സെപ്റ്റംബർ
സെപ്റ്റംബർ 1 ചൊവ്വ
“നിങ്ങൾ വിശ്വാസത്തിൽത്തന്നെയാണോ എന്നു പരിശോധിച്ചുകൊണ്ടിരിക്കണം.”—2 കൊരി. 13:5.
പക്വതയിലെത്താൻ മാത്രമല്ല അതു നിലനിറുത്താനും നമ്മൾ കഠിനശ്രമം ചെയ്യണം. അതിന് അമിത ആത്മവിശ്വാസം ഒഴിവാക്കണം. (1 കൊരി. 10:12) അതായത് പക്വതയിലെത്തിയെന്നും ഇനി ആത്മീയമായി വളരാൻ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ലെന്നും നമ്മൾ ചിന്തിക്കരുത്. പകരം തുടർന്നും പുരോഗതി വരുത്തുന്നുണ്ടോ എന്ന് എപ്പോഴും “പരിശോധിച്ചുകൊണ്ടിരിക്കണം.” കൊലോസ്യയിലുള്ളവർക്ക് എഴുതിയ കത്തിൽ പക്വതയുള്ളവരായി തുടരേണ്ടതിന്റെ പ്രാധാന്യം അപ്പോസ്തലനായ പൗലോസ് വീണ്ടും എടുത്തുകാണിച്ചു. അവർ പൂർണവളർച്ചയെത്തിയ ക്രിസ്ത്യാനികളായിരുന്നു. എങ്കിലും ലോകത്തിന്റെ ചിന്താഗതിയാൽ വഞ്ചിക്കപ്പെടരുത് എന്ന് പൗലോസ് അവർക്കു മുന്നറിയിപ്പു കൊടുത്തു. (കൊലോ. 2:6-10) ഇനി, ആ സഭയിൽ ഉള്ളവരെ ഒരുപക്ഷേ നന്നായി അറിയാമായിരുന്ന എപ്പഫ്രാസ്, അവർ അവസാനംവരെ ‘തികഞ്ഞവരായി’ അഥവാ പക്വതയുള്ളവരായി നിലകൊള്ളേണ്ടതിന് അവർക്കുവേണ്ടി നിരന്തരം പ്രാർഥിച്ചു. (കൊലോ. 4:12) എന്തൊക്കെ പരിശോധനകൾ ഉണ്ടായാലും കൊലോസ്യയിലുള്ളവർ പക്വതയുള്ള, അഥവാ പൂർണവളർച്ചയെത്തിയ ക്രിസ്ത്യാനികളായി തുടരാൻ അവർ രണ്ടു പേരും ആഗ്രഹിച്ചു. പൗലോസിന്റെ വാക്കുകളിൽനിന്നും എപ്പഫ്രാസിന്റെ മാതൃകയിൽനിന്നും നമുക്ക് എന്തു പഠിക്കാം? പക്വതയുള്ളവരായി തുടരണമെങ്കിൽ നമ്മൾ സ്വന്തമായി നല്ല ശ്രമം ചെയ്യണം, ദൈവത്തിന്റെ സഹായവും നമുക്കു വേണം. w24.04 പേ. 6-7 ഖ. 16-17
സെപ്റ്റംബർ 2 ബുധൻ
“യഹോവ നമ്മുടെകൂടെയുണ്ട്. അവരെ പേടിക്കരുത്.”—സംഖ്യ 14:9.
യഹോവയോട് ഉചിതമായ ഒരു ഭയം വളർത്തിയെടുത്തിട്ടുണ്ടെങ്കിൽ, നമ്മൾ യഹോവയെ ഒരുപാടു സ്നേഹിക്കും. ദൈവത്തെ വിഷമിപ്പിക്കുന്ന ഒന്നും നമ്മൾ ചെയ്യില്ല. യഹോവയുടെ അംഗീകാരം നേടാൻ ആഗ്രഹിക്കുന്നതുകൊണ്ടുതന്നെ ശരിയും തെറ്റും തമ്മിലുള്ള വ്യത്യാസവും, സത്യവും നുണയും തമ്മിലുള്ള വ്യത്യാസവും മനസ്സിലാക്കാൻ നമ്മൾ നല്ല ശ്രമം ചെയ്യും. (സുഭാ. 2:3-6; എബ്രാ. 5:14) ദൈവത്തെക്കാൾ മനുഷ്യരെ ഭയന്നാൽ നമ്മൾ സത്യത്തിൽനിന്ന് അകന്നുപോയേക്കാം. ഉദാഹരണത്തിന്, ഇസ്രായേല്യർക്ക് യഹോവ കൊടുക്കാനിരുന്ന വാഗ്ദത്തദേശം ഒറ്റുനോക്കാൻ പോയ 12 തലവന്മാരുടെ കാര്യം ചിന്തിക്കുക. അവരിൽ പത്തു പേർ യഹോവയെ സ്നേഹിക്കുന്നതിനെക്കാൾ കൂടുതൽ കനാന്യരെ ഭയപ്പെട്ടു. സഹ ഇസ്രായേല്യരോട് അവർ പറഞ്ഞു: “ആ ജനത്തിനു നേരെ ചെല്ലാൻ നമുക്കു കഴിയില്ല. അവർ നമ്മളെക്കാൾ ശക്തരാണ്.” (സംഖ്യ 13:27-31) കനാന്യർ ഇസ്രായേല്യരെക്കാൾ ശക്തരാണെന്ന് അവർ പറഞ്ഞതു മനുഷ്യരുടെ കാഴ്ചപ്പാടിൽ സത്യമായിരുന്നു. പക്ഷേ അവരുടെ മനസ്സിൽ യഹോവയുണ്ടായിരുന്നില്ല. അതുകൊണ്ടാണ് തങ്ങൾക്കു കനാന്യരെ ജയിക്കാൻ കഴിയില്ലെന്ന് അവർ പറഞ്ഞത്. w24.07 പേ. 9 ഖ. 5-6
സെപ്റ്റംബർ 3 വ്യാഴം
“സർവഭൂമിയുടെയും ന്യായാധിപൻ നീതി പ്രവർത്തിക്കാതിരിക്കുമോ?”—ഉൽപ. 18:25.
യഹോവയുടെ ന്യായവിധികൾ എല്ലാം ശരിയായിരിക്കുമെന്നു നമുക്ക് ഉറപ്പോടെ പറയാൻ കഴിയുമോ? കഴിയും. അബ്രാഹാം മനസ്സിലാക്കിയതുപോലെ ഒരു പിഴവും പറ്റാത്ത ന്യായാധിപനാണ് യഹോവ, ‘മുഴുഭൂമിയുടെയും’ സർവജ്ഞാനിയായ, കരുണാമയനായ “ന്യായാധിപൻ.” യഹോവ തന്റെ മകനായ യേശുവിനെ പരിശീലിപ്പിച്ച്, വിധിക്കാനുള്ള ഉത്തരവാദിത്വം മുഴുവൻ യേശുവിനെ ഏൽപ്പിച്ചിരിക്കുന്നു. (യോഹ. 5:22) ഓരോ മനുഷ്യന്റെയും ഹൃദയത്തിൽ എന്താണെന്ന് യഹോവയ്ക്കും യേശുവിനും അറിയാൻ പറ്റും. (മത്താ. 9:4) ഓരോരുത്തരുടെയും കാര്യത്തിൽ അവർ ‘നീതിയോടെ മാത്രമേ പ്രവർത്തിക്കൂ.’ അതുകൊണ്ട്, എപ്പോഴും യഹോവയിലും യഹോവയുടെ തീരുമാനങ്ങളിലും ഉറച്ചുവിശ്വസിക്കുമെന്ന് ഒരു ദൃഢതീരുമാനം എടുക്കുക. നമുക്ക് മറ്റുള്ളവരെ വിധിക്കാനുള്ള യോഗ്യത ഇല്ലെന്ന് നമുക്ക് അറിയാം. യഹോവയ്ക്കാണ് അതിനുള്ള അധികാരമുള്ളത്. (യശ. 55:8, 9) അതുകൊണ്ട് യഹോവയുടെയും മകനായ യേശുവിന്റെയും ന്യായവിധിയിൽ നമുക്ക് പൂർണ വിശ്വാസമുള്ളവരായിരിക്കാം. നമ്മുടെ രാജാവായ യേശു തന്റെ പിതാവിന്റെ നീതിയും കരുണയും അതേപടി പകർത്തുമെന്ന് നമുക്ക് ഉറപ്പുണ്ട്. .—യശ. 11:3, 4. w24.05 പേ. 7 ഖ. 18-19
സെപ്റ്റംബർ 4 വെള്ളി
“യഹോവ വഞ്ചകരെ വെറുക്കുന്നു, നേരുള്ളവരെയാണു ദൈവം ഉറ്റസുഹൃത്തുക്കളാക്കുന്നത്.”—സുഭാ. 3:32.
നമ്മൾ ഹൃദയത്തിൽ സത്യം സംസാരിക്കുന്ന ഒരാളായിരിക്കേണ്ടതു വളരെ പ്രധാനമാണ്. യേശുവും നഥനയേലും ഉൾപ്പെട്ട സംഭവത്തിൽനിന്ന് നമുക്ക് അതു മനസ്സിലാക്കാം. ഫിലിപ്പോസ് ഒരിക്കൽ നഥനയേലിനെ കൂട്ടിക്കൊണ്ട് യേശുവിന്റെ അടുത്തേക്കു വന്നു. യേശു നഥനയേലിനെ ആദ്യമായിട്ടാണു കാണുന്നതെങ്കിലും അദ്ദേഹത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ഇതാ, ഒരു കാപട്യവുമില്ലാത്ത തനി ഇസ്രായേല്യൻ.” (യോഹ. 1:47) നഥനയേലിൽ യേശു ആ ഗുണം കൂടുതൽ കണ്ടു. നമ്മളെപ്പോലെ നഥനയേൽ അപൂർണനായിരുന്നെങ്കിലും അദ്ദേഹത്തിൽ ഒട്ടും കാപട്യമില്ലായിരുന്നു. അദ്ദേഹം എല്ലാ കാര്യങ്ങളിലും സത്യസന്ധനായിരുന്നു. അത് യേശു വിലമതിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. യഹോവയെ പ്രീതിപ്പെടുത്താൻ 15-ാം സങ്കീർത്തനത്തിൽ പറഞ്ഞിരിക്കുന്ന മിക്ക കാര്യങ്ങളും നമ്മൾ മറ്റുള്ളവരോട് ഇടപെടുന്നതുമായി ബന്ധപ്പെട്ടതാണ്. സങ്കീർത്തനം 15:3-ൽ യഹോവയുടെ കൂടാരത്തിൽ അതിഥിയായിരിക്കുന്ന ഒരാൾ, “നാവുകൊണ്ട് പരദൂഷണം പറയുന്നില്ല, അയൽക്കാരന് ഒരു ദോഷവും ചെയ്യുന്നില്ല, സ്നേഹിതരെ അപകീർത്തിപ്പെടുത്തുന്നില്ല” എന്നു പറയുന്നു. നമ്മൾ സംസാരം ശ്രദ്ധിച്ചില്ലെങ്കിൽ അതു മറ്റുള്ളവരെ വല്ലാതെ വേദനിപ്പിക്കും.—യാക്കോ. 1:26. w24.06 പേ. 10 ഖ. 7, 9; പേ. 11 ഖ. 10
സെപ്റ്റംബർ 5 ശനി
“കർത്താവേ, അങ്ങയുടെ പേര് ഉപയോഗിക്കുമ്പോൾ ഭൂതങ്ങൾപോലും ഞങ്ങൾക്കു കീഴടങ്ങുന്നു.”—ലൂക്ക 10:17.
ശുശ്രൂഷയ്ക്കുവേണ്ടി നന്നായി തയ്യാറാകുന്നെങ്കിൽ മറ്റുള്ളവരോടു സംസാരിക്കുമ്പോൾ നമുക്ക് അധികം പിരിമുറുക്കം തോന്നില്ല. ശിഷ്യന്മാരെ പ്രസംഗപ്രവർത്തനത്തിനായി അയയ്ക്കുന്നതിനു മുമ്പ് അതിനുവേണ്ടി തയ്യാറാകാൻ യേശു അവരെ സഹായിച്ചു. (ലൂക്കോ. 10:1-11) യേശു പഠിപ്പിച്ച കാര്യങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിച്ചതുകൊണ്ട് ശിഷ്യന്മാർക്കു ധാരാളം കാര്യങ്ങൾ ചെയ്യാനായി. അവരുടെ മനസ്സു സന്തോഷംകൊണ്ട് നിറഞ്ഞു. നമുക്ക് എങ്ങനെ ശുശ്രൂഷയ്ക്കുവേണ്ടി തയ്യാറാകാം? ആളുകളോട് എന്തു പറയണമെന്നും സ്വാഭാവികതയോടെ, സ്വന്തം വാക്കുകളിൽ അത് എങ്ങനെ പറയണമെന്നും നേരത്തേതന്നെ ചിന്തിച്ച് വെക്കുക. നമ്മൾ സംസാരിക്കുമ്പോൾ അവർ പ്രതികരിക്കാൻ സാധ്യതയുള്ള രണ്ടോ മൂന്നോ വിധങ്ങളെക്കുറിച്ചും അതിന് എന്തു മറുപടി കൊടുക്കുമെന്നും മുന്നമേ ചിന്തിക്കുന്നതു നല്ലതാണ്. എന്നിട്ട് ആളുകളോടു സംസാരിക്കുമ്പോൾ ശാന്തമായി, പുഞ്ചിരിയോടെ നിൽക്കാൻ ശ്രമിക്കുക. w24.04 പേ. 16 ഖ. 6-7
സെപ്റ്റംബർ 6 ഞായർ
“ഞങ്ങളുടെ ദൈവമായ യഹോവേ, മഹത്ത്വവും ബഹുമാനവും ശക്തിയും ലഭിക്കാൻ അങ്ങ് യോഗ്യനാണ്. കാരണം അങ്ങാണ് എല്ലാം സൃഷ്ടിച്ചത്.”—വെളി. 4:11.
സന്തോഷവാർത്ത പ്രസംഗിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം നമ്മൾ യഹോവയെയും ദൈവനാമത്തെയും സ്നേഹിക്കുന്നു എന്നതാണ്. നമ്മൾ സ്നേഹിക്കുന്ന ദൈവത്തെ സ്തുതിക്കുന്നതിനുള്ള ഒരു വിധമാണ് നമ്മുടെ ശുശ്രൂഷ. യഹോവ, തന്റെ വിശ്വസ്ത ആരാധകരിൽനിന്ന് മഹത്ത്വവും ബഹുമാനവും ശക്തിയും ലഭിക്കാൻ യോഗ്യനാണ് എന്നതിനോട് നമ്മളും പൂർണമായി യോജിക്കുന്നു. യഹോവയാണ് “എല്ലാം സൃഷ്ടിച്ചത്” എന്നതിനും ജീവന് നമ്മൾ യഹോവയോടു കടപ്പെട്ടിരിക്കുന്നു എന്നതിനും ഉള്ള ഈടുറ്റ തെളിവുകൾ മറ്റുള്ളവരുമായി പങ്കുവെക്കുമ്പോൾ, നമ്മൾ യഹോവയ്ക്കു മഹത്ത്വവും ബഹുമാനവും കൊടുക്കുകയാണ്. ഇനി, സമയവും ഊർജവും മറ്റു കാര്യങ്ങളും ശുശ്രൂഷയിൽ പരമാവധി ഏർപ്പെടുന്നതിനുവേണ്ടി ഉപയോഗിക്കുമ്പോൾ നമ്മൾ നമ്മുടെ ശക്തി യഹോവയ്ക്കു കൊടുക്കുകയാണ്. (മത്താ. 6:33; ലൂക്കോ. 13:24; കൊലോ. 3:23) ചുരുക്കിപ്പറഞ്ഞാൽ, നമ്മൾ സ്നേഹിക്കുന്ന ദൈവത്തെക്കുറിച്ച് സംസാരിക്കാൻ നമ്മൾ ഒരുപാട് ഇഷ്ടപ്പെടുന്നു. അതുപോലെ ദൈവത്തിന്റെ പേരിനെക്കുറിച്ചും അതിന്റെ അർഥത്തെക്കുറിച്ചും മറ്റുള്ളവരെ അറിയിക്കാനും ആഗ്രഹിക്കുന്നു. w24.05 പേ. 17 ഖ. 11
സെപ്റ്റംബർ 7 തിങ്കൾ
‘തന്നെ ആത്മാർഥമായി അന്വേഷിക്കുന്നവർക്കു ദൈവം പ്രതിഫലം നൽകുന്നു.’—എബ്രാ. 11:6.
യഹോവ ഇപ്പോൾത്തന്നെ സമാധാനവും സന്തോഷവും തരും, ഭാവിയിൽ നിത്യജീവനും. നമുക്കു പ്രതിഫലം നൽകാനുള്ള ആഗ്രഹവും ശക്തിയും യഹോവയ്ക്കുണ്ടെന്നു നമുക്ക് ഉറപ്പാണ്. ആ ബോധ്യം ദൈവസേവനത്തിൽ ഏറ്റവും നല്ലതു കൊടുക്കാൻ നമ്മളെ പ്രേരിപ്പിക്കും. മുമ്പുള്ള ദൈവദാസരും അങ്ങനെ ചെയ്തിട്ടുണ്ട്. അതിൽ ഒരാളാണ് ഒന്നാം നൂറ്റാണ്ടിലെ തിമൊഥെയൊസ്. (എബ്രാ. 6:10-12) ജീവനുള്ള ദൈവത്തിലാണു തിമൊഥെയൊസ് പ്രത്യാശവെച്ചത്. (1 തിമൊ. 4:10) അതുകൊണ്ടാണ് യഹോവയ്ക്കുവേണ്ടിയും മറ്റുള്ളവർക്കുവേണ്ടിയും അദ്ദേഹം കഠിനാധ്വാനം ചെയ്തത്. അദ്ദേഹത്തിന് എന്തെല്ലാം ചെയ്യാനുണ്ടായിരുന്നു? പഠിപ്പിക്കുകയും പരസ്യമായി പ്രസംഗിക്കുകയും ചെയ്യുന്നതിൽ പുരോഗതി വരുത്താൻ അപ്പോസ്തലനായ പൗലോസ് അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. ഇനി, ചെറുപ്പക്കാരും പ്രായമായവരും ഉൾപ്പെടെ സഭയിൽ എല്ലാവർക്കും നല്ലൊരു മാതൃകയായിരിക്കാനും പൗലോസ് തിമൊഥെയൊസിനോടു പറഞ്ഞു. അതുപോലെ ബുദ്ധിമുട്ടുള്ള ചില നിയമനങ്ങളും അദ്ദേഹത്തിനു ചെയ്യാനുണ്ടായിരുന്നു. ആവശ്യമായവർക്കു സ്നേഹത്തോടെ എന്നാൽ ശക്തമായ ബുദ്ധിയുപദേശം കൊടുക്കുന്നതായിരുന്നു അതിലൊന്ന്. (1 തിമൊ. 4:11-16; 2 തിമൊ. 4:1-5) യഹോവ പ്രതിഫലം തരുമെന്നു തിമൊഥെയൊസിന് ഉറപ്പായിരുന്നു.—റോമ. 2:6, 7. w24.06 പേ. 22-23 ഖ. 10-11
സെപ്റ്റംബർ 8 ചൊവ്വ
‘യഹോവ തന്റെ എല്ലാ പ്രവാചകന്മാരിലൂടെയും ഇസ്രായേലിനും യഹൂദയ്ക്കും ആവർത്തിച്ച് മുന്നറിയിപ്പു നൽകി.’—2 രാജാ. 17:13.
തന്നോട് അനുസരണക്കേടു കാണിച്ച ഇസ്രായേൽ ജനതയ്ക്ക് മുന്നറിയിപ്പു നൽകാനും അവരെ തിരുത്താനും യഹോവ വീണ്ടുംവീണ്ടും പ്രവാചകന്മാരെ ഉപയോഗിച്ചതിന്റെ ചില ഉദാഹരണങ്ങൾ നോക്കുക. ആ ജനതയോട് ഇങ്ങനെ പറയാൻ യഹോവ യിരെമ്യയോടു പറഞ്ഞു: “വിശ്വാസവഞ്ചന കാണിച്ച ഇസ്രായേലേ, മടങ്ങിവരൂ. . . . ഞാൻ വിശ്വസ്തനാണല്ലോ. അതുകൊണ്ട് കോപത്തോടെ നിന്നെ നോക്കില്ല. . . . ഞാൻ എന്നെന്നും കോപം വെച്ചുകൊണ്ടിരിക്കില്ല. നീ നിന്റെ കുറ്റം സമ്മതിച്ചാൽ മാത്രം മതി; കാരണം, നീ നിന്റെ ദൈവമായ യഹോവയെ ധിക്കരിച്ചു.” (യിരെ. 3:12, 13) യോവേൽ പ്രവാചകനിലൂടെ യഹോവ പറഞ്ഞത് ഇതാണ്: “നിങ്ങൾ പൂർണഹൃദയത്തോടെ തിരികെ വരൂ.” (യോവേ. 2:12, 13) യഹോവ യശയ്യയിലൂടെ അവരോടു പറഞ്ഞു: “നിങ്ങളെത്തന്നെ . . . കഴുകി വെടിപ്പാക്കുക; എന്റെ മുന്നിൽനിന്ന് നിങ്ങളുടെ ദുഷ്ചെയ്തികൾ നീക്കിക്കളയുക; തിന്മ പ്രവർത്തിക്കുന്നതു മതിയാക്കുക.” (യശ. 1:16-19) യഹസ്കേലിലൂടെ യഹോവ തന്റെ ജനത്തോട് ഇങ്ങനെ ചോദിച്ചു: “‘ഒരു ദുഷ്ടൻ മരിക്കുമ്പോൾ ഞാൻ അൽപ്പമെങ്കിലും സന്തോഷിക്കുമെന്നു തോന്നുന്നുണ്ടോ?’ . . . ‘അവൻ തന്റെ വഴികൾ വിട്ടുതിരിഞ്ഞ് ജീവിച്ചിരിക്കാനല്ലേ ഞാൻ ആഗ്രഹിക്കുന്നത്?’ . . . ‘ആരുടെയും മരണത്തിൽ ഞാൻ ഒട്ടും സന്തോഷിക്കുന്നില്ല’. . . . ‘അതുകൊണ്ട് പിന്തിരിയൂ! അങ്ങനെ, ജീവിച്ചിരിക്കൂ!’” (യഹ. 18:23, 32) ആളുകൾ മാനസാന്തരപ്പെടുന്നതു കാണുമ്പോൾ യഹോവ സന്തോഷിക്കുന്നു. കാരണം അവർ എന്നും ജീവിച്ചിരിക്കാനാണ് യഹോവ ആഗ്രഹിക്കുന്നത്. w24.08 പേ. 9 ഖ. 5-6
സെപ്റ്റംബർ 9 ബുധൻ
‘തിരുവെഴുത്തുകൾ മുഴുവൻ ദൈവപ്രചോദിതവും ഉപകാരപ്പെടുന്നതും ആണ്.’—2 തിമൊ. 3:16.
ദൈവം തന്റെ എല്ലാ ആരാധകർക്കും ആത്മീയാഹാരം കൊടുക്കുന്നു, അവരെ വഴിനയിക്കുന്നു, സംരക്ഷിക്കുന്നു. ലോകത്തുള്ള എല്ലാവർക്കും ബൈബിൾ ലഭ്യമാക്കിയിരിക്കുന്നു എന്നത് യഹോവയ്ക്കു പക്ഷപാതമില്ല എന്നതിന്റെ ഒരു തെളിവാണ്. വിശുദ്ധതിരുവെഴുത്തുകൾ ആദ്യം എഴുതിയത് മൂന്നു ഭാഷകളിലായിരുന്നു; എബ്രായയിലും അരമായയിലും ഗ്രീക്കിലും. ഈ ഭാഷകളിൽ ബൈബിൾ വായിക്കാൻ പറ്റുന്നവർക്ക് അതിനു കഴിയാത്തവരെക്കാൾ യഹോവയോട് കൂടുതൽ ബന്ധമുണ്ടെന്നു പറയാനാകുമോ? ഒരിക്കലും ഇല്ല. (മത്താ. 11:25) യഹോവ ഒരാളെ സുഹൃത്തായി ക്ഷണിക്കുന്നത് അദ്ദേഹത്തിന്റെ വിദ്യാഭ്യാസമോ ബൈബിൾ ആദ്യം എഴുതിയ ഭാഷകൾ അദ്ദേഹത്തിന് അറിയാമോ എന്നൊന്നും നോക്കിയല്ല. ഉന്നതവിദ്യാഭ്യാസം ഉള്ളവർക്കു മാത്രമല്ല യഹോവ തന്റെ ജ്ഞാനം ലഭ്യമാക്കിയിരിക്കുന്നത്. ലോകത്തുള്ള എല്ലാവർക്കും യഹോവ അതു കൊടുത്തിരിക്കുന്നു. ദൈവവചനമായ ബൈബിൾ ആയിരക്കണക്കിനു ഭാഷകളിലേക്കു പരിഭാഷ ചെയ്തിട്ടുണ്ട്. അതുകൊണ്ട് എല്ലാ ആളുകൾക്കും അതിൽനിന്ന് പഠിക്കാനും, യഹോവയുടെ സുഹൃത്തുക്കളാകാൻ എങ്ങനെ പറ്റുമെന്നു മനസ്സിലാക്കാനും കഴിയുന്നു.—2 തിമൊ. 3:16, 17. w24.06 പേ. 6-7 ഖ. 13-15
സെപ്റ്റംബർ 10 വ്യാഴം
‘യരുശലേമിന്റെ നാശം അടുത്തിരിക്കുന്നു.’—ലൂക്കോ. 21:20.
യേശു മുൻകൂട്ടിപ്പറഞ്ഞ യരുശലേമിന്റെ നാശം അടുത്തുകൊണ്ടിരിക്കുകയായിരുന്നു. ആ നാശം സംഭവിക്കുന്നതു വരെയുള്ള സമയത്ത്, വിശ്വാസവും സഹനശക്തിയും പോലുള്ള ഗുണങ്ങൾ വളർത്തിയെടുത്തുകൊണ്ട് അതിനായി ഒരുങ്ങാൻ ക്രിസ്ത്യാനികൾക്കു കഴിയുമായിരുന്നു. (എബ്രാ. 10:25; 12:1, 2) എബ്രായക്രിസ്ത്യാനികൾ നേരിട്ടതിനെക്കാൾ വലിയൊരു കഷ്ടതയാണു നമ്മൾ ഇനി നേരിടാൻപോകുന്നത്. (മത്താ. 24:21; വെളി. 16:14, 16) അവർക്ക് യഹോവ അന്നു കൊടുത്ത ആ നിർദേശങ്ങൾ ഇന്നു നമുക്കും പ്രയോജനം ചെയ്യും. അപ്പോസ്തലനായ പൗലോസ് എബ്രായർക്ക് എഴുതിയ കത്തിലൂടെ തന്റെ സഹവിശ്വാസികളെ ദൈവവചനം ആഴത്തിൽ പഠിക്കാൻ പ്രോത്സാഹിപ്പിച്ചു. (എബ്രാ. 5:14–6:1) ജൂതന്മാർ ആരാധിച്ചിരുന്ന രീതിയെക്കാൾ ശ്രേഷ്ഠമാണു ക്രിസ്ത്യാനികൾ യഹോവയെ ആരാധിക്കുന്ന രീതിയെന്നു പൗലോസ് എബ്രായതിരുവെഴുത്തുകൾ ഉപയോഗിച്ച് അവർക്കു വിശദീകരിച്ച് കൊടുത്തു. തെറ്റായ പഠിപ്പിക്കലുകൾ മനസ്സിലാക്കാനും അത് ഒഴിവാക്കാനും തിരുവെഴുത്ത് സത്യങ്ങളുടെ ആഴത്തിലുള്ള പഠനം ആ ക്രിസ്ത്യാനികളെ സഹായിക്കുമെന്നു പൗലോസിന് അറിയാമായിരുന്നു. w24.09 പേ. 8-9 ഖ. 2-3; പേ. 10 ഖ. 6
സെപ്റ്റംബർ 11 വെള്ളി
“കർത്താവ് ഉറപ്പായും ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു”—ലൂക്കോ. 24:34.
യേശുവിന്റെ ശിഷ്യന്മാർക്കു പ്രോത്സാഹനം ആവശ്യമായിരുന്നു. എന്തുകൊണ്ട്? അവരിൽ ചിലർ യേശുവിനെ മുഴുസമയം അനുഗമിക്കുന്നതിനുവേണ്ടി തങ്ങളുടെ വീടും കുടുംബവും ബിസിനെസ്സും എല്ലാം ഉപേക്ഷിച്ച് വന്നവരാണ്. (മത്താ. 19:27) ഇനി മറ്റു ചിലരെ, യേശുവിന്റെ ശിഷ്യന്മാരായതിന്റെ പേരിൽ സമൂഹം ഒറ്റപ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്തിരുന്നു. (യോഹ. 9:22) വരാനിരുന്ന മിശിഹ യേശു ആണെന്നു വിശ്വസിച്ചതുകൊണ്ടാണ് അവർ ഈ ത്യാഗങ്ങൾ എല്ലാം ചെയ്യാൻ തയ്യാറായത്. (മത്താ. 16:16) പക്ഷേ, യേശു വധിക്കപ്പെട്ടപ്പോൾ അവരുടെ പ്രതീക്ഷകളെല്ലാം തകർന്നു; അവർ ആകെ നിരാശയിലായി. ശിഷ്യന്മാർ ദുഃഖിച്ചതു വിശ്വാസമില്ലാത്തതുകൊണ്ടല്ല എന്നു യേശു മനസ്സിലാക്കി. പെട്ടെന്ന് ഒരു നഷ്ടം ഉണ്ടാകുമ്പോൾ ആർക്കും തോന്നാവുന്ന സ്വാഭാവികമായ ഒരു പ്രതികരണം മാത്രമായിരുന്നു അതെന്നു യേശുവിന് അറിയാമായിരുന്നു. അതുകൊണ്ടാണ് പുനരുത്ഥാനപ്പെട്ട ആ ദിവസംതന്നെ യേശു തന്റെ സുഹൃത്തുക്കളെ പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയത്. യേശു ആർക്കൊക്കെ പ്രത്യക്ഷനായി? തന്റെ കല്ലറയുടെ അടുത്ത് കരഞ്ഞുകൊണ്ടിരുന്ന മഗ്ദലക്കാരി മറിയയ്ക്കു യേശു പ്രത്യക്ഷപ്പെട്ടു. (യോഹ. 20:11, 16) എമ്മാവൂസ് എന്ന ഗ്രാമത്തിലേക്ക് പോകുകയായിരുന്ന രണ്ടു ശിഷ്യന്മാരുടെ അടുത്ത് യേശു പ്രത്യക്ഷനായി. അതുപോലെ അപ്പോസ്തലനായ പത്രോസിന്റെ അടുത്തും യേശു വന്നു. w24.10 പേ. 13 ഖ. 5-6
സെപ്റ്റംബർ 12 ശനി
“നിങ്ങളുടെ പ്രത്യാശയുടെ അടിസ്ഥാനത്തെക്കുറിച്ച് ചോദിക്കുന്ന ആർക്കും മറുപടി കൊടുക്കാൻ എപ്പോഴും ഒരുങ്ങിയിരിക്കുക.”—1 പത്രോ. 3:15.
മാതാപിതാക്കളേ, സ്രഷ്ടാവിലുള്ള വിശ്വാസത്തെക്കുറിച്ച് മറ്റുള്ളവരോടു വിശദീകരിക്കാൻ മക്കളെ പരിശീലിപ്പിക്കുക. ഇതെക്കുറിച്ച് പറയുന്ന ലേഖനങ്ങൾ ഒരുമിച്ച് ചർച്ച ചെയ്യുന്നതു നിങ്ങൾക്ക് ഒരു സഹായമായിരിക്കും. ഉദാഹരണത്തിന്, jw.org-ൽ “യുവജനങ്ങൾ ചോദിക്കുന്നു—സൃഷ്ടിയോ പരിണാമമോ?” എന്നു സെർച്ച് ചെയ്യാം. ആ ലേഖനപരമ്പരയിൽനിന്ന് ഒരു സ്രഷ്ടാവുണ്ടെന്നു വിശ്വസിക്കാൻ മറ്റുള്ളവരെ സഹായിക്കുമെന്നു തോന്നുന്ന ഒരു വിശദീകരണം മക്കൾക്കു തിരഞ്ഞെടുക്കാം. എന്നിട്ട് അത് അവരോടൊപ്പം പരിശീലിക്കുക. ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ ഇഷ്ടമുള്ളവരോടു ലളിതമായി, യുക്തിക്കു നിരക്കുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ മക്കളെ പ്രോത്സാഹിപ്പിക്കാനാകും. ഉദാഹരണത്തിന്, സ്കൂളിലുള്ള ഒരു കുട്ടി ഇങ്ങനെ പറഞ്ഞേക്കാം: “ഞാൻ കാണുന്ന കാര്യങ്ങൾ മാത്രമേ വിശ്വസിക്കുകയുള്ളൂ. ദൈവത്തെ ഞാൻ ഇതുവരെ കണ്ടിട്ടില്ല.” അപ്പോൾ നിങ്ങളുടെ മക്കൾക്ക് ഇങ്ങനെ മറുപടി പറയാനാകുമോ: “മനുഷ്യരൊന്നും അടുത്തില്ലാത്ത ദൂരെയുള്ള ഒരു കാട്ടിലൂടെ നിങ്ങൾ നടക്കുകയാണെന്നു വിചാരിക്കുക. അപ്പോഴാണു കല്ലുകൊണ്ട് നല്ല ഭംഗിയായി കെട്ടിയ ഒരു കിണർ കാണുന്നത്. നിങ്ങൾ എന്തു നിഗമനത്തിലെത്തും? ആ കിണർ ആരോ നിർമിച്ചതാണെന്നു നിങ്ങൾ മനസ്സിലാക്കും. അങ്ങനെയെങ്കിൽ ഈ പ്രപഞ്ചത്തിന്റെയും അതിൽ കാണുന്ന ജീവനുള്ള എല്ലാത്തിന്റെയും കാര്യത്തിൽ അതു സത്യമല്ലേ?” w24.12 പേ. 18 ഖ. 16
സെപ്റ്റംബർ 13 ഞായർ
“പ്രായമായവർ ജ്ഞാനികളായിരിക്കില്ലേ? പ്രായം ചെല്ലുമ്പോൾ വിവേകം വർധിക്കില്ലേ?”—ഇയ്യോ. 12:12.
ജീവിതത്തിൽ പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കാൻ നമുക്ക് എല്ലാവർക്കും നല്ല ഉപദേശങ്ങൾ ആവശ്യമാണ്. സഭയിലുള്ള മൂപ്പന്മാരും അനുഭവപരിചയമുള്ള സഹോദരങ്ങളും നമുക്ക് ഇതുപോലുള്ള സഹായം തരാറുണ്ട്. അവരുടെ ഉപദേശം പഴഞ്ചനാണെന്നു ചിന്തിച്ച് അതു നമ്മൾ കേൾക്കാതിരിക്കരുത്. പ്രായമായവരിൽനിന്ന് നമ്മൾ പഠിക്കാൻ യഹോവ ആഗ്രഹിക്കുന്നു. നമ്മളെക്കാൾ കൂടുതൽ കാലം ജീവിച്ചതുകൊണ്ട് അവർക്കു നമ്മളെക്കാൾ അറിവും ജ്ഞാനവും അനുഭവപരിചയവും ഉണ്ട്. പുരാതനകാലത്ത് പ്രായമുള്ള വിശ്വസ്തരായ ദാസരെ ഉപയോഗിച്ച് യഹോവ തന്റെ ജനത്തെ പ്രോത്സാഹിപ്പിക്കുകയും വഴിനടത്തുകയും ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, മോശയുടെയും ദാവീദിന്റെയും അപ്പോസ്തലനായ യോഹന്നാന്റെയും കാര്യമെടുക്കുക. അവർ വ്യത്യസ്തസമയങ്ങളിലാണു ജീവിച്ചിരുന്നത്. അതുപോലെ അവരുടെ സാഹചര്യങ്ങളും വ്യത്യസ്തമായിരുന്നു. ജീവിതാവസാനത്തോട് അടുത്തപ്പോൾ അവർ ജ്ഞാനമുള്ള ചില ഉപദേശങ്ങൾ ചെറുപ്പക്കാർക്കു കൊടുത്തു. പ്രായമുള്ള ഈ മൂന്ന് ദൈവദാസരും യഹോവയെ അനുസരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് എടുത്തുപറഞ്ഞു. നമ്മൾ പ്രായമുള്ളവരാണെങ്കിലും ചെറുപ്പക്കാരാണെങ്കിലും അവരുടെ ആ ഉപദേശത്തിൽനിന്ന് നമുക്കു പ്രയോജനം നേടാനാകും.—റോമ. 15:4; 2 തിമൊ. 3:16. w24.11 പേ. 8 ഖ. 1-2
സെപ്റ്റംബർ 14 തിങ്കൾ
“നിങ്ങൾ മനുഷ്യപുത്രന്റെ മാംസം തിന്നുകയും രക്തം കുടിക്കുകയും ചെയ്യുന്നില്ലെങ്കിൽ നിങ്ങൾക്കു ജീവൻ കിട്ടില്ല.”—യോഹ. 6:53.
നോഹയുടെ നാളിൽ രക്തം ഭക്ഷിക്കുന്നത് യഹോവ വിലക്കിയിരുന്നു. (ഉൽപ. 9:3, 4) അതേ നിയമം യഹോവ ഇസ്രായേല്യർക്കും നൽകി. ‘ആരെങ്കിലും രക്തം കഴിച്ചാൽ അവനെ വെച്ചേക്കരുതായിരുന്നു’ അഥവാ കൊല്ലണമായിരുന്നു. (ലേവ്യ 7:27) മോശയുടെ നിയമം അനുസരിച്ച് ജീവിക്കണമെന്നാണു യേശുവും ജൂതന്മാരെ പഠിപ്പിച്ചത്. (മത്താ. 5:17-19) അതുകൊണ്ട് തന്റെ ശരിക്കുള്ള മാംസം കഴിക്കാനും രക്തം കുടിക്കാനും യേശു ജൂതന്മാരോടു പറയുമെന്നു നമുക്കു ചിന്തിക്കാൻപോലും കഴിയില്ല. യേശു ഒരിക്കൽ ശമര്യ സ്ത്രീയോടു പറഞ്ഞതുപോലെ ഇതും ആലങ്കാരികമായി പറയുകയായിരുന്നു. “ഞാൻ കൊടുക്കുന്ന വെള്ളം നിത്യജീവനേകുന്ന ഒരു ഉറവയായി മാറും” എന്ന് യേശു പറഞ്ഞു. (യോഹ. 4:7, 14) ഏതെങ്കിലും ഒരു പ്രത്യേകകിണറ്റിൽനിന്നുള്ള വെള്ളം കുടിച്ചാൽ, നിത്യജീവൻ കിട്ടും എന്നു പറയുകയായിരുന്നില്ല യേശു. അതുപോലെ കഫർന്നഹൂമിൽവെച്ച് ജനക്കൂട്ടത്തോടു സംസാരിച്ചപ്പോൾ തന്റെ ശരിക്കുള്ള മാംസം തിന്നണമെന്നും ശരിക്കുള്ള രക്തം കുടിക്കണമെന്നും അല്ല യേശു ഉദ്ദേശിച്ചത്. w24.12 പേ. 9 ഖ. 4-6
സെപ്റ്റംബർ 15 ചൊവ്വ
“നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു സ്വീകാര്യവും ആയ ജീവനുള്ള ബലിയായി അർപ്പിച്ചുകൊണ്ട് ചിന്താപ്രാപ്തി ഉപയോഗിച്ചുള്ള വിശുദ്ധസേവനം ചെയ്യുക.”—റോമ. 12:1.
സ്ത്രീകളെക്കുറിച്ച് ലോകത്തിലെ ആളുകൾക്കുള്ള മോശമായ വീക്ഷണം തങ്ങളിലേക്കും കടന്നുവരാതിരിക്കാൻ ക്രിസ്തീയഭർത്താക്കന്മാർ പ്രത്യേകം ശ്രദ്ധിക്കണം. എന്തുകൊണ്ട്? നമ്മുടെ ചിന്തകൾ പ്രവൃത്തികളിലേക്കു നയിക്കും എന്നതാണ് അതിന്റെ ഒരു പ്രധാന കാരണം. അപ്പോസ്തലനായ പൗലോസ് റോമിലെ അഭിഷിക്തക്രിസ്ത്യാനികൾക്ക് ഇങ്ങനെ മുന്നറിയിപ്പു കൊടുത്തു: “ഈ വ്യവസ്ഥിതി നിങ്ങളെ അതിന്റെ അച്ചിൽ വാർത്തെടുക്കാൻ ഇനി സമ്മതിക്കരുത്.” (റോമ. 12:1, 2) പൗലോസ് ഇത് എഴുതുന്ന സമയത്ത് സാധ്യതയനുസരിച്ച് റോമിലെ സഭ നിലവിൽ വന്നിട്ട് കുറെ വർഷങ്ങളായിട്ടുണ്ടായിരുന്നു. എങ്കിലും ലോകത്തിന്റെ ചില രീതികളും ചിന്തകളും ആ സഭയിലുള്ള ചിലരെ അപ്പോഴും സ്വാധീനിച്ചിരുന്നു എന്നാണ് പൗലോസിന്റെ വാക്കുകൾ കാണിക്കുന്നത്. അതുകൊണ്ടാണ് ചിന്തകളിലും പെരുമാറ്റത്തിലും വേണ്ട മാറ്റങ്ങൾ വരുത്താൻ അദ്ദേഹം അവരെ പ്രോത്സാഹിപ്പിച്ചത്. ഇന്നത്തെ ക്രിസ്തീയഭർത്താക്കന്മാരും ഈ ഉപദേശം അനുസരിക്കേണ്ടത് പ്രധാനമാണ്. എന്നാൽ സങ്കടകരമായ കാര്യം, ക്രിസ്തീയഭർത്താക്കന്മാരിൽ ചിലരെ ഈ ലോകത്തിന്റെ ചിന്തകൾ സ്വാധീനിച്ചിരിക്കുന്നു; അവർ ഭാര്യമാരോടു വളരെ മോശമായി പെരുമാറുകപോലും ചെയ്തിരിക്കുന്നു. w25.01 പേ. 9 ഖ. 4
സെപ്റ്റംബർ 16 ബുധൻ
“മേൽവിചാരകന്മാരായി സേവിച്ചുകൊണ്ട് നിങ്ങളുടെ പരിപാലനത്തിലുള്ള ദൈവത്തിന്റെ ആട്ടിൻപറ്റത്തെ മേയ്ക്കുക.”—1 പത്രോ. 5:2.
മൂപ്പന്മാർ ഇന്ന് വളരെ തിരക്കോടെ പ്രവർത്തിക്കുന്നു. അവർ സുവിശേഷകരാണ്. (2 തിമൊ. 4:5) അവർ ശുശ്രൂഷയിൽ തീക്ഷ്ണതയോടെ ഉൾപ്പെടുകയും സഭാപ്രദേശത്ത് പ്രസംഗപ്രവർത്തനം സംഘടിപ്പിക്കുകയും നന്നായി പ്രസംഗിക്കാനും പഠിപ്പിക്കാനും നമ്മളെ പരിശീലിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ മൂപ്പന്മാർ കരുണയുള്ള, പക്ഷപാതമില്ലാത്ത ന്യായാധിപന്മാരായും സേവിക്കുന്നു. സഭയിൽ ആരെങ്കിലും ഗുരുതരമായ തെറ്റു ചെയ്താൽ യഹോവയുമായുള്ള ബന്ധം വീണ്ടെടുക്കാൻ മൂപ്പന്മാർ അവരെ സഹായിക്കുന്നു. അതേസമയം സഭയെ ശുദ്ധിയുള്ളതാക്കി നിലനിറുത്താനും അവർ പ്രത്യേകം ശ്രദ്ധിക്കും. (1 കൊരി. 5:12, 13; ഗലാ. 6:1) ഏറ്റവും പ്രധാനമായി, മൂപ്പന്മാർ ഇടയന്മാരും ആണ്. (1 പത്രോ. 5:1-3) അവർ നന്നായി തയ്യാറായി ബൈബിളധിഷ്ഠിത പ്രസംഗങ്ങൾ നടത്തുകയും സഭയിലെ എല്ലാവരെയും അടുത്തറിയാൻ ശ്രമിക്കുകയും ഇടയസന്ദർശനങ്ങൾ നടത്തുകയും ചെയ്യുന്നു. ഇതിനു പുറമേ ചില മൂപ്പന്മാർ വേറെ ഉത്തരവാദിത്വങ്ങളും ചെയ്യുന്നുണ്ട്. രാജ്യഹാളിന്റെ നിർമാണത്തിലും പരിപാലനത്തിലും, കൺവെൻഷൻ സംഘടിപ്പിക്കുന്നതിലും, ആശുപത്രി ഏകോപനസമിതികളുടെയും രോഗീസന്ദർശന കൂട്ടങ്ങളുടെയും പ്രവർത്തനത്തിലും ഒക്കെ അവർ സഹായിക്കുന്നു. അതെ, മൂപ്പന്മാർ നമുക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്നവരാണ്! w24.10 പേ. 20 ഖ. 9
സെപ്റ്റംബർ 17 വ്യാഴം
“ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവർക്കും ജീവൻ കിട്ടും.”—1 കൊരി. 15:22.
ബൈബിളിൽ വീണ്ടെടുക്കുക എന്ന പദം, മോചനവില കൊടുത്തുകൊണ്ട് ഒരാളെ കുറ്റവിമുക്തനാക്കുന്നതിനെ അല്ലെങ്കിൽ മോചിപ്പിക്കുന്നതിനെ അർഥമാക്കുന്നു. അപ്പോസ്തലനായ പത്രോസ് അതെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “പൂർവികരിൽനിന്ന് നിങ്ങൾക്കു കൈമാറിക്കിട്ടിയ പൊള്ളയായ ജീവിതരീതിയിൽനിന്ന് നിങ്ങളെ മോചിപ്പിച്ചിരിക്കുന്നതു (അക്ഷ. “വീണ്ടെടുത്തിരിക്കുന്നത്”) സ്വർണവും വെള്ളിയും പോലെ നശിച്ചുപോകുന്ന വസ്തുക്കളാലല്ല എന്നു നിങ്ങൾക്ക് അറിയാമല്ലോ. കറയും കളങ്കവും ഇല്ലാത്ത കുഞ്ഞാടിന്റേതുപോലുള്ള രക്തത്താൽ, ക്രിസ്തുവിന്റെ വിലയേറിയ രക്തത്താൽ, ആണ് നിങ്ങളെ മോചിപ്പിച്ചിരിക്കുന്നത്.” (1 പത്രോ. 1:18, 19; അടിക്കുറിപ്പ്.) നമുക്കുവേണ്ടി മോചനവില നൽകിയിരിക്കുന്നതുകൊണ്ട് പാപത്തിന്റെയും മരണത്തിന്റെയും ക്രൂരമായ അടിമത്തത്തിൽനിന്ന് നമുക്കു മോചിതരാകാനാകും. (റോമ. 5:21) യേശുവിന്റെ വിലയേറിയ രക്തത്താലാണ് നമ്മളെ വീണ്ടെടുത്തിരിക്കുന്നത്. അതിനു നമ്മൾ യഹോവയോടും യേശുവിനോടും എത്രയധികം നന്ദിയുള്ളവരാണ്! w25.02 പേ. 5 ഖ. 15-16
സെപ്റ്റംബർ 18 വെള്ളി
“എപ്പോഴും ജാഗ്രത കാണിക്കുന്ന മനുഷ്യൻ സന്തുഷ്ടൻ.”—സുഭാ. 28:14.
എങ്ങനെ ജാഗ്രത കാണിക്കാം? നമുക്ക് എങ്ങനെ നമ്മളെത്തന്നെ സംരക്ഷിക്കാം? സുഭാഷിതങ്ങൾ 7-ാം അധ്യായത്തിൽ പറഞ്ഞിരിക്കുന്ന ചെറുപ്പക്കാരനിൽനിന്ന് എന്തു പഠിക്കാമെന്നു നോക്കാം. അവൻ അസാന്മാർഗിയായ ഒരു സ്ത്രീയുമായി ലൈംഗിക അധാർമികതയിൽ ഏർപ്പെട്ടു. 22-ാം വാക്യം പറയുന്നത്, അവളുടെ പുറകേ ആ ചെറുപ്പക്കാരൻ “പെട്ടെന്ന്” പോയി എന്നാണ്. എന്നാൽ പെട്ടെന്നല്ല, പല പടികളും കടന്ന് പതിയെയാണ് അവൻ ആ തെറ്റിലേക്കു വീണതെന്നു തൊട്ടുമുമ്പുള്ള വാക്യങ്ങളിൽനിന്ന് മനസ്സിലാക്കാം. ഈ തെറ്റിലേക്കു നയിച്ചത് എന്താണ്? ആദ്യം അവൻ, വൈകുന്നേരം ആയപ്പോൾ തെരുവിലൂടെ നടന്ന് “അവളുടെ വീടിന് അരികിലെ കവലയിൽ എത്തി.” എന്നിട്ട് അവളുടെ വീടിനു നേർക്കു നടന്നു. (സുഭാ. 7:8, 9) ആ സ്ത്രീയെ കണ്ടിട്ടും അവൻ തിരിഞ്ഞുനടന്നില്ല. പകരം അവൾ തന്നെ ചുംബിക്കാൻ അവൻ അനുവദിച്ചു. ഇനി, ഒരുപക്ഷേ താൻ അത്ര മോശം സ്ത്രീയല്ല എന്നു കാണിക്കാനായിരിക്കാം സഹഭോജനബലികൾ അർപ്പിച്ചതിനെക്കുറിച്ചൊക്കെ അവൾ പറഞ്ഞത്. അതും അവൻ കേട്ടുകൊണ്ടുനിന്നു. (സുഭാ. 7:13, 14, 21 വായിക്കുക.) തെറ്റിലേക്കു നയിച്ച ഈ കാര്യങ്ങളൊക്കെ ആ ചെറുപ്പക്കാരൻ ഒഴിവാക്കിയിരുന്നെങ്കിൽ അവനു തെറ്റു ചെയ്യാനുള്ള പ്രലോഭനം തോന്നില്ലായിരുന്നു, അവൻ തെറ്റിലേക്കു വീഴുകയുമില്ലായിരുന്നു. w24.07 പേ. 16 ഖ. 8-9; പേ. 19 ഖ. 19
സെപ്റ്റംബർ 19 ശനി
‘ദയയോടെ അയാളോടു ക്ഷമിക്കുക, അയാളെ ആശ്വസിപ്പിക്കുക.’—2 കൊരി. 2:7.
യഹോവ തന്റെ ജനത്തിനിടയിൽ ഗുരുതരമായ തെറ്റുകൾ വെച്ചുപൊറുപ്പിക്കില്ല. ചിലർ ചിന്തിക്കുന്നത് യഹോവ കരുണയുള്ളവനായതുകൊണ്ട് മാനസാന്തരമില്ലാത്ത പാപികളെപ്പോലും സഭയിൽ തുടരാൻ അനുവദിക്കുമെന്നാണ്. യഹോവ കരുണ കാണിക്കുന്നവനാണെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ എന്തും അനുവദിച്ചുകൊടുക്കുന്ന ദൈവമല്ല യഹോവ. തന്റെ നിലവാരങ്ങൾ യഹോവ ഒരിക്കലും താഴ്ത്തില്ല. (യൂദ 4) മാനസാന്തരപ്പെടാത്ത തെറ്റുകാരനെ സഭയിൽ തുടരാൻ അനുവദിച്ചാൽ അതു സഭയിലുള്ള എല്ലാവരെയും അപകടത്തിലാക്കും. അതിനെ ‘കരുണ’ എന്നു വിളിക്കാനാകില്ല. (സുഭാ. 13:20; 1 കൊരി. 15:33) എന്നാൽ ആരും നശിച്ചുപോകരുത് എന്നാണ് യഹോവയുടെ ആഗ്രഹമെന്നു നമുക്ക് അറിയാം. കഴിയുന്നിടത്തോളം ആളുകളെ രക്ഷിക്കാനാണ് യഹോവ ആഗ്രഹിക്കുന്നത്. തങ്ങളുടെ ചിന്തകൾക്കും പ്രവർത്തനങ്ങൾക്കും മാറ്റം വരുത്തി തന്നോട് അടുക്കാൻ ആഗ്രഹിക്കുന്നവരോട് യഹോവ കരുണ കാണിക്കും. (യഹ. 33:11; 2 പത്രോ. 3:9) അതുകൊണ്ട് കൊരിന്തിലെ ആ വ്യക്തി മാനസാന്തരപ്പെടുകയും തന്റെ തെറ്റായ പ്രവൃത്തികൾ ഉപേക്ഷിക്കുകയും ചെയ്തപ്പോൾ ആ വ്യക്തിയോടു ക്ഷമിക്കാനും അദ്ദേഹത്തെ സഭയിലേക്കു തിരികെ സ്വാഗതം ചെയ്യാനും യഹോവ അപ്പോസ്തലനായ പൗലോസിലൂടെ അവരോടു പറഞ്ഞു. w24.08 പേ. 17 ഖ. 7; പേ. 18-19 ഖ. 14-15
സെപ്റ്റംബർ 20 ഞായർ
“എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരാൾക്കു ചെയ്തതെല്ലാം നിങ്ങൾ എനിക്കാണു ചെയ്തത്.”—മത്താ. 25:40.
ചെമ്മരിയാടുകളുടെയും കോലാടുകളുടെയും ദൃഷ്ടാന്തത്തിൽ ആളുകളെ ന്യായം വിധിക്കുന്നതിനെക്കുറിച്ചാണ് യേശു പറയുന്നത്. അവർ ക്രിസ്തുവിന്റെ സഹോദരന്മാരെ എങ്ങനെ പിന്തുണച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് ആ ന്യായവിധി നടത്തുന്നത്. (മത്താ. 25:31-46) അതു ‘മഹാകഷ്ടതയുടെ’ സമയത്ത്, അർമഗെദോനു തൊട്ടുമുമ്പായിട്ടായിരിക്കും സംഭവിക്കുന്നത്. (മത്താ. 24:21) ഇടയൻ കോലാടുകളിൽനിന്ന് ചെമ്മരിയാടുകളെ വേർതിരിക്കുന്നതുപോലെ, അഭിഷിക്തക്രിസ്ത്യാനികളെ പിന്തുണച്ചവരെ അങ്ങനെ ചെയ്യാത്തവരിൽനിന്ന് യേശു വേർതിരിക്കും. യഹോവ നിയമിച്ചിരിക്കുന്ന ന്യായാധിപനാണ് യേശു. നീതിയോടെ യേശു ന്യായം വിധിക്കുമെന്ന് ബൈബിൾപ്രവചനങ്ങൾ കാണിക്കുന്നു. (യശ. 11:3, 4) ആളുകൾ എന്തു ചെയ്യുന്നു, എന്തു ചിന്തിക്കുന്നു, എന്തു പറയുന്നു എന്നതൊക്കെ യേശു നിരീക്ഷിക്കുന്നു. തന്റെ അഭിഷിക്തസഹോദരന്മാരോട് അവർ എങ്ങനെയാണ് ഇടപെടുന്നതെന്നും യേശു നോക്കും. (മത്താ. 12:36, 37) തന്റെ അഭിഷിക്തസഹോദരന്മാരെയും അവരുടെ പ്രവർത്തനത്തെയും പിന്തുണച്ചത് ആരെല്ലാമാണെന്ന് യേശുവിന് അറിയാൻ കഴിയും. ചെമ്മരിയാടുതുല്യരായ ആളുകൾക്കു ക്രിസ്തുവിന്റെ സഹോദരന്മാരെ പിന്തുണയ്ക്കാൻ കഴിയുന്ന പ്രധാനപ്പെട്ട ഒരു വിധം, പ്രസംഗപ്രവർത്തനത്തിൽ അവരെ സഹായിക്കുന്നതാണ്. w24.09 പേ. 20-21 ഖ. 3-4
സെപ്റ്റംബർ 21 തിങ്കൾ
“എല്ലാ കാര്യങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തുക.”—1 തെസ്സ. 5:21.
ഒരു കാര്യത്തെക്കുറിച്ച് നമുക്കു സംശയമുണ്ടെങ്കിൽ ബൈബിൾ അതെക്കുറിച്ച് എന്താണു പറയുന്നതെന്നു നോക്കുക. ദൈവത്തിന്റെ കണ്ണിൽ തനിക്കു വിലയുണ്ടോ എന്നു സംശയിക്കുന്ന ചെറുപ്പക്കാരനെത്തന്നെ നമുക്ക് ഉദാഹരണമായെടുക്കാം. ആ സംശയത്തിന് ഉത്തരം കണ്ടെത്താതെ അതു വിട്ടുകളയുന്നതിനു പകരം അദ്ദേഹം കാര്യങ്ങൾ ‘പരിശോധിച്ച് ഉറപ്പുവരുത്തണം.’ അതിനുവേണ്ടി അതെക്കുറിച്ചുള്ള യഹോവയുടെ ചിന്ത എന്താണെന്നു മനസ്സിലാക്കണം. നമ്മൾ ദൈവവചനം വായിക്കുമ്പോൾ യഹോവ നമ്മളോടു സംസാരിക്കുന്നതുപോലെയാണ്. എന്നാൽ ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് ദൈവത്തിന്റെ ചിന്ത എന്താണെന്നു മനസ്സിലാക്കാൻ നല്ല ശ്രമം ആവശ്യമാണ്. ആ വിഷയത്തെക്കുറിച്ച് മനസ്സിലാക്കാൻ സഹായിക്കുന്ന തിരുവെഴുത്തുകൾ കണ്ടെത്തുകയും അവ പഠിക്കുകയും വേണം. യഹോവയുടെ സംഘടന തന്നിരിക്കുന്ന പഠനോപകരണങ്ങളും ഉപയോഗിക്കാം. (സുഭാ. 2:3-6) ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താനായി ഗവേഷണം ചെയ്യുമ്പോൾ നമ്മളെ വഴിനയിക്കണേ എന്ന് യഹോവയോടു പ്രാർഥിക്കാം. ഇനി, നമ്മളെ സഹായിക്കുന്ന ബൈബിൾതത്ത്വങ്ങളും പ്രായോഗികവിവരങ്ങളും കണ്ടെത്തുക. w24.10 പേ. 25 ഖ. 4-5
സെപ്റ്റംബർ 22 ചൊവ്വ
‘സ്നേഹം സ്വാർഥതയോടെ തൻകാര്യം നോക്കുന്നില്ല.’—1 കൊരി. 13:5.
അഹങ്കാരമോ സ്വാർഥമായ ആഗ്രഹങ്ങളോ ഉള്ളിൽവെച്ചുകൊണ്ട് പ്രവർത്തിക്കുന്ന ഒരാളുടെ ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കില്ല. (1 കൊരി. 10:24, 33; 13:4) ഇടയ്ക്കൊക്കെ യേശുവിന്റെ അടുത്ത സുഹൃത്തുക്കൾപോലും തെറ്റായ ആന്തരത്തോടെ പദവികൾ നേടിയെടുക്കാൻ ശ്രമിച്ചു. യേശുവിന്റെ രണ്ട് അപ്പോസ്തലന്മാരായ യാക്കോബും യോഹന്നാനും ഉൾപ്പെട്ട ഒരു സംഭവം നോക്കാം. അവർ യേശുവിനോടു ദൈവരാജ്യത്തിൽ ഒരു പ്രമുഖസ്ഥാനം ചോദിച്ചു. എന്നാൽ അവരുടെ ആ ആഗ്രഹത്തെ യേശു അഭിനന്ദിക്കുകയല്ല ചെയ്തത്. പകരം 12 അപ്പോസ്തലന്മാരോടായി യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങൾക്കു ശുശ്രൂഷ ചെയ്യുന്നവനായിരിക്കണം. നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ അടിമയായിരിക്കണം.” (മർക്കോ. 10:35-37, 43, 44) ശരിയായ ആന്തരത്തോടെ, അതായത് മറ്റുള്ളവരെ സേവിക്കാനുള്ള ആഗ്രഹത്തോടെ, ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ ശ്രമിക്കുന്ന സഹോദരന്മാർ സഭയ്ക്ക് ഒരു അനുഗ്രഹമായിരിക്കും.—1 തെസ്സ. 2:8. w24.11 പേ. 16 ഖ. 7-8
സെപ്റ്റംബർ 23 ബുധൻ
“അനേകം ഉപദേശകരുണ്ടെങ്കിൽ വിജയം നേടാം.”—സുഭാ. 15:22.
തീരുമാനങ്ങൾ എടുക്കുമ്പോൾ ‘മറ്റുള്ളവർക്ക് എന്തു നേട്ടമുണ്ടാകുമെന്നു’ ചിന്തിക്കാനും മാന്യമായി ഒരുങ്ങാനും സ്നേഹം നമ്മളെ പ്രചോദിപ്പിക്കുന്നു. (1 കൊരി. 10:23, 24; 1 തിമൊ. 2:9, 10) അങ്ങനെ അവരോടുള്ള സ്നേഹവും ആദരവും തെളിയിക്കുന്ന രീതിയിൽ തീരുമാനങ്ങളെടുക്കാൻ നമുക്കു കഴിയും. നിങ്ങൾ ഗൗരവമുള്ള ഒരു തീരുമാനമെടുക്കുമ്പോൾ അതു നടപ്പിലാക്കാൻ എന്തൊക്കെ ചെയ്യേണ്ടിവരുമെന്നു ചിന്തിക്കുക. യേശു നമ്മളെ ‘ചെലവ് കണക്കുകൂട്ടി നോക്കണം’ എന്നു പഠിപ്പിച്ചു. (ലൂക്കോ. 14:28) അതുകൊണ്ട് ഒരു തീരുമാനമെടുക്കുന്നതിനു മുമ്പ്, അതു നടപ്പിലാക്കാൻവേണ്ട സമയവും ശ്രമവും മറ്റു കാര്യങ്ങളും കണക്കിലെടുക്കേണ്ടിവരും. ചില സാഹചര്യങ്ങളിൽ തീരുമാനം നടപ്പിലാക്കാൻ കുടുംബാംഗങ്ങൾക്ക് എങ്ങനെ സഹായിക്കാനാകുമെന്ന് അറിയാൻ അവരോടു ചോദിക്കാനായേക്കും. ഈ രീതിയിലെല്ലാം കാര്യങ്ങൾ പ്ലാൻ ചെയ്യേണ്ടത് എന്തുകൊണ്ടാണ്? അങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ തീരുമാനത്തിൽ എന്തെങ്കിലും പൊരുത്തപ്പെടുത്തലുകൾ വരുത്തണമെന്നോ അല്ലെങ്കിൽ പ്രായോഗികമായ മറ്റൊരു തീരുമാനമാണ് എടുക്കേണ്ടതെന്നോ നിങ്ങൾക്കു മനസ്സിലായേക്കും. ഇനി, നിങ്ങളുടെ കുടുംബാംഗങ്ങളെക്കൂടി ഉൾപ്പെടുത്തുകയും അവരുടെ അഭിപ്രായം കേൾക്കുകയും ചെയ്യുമ്പോൾ ആ തീരുമാനം നടപ്പിലാക്കാൻ അവർ നിങ്ങളുടെ ഒപ്പമുണ്ടായിരിക്കും. w25.01 പേ. 18-19 ഖ. 14-15
സെപ്റ്റംബർ 24 വ്യാഴം
“സന്തോഷിച്ചാനന്ദിക്കുക.”—യശ. 65:18.
ആത്മീയപറുദീസയിലായിരിക്കുന്ന നമുക്ക് ‘സന്തോഷിച്ചാനന്ദിക്കാൻ’ ആകുന്നതിന്റെ കാരണത്തെക്കുറിച്ച് യശയ്യ വിവരിക്കുന്നു. ഈ പറുദീസ യഹോവയുടെ ഒരു സൃഷ്ടിയാണ്. (യശ. 65:18, 19) അതുകൊണ്ട് ദൈവത്തെക്കുറിച്ചുള്ള സത്യം പഠിപ്പിക്കാത്ത ഈ ലോകത്തിലെ സംഘടനകളിൽനിന്ന് വിട്ടുപോരാനും മനോഹരമായ ആത്മീയപറുദീസയുടെ ഭാഗമാകാനും ആളുകളെ സഹായിക്കാൻ യഹോവ നമ്മളെ ഉപയോഗിക്കുന്നു. സത്യം അറിഞ്ഞതിലൂടെ നമ്മൾ ആസ്വദിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ നമുക്ക് ആവേശം തോന്നുന്നു. മറ്റുള്ളവരോട് ആ അനുഗ്രഹങ്ങളെക്കുറിച്ച് പറയാൻ അതു നമ്മളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. (യിരെ. 31:12) ആത്മീയപറുദീസയിൽ ആയിരിക്കുന്നതുകൊണ്ട് നമുക്ക് മഹത്തായൊരു പ്രത്യാശയുണ്ട്. അതെക്കുറിച്ച് ചിന്തിക്കുമ്പോഴും നമുക്കു വളരെ നന്ദിയും ആവേശവും തോന്നുന്നു. ബൈബിൾ ഇങ്ങനെ ഉറപ്പുതരുന്നു: ‘നമ്മൾ വീടുകൾ പണിത് താമസിക്കും, മുന്തിരിത്തോട്ടങ്ങൾ നട്ടുണ്ടാക്കി അവയുടെ ഫലം അനുഭവിക്കും. നമ്മുടെ അധ്വാനം വെറുതെയാകില്ല. കാരണം നമ്മളെല്ലാം യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവരായിരിക്കും.’ അവിടെ നമ്മുടെ ജീവിതത്തിന് ഒരു ഉദ്ദേശ്യം ഉണ്ടായിരിക്കും. നമുക്ക് സുരക്ഷിതത്വവും സംതൃപ്തിയും തോന്നും. അങ്ങനെയൊരു ജീവിതമാണ് യഹോവ വാഗ്ദാനം ചെയ്തിരിക്കുന്നത്. ദൈവം നമ്മുടെ ഓരോരുത്തരുടെയും ആവശ്യങ്ങൾ തിരിച്ചറിയും. ‘ജീവനുള്ളതിന്റെയെല്ലാം ആഗ്രഹം തൃപ്തിപ്പെടുത്തും.’—യശ. 65:20-24; സങ്കീ. 145:16. w24.04 പേ. 22-23 ഖ. 11-12
സെപ്റ്റംബർ 25 വെള്ളി
“ദൈവമാണ് എന്റെ ഉറപ്പുള്ള പാറ, എന്റെ അഭയം.”—സങ്കീ. 62:7.
യഹോവയിൽ പൂർണമായി ആശ്രയിക്കുമ്പോൾ നമ്മൾ യഹോവയെ നമ്മുടെ പാറയാക്കുകയാണ്. ബുദ്ധിമുട്ടുള്ള സമയങ്ങളിൽപ്പോലും ദൈവത്തെ അനുസരിക്കുന്നതു നമുക്കു പ്രയോജനം ചെയ്യുമെന്ന് ഉറപ്പാണ്. (യശ. 48:17, 18) ഓരോ തവണ യഹോവയുടെ സഹായം അനുഭവിച്ചറിയുമ്പോഴും യഹോവയിലുള്ള നമ്മുടെ ആശ്രയം കൂടും. മാത്രമല്ല, എത്ര വലിയ പ്രശ്നത്തെയും നേരിടാൻ നമ്മൾ സജ്ജരാകുകയും ചെയ്യും. ഒരേ സ്ഥലത്തുതന്നെ, മാറാതെ ഉറച്ചുനിൽക്കുന്ന ഒരു പാറപോലെയാണ് യഹോവ. യഹോവയുടെ വ്യക്തിത്വത്തിനും ഉദ്ദേശ്യത്തിനും ഒരിക്കലും മാറ്റംവരില്ല. (മലാ. 3:6) ആദാമും ഹവ്വയും യഹോവയെ ധിക്കരിച്ചപ്പോഴും മനുഷ്യരെക്കുറിച്ചുള്ള തന്റെ ഉദ്ദേശ്യത്തിന് യഹോവ മാറ്റംവരുത്തിയില്ല. അപ്പോസ്തലനായ പൗലോസ് പറഞ്ഞതുപോലെ “തന്റെ പ്രകൃതത്തിനു നിരക്കാത്തതു ചെയ്യാൻ ദൈവത്തിനു കഴിയില്ല.” (2 തിമൊ. 2:13) അതു കാണിക്കുന്നത്, എന്തൊക്കെ സംഭവിച്ചാലും മറ്റുള്ളവർ എന്തുതന്നെ ചെയ്താലും യഹോവയ്ക്കോ യഹോവയുടെ ഉദ്ദേശ്യത്തിനോ നിലവാരങ്ങൾക്കോ മാറ്റംവരില്ല എന്നാണ്. യഹോവ മാറ്റമില്ലാത്തവനായതുകൊണ്ട് ബുദ്ധിമുട്ടു നിറഞ്ഞ സമയങ്ങളിൽ നമ്മളെ സഹായിക്കുമെന്നും ഭാവിയെക്കുറിച്ച് യഹോവ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം ചെയ്യുമെന്നും നമുക്ക് ഉറപ്പോടെ വിശ്വസിക്കാം..—സങ്കീ. 62:6, 7. w24.06 പേ. 27-28 ഖ. 7-8
സെപ്റ്റംബർ 26 ശനി
‘ആന്തരികമനുഷ്യനാണു ദൈവമുമ്പാകെ വിലയുള്ളത്.’—1 പത്രോ. 3:4.
നിങ്ങൾ ആരെങ്കിലുമായി ഡേറ്റിങ്ങിലാണെങ്കിൽ വിവാഹം കഴിക്കണോ വേണ്ടയോ എന്ന് എങ്ങനെ തീരുമാനിക്കാനാകും? പരസ്പരം നന്നായി അടുത്തറിയാൻ ശ്രമിക്കുക. ഡേറ്റിങ്ങ് തുടങ്ങുന്നതിനു മുമ്പുതന്നെ ആ വ്യക്തിയെക്കുറിച്ച് കുറെ കാര്യങ്ങൾ നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടാകും. എന്നാൽ ഇത് ‘ആന്തരികമനുഷ്യനെ’ അഥവാ ഉള്ളിന്റെ ഉള്ളിലെ വ്യക്തിയെ അടുത്തറിയാനുള്ള അവസരമാണ്. അതിൽ ആ വ്യക്തിയുടെ ആത്മീയതയും വ്യക്തിത്വവും ചിന്താരീതിയും ഒക്കെ നന്നായി മനസ്സിലാക്കുന്നത് ഉൾപ്പെടുന്നു. ഈ ചോദ്യങ്ങളുടെയെല്ലാം ഉത്തരം കണ്ടെത്താൻ നിങ്ങൾക്കു കഴിയണം: ‘ഈ വ്യക്തി എനിക്കു ചേരുന്ന ഒരു വിവാഹ പങ്കാളി ആയിരിക്കുമോ?’ (സുഭാ. 31:26, 27, 30; എഫെ. 5:33; 1 തിമൊ. 5:8) ‘വിവാഹം കഴിഞ്ഞ്, പരസ്പരം വേണ്ട സ്നേഹവും ശ്രദ്ധയും കൊടുക്കാൻ ഞങ്ങൾക്കു പറ്റുമോ? മറ്റേയാളുടെ വ്യക്തിത്വത്തിലെ പോരായ്മകൾ എനിക്കു സഹിക്കാൻ പറ്റുന്നവയാണോ?’ (റോമ. 3:23) അടുത്തറിയാൻ ശ്രമിക്കുമ്പോൾ ഒരു കാര്യം മനസ്സിൽ പിടിക്കണം: പരസ്പരയോജിപ്പ് എന്നത്, നിങ്ങൾ തമ്മിൽ എത്രത്തോളം സമാനതകളുണ്ട് എന്നതിനെ ആശ്രയിച്ചല്ല. പകരം, നിങ്ങളുടെ സ്വഭാവത്തിലെ വ്യത്യാസങ്ങളുമായി നിങ്ങൾക്ക് എത്രത്തോളം പൊരുത്തപ്പെട്ടു പോകാൻ കഴിയും എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. w24.05 പേ. 27 ഖ. 5
സെപ്റ്റംബർ 27 ഞായർ
“ഞാൻ യഹോവയോടു പാപം ചെയ്തുപോയി.”—2 ശമു. 12:13.
ദാവീദ് ഗുരുതരമായ ഒരു തെറ്റു ചെയ്തു. എന്നാൽ, നാഥാൻ പ്രവാചകൻ ആ തെറ്റു ചൂണ്ടിക്കാണിച്ചപ്പോൾ അദ്ദേഹം താഴ്മയോടെ പശ്ചാത്തപിച്ചു. (സങ്കീ. 51:3, 4, 17, മേലെഴുത്ത്) ഹിസ്കിയ രാജാവും യഹോവയ്ക്കെതിരെ പാപം ചെയ്തു. (2 ദിന. 32:25) ദാവീദിനെപ്പോലെ ഹിസ്കിയയും താഴ്മയോടെ പശ്ചാത്തപിച്ചു. (2 ദിന. 32:26) അതുകൊണ്ടാണ് ഒടുവിൽ യഹോവ അദ്ദേഹത്തെ ‘ശരിയായതു ചെയ്ത,’ വിശ്വസ്തനായ ഒരു രാജാവായി കണ്ടത്. (2 രാജാ. 18:3) നമുക്ക് എന്തു പഠിക്കാം? തെറ്റു പറ്റുമ്പോൾ പശ്ചാത്തപിക്കുകയും അത് ആവർത്തിക്കാതിരിക്കാൻ പരമാവധി ശ്രമിക്കുകയും വേണം. പക്ഷേ, വളരെ നിസ്സാരമെന്നു നമുക്കു തോന്നുന്ന ഒരു കാര്യത്തിനു സഭയിലെ മൂപ്പന്മാരിൽനിന്ന് തിരുത്തൽ കിട്ടുന്നെങ്കിലോ, അപ്പോൾ നമ്മൾ എങ്ങനെ പ്രതികരിക്കണം? യഹോവ നമ്മളെ സ്നേഹിക്കുന്നില്ലെന്നോ മൂപ്പന്മാർ നമുക്ക് എതിരാണെന്നോ ഒരിക്കലും ചിന്തിക്കരുത്. ഇസ്രായേലിലെ നല്ല രാജാക്കന്മാർക്കുപോലും തിരുത്തലും ഉപദേശവും ഒക്കെ ആവശ്യമായിരുന്നു. (എബ്രാ. 12:6) അതുകൊണ്ട് നമുക്ക് ഒരു തിരുത്തൽ കിട്ടുമ്പോൾ (1) താഴ്മയോടെ പ്രതികരിക്കുക, (2) വേണ്ട മാറ്റങ്ങൾ വരുത്തുക, (3) മുഴുഹൃദയത്തോടെ യഹോവയെ സേവിക്കുന്നതിൽ തുടരുക. ആത്മാർഥമായി പശ്ചാത്തപിക്കുന്നെങ്കിൽ, യഹോവ ഉറപ്പായും നമ്മളോടു ക്ഷമിക്കും.—2 കൊരി. 7:9, 11. w24.07 പേ. 22 ഖ. 8, 9, 11
സെപ്റ്റംബർ 28 തിങ്കൾ
“ആ ദുഷ്ടനെ നിങ്ങളുടെ ഇടയിൽനിന്ന് നീക്കിക്കളയുക.”—1 കൊരി. 5:13.
മാനസാന്തരത്തിലേക്കു നയിക്കാൻ മൂപ്പന്മാർ പല പ്രാവശ്യം ശ്രമിച്ചിട്ടും അതിനോടു ശരിയായ വിധത്തിൽ പ്രതികരിക്കാത്ത ഒരാളെ, സഭയിൽനിന്ന് നീക്കം ചെയ്യും. (2 രാജാ. 17:12-15) യഹോവയുടെ നിലവാരങ്ങൾക്കനുസരിച്ച് ജീവിക്കാൻ തനിക്ക് ആഗ്രഹമില്ലെന്നു തന്റെ മനോഭാവത്തിലൂടെയും പ്രവൃത്തിയിലൂടെയും അയാൾ തെളിയിച്ചിരിക്കുന്നു. (ആവ. 30:19, 20) അയാൾ ഇനിമുതൽ യഹോവയുടെ സാക്ഷികളിൽ ഒരാളായിരിക്കില്ല എന്നൊരു അറിയിപ്പും സഭയിൽ നടത്തും. തെറ്റുകാരനെ നാണംകെടുത്തുക എന്ന ഉദ്ദേശ്യത്തിലല്ല അങ്ങനെ ചെയ്യുന്നത്. മറിച്ച് ‘അയാളുമായുള്ള കൂട്ടുകെട്ട് ഉപേക്ഷിക്കണം’ എന്ന തിരുവെഴുത്ത് ഉപദേശം അനുസരിക്കാൻ സഭയെ സഹായിക്കുന്നതിനുവേണ്ടിയാണ് ആ അറിയിപ്പു നടത്തുന്നത്. “അയാളുടെകൂടെ ഭക്ഷണം കഴിക്കാൻപോലും പാടില്ല” എന്നും ബൈബിൾ പറയുന്നു. (1 കൊരി. 5:9-11) യഹോവ അങ്ങനെയൊരു നിർദേശം തന്നിരിക്കുന്നതു നല്ല ഉദ്ദേശ്യത്തോടെയാണ്. കാരണം അപ്പോസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: “പുളിച്ച അൽപ്പം മാവ്, മാവിനെ മുഴുവൻ പുളിപ്പിക്കുന്നു.” (1 കൊരി. 5:6) മാനസാന്തരപ്പെടാത്ത തെറ്റുകാരനെ സഭയിൽനിന്ന് നീക്കം ചെയ്തില്ലെങ്കിൽ യഹോവയുടെ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കാനുള്ള മറ്റുള്ളവരുടെ തീരുമാനത്തെ അതു ദുർബലമാക്കിയേക്കാം.—സുഭാ. 13:20; 1 കൊരി. 15:33. w24.08 പേ. 27 ഖ. 3-4
സെപ്റ്റംബർ 29 ചൊവ്വ
“എല്ലാം ചെയ്യാനുള്ള ശക്തി, എന്നെ ശക്തനാക്കുന്ന ദൈവത്തിൽനിന്ന് എനിക്കു കിട്ടുന്നു.”—ഫിലി. 4:13.
നമുക്കു നമ്മുടെ ശക്തി മറ്റൊരാൾക്കു കൊടുക്കാൻ പറ്റില്ല. പക്ഷേ നമുക്കുള്ള ശക്തിയും ഊർജവും ഉപയോഗിച്ച് മറ്റുള്ളവരെ സഹായിക്കാനാകും. ഉദാഹരണത്തിന്, പ്രായമായവരോ രോഗികളോ ആയ സഹോദരങ്ങൾക്കുവേണ്ടി സാധനങ്ങൾ വാങ്ങിച്ച് കൊടുക്കാനോ അവരുടെ വീട്ടിലെ ജോലികൾ ചെയ്തുകൊടുക്കാനോ നമുക്കു പറ്റിയേക്കും. അല്ലെങ്കിൽ രാജ്യഹാളിന്റെ ക്ലീനിങ്ങിനോ അറ്റകുറ്റപ്പണിക്കോ സഹായിക്കാനും കഴിയും. വാക്കുകൾക്കും ശക്തിയുണ്ട് എന്ന കാര്യം മറക്കരുത്. ഒരു അഭിനന്ദനവാക്കോ ആശ്വാസമോ ഒക്കെ കിട്ടാൻ ആഗ്രഹിക്കുന്ന ആരെയെങ്കിലും നിങ്ങൾക്ക് അറിയാമോ? എങ്കിൽ നിങ്ങൾ അവരെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്ന് അവരെ അറിയിക്കുക. നിങ്ങൾക്ക് അവരെ നേരിട്ട് ചെന്നുകാണാനോ ഒന്നു ഫോൺ വിളിക്കാനോ കഴിഞ്ഞേക്കും. അല്ലെങ്കിൽ ഒരു കാർഡോ ഇ-മെയിലോ മെസ്സേജോ അയയ്ക്കാൻ സാധിക്കും. അവരോട് എന്തു പറയും എന്നോർത്ത് വിഷമിക്കേണ്ടാ. നിങ്ങൾ ഹൃദയത്തിൽനിന്ന്, സ്നേഹത്തോടെ പറയുന്ന ഏതാനും വാക്കുകളായിരിക്കും ഒരു ദിവസംകൂടെ വിശ്വസ്തമായി പിടിച്ചുനിൽക്കാനോ പ്രത്യാശയോടെ മുന്നോട്ടുപോകാനോ അവരെ സഹായിക്കുന്നത്.—സുഭാ. 12:25; എഫെ. 4:29. w24.09 പേ. 28 ഖ. 8-10
സെപ്റ്റംബർ 30 ബുധൻ
“മേൽവിചാരകനാകാൻ പരിശ്രമിക്കുന്ന ഒരാൾ വാസ്തവത്തിൽ വിശിഷ്ടമായൊരു കാര്യമാണ് ആഗ്രഹിക്കുന്നത്.”—1 തിമൊ. 3:1.
നിങ്ങൾ കുറച്ചുനാളായി ഒരു ശുശ്രൂഷാദാസനായി സേവിക്കുകയാണെങ്കിൽ ഒരു മൂപ്പനാകാൻവേണ്ട പല ഗുണങ്ങളും വളർത്തിയെടുക്കാൻ നിങ്ങൾ ശ്രമിക്കുന്നുണ്ടായിരിക്കും. ആ ‘വിശിഷ്ടമായ വേല’ എത്തിപ്പിടിക്കാൻ നിങ്ങൾ തയ്യാറാണോ? ഒരു മൂപ്പൻ ചെയ്യുന്ന കാര്യങ്ങൾ എന്തൊക്കെയാണ്? അവർ ശുശ്രൂഷയിൽ നേതൃത്വമെടുക്കുകയും ഇടയവേല ചെയ്യുന്നതിലും പഠിപ്പിക്കുന്നതിലും കഠിനാധ്വാനം ചെയ്യുകയും അതുപോലെ വാക്കിലൂടെയും മാതൃകയിലൂടെയും സഭയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് കഠിനാധ്വാനികളായ ഈ മൂപ്പന്മാരെ ബൈബിൾ ‘മനുഷ്യരാകുന്ന സമ്മാനങ്ങൾ’ എന്നു വിളിക്കുന്നതിൽ അതിശയിക്കാനില്ല. (എഫെ. 4:8) നിങ്ങൾക്ക് എങ്ങനെ ഒരു മൂപ്പൻ എന്ന യോഗ്യതയിൽ എത്താം? ഒരു മൂപ്പനാകാനുള്ള യോഗ്യതയിൽ എത്തുന്നത് സാധാരണ ഒരു ജോലിക്കുള്ള യോഗ്യതയിൽ എത്തുന്നതുപോലെയല്ല. നമുക്ക് ഒരു ജോലി തരണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് നമുക്കുള്ള വൈദഗ്ധ്യങ്ങൾ നോക്കിയാണ്. എന്നാൽ ഒരു മൂപ്പനെന്ന നിയമനം ലഭിക്കാൻ അതു മാത്രം പോരാ. പ്രസംഗിക്കാനും പഠിപ്പിക്കാനും ഉള്ള വൈദഗ്ധ്യങ്ങളോടൊപ്പം, 1 തിമൊഥെയൊസ് 3:1-7-ലും തീത്തോസ് 1:5-9-ലും പറഞ്ഞിരിക്കുന്ന ഒരു മൂപ്പനുവേണ്ട തിരുവെഴുത്തു യോഗ്യതകളിലും നിങ്ങൾ എത്തിച്ചേരേണ്ടതുണ്ട്. w24.11 പേ. 20 ഖ. 1-3