ബൈബിൾ—സകല മനുഷ്യവർഗ്ഗത്തിനും വേണ്ടിയുള്ള പുസ്തകം
“നോക്കൂ! സകല രാഷ്ട്രങ്ങളിൽ നിന്നും ഗോത്രങ്ങളിൽ നിന്നും ജനതകളിൽ നിന്നും ഭാഷകളിൽ നിന്നുമായി ഒരു മനുഷ്യനും എണ്ണാൻ കഴിയാത്ത ഒരു മഹാപുരുഷാരം സിംഹാസനത്തിൻ മുമ്പാകെ നിൽക്കുന്നു.”
അതെങ്ങനെയുള്ള ഒരു സമൂഹമാണ്? അവർ എന്താണ് ചെയ്യുന്നത്?
“അവരുടെ കൈകളിൽ കുരുത്തോലകൾ ഉണ്ടായിരുന്നു”വെന്ന് വൃത്താന്തം തുടർന്നു പറയുന്നു. “അവർ ഉറക്കെ ഇങ്ങനെ പറഞ്ഞ് ആർപ്പിട്ടുകൊണ്ടിരുന്നു: ‘രക്ഷക്ക് ഞങ്ങൾ സിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തോടും കുഞ്ഞാടിനോടും കടപ്പെട്ടിരിക്കുന്നു.’”അല്ല, എന്തെങ്കിലും ആവശ്യപ്പെടുകയോ ഏതെങ്കിലും ആദർശലക്ഷ്യത്തിനുവേണ്ടി പ്രകടനം നടത്തുകയോ ചെയ്യുന്ന ഒരു ആക്രമാസക്തമായ ജനകൂട്ടം ആയിരുന്നില്ല അത്. പിന്നെയോ, ഏററവും ആനന്ദനിർഭരമായ ഒരു അനുഭവത്തിലൂടെ കടന്നു പോന്ന സന്തുഷ്ടരും ആനന്ദഭരിതരും ആയ ഒരു ജനസമൂഹം ആയിരുന്നു അത്. “മഹോപദ്രവത്തിൽ നിന്ന് വന്നിട്ടുള്ളവർ ഇവരാകുന്നു . . . ഇവർക്കിനി വിശക്കുകയോ ദാഹിക്കുകയോ ഇല്ല . . . ദൈവം ഇവരുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ എല്ലാം തുടച്ചു കളയുകയും ചെയ്യും.”
സകല മനുഷ്യവർഗ്ഗത്തിനും ഒരു സന്ദേശം
ആ അന്തർദ്ദേശീയ “മഹാപുരുഷാര”ത്തിന്റെ വർണ്ണന ബൈബിളിന്റെ അവസാനപുസ്തകമായ വെളിപ്പാടിന്റെ 7-ാം അദ്ധ്യായം 9-17 വരെയുള്ള വാക്യങ്ങളിൽ കാണുന്നു. വർഗ്ഗം, ദേശീയത തുടങ്ങിയ കാര്യങ്ങൾ കൊണ്ട് മനുഷ്യവർഗ്ഗം മേലാൽ വിഭജിക്കപ്പെട്ടിരിക്കാതെ ശാന്തിയിലും യോജിപ്പിലും ഒരുമനപ്പെട്ടിരിക്കുന്ന, ഭയത്തിൽനിന്നും ഇല്ലായ്മയിൽനിന്നും യഥാർത്ഥവിമുക്തി അനുഭവിക്കുന്ന ഒരു കാലത്തിന്റെ ഭാവിദൃശ്യം ചിത്രീകരണ രൂപത്തിൽ അത് നമുക്ക് നൽകുന്നു. മുഴു മനുഷ്യവർഗ്ഗത്തിനുമായി ബൈബിൾ വച്ചുനീട്ടുന്ന അനന്യമായ സന്ദേശത്തിന്റെ കാതൽ അതാണ്.
‘പക്ഷേ ആ സന്ദേശം ഏതു തരത്തിലാണ് അനന്യമായിരിക്കുന്നത്?’ സമാധാനത്തെയും ഐക്യത്തെയും കുറിച്ച് ലോകത്തിനുചുററുമുള്ള എല്ലാ ആളുകളും സംസാരിച്ചുകൊണ്ടല്ലേ ഇരുന്നിട്ടുള്ളത്? തീർച്ചയായും അവർ അങ്ങനെ ചെയ്തുകൊണ്ടാണിരുന്നിട്ടുള്ളത്. രാഷ്ട്രീയവും വംശീയവും സാമ്പത്തികവും മതപരവുമായ പോരാട്ടങ്ങളിലൂടെ വഷളായിത്തീർന്നിരിക്കുന്ന അന്തർദ്ദേശീയ സംഘർഷത്തിന്റെ ഈ യുഗത്തിൽ ലോകസമാധാനത്തെക്കുറിച്ച് സുബോധമുള്ള ആരാണ് ബോധവാനല്ലാത്തത്? പക്ഷേ അത്തരം ദേശാന്തര പോരാട്ടങ്ങൾ ഉണ്ടാവുന്നതിനും മമനുഷ്യന്റെ അതിജീവനം തന്നെ ഒരു പ്രശ്നമായിത്തീരുന്നതിനും മുമ്പ് ദൈവരാജ്യം എന്ന ഏക ഗവൺമെൻറിന്റെ കീഴിൽ മനുഷ്യവർഗ്ഗം മുഴുവൻ സമാധാനവും ഐക്യവും ആസ്വദിക്കാനിരിക്കുന്ന ഒരു കാലത്തെക്കുറിച്ച് ബൈബിൾ പറഞ്ഞിരുന്നു.
തുടക്കം മുതൽക്കേ ഒരു ലോകൈക വീക്ഷണം
പ്രാരംഭകാലം മുതൽക്ക് തന്നെ മനുഷ്യവർഗ്ഗത്തിന്റെ ഭാവിയുടെ കാര്യത്തിൽ ബൈബിൾ ഒരു ലോകൈക വീക്ഷണമാണ് അവതരിപ്പിച്ചുപോന്നിട്ടുള്ളത്. “നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞ് അതിനെ അടക്കി വാഴുവിൻ,” എന്നായിരുന്നു ആദാമിനും ഹവ്വക്കും അവരുടെ സ്രഷ്ടാവായ യഹോവയാം ദൈവം നൽകിയ ആദ്യകൽപ്പന. (ഉൽപത്തി 1:28) ആദാമും ഹവ്വയും ഏതെങ്കിലും പ്രത്യേക വംശത്തിന്റെയോ ജനതയുടെയോ പൂർവ്വീകരായിത്തീരാനല്ലിരുന്നത്. പിന്നെയോ അവർ മാനവരാശിയുടെ ജനയിതാക്കൾ ആയിത്തീരാനിരുന്നു. ബൈബിളിന്റെ ദൂത് ഏതെൻസിലെ ഗ്രീക്കുകാരോട് അറിയിച്ചപ്പോൾ പൗലോസ് അപ്പോസ്തലൻ ഈ വസ്തുതക്ക് സാക്ഷ്യം വഹിച്ചു. “ഭൂതലത്തിൽ എങ്ങും അധിവസിക്കാൻ അവൻ ഒരു മനുഷ്യനിൽനിന്ന് സകല മനുഷ്യജാതികളെയും ഉളവാക്കി” എന്ന് അവൻ അവരോട് പറഞ്ഞു.—പ്രവൃത്തികൾ 17:26.
സകല മാനവരാശിയും സഹോദരീസഹോദരങ്ങൾ ആണെന്നുള്ള ആശയം സാമാന്യജനങ്ങളുടെ ചിന്തയെക്കാൾ ബഹുദൂരം അപ്പുറം ചെല്ലുന്ന ഒന്നാണെന്ന് നാം സമ്മതിക്കേണ്ടതുണ്ട്. ലോകസമാധാനത്തെയും സാഹോദര്യത്തെയും കുറിച്ച് ഇത്രയൊക്കെ സംസാരമുണ്ടായിരുന്നിട്ടും വംശവിദ്വേഷവും ദേശീയതയും മനുഷ്യവർഗ്ഗത്തെ മഥിച്ചുകൊണ്ടിരിക്കുന്ന ഏററവും വലിയ വിഭാഗീയ ശക്തികളായി ഇന്നും തുടരുന്നില്ലേ? പക്ഷേ ബൈബിൾ ഈ വേലിക്കെട്ടുകളെ എല്ലാം മറികടന്നു ചെല്ലുന്നു. അത് സകല ജാതികളോടും ഒരു വലിയ കുടുംബത്തിലെ അംഗങ്ങളോടെന്നപോലെയും ഭൂമിയെക്കുറിച്ച് സകല മനുഷ്യവർഗ്ഗത്തിനും വേണ്ടിയുള്ള ഒരു വലിയ ഭവനം എന്ന പോലെയും സംസാരിക്കുന്നു. ഈ അർത്ഥത്തിൽ അത് സത്യമായും സകല മനുഷ്യവർഗ്ഗത്തിനും വേണ്ടിയുള്ള ഒരു പുസ്തകം ആണ്.
ആദാമും ഹവ്വയും യഹോവയാം ദൈവത്തോട് അനുസരണമുള്ളവരായിക്കഴിഞ്ഞിരുന്നുവെങ്കിൽ ലോകവിസ്തൃതമായി ഒരു സന്തുഷ്ടകുടുംബം എന്ന നിലയിൽ മുഴു മനുഷ്യവർഗ്ഗത്തിനും ജീവിക്കാനുള്ള പ്രത്യാശ സാക്ഷാത്ക്കരിക്കപ്പെടുമായിരുന്നു. പക്ഷെ അത് അപ്രകാരം സംഭവിച്ചില്ല. “ഏക മനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ പ്രവേശിച്ചു. അങ്ങനെ എല്ലാവരും പാപം ചെയ്യുകയാൽ മരണം സകല മനുഷ്യരിലേക്കും വ്യാപിച്ചു” എന്ന് ബൈബിൾ പറയുന്നു.—റോമർ 5:12.
ഇതിന്റെ വെളിച്ചത്തിൽ യാതൊരു ജനതയോ വർഗ്ഗമോ മറേറതെങ്കിലും ജനതയെക്കാളോ വർഗ്ഗത്തെക്കാളോ കുറഞ്ഞവരല്ല. ഇവിടെയും ബൈബിൾ എല്ലാ മനുഷ്യവർഗ്ഗത്തെയും മുൻവിധിയോ പക്ഷപാതമോ കൂടാതെ സംബോധന ചെയ്യുന്നു. “എല്ലാവരും പാപം ചെയ്തു ദൈവതേജസ്സിൽ കുറവുള്ളവരായിത്തീർന്നിരിക്കുന്നു”വെന്ന് ലളിതമായ ഭാഷയിൽ കാണിക്കുകമാത്രം ചെയ്യുന്നു. (റോമർ 3:23) ചില പ്രദേശങ്ങളിലുള്ള ആളുകൾ ഭൗതികമായി മെച്ചപ്പെട്ടവരും മികച്ച വിദ്യാഭ്യാസം ലഭിച്ചവരും ആണെങ്കിലും നാം നോക്കുന്ന എല്ലായിടത്തും രോഗം, വാർദ്ധക്യം, അപൂർണ്ണത, മരണം എന്നീ അടിസ്ഥാന പ്രശ്നങ്ങൾ അവരെല്ലാം നേരിടുന്നു എന്ന് നിങ്ങൾ കാണുന്നില്ലേ?
സകല മനുഷ്യവർഗ്ഗത്തിനും പ്രയോജനം ചെയ്യുന്ന ഒരു വാഗ്ദത്തം
മനുഷ്യാവസ്ഥ ശോചനീയമായിത്തീർന്നിരിക്കുന്നുവെങ്കിലും മനുഷ്യനെ പ്രത്യാശയില്ലാതെ വിട്ടിട്ടില്ല. ഒരു നിർണ്ണായക ഘട്ടത്തിൽ യഹോവയാം ദൈവം ഒരു വാഗ്ദത്തവുമായി രംഗപ്രവേശം ചെയ്തു. അബ്രഹാമിനോട് അവൻ ഇങ്ങനെ പറഞ്ഞു: “നിന്റെ സന്തതി മുഖാന്തരം ഭൂമിയിലെ സകല ജനതകളും സ്വയമേ അനുഗ്രഹിക്കപ്പെടും.” (ഉൽപത്തി 22:18) സന്ദർഭോചിതമായി, തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമെന്നനിലയിൽ ലോകത്തിലെ മൂന്നു പ്രമുഖമതങ്ങൾ—യഹൂദമതം, ക്രിസ്ത്യാനിത്വം, ഇസ്ലാം—ഈ വാഗ്ദത്തത്തെ സ്വീകരിച്ചിരിക്കുന്നു എന്ന് കുറിക്കൊള്ളുക. അബ്രഹാമും പുരാതന യിസ്രായേൽ ജനം ഉൾപ്പെടെയുള്ള—അവന്റെ സന്തതികളുമായി യഹോവയാം ദൈവം നടത്തിയ തന്റെ ഇടപെടലുകളെക്കുറിച്ച് രേഖപ്പെടുത്തിക്കൊണ്ട് ഈ വാഗ്ദത്തത്തിന്റെ നിവൃത്തിയെ ബൈബിൾ മാത്രമാണ് വെളിപ്പെടുത്തുന്നത്.
ഇവിടെയാണ് പലയാളുകളും തടസ്സവാദങ്ങൾ ഉന്നയിച്ചൊഴിയുന്നത്. ഇതൊരു തനി ദേശീയ പക്ഷപാതത്തിന്റെയോ മുൻവിധിയുടെയോ സംഗതി ആണെന്നാണ് അവർ കരുതുന്നത്. ഈ അടിസ്ഥാനത്തിൽ അവർ ബൈബിളിനെയോ അല്ലെങ്കിൽ എബ്രായ തിരുവെഴുത്തുകളിലെ മിക്ക ഭാഗങ്ങളെയോ ഗോത്ര കഥകളായി തള്ളിക്കളയുന്നു. പക്ഷേ ഇത് യുക്തമായ ന്യായവാദം ആണോ? യഹോവ അബ്രഹാമിൽ അത്രമാത്രം വിശ്വാസം പ്രകടിപ്പിക്കുകയും അവന് വാഗ്ദാനം നൽകുകയും ചെയ്തത് എന്തുകൊണ്ടായിരുന്നു?
ബൈബിൾ ഇങ്ങനെ വിശദീകരിക്കുന്നു: “‘അബ്രഹാം യഹോവയിൽ വിശ്വാസം അർപ്പിച്ചു. അത് അവന് നീതിയായ് കണക്കിട്ടു,’ അവൻ ‘യഹോവയുടെ സ്നേഹിതൻ എന്നു വിളിക്കപ്പെടുകയും ചെയ്തു.’” (യാക്കോബ് 2:23) രസകരമാംവിധം ഇസ്ലാമിക വിശുദ്ധ ഗ്രന്ഥമായ ഖുറാനും ദൈവം അബ്രഹാമിനെ സ്നേഹിതൻ എന്ന നിലയിൽ കൈക്കൊള്ളാനുള്ള കാരണമായി വിശ്വാസത്തിലേയ്ക്ക് വിരൽ ചൂണ്ടുന്നു. “അല്ലാഹുവിന് സമ്പൂർണ്ണമായ് തന്നെത്താൻ കീഴ്പ്പെടുത്തുന്നവനെക്കാൾ ആർക്കാണ് ഒരു മെച്ചമായ മതം ഉള്ളത്? അങ്ങനെയുള്ളവൻ നേരുള്ളവനായ അബ്രഹാമിന്റെ വിശ്വാസം പിന്തുടരുന്നവനും (മററുള്ളവർക്ക്) നൻമ ചെയ്യുന്നവനും ആണ്. അല്ലാഹു ഇബ്രാഹിമിനെ ഒരു സ്നേഹിതനെപ്പോലെ കൈക്കൊണ്ടു.”—സുരാ IV, വാക്യം 125 വിശുദ്ധ ഖുറാൻ എം. എച്ച്. ഷക്കീർ വിവർത്തനം ചെയ്തത്.
യിസ്രായേല്യരെ സംബന്ധിച്ചെന്ത്? ദൈവം അബ്രഹാമിന് വാഗ്ദാനം നൽകിയതിനു 400 വർഷങ്ങൾക്കുശേഷം മോശെ അവരോട് പറഞ്ഞു: “നിങ്ങളെ തിരഞ്ഞെടുക്കാൻ തക്കവണ്ണം യഹോവ നിങ്ങളോട് പ്രിയം കാണിച്ചത്, നിങ്ങൾക്ക് സകല ജനതകളിലും വച്ച് ജനബാഹുല്യം ഉള്ളതുകൊണ്ടല്ല, കാരണം നിങ്ങൾ ജനതകളിലെല്ലാററിലും കുറഞ്ഞവരായിരുന്നു. എന്നാൽ, അത് യഹോവ നിങ്ങളെ സ്നേഹിക്കുന്നതുകൊണ്ടും നിങ്ങളുടെ പൂർവ്വപിതാക്കൻമാരോട് അവൻ ആണയിട്ട പ്രതിജ്ഞാവചനം പാലിക്കേണ്ടതുകൊണ്ടും ആയിരുന്നു.”—ആവർത്തനം 7:7, 8.
അതുകൊണ്ട് അബ്രഹാമോ യിസ്രായേൽ ജനതയോ ഒരു മികച്ച ജാതിയിൽ നിന്നുള്ളവരോ ജനതയിൽ നിന്നുള്ളവരോ അല്ലെങ്കിൽ മറേറതെങ്കിലും വിധത്തിൽ മെച്ചപ്പെട്ടവരോ ആയിരുന്നതു കൊണ്ടല്ല, മറിച്ച് വിശ്വാസത്തിന്റെയും നീതിപ്രവൃത്തികളുടെയും അടിസ്ഥാനത്തിൽ ദൈവം കാണിച്ച സ്നേഹവും അനർഹദയയും നിമിത്തം ആയിരുന്നു അത്. അപ്പോസ്തലനായ പത്രോസ് ഈ സംഗതി ചൂണ്ടിക്കാണിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ദൈവം മുഖപക്ഷം ഉള്ളവനല്ല പിന്നെയോ ഏതു ജാതിയിലും അവനെ ഭയപ്പെട്ട് നീതി പ്രവർത്തിക്കുന്ന മനുഷ്യൻ അവന് സ്വീകാരം ഉള്ളവനാണ്.—പ്രവൃത്തികൾ 10:34, 35.
അങ്ങനെ ഒരു കാലംവരേയ്ക്ക് യഹോവയാം ദൈവം യിസ്രായേൽ ജാതിയോട് മാത്രമേ ഇടപെട്ടിരുന്നുള്ളുവെങ്കിലും സകല മനുഷ്യവർഗ്ഗത്തിന്റെയും ക്ഷേമം അവന്റെ ദൃഷ്ടിപഥത്തിൽ ഉണ്ടായിരുന്നു. യിസ്രായേല്യരുമായുള്ള അവന്റെ ഇടപാടുകളെപ്പററി ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നത് ദേശീയതയുടെ ആത്മാവിനെ പ്രോത്സാഹിപ്പിക്കുന്നതിനോ ഒരു ജനതയെ മറെറാന്നിന് മീതെ ഉയർത്തുന്നതിനോ വേണ്ടി ആയിരുന്നില്ല. മറിച്ച് “മുന്നെഴുതിയിരിക്കുന്ന എല്ലാ കാര്യങ്ങളും നമ്മുടെ സഹിഷ്ണതയിലൂടെയും തിരുവെഴുത്തിൽനിന്നുള്ള ആശ്വാസത്തിലൂടെയും നമുക്ക് പ്രത്യാശയുണ്ടാകേണ്ടതിന് തക്കവണ്ണം നമ്മുടെ പ്രബോധനത്തിനുവേണ്ടിയത്രെ എഴുതപ്പെട്ടിരിക്കുന്നത്.” (റോമർ 15:4) സകല മനുഷ്യവർഗ്ഗവും ഒരിക്കൽക്കൂടെ ശാന്തിയിലും ഐക്യത്തിലും ഒരുമനപ്പെടും എന്ന പ്രത്യാശയെ അതിന്റെ സാക്ഷാത്ക്കാരത്തിലേയ്ക്ക് നയിക്കുന്നതിലുള്ള യഹോവയുടെ ക്ഷമയും സ്നേഹവും ഈ സംഭവങ്ങൾ ഉയർത്തിക്കാട്ടുന്നു. ഈ പ്രത്യാശ സാക്ഷാത്ക്കരിക്കപ്പെടുന്നത് എങ്ങനെയായിരിക്കും?
ഒരു സമാധാനഭരണം
“സ്വർഗ്ഗങ്ങളിലുള്ളതും ഭൂമിയിലുള്ളതുമായ എല്ലാ കാര്യങ്ങളും ക്രിസ്തുവിൽ ഒന്നായികൂട്ടിച്ചേർക്കണം എന്നിങ്ങനെ നിയമിതകാലങ്ങളുടെ സമ്പൂർത്തിയിങ്കലെ ഒരു ഭരണത്തിനുവേണ്ടി [ദൈവം] തന്നിൽ തന്നെ ഉദ്ദേശിച്ച അവന്റെ പ്രസാദത്തിന് തക്കവണ്ണം അത്രേ അത്,” എന്നിങ്ങനെ പൗലോസ് വർണ്ണിച്ചു. (എഫേസ്യർ 1:9, 10) ഈ “ഭരണം” എന്താണ്?
“ഒരു ഗൃഹഭരണം” എന്ന അടിസ്ഥാന അർത്ഥം വരുന്ന ഒയ്-ക്കോ-നോ-മിയാ എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ആ പദം പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് മനുഷ്യവർഗ്ഗം രാഷ്ട്രീയപരവും വർഗ്ഗീയവും സാമ്പത്തികവും മതപരവും ആയി വിഭജിച്ചിരിക്കുകയാണെങ്കിലും ഈ വിഭാഗീയ ശക്തികളെ എല്ലാം ഇല്ലായ്മ ചെയ്യുന്നതിനും അനുസരണയുള്ള മനുഷ്യവർഗ്ഗത്തെ മുഴുവൻ ലോകവ്യാപകമായി ഒരു സന്തുഷ്ട കുടുംബം എന്ന നിലയിൽ വീണ്ടും കൂട്ടിവരുത്തുന്നതിനും ദൈവം ഉദ്ദേശിച്ചിരിക്കുന്നു. അവർ അത് എങ്ങനെ ചെയ്യും? തന്റെ പുത്രനായ ക്രിസ്തുവിന്റെ കൈകളിലെ മശിഹൈക രാജ്യത്തിലൂടെ അവർ അത് നിവർത്തിക്കും.—ദാനിയേൽ 2:44; യെശയ്യാവ് 9:6, 7.
ഇന്ന് ആഗോള സംഘർഷത്തിനും പ്രശ്നങ്ങൾക്കും മദ്ധ്യേ ലോകമൊട്ടാകെയുള്ള ദശലക്ഷക്കണക്കിനാളുകൾ സമാധാനത്തിനും ഐക്യത്തിനുംവേണ്ടിയുള്ള ബൈബിളിന്റെ സന്ദേശത്തോട് പ്രതികരിച്ചിട്ടുണ്ട്. വെളിപ്പാട് പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന ആ ക്ലിപ്തപ്പെടുത്താത്ത “മഹാപുരുഷാരത്തെ”പ്പോലെ അവർ ചേർന്നുവന്നിരിക്കുന്നു. പ്രതീകാത്മകമായി “സിംഹാസനത്തിൽ ഇരിക്കുന്ന”വനായ യഹോവയാം ദൈവത്തിനും കുഞ്ഞാടായ യേശുക്രിസ്തുവിനും സ്തുതിയും വിധേയത്വവും നൽകിക്കൊണ്ട് അവർ ഇപ്പോഴെ ദൈവസിംഹാസനത്തിന്റെ മുമ്പാകെ കുരുത്തോലകൾ വീശീക്കൊണ്ടിരിക്കുകയാണ്.
ആ സന്ദേശത്തോട് നിങ്ങൾക്ക് പ്രിയം തോന്നുന്നുവോ? നിങ്ങളുടെ വർഗ്ഗം, ദേശം, ഭാഷ എന്നിവ ഗണ്യമാക്കാതെ ബൈബിൾ സന്ദേശം അന്വേഷിച്ച് സ്വീകരിക്കുന്നതിലൂടെ നിങ്ങൾക്ക് അന്തർദ്ദേശീയ “മഹാപുരുഷാര”ത്തോടൊപ്പം ചേരാൻ സാധിക്കും. അവരോടൊത്ത് നിങ്ങൾക്ക് ശുഭാപ്തി വിശ്വാസത്തോടെ ഇങ്ങനെ പറയാം: “ദൈവത്തിന്റെ വാഗ്ദത്തപ്രകാരം നാം കാത്തിരിക്കുന്ന പുതിയ ആകാശങ്ങളും പുതിയ ഭൂമിയും ഉണ്ട്. അവയിൽ നീതി വസിക്കാനിരിക്കുന്നു.”—2 പത്രോസ് 3:13.
തീർച്ചയായും ബൈബിളിന് നിങ്ങൾക്കുവേണ്ടിയുള്ള ഒരു ഗ്രന്ഥം ആയിരിക്കാനും കഴിയും. (w86 4/15)
[5-ാം പേജിലെ ചിത്രം]
ആദാമും ഹവ്വയും മനുഷ്യവർഗ്ഗത്തിന്റെ ജനയിതാക്കൾ ആയിരുന്നു
[7-ാം പേജിലെ ചിത്രം]
തന്റെ സ്വദേശം വിട്ടുപോന്ന അബ്രഹാം വിശ്വാസത്തിലൂടെയും നീതിപ്രവൃത്തികളിലൂടെയും ദൈവത്തിന്റെ പ്രീതി നേടി