എന്ന് വിചാരിച്ചതുകൊണ്ടാണോ അവർ അങ്ങനെ ചെയ്തത്? ഒരിക്കലുമല്ല! എന്നാൽ അത്തരം സാഹചര്യങ്ങളിലെ പ്രലോഭനത്തിന്റെ ശക്തിയേപ്പററി അവർക്ക് നന്നായി അറിയാമായിരുന്നു. (ശലോമോന്റെ ഗീതം 1:6; 2:8-15) അതുപോലെ നിങ്ങളും, ഡെയിററിംഗിൽ ഏർപ്പെടുന്നയാളോടൊപ്പം തനിച്ച് ഒരു വീട്ടിലോ മുറിയിലോ പാർക്കു ചെയ്തിരിക്കുന്ന ഒരു വാഹനത്തിലോ ആയിരിക്കുന്നതുപോലെ പ്രലോഭനത്തിലേക്ക് നയിച്ചേക്കാവുന്ന സാഹചര്യങ്ങളെ ഒഴിവാക്കണം.
നിങ്ങളുടെ പരിമിതികൾ അറിയുക: ലൈംഗിക വശീകരണങ്ങൾക്ക് നിങ്ങൾ വശംവദരായിത്തീരാൻ കൂടുതൽ സാദ്ധ്യതയുളള സമയങ്ങൾ ഉണ്ട്. ഉദാഹരണത്തിന്, എന്തെങ്കിലും വ്യക്തിപരമായ പരാജയം നിമിത്തമോ മാതാപിതാക്കളുമായി യോജിപ്പിലല്ലാത്തതുകൊണ്ടോ നിങ്ങൾ നിരുത്സാഹിതരായിരിക്കും. സംഗതി എന്തു തന്നെയായിരുന്നാലും അത്തരം സന്ദർഭങ്ങളിൽ നിങ്ങൾ വിശേഷാൽ ജാഗ്രത പാലിക്കണം. (സദൃശവാക്യങ്ങൾ 24:10) കൂടാതെ ലഹരിപാനീയങ്ങളുടെ ഉപയോഗം സംബന്ധിച്ചും സൂക്ഷിക്കുക. അവയുടെ സ്വാധീനത്തിൻ കീഴിൽ നിങ്ങൾക്ക് ആത്മനിയന്ത്രണം നഷ്ടമായേക്കാം. “വീഞ്ഞും മധുരമുളള വീഞ്ഞുമാണ് നല്ല ആന്തരത്തെ എടുത്തു കളയുന്നത്.”—ഹോശേയ 4:11.
അരുത് എന്നു പറയുകയും അത് അർത്ഥമാക്കുകയും ചെയ്യുക: വികാരങ്ങൾ ഉണരുകയും തങ്ങൾ അപകടകരമാംവണ്ണം അടുപ്പത്തിലായിരിക്കുന്നതായി കണ്ടെത്തുകയും ചെയ്യുമ്പോൾ ഇണകൾക്ക് എന്തു ചെയ്യാൻ കഴിയും? ആ മാനസ്സികാവസ്ഥയ്ക്ക് മാററംവരുത്താൻ തക്കവണ്ണം അവരിലൊരാൾ എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യേണ്ടിയിരിക്കുന്നു. ഡെബ്രാ, താൻ ഡെയിററിംഗിലേർപ്പെട്ട ചെറുപ്പക്കാരനോടൊപ്പം ഒററയ്ക്കായിരുന്നു. “സംസാരിക്കാനായി” വിജനമായ ഒരു സ്ഥലത്ത് അയാൾ കാർ നിറുത്തി. വികാരങ്ങൾ ഉണർന്നു തുടങ്ങിയപ്പോൾ ഡെബ്രാ പറഞ്ഞു: “ഇതു കെട്ടിപ്പിടുത്തമല്ലേ? അതു പാടില്ലാത്തതല്ലേ?” അവർ സമനില വീണ്ടെടുത്തു. ഉടനെ തന്നെ അയാൾ അവളെ വീട്ടിൽ എത്തിച്ചു. ഇത്തരം സാഹചര്യങ്ങളിൽ അരുത് എന്നു പറയുന്നതായിരിക്കും നിങ്ങൾ ചെയ്യേണ്ടിവന്നിട്ടുളളതിലേക്കും ഏററം പ്രയാസകരമായ സംഗതി. എന്നാൽ ലൈംഗികബന്ധത്തിന് വഴങ്ങിയ ഒരു 20 വയസ്സുകാരി പറഞ്ഞതുപോലെ: “നിങ്ങൾ അവിടെ നിന്ന് മാറിപ്പോകുന്നില്ലെങ്കിൽ നിങ്ങൾ ഖേദിക്കേണ്ടിവരും!”
പ്രായമുളള ഒരാൾ കൂടെ ഉണ്ടായിരിക്കട്ടെ: ഒരു പഴഞ്ചൻ സമ്പ്രദായമായി ചിലർ വീക്ഷിക്കുന്നുണ്ടെങ്കിലും ഡെയിററിംഗിൽ പ്രായമുളള ഒരാൾ നിങ്ങളോടൊപ്പം ഉണ്ടായിരിക്കുക എന്നത് ഒരു നല്ല ആശയമാണ്. “അതു ഞങ്ങളെ ആശ്രയിക്കാൻ കൊളളുകയില്ല എന്ന് തോന്നാനിടയാക്കുന്നു” എന്ന് ചില ഇണകൾ പരാതിപ്പെടുന്നു. ഒരുപക്ഷേ അതു ശരിയായിരിക്കാം. എന്നാൽ തന്നിൽ തന്നെ ആശ്രയിക്കുന്നത് ജ്ഞാനമാണോ? സദൃശവാക്യങ്ങൾ 28:26 വെട്ടിത്തുറന്നു പറയുന്നു: “സ്വന്ത ഹൃദയത്തിൽ ആശ്രയിക്കുന്നവൻ മൂഢൻ; ജ്ഞാനത്തിൽ നടക്കുന്നവനായിരിക്കും രക്ഷപ്രാപിക്കുക.” ഡെയിററിംഗിന് മറെറാരാളെയുംകൂടെ കൂട്ടിക്കൊണ്ട് പോകുന്നതുവഴി ജ്ഞാനത്തോടെ നടക്കുക. “ഒരു കൂട്ട് കൊണ്ടുവരുന്നവനെ ഞാൻ യഥാർത്ഥത്തിൽ ആദരിക്കുന്നു. എന്നെപ്പോലെ തന്നെ അയാളും നിർമ്മലതപാലിക്കുന്നതിൽ തല്പരനാണെന്ന് എനിക്കറിയാം,” ഡെബ്ര വെളിപ്പെടുത്തി. “അതിൽ ബുദ്ധിമുട്ട് ഒന്നുമില്ല, കാരണം സ്വകാര്യമായി എന്തെങ്കിലും പറയണമെന്നുണ്ടെങ്കിൽ മററാരും കേൾക്കാത്ത ഒരകലത്തിലേക്ക് മാറിനിന്ന് ഞങ്ങൾ സംസാരിക്കുന്നു. അതു നൽകുന്ന സംരക്ഷണം അതു വരുത്തുന്ന അസൗകര്യത്തെക്കാൾ വിലയുളളതാണ്.”
ദൈവവുമായുളള സൗഹൃദം
എല്ലാററിലുമുപരി, ദൈവവുമായി ഒരു അടുത്ത സൗഹൃദം വികസിപ്പിക്കുന്നത്, വികാരങ്ങളുളള ഒരു യഥാർത്ഥ വ്യക്തിയായി അവനെ അറിയുന്നത്, അവനെ അപ്രീതിപ്പെടുത്തുന്ന പെരുമാററം ഒഴിവാക്കാൻ നിങ്ങളെ സഹായിക്കും. ഏതെങ്കിലും പ്രത്യേക പ്രശ്നങ്ങൾ സംബന്ധിച്ച് നിങ്ങളുടെ ഹൃദയം അവന്റെ മുമ്പാകെ പകരുന്നത് നിങ്ങളെ അവനിലേക്ക് അടുപ്പിക്കുന്നു. നിർമ്മലത പാലിക്കാൻ ആഗ്രഹിച്ചിട്ടുളള പലരും വികാരം മുററി നിൽക്കുന്ന സന്ദർഭങ്ങളിൽ ആവശ്യമായ ബലം നൽകണമേയെന്ന് ദൈവത്തോട് പ്രാർത്ഥിച്ചിട്ടുപോലുമുണ്ട്.
അങ്ങനെയുളളവർക്ക് “സാധാരണയിൽ കവിഞ്ഞ ശക്തി” നൽകിക്കൊണ്ട് യഹോവ ഔദാര്യപൂർവ്വം പ്രതികരിക്കുന്നു. (2 കൊരിന്ത്യർ 4:7) തീർച്ചയായും നിങ്ങൾ നിങ്ങളുടെ ഭാഗം ചെയ്യേണ്ടതുണ്ട്. എന്നിരുന്നാലും, ദൈവത്തിന്റെ സഹായത്തോടെ ലൈംഗിക അധാർമ്മികതയ്ക്കെതിരെ ചെറുത്തു നിൽക്കുക സാദ്ധ്യമാണ് എന്ന് ഉറപ്പുളളവരായിരിക്കുക.
[അടിക്കുറിപ്പുകൾ]
a ഒരു പഠനം അനുസരിച്ച് 60 ശതമാനം സ്ത്രീകളും പറഞ്ഞത് ആ പ്രവൃത്തി ആസൂത്രണം ചെയ്തതായിരുന്നില്ല, ആകസ്മികമായി സംഭവിച്ചുപോയതാണ് എന്നാണ്.
ചർച്ചക്കുളള ചോദ്യങ്ങൾ
◻ ലൈംഗികത സംബന്ധിച്ച യഹോവയുടെ നിയമങ്ങളെ ഒരു നിക്ഷേപം പോലെ സൂക്ഷിക്കുന്നതിന് നിങ്ങളെ സഹായിക്കാൻ കഴിയേണ്ടതിന് നിങ്ങൾക്ക് ചെയ്യാവുന്ന ചില കാര്യങ്ങൾ ഏവ?
◻ വിവാഹത്തിന് മുമ്പേയുളള ലൈംഗികതയെപ്പററിയുളള നിങ്ങളുടെ വീക്ഷണത്തെ നിങ്ങളുടെ സുഹൃത്തുക്കൾക്ക് സ്വാധീനിക്കാൻ കഴിയുന്നതെങ്ങനെ?
◻ ഡെയിററിംഗിലേർപ്പെടുമ്പോൾ ജാഗ്രത ആവശ്യമാണെന്ന് നിങ്ങൾ കരുതുന്നതെന്തുകൊണ്ട്?
◻ ലൈംഗിക അധാർമ്മികതയിൽ വീണുപോകുന്നതിൽ നിന്ന് തങ്ങളെത്തന്നെ സംരക്ഷിക്കുന്നതിന് കോർട്ടിംഗ് നടത്തുന്ന ഇണകൾക്ക് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ ഏവ?
[193-ാം പേജിലെ ആകർഷകവാക്യം]
“നിങ്ങൾ ഒരു അല്പം താലോലിക്കലിൽ ഏർപ്പെടാൻ തുടങ്ങുന്നു. . .”
[194-ാം പേജിലെ ആകർഷകവാക്യം]
കോർട്ടിംഗിലേർപ്പെടുമ്പോൾ മററുളളവരിൽ നിന്ന് അകന്നുമാറാതിരിക്കുന്നതിനാൽ അധാർമ്മികത ഒഴിവാക്കുക
[195-ാം പേജിലെ ചതുരം/ചിത്രം]
ഡെയിററിംഗിൽ നിർമ്മലതപാലിക്കൽ
ആലിംഗനത്തിലേക്കും തലോടലിലേക്കും നയിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക
ഒരു കൂട്ടത്തോടൊപ്പം ഡെയിററിംഗിലേർപ്പെടുകയോ കൂട്ടിന് ആളുണ്ടായിരിക്കുകയോ ചെയ്യുക
സംഭാഷണം കെട്ടുപണിചെയ്യുന്ന തലത്തിലായിരിക്കട്ടെ
തുടക്കത്തിൽ തന്നെ പ്രേമപ്രകടനത്തിന്റെ പരിധികളെ സംബന്ധിച്ച നിങ്ങളുടെ മനോഭാവം പങ്കാളിയെ അറിയിക്കുക
അടക്കമുളള വസ്ത്രം ധരിക്കുകയും പ്രകോപിപ്പിക്കുന്ന പെരുമാററം ഒഴിവാക്കുകയും ചെയ്യുക
നിങ്ങളുടെ നിർമ്മലത അപകടത്തിലാണെന്ന് തോന്നുന്നുവെങ്കിൽ ഉടൻ നിങ്ങളെ വീട്ടിൽ തിരിച്ചെത്തിക്കാൻ ആവശ്യപ്പെടുക
ദീർഘമായ “യാത്രപറച്ചിൽ” ഒഴിവാക്കുക
നേരത്തെ വീട്ടിലെത്തുക
[ചിത്രങ്ങൾ]
കോർട്ടിംഗിലേർപ്പെടുന്ന ഇണകൾക്ക് തങ്ങൾ മററുളളവരിൽ നിന്നു അകന്നുമാറാൻ ആവശ്യമില്ലാത്ത കാര്യങ്ങൾ ചെയ്യാൻ കഴിയും
[196-ാം പേജിലെ ചിത്രം]
ഒരു സാഹചര്യം വളരെ “ചൂടുപിടിപ്പിക്കുന്നതാ”ണെങ്കിൽ അരുത്, എന്ന് പറയാനുളള വിവേകം ഉണ്ടായിരിക്കുക!—പറയുന്നത് അർത്ഥമാക്കുകയും ചെയ്യുക!