അധ്യായം ഇരുപത്തിനാല്
ഈ ലോകത്തെ ആശ്രയിക്കരുത്
1, 2. (എ) യെരൂശലേം നിവാസികൾ ഭയപരവശർ ആയിരിക്കുന്നതിന്റെ കാരണമെന്ത്? (ബി) യെരൂശലേമിന്റെ അവസ്ഥ പരിചിന്തിക്കുമ്പോൾ ഏതു ചോദ്യങ്ങൾ ഉയർന്നുവരുന്നു?
യെരൂശലേം നിവാസികൾ ഭയപരവശരാണ്. അതിനു തക്ക കാരണമുണ്ടുതാനും! അക്കാലത്തെ ഏറ്റവും ശക്തിയുള്ള സാമ്രാജ്യമായ അസീറിയ ‘യെഹൂദയിലെ ഉറപ്പുള്ള എല്ലാ പട്ടണങ്ങളെയും’ ആക്രമിച്ച് “അവയെ പിടിച്ചു.” ഇപ്പോൾ അസീറിയൻ സേന യഹൂദയുടെ തലസ്ഥാനഗരിയിൽ കണ്ണുവെച്ചിരിക്കുകയാണ്. (2 രാജാക്കന്മാർ 18:13, 17) ഹിസ്കീയാ രാജാവും യെരൂശലേം നിവാസികളും ഇപ്പോൾ എന്തു ചെയ്യും?
2 അസീറിയ ഇതിനോടകം യെരൂശലേം ഒഴികെയുള്ള യഹൂദയിലെ എല്ലാ പട്ടണങ്ങളും കയ്യടക്കിക്കഴിഞ്ഞു. ആ സ്ഥിതിക്ക്, ശക്തമായ അസീറിയൻ സേനയുടെ മുന്നിൽ യെരൂശലേം ഏതുമല്ലെന്ന് ഹിസ്കീയാവിന് അറിയാം. മാത്രമല്ല, ക്രൂരതയുടെയും അക്രമത്തിന്റെയും പര്യായമാണ് അസീറിയ. അവരുടെ സേനയെ ഭയന്നു ചില ശത്രു സൈന്യങ്ങൾ പോരാടാൻ മുതിരാതെ ജീവനുംകൊണ്ട് ഓടിയിട്ടുണ്ടത്രേ! ദുഷ്കരമായ ഈ സാഹചര്യത്തിൽ യെരൂശലേം നിവാസികൾക്കു സഹായത്തിനായി എങ്ങോട്ടു തിരിയാനാകും? അസീറിയൻ സൈന്യത്തിൽനിന്നു രക്ഷപ്പെടാൻ എന്തെങ്കിലും മാർഗമുണ്ടോ? ദൈവജനം ഇത്തരമൊരു സ്ഥിതിവിശേഷത്തിൽ അകപ്പെടാൻ കാരണമെന്താണ്? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ, മുൻ കാലങ്ങളിൽ യഹോവ തന്റെ ഉടമ്പടി ജനത്തോട് ഇടപെട്ടിരുന്ന വിധം നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ഇസ്രായേലിൽ വിശ്വാസത്യാഗം
3, 4. (എ) ഇസ്രായേൽ ജനത രണ്ടായി വിഭജിച്ചത് എപ്പോൾ, എങ്ങനെ? (ബി) യൊരോബെയാം പത്തു-ഗോത്ര വടക്കേ രാജ്യത്തിന് എന്തു മോശമായ തുടക്കമാണിട്ടത്?
3 ഇസ്രായേല്യർ ഈജിപ്തിൽനിന്നു പോന്നതു മുതൽ ദാവീദിന്റെ മകനായ ശലോമോൻ മരിക്കുന്നതു വരെയുള്ള 500-ലധികം വർഷക്കാലം, അതിലെ 12 ഗോത്രങ്ങളും ഐക്യത്തോടെ ഒരു ജനതയായി കഴിഞ്ഞിരുന്നു. എന്നാൽ, ശലോമോന്റെ മരണശേഷം യൊരോബെയാമിന്റെ നേതൃത്വത്തിൻ കീഴിൽ വടക്കുള്ള പത്തു-ഗോത്രങ്ങൾ ദാവീദ് ഗൃഹത്തിനെതിരെ മത്സരിച്ചു. അതേത്തുടർന്ന്, പൊ.യു.മു. 997-ൽ ആ ജനത രണ്ടു രാജ്യങ്ങളായി വിഭജിക്കപ്പെട്ടു.
4 വടക്കേ രാജ്യമായ ഇസ്രായേലിന്റെ ആദ്യ രാജാവ് യൊരോബെയാം ആയിരുന്നു. ദൈവനിയമത്തിനു വിരുദ്ധമായി അവൻ ലേവ്യരല്ലാത്തവരെ പുരോഹിതന്മാരായി നിയമിക്കുകയും കാളക്കുട്ടിയാരാധനയ്ക്കു തുടക്കമിടുകയും ചെയ്തു. അങ്ങനെ അവൻ തന്റെ പ്രജകളെ വിശ്വാസത്യാഗത്തിലേക്കു തള്ളിവിട്ടു. (1 രാജാക്കന്മാർ 12:25-33) യഹോവയുടെ ദൃഷ്ടിയിൽ അതു മ്ലേച്ഛമായിരുന്നു. (യിരെമ്യാവു 32:30, 35) ഇതും ഇതുപോലുള്ള മറ്റു ചില കാരണങ്ങളും നിമിത്തമാണ് ഇസ്രായേല്യരെ കീഴടക്കാൻ യഹോവ അസീറിയയെ അനുവദിച്ചത്. (2 രാജാക്കന്മാർ 15:29) ഈജിപ്തുമായി ഗൂഢസഖ്യം ചേർന്നുകൊണ്ട് അസീറിയൻ നുകം തകർക്കാൻ അന്നു രാജാവായിരുന്ന ഹോശേയ ശ്രമിച്ചെങ്കിലും ആ പദ്ധതി പൊളിയുകയാണുണ്ടായത്.—2 രാജാക്കന്മാർ 17:4.
ഇസ്രായേൽ രക്ഷയ്ക്കായി ഈജിപ്തിലേക്കു തിരിയുന്നു
5. ഇസ്രായേൽ സഹായത്തിനായി ആരിലേക്കു തിരിയുന്നു?
5 ഇസ്രായേല്യരെ സുബോധത്തിലേക്കു തിരികെ വരുത്താൻ യഹോവ ആഗ്രഹിക്കുന്നു.a തന്നിമിത്തം, പിൻവരുന്ന മുന്നറിയിപ്പോടെ അവൻ യെശയ്യാ പ്രവാചകനെ അവരുടെ അടുക്കലേക്ക് അയയ്ക്കുന്നു: “യിസ്രായേലിന്റെ പരിശുദ്ധങ്കലേക്കു നോക്കുകയോ യഹോവയെ അന്വേഷിക്കയോ ചെയ്യാതെ സഹായത്തിന്നായി മിസ്രയീമിൽ ചെന്നു കുതിരകളിൽ മനസ്സു ഊന്നി രഥം അനവധിയുള്ളതുകൊണ്ടു അതിലും കുതിരച്ചേവകർ മഹാബലവാന്മാരാകകൊണ്ടു അവരിലും ആശ്രയിക്കുന്നവർക്കു അയ്യോ കഷ്ടം!” (യെശയ്യാവു 31:1) എത്ര ദാരുണമായ അവസ്ഥ! ജീവനുള്ള ദൈവമായ യഹോവയിൽ അല്ല, കുതിരകളിലും യുദ്ധ രഥങ്ങളിലുമാണ് ഇസ്രായേല്യർ ആശ്രയിക്കുന്നത്. ഈജിപ്തിൽ വീറുറ്റ അനവധി കുതിരകൾ ഉണ്ടെന്നും ആ രാജ്യവുമായുള്ള സഖ്യം അസീറിയൻ സേനയ്ക്കെതിരെ ഉറച്ചുനിൽക്കാൻ തങ്ങളെ സഹായിക്കുമെന്നുമുള്ള ജഡിക ചിന്താഗതി ഇസ്രായേല്യർ വെച്ചുപുലർത്തുന്നു. എന്നാൽ, ഈജിപ്തുമായുള്ള സഖ്യംകൊണ്ട് ഒരു ഫലവും ഇല്ലെന്ന് ഇസ്രായേല്യർ പെട്ടെന്നുതന്നെ തിരിച്ചറിയും.
6. ഇസ്രായേല്യർ ഈജിപ്തിലേക്കു തിരിയുന്നത് യഹോവയിലുള്ള അവരുടെ വിശ്വാസരാഹിത്യത്തിന്റെ തെളിവായിരിക്കുന്നത് എങ്ങനെ?
6 ഇസ്രായേലിലെയും യഹൂദയിലെയും ആളുകൾ ന്യായപ്രമാണ ഉടമ്പടിയിലൂടെ യഹോവയുമായി ഒരു സമർപ്പിത ബന്ധത്തിലേക്കു വന്നവരാണ്. (പുറപ്പാടു 24:3-8; 1 ദിനവൃത്താന്തം 16:15-17) സഹായത്തിനായി ഈജിപ്തിലേക്കു തിരിയുന്നതിലൂടെ ഇസ്രായേല്യർ യഹോവയിലുള്ള വിശ്വാസരാഹിത്യവും വിശുദ്ധ ഉടമ്പടിയുടെ ഭാഗമായ നിയമങ്ങളോടുള്ള അവമതിപ്പുമാണ് പ്രകടമാക്കുന്നത്. എന്തുകൊണ്ട്? സമ്പൂർണ ഭക്തി നൽകുന്നപക്ഷം യഹോവ തന്റെ ജനത്തെ സംരക്ഷിക്കുമെന്ന വ്യവസ്ഥ ഉടമ്പടിയിൽ ഉണ്ടായിരുന്നു. (ലേവ്യപുസ്തകം 26:3-8) ആ വാഗ്ദാനത്തിനു ചേർച്ചയിൽ, പലവട്ടം യഹോവ “കഷ്ടകാലത്തു അവരുടെ ദുർഗ്ഗം” ആയിരുന്നിട്ടുണ്ട്. (സങ്കീർത്തനം 37:39; 2 ദിനവൃത്താന്തം 14:2, 9-12; 17:3-5, 10) കൂടാതെ, ഇസ്രായേലിന്റെ ഭാവി രാജാക്കന്മാർ അനവധി കുതിരകളെ സമ്പാദിക്കരുതെന്നു ന്യായപ്രമാണത്തിന്റെ മധ്യസ്ഥനായ മോശെയിലൂടെ യഹോവ നിഷ്കർഷിച്ചിരുന്നു. (ആവർത്തനപുസ്തകം 17:16) ഈ നിയമം അനുസരിക്കുന്നതിലൂടെ, സംരക്ഷണത്തിനായി ആ രാജാക്കന്മാർ “യിസ്രായേലിന്റെ പരിശുദ്ധങ്കലേക്കു നോക്കുക”യാണെന്നു വ്യക്തമാകുമായിരുന്നു. ഇസ്രായേലിലെ രാജാക്കന്മാർക്ക് അത്തരത്തിലുള്ള വിശ്വാസമില്ലെന്നതു ദുഃഖകരംതന്നെ.
7. ഇസ്രായേല്യരുടെ വിശ്വാസരാഹിത്യത്തിൽനിന്ന് ഇന്നു ക്രിസ്ത്യാനികൾക്ക് എന്തു പഠിക്കാനാകും?
7 ഇന്നു ക്രിസ്ത്യാനികൾക്ക് ഇതിൽനിന്ന് ഒരു പാഠം പഠിക്കാനാകും. ഇസ്രായേല്യർ ഈജിപ്തിന്റെ പിന്തുണയിലാണ് ആശ്രയിച്ചത്. അതിനെക്കാൾ വളരെയധികം ശക്തിയുള്ള യഹോവയുടെ പിന്തുണയിൽ അവർ ആശ്രയിച്ചില്ല. സമാനമായി ഇന്ന്, യഹോവയിൽ ആശ്രയിക്കുന്നതിനു പകരം ബാങ്ക് നിക്ഷേപം, സാമൂഹിക പദവി, ലോകസ്വാധീനം തുടങ്ങിയവയിൽ ആശ്രയം വെക്കാൻ ക്രിസ്ത്യാനികൾ പ്രലോഭിതരായേക്കാം. കുടുംബത്തിനുവേണ്ടി ഭൗതികമായി കരുതാനുള്ള ഉത്തരവാദിത്വം ക്രിസ്തീയ കുടുംബനാഥന്മാർ ഗൗരവമായി എടുക്കുന്നു എന്നതു ശരിതന്നെ. (1 തിമൊഥെയൊസ് 5:8) എന്നാൽ, അവർ ഭൗതിക വസ്തുക്കളിൽ ആശ്രയം അർപ്പിക്കുന്നില്ല. “സകലദ്രവ്യാഗ്രഹ”ത്തിനുമെതിരെ അവർ ജാഗ്രത പാലിക്കുകയും ചെയ്യുന്നു. (ലൂക്കൊസ് 12:13-21) ‘കഷ്ടകാലത്ത്’ ഏക ‘അഭയസ്ഥാനം’ യഹോവയാം ദൈവമാണെന്ന വസ്തുത അവർ തിരിച്ചറിയുന്നു.—സങ്കീർത്തനം 9:9; 54:7.
8, 9. (എ) ഇസ്രായേലിന്റെ പദ്ധതികൾ തന്ത്രപ്രധാനമാണെന്നു തോന്നിയേക്കാമെങ്കിലും അവയുടെ അനന്തരഫലം എന്തായിരിക്കും, എന്തുകൊണ്ട്? (ബി) മനുഷ്യരുടെ വാഗ്ദാനങ്ങളും യഹോവയുടെ വാഗ്ദാനങ്ങളും തമ്മിലുള്ള വ്യത്യാസമെന്ത്?
8 ഈജിപ്തുമായി സഖ്യം ചേർന്ന ഇസ്രായേല്യ നേതാക്കന്മാരെ യെശയ്യാവ് അപഹസിക്കുന്നു: “അവനും ജ്ഞാനിയാകുന്നു; അവൻ അനർത്ഥം വരുത്തും; തന്റെ വചനം മാററുകയില്ല; അവൻ ദുഷ്കർമ്മികളുടെ ഗൃഹത്തിന്നും ദുഷ്പ്രവൃത്തിക്കാരുടെ സഹായത്തിന്നും വിരോധമായി എഴുന്നേല്ക്കും.” (യെശയ്യാവു 31:2) തങ്ങൾ ജ്ഞാനികളാണെന്ന് ഇസ്രായേലിലെ നേതാക്കന്മാർക്കു തോന്നിയേക്കാം. എന്നാൽ, സർവജ്ഞാനി ആയിരിക്കുന്നതു പ്രപഞ്ചത്തിന്റെ സ്രഷ്ടാവല്ലേ? ഈജിപ്തുമായി സഖ്യം ചേരുന്നതു തന്ത്രപ്രധാനമായ ഒരു നടപടിയാണെന്നു പ്രഥമദൃഷ്ട്യാ ഇസ്രായേലിനു തോന്നിയേക്കാം. പക്ഷേ, അത്തരമൊരു സഖ്യം യഹോവയുടെ ദൃഷ്ടിയിൽ ആത്മീയ വ്യഭിചാരമാണ്. (യെഹെസ്കേൽ 23:1-10) തത്ഫലമായി, യഹോവ അവരുടെമേൽ “അനർത്ഥം വരുത്തു”മെന്ന് യെശയ്യാവു പറയുന്നു.
9 മനുഷ്യ വാഗ്ദാനങ്ങൾ ഒട്ടും ആശ്രയയോഗ്യമല്ല, അവർക്ക് യഥാർഥ സംരക്ഷണം നൽകാനും സാധ്യമല്ല. നേരെ മറിച്ച് യഹോവയെ സംബന്ധിച്ചിടത്തോളം, അവൻ ‘ഒരിക്കൽ പറഞ്ഞ വാക്കുകൾ തിരിച്ചെടുക്കേണ്ട’ ആവശ്യമില്ല. തന്റെ വാഗ്ദാനങ്ങളെല്ലാം അവൻ കണിശമായും നിവർത്തിക്കും. ഉദ്ദിഷ്ടകാര്യം നിവർത്തിക്കാതെ അവന്റെ വാക്കുകൾ അവനിലേക്കു മടങ്ങുകയില്ല.—യെശയ്യാവു 55:10, 11; 14:24.
10. ഈജിപ്തിനും ഇസ്രായേലിനും ഒടുവിൽ എന്തു സംഭവിക്കും?
10 ഈജിപ്ത് ഇസ്രായേലിനു യഥാർഥ സംരക്ഷണം നൽകുമെന്ന കാര്യത്തിൽ ഉറപ്പുണ്ടോ? ഇല്ല. യെശയ്യാവ് ഇസ്രായേല്യരോടു പറയുന്നു: “മിസ്രയീമ്യർ ദൈവമല്ല, മനുഷ്യരത്രേ, അവരുടെ കുതിരകൾ ആത്മാവല്ല, ജഡമത്രേ; യഹോവ തന്റെ കൈ നീട്ടുമ്പോൾ സഹായിക്കുന്നവൻ ഇടറുകയും സഹായിക്കപ്പെടുന്നവൻ വീഴുകയും അവരെല്ലാവരും ഒരുപോലെ നശിച്ചുപോകയും ചെയ്യും.” (യെശയ്യാവു 31:3) അസീറിയ മുഖാന്തരം ന്യായവിധി നടപ്പാക്കാനായി യഹോവ തന്റെ കരം നീട്ടുമ്പോൾ സഹായിക്കുന്നവരും (ഈജിപ്ത്) സഹായിക്കപ്പെടുന്നവരും (ഇസ്രായേൽ) ഇടറിവീഴുകയും നശിക്കുകയും ചെയ്യും.
ശമര്യയുടെ പതനം
11. ഇസ്രായേൽ ചെയ്തുകൂട്ടിയ പാപങ്ങളേവ, അതിന്റെ അന്തിമഫലം എന്ത്?
11 അനുതപിച്ച് സത്യാരാധനയിലേക്കു തിരിയുന്നതിനു പ്രോത്സാഹനമേകാൻ ഇസ്രായേല്യരുടെ അടുക്കലേക്ക് കരുണാസമ്പന്നനായ യഹോവ വീണ്ടും വീണ്ടും പ്രവാചകന്മാരെ അയയ്ക്കുന്നു. (2 രാജാക്കന്മാർ 17:13) എന്നിട്ടും, കാളക്കുട്ടിയെ ആരാധിക്കുകയും ഭൂതവിദ്യയിലും അധാർമിക ബാൽ ആരാധനയിലും ഏർപ്പെടുകയും അശേരാപ്രതിഷ്ഠകൾ സ്ഥാപിക്കുകയും പൂജാഗിരികളിൽ ധൂപം കഴിക്കയും ചെയ്തുകൊണ്ട് അവർ പാപം ചെയ്യുന്നതിൽ തുടരുന്നു. ഇസ്രായേല്യർ “തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിപ്രവേശം ചെയ്യി”ക്കുക പോലുമുണ്ടായി. അതായത്, സ്വന്തം കുഞ്ഞുങ്ങളെ അവർ ഭൂതദൈവങ്ങൾക്കു ബലിയർപ്പിച്ചു. (2 രാജാക്കന്മാർ 17:14-17; സങ്കീർത്തനം 106:36-39; ആമോസ് 2:8) ഇസ്രായേലിന്റെ ദുഷ്ടതയ്ക്ക് അന്ത്യം വരുത്തുമെന്ന് യഹോവ പ്രഖ്യാപിക്കുന്നു: “വെള്ളത്തിനു മുകളിൽ, ഉണങ്ങിയ ചുള്ളിപോലെ ശമര്യയും അതിന്റെ രാജാവും ഒഴുകിപ്പോകും.” (ഹോശേയ 10:1, 7, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം, NIBV) പൊ.യു.മു. 742-ൽ അസീറിയൻ സേന, പത്തു-ഗോത്ര ഇസ്രായേൽ രാജ്യത്തിന്റെ തലസ്ഥാനമായ ശമര്യയെ ആക്രമിക്കുന്നു. മൂന്നു വർഷം നീണ്ടുനിന്ന ഉപരോധത്തെ തുടർന്ന് പൊ.യു.മു. 740-ൽ ആ പത്തു-ഗോത്ര രാജ്യം നിലംപതിക്കുന്നു.
12. ഇന്ന് യഹോവ ഏതു വേല നമ്മെ ഭരമേൽപ്പിച്ചിരിക്കുന്നു, മുന്നറിയിപ്പിനെ അവഗണിക്കുന്നവർക്ക് എന്തു സംഭവിക്കും?
12 ‘എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടേണമെന്നു മനുഷ്യർക്കു’ മുന്നറിയിപ്പു നൽകാനുള്ള ഒരു ആഗോള പ്രസംഗവേല യഹോവ ഇന്നു നമ്മെ ഭരമേൽപ്പിച്ചിരിക്കുകയാണ്. (പ്രവൃത്തികൾ 17:30; മത്തായി 24:14) ദൈവത്തിന്റെ രക്ഷാമാർഗം തള്ളിക്കളയുന്ന ഏവനും വെള്ളത്തിൽ ഒഴുകിപ്പോകുന്ന “ഉണങ്ങിയ ചുള്ളിപോലെ,” ആയിത്തീരും. അഥവാ വിശ്വാസത്യാഗിനിയായ ഇസ്രായേൽ ജനതയെ പോലെ നശിപ്പിക്കപ്പെടും. നേരെ മറിച്ച്, യഹോവയിൽ പ്രത്യാശിക്കുന്നവർ “ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.” (സങ്കീർത്തനം 37:29) ആ സ്ഥിതിക്ക്, പുരാതന ഇസ്രായേല്യർ ചെയ്ത തെറ്റുകൾ നാം ഇന്ന് ഒഴിവാക്കുന്നത് എത്ര ജ്ഞാനപൂർവകമാണ്! രക്ഷയ്ക്കായി നാം യഹോവയിൽ സമ്പൂർണ ആശ്രയം വെക്കുന്നത് എത്ര ജീവത്പ്രധാനമാണ്!
യഹോവയുടെ രക്ഷാശക്തി
13, 14. സാന്ത്വനദായകമായ എന്തു സന്ദേശമാണ് യഹോവ സീയോനു നൽകുന്നത്?
13 ഇസ്രായേലിന്റെ ദക്ഷിണ അതിർത്തിയിൽനിന്ന് ഏതാനും കിലോമീറ്റർ ദൂരെയാണ് യഹൂദയുടെ തലസ്ഥാന നഗരമായ യെരൂശലേം സ്ഥിതി ചെയ്യുന്നത്. ശമര്യയ്ക്കു സംഭവിച്ചത് എന്തെന്ന് യെരൂശലേം നിവാസികൾക്കു നന്നായി അറിയാം. തങ്ങളുടെ അയൽക്കാർ ആയിരുന്ന വടക്കേ രാജ്യത്തെ ഉന്മൂലനം ചെയ്ത അതേ ശത്രുക്കൾ തങ്ങൾക്കും ഭീഷണി ആയിരിക്കുന്നതു കണ്ട് അവർ ഭയപരവശരാകുന്നു. ശമര്യയുടെ അനുഭവത്തിൽനിന്ന് അവർ എന്തെങ്കിലും പഠിക്കുമോ?
14 യെശയ്യാവിന്റെ അടുത്ത വാക്കുകൾ യെരൂശലേം നിവാസികൾക്കു സാന്ത്വനമേകുന്നു. തന്റെ ഉടമ്പടി ജനതയെ യഹോവ ഇപ്പോഴും സ്നേഹിക്കുന്നു എന്ന് അവർക്ക് ഉറപ്പേകിക്കൊണ്ട് അവൻ ഇങ്ങനെ പറയുന്നു: “യഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: സിംഹമോ, ബാലസിംഹമോ ഇരകണ്ടു മുരളുമ്പോൾ ഇടയക്കൂട്ടത്തെ അതിന്റെ നേരെ വിളിച്ചുകൂട്ടിയാലും അതു അവരുടെ കൂക്കുവിളികൊണ്ടു പേടിക്കാതെയും അവരുടെ ആരവംകൊണ്ടു ചുളുങ്ങാതെയും ഇരിക്കുന്നതുപോലെ സൈന്യങ്ങളുടെ യഹോവ സീയോൻപർവ്വതത്തിലും അതിന്റെ ഗിരിയിലും യുദ്ധം ചെയ്വാൻ ഇറങ്ങിവരും.” (യെശയ്യാവു 31:4) ഇരയിൽ ദൃഷ്ടിയൂന്നി നിൽക്കുന്ന ഒരു ബാലസിംഹത്തെ പോലെ യഹോവ തീക്ഷ്ണതയോടെ തന്റെ വിശുദ്ധ നഗരമായ സീയോനെ സംരക്ഷിക്കും. അസീറിയൻ സേനയുടെ വീമ്പിളക്കലോ ഭീഷണികളോ മറ്റ് അടവുകളോ ഒന്നും തന്റെ ഉദ്ദേശ്യത്തിൽനിന്ന് യഹോവയെ പിന്തിരിപ്പിക്കുകയില്ല.
15. യെരൂശലേം നിവാസികളോട് യഹോവ ആർദ്രാനുകമ്പയോടെ ഇടപെടുന്നത് എങ്ങനെ?
15 എത്ര ആർദ്രാനുകമ്പയോടെ ആയിരിക്കും യഹോവ യെരൂശലേം നിവാസികളോട് ഇടപെടുന്നത് എന്നു ശ്രദ്ധിക്കൂ: “പക്ഷി ചുററിപ്പറന്നു കാക്കുന്നതുപോലെ സൈന്യങ്ങളുടെ യഹോവ യെരൂശലേമിനെ കാത്തുകൊള്ളും. അവൻ അതിനെ കാത്തുരക്ഷിക്കും; നശിപ്പിക്കാതെ അതിനെ പരിപാലിക്കും.” (യെശയ്യാവു 31:5) ഒരു തള്ളപ്പക്ഷി അതിന്റെ കുഞ്ഞുങ്ങളെ അതീവ ജാഗ്രതയോടെ കാത്തുപരിപാലിക്കുന്നു. ഒരു ഇരപിടിയൻ അടുത്തെങ്ങാനും എത്തിയാൽ കുഞ്ഞുങ്ങളുടെ രക്ഷാർഥം അവൾ അവയുടെ അടുത്തേക്കു അതിവേഗത്തിൽ പറന്നെത്തും. വിരിച്ചുപിടിച്ച ചിറകുകൾക്കടിയിൽ കുഞ്ഞുങ്ങളെ മറച്ചുവെച്ചുകൊണ്ട് അതു ചുറ്റുപാടുകൾ സസൂക്ഷ്മം നിരീക്ഷിക്കുന്നു. സമാനമായി, അസീറിയൻ ആക്രമണ ഭീഷണി നേരിടുന്ന യെരൂശലേമിലെ തന്റെ ജനത്തെ യഹോവ ആർദ്രതയോടെ കാത്തുപരിപാലിക്കും.
‘ഇസ്രായേൽ മക്കളേ, മടങ്ങിവരുവിൻ’
16. (എ) സ്നേഹനിർഭരമായ എന്ത് ആഹ്വാനമാണ് യഹോവ തന്റെ ജനത്തിനു വെച്ചുനീട്ടുന്നത്? (ബി) യഹൂദാ നിവാസികളുടെ മത്സരം പ്രത്യേകിച്ചും വ്യക്തമാകുന്നത് എപ്പോൾ? വിശദീകരിക്കുക.
16 ഇസ്രായേല്യർ പാപം ചെയ്തിരിക്കുന്നു എന്ന് യഹോവ അവരെ ഓർമിപ്പിക്കുകയും പാപത്തിന്റെ ഗതി ഉപേക്ഷിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു: “യിസ്രായേൽ മക്കളേ, നിങ്ങൾ ആരോടാണ് കഠിനമായി മത്സരിച്ചത്? അവങ്കലേക്കു മടങ്ങി വരുവിൻ.” (യെശയ്യാവു 31:6, NIBV) പത്തു-ഗോത്ര രാജ്യം മാത്രമല്ല യഹോവയോടു മത്സരിച്ചത്. “യിസ്രായേൽ മക്ക”ളുടെ ഭാഗമായ യഹൂദാ നിവാസികളും അവനോടു “കഠിനമായി മത്സരി”ച്ചിരിക്കുന്നു. യെശയ്യാവു തന്റെ പ്രാവചനിക സന്ദേശം ഉപസംഹരിച്ച് അധികകാലം കഴിയുന്നതിനുമുമ്പു ഹിസ്കീയാവിന്റെ പുത്രനായ മനശ്ശെ രാജാവാകുമ്പോൾ അതു വിശേഷിച്ചും സത്യമാണ്. ബൈബിൾ വൃത്താന്തം പറയുന്നപ്രകാരം, “മനശ്ശെ യഹോവ യിസ്രായേൽപുത്രന്മാരുടെ മുമ്പിൽനിന്നു നശിപ്പിച്ച ജാതികൾ ചെയ്തതിലും അധികം വഷളത്വം പ്രവർത്തിപ്പാൻ തക്കവണ്ണം യെഹൂദയെയും യെരൂശലേംനിവാസികളെയും തെററുമാറാക്കി.” (2 ദിനവൃത്താന്തം 33:9) ഒന്നു ചിന്തിച്ചുനോക്കൂ! മ്ലേച്ഛമായ പ്രവൃത്തികളിൽ ഏർപ്പെടുന്നതുകൊണ്ടാണ് യഹോവ പുറജാതീയ ജനതകളെ ഉന്മൂലനം ചെയ്യുന്നത്; എന്നാൽ, യഹോവയുമായി ഉടമ്പടി ബന്ധത്തിലുള്ള യഹൂദന്മാരാകട്ടെ ഇപ്പോൾ ആ ജനതകളെക്കാൾ മ്ലേച്ഛമായ കാര്യങ്ങളാണു ചെയ്യുന്നത്.
17. ഇന്നു ലോകാവസ്ഥകൾ മനശ്ശെയുടെ നാളിൽ യഹൂദയിൽ നിലവിലിരുന്ന അവസ്ഥകൾക്കു സമാനമായിരിക്കുന്നത് ഏതു വിധത്തിൽ?
17 ഇന്ന്, 21-ാം നൂറ്റാണ്ടിന്റെ അരുണോദയത്തിൽ, പല വിധത്തിലും ലോകാവസ്ഥകൾ മനശ്ശെയുടെ നാളിൽ യഹൂദയിൽ നിലവിലിരുന്ന അവസ്ഥകൾക്കു സമാനമാണ്. മതപരവും വംശീയവും വർഗീയവുമായ വിദ്വേഷത്താൽ ഇന്നു ലോകം വിഭജിതമാണ്. കൊലപാതകം, പീഡനം, ബലാത്സംഗം, ‘വർഗീയ വെടിപ്പാക്കൽ’ എന്നിങ്ങനെയുള്ള ഹീനകൃത്യങ്ങൾക്കു ദശലക്ഷങ്ങൾ ഇരകളായിരിക്കുന്നു. ജനങ്ങളും രാഷ്ട്രങ്ങളും—വിശേഷിച്ചും ക്രൈസ്തവലോക രാഷ്ട്രങ്ങൾ—“കഠിനമായി മത്സരി”ക്കുകയാണെന്നതിനു യാതൊരു സംശയവുമില്ല. എന്നിരുന്നാലും, ദുഷ്ടത എക്കാലവും തുടരാൻ യഹോവ അനുവദിക്കുകയില്ല എന്ന കാര്യത്തിൽ നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും. കാരണം, യെശയ്യാവിന്റെ നാളിൽ സംഭവിച്ച കാര്യങ്ങൾ ആ വസ്തുതയ്ക്കു തെളിവു നൽകുന്നു.
യെരൂശലേം സംരക്ഷിക്കപ്പെടുന്നു
18. ഹിസ്കീയാവിന് രബ്-ശാക്കേ എന്തു മുന്നറിയിപ്പു നൽകുന്നു?
18 യുദ്ധജയത്തിന് അസീറിയൻ രാജാക്കന്മാർ തങ്ങളുടെ ദൈവങ്ങൾക്കു മഹത്ത്വം കരേറ്റി. പുരാതന സമീപപൗരസ്ത്യ പാഠങ്ങൾ (ഇംഗ്ലീഷ്) എന്ന ഗ്രന്ഥത്തിൽ അസീറിയൻ ചക്രവർത്തിയായ അശൂർബാനിപ്പാൽ, “ഒരു ഘോര യുദ്ധത്തിൽ (അനുഭവസമ്പന്നരായ) പടയാളികളെ തോൽപ്പിക്കാൻ, [സദാ തന്നോടൊപ്പം] മാർച്ചു ചെയ്യുന്ന [തന്റെ] പ്രഭുക്കന്മാരായ അശൂർ, ബേൽ, നെബോ എന്നീ മഹാ ദൈവങ്ങൾ” തന്നെ വഴിനയിച്ചതായി അവകാശപ്പെടുന്നു. അതുപോലെ, അസീറിയൻ രാജാവായ സൻഹേരീബിന്റെ പ്രതിനിധിയായ രബ്-ശാക്കേ, ഹിസ്കീയാ രാജാവിനോടു പറഞ്ഞ വാക്കുകളിൽനിന്ന് മനുഷ്യ യുദ്ധങ്ങളിൽ ദൈവങ്ങൾക്ക് ഒരു പങ്കുള്ളതായി അവൻ വിശ്വസിക്കുന്നുവെന്ന കാര്യം പ്രകടമാണ്. രക്ഷയ്ക്കായി യഹോവയിൽ ആശ്രയിച്ചിട്ടു കാര്യമില്ലെന്ന് അവൻ മുന്നറിയിപ്പു നൽകുകയും ശക്തരായ അസീറിയൻ സേനയിൽനിന്നു തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കാൻ മറ്റു രാഷ്ട്രങ്ങളുടെ ദൈവങ്ങൾക്കു കഴിഞ്ഞിട്ടില്ലെന്നു വീമ്പിളക്കുകയും ചെയ്യുന്നു.—2 രാജാക്കന്മാർ 18:33-35.
19. രബ്-ശാക്കേയുടെ പരിഹാസത്തോട് ഹിസ്കീയാവ് എങ്ങനെയാണു പ്രതികരിക്കുന്നത്?
19 ഹിസ്കീയാ രാജാവ് അതിനോട് എങ്ങനെയാണു പ്രതികരിക്കുന്നത്? ബൈബിൾ വിവരണം പറയുന്നു: “ഹിസ്കീയാരാജാവു അതു കേട്ടപ്പോൾ വസ്ത്രം കീറി രട്ടുടുത്തുകൊണ്ടു യഹോവയുടെ ആലയത്തിൽ ചെന്നു.” (2 രാജാക്കന്മാർ 19:1) ഭയജനകമായ ഈ ചുറ്റുപാടിൽ തന്നെ സഹായിക്കാൻ കഴിയുന്ന ഒരുവൻ മാത്രമേയുള്ളൂ എന്ന് ഹിസ്കീയാവ് തിരിച്ചറിയുന്നു. അവൻ താഴ്മയോടെ മാർഗനിർദേശത്തിനായി യഹോവയിലേക്കു തിരിയുന്നു.
20. യഹൂദാ നിവാസികൾക്കുവേണ്ടി യഹോവ എങ്ങനെ പ്രവർത്തിക്കും, അവർ അതിൽനിന്ന് എന്തു പാഠം ഉൾക്കൊള്ളേണ്ടതാണ്?
20 യഹോവ ഹിസ്കീയാവിനു മാർഗനിർദേശം നൽകുന്നു. യെശയ്യാ പ്രവാചകനിലൂടെ അവൻ ഇങ്ങനെ പറയുന്നു: “അന്നാളിൽ നിങ്ങളിൽ ഓരോരുത്തൻ നിങ്ങളുടെ കൈകൾ നിങ്ങൾക്കു പാപത്തിന്നായി വെള്ളിയും പൊന്നുംകൊണ്ടു ഉണ്ടാക്കിയ മിത്ഥ്യാമൂർത്തികളെ ത്യജിച്ചുകളയും.” (യെശയ്യാവു 31:7) തന്റെ ജനത്തിനുവേണ്ടി യഹോവ പോരാടുമ്പോൾ സൻഹേരീബിന്റെ ദൈവങ്ങൾ ചില്ലിക്കാശിനു വിലയില്ലാത്തവരാണെന്നു തെളിയും. അത് യഹൂദർ ഹൃദയത്തിൽ ഉൾക്കൊള്ളേണ്ട ഒരു പാഠമാണ്. വിശ്വസ്തനായ ഹിസ്കീയാവിന്റെ വാഴ്ചക്കാലത്തു പോലും യഹൂദാദേശം ഇസ്രായേൽ ദേശം പോലെതന്നെ വിഗ്രഹങ്ങളാൽ നിറഞ്ഞിരിക്കുന്നു. (യെശയ്യാവു 2:5-8) യഹൂദാ നിവാസികളുടെ കാര്യത്തിൽ, യഹോവയുമായുള്ള ബന്ധം പുതുക്കുന്നതിന് അവർ പാപങ്ങൾ സംബന്ധിച്ച് അനുതപിക്കുകയും ‘ഓരോരുത്തനും മിത്ഥ്യാമൂർത്തികളെ’ ത്യജിച്ചുകളയുകയും ചെയ്യേണ്ടത് ആവശ്യമാണ്.—പുറപ്പാടു 34:14 കാണുക.
21. അസീറിയയ്ക്ക് എതിരെയുള്ള യഹോവയുടെ ന്യായവിധി നിർവഹണത്തെ കുറിച്ച് യെശയ്യാവ് പ്രാവചനിക ഭാഷയിൽ എങ്ങനെ വർണിക്കുന്നു?
21 അടുത്തതായി യെശയ്യാവ്, യഹൂദയുടെ നിഷ്ഠുര ശത്രുവിന് എതിരെയുള്ള യഹോവയുടെ ന്യായവിധി നിർവഹണത്തെ കുറിച്ചു പ്രാവചനിക ഭാഷയിൽ വർണിക്കുന്നു: “എന്നാൽ അശ്ശൂർ പുരുഷന്റേതല്ലാത്ത വാളാൽ വീഴും; മനുഷ്യന്റേതല്ലാത്ത വാളിന്നു ഇരയായിത്തീരും; അവർ വാളിന്നു ഒഴിഞ്ഞു ഓടിപ്പോയാൽ അവരുടെ യൌവനക്കാർ ഊഴിയവേലക്കാരായിത്തീരും.” (യെശയ്യാവു 31:8) വധനിർവഹണത്തിനുള്ള സമയം വന്നെത്തുമ്പോൾ യെരൂശലേം നിവാസികൾക്ക് ഉറയിൽനിന്നു വാൾ ഊരേണ്ട ആവശ്യംപോലും ഉണ്ടാവില്ല. അസീറിയൻ സേനയിലെ മികച്ച യോദ്ധാക്കൾ കൊല്ലപ്പെടുന്നു—മനുഷ്യരുടെ വാളാൽ അല്ല, യഹോവയുടെ വാളാൽ. യഹോവയുടെ ദൂതൻ 1,85,000 പടയാളികളെ കൊല്ലുന്നതോടെ അസീറിയൻ രാജാവായ സൻഹേരീബ് “വാളിന്നു ഒഴിഞ്ഞ് ഓടിപ്പോ”കുന്നു. പിന്നീട്, തന്റെ ദേവനായ നിസ്രോക്കിനെ വണങ്ങുന്ന സമയത്തു സ്വന്തം പുത്രന്മാർതന്നെ സൻഹേരീബിനെ വെട്ടിക്കൊല്ലുന്നു.—2 രാജാക്കന്മാർ 19:35-37.
22. ഹിസ്കീയാവും അസീറിയൻ സൈന്യവും ഉൾപ്പെട്ട സംഭവത്തിൽനിന്ന് ഇന്നു ക്രിസ്ത്യാനികൾക്ക് എന്തു പഠിക്കാനാകും?
22 യഹോവ യെരൂശലേമിനെ അസീറിയൻ സൈന്യത്തിന്റെ കയ്യിൽനിന്ന് എങ്ങനെ വിടുവിക്കുമെന്ന് ഹിസ്കീയാവ് ഉൾപ്പെടെ ആർക്കും അറിഞ്ഞുകൂടായിരുന്നു. ദുഷ്കര സാഹചര്യത്തെ നേരിട്ടപ്പോൾ ഹിസ്കീയാവ് കൈക്കൊണ്ട മാർഗം ഇന്നു പീഡനങ്ങൾ നേരിടുന്നവർക്ക് ഒരു ഉത്കൃഷ്ട മാതൃകയാണ്. (2 കൊരിന്ത്യർ 4:16-18) നിഷ്ഠുരരായ അസീറിയക്കാർ യെരൂശലേമിനെതിരെ മുഴക്കിയ ഭീഷണികൾ ഹിസ്കീയാവിൽ ഭയം ജനിപ്പിച്ചു എന്നതു സ്വാഭാവികം മാത്രം. (2 രാജാക്കന്മാർ 19:3) എങ്കിലും, യഹോവയിൽ അവനു പൂർണ വിശ്വാസമുണ്ടായിരുന്നു. തന്മൂലം, മാർഗനിർദേശത്തിനായി മനുഷ്യനിലേക്കു തിരിയുന്നതിനു പകരം അവൻ യഹോവയിലേക്കു തിരിഞ്ഞു. ഹിസ്കീയാവ് അങ്ങനെ ചെയ്തത് യെരൂശലേമിന് എത്ര വലിയ അനുഗ്രഹമാണു കൈവരുത്തിയത്! സമ്മർദത്തിൻ കീഴിൽ ദൈവഭയമുള്ള ക്രിസ്ത്യാനികൾക്ക് ഇന്നു കടുത്ത ആകുലത അനുഭവപ്പെട്ടേക്കാം. പല സാഹചര്യങ്ങളിലും ഭയം തോന്നുക സ്വഭാവികമാണ്. എങ്കിലും, നാം ‘സകല ചിന്താകുലവും യഹോവയുടെമേൽ ഇടുന്ന’പക്ഷം അവൻ നമ്മെ പരിപാലിക്കും. (1 പത്രൊസ് 5:7) ഭയത്തെ തരണം ചെയ്യാനും സമ്മർദത്തിന് ഇടയാക്കുന്ന സാഹചര്യത്തെ വിജയപ്രദമായി മറികടക്കാനും അവൻ നമ്മെ സഹായിക്കും.
23. ഹിസ്കീയാവിനു പകരം സൻഹേരീബ് ഭയപരവശനാകുന്നത് എന്തുകൊണ്ട്?
23 ഒടുവിൽ, ഭയപരവശൻ ആകുന്നതു ഹിസ്കീയാവല്ല, മറിച്ച് സൻഹേരീബാണ്. അവന് ആരെ ആശ്രയിക്കാനാകും? യെശയ്യാവ് മുൻകൂട്ടി പറയുന്നു: “ഭീതിനിമിത്തം അവന്റെ പാറ പൊയ്പ്പോകും; കൊടികണ്ട് അവന്റെ പ്രഭുക്കന്മാർ നടുങ്ങിപ്പോകും എന്ന് സീയോനിൽ തീയും യെരൂശലേമിൽ ചൂളയും ഉള്ള യഹോവ അരുളിച്ചെയ്യുന്നു.” (യെശയ്യാവു 31:9, NIBV) സൻഹേരീബിന്റെ ദൈവങ്ങൾ—അവൻ അഭയംതേടിയ അവന്റെ “പാറ”—അവനെ രക്ഷിക്കാൻ അപ്രാപ്തരാണ്. ആലങ്കാരികമായി, അവർ ‘ഭീതിനിമിത്തം പൊയ്പ്പോകും.’ സൻഹേരീബിന്റെ ദേശത്തിലെ പ്രമാണിമാർക്കും കാര്യമായി ഒന്നുംതന്നെ ചെയ്യാനാകുന്നില്ല. അവരെയും ഭയം ഗ്രസിച്ചിരിക്കുന്നു.
24. അസീറിയയ്ക്കു സംഭവിച്ചതിൽനിന്ന് എന്തു വ്യക്തമായ സന്ദേശം നമുക്ക് ഉൾക്കൊള്ളാനാകും?
24 യെശയ്യാ പ്രവചനത്തിന്റെ ഈ ഭാഗം, ദൈവത്തോട് എതിർക്കാൻ മുതിരുന്ന ഏതൊരാൾക്കും വ്യക്തമായ ഒരു സന്ദേശം കൈമാറുന്നു. ഏതെങ്കിലും ആയുധത്തിനോ ശക്തിക്കോ തന്ത്രത്തിനോ യഹോവയുടെ ഉദ്ദേശ്യങ്ങളെ വിഫലമാക്കാനാവില്ല. (യെശയ്യാവു 41:11, 12) അതേസമയംതന്നെ, ദൈവത്തെ സേവിക്കുന്നതായി അവകാശപ്പെടുന്നവർ അവനെ വിട്ടു സുരക്ഷിതത്വത്തിനായി മനുഷ്യ ഉറവിടങ്ങളിലേക്കു തിരിഞ്ഞാൽ നിരാശരാകേണ്ടിവരും. ‘യിസ്രായേലിന്റെ പരിശുദ്ധങ്കലേക്കു നോക്കാ’ത്ത ഏതൊരുവനും സ്വയം “അനർത്ഥം വരുത്തും.” (യെശയ്യാവു 31:1, 2) വസ്തുനിഷ്ഠമായി പറഞ്ഞാൽ, സ്ഥായിയായ ഏക രക്ഷാസങ്കേതം യഹോവയാം ദൈവമാണ്.—സങ്കീർത്തനം 37:5.
[അടിക്കുറിപ്പുകൾ]
a യെശയ്യാവു 31-ാം അധ്യായത്തിലെ ആദ്യത്തെ മൂന്നു വാക്യങ്ങൾ പത്തു-ഗോത്ര ഇസ്രായേലിനെ ഉദ്ദേശിച്ചുള്ളത് ആയിരിക്കാനാണ് ഏറെ സാധ്യത. ഒടുവിലത്തെ ആറ് വാക്യങ്ങൾ യഹൂദർക്കു ബാധകമാകുന്നതായി തോന്നുന്നു.
[319-ാം പേജിലെ ചിത്രം]
ഭൗതിക വസ്തുക്കളിൽ ആശ്രയിക്കുന്നവർ നിരാശരാകും
[322-ാം പേജിലെ ചിത്രം]
ഇരയുടെമേൽ ദൃഷ്ടിയൂന്നി നിൽക്കുന്ന ഒരു ബാലസിംഹത്തെ പോലെ യഹോവ തന്റെ വിശുദ്ധ നഗരത്തെ സംരക്ഷിക്കും
[324-ാം പേജിലെ ചിത്രങ്ങൾ]
മതപരവും വംശീയവും വർഗീയവുമായ വിദ്വേഷത്താൽ ഇന്നു ലോകം വിഭജിതമാണ്
[326-ാം പേജിലെ ചിത്രം]
ഹിസ്കീയാവ് സഹായം തേടി യഹോവയുടെ ആലയത്തിലേക്കു പോയി