അധ്യായം ഇരുപത്തഞ്ച്
രാജാവും പ്രഭുക്കന്മാരും
1, 2. യെശയ്യാവിന്റെ ചാവുകടൽ ചുരുളിലെ പാഠഭാഗത്തെ കുറിച്ച് എന്തു പറയാൻ സാധിക്കും?
പാലസ്തീനിൽ, ചാവുകടലിനു സമീപത്തുള്ള ഗുഹകളിൽനിന്ന് 1940-കളുടെ അവസാനത്തോടടുത്ത് പ്രധാനപ്പെട്ട നിരവധി ചുരുളുകൾ കണ്ടെടുക്കുകയുണ്ടായി. ചാവുകടൽ ചുരുളുകൾ എന്ന് അറിയപ്പെടുന്ന അവ, പൊ.യു.മു. 200-നും പൊ.യു. 70-നും ഇടയ്ക്ക് എഴുതിയവയാണെന്നു കരുതപ്പെടുന്നു. ഈടുനിൽക്കുന്ന തുകലിൽ എബ്രായ ഭാഷയിൽ എഴുതപ്പെട്ട യെശയ്യാവിന്റെ ചുരുളാണ് അക്കൂട്ടത്തിൽ ഏറ്റവും പ്രസിദ്ധമായത്. യെശയ്യാവിന്റെ മുഴു പുസ്തകവുംതന്നെ ആ ചുരുളിൽ അടങ്ങിയിരിക്കുന്നു എന്നു പറയാം. ഇതിനു മാസൊരിറ്റിക് പാഠങ്ങളുടെ കയ്യെഴുത്തുപ്രതികളെക്കാൾ ഏകദേശം 1,000 വർഷം പഴക്കമുണ്ട്. എന്നുവരികിലും, ഈ രണ്ടു പാഠഭാഗങ്ങളും തമ്മിൽ കാര്യമായ വ്യത്യാസമൊന്നുമില്ല. അതിനാൽ, ബൈബിളിലെ വിവരങ്ങൾ അതേപടി നമുക്കു ലഭിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ ചാവുകടൽ ചുരുൾ.
2 യെശയ്യാവിന്റെ ചാവുകടൽ ചുരുളിൽ ഒരു പ്രത്യേകത കണ്ടെത്താനാകും. അതിൽ, ഇന്നു നാം ബൈബിളിൽ കാണുന്ന യെശയ്യാവു 32-ാം അധ്യായം വരുന്ന ഭാഗം ഒരു ശാസ്ത്രി അതിന്റെ മാർജിനിൽ “X” അടയാളം ഇട്ട് വേർതിരിച്ചിരിക്കുന്നു. എന്തിനാണ് അദ്ദേഹം അങ്ങനെ ചെയ്തത് എന്നു നമുക്കറിഞ്ഞുകൂടാ. എന്നാൽ ഒരു കാര്യം നമുക്കറിയാം, വിശുദ്ധ ബൈബിളിലെ ഈ ഭാഗത്തിന് ഒരു പ്രത്യേകതയുണ്ട്.
നീതിയോടെയും ന്യായത്തോടെയുമുള്ള ഭരണം
3. യെശയ്യാവു, വെളിപ്പാടു എന്നീ ബൈബിൾ പുസ്തകങ്ങളിൽ എന്തു ഭരണക്രമീകരണത്തെ കുറിച്ചു പ്രവചിച്ചിരിക്കുന്നു?
3 നമ്മുടെ നാളിൽ ശ്രദ്ധേയമായ വിധത്തിൽ നിവൃത്തിയേറിയിരിക്കുന്ന ഹൃദയഹാരിയായ ഒരു പ്രവചനത്തോടെയാണ് യെശയ്യാവു 32-ാം അധ്യായം തുടങ്ങുന്നത്. “കണ്ടാലും! ഒരു രാജാവ് ധർമിഷ്ഠതയോടെ ഭരിക്കും; പ്രഭുക്കന്മാർ നീതിപൂർവം ഭരണം നടത്തും.” (യെശയ്യാവു 32:1, “ഓശാന ബൈ.”) “കണ്ടാലും!” ആശ്ചര്യസൂചകമായ ഈ ഉദ്ഘോഷം ബൈബിളിലെ അവസാനത്തെ പ്രാവചനിക പുസ്തകത്തിലുള്ള സമാനമായ ഒരു ഉദ്ഘോഷത്തെ നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നു: ‘സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു.’ (വെളിപ്പാടു 21:5) യെശയ്യാ പുസ്തകം എഴുതി 900 വർഷത്തിനു ശേഷമാണ് വെളിപ്പാടു പുസ്തകം എഴുതപ്പെടുന്നതെങ്കിലും, ഈ രണ്ടു ബൈബിൾ പുസ്തകങ്ങളും ഒരു “പുതിയ ആകാശ”ത്തെയും ഒരു “പുതിയ ഭൂമി”യെയും കുറിച്ചുള്ള ഹൃദയോഷ്മളമായ വിവരണം നൽകുന്നു. 1914-ൽ രാജാവായി അവരോധിക്കപ്പെട്ട യേശുക്രിസ്തുവും “ഭൂമിയിൽനിന്നു വിലെക്കു വാങ്ങിയ” 1,44,000 സഹഭരണാധിപന്മാരും അടങ്ങിയ ഒരു പുതിയ ഭരണക്രമീകരണമാണ് ‘പുതിയ ആകാശം.’ ഒരു ആഗോള ഏകീകൃത മനുഷ്യ സമുദായത്തെയാണ് “പുതിയ ഭൂമി” അർഥമാക്കുന്നത്.a (വെളിപ്പാടു 14:1-4; 21:1-4; യെശയ്യാവു 65:17-25) ക്രിസ്തുവിന്റെ മറുവിലയാഗത്തിലൂടെയാണ് ഇതെല്ലാം സാധ്യമാകുന്നത്.
4. പുതിയ ഭൂമിയുടെ കേന്ദ്രബിന്ദു ആർ?
4 യോഹന്നാൻ അപ്പൊസ്തലൻ ദർശനത്തിൽ, യേശുവിന്റെ ഈ സഹഭരണാധിപന്മാരായ 1,44,000 പേരുടെ അന്തിമ മുദ്രയിടൽ കണ്ടശേഷം ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: ‘പിന്നെയും ഞാൻ നോക്കി; അതാ, എല്ലാ ജനപദങ്ങളിലും ഗോത്രങ്ങളിലും ജനതകളിലും ഭാഷക്കാരിലുംനിന്ന് എണ്ണാനാവാത്തത്ര വലിയൊരു ജനക്കൂട്ടം [മഹാപുരുഷാരം], സിംഹാസനത്തിന്റെയും കുഞ്ഞാടിന്റെയും മുമ്പിൽ നില്ക്കുന്നു!’ ദശലക്ഷക്കണക്കിനു വരുന്ന ഈ മഹാപുരുഷാരമാണു പുതിയ ഭൂമിയുടെ കേന്ദ്രബിന്ദു. അവർ 1,44,000-ത്തിൽ ശേഷിക്കുന്നവരുടെ പക്ഷത്തേക്കു കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എണ്ണത്തിൽ കുറഞ്ഞുകൊണ്ടിരിക്കുന്ന ആ അഭിഷിക്ത ശേഷിപ്പിൽ പലരും വളരെ പ്രായം ചെന്നവരാണ്. ഈ മഹാപുരുഷാരം അതിവേഗം അടുത്തുവരുന്ന മഹോപദ്രവത്തെ അതിജീവിക്കും. തുടർന്നു സ്ഥാപിതമാകുന്ന പറുദീസാ ഭൂമിയിൽ അവരെ കൂടാതെ, പുനരുത്ഥാനം പ്രാപിക്കുന്ന വിശ്വസ്തരായ ദൈവദാസന്മാരും വിശ്വാസം പ്രകടമാക്കാൻ അവസരം ലഭിക്കുന്ന മറ്റു ശതകോടിക്കണക്കിന് ആളുകളും ഉണ്ടായിരിക്കും. വിശ്വാസം പ്രകടമാക്കുന്ന ഏവർക്കും നിത്യജീവൻ ലഭിക്കും.—വെളിപ്പാടു 7:4, 9-17, ഓശാന ബൈ.
5-7. യെശയ്യാവു 32-ാം അധ്യായത്തിൽ പറഞ്ഞിരിക്കുന്ന ‘പ്രഭുക്കന്മാർ’ ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിനുവേണ്ടി എന്തു ചെയ്യുന്നു?
5 എന്നിരുന്നാലും, വിദ്വേഷപൂർണമായ ഇന്നത്തെ ലോകം നിലനിൽക്കുന്നിടത്തോളം കാലം മഹാപുരുഷാരത്തിനു സംരക്ഷണം ആവശ്യമാണ്. ഇന്നു കൂടുതലും, “നീതിപൂർവം ഭരണം നടത്തു”ന്ന ഈ “പ്രഭുക്കന്മാർ” ആണു സംരക്ഷണം പ്രദാനം ചെയ്യുന്നത്. എത്ര മഹത്തായ ഒരു ക്രമീകരണം! പ്രസ്തുത “പ്രഭുക്കന്മാ”രെ പറ്റി മനോജ്ഞമായ വാക്കുകളിൽ യെശയ്യാവു കൂടുതലായി ഇങ്ങനെ പറയുന്നു: “ഓരോരുത്തൻ കാററിന്നു ഒരു മറവും പിശറിന്നു ഒരു സങ്കേതവും ആയി വരണ്ട നിലത്തു നീർത്തോടുകൾപോലെയും ക്ഷീണമുള്ള ദേശത്തു ഒരു വമ്പാറയുടെ തണൽപോലെയും ഇരിക്കും.”—യെശയ്യാവു 32:2.
6 ലോകവ്യാപകമായി കഷ്ടപ്പാടും ദുരിതവും നിറഞ്ഞിരിക്കുന്ന ഇക്കാലത്ത് “പ്രഭുക്കന്മാരുടെ” അതായത്, യഹോവയുടെ “ആട്ടിൻകൂട്ടം മുഴുവനെയും സൂക്ഷി”ക്കുകയും പരിപാലിക്കുകയും അവന്റെ നീതിയുള്ള പ്രമാണങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യുന്ന മൂപ്പന്മാരുടെ ആവശ്യമുണ്ട്. (പ്രവൃത്തികൾ 20:28) അത്തരം “പ്രഭുക്കന്മാർ” 1 തിമൊഥെയൊസ് 3:2-7-ലും തീത്തൊസ് 1:6-9-ലും കൊടുത്തിരിക്കുന്ന യോഗ്യതകളിൽ എത്തിച്ചേരേണ്ടതുണ്ട്.
7 ക്ലേശപൂർണമായ ഈ “വ്യവസ്ഥിതിയുടെ സമാപന”ത്തെ [NW] കുറിച്ചു വിശദീകരിക്കുന്ന മഹത്തായ പ്രവചനത്തിൽ യേശു ഇങ്ങനെ പറഞ്ഞു: “ചഞ്ചലപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.” (മത്തായി 24:3-8) ഇന്നത്തെ ഭീതിദമായ ലോകാവസ്ഥകൾ യേശുവിന്റെ അനുഗാമികളെ ചഞ്ചലപ്പെടുത്താത്തത് അഥവാ പരിഭ്രമിപ്പിക്കാത്തത് എന്തുകൊണ്ട്? “പ്രഭുക്കന്മാർ”—അവർ അഭിഷിക്തർ ആയിരുന്നാലും “വേറെ ആടുകൾ” ആയിരുന്നാലും—വിശ്വസ്തതയോടെ ആടുകളെ കാത്തുപരിപാലിക്കുന്നു എന്നതാണ് ഒരു കാരണം. (യോഹന്നാൻ 10:16) വംശീയ യുദ്ധങ്ങളും വർഗീയ കശാപ്പും പോലുള്ള കൊടും ക്രൂരതകൾക്കു മധ്യേ പോലും അവർ നിർഭയം തങ്ങളുടെ സഹോദരീസഹോദരന്മാരെ കാത്തുപരിപാലിക്കുന്നു. ആത്മീയമായി വറ്റിവരണ്ട ഈ ലോകത്തിൽ ദൈവവചനമായ ബൈബിളിലെ പരിപുഷ്ടിപ്പെടുത്തുന്ന സത്യങ്ങൾകൊണ്ട് അവർ വിഷാദമഗ്നർക്കു നവോന്മേഷം പകരുന്നു.
8. യഹോവ വേറെ ആടുകളിൽ പെട്ട “പ്രഭുക്കന്മാ”രെ പരിശീലിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത് എങ്ങനെ?
8 കഴിഞ്ഞ 50 വർഷംകൊണ്ട് “പ്രഭുക്കന്മാർ” ആരാണെന്നതു വളരെ വ്യക്തമായിത്തീർന്നിരിക്കുന്നു. വേറെ ആടുകളിൽ പെട്ട “പ്രഭുക്കന്മാർ”ക്ക് ഒരു “പ്രഭുവർഗ”മായി വളർന്നുവരുന്നതിന് ആവശ്യമായ പരിശീലനം ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നു. തന്മൂലം, അവരിൽ യോഗ്യതയുള്ളവർ മഹോപദ്രവത്തിനു ശേഷം “പുതിയ ഭൂമി”യിൽ ഭരണപരമായ പദവികളിൽ സേവിക്കാൻ സജ്ജരായിരിക്കും. (യെഹെസ്കേൽ 44:2, 3; 2 പത്രൊസ് 3:13) രാജ്യ സേവനത്തിൽ നേതൃത്വം വഹിക്കവെ, ആത്മീയ മാർഗനിർദേശവും നവോന്മേഷവും പ്രദാനം ചെയ്തുകൊണ്ട് തങ്ങൾ “വമ്പാറയുടെ തണൽപോലെ” ആണെന്ന് അവർ സ്വയം തെളിയിക്കുകയാണ്. അങ്ങനെ, ആരാധനയോടുള്ള ബന്ധത്തിൽ അവർ ആട്ടിൻകൂട്ടത്തിന് ആശ്വാസം പകരുകയും ചെയ്യുന്നു.b
9. ഇന്നത്തെ ഏതെല്ലാം അവസ്ഥകൾ “പ്രഭുക്കന്മാ”രുടെ ആവശ്യത്തെ വിളിച്ചറിയിക്കുന്നു?
9 സാത്താന്റെ ദുഷ്ട ലോകത്തിന്റെ ഈ അന്ത്യനാളുകളിൽ ജീവിക്കുന്ന സമർപ്പിത ക്രിസ്ത്യാനികൾക്ക് അത്തരം സംരക്ഷണം അനിവാര്യമാണ്. (2 തിമൊഥെയൊസ് 3:1-5, 13) വ്യാജോപദേശങ്ങളുടെയും വളച്ചൊടിച്ച ആശയപ്രചാരണങ്ങളുടെയും ശക്തമായ കാറ്റ് ആഞ്ഞടിക്കുകയാണ്. രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾ, ആഭ്യന്തര കലഹങ്ങൾ എന്നിവയുടെ രൂപത്തിലുള്ള കൊടുങ്കാറ്റും ആഞ്ഞുവീശിക്കൊണ്ടിരിക്കുന്നു. മാത്രമല്ല, യഹോവയാം ദൈവത്തിന്റെ വിശ്വസ്ത ആരാധകർക്കു ശത്രുക്കളിൽനിന്നു നേരിട്ടുള്ള ആക്രമണവും ഉണ്ടാകുന്നു. ആത്മീയമായി വരണ്ടുണങ്ങിയ ഈ ലോകത്തിൽ തങ്ങളുടെ ആത്മീയ ദാഹം ശമിപ്പിക്കാൻ ക്രിസ്ത്യാനികൾക്കു നിർമലവും കലർപ്പില്ലാത്തതുമായ സത്യത്തിന്റെ ജലം കൂടിയേ തീരൂ. സന്തോഷകരമെന്നു പറയട്ടെ, ദുർഘടമായ ഈ കാലഘട്ടത്തിൽ, വാഴ്ച നടത്തുന്ന രാജാവ് അവന്റെ അഭിഷിക്ത സഹോദരങ്ങളിലൂടെയും അവരെ പിന്തുണയ്ക്കുന്ന വേറെ ആടുകളിലെ ‘പ്രഭുക്കന്മാരി’ലൂടെയും നിരാശരും നിരുത്സാഹിതരുമായ ആളുകൾക്കു പ്രോത്സാഹനവും മാർഗദർശനവും നൽകുമെന്ന് യഹോവ വാഗ്ദാനം ചെയ്തിരിക്കുന്നു. അങ്ങനെ, നീതിയും ന്യായവും കളിയാടുന്നുവെന്ന് യഹോവ ഉറപ്പുവരുത്തും.
കണ്ണുകൊണ്ടും ചെവികൊണ്ടും ഹൃദയംകൊണ്ടും ശ്രദ്ധ നൽകൽ
10. തന്റെ ജനം ആത്മീയ കാര്യങ്ങൾ ‘കാണുന്ന’തിനും ‘കേൾക്കു’ന്നതിനുമായി യഹോവ ചെയ്തിരിക്കുന്ന കരുതലുകൾ ഏവ?
10 യഹോവയുടെ ദിവ്യാധിപത്യ ക്രമീകരണങ്ങളോടു മഹാപുരുഷാരം എങ്ങനെയാണു പ്രതികരിച്ചിട്ടുള്ളത്? യെശയ്യാവിന്റെ പ്രവചനം ഇങ്ങനെ തുടരുന്നു: “കാണുന്നവരുടെ കണ്ണു ഇനി മങ്ങുകയില്ല; കേൾക്കുന്നവരുടെ ചെവി ശ്രദ്ധിക്കും.” (യെശയ്യാവു 32:3) താൻ വിലയേറിയവരായി കണക്കാക്കുന്ന തന്റെ ദാസന്മാർക്കു പ്രബോധനമേകുന്നതിനും അവരെ പക്വതയിലേക്ക് ഉയർത്തുന്നതിനുമായി യഹോവ വർഷങ്ങളായി വളരെയധികം കാര്യങ്ങൾ ചെയ്തിരിക്കുന്നു. യഹോവയുടെ സാക്ഷികളുടെ ലോകവ്യാപകമായുള്ള സഭകളിൽ നടത്തിവരുന്ന ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂൾ ഉൾപ്പെടെയുള്ള യോഗങ്ങൾ, ഡിസ്ട്രിക്റ്റ്-ദേശീയ-അന്താരാഷ്ട്ര കൺവെൻഷനുകൾ, ആട്ടിൻകൂട്ടത്തോടു സ്നേഹപുരസ്സരം ഇടപെടുന്നതിന് “പ്രഭുക്കന്മാർക്കു” നൽകുന്ന വിദഗ്ധ പരിശീലനം എന്നിവയാണ് അവയിൽ ചിലത്. ഇവയെല്ലാം ദശലക്ഷക്കണക്കിനു വരുന്ന ഏകീകൃതരായ ഒരു ആഗോള സഹോദരവർഗത്തെ പരിപുഷ്ടിപ്പെടുത്തുന്നതിനു സഹായകമായിരുന്നിട്ടുണ്ട്. ഭൂമിയിൽ എവിടെ ആയിരുന്നാലും, സത്യവചനത്തിന്റെ ഗ്രാഹ്യത്തിലെ പൊരുത്തപ്പെടുത്തലുകൾ സ്വീകരിക്കാൻ ഈ ഇടയന്മാർ ഉത്സുകരാണ്. ബൈബിൾ പരിശീലിത മനഃസാക്ഷിയുള്ള അവർ കാര്യങ്ങൾ കേട്ടനുസരിക്കാൻ സദാ സന്നദ്ധരാണ്.—സങ്കീർത്തനം 25:10.
11. ദൈവജനത്തിന് ഇപ്പോൾ ബോധ്യമില്ലാതെയല്ല, മറിച്ച് ഉറച്ച വിശ്വാസത്തോടെ സംസാരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
11 തുടർന്ന്, പ്രവചനം ഈ മുന്നറിയിപ്പു നൽകുന്നു: “അവിവേകികളുടെ [“തിടുക്കമുള്ളവരുടെ,” NW] ഹൃദയം പരിജ്ഞാനം ഗ്രഹിക്കും; വിക്കന്മാരുടെ നാവു തടവില്ലാതെ വ്യക്തമായി സംസാരിക്കും.” (യെശയ്യാവു 32:4) ശരിയും തെറ്റും സംബന്ധിച്ചു നിഗമനങ്ങളിലെത്താൻ ആരും തിടുക്കം കൂട്ടാതിരിക്കട്ടെ. “തിടുക്കംപൂണ്ട് സംസാരിക്കുന്ന ഒരുവനെ നീ കണ്ടിട്ടുണ്ടോ? അവനെക്കുറിച്ചുള്ളതിലും ഒരു ഭോഷനെക്കുറിച്ച് അധികം പ്രത്യാശയ്ക്കു വകയുണ്ട്.” (സദൃശവാക്യങ്ങൾ 29:20, NIBV; സഭാപ്രസംഗി 5:2) 1919-നു മുമ്പ് യഹോവയുടെ ജനം പോലും ദുഷിച്ച ബാബിലോണിയൻ ആശയങ്ങളാൽ കളങ്കിതരായിരുന്നു. എന്നാൽ, ആ വർഷം മുതൽ തന്റെ ഉദ്ദേശ്യങ്ങൾ സംബന്ധിച്ച വ്യക്തമായ ഗ്രാഹ്യം യഹോവ അവർക്കു നൽകിത്തുടങ്ങി. തിടുക്കത്തോടെയല്ല, മറിച്ച് നന്നായി മുൻകൂട്ടി ചിന്തിച്ചാണ് അവൻ ആ സത്യങ്ങൾ വെളിപ്പെടുത്തിയതെന്ന് അവർ തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ട് ഉറച്ച വിശ്വാസത്തോടെയാണ് അവർ ഇപ്പോൾ സംസാരിക്കുന്നത്, ബോധ്യമില്ലാതെ വിക്കിവിക്കിയല്ല.
“ഭോഷൻ”
12. ഇന്ന് ആരെയൊക്കെ ‘ഭോഷന്മാർ’ എന്നു വിളിക്കാനാകും, ഏതു വിധത്തിലാണ് അവർ ഉദാരത കാണിക്കാൻ പരാജയപ്പെടുന്നത്?
12 യെശയ്യാവ് അടുത്തതായി ഒരു വിപരീത താരതമ്യം ചെയ്യുന്നു: “ഭോഷനെ ഇനി ഉത്തമൻ [“ഉദാരമതി,” NW] എന്നു വിളിക്കയില്ല; ആഭാസനെ മഹാത്മാവെന്നു പറകയുമില്ല. ഭോഷൻ ഭോഷത്വം സംസാരിക്കും.” (യെശയ്യാവു 32:5, 6എ) “ഭോഷൻ” എന്ന് ഉദ്ദേശിക്കുന്നത് ആരെയാണ്? ഊന്നലിനു വേണ്ടിയാകാം, ദാവീദ് രാജാവ് രണ്ടു സന്ദർഭങ്ങളിൽ അതിന് ഉത്തരം നൽകുന്നുണ്ട്: “[യഹോവ] ഇല്ല എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു; അവർ വഷളന്മാരായി മ്ലേച്ഛത പ്രവർത്തിക്കുന്നു; നന്മചെയ്യുന്നവൻ ആരുമില്ല.” (സങ്കീർത്തനം 14:1; 53:1) “യഹോവ ഇല്ല” എന്നു കടുത്ത നിരീശ്വരവാദികൾ പറയുന്നുവെന്നതിൽ തർക്കമില്ല. എന്നാൽ, ദൈവം ഇല്ല എന്നവണ്ണം, അതായത് തങ്ങൾ ആരോടും കണക്കു ബോധിപ്പിക്കാൻ ബാധ്യസ്ഥരല്ല എന്നവണ്ണം പ്രവർത്തിക്കുന്ന “ബുദ്ധിശാലികളും” ഫലത്തിൽ അതുതന്നെയാണു പറയുന്നത്. അത്തരക്കാരിൽ സത്യമില്ല. അവരുടെ ഹൃദയങ്ങളിൽ ഉദാരതയില്ല. മറ്റുള്ളവരെ അറിയിക്കാൻ അവരുടെ പക്കൽ സ്നേഹത്തിന്റെ ഒരു സന്ദേശവുമില്ല. യഥാർഥ ക്രിസ്ത്യാനികളിൽനിന്നു വ്യത്യസ്തരായി, അവർ മുട്ടുള്ളവരെ കഷ്ടങ്ങളിൽ സഹായിക്കാൻ മന്ദീഭാവം കാട്ടുകയോ അക്കാര്യത്തിൽ പൂർണമായി പരാജയപ്പെടുകയോ ചെയ്യുന്നു.
13, 14 (എ) ഇക്കാലത്തെ വിശ്വാസത്യാഗികൾ ദ്രോഹകരമായി പ്രവർത്തിക്കുന്നത് എങ്ങനെ? (ബി) വിശപ്പും ദാഹവും ഉള്ളവർക്ക് എന്തു ലഭിക്കാതിരിക്കാൻ വിശ്വാസത്യാഗികൾ തന്ത്രങ്ങൾ അവലംബിക്കുന്നു, അന്തിമഫലം എന്തായിരിക്കും?
13 അത്തരത്തിലുള്ള ഭോഷന്മാരായ അനേകർ ദൈവസത്യത്തിനായി നിലകൊള്ളുന്നവരെ ദ്വേഷിക്കുന്നു. ‘വഷളത്തം പ്രവർത്തിക്കുവാനും യഹോവയെ ദുഷിച്ചു സംസാരിക്കുവാനും അയാളുടെ ഹൃദയം ദുഷ്ടത ആസൂത്രണം ചെയ്യുന്നു.’ (യെശയ്യാവു 32:6ബി, NIBV) ഇക്കാലത്തെ വിശ്വാസത്യാഗികളുടെ കാര്യത്തിൽ ഇത് എത്രയോ സത്യമാണ്! ഏഷ്യയിലെയും യൂറോപ്പിലെയും നിരവധി രാജ്യങ്ങളിൽ വിശ്വാസത്യാഗികൾ സത്യത്തെ എതിർക്കുന്ന മറ്റുള്ളവരുമായി കൈകോർക്കുന്നു. യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾ നിരോധിക്കുകയോ അവരുടെ പ്രവർത്തനങ്ങളുടെമേൽ വിലക്ക് ഏർപ്പെടുത്തുകയോ ചെയ്യുക എന്ന ലക്ഷ്യത്തിൽ അധികാരസ്ഥാനങ്ങളിൽ ഉള്ളവരോട് അവർ സാക്ഷികളെ സംബന്ധിച്ച് കല്ലുവെച്ച നുണകൾ പറയുന്നു. യേശു പ്രവചിച്ച “ദുഷ്ടദാസ”ന്റെ അതേ മനോഭാവമാണ് അവരുടേതും: “എന്നാൽ അവൻ ദുഷ്ടദാസനായി: യജമാനൻ വരുവാൻ താമസിക്കുന്നു എന്നു ഹൃദയംകൊണ്ടു പറഞ്ഞു, കൂട്ടുദാസന്മാരെ അടിപ്പാനും കുടിയന്മാരോടുകൂടി തിന്നുകുടിപ്പാനും തുടങ്ങിയാൽ ആ ദാസൻ നിരൂപിക്കാത്ത നാളിലും അറിയാത്ത നാഴികയിലും യജമാനൻ വന്നു അവനെ ദണ്ഡിപ്പിച്ചു അവന്നു കപടഭക്തിക്കാരോടുകൂടെ പങ്കു കല്പിക്കും; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.”—മത്തായി 24:48-51.
14 അതിനിടയിൽ, വിശ്വാസത്യാഗികൾ ‘വിശപ്പുള്ളവരെ പട്ടിണിയിടുകയും ദാഹമുള്ളവർക്കു പാനം മുടക്കുകയും’ ചെയ്യുന്നു. (യെശയ്യാവു 32:6സി) സത്യത്തിനായി വിശക്കുന്ന ആളുകൾക്ക് ആത്മീയ ആഹാരം ലഭിക്കാതിരിക്കാനും രാജ്യസന്ദേശത്തിന്റെ നവോന്മേഷദായകമായ വെള്ളത്തിനായി ദാഹിക്കുന്നവർക്ക് അതു ലഭിക്കാതിരിക്കാനുമായി സത്യത്തിന്റെ വൈരികൾ പല തന്ത്രങ്ങളും അവലംബിക്കുന്നു. എന്നാൽ ആത്യന്തികമായി എന്തു സംഭവിക്കുമെന്നു മറ്റൊരു പ്രവാചകനിലൂടെ യഹോവ തന്റെ ജനത്തോടു പ്രഖ്യാപിക്കുന്നു: “അവർ നിന്നോടു യുദ്ധം ചെയ്യും; നിന്നെ ജയിക്കയില്ലതാനും; നിന്നെ രക്ഷിപ്പാൻ ഞാൻ നിന്നോടുകൂടെ ഉണ്ടു എന്നു യഹോവയുടെ അരുളപ്പാടു.”—യിരെമ്യാവു 1:19; യെശയ്യാവു 54:17.
15. ഇന്ന് പ്രത്യേകിച്ചും ‘ആഭാസന്മാർ’ ആയിരിക്കുന്നത് ആരാണ്, അവർ പ്രചരിപ്പിക്കുന്ന “വ്യാജവാക്കു”കൾ എന്തെല്ലാം, അതിന്റെ ഫലമെന്ത്?
15 20-ാം നൂറ്റാണ്ടിന്റെ മധ്യഘട്ടം മുതൽ ക്രൈസ്തവലോക ദേശങ്ങളിൽ അധാർമികത നടമാടുകയാണ്. എന്തുകൊണ്ട്? പിൻവരുന്നപ്രകാരം മുൻകൂട്ടി പറഞ്ഞപ്പോൾ അതിനുള്ള ഒരു കാരണം യെശയ്യാവ് വ്യക്തമാക്കി: “ആഭാസന്റെ ആയുധങ്ങളും ദോഷമുള്ളവ; [മാത്രമല്ല, “അഴിഞ്ഞ നടത്തയ്ക്കായി അവൻ ബുദ്ധിയുപദേശം നൽകിയിരിക്കുന്നു,” NW] ദരിദ്രൻ ന്യായമായി സംസാരിച്ചാലും എളിയവരെ വ്യാജവാക്കു കൊണ്ടു നശിപ്പിപ്പാൻ അവൻ ദുരുപായങ്ങളെ നിരൂപിക്കുന്നു.” (യെശയ്യാവു 32:7) ഈ വാക്കുകളുടെ നിവൃത്തിയായി, ഇന്നത്തെ വൈദികരിൽ അനേകരും വിവാഹപൂർവ ലൈംഗികത, വിവാഹിതരാകാതെ സ്ത്രീയും പുരുഷനും ഒരുമിച്ചു പാർക്കൽ, സ്വവർഗരതി എന്നിങ്ങനെയുള്ള എല്ലാത്തരം ലൈംഗിക വികടത്തരങ്ങളുടെയും നേർക്ക് അനുവാദാത്മക മനോഭാവം കൈക്കൊണ്ടിരിക്കുന്നു. വാസ്തവത്തിൽ, അവർ ‘ദുർന്നടപ്പിലും സകലവിധ അശുദ്ധിയിലും’ വ്യാപൃതരാണ്. (എഫെസ്യർ 5:3) അങ്ങനെ വ്യാജവാക്കുകൾകൊണ്ട് അവർ തങ്ങളുടെ അജഗണങ്ങളെ “നശിപ്പി”ക്കുന്നു.
16. യഥാർഥ ക്രിസ്ത്യാനികൾക്കു സന്തോഷം ലഭിക്കുന്നത് എപ്പോൾ?
16 എന്നാൽ അതിനു നേർവിപരീതമായി, പ്രവാചകൻ തുടർന്നു പറയുന്ന വാക്കുകളുടെ നിവൃത്തി എത്ര നവോന്മേഷപ്രദമാണ്! “ഉത്തമനോ [“ഉദാരമതിയോ,”] ഉത്തമകാര്യങ്ങളെ ചിന്തിക്കുന്നു; ഉത്തമകാര്യങ്ങളിൽ അവൻ ഉററുനില്ക്കുന്നു.” (യെശയ്യാവു 32:8) പിൻവരുന്ന പ്രകാരം പറഞ്ഞുകൊണ്ട് ഉദാരമതികളായിരിക്കാൻ യേശുതന്നെയും പ്രോത്സാഹനം നൽകി: “കൊടുപ്പിൻ; എന്നാൽ നിങ്ങൾക്കു കിട്ടും; അമർത്തി കുലുക്കി കവിയുന്നൊരു നല്ല അളവു നിങ്ങളുടെ മടിയിൽ തരും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നുകിട്ടും.” (ലൂക്കൊസ് 6:38) ഉദാരമതികൾക്കു ലഭിക്കുന്ന അനുഗ്രഹങ്ങളെ കുറിച്ച് പൗലൊസ് അപ്പൊസ്തലനും ചൂണ്ടിക്കാട്ടി: “വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം [“സന്തോഷം,” NW] എന്നു കർത്താവായ യേശുതാൻ പറഞ്ഞ വാക്കു ഓർത്തുകൊൾക.” (പ്രവൃത്തികൾ 20:35) യഥാർഥ ക്രിസ്ത്യാനികൾക്കു സന്തോഷം കൈവരുന്നത് ഭൗതിക സമ്പത്തു സ്വരുക്കൂട്ടുമ്പോഴോ സമൂഹത്തിൽ സ്ഥാനമാനങ്ങൾ നേടിയെടുക്കുമ്പോഴോ അല്ല, മറിച്ച് തങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ഉദാരമതികൾ ആയിരിക്കുമ്പോഴാണ്. (മത്തായി 5:44, 45) അവർ ഏറ്റവും അധികം സന്തോഷിക്കുന്നത് ദൈവഹിതം ചെയ്യുമ്പോൾ, ‘ധന്യനായ [“സന്തുഷ്ടനായ,” NW] ദൈവത്തിന്റെ മഹത്വമുള്ള സുവിശേഷം’ മറ്റുള്ളവരെ അറിയിക്കുമ്പോൾ ആണ്.—1 തിമൊഥെയൊസ് 1:11.
17. ഇക്കാലത്ത് ആരാണ് യെശയ്യാവ് പരാമർശിച്ച ‘ചിന്തയില്ലാത്ത പെണ്ണുങ്ങളെ’ പോലെ ആയിരിക്കുന്നത്?
17 യെശയ്യാവ് തുടർന്നു പ്രവചിക്കുന്നു: “സ്വൈരമായിരിക്കുന്ന സ്ത്രീകളേ, എഴുന്നേററു എന്റെ വാക്കു കേൾപ്പിൻ; ചിന്തയില്ലാത്ത പെണ്ണുങ്ങളേ, എന്റെ വചനം ശ്രദ്ധിപ്പിൻ. ചിന്തയില്ലാത്ത പെണ്ണുങ്ങളേ, ഒരാണ്ടും കുറെ നാളും കഴിയുമ്പോൾ നിങ്ങൾ നടുങ്ങിപ്പോകും; മുന്തിരിക്കൊയ്ത്തു നഷ്ടമാകും; ഫലശേഖരം ഉണ്ടാകയുമില്ല. സ്വൈരമായിരിക്കുന്ന സ്ത്രീകളേ, വിറെപ്പിൻ; ചിന്തയില്ലാത്ത പെണ്ണുങ്ങളേ, നടുങ്ങുവിൻ.” (യെശയ്യാവു 32:9-11എ) ഈ സ്ത്രീകളുടെ മനോഭാവം, ഇന്ന് ദൈവത്തെ സേവിക്കുന്നുവെന്ന് അവകാശപ്പെടുന്നെങ്കിലും യഥാർഥത്തിൽ അവനെ സേവിക്കാത്തവരെ കുറിച്ചു നമ്മെ ഓർമിപ്പിച്ചേക്കാം. ‘വേശ്യമാരുടെ മാതാവ്’ ആയ “മഹതിയാം ബാബിലോ”ണിന്റെ മതങ്ങളിൽ നമുക്ക് അത്തരക്കാരെ കണ്ടെത്താനാകും. (വെളിപ്പാടു 17:5) ഉദാഹരണത്തിന്, ക്രൈസ്തവലോക മതങ്ങളിലെ അംഗങ്ങൾ യെശയ്യാവു വിശദീകരിക്കുന്ന ഈ ‘സ്ത്രീകളു’മായി വളരെ സാമ്യമുള്ളവരാണ്. ഉടനടി തങ്ങളെ പിടിച്ചുലയ്ക്കാനിരിക്കുന്ന ന്യായവിധിയെ കുറിച്ചു കേൾക്കുമ്പോഴും യാതൊരു കുലുക്കവുമില്ലാതെ അവർ ‘സ്വൈര്യമായിരിക്കുന്നു.’
18. “അരയിൽ രട്ടുകെട്ടു”ന്നതിനുള്ള നിർദേശം ലഭിക്കുന്നത് ആർക്ക്, എന്തുകൊണ്ട്?
18 വ്യാജമതങ്ങളെ സംബോധന ചെയ്തുകൊണ്ടുള്ളതാണ് അടുത്ത വാക്കുകൾ: “വസ്ത്രം ഉരിഞ്ഞു നഗ്നമാരാകുവിൻ; അരയിൽ രട്ടുകെട്ടുവിൻ. മനോഹരമായ വയലുകളേയും ഫലപുഷ്ടിയുള്ള മുന്തിരിവള്ളിയേയും ഓർത്തു അവർ മാറത്തു അടിക്കും. എന്റെ ജനത്തിന്റെ ദേശത്തു ഉല്ലസിതനഗരത്തിലെ സകലസന്തോഷഭവനങ്ങളിലും മുള്ളും പറക്കാരയും മുളെക്കും.” (യെശയ്യാവു 32:11ബി-13) “വസ്ത്രം ഉരിഞ്ഞു നഗ്നമാരാകുവിൻ” എന്ന ആഹ്വാനം പൂർണമായി വസ്ത്രങ്ങൾ അഴിച്ചുമാറ്റുന്നതിനെ അർഥമാക്കുന്നില്ല. മേൽവസ്ത്രം മിക്കപ്പോഴും, തിരിച്ചറിയിക്കൽ അടയാളമായി ഉതകിയിരുന്നു. (2 രാജാക്കന്മാർ 10:22, 23; വെളിപ്പാടു 7:13, 14) ആ സ്ഥിതിക്ക്, വ്യാജമതത്തിലെ അംഗങ്ങളോടു തങ്ങളുടെ മേൽവസ്ത്രം—ദൈവദാസന്മാരെന്ന അവരുടെ നാട്യം—നീക്കിക്കളഞ്ഞ് പകരം, ആസന്നമായ അവരുടെ ന്യായവിധിയെ സൂചിപ്പിക്കുന്ന രട്ടുടുക്കാൻ പ്രസ്തുത പ്രവചനം നിർദേശിക്കുന്നു. (വെളിപ്പാടു 17:16) ദൈവത്തിന്റെ “ഉല്ലസിതനഗര”മെന്ന് അവകാശപ്പെടുന്ന ക്രൈസ്തവലോക മതസംഘടനകളിലോ വ്യാജമത ലോകസാമ്രാജ്യത്തിലെ ശേഷിക്കുന്ന മതങ്ങളിലോ ഒന്നും ദൈവിക ഫലങ്ങൾ കണ്ടെത്താനാവില്ല. “മുള്ളും പറക്കാരയും” മാത്രമാണ് അവരുടെ പ്രവർത്തനഫലം.
19. വിശ്വാസത്യാഗിനിയായ “യെരൂശലേ”മിന്റെ ഏത് അവസ്ഥയാണ് യെശയ്യാവ് തുറന്നുകാട്ടുന്നത്?
19 വിശ്വാസത്യാഗിനിയായ ‘യെരൂശലേമി’ൽ എമ്പാടും വിഷാദം തളംകെട്ടി നിൽക്കുന്നു: “അരമന ഉപേക്ഷിക്കപ്പെടും; ജനപുഷ്ടിയുള്ള നഗരം നിർജ്ജനമായിത്തീരും; [ഓഫൽ] കുന്നും കാവൽമാളികയും സദാകാലത്തേക്കും ഗുഹകളായി [“ശൂന്യ പ്രദേശമായി,” NW] ഭവിക്കും; അവ കാട്ടുകഴുതകളുടെ സന്തോഷസ്ഥാനവും ആട്ടിൻകൂട്ടങ്ങളുടെ മേച്ചൽപുറവും ആയിരിക്കും.” (യെശയ്യാവു 32:14) യെരൂശലേമിലെ ഉയർന്ന പ്രദേശവും ഒരു ശക്തമായ പ്രതിരോധ സ്ഥാനവുമായി വർത്തിക്കുന്ന ഓഫൽ പോലും അതിൽ ഉൾപ്പെടുന്നു. ഓഫൽ ഒരു ശൂന്യ പ്രദേശമാകുന്നു എന്നതിന്റെ അർഥം ആ നഗരം പൂർണമായി നശിപ്പിക്കപ്പെടും എന്നാണ്. വിശ്വാസത്യാഗിനിയായ “യെരൂശലേം”—ക്രൈസ്തവലോകം—ദൈവേഷ്ടം ചെയ്യുന്നതിൽ ജാഗരൂകയല്ല എന്ന് യെശയ്യാവിന്റെ വാക്കുകൾ പ്രകടമാക്കുന്നു. ആത്മീയ അർഥത്തിൽ ക്രൈസ്തവലോകം ശൂന്യമാണ്. സത്യവും നീതിയും അതിൽ ലവലേശമില്ല. അത് തീർത്തും മൃഗതുല്യമാണ്.
മഹത്തായ ഒരു വൈപരീത്യം!
20. ദൈവം തന്റെ ജനത്തിന്മേൽ ആത്മാവിനെ പകർന്നിരിക്കുന്നത് എന്തു ഫലം ഉളവാക്കിയിരിക്കുന്നു?
20 അടുത്തതായി യെശയ്യാവ് ദൈവേഷ്ടം ചെയ്യുന്നവർക്ക് ഹൃദയോഷ്മളമായ ഒരു പ്രത്യാശ വെച്ചുനീട്ടുന്നു. ദൈവജനം അനുഭവിക്കുന്ന ഏതൊരു ക്ലേശവും “ഉയരത്തിൽനിന്നു ആത്മാവിനെ നമ്മുടെമേൽ പകരുവോളം” മാത്രമേ അനുഭവിക്കേണ്ടി വരുകയുള്ളൂ. “അപ്പോൾ മരുഭൂമി [ഫല] ഉദ്യാനമായിത്തീരും; ഉദ്യാനം വനമായി എണ്ണപ്പെടും.” (യെശയ്യാവു 32:15) സന്തോഷകരമെന്നു പറയട്ടെ, 1919 മുതൽ യഹോവ തന്റെ ജനത്തിന്മേൽ സമൃദ്ധമായി പരിശുദ്ധാത്മാവിനെ പകർന്നിരിക്കുന്നു. ഒരർഥത്തിൽ അത്, അഭിഷിക്ത സാക്ഷികളുടെ ഫലസമൃദ്ധമായ ഒരു ഉദ്യാനവും, അതേത്തുടർന്ന് വേറെ ആടുകളുടെ വിശാലമായ ഒരു വനവും രൂപം കൊള്ളാൻ ഇടയാക്കിയിരിക്കുന്നു. ഫലസമൃദ്ധിയും വളർച്ചയുമാണ് ഇന്ന് യഹോവയുടെ ഭൗമിക സംഘടനയുടെ മുഖമുദ്ര. ആസന്നമായ ദൈവരാജ്യത്തെ കുറിച്ച് ദൈവജനം ലോകവ്യാപകമായി ഘോഷിക്കുന്നതിലൂടെ പുനഃസ്ഥാപിത ആത്മീയ പറുദീസയിൽ “യഹോവയുടെ മഹത്വവും നമ്മുടെ ദൈവത്തിന്റെ തേജസ്സും” വിളങ്ങുന്നു.—യെശയ്യാവു 35:1, 2.
21. നീതിയും സമാധാനവും നിർഭയത്വവും ഇന്ന് എവിടെ കണ്ടെത്താം?
21 അടുത്തതായി, യഹോവയുടെ മഹത്തായ വാഗ്ദാനം ശ്രദ്ധിക്കൂ: “അന്നു മരുഭൂമിയിൽ ന്യായം വസിക്കും; ഉദ്യാനത്തിൽ നീതി പാർക്കും. നീതിയുടെ പ്രവൃത്തി സമാധാനവും നീതിയുടെ ഫലം ശാശ്വതവിശ്രാമവും നിർഭയതയും ആയിരിക്കും.” (യെശയ്യാവു 32:16, 17) യഹോവയുടെ ജനത്തിന്റെ ഇന്നത്തെ ആത്മീയ അവസ്ഥയെ ഇത് എത്ര നന്നായി വർണിക്കുന്നു! മനുഷ്യവർഗത്തിൽ ഭൂരിഭാഗവും വിദ്വേഷവും അക്രമവും കടുത്ത ആത്മീയ ദാരിദ്ര്യവും നിമിത്തം വിഭജിതരാണ്. അതിനു നേരെ വിപരീതമായി, ‘സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്നുള്ളവർ’ ആണെങ്കിലും സത്യക്രിസ്ത്യാനികൾ ഗോളവ്യാപകമായി ഏകീകൃതരാണ്. ദൈവനീതിക്കു ചേർച്ചയിൽ ജോലി ചെയ്യുകയും സേവനം അനുഷ്ഠിക്കുകയും ചെയ്തുകൊണ്ടാണ് അവർ ജീവിക്കുന്നത്. തത്ഫലമായി, തങ്ങൾക്ക് ഒടുവിൽ യഥാർഥ സമാധാനവും സുരക്ഷിതത്വവും ശാശ്വതമായി ആസ്വദിക്കാനാകുമെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു.—വെളിപ്പാടു 7:9, 17.
22. ദൈവജനത്തിന്റെയും വ്യാജമതത്തിലെ ആളുകളുടെയും അവസ്ഥകൾ തമ്മിലുള്ള വ്യത്യാസമെന്ത്?
22 ആത്മീയ പറുദീസയിൽ ഇപ്പോൾത്തന്നെ യെശയ്യാവു 32:18 നിവർത്തിച്ചുകൊണ്ടിരിക്കുകയാണ്. അത് ഇപ്രകാരം പറയുന്നു: “എന്റെ ജനം സമാധാനനിവാസത്തിലും നിർഭയവസതികളിലും സ്വൈരമുള്ള വിശ്രാമസ്ഥലങ്ങളിലും പാർക്കും.” മറിച്ച്, നാമധേയ ക്രിസ്ത്യാനികളുടെ അവസ്ഥയെക്കുറിച്ച് ആ പ്രവചനം തുടർന്നു പറയുന്നു: “വനത്തിന്റെ വീഴ്ചെക്കു കന്മഴ പെയ്കയും നഗരം അശേഷം നിലംപരിചാകയും ചെയ്യും.” (യെശയ്യാവു 32:19) വ്യാജമതമാകുന്ന നഗരത്തിന്മേൽ യഹോവയുടെ ന്യായവിധി ഉഗ്രമായ കന്മഴ പോലെ വർഷിക്കാനിരിക്കുകയാണ്. അപ്പോൾ, അതിന്റെ പിന്തുണക്കാരാകുന്ന ‘വനം’ എന്നേക്കുമായി നശിപ്പിക്കപ്പെടും!
23. ഏത് ആഗോള വേലയാണു പൂർത്തിയാകാറായിരിക്കുന്നത്, അതിൽ പങ്കുപറ്റുന്നവരെ കുറിച്ച് എന്തു പറയാൻ കഴിയും?
23 ഈ പ്രവചനഭാഗം ഇങ്ങനെ അവസാനിക്കുന്നു: “ജലാശയങ്ങൾക്ക് അരികെ വിതയ്ക്കുകയും കാളയെയും കഴുതയെയും മേയാൻ അഴിച്ചുവിടുകയും ചെയ്യുന്ന നിങ്ങൾ സന്തുഷ്ടർ!” (യെശയ്യാവു 32:20, “ഓശാന ബൈ.”) പുരാതന കാലത്തു ദൈവജനം നിലം ഉഴുകാനും വിത്തു വിതയ്ക്കാനുമായി കാളയെയും കഴുതയെയും ഉപയോഗിച്ചിരുന്നു. ഇന്ന് യഹോവയുടെ ജനം ശതകോടിക്കണക്കിനു ബൈബിൾ സാഹിത്യങ്ങൾ അച്ചടിച്ചു വിതരണം ചെയ്യുന്നതിന് അച്ചടി യന്ത്രങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും ആധുനിക കെട്ടിടങ്ങളും വാഹനങ്ങളുമൊക്കെ ഉപയോഗിക്കുന്നു. സർവോപരി, ഒരു ഏകീകൃത ദിവ്യാധിപത്യ സംഘടനയും അവർക്കുണ്ട്. ഇന്ന് ഭൂമിയിലുടനീളം, അക്ഷരീയ “ജലാശയങ്ങൾക്ക് അരികെ” പോലും, രാജ്യ വിത്തുകൾ പാകുന്നതിനു മനസ്സൊരുക്കമുള്ള പ്രവർത്തകർ ഈ ബൈബിൾ സാഹിത്യങ്ങൾ ഉപയോഗിക്കുന്നു. തത്ഫലമായി ദൈവഭയമുള്ള ദശലക്ഷക്കണക്കിനു സ്ത്രീപുരുഷന്മാർ ഇതിനോടകം കൊയ്തെടുക്കപ്പെട്ടിരിക്കുന്നു. വേറെ ബഹുശതങ്ങൾ കൊയ്ത്തുവേലയിൽ അവരോടു ചേരുകയുമാണ്. (വെളിപ്പാടു 14:15, 16) അവരെ ഏവരെയും വാസ്തവമായും “സന്തുഷ്ടർ” എന്നു വിളിക്കാനാകും!
[അടിക്കുറിപ്പുകൾ]
a യെശയ്യാവു 32:1-ലെ “രാജാവ്” എന്ന പരാമർശം പ്രാഥമികമായി ഹിസ്കീയാ രാജാവിനെ ആയിരിക്കാം കുറിക്കുന്നത്. എന്നിരുന്നാലും, യെശയ്യാവു 32-ാം അധ്യായത്തിന്റെ മുഖ്യ നിവൃത്തി രാജാവായ യേശുക്രിസ്തുവിനോടു ബന്ധപ്പെട്ടിരിക്കുന്നു.
b വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ച 1999 മാർച്ച് 1 ലക്കം വീക്ഷാഗോപുരത്തിന്റെ 13-18 പേജുകൾ കാണുക. യെഹെസ്കേൽ 44-48 അധ്യായങ്ങളിൽ കാണുന്ന “പ്രഭു” (സത്യവേദപുസ്തകം) എന്ന പ്രയോഗത്തെ പുതിയലോക ഭാഷാന്തരം കൂടുതൽ കൃത്യതയോടെ “മുഖ്യൻ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു.
[331-ാം പേജിലെ ചിത്രങ്ങൾ]
ചാവുകടൽ ചുരുളിൽ, യെശയ്യാവു 32-ാം അധ്യായം വരുന്ന ഭാഗം “X” എന്ന് അടയാളപ്പെടുത്തിയിരിക്കുന്നു
[333-ാം പേജിലെ ചിത്രങ്ങൾ]
ഓരോ ‘പ്രഭു’വും കാറ്റിനു ഒരു മറവും മഴയിൽ നിന്നുള്ള സങ്കേതവുമായി വരണ്ട നിലത്തു നീർത്തോടു പോലെയും കൊടും വെയിലത്തു തണൽ പോലെയുമിരിക്കുന്നു
[338-ാം പേജിലെ ചിത്രം]
മറ്റുള്ളവരുമായി സുവാർത്ത പങ്കുവെക്കുന്നതിൽ ക്രിസ്ത്യാനികൾ വളരെയധികം സന്തോഷം കണ്ടെത്തുന്നു