ആഗസ്റ്റ്
ആഗസ്റ്റ് 1 ശനി
‘ലോകാരംഭംമുതൽ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്ത മഹാകഷ്ടത അന്ന് ഉണ്ടാകും.’—മത്താ. 24:21.
കഴിയുന്നത്ര ആളുകൾ നമ്മൾ അറിയിക്കുന്ന മുന്നറിയിപ്പിൻ സന്ദേശം ശ്രദ്ധിക്കണമെന്നും ഇപ്പോൾത്തന്നെ നമ്മളോടൊപ്പം യഹോവയെ ആരാധിച്ച് തുടങ്ങണമെന്നും ആണ് നമ്മുടെ ആത്മാർഥമായ ആഗ്രഹം. എന്നാൽ നമ്മുടെ മുന്നറിയിപ്പിനു ശ്രദ്ധകൊടുക്കാത്തവരുടെ കാര്യമോ? ബാബിലോൺ എന്ന മഹതിയുടെ നാശം കണ്ടിട്ട് മാറ്റം വരുത്താൻ തയ്യാറാകുന്ന ആളുകളെ യഹോവ രക്ഷിച്ചേക്കാം. അതുകൊണ്ട് നമ്മൾ ആളുകൾക്കു മുന്നറിയിപ്പു കൊടുക്കുന്നതിൽ തുടരേണ്ടത് ഇപ്പോൾ കൂടുതൽ അടിയന്തിരമാണ്. ശരിയല്ലേ? കാരണം, നമ്മൾ ഇപ്പോൾ പറയുന്ന കാര്യങ്ങളായിരിക്കും ഭാവിയിൽ അവർ ഓർക്കുന്നത്. (യഹ. 33:33 താരതമ്യം ചെയ്യുക.) നമ്മളിൽനിന്ന് കേട്ട മുന്നറിയിപ്പിനെക്കുറിച്ച് ഒരുപക്ഷേ ആ സമയത്ത് അവർ ചിന്തിക്കുകയും അധികം വൈകുന്നതിനു മുമ്പുതന്നെ നമ്മളോടൊപ്പം യഹോവയെ സേവിക്കാൻ തയ്യാറാകുകയും ചെയ്തേക്കാം. ഒന്നാം നൂറ്റാണ്ടിൽ ഫിലിപ്പിയിലെ ജയിലധികാരി “വലിയ ഒരു ഭൂകമ്പം” ഉണ്ടായിക്കഴിഞ്ഞപ്പോഴാണ് മാറ്റം വരുത്തിയത്. അതുപോലെ ഇന്ന് സത്യത്തോടു പ്രതികരിക്കാത്ത ചിലർ, ബാബിലോൺ എന്ന മഹതിയുടെ നാശത്തിനു ശേഷമായിരിക്കാം മാറ്റം വരുത്താൻ തയ്യാറാകുന്നത്.—പ്രവൃ. 16:25-34. w24.05 പേ. 17 ഖ. 9-10
ആഗസ്റ്റ് 2 ഞായർ
“ക്രിസ്തു നിയമത്തിന്റെ അവസാനമാണ്.”—റോമ. 10:4.
എബ്രായക്രിസ്ത്യാനികൾക്ക് അപ്പോസ്തലനായ പൗലോസ് എഴുതിയ കത്തിൽനിന്ന് നമുക്ക് ഒരു വിലപ്പെട്ട പാഠം പഠിക്കാൻ കഴിയും. അവരിൽ ചിലർ ആത്മീയമായി വളർന്നുകൊണ്ടിരുന്നില്ല. സത്യത്തിൽ, ‘കട്ടിയായ ആത്മീയാഹാരത്തിനു പകരം പാൽ വേണ്ട അവസ്ഥയിലേക്ക് അവർ തിരിച്ചുപോയി.’ (എബ്രാ. 5:12) യഹോവ സഭയിലൂടെ അവരെ പഠിപ്പിച്ചുകൊണ്ടിരുന്ന പുതിയ സത്യങ്ങൾ മനസ്സിലാക്കാനും അംഗീകരിക്കാനും അവർക്കു കഴിഞ്ഞില്ല. (സുഭാ. 4:18) ഉദാഹരണത്തിന്, യേശുവിന്റെ മോചനവിലയുടെ അടിസ്ഥാനത്തിൽ, ഏകദേശം 30 വർഷങ്ങൾക്കു മുമ്പ് മോശയുടെ നിയമം നീങ്ങിപ്പോയെങ്കിലും ജൂതമതത്തിൽനിന്ന് ക്രിസ്ത്യാനികളായവർ അത് അപ്പോഴും മുറുകെപ്പിടിച്ചിരുന്നു. (തീത്തോ. 1:10) അതുകൊണ്ടാണ് എബ്രായർക്കുള്ള തന്റെ കത്തിലൂടെ കട്ടിയായ ചില ആത്മീയസത്യങ്ങൾ അവരെ പഠിപ്പിക്കാൻ പൗലോസ് ശ്രമിച്ചത്. അങ്ങനെ, യഹോവ യേശുവിലൂടെ സ്ഥാപിച്ച ആരാധനയ്ക്കുള്ള പുതിയ ക്രമീകരണം പഴയതിനെക്കാൾ വളരെ മികച്ചതാണെന്ന് അവർക്കു മനസ്സിലാകുമായിരുന്നു. പ്രസംഗപ്രവർത്തനത്തിൽ തുടരാനുള്ള ധൈര്യവും അവർക്ക് ലഭിക്കുമായിരുന്നു.—എബ്രാ. 10:19-23. w24.04 പേ. 6 ഖ. 15
ആഗസ്റ്റ് 3 തിങ്കൾ
‘നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും.’—പ്രവൃ. 24:15.
ആദാമും ഹവ്വയും സാത്താന്റെകൂടെ ചേർന്ന് യഹോവയെ ധിക്കരിച്ചതുമുതൽ കോടിക്കണക്കിന് ആളുകൾ മരിച്ചുപോയിട്ടുണ്ട്. അവരുടെ പ്രത്യാശ എന്താണ്? ആ ആളുകളെ എന്താണ് കാത്തിരിക്കുന്നത്? യേശുവിന്റെ വിശ്വസ്തരായ അനുഗാമികളിൽ കുറച്ചുപേർ, അതായത്, 1,44,000 പേർ സ്വർഗത്തിലെ അമർത്യജീവനിലേക്ക് ഉയിർപ്പിക്കപ്പെടും. (വെളി. 14:1) യഹോവയെ സ്നേഹിച്ച വിശ്വസ്തരായ സ്ത്രീപുരുഷന്മാരുടെ ഒരു വലിയ കൂട്ടം ‘നീതിമാന്മാരുടെ പുനരുത്ഥാനത്തിൽ’ ഉണ്ടായിരിക്കും. ക്രിസ്തുവിന്റെ ആയിരംവർഷ ഭരണകാലത്തും അന്തിമപരിശോധനയുടെ സമയത്തും നീതിമാന്മാരായി നിലനിന്നാൽ അവർക്ക് ഭൂമിയിൽ എന്നേക്കും ജീവിക്കാനാകും. (ദാനി. 12:13; എബ്രാ. 12:1) ആയിരംവർഷ ഭരണകാലത്ത് ‘നീതികെട്ടവരും’ ഉയിർപ്പിക്കപ്പെടും. അതിൽ യഹോവയെ മുമ്പൊരിക്കലും സേവിച്ചിട്ടില്ലാത്തവരോ ‘മോശമായ കാര്യങ്ങൾ ചെയ്തവരോ’ പോലും ഉൾപ്പെടും. മാറ്റങ്ങൾ വരുത്താനും യഹോവയുടെ വിശ്വസ്തദാസരാകാനും അവർക്ക് അപ്പോൾ അവസരം ലഭിക്കും. (യോഹ. 5:29; ലൂക്കോ. 23:42, 43) എന്നാൽ ചില ആളുകളുടെ കാര്യത്തിൽ യഹോവ അവരെ പുനരുത്ഥാനപ്പെടുത്തില്ല എന്നു തീരുമാനിച്ചിട്ടുണ്ട്. കാരണം അവർ അത്രയധികം ദുഷ്ടന്മാരായിരുന്നു.—ലൂക്കോ. 12:4, 5. w24.05 പേ. 2 ഖ. 3; പേ. 5 ഖ. 15; പേ. 6 ഖ. 17
ആഗസ്റ്റ് 4 ചൊവ്വ
“അവർ വായ്കൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാൽ അവരുടെ ഹൃദയം എന്നിൽനിന്ന് വളരെ അകലെയാണ്.”—യശ. 29:13.
യഹോവയുടെ കൂടാരത്തിൽ അതിഥിയായിരിക്കാൻ ഒരാൾ ‘ഹൃദയത്തിൽ സത്യം സംസാരിക്കുന്നയാൾ’ ആയിരിക്കണം. (സങ്കീ. 15:2) അതിൽ നുണ പറയാതിരിക്കുന്നതു മാത്രമല്ല ഉൾപ്പെടുന്നത്. നമ്മൾ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളിലും സത്യസന്ധരായിരിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. (എബ്രാ. 13:18) കാരണം, “യഹോവ വഞ്ചകരെ വെറുക്കുന്നു, നേരുള്ളവരെയാണു ദൈവം ഉറ്റസുഹൃത്തുക്കളാക്കുന്നത്.” (സുഭാ. 3:32) ‘ഹൃദയത്തിൽ സത്യം സംസാരിക്കുന്നയാൾ’ എങ്ങനെയുള്ള ഒരാളായിരിക്കും? അയാൾ മറ്റുള്ളവരുടെ മുമ്പിൽ ശരിയായ കാര്യങ്ങൾ ചെയ്തിട്ട്, ഒറ്റയ്ക്കായിരിക്കുമ്പോൾ ദൈവനിയമങ്ങൾ ലംഘിക്കുന്ന ഒരാളായിരിക്കില്ല. അങ്ങനെ അഭിനയിക്കുന്ന ഒരു വ്യക്തി യഹോവ വെച്ചിരിക്കുന്ന ചില നിയമങ്ങളൊക്കെ ശരിക്കും ആവശ്യമുള്ളതാണോ എന്നു ചിന്തിക്കാൻതുടങ്ങും. (യാക്കോ. 1:5-8) വലിയ പ്രാധാന്യമൊന്നും ഇല്ലെന്നു തോന്നുന്ന കാര്യങ്ങളിൽ അദ്ദേഹം അനുസരണക്കേടു കാണിക്കും. എന്നിട്ടും കുഴപ്പമൊന്നും സംഭവിക്കുന്നില്ല എന്നു തോന്നുമ്പോൾ ഗുരുതരമായ തെറ്റുകൾ ചെയ്യാൻതുടങ്ങും. അങ്ങനെയുള്ള ഒരാൾ താൻ ദൈവത്തെ സേവിക്കുന്നുണ്ടല്ലോ എന്നു ചിന്തിച്ചാലും ആ ആരാധന ദൈവം സ്വീകരിക്കില്ല. (സഭാ. 8:11) അതുകൊണ്ട് നമുക്ക് എല്ലാ കാര്യങ്ങളിലും സത്യസന്ധരായിരിക്കാൻ ശ്രമിക്കാം. w24.06 പേ. 10 ഖ. 7-8
ആഗസ്റ്റ് 5 ബുധൻ
‘സത്യം അരയ്ക്കു കെട്ടി ഉറച്ചുനിൽക്കുക.’—എഫെ. 6:14.
യഹോവയുടെ ജനം ദൈവവചനത്തിൽ കാണുന്ന സത്യത്തെ സ്നേഹിക്കുന്നു. അതാണു നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. (റോമ. 10:17) യഹോവ ക്രിസ്തീയസഭ സ്ഥാപിച്ചിരിക്കുന്നത്, “സത്യത്തിന്റെ തൂണും താങ്ങും” ആയിട്ടാണെന്നു നമുക്ക് അറിയാം. (1 തിമൊ. 3:15) ബൈബിളിലും സംഘടന നൽകുന്ന നിർദേശങ്ങളിലും ഉള്ള നമ്മുടെ വിശ്വാസം നഷ്ടപ്പെട്ട് കാണുന്നതാണു സാത്താന് ഏറ്റവും സന്തോഷം. (എഫെ. 4:14) പെട്ടെന്നുതന്നെ സാത്താൻ രാഷ്ട്രങ്ങളെ മുഴുവൻ യഹോവയ്ക്ക് എതിരെ തിരിക്കുന്നതിനു വളരെ തന്ത്രപരമായി മനഞ്ഞെടുത്ത നുണകൾ പ്രചരിപ്പിക്കും. (വെളി. 16:13, 14) അതുപോലെ യഹോവയുടെ ജനത്തെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങളും സാത്താൻ ശക്തമാക്കുമെന്നു നമുക്ക് അറിയാം. (വെളി. 12:9) അതുകൊണ്ട് സത്യവും നുണയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനും സത്യത്തിൽത്തന്നെ ഉറച്ചുനിൽക്കാനും നമ്മൾ പഠിക്കേണ്ടതു പ്രധാനമാണ്. (റോമ. 6:17; 1 പത്രോ. 1:22) മഹാകഷ്ടതയെ നമ്മൾ അതിജീവിക്കുമോ എന്നത് അതിനെ ആശ്രയിച്ചാണിരിക്കുന്നത്! w24.07 പേ. 8 ഖ. 1-3
ആഗസ്റ്റ് 6 വ്യാഴം
“ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്ന ഈ കല്പന അത്ര ബുദ്ധിമുട്ടുള്ളതല്ല; അതു നിങ്ങളുടെ എത്തുപാടിന് അതീതവുമല്ല.”—ആവ. 30:11.
യഹോവ ഇസ്രായേല്യരെ തന്റെ ജനതയായി തിരഞ്ഞെടുത്തപ്പോൾ അവരുമായി ഒരു ഉടമ്പടി ചെയ്തു. യഹോവ കൊടുത്ത നിയമങ്ങൾ അവർ അനുസരിക്കുകയാണെങ്കിൽ യഹോവ അവരെ സംരക്ഷിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ വേറെ ദൈവങ്ങളെ ആരാധിക്കുകയും മറ്റും ചെയ്തുകൊണ്ട് അവർ യഹോവയെ ധിക്കരിക്കുകയാണെങ്കിൽ യഹോവ തന്റെ സംരക്ഷണം പിൻവലിക്കുകയും അവർ കഷ്ടപ്പെടേണ്ടിവരുകയും ചെയ്യുമായിരുന്നു. അതിന്റെ അർഥം യഹോവ അവരെ പൂർണമായി ഉപേക്ഷിക്കുമായിരുന്നു എന്നല്ല. അവർക്കു ദൈവമായ ‘യഹോവയിലേക്കു തിരിയാനും ദൈവത്തിന്റെ വാക്കുകളെല്ലാം അനുസരിക്കാനും’ കഴിയുമായിരുന്നു. (ആവ. 30:1-3, 17-20) മറ്റു വാക്കുകളിൽ പറഞ്ഞാൽ, അവർക്കു മാനസാന്തരപ്പെടാൻ സാധിക്കുമായിരുന്നു. അങ്ങനെ ചെയ്താൽ യഹോവ അവരോട് അടുക്കുകയും അവരെ വീണ്ടും അനുഗ്രഹിക്കുകയും ചെയ്യും. ഇസ്രായേൽ ജനത യഹോവയോടു വീണ്ടുംവീണ്ടും ധിക്കാരം കാണിച്ചു. അതിന്റെ ഫലമായി അവർക്കു ദുരിതങ്ങൾ അനുഭവിക്കേണ്ടിവന്നു. എന്നാൽ അവർ വഴിതെറ്റിപ്പോയിട്ടും യഹോവ അവരെ ഉപേക്ഷിച്ചില്ല. മാനസാന്തരപ്പെട്ട് തിരിഞ്ഞുവരാൻ അവരെ സഹായിക്കുന്നതിന് യഹോവ വീണ്ടുംവീണ്ടും പ്രവാചകന്മാരെ അവരുടെ അടുത്തേക്ക് അയച്ചു.—2 രാജാ. 17:13, 14. w24.08 പേ. 9 ഖ. 4-5
ആഗസ്റ്റ് 7 വെള്ളി
“യരുശലേമിലെ സഭയ്ക്കു വലിയ ഉപദ്രവം നേരിടേണ്ടിവന്നു.”—പ്രവൃ. 8:1.
യേശു മരിച്ചതിനു ശേഷമുള്ള വർഷങ്ങളിൽ, യരുശലേമിലും യഹൂദ്യയിലും ഉള്ള എബ്രായക്രിസ്ത്യാനികൾക്ക് ഒരുപാടു കഷ്ടപ്പാടുകൾ നേരിടേണ്ടിവന്നു. ക്രിസ്തീയസഭ സ്ഥാപിതമായ ഉടനെതന്നെ അവർക്കു ശക്തമായ ഉപദ്രവങ്ങളുണ്ടായി. ഏതാണ്ട് 20 വർഷങ്ങൾക്കു ശേഷം ക്രിസ്തുവിന്റെ അനുഗാമികൾക്കു വലിയ സാമ്പത്തികബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവന്നു. മുമ്പ് ദേശത്തുണ്ടായ ക്ഷാമത്തിന്റെ ഫലമായിട്ടായിരിക്കാം അവർക്ക് അതു നേരിട്ടത്. (പ്രവൃ. 11:27-30) എന്നാൽ ഏതാണ്ട് എ.ഡി. 61 ആയപ്പോഴേക്കും അവിടത്തെ സാഹചര്യം കുറെയൊക്കെ മെച്ചപ്പെട്ടു. വരാനിരുന്ന സംഭവങ്ങൾവെച്ച് നോക്കുമ്പോൾ അവർക്ക് അതൊരു സമാധാനകാലഘട്ടമായിരുന്നു. ആ സമയത്താണ് അപ്പോസ്തലനായ പൗലോസ് ദൈവപ്രചോദിതമായി അവർക്ക് ഒരു കത്ത് എഴുതുന്നത്. അതിലെ നിർദേശങ്ങൾ ഭാവിയിൽ നേരിടാനുള്ള സംഭവങ്ങൾക്കായി അവരെ ഒരുക്കുമായിരുന്നു. എബ്രായർക്ക് എഴുതിയ ആ കത്ത് കൃത്യസമയത്തുള്ള ഒന്നായിരുന്നു. കാരണം അവർക്കുണ്ടായിരുന്ന ആ സമാധാനത്തിന്റെ സമയം അധികം നാൾ നീണ്ടുനിൽക്കുമായിരുന്നില്ല. കഷ്ടതകളുടെ ആ സമയത്ത് സഹിച്ചുനിൽക്കാൻ സഹായിക്കുന്ന പ്രായോഗികനിർദേശങ്ങളാണു പൗലോസ് അവർക്കു നൽകിയത്. w24.09 പേ. 8 ഖ. 1-2
ആഗസ്റ്റ് 8 ശനി
“ഇവർ ഇവിടെയുള്ളത് എനിക്കു വലിയ ഒരു ആശ്വാസമാണ്.”—കൊലോ. 4:11.
പ്രയാസങ്ങൾ അനുഭവിക്കുന്ന സമയത്ത് സഹവിശ്വാസികൾ നമുക്കു ‘വലിയ ഒരു ആശ്വാസമാണ്.’ സഹോദരങ്ങളിലൂടെ നമുക്ക് യഹോവയുടെ സ്നേഹം അനുഭവിച്ചറിയാനാകും. നമ്മളോടൊപ്പം സമയം ചെലവഴിച്ചുകൊണ്ടും നമ്മൾ പറയുന്നതു ശ്രദ്ധയോടെ കേട്ടുകൊണ്ടും സഹോദരങ്ങൾ നമ്മളെ ആശ്വസിപ്പിക്കും. അവർ ബൈബിൾവാക്യങ്ങൾ ഉപയോഗിച്ച് നമ്മളെ പ്രോത്സാഹിപ്പിക്കുകയോ നമ്മളോടൊപ്പം പ്രാർഥിക്കുകയോ ഒക്കെ ചെയ്തേക്കാം. (റോമ. 15:4) ചിലപ്പോൾ ഒരു കാര്യത്തെക്കുറിച്ച് യഹോവയുടെ ചിന്ത മനസ്സിലാക്കാനും അങ്ങനെ സമനിലയോടെ മുന്നോട്ടുപോകാനും ഒരു സഹോദരനോ സഹോദരിക്കോ നമ്മളെ സഹായിക്കാനാകും. ഇനി, നമ്മൾ നിരാശപ്പെട്ടിരിക്കുമ്പോൾ ഒരു നേരത്തെ ഭക്ഷണം ഉണ്ടാക്കിത്തരുന്നതുപോലെ എന്തെങ്കിലുമൊക്കെ സഹായങ്ങൾ ചെയ്തുതരാനും അവർക്കു കഴിയും. മറ്റുള്ളവരിൽനിന്ന് സഹായം കിട്ടാൻ നമ്മൾ ചിലപ്പോൾ സഹായം ചോദിക്കേണ്ടതുണ്ടായിരിക്കാം. (സുഭാ. 17:17) നമുക്ക് എന്താണു തോന്നുന്നതെന്നോ, എന്താണു വേണ്ടതെന്നോ അവർക്ക് അറിയാൻ കഴിഞ്ഞെന്നുവരില്ല. (സുഭാ. 14:10) അതുകൊണ്ട് നിങ്ങൾക്ക് എന്താണു തോന്നുന്നതെന്നു പക്വതയുള്ള കൂട്ടുകാരോടു തുറന്നുപറയാൻ തയ്യാറാകുക. എങ്കിലേ നിങ്ങളെ സഹായിക്കാൻ എന്താണു ചെയ്യേണ്ടതെന്ന് അവർക്കു മനസ്സിലാകുകയുള്ളൂ. ചിലപ്പോൾ നിങ്ങൾക്ക് അടുപ്പമുള്ള ഒന്നോ രണ്ടോ മൂപ്പന്മാരോടായിരിക്കും നിങ്ങൾ സംസാരിക്കാൻ തീരുമാനിക്കുന്നത്. ഇനി ചില സഹോദരിമാർക്കു പക്വതയുള്ള മറ്റൊരു സഹോദരിയോട് ഉള്ളുതുറക്കുന്നതു കൂടുതൽ എളുപ്പമായി തോന്നിയിട്ടുണ്ട്. w24.10 പേ. 10 ഖ. 15-16
ആഗസ്റ്റ് 9 ഞായർ
‘പുത്രനെ അംഗീകരിച്ച് അവനിൽ വിശ്വസിക്കുന്ന ഏതൊരാൾക്കും നിത്യജീവൻ കിട്ടും.’—യോഹ. 6:40.
ആരോഗ്യത്തോടെയിരിക്കാൻ ഇന്നു പല ആളുകളും നന്നായി വ്യായാമം ചെയ്യുകയും നല്ല ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും പ്രായമാകുമെന്നും മരിക്കുമെന്നും അവർക്ക് അറിയാം. എന്നേക്കും ജീവിക്കാൻ കഴിയുക എന്നതു നടക്കാത്ത കാര്യമായി അവർക്കു തോന്നുന്നു. എന്നാൽ യേശു, മനുഷ്യർക്കു ‘നിത്യം ജീവിക്കാൻ’ കഴിയുമെന്നു പറഞ്ഞിട്ടുണ്ട്. യോഹന്നാൻ 3:16-ലും 5:24-ലും നമുക്ക് അതു കാണാം. യേശു അത്ഭുതകരമായി ആയിരക്കണക്കിന് ആളുകൾക്ക് അപ്പവും മീനും കൊടുത്തു. അത് അതിശയിപ്പിക്കുന്ന ഒരു കാര്യമായിരുന്നെങ്കിലും അടുത്ത ദിവസം യേശു പറഞ്ഞത് അവരെ കൂടുതൽ അത്ഭുതപ്പെടുത്തി. ആളുകൾ യേശുവിനെ ഗലീല കടൽത്തീരത്തിന് അടുത്തുള്ള കഫർന്നഹൂംവരെ പിന്തുടർന്നു. അവിടെവെച്ച് യേശു പുനരുത്ഥാനത്തെക്കുറിച്ചും നിത്യജീവനെക്കുറിച്ചും അവരോടു പറഞ്ഞു. (യോഹ. 6:39, 40) യോഹന്നാൻ 6-ാം അധ്യായത്തിലെ യേശുവിന്റെ വാക്കുകൾ കാണിക്കുന്നത്, മരിച്ചുപോയ പലരും പുനരുത്ഥാനപ്പെടുമെന്നും നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും നിത്യം ജീവിക്കാൻ പറ്റുമെന്നും ആണ്. w24.12 പേ. 8 ഖ. 1-2
ആഗസ്റ്റ് 10 തിങ്കൾ
‘ഭർത്താക്കന്മാരേ, സ്ത്രീകൾ നിങ്ങളെക്കാൾ ദുർബലമായ പാത്രമാണെന്ന് ഓർത്ത് അവരെ ആദരിക്കുക.’—1 പത്രോ. 3:7.
ലോകാരോഗ്യ സംഘടനയുടെ അടുത്തിടെയുള്ള ഒരു റിപ്പോർട്ടനുസരിച്ച്, പല ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ ശാരീരികമായോ മാനസികമായോ വാക്കുകൾകൊണ്ടോ ഉപദ്രവിക്കുന്നുണ്ട്. അങ്ങനെയുള്ള ഒരാൾ മറ്റുള്ളവരുടെ മുന്നിൽവെച്ച് ഭാര്യയോട് ആദരവോടെ ഇടപെടുകയും എന്നാൽ വീട്ടിൽവെച്ച് വളരെ മോശമായി പെരുമാറുകയും ചെയ്തേക്കാം. ചില ഭർത്താക്കന്മാർ ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്തുകൊണ്ടാണ്? ചിലപ്പോൾ സ്വന്തം അപ്പൻ അമ്മയോടു മോശമായി ഇടപെടുന്നത് കണ്ടായിരിക്കാം അവർ വളർന്നുവന്നത്. അതുകൊണ്ട് അതൊരു തെറ്റൊന്നുമല്ല എന്നായിരിക്കും അവർ ചിന്തിക്കുന്നത്. മറ്റു ചിലരെ സ്വാധീനിക്കുന്നത് അവർക്കു ചുറ്റുമുള്ള സംസ്കാരമാണ്. ഒരു ‘ആണാണ്’ എന്നു കാണിക്കണമെങ്കിൽ ഭാര്യയെ അടക്കിഭരിക്കണമെന്ന തെറ്റായ ചിന്ത പല സംസ്കാരങ്ങളിലുമുണ്ട്. വേറെ ചിലർക്കു ദേഷ്യംപോലുള്ള വികാരങ്ങൾ നിയന്ത്രിക്കാൻ അറിയില്ല. കാരണം അവരെ അതു പഠിപ്പിച്ചിട്ടില്ല. ഇനി, ചില പുരുഷന്മാർ പതിവായി അശ്ലീലം കാണുന്നതുകൊണ്ട് സ്ത്രീകളെ ലൈംഗിക ആഗ്രഹങ്ങൾ തൃപ്തിപ്പെടുത്താനുള്ള വെറും ഉപകരണങ്ങളായി അവർ വീക്ഷിക്കുന്നു. കൂടാതെ, കോവിഡ് മഹാമാരിയുടെ സമയത്ത് ഭാര്യമാർക്കു നേരെയുള്ള അതിക്രമങ്ങൾ കൂടിയതായും റിപ്പോർട്ടുകൾ കാണിക്കുന്നു. പക്ഷേ എന്തു കാരണം പറഞ്ഞാലും, ഭാര്യയ്ക്കു നേരെയുള്ള മോശമായ പെരുമാറ്റത്തെ ഒരിക്കലും ന്യായീകരിക്കാനാകില്ല. w25.01 പേ. 8 ഖ. 2-3
ആഗസ്റ്റ് 11 ചൊവ്വ
‘ജഡത്തിൽ കഷ്ടത അനുഭവിച്ച ക്രിസ്തുവിന്റെ അതേ മനോഭാവം നിങ്ങളും ഒരു ആയുധമായി ധരിക്കുക.’—1 പത്രോ. 4:1.
മോശയുടെ നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട കല്പന ഏതാണെന്നു യേശു വ്യക്തമാക്കി: “നിന്റെ ദൈവമായ യഹോവയെ നീ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴുദേഹിയോടും നിന്റെ മുഴുമനസ്സോടും നിന്റെ മുഴുശക്തിയോടും കൂടെ സ്നേഹിക്കണം.” (മർക്കോ. 12:30) അതെ, യഹോവയോടുള്ള സ്നേഹത്തിൽ നമ്മുടെ ഹൃദയം, അതായത് നമ്മുടെ ആഗ്രഹങ്ങളും വികാരങ്ങളും എല്ലാം ഉൾപ്പെടുന്നുണ്ട്. യഹോവയോടുള്ള സ്നേഹത്തിൽ നമ്മുടെ മുഴുദേഹിയോടെയുള്ള ഭക്തിയും നമ്മുടെ ശക്തിയും അഥവാ ഊർജവും ഉൾപ്പെടുന്നു. ഇനി യഹോവയോടുള്ള സ്നേഹത്തിൽ ഉൾപ്പെടുന്ന മറ്റൊരു കാര്യമാണു നമ്മുടെ മനസ്സ്. ഓരോ കാര്യത്തെക്കുറിച്ചും നമ്മൾ ചിന്തിക്കുന്ന വിധം അതിൽപ്പെടും. യഹോവ ചിന്തിക്കുന്നതുപോലെ ചിന്തിക്കാനാണു നമ്മൾ ശ്രമിക്കുന്നത്. എന്നാൽ യഹോവയുടെ ചിന്തകൾ പൂർണമായി മനസ്സിലാക്കാൻ നമുക്കു കഴിയില്ല എന്നതു ശരിയാണ്. എങ്കിലും ‘ക്രിസ്തുവിന്റെ മനസ്സ്’ പഠിക്കുന്നതിലൂടെ നമുക്ക് യഹോവയുടെ ചിന്തകൾ നന്നായി മനസ്സിലാക്കാനാകും. കാരണം യേശു യഹോവയുടെ ചിന്തകൾ പൂർണമായി പകർത്തിയ ആളാണ്.—1 കൊരി. 2:16. w25.03 പേ. 8 ഖ. 1
ആഗസ്റ്റ് 12 ബുധൻ
“ആ പ്രിയപ്പെട്ടവൻ മോചനവിലയായി നൽകിയ തന്റെ രക്തത്താൽ നമുക്കു വിടുതൽ കിട്ടി, ദൈവത്തിന്റെ സമൃദ്ധമായ അനർഹദയ കാരണം നമ്മുടെ പിഴവുകൾ ക്ഷമിച്ചുകിട്ടി.”—എഫെ. 1:7.
പാപം ചെയ്യുന്നതിനു മുമ്പ് ആദ്യമനുഷ്യനായ ആദാം എങ്ങനെയായിരുന്നോ അതുപോലെതന്നെ പൂർണനായിരുന്നു യേശുവും. (1 കൊരി. 15:45) അതുകൊണ്ട് തന്റെ മരണത്തിലൂടെ ആദാമിന്റെ പാപത്തിനു പരിഹാരം കൊണ്ടുവരാൻ, അതായത് ആദാം നഷ്ടപ്പെടുത്തിയതു വീണ്ടെടുക്കാൻ യേശുവിനായി. (റോമ. 5:19) അങ്ങനെ യേശു “അവസാനത്തെ ആദാം” ആയിത്തീർന്നു. ഇനി വേറൊരു പൂർണമനുഷ്യൻ വന്ന് ആദാം നഷ്ടപ്പെടുത്തിയതിനു പകരം കൊടുക്കേണ്ടതില്ല. കാരണം യേശു “എല്ലാ കാലത്തേക്കുംവേണ്ടി ഒരു പ്രാവശ്യം” ആ വില കൊടുത്തു. (എബ്രാ. 7:27; 10:12) അപ്പോൾ പാപപരിഹാരത്തിനായുള്ള ക്രമീകരണവും മോചനവിലയും തമ്മിലുള്ള വ്യത്യാസം എന്താണ്? പാപപരിഹാര ക്രമീകരണത്തിൽ താനും മനുഷ്യരും തമ്മിലുള്ള ബന്ധം വീണ്ടെടുക്കാൻ യഹോവ ചെയ്യുന്ന കാര്യങ്ങളാണ് ഉൾപ്പെടുന്നത്. എന്നാൽ, പാപികളായ മനുഷ്യരുടെ കാര്യത്തിൽ പാപപരിഹാരം സാധ്യമാകുന്നതിനുവേണ്ടി കൊടുത്ത വിലയാണ് മോചനവില. നമുക്കുവേണ്ടി ചൊരിഞ്ഞ യേശുവിന്റെ വിലയേറിയ രക്തമായിരുന്നു ആ വില.—എബ്രാ. 9:14. w25.02 പേ. 5 ഖ. 12-13
ആഗസ്റ്റ് 13 വ്യാഴം
“ദൈവം വിശ്വസ്തനാണ്. നിങ്ങൾക്കു ചെറുക്കാനാകാത്ത ഒരു പ്രലോഭനവും ദൈവം അനുവദിക്കില്ല. നിങ്ങൾക്കു പിടിച്ചുനിൽക്കാൻ കഴിയേണ്ടതിനു പ്രലോഭനത്തോടൊപ്പം ദൈവം പോംവഴിയും ഉണ്ടാക്കും.”—1 കൊരി. 10:13.
യഹോവയെ ജീവനുള്ള ദൈവമായി കാണുമ്പോൾ നമുക്കു നേരിടുന്ന പരിശോധനകളെക്കുറിച്ച് നമുക്കൊരു ശരിയായ വീക്ഷണമുണ്ടായിരിക്കും. അത് എങ്ങനെയാണ്? നമ്മുടെ പ്രശ്നത്തെ യഹോവയും സാത്താനും ഉൾപ്പെട്ട വലിയൊരു പ്രശ്നത്തിന്റെ ഭാഗമായി നമ്മൾ കാണാൻതുടങ്ങും. പ്രശ്നങ്ങളുണ്ടാകുമ്പോൾ നമ്മൾ യഹോവയെ ഉപേക്ഷിക്കുമെന്നാണു സാത്താൻ പറയുന്നത്. (ഇയ്യോ. 1:10, 11; സുഭാ. 27:11) എന്നാൽ യഹോവയോടു വിശ്വസ്തരായി നിൽക്കുമ്പോൾ നമ്മൾ യഹോവയെ സ്നേഹിക്കുന്നെന്നും സാത്താൻ ഒരു നുണയനാണെന്നും തെളിയിക്കുകയാണ്. നിങ്ങൾ ഇപ്പോൾ ഗവൺമെന്റിന്റെ എതിർപ്പോ സാമ്പത്തികബുദ്ധിമുട്ടോ ശുശ്രൂഷയിലെ മോശം പ്രതികരണമോ അല്ലെങ്കിൽ അതുപോലുള്ള മറ്റ് ഏതെങ്കിലും പ്രശ്നങ്ങളോ നേരിടുന്നുണ്ടോ? എങ്കിൽ, അവയെയെല്ലാം യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കാനുള്ള അവസരങ്ങളായി കാണുക. നിങ്ങൾക്കു സഹിക്കാൻ പറ്റാത്തത്ര വലിയ പ്രശ്നം നേരിടാൻ യഹോവ ഒരിക്കലും അനുവദിക്കില്ലെന്ന് ഓർക്കുക. പ്രശ്നങ്ങളുണ്ടാകുമ്പോൾ സഹിച്ചുനിൽക്കാൻ വേണ്ട ശക്തി യഹോവ തരും. w24.06 പേ. 22 ഖ. 9
ആഗസ്റ്റ് 14 വെള്ളി
“സ്വന്തം മോഹങ്ങളാണ് ഓരോരുത്തരെയും ആകർഷിച്ച് മയക്കി പരീക്ഷണങ്ങളിൽ അകപ്പെടുത്തുന്നത്.”—യാക്കോ. 1:14.
ഏതുതരം പ്രലോഭനത്തിലാണ് നിങ്ങൾ എളുപ്പം വീണുപോകാൻ സാധ്യതയുള്ളത് എന്നു നിങ്ങൾക്ക് അറിയാമോ? നമ്മുടെ ദൗർബല്യങ്ങൾ അവഗണിച്ചുകൊണ്ട് ‘എനിക്കു തെറ്റൊന്നും പറ്റില്ല’ എന്നു ചിന്തിക്കുന്നത് മണ്ടത്തരമാണ്. (1 യോഹ. 1:8) ജാഗ്രത കൈവിട്ടാൽ ‘ആത്മീയയോഗ്യതയുള്ളവർ’ പോലും തെറ്റിൽ വീണുപോകാൻ സാധ്യതയുണ്ട് എന്നു പൗലോസ് മുന്നറിയിപ്പു നൽകി. (ഗലാ. 6:1) നമ്മൾ സത്യസന്ധമായി സ്വയം വിലയിരുത്തുകയും ഏതു കാര്യങ്ങളിലാണു നമുക്കു ദൗർബല്യം ഉള്ളതെന്നു തിരിച്ചറിയുകയും വേണം. (2 കൊരി. 13:5) നമുക്ക് ഏറ്റവും കൂടുതൽ പ്രലോഭനം തോന്നുന്നത് ഏതു കാര്യത്തിലാണ് എന്നു മനസ്സിലാക്കിയാൽ, പിന്നെ നമ്മൾ എന്തു ചെയ്യണം? പ്രതിരോധം ശക്തമാക്കണം. ഉദാഹരണത്തിന്, ബൈബിൾക്കാലങ്ങളിലെ ഒരു നഗരമതിലിന്റെ കാര്യമെടുത്താൽ അതിന്റെ ഏറ്റവും ദുർബലമായ ഭാഗം കവാടങ്ങളായിരുന്നു. കാരണം, അതിലൂടെ ശത്രുക്കൾക്ക് എളുപ്പം അകത്തുകടക്കാൻ പറ്റും. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ കാവൽക്കാർ നിന്നിരുന്നതും കവാടങ്ങളിലാണ്. അതുപോലെ നമ്മളും, നമുക്ക് ഏറ്റവും ദൗർബല്യമുണ്ടെന്നു തോന്നുന്ന കാര്യങ്ങൾക്കു പ്രത്യേകം ശ്രദ്ധകൊടുക്കേണ്ടതു പ്രധാനമാണ്.—1 കൊരി. 9:27. w24.07 പേ. 15 ഖ. 5-7
ആഗസ്റ്റ് 15 ശനി
‘ദൈവത്തെക്കുറിച്ചുള്ള ശരിയായ അറിവിൽ വളരുകയും എല്ലാ സത്പ്രവൃത്തികളിലും ഫലം കായ്ക്കുകയും ചെയ്യുക.’—കൊലോ 1:10.
ഇന്നത്തെ വാക്യത്തിൽ പറഞ്ഞിരിക്കുന്ന സത്പ്രവൃത്തികളിൽ, സന്തോഷവാർത്ത പ്രസംഗിക്കുന്നതും ഉൾപ്പെടുന്നുണ്ട്. അതുകൊണ്ട് ദൈവവചനം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുക. അത് യഹോവയിലുള്ള നമ്മുടെ വിശ്വാസം ശക്തമാക്കും. സന്തോഷവാർത്ത പ്രസംഗിക്കേണ്ടതിന്റെ പ്രാധാന്യം നമ്മൾ തിരിച്ചറിയുകയും ചെയ്യും. ദൈവവചനത്തിൽനിന്ന് പരമാവധി പ്രയോജനം നേടണമെങ്കിൽ നമ്മൾ തിരക്കുപിടിക്കാതെ സമയമെടുത്ത് ബൈബിൾ വായിക്കുകയും പഠിക്കുകയും ധ്യാനിക്കുകയും ചെയ്യണം. ബൈബിൾ വായിക്കുമ്പോൾ ഏതെങ്കിലും ഒരു വാക്യത്തിന്റെ അർഥം മനസ്സിലായില്ലെങ്കിൽ, അതു വിട്ടുകളഞ്ഞേക്കാം എന്നു വിചാരിക്കരുത്. പകരം, യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായിയോ വാച്ച്ടവർ പ്രസിദ്ധീകരണ സൂചികയോ (ഇംഗ്ലീഷ്) ഉപയോഗിച്ച് ആ വാക്യത്തിന്റെ അർഥം മനസ്സിലാക്കാൻ ശ്രമിക്കുക. ഇങ്ങനെ സമയമെടുത്ത് പഠിച്ചാൽ ബൈബിളിൽ പറയുന്ന കാര്യങ്ങളെല്ലാം സത്യമാണെന്നു നിങ്ങൾക്കു കൂടുതൽ ഉറപ്പാകും. (1 തെസ്സ. 5:21) ആ ഉറപ്പ് എത്ര ശക്തമാണോ അതനുസരിച്ച് പഠിച്ച കാര്യങ്ങൾ മറ്റുള്ളവരോടു പറയുന്നതു നിങ്ങൾ കൂടുതൽ ആസ്വദിക്കും. w24.04 പേ. 15 ഖ. 4-5
ആഗസ്റ്റ് 16 ഞായർ
“എല്ലാ കാര്യങ്ങളിലും നിങ്ങൾ അനുസരണമുള്ളവരാണോ എന്ന് ഉറപ്പാക്കാൻകൂടെയാണ് ഞാൻ നിങ്ങൾക്ക് എഴുതിയത്.”—2 കൊരി. 2:9.
‘യഹോവ നല്ലവനും ക്ഷമിക്കാൻ സന്നദ്ധനും ആണ്’ എന്ന് ദാവീദ് പറഞ്ഞു. (സങ്കീ. 86:5) മീഖ എഴുതി: ‘അങ്ങയെപ്പോലെ വേറൊരു ദൈവമുണ്ടോ? അങ്ങു തെറ്റുകൾ ക്ഷമിക്കുകയും ലംഘനങ്ങൾ പൊറുക്കുകയും ചെയ്യുന്നു.’ (മീഖ 7:18) ഇനി, യശയ്യയുടെ വാക്കുകൾ ശ്രദ്ധിക്കുക: “ദുഷ്ടൻ തന്റെ വഴി വിട്ടുമാറട്ടെ. ദ്രോഹി തന്റെ ചിന്തകൾ ഉപേക്ഷിക്കട്ടെ. അവൻ യഹോവയിലേക്കു തിരികെ വരട്ടെ; ദൈവം അവനോടു കരുണ കാണിക്കും, നമ്മുടെ ദൈവത്തിലേക്കു മടങ്ങിവരട്ടെ; ദൈവം അവനോട് ഉദാരമായി ക്ഷമിക്കും.” (യശ. 55:7) യഹോവയെ അനുകരിച്ചുകൊണ്ട്, മാനസാന്തരപ്പെട്ട ഒരു വ്യക്തിയെ തിരികെ സ്വാഗതം ചെയ്യാനും തങ്ങൾ അദ്ദേഹത്തെ സ്നേഹിക്കുന്നുണ്ടെന്ന് ഉറപ്പു കൊടുക്കാനും ഉള്ള നിർദേശം കൊരിന്തുസഭയ്ക്കു കിട്ടി. ആ നിർദേശം അനുസരിച്ചുകൊണ്ട് തങ്ങൾ ‘എല്ലാ കാര്യത്തിലും അനുസരണമുള്ളവരാണ്’ എന്നു സഭ കാണിച്ചു. തെറ്റു ചെയ്ത വ്യക്തിയെ സഭയിൽനിന്ന് നീക്കം ചെയ്തിട്ട് ഏതാനും മാസങ്ങളേ ആയിരുന്നുള്ളൂ എന്നതു ശരിയാണ്. എങ്കിലും ശിക്ഷണം കൊടുത്തതിന്റെ ഉദ്ദേശ്യം നടന്നു. ശിക്ഷണം അദ്ദേഹത്തെ മാനസാന്തരത്തിലേക്കു നയിച്ചു. അതുകൊണ്ട് മൂപ്പന്മാർ അദ്ദേഹത്തെ പുനഃസ്ഥിതീകരിക്കുന്ന കാര്യം ഇനിയും വൈകിപ്പിക്കേണ്ടതില്ലായിരുന്നു. w24.08 പേ. 17-18 ഖ. 12-13
ആഗസ്റ്റ് 17 തിങ്കൾ
“ഒരാളെ കൂട്ടിക്കൊണ്ടുപോകും, മറ്റേയാളെ ഉപേക്ഷിക്കും.”—മത്താ. 24:40.
വലിയ മാറ്റങ്ങൾ സംഭവിക്കാൻപോകുന്ന ഒരു കാലത്താണു നമ്മൾ ജീവിക്കുന്നത്. യേശു ഉടൻതന്നെ എല്ലാ മനുഷ്യരെയും ന്യായം വിധിക്കും. ആ ന്യായവിധിക്കു മുമ്പായി ഈ ലോകത്തു നടക്കാൻപോകുന്ന സംഭവങ്ങളെക്കുറിച്ച് യേശു ശിഷ്യന്മാരോടു പറഞ്ഞു. യേശുവിന്റെ അദൃശ്യസാന്നിധ്യത്തിന്റെയും “വ്യവസ്ഥിതി അവസാനിക്കാൻപോകുന്നു എന്നതിന്റെയും” ഒരു പ്രാവചനിക “അടയാളം” നൽകിക്കൊണ്ടാണ് യേശു അതു ചെയ്തത്. (മത്താ. 24:3) ആ പ്രവചനം മത്തായി 24, 25 അധ്യായങ്ങളിലും അതിന്റെ സമാന്തരവിവരണങ്ങളായ മർക്കോസ് 13-ാം അധ്യായത്തിലും ലൂക്കോസ് 21-ാം അധ്യായത്തിലും കാണാം. യേശു മൂന്നു ദൃഷ്ടാന്തകഥകൾ പറഞ്ഞുകൊണ്ട് നമുക്കു ചില മുന്നറിയിപ്പുകൾ തന്നു. ഏതൊക്കെയാണ് ആ ദൃഷ്ടാന്തങ്ങൾ? ചെമ്മരിയാടുകളുടെയും കോലാടുകളുടെയും ദൃഷ്ടാന്തം, വിവേകമതികളും വിവേകമില്ലാത്തവരും ആയ കന്യകമാരുടെ ദൃഷ്ടാന്തം, താലന്തുകളുടെ ദൃഷ്ടാന്തം. യേശു ഒരു വ്യക്തിയെ ന്യായം വിധിക്കുന്നത് അയാളുടെ പ്രവൃത്തികളുടെ അടിസ്ഥാനത്തിലായിരിക്കും എന്നു മനസ്സിലാക്കാൻ ഈ ഓരോ ദൃഷ്ടാന്തകഥയും നമ്മളെ സഹായിക്കും. w24.09 പേ. 20 ഖ. 1-2
ആഗസ്റ്റ് 18 ചൊവ്വ
“ചെയ്യുന്നതെല്ലാം സ്നേഹത്തോടെ ചെയ്യുക.”—1 കൊരി. 16:14.
നമ്മുടെ ഏറ്റവും നല്ല മാതൃകയായ യേശുവിനെ പ്രേരിപ്പിച്ചതു സ്നേഹമാണ്; പിതാവിനോടും ആളുകളോടും ഉള്ള സ്നേഹം. ആ സ്നേഹം കഠിനാധ്വാനം ചെയ്യാനും മറ്റുള്ളവർക്കുവേണ്ടി എളിയ ജോലികൾ ചെയ്യാനും യേശുവിനെ പ്രേരിപ്പിച്ചു. (മത്താ. 20:28; യോഹ. 13:5, 14, 15) യേശുവിനെപ്പോലെ സ്നേഹമാണു നിങ്ങളെയും പ്രേരിപ്പിക്കുന്നതെങ്കിൽ യഹോവ നിങ്ങളെ അനുഗ്രഹിക്കുകയും ശുശ്രൂഷാദാസനാകുക എന്നതുപോലുള്ള ആത്മീയ യോഗ്യതകളിൽ എത്തിച്ചേരാൻ സഹായിക്കുകയും ചെയ്യും. (1 പത്രോ. 5:5) സ്വയം വലിയവരാണെന്നു കാണിക്കുന്നവരെയാണ് ഇന്നു ലോകം ആദരിക്കുന്നത്. എന്നാൽ യഹോവയുടെ സംഘടനയിൽ അങ്ങനെയല്ല. യേശുവിനെപ്പോലെ സ്നേഹത്താൽ പ്രേരിതമായി പ്രവർത്തിക്കുന്ന ഒരു സഹോദരൻ, ഒരിക്കലും അധികാരമോ പ്രാമുഖ്യതയോ നേടാൻ ശ്രമിക്കില്ല. അധികാരമോഹിയായ ഒരാളെ സഭയിൽ നിയമിച്ചാൽ ആ വ്യക്തി യഹോവയുടെ വിലപ്പെട്ട ആടുകൾക്കുവേണ്ടി എളിയ ജോലികൾ ചെയ്യാൻ മടി കാണിച്ചേക്കാം. അത്തരം ജോലികൾ അദ്ദേഹം ഒരു കുറച്ചിലായി കാണാൻ സാധ്യതയുണ്ട്. അഹങ്കാരമോ സ്വാർഥമായ ആഗ്രഹങ്ങളോ ഉള്ളിൽവെച്ചുകൊണ്ട് പ്രവർത്തിക്കുന്ന ഒരാളുടെ ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കില്ല.—യോഹ. 10:12 w24.11 പേ. 15 ഖ. 6-7
ആഗസ്റ്റ് 19 ബുധൻ
“പരിശുദ്ധാത്മാവ് നിങ്ങളെ മേൽവിചാരകന്മാരായി നിയമിച്ചിരിക്കുകയാണല്ലോ.”—പ്രവൃ. 20:28.
ലോകമെങ്ങുമായി ‘മനുഷ്യരാകുന്ന സമ്മാനങ്ങളായി’ സേവിക്കാൻ നമുക്കു കൂടുതൽ സഹോദരന്മാരെ ആവശ്യമുണ്ട്. (എഫെ. 4:8) നിങ്ങൾ സ്നാനമേറ്റ ഒരു സഹോദരൻ ആണെങ്കിൽ നിങ്ങൾക്ക് ഈ വിധത്തിൽ ‘നന്മ ചെയ്യാൻ കഴിയുമോ?’ (സുഭാ. 3:27) ഒരു ശുശ്രൂഷാദാസൻ ആയിത്തീരുക എന്ന ലക്ഷ്യംവെച്ച് അതിനുവേണ്ടി പ്രവർത്തിക്കാൻ നിങ്ങൾ തയ്യാറാണോ? ഇനി നിങ്ങൾ ഇപ്പോൾത്തന്നെ ഒരു ശുശ്രൂഷാദാസൻ ആണെങ്കിൽ സഹോദരങ്ങളെ കൂടുതൽ സേവിക്കാനായി ഒരു മൂപ്പനായിത്തീരുക എന്ന ലക്ഷ്യം വെക്കാനാകുമോ? ജീവിതത്തിൽ ചില മാറ്റങ്ങളൊക്കെ വരുത്തി രാജ്യസുവിശേഷകർക്കുള്ള സ്കൂളിന് അപേക്ഷിക്കാൻ നിങ്ങൾക്കു കഴിയുമോ? ആ സ്കൂളിൽനിന്ന് കിട്ടുന്ന പരിശീലനം നിങ്ങളെ യേശുവിനു കൂടുതൽ ഉപയോഗിക്കാൻ പറ്റുന്ന ഒരാളാക്കിത്തീർക്കും. ഈ കാര്യങ്ങൾ ഒന്നും ചെയ്യാനുള്ള കഴിവ് നിങ്ങൾക്കില്ല എന്നു തോന്നുന്നെങ്കിൽ യഹോവയോടു പ്രാർഥിക്കുക. നിങ്ങൾക്കു കിട്ടുന്ന ഏതൊരു നിയമനവും ഏറ്റവും നന്നായി ചെയ്യാൻ പരിശുദ്ധാത്മാവിനെ തന്ന് സഹായിക്കണേ എന്ന് അപേക്ഷിക്കുക. (ലൂക്കോ. 11:13) യേശു നിയമിച്ചിരിക്കുന്ന ‘മനുഷ്യരാകുന്ന സമ്മാനങ്ങൾ,’ ഈ അവസാനകാലത്ത് യേശു നമ്മളെ വഴിനയിക്കുന്നു എന്നതിന്റെ തെളിവാണ്. (മത്താ. 28:20) നമ്മുടെ ആവശ്യങ്ങൾ അറിയുന്ന, നമ്മളെ സഹായിക്കാനായി യോഗ്യതയുള്ള സഹോദരന്മാരെ തന്നിരിക്കുന്ന, സ്നേഹനിധിയായ, ഉദാരനായ ഒരു രാജാവുള്ളതിൽ നമ്മൾ നന്ദിയുള്ളവരല്ലേ! w24.10 പേ. 23 ഖ. 16-17
ആഗസ്റ്റ് 20 വ്യാഴം
“പഴയ കാര്യങ്ങൾ ആരുടെയും മനസ്സിലേക്കു വരില്ല.”—യശ. 65:17.
ദൈവജനത്തിന് വേദനയും ദുരിതങ്ങളും വരുത്തിവെച്ച സംഭവങ്ങളുടെ കാര്യമോ? കുറെ കഴിയുമ്പോൾ ആ കാര്യങ്ങളെല്ലാം “മറന്നുപോയിരിക്കും. (ദൈവത്തിന്റെ) കണ്ണുകൾ ഇനി അവ കാണില്ല.” (യശ. 65:16) യഹോവ നമ്മുടെ ദുരിതങ്ങളെല്ലാം ഇല്ലാതാക്കും. കാലം കടന്നുപോകുമ്പോൾ അതിന്റെ ഓർമകൾപോലും മാഞ്ഞുപോകും. ഇപ്പോൾത്തന്നെ നമ്മുടെ മനസ്സിനു ശാന്തത നൽകുന്ന ഒരു കാര്യമാണ്, ക്രിസ്തീയയോഗങ്ങളിൽ പങ്കെടുക്കുന്നത്. കാരണം അവിടെയായിരിക്കുമ്പോൾ ഈ ലോകത്തിന്റെ ആകുലതകളെല്ലാം നമുക്കു മറക്കാനാകുന്നു. നമ്മൾ പരിശുദ്ധാത്മാവിന്റെ ഗുണങ്ങളായ സ്നേഹം, സന്തോഷം, സമാധാനം, ദയ, സൗമ്യത തുടങ്ങിയവ പ്രകടിപ്പിക്കുമ്പോൾ ആത്മീയപറുദീസയിൽ ആയിരിക്കുന്നതിന്റെ ആ ശാന്തത അനുഭവിച്ചറിയാൻ നമ്മൾ സഹോദരങ്ങളെ സഹായിക്കുകയാണ്. (ഗലാ. 5:22, 23) യഹോവയുടെ സംഘടനയോടൊപ്പം സഹവസിക്കാനാകുന്നത് എത്ര വലിയൊരു അനുഗ്രഹമാണ്! ആത്മീയപറുദീസയിൽത്തന്നെ തുടരുന്നവർക്ക് ‘പുതിയ ആകാശത്തെയും പുതിയ ഭൂമിയെയും’ കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദാനം മുഴുവനായി നിറവേറുന്നതു കാണാനുമാകും. w24.04 പേ. 22 ഖ. 9-10
ആഗസ്റ്റ് 21 വെള്ളി
“‘ഇതു വിശുദ്ധം’ എന്നു തിടുക്കത്തിൽ വിളിച്ചുപറഞ്ഞിട്ട് പിന്നീടു മാത്രം അതെക്കുറിച്ച് ആലോചിക്കുന്നവൻ കുടുക്കിലാകും.”—സുഭാ. 20:25.
ഡേറ്റിങ്ങ് വളരെ സന്തോഷം തരുന്ന സമയമാണ്. എന്നാൽ അത് വിവാഹത്തിലേക്കു നയിച്ചേക്കാവുന്നതുകൊണ്ട് ഡേറ്റിങ്ങിൽ ഏർപ്പെടുന്നവർ അതിനെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. വിവാഹദിവസം ദമ്പതികൾ യഹോവയുടെ മുമ്പാകെ എടുക്കുന്ന പ്രതിജ്ഞയിൽ, ജീവിച്ചിരിക്കുന്നിടത്തോളം കാലം പരസ്പരം സ്നേഹിക്കുമെന്നും ബഹുമാനിക്കുമെന്നും വാക്കു കൊടുക്കുന്നുണ്ട്. ഏതൊരു പ്രതിജ്ഞ എടുക്കുന്നതിനു മുമ്പും നമ്മൾ കാര്യങ്ങൾ നന്നായി വിലയിരുത്തണം. വിവാഹപ്രതിജ്ഞയുടെ കാര്യത്തിലും അതു സത്യമാണ്. വിവാഹത്തിനു മുമ്പ് പരസ്പരം അടുത്തറിയാനും ശരിയായ തീരുമാനമെടുക്കാനും ഡേറ്റിങ്ങ് അവസരം നൽകുന്നു. ചിലപ്പോൾ വിവാഹം കഴിക്കാനായിരിക്കും തീരുമാനിക്കുന്നത് അല്ലെങ്കിൽ ഡേറ്റിങ്ങ് അവസാനിപ്പിക്കാനായിരിക്കും. വിവാഹം കഴിക്കേണ്ടാ എന്നാണ് തീരുമാനമെങ്കിൽ അതിന്റെ അർഥം, അവരുടെ ഡേറ്റിങ്ങ് ഒരു പരാജയമായിരുന്നു എന്നല്ല, പകരം ഡേറ്റിങ്ങിന്റെ ഉദ്ദേശ്യം നടന്നു എന്നാണ്. അതായത് അവർക്ക് ഒരു നല്ല തീരുമാനം എടുക്കാനായി. ഏകാകികൾക്ക് ഡേറ്റിങ്ങിനെക്കുറിച്ച് ശരിയായ കാഴ്ചപ്പാട് ഉണ്ടായിരിക്കേണ്ടത് എന്തുകൊണ്ടാണ്? അങ്ങനെയാകുമ്പോൾ, അവർ വിവാഹം കഴിക്കാനുള്ള ഉദ്ദേശ്യമില്ലാതെ ഡേറ്റിങ്ങിൽ ഏർപ്പെടില്ല. w24.05 പേ. 26-27 ഖ. 3-4
ആഗസ്റ്റ് 22 ശനി
“നമ്മുടെ കർത്താവിനെക്കുറിച്ച് സാക്ഷി പറയുന്നതിൽ നിനക്കു നാണക്കേടു തോന്നരുത്.”—2 തിമൊ. 1:8.
ചിലപ്പോഴൊക്കെ വിശ്വാസങ്ങളെക്കുറിച്ച് മറ്റുള്ളവരോടു പറയാൻ ചെറുപ്പക്കാരായ ക്രിസ്ത്യാനികൾക്ക് ഒരു പേടിയുണ്ടായിരിക്കും. ഉദാഹരണത്തിന്, പരിണാമത്തിൽ വിശ്വസിക്കാത്തതിന്റെ കാരണത്തെക്കുറിച്ച് മറ്റുള്ളവരോടു വിശദീകരിക്കാൻ അവർക്കു ധൈര്യക്കുറവ് തോന്നിയേക്കാം. കാരണം, തെളിയിക്കപ്പെട്ട ഒരു വസ്തുതയായിട്ടായിരിക്കും അധ്യാപകർ പരിണാമത്തെക്കുറിച്ച് പഠിപ്പിക്കുന്നത്. അതുകൊണ്ട് ധൈര്യത്തോടെ തന്റെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ മാതാപിതാക്കൾക്ക് മക്കളെ എങ്ങനെ സഹായിക്കാം? സൃഷ്ടിയെക്കുറിച്ചുള്ള സത്യം അറിയാം എന്നതുകൊണ്ട് നാണക്കേടു തോന്നേണ്ടതില്ലെന്ന് മക്കൾക്ക് ഉറപ്പുകൊടുക്കുക. എന്തുകൊണ്ട്? ജീവൻ യാദൃശ്ചികമായോ പെട്ടെന്നോ ഉണ്ടായതാണെന്നു പല ശാസ്ത്രജ്ഞന്മാരും വിശ്വസിക്കുന്നില്ല എന്നതാണു വസ്തുത. ബുദ്ധിശക്തിയുള്ള ആരോ സൃഷ്ടിച്ച സങ്കീർണതയുള്ള ഒന്നാണു ജീവൻ എന്ന് ഈ ശാസ്ത്രജ്ഞന്മാർ മനസ്സിലാക്കുന്നു. അതുകൊണ്ടുതന്നെ അവർ പരിണാമസിദ്ധാന്തത്തോട് യോജിക്കുന്നില്ല. ജീവൻ സൃഷ്ടിക്കപ്പെട്ടതാണ് എന്നു വിശ്വസിക്കാൻ മറ്റു സഹോദരങ്ങളെ പ്രേരിപ്പിച്ച കാരണങ്ങളെക്കുറിച്ച് ചിന്തിക്കുന്നതു മക്കളുടെ ബോധ്യം കൂടുതൽ ശക്തമാക്കും.w24.12 പേ. 17 ഖ. 14-15
ആഗസ്റ്റ് 23 ഞായർ
‘യേശു പരിശുദ്ധാത്മാവ് നിറഞ്ഞ് അതിയായി സന്തോഷിച്ചു.’—ലൂക്കോ. 10:21.
പ്രസംഗപ്രവർത്തനത്തെക്കുറിച്ച് യേശു നല്ലൊരു കാഴ്ചപ്പാട് നിലനിറുത്തിയിരുന്നു. ഉത്സാഹത്തോടെ ശുശ്രൂഷ തുടരാൻ അത് യേശുവിനെ സഹായിച്ചു. ഉദാഹരണത്തിന്, എ.ഡി 30-ന്റെ അവസാനമായപ്പോഴേക്കും സന്തോഷവാർത്ത സ്വീകരിക്കാൻ ഒരുക്കമുള്ള ധാരാളം ആളുകളുണ്ടെന്ന് യേശു മനസ്സിലാക്കി. കൊയ്ത്തിനു പാകമായി നിൽക്കുന്ന വയലിനോടാണു യേശു അവരെ താരതമ്യപ്പെടുത്തിയത്. (യോഹ. 4:35) ഏതാണ്ട് ഒരു വർഷത്തിനു ശേഷം യേശു ശിഷ്യന്മാരോട് ഇങ്ങനെ പറഞ്ഞു: “വിളവ് ധാരാളമുണ്ട്.” (മത്താ. 9:37, 38) പിന്നീടു യേശു വീണ്ടും ഇങ്ങനെ പറഞ്ഞു: “വിളവ് ധാരാളമുണ്ട്. . . . അതുകൊണ്ട് വിളവെടുപ്പിനു പണിക്കാരെ അയയ്ക്കാൻ വിളവെടുപ്പിന്റെ അധികാരിയോടു യാചിക്കുക.” (ലൂക്കോ. 10:2) സന്തോഷവാർത്തയോട് ആളുകൾ നല്ല രീതിയിൽ പ്രതികരിക്കാനുള്ള സാധ്യത യേശു ഒരിക്കലും തള്ളിക്കളഞ്ഞില്ല. ആളുകൾ നന്നായി പ്രതികരിച്ചപ്പോൾ യേശു സന്തോഷിക്കുകയും ചെയ്തു. തങ്ങളുടെ സന്ദേശത്തെക്കുറിച്ച് നല്ലൊരു വീക്ഷണം ഉണ്ടായിരിക്കാൻ യേശു ശിഷ്യന്മാരെ പഠിപ്പിച്ചു. അതു തീക്ഷ്ണതയോടെ പ്രസംഗപ്രവർത്തനത്തിൽ തുടരാൻ അവരെ സഹായിക്കുമായിരുന്നു. w25.03 പേ. 18-19 ഖ. 15-16
ആഗസ്റ്റ് 24 തിങ്കൾ
“എന്റെ ദൈവം എനിക്ക് അഭയമേകുന്ന പാറ.”—സങ്കീ. 94:22.
യഹോവ നമുക്ക് ഒരു അഭയസ്ഥാനമാണ്. കൊടുങ്കാറ്റ് അടിക്കുന്ന സമയത്ത് വലിയൊരു പാറ നമുക്കു സംരക്ഷണം തരും. അതുപോലെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ യഹോവ നമുക്ക് ഒരു അഭയസ്ഥാനമായിരിക്കും. യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ തകർത്തേക്കാവുന്ന എല്ലാ കാര്യങ്ങളിൽനിന്നും ദൈവം നമ്മളെ സംരക്ഷിക്കും. മാത്രമല്ല നമ്മൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ താത്കാലികമായിരിക്കുമെന്നും യഹോവ ഉറപ്പുതന്നിട്ടുണ്ട്. അതിലും വലിയൊരു കാര്യം ചെയ്യുമെന്നും യഹോവ വാക്കുതന്നിരിക്കുന്നു: ഉത്കണ്ഠയ്ക്കും കഷ്ടപ്പാടിനും ഇടയാക്കുന്ന എല്ലാ കാര്യങ്ങളും ഭാവിയിൽ യഹോവ മാറ്റും. (യഹ. 34:25, 26) പ്രശ്നങ്ങളൊക്കെ ഉണ്ടാകുമ്പോൾ യഹോവയെ പാറപോലുള്ള അഭയസ്ഥാനമാക്കാൻ നമുക്കു ചെയ്യാനാകുന്ന ഒരു കാര്യം പ്രാർഥിക്കുക എന്നതാണ്. പ്രാർഥിക്കുമ്പോൾ യഹോവ നമുക്കു “ദൈവസമാധാനം” തരും. അതു നമ്മുടെ ഹൃദയത്തെയും മനസ്സിനെയും കാക്കും. (ഫിലി. 4:6, 7) നമ്മളെ സഹായിക്കാൻ യഹോവ എപ്പോഴും നമ്മുടെ കൂടെയുണ്ട്. “ശാശ്വതമായ പാറ” ആയതുകൊണ്ട് നമുക്ക് യഹോവയിൽ ആശ്രയിക്കാം. (യശ. 26:3, 4) ഇനി, തന്റെ വാക്കു പാലിക്കാനും നമ്മുടെ പ്രാർഥനകൾ കേൾക്കാനും നമുക്കു വേണ്ട സഹായം ചെയ്തുതരാനും യഹോവ എപ്പോഴും ജീവനോടെയുണ്ടായിരിക്കും. യഹോവയിൽ ആശ്രയിക്കാവുന്നതിന്റെ മറ്റൊരു കാരണം, തന്നെ സേവിക്കുന്നവരോട് യഹോവ വിശ്വസ്തനായിരിക്കും എന്നതാണ്. (2 ശമു. 22:26) ദൈവസേവനത്തിൽ നമ്മൾ ചെയ്യുന്ന ഒരു കാര്യവും യഹോവ മറക്കില്ല; അതിനെല്ലാം പ്രതിഫലം തരുകയും ചെയ്യും.—എബ്രാ. 6:10; 11:6. w24.06 പേ. 27 ഖ. 4-6
ആഗസ്റ്റ് 25 ചൊവ്വ
‘നിന്റെ ഹൃദയം കാത്തുസൂക്ഷിക്കുക; അതിൽനിന്നാണു ജീവന്റെ ഉറവുകൾ ആരംഭിക്കുന്നത്.’—സുഭാ. 4:23..
മോശമായ വിനോദപരിപാടികൾക്കു നമ്മുടെ ഹൃദയത്തെ വിഭജിതമാക്കാൻ കഴിയും. മോശമായ സഹവാസത്തിന്റെ കാര്യവും അങ്ങനെതന്നെയാണ്; പണമാണു ജീവിതത്തിൽ ഏറ്റവും വലുതെന്നു ചിന്തിക്കാൻ അത് ഇടയാക്കും. ഇതുപോലെ എന്തെങ്കിലും ഒരു കാര്യം യഹോവയോടുള്ള നമ്മുടെ സ്നേഹം കുറയാൻ ഇടയാക്കുന്നുണ്ടെങ്കിൽ പെട്ടെന്നുതന്നെ വേണ്ട മാറ്റങ്ങൾ വരുത്തുക. (മത്തായി 5:29, 30) നമ്മുടെ ഹൃദയം വിഭജിതമാക്കാൻ, അതായത് പൂർണഹൃദയത്തോടെ യഹോവയെ സേവിക്കുന്നതിൽനിന്ന് നമ്മളെ തടയാൻ, ഒന്നിനെയും അനുവദിക്കരുത്. ദൈവസേവനത്തിൽ തിരക്കോടെ ഏർപ്പെടുന്നതുകൊണ്ട് മോശം സ്വാധീനങ്ങളൊന്നും നമുക്കൊരു പ്രശ്നമാകില്ലെന്നു നമ്മൾ ചിന്തിച്ചുപോയേക്കാം. ഒരു ഉദാഹരണം നോക്കാം. നല്ല വെയിലുള്ള ദിവസം നിങ്ങൾ പുറത്തുപോയിട്ട് തിരിച്ച് വീട്ടിൽ എത്തി. വന്ന ഉടനെ നിങ്ങൾ മുറിയിൽ എ.സി. ഓണാക്കി. പക്ഷേ വാതിൽ തുറന്നിട്ടിരിക്കുകയാണെങ്കിൽ എന്തെങ്കിലും പ്രയോജനമുണ്ടോ? പുറത്തെ ചൂട് അകത്തേക്കു കയറുന്നതുകൊണ്ട് മുറി ഒരിക്കലും തണുക്കില്ല. എന്താണ് പാഠം? യഹോവയുമായുള്ള നമ്മുടെ ബന്ധം ശക്തമാക്കി നിറുത്തുന്നതിന് ആത്മീയകാര്യങ്ങൾ ചെയ്താൽ മാത്രം പോരാ. ഒപ്പം നമ്മളെ മോശമായി സ്വാധീനിച്ചേക്കാവുന്ന കാര്യങ്ങൾക്കു നേരെ നമ്മുടെ ഹൃദയത്തിന്റെ വാതിൽ അടയ്ക്കുകയും വേണം. അങ്ങനെയാകുമ്പോൾ ഈ ലോകത്തിലെ ചൂടു “വായു,” അതായത് ദൈവത്തിന്റെ നിലവാരങ്ങളുമായി ചേരാത്ത മനോഭാവം നമ്മുടെ ഹൃദയത്തിലേക്കു കടന്ന് അതിനെ വിഭജിതമാക്കില്ല.—എഫെ. 2:2. w24.07 പേ. 21 ഖ. 6-7
ആഗസ്റ്റ് 26 ബുധൻ
“ശത്രുക്കളെ സ്നേഹിക്കുക, നിങ്ങളെ ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക.”—മത്താ. 5:44.
യേശു സഹിച്ച കടുത്ത വേദനയും നിന്ദയും അനീതിയും ഒന്നും നമുക്ക് ഊഹിക്കാൻപോലും കഴിയില്ല. യേശു ഒരുപാട് അനീതി സഹിച്ചെങ്കിലും അതൊന്നും തന്നെ കീഴടക്കാൻ യേശു അനുവദിച്ചില്ല. തന്നെ സ്തംഭത്തിൽ തറച്ച പടയാളികളെ ശിക്ഷിക്കാൻ ആവശ്യപ്പെടുന്നതിനു പകരം, യേശു ഇങ്ങനെ പ്രാർഥിച്ചു: “പിതാവേ, ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവർക്ക് അറിയില്ലാത്തതുകൊണ്ട് ഇവരോടു ക്ഷമിക്കേണമേ.” (ലൂക്കോ. 23:34) നമ്മളോടു മോശമായി പെരുമാറിയവർക്കുവേണ്ടി നമ്മൾ പ്രാർഥിക്കുമ്പോൾ നമ്മുടെ ഉള്ളിലുള്ള പകയും ദേഷ്യവും ഒക്കെ കുറയ്ക്കാനാകും. അതുപോലെ അവരെ നമ്മൾ കാണുന്ന വിധംപോലും മാറിയേക്കാം. ഈ ദുഷ്ടവ്യവസ്ഥിതി അവസാനിക്കുന്നതിനു മുമ്പ്, നമ്മൾ എന്തെല്ലാം അനീതി നേരിടേണ്ടിവരും എന്നു പറയാനാകില്ല. എന്നാൽ എന്തൊക്കെ വന്നാലും സഹായത്തിനായി നമുക്ക് എപ്പോഴും യഹോവയോടു പ്രാർഥിക്കാം. അതുപോലെ യേശു അനീതി നേരിട്ടപ്പോൾ പ്രതികരിച്ച വിധം അനുകരിക്കാനും ബൈബിൾതത്ത്വങ്ങൾ പകർത്താനും നമുക്കു ശ്രമിക്കാം. അങ്ങനെ ചെയ്യുമ്പോൾ യഹോവ നമ്മളെ അനുഗ്രഹിക്കുമെന്ന് ഉറപ്പാണ്.—1 പത്രോ. 3:8, 9. w24.11 പേ. 6 ഖ. 16; പേ. 7 ഖ. 17, 19
ആഗസ്റ്റ് 27 വ്യാഴം
“അങ്ങ് ദുഷ്ടതയിൽ സന്തോഷിക്കാത്ത ദൈവമാണല്ലോ. തിന്മ ചെയ്യുന്നവർക്ക് ആർക്കും അങ്ങയോടൊപ്പം കഴിയാനാകില്ല.”—സങ്കീ. 5:4.
എന്തും അനുവദിച്ചുകൊടുക്കുന്ന ഒരു ദൈവമല്ല യഹോവ. ദൈവം പാപത്തെ വെറുക്കുന്നു. (സങ്കീ. 5:4-6) ബൈബിളിലൂടെ തന്നിരിക്കുന്ന കല്പനകൾ നമ്മൾ അനുസരിക്കാനാണ് യഹോവ പ്രതീക്ഷിക്കുന്നത്. അപൂർണരായ മനുഷ്യരിൽനിന്ന് യഹോവ ഒരിക്കലും പൂർണത പ്രതീക്ഷിക്കുന്നില്ല എന്നതു ശരിയാണ്. (സങ്കീ. 130:3, 4) അതേസമയം ദൈവഭക്തി ഇല്ലാത്തവർ ‘നമ്മുടെ ദൈവത്തിന്റെ അനർഹദയയെ മറയാക്കി ധിക്കാരത്തോടെ പെരുമാറുന്നത്’ ദൈവം വെച്ചുപൊറുപ്പിക്കുകയുമില്ല. (യൂദ 4) “ദൈവഭക്തിയില്ലാത്ത മനുഷ്യരെ” അർമഗെദോൻ യുദ്ധത്തിൽ നശിപ്പിക്കുമെന്നുതന്നെയാണു ബൈബിൾ പറയുന്നത്. (2 പത്രോ. 3:7; വെളി. 16:16) എന്നാൽ, ആരും നശിച്ചുപോകാൻ യഹോവ ആഗ്രഹിക്കുന്നില്ല. “എല്ലാവരും മാനസാന്തരപ്പെടാൻ” ആണ് ദൈവം ആഗ്രഹിക്കുന്നതെന്നു മുൻലേഖനങ്ങളിൽ നമ്മൾ കണ്ടല്ലോ. (2 പത്രോ. 3:9) തങ്ങളുടെ വഴികൾക്കു മാറ്റം വരുത്താനും യഹോവയുടെ അംഗീകാരത്തിലേക്കു മടങ്ങിവരാനും തെറ്റു ചെയ്തവരെ ക്ഷമയോടെ സഹായിക്കുമ്പോൾ മൂപ്പന്മാർ ശരിക്കും യഹോവയെ അനുകരിക്കുകയാണ്. w24.08 പേ. 26 ഖ. 1-2
ആഗസ്റ്റ് 28 വെള്ളി
“അങ്ങ് കൈ തുറന്ന് ജീവനുള്ളതിന്റെയെല്ലാം ആഗ്രഹം തൃപ്തിപ്പെടുത്തുന്നു.”—സങ്കീ. 145:16.
യഹോവയെപ്പോലെ നമുക്കും സ്നേഹത്തോടെ മറ്റുള്ളവരെ ഭൗതികമായി സഹായിക്കാനാകും. ഉദാഹരണത്തിന്, ഭക്ഷണമോ വസ്ത്രമോ ആവശ്യമുള്ള ഏതെങ്കിലും സഹോദരങ്ങളെ നിങ്ങൾക്ക് അറിയാമോ? അവരുടെ അപ്പോഴത്തെ ആവശ്യം നടത്തിക്കൊടുക്കാൻ യഹോവയ്ക്കു നിങ്ങളെ ഉപയോഗിക്കാനാകും. എന്തെങ്കിലും ദുരന്തങ്ങളുണ്ടാകുന്ന സമയത്ത് മറ്റുള്ളവരെ ഉദാരമായി സഹായിക്കുന്ന കാര്യത്തിൽ യഹോവയുടെ ജനം നല്ലൊരു മാതൃകയാണ്. ഉദാഹരണത്തിന്, കോവിഡ് മഹാമാരിയുടെ സമയത്ത് സഹോദരങ്ങൾ അവർക്കുണ്ടായിരുന്ന ഭക്ഷണവും വസ്ത്രവും മറ്റു വസ്തുക്കളും ആവശ്യമുണ്ടായിരുന്നവരുമായി പങ്കുവെച്ചു. ഒരുപാടു പേർ ലോകവ്യാപക പ്രവർത്തനത്തിലേക്കു സംഭാവനകൾ നൽകി. അതു ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഒരു സഹായമായി. ആ സഹോദരങ്ങളെല്ലാം എബ്രായർ 13:16-ലെ ഈ വാക്കുകൾക്കു ചേർച്ചയിൽ പ്രവർത്തിക്കുകയായിരുന്നു: “നന്മ ചെയ്യാനും നിങ്ങൾക്കുള്ളതു മറ്റുള്ളവരുമായി പങ്കുവെക്കാനും മറക്കരുത്. അങ്ങനെയുള്ള ബലികളിലാണു ദൈവം പ്രസാദിക്കുന്നത്.” w24.09 പേ. 27 ഖ. 6-7
ആഗസ്റ്റ് 29 ശനി
‘കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ ഏതെന്ന് ഉറപ്പുവരുത്തുക.‘—ഫിലി. 1:10.
ഇങ്ങനെ ഒരു സാഹചര്യം ചിന്തിക്കുക. കുടുംബത്തിനുവേണ്ടി കരുതാൻ നിങ്ങൾ ഒരു ജോലി അന്വേഷിക്കുന്നു. രണ്ടു ജോലി കണ്ടെത്തി. അതെക്കുറിച്ചുള്ള വസ്തുതകളെല്ലാം നിങ്ങൾ പരിശോധിച്ചു. എന്തു തരം ജോലിയാണ്, ജോലിയുടെ സമയം എങ്ങനെയായിരിക്കും, അതിനുവേണ്ടി എത്രത്തോളം സമയം യാത്ര ചെയ്യണം എന്നതൊക്കെ. രണ്ടു ജോലിയും തിരുവെഴുത്തുതത്ത്വങ്ങൾക്കു വിരുദ്ധമല്ല. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ജോലിയായതുകൊണ്ടോ ശമ്പളം കൂടുതലായതുകൊണ്ടോ അതിൽ ഒരെണ്ണം തിരഞ്ഞെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ ഒരു തീരുമാനമെടുക്കുന്നതിനു മുമ്പ് നിങ്ങൾ ചിന്തിക്കേണ്ട മറ്റു ചില കാര്യങ്ങളുമുണ്ട്. ഉദാഹരണത്തിന്, ആ ജോലി കാരണം നിങ്ങളുടെ ഏതെങ്കിലും മീറ്റിങ്ങുകൾ മുടങ്ങുമോ? കുടുംബത്തിന്റെ ആത്മീയവും വൈകാരികവും ആയ ആവശ്യങ്ങൾക്കായി കരുതാനുള്ള സമയം അതു കവർന്നെടുക്കുമോ? ഈ ചോദ്യങ്ങൾ ചോദിക്കുന്നതു ‘കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ’ ഉറപ്പുവരുത്താൻ നിങ്ങളെ സഹായിക്കും. അതായത്, ഭൗതികകാര്യങ്ങളെക്കാൾ നിങ്ങളുടെ ആരാധനയ്ക്കും കുടുംബത്തിന്റെ ആവശ്യങ്ങൾക്കും പ്രാധാന്യം കൊടുക്കാൻ. അപ്പോൾ യഹോവ അനുഗ്രഹിക്കുന്ന ഒരു തീരുമാനത്തിൽ നിങ്ങൾക്ക് എത്തിച്ചേരാനാകും. w25.01 പേ. 17 ഖ. 11-13
ആഗസ്റ്റ് 30 ഞായർ
“യഹോവ ഹൃദയം തകർന്നവരുടെ അരികിലുണ്ട്.”—സങ്കീ. 34:18.
മറ്റുള്ളവർ നിങ്ങളോടു മോശമായി പെരുമാറിയിട്ടുണ്ടെങ്കിലും, യഹോവ നിങ്ങളെ സ്നേഹിക്കുന്നുണ്ടെന്നും വിലപ്പെട്ടവരായി കാണുന്നുണ്ടെന്നും ഉറപ്പുണ്ടായിരിക്കുക. വിഷമിച്ച്, ‘മനസ്സ് തകർന്നിരിക്കുമ്പോഴും’ നിങ്ങൾക്ക് ഓർക്കാനാകുന്ന ഒന്നുണ്ട്: യഹോവ നിങ്ങളുടെ നല്ല ഗുണങ്ങൾ കണ്ട് നിങ്ങളെ തന്നിലേക്ക് ആകർഷിച്ചതാണ് എന്ന കാര്യം. (യോഹ. 6:44) ദൈവം നിങ്ങളെ സഹായിക്കാൻ എപ്പോഴും തയ്യാറാണ്. കാരണം, നിങ്ങൾ യഹോവയ്ക്ക് അത്രയ്ക്കു വിലപ്പെട്ടവരാണ്. യഹോവയ്ക്കു നമ്മളോട് എന്താണു തോന്നുന്നതെന്നു മനസ്സിലാക്കാൻ യേശു ഭൂമിയിലായിരുന്ന സമയത്ത് മറ്റുള്ളവരോട് ഇടപെട്ട വിധം നോക്കിയാൽ മതി. ആളുകൾ തീരെ വിലയില്ലാത്തവരായി കണ്ടവരോടു യേശു വളരെ ദയയോടെ ഇടപെട്ടു. (മത്താ. 9:9-12) ഒരിക്കൽ വലിയൊരു രോഗത്താൽ വിഷമിച്ചിരുന്ന ഒരു സ്ത്രീ, സുഖപ്പെടുമെന്ന പ്രതീക്ഷയോടെ യേശുവിന്റെ വസ്ത്രത്തിൽ തൊട്ടു. അപ്പോൾ യേശു അവളെ ആശ്വസിപ്പിക്കുകയും അവളുടെ വിശ്വാസത്തെ അഭിനന്ദിക്കുകയും ചെയ്തു. (മർക്കോ. 5:25-34) പിതാവിന്റെ വ്യക്തിത്വമാണ് യേശു അങ്ങനെതന്നെ പ്രതിഫലിപ്പിച്ചത്. (യോഹ. 14:9) അതുകൊണ്ട് യഹോവയ്ക്കു നിങ്ങൾ വിലപ്പെട്ടവരാണെന്ന് ഉറപ്പുണ്ടായിരിക്കുക. ദൈവത്തോടു നിങ്ങൾ കാണിക്കുന്ന വിശ്വാസവും സ്നേഹവും പോലുള്ള നല്ല ഗുണങ്ങൾ ദൈവം തീർച്ചയായും ശ്രദ്ധിക്കുന്നുണ്ട്. w24.10 പേ. 7 ഖ. 4-5
ആഗസ്റ്റ് 31 തിങ്കൾ
“എന്റെ കണ്ണീർ അങ്ങയുടെ തോൽക്കുടത്തിൽ ശേഖരിക്കേണമേ.”—സങ്കീ. 56:8.
തന്നെ കണ്ണീരിലാഴ്ത്തിയ, ബുദ്ധിമുട്ടിക്കുന്ന പല സാഹചര്യങ്ങളും ദാവീദിന്റെ ജീവിതത്തിൽ ഉണ്ടായി. ദാവീദിനു പലരിൽനിന്നും ശത്രുത നേരിടേണ്ടിവന്നു. സ്വന്തം കൂട്ടുകാരും കുടുംബത്തിലുള്ളവർപ്പോലും ദാവീദിനെ ചതിച്ചു. (1 ശമു. 19:10, 11; 2 ശമു. 15:10-14, 30) അതെക്കുറിച്ച് ദാവീദ് ഇങ്ങനെ പറഞ്ഞു: “നെടുവീർപ്പിട്ട് ഞാൻ ആകെ തളർന്നിരിക്കുന്നു. രാത്രി മുഴുവൻ ഞാൻ എന്റെ മെത്ത കണ്ണീരിൽ കുതിർക്കുന്നു; കരഞ്ഞുകരഞ്ഞ് കിടക്കയിൽനിന്ന് കണ്ണീർ കവിഞ്ഞൊഴുകുന്നു.” (സങ്കീ. 6:6) ജീവിതത്തിൽ ഒരുപാടു പ്രതിസന്ധികൾ ദാവീദിനു നേരിടേണ്ടിവന്നെങ്കിലും യഹോവ തന്നെ സ്നേഹിക്കുന്നുണ്ടെന്നു ദാവീദിന് ഉറപ്പായിരുന്നു. കാരണം അദ്ദേഹം പറഞ്ഞു: “എന്റെ കരച്ചിൽ യഹോവ കേൾക്കുമല്ലോ.” (സങ്കീ. 6:8) യഹോവയുടെ ആർദ്രസ്നേഹത്തിന്റെയും കരുതലിന്റെയും നല്ലൊരു ചിത്രമാണ് ഇന്നത്തെ വാക്യത്തിലെ വാക്കുകൾ വരച്ചിടുന്നത്! തന്റെ കണ്ണീരെല്ലാം യഹോവ ഒരു കുടത്തിൽ ശേഖരിക്കുന്നതുപോലെയോ ഒരു പുസ്തകത്തിൽ രേഖപ്പെടുത്തുന്നതുപോലെയോ ആണ് ദാവീദിനു തോന്നിയത്. തന്റെ വേദനകൾ യഹോവ കാണുന്നുണ്ടെന്നും ഓർത്തിരിക്കുന്നുണ്ടെന്നും ദാവീദിന് ഉറപ്പായിരുന്നു. താൻ കടന്നുപോയ സാഹചര്യം മാത്രമല്ല, അത് തന്നെ എത്രത്തോളം വേദനിപ്പിച്ചെന്നും യഹോവയ്ക്ക് അറിയാമെന്നു ദാവീദിനു ബോധ്യമുണ്ടായിരുന്നു. w24.12 പേ. 22 ഖ. 11-12