ദൂതൻമാർ—മുമ്പും ഇന്നും
“ക്രിസ്തുമസ്സ് കാലത്ത് നമ്മൾ വൃക്ഷങ്ങളിൽ തൂക്കുന്ന തോരണങ്ങളിലോ ക്രിസ്തുമസ്സ് കാർഡുകളിലെ ദൃശ്യങ്ങളിലോ അവയുടെ രൂപമാതൃക കാണാം—മെഴുകുതിരി പിടിച്ചുകൊണ്ടോ, പള്ളി ഓർഗൻ വായിച്ചുകൊണ്ടോ, കിന്നരം വായിച്ചുകൊണ്ടോ നിൽക്കുന്ന കോമളമുഖമുള്ള സ്വർണ്ണപ്പാവകൾ. കുരുവികളുടേതുപോലെയുള്ള കുററിച്ചിറകുകളുണ്ട് അവയ്ക്ക്. ഒററ വാക്കിൽ, അവർ ഓമനത്വമുള്ളവരാണ്.”—ദ സണ്ടേ ഡെൻവേർ പോസററ്.
“ദൂതൻമാർ പ്രായേണ, ദൈവശാസ്ത്ര പഠനകേന്ദ്രങ്ങളിൽ അവഗണിക്കപ്പെടുകയും സൺഡേ സ്കൂളുകളിൽ നിസ്സാരീകരിക്കപ്പെടുകയും ചെയ്യുന്നു. അമേരിക്കയിലെ കത്തോലിക്കാ മതപഠനത്തിന്റെ ഗൈഡ്ബുക്കായ നാഷനൽ കാററക്കെററിക്കൽ ഡയറക്ടറിയുടെ സൂചികയിൽ ദുതൻമാരെപ്പററി പരാമർശം പോലുമില്ല.”
മതപത്രാധിപരായ ചാൾസ് ഡബ്ലിയു. ബെൽ പ്രഖ്യാപിച്ചതാണിത്. ചില ദൈവശാസ്ത്രജ്ഞൻമാർക്ക്, വിശേഷിച്ച് പ്രമുഖ പ്രോട്ടസ്ററൻറ് സഭകളിൽ നിന്നുള്ളവർക്ക്, “ദൂതൻമാരുടെ കാര്യത്തിൽ അസ്വസ്ഥതയും അനിശ്ചിതത്വവും തോന്നുന്നു” എന്ന് അദ്ദേഹം കുറിക്കൊണ്ടു. “ദൂതൻമാരുടെ ആസ്തിക്യത്തിലുള്ള സകല വിശ്വാസവും നിരാകരിക്കേണ്ടിയിരിക്കുന്നു” എന്ന് ചില ആധുനിക ചിന്തകൻമാർ പറയുന്നതായി ന്യൂ കാത്തലിക്ക് എൻസൈക്ലോപ്പീഡിയ പ്രസ്താവിക്കുന്നു.
എക്കാലവും ഇതായിരുന്നില്ല സ്ഥിതി. ദൃഷ്ടാന്തത്തിന് 13-ാം നൂററാണ്ടിൽ ദൂതൻമാരെപ്പററി പഠിക്കുന്ന ദൈവശാസ്ത്രത്തിന്റെ പാഠ്യശാഖയായ ദൂതശാസ്ത്രം പഠിച്ചിരുന്ന പണ്ഡിതൻമാർ ദൂതൻമാരുടെ “പ്രകൃതി, ബുദ്ധിവൈഭവം, ഇച്ഛാശക്തി” എന്നിവയെ സംബന്ധിച്ച് ജിജ്ഞാസ പൂണ്ട് ചിന്തയിലാണ്ടിരുന്നു. ശതകങ്ങളോളം “കാവൽ ദൂതൻമാരോട്” പ്രാർത്ഥനകൾ നടത്തുകപോലും ചെയ്തിരുന്നു. പക്ഷേ, മേൽ നിരീക്ഷിച്ചതുപോലെ അതിനുശേഷം മനോഭാവങ്ങൾക്ക് മാററം വന്നിരിക്കുന്നു.
ന്യൂ കാത്തലിക് എൻസൈക്ലോപ്പീഡിയ പറയുന്നതനുസരിച്ച് “ആധുനിക മനസ്സിൽ ദൂതൻമാർ ഐതിഹ്യം, യക്ഷിക്കഥ, ശിശുഭാവന എന്നിവയുടെ മണ്ഡലത്തിലേക്ക് അധികമധികം പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നു.” സത്യത്തിൽ, 19-ാം നൂററാണ്ടിന്റെ പകുതി ആയതോടെ ഒട്ടധികം ആളുകൾ അവരുടെ മനസ്സുകളിൽ ദൂതൻമാരെ മതവുമായുള്ള ബന്ധത്തിൽ നിന്ന് വേർപെടുത്തിയും മതേതരമായ കാൽപ്പനിക ആശയങ്ങളുമായി അധികമധികം ബന്ധപ്പെടുത്തിയും കാണാൻ തുടങ്ങി. ഇന്ന് അതിലേറെ ആളുകൾ അവരെ ഭാവനാസങ്കൽപ്പങ്ങളായി കാണുന്നു; അതുകൊണ്ട് അത്തരം ആളുകൾ ദൂതൻമാരുടെ ആസ്തിക്യത്തെ നിഷേധിക്കുന്നു.
ദൂതൻമാർ ചില മതങ്ങളിൽ
എങ്കിലും, ചില മതങ്ങളിൽ ദൂതൻമാർക്ക് ഇന്നും ഒരു സ്ഥാനമുണ്ട്. ഉദാഹരണത്തിന്, റോമൻ കത്തോലിക്കാസഭ “ദൂതൻമാരെ സ്നേഹിക്കുന്നതിനും ആദരിക്കുന്നതിനും അവരുടെ സഹായം തേടുന്നതിനും വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നു.” സത്യത്തിൽ കത്തോലിക്കാസഭ ദൂതൻമാരെന്ന് അവർ കരുതുന്ന മൂന്നു വ്യക്തികളെ—മീഖായേൽ, ഗബ്രിയേൽ, റാഫേൽ—വിശുദ്ധൻമാരായി ഉയർത്തിയിട്ടുണ്ട്. റാഫേൽ അപ്പോക്രിഫാ പുസ്തകങ്ങളിൽ മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂ, ബൈബിൾ കാനോനിലില്ലതാനും.
പൗരസ്ത്യ ഓർത്തഡോക്സ് സഭകളിൽ സഹായാഭ്യർത്ഥനകളും അപേക്ഷകളും നടത്തപ്പെടുന്നതും സഭാംഗങ്ങൾ ഏററുചൊല്ലുന്നതുമായ പ്രായശ്ചിത്ത പ്രാർത്ഥനകളിൽ (litany) ദൂതൻമാർക്ക് പ്രധാനസ്ഥാനമുണ്ട്. മുസ്ലീം ദൈവശാസ്ത്രത്തിലെ വിശ്വാസപാഠങ്ങളിൽ ഒന്നാണ് ദൂതൻമാരിലുള്ള വിശ്വാസം എന്നതുകൊണ്ട് ദൂതൻമാർക്ക് ഇസ്ലാം മതത്തിലും സ്ഥാനമുണ്ട്.
എങ്കിലും, നമ്മുടെ നാളുകളിൽ ദൂതൻമാരുടെ ആസ്തിക്യത്തിലുള്ള വിശ്വാസത്തിന് ക്ഷയം സംഭവിച്ചിരിക്കുന്നു എന്നതിനു സംശയമില്ല.
നിങ്ങൾ ദൂതൻമാരിൽ വിശ്വസിക്കുന്നുവോ?
ദൂതൻമാരിലുള്ള വിശ്വാസത്തെക്കുറിച്ച് ന്യു കാത്തലിക് എൻസൈക്ലോപ്പീഡിയാ പറയുന്നതിപ്രകാരമാണ്: “ക്രമേണ, . . . ദീർഘകാലത്തെ വികാസ പരിഷ്കരണങ്ങളുടെ ഗതിയിൽ . . . വിശുദ്ധ തിരുവെഴുത്തിലടങ്ങിയിരിക്കുന്ന വ്യക്തിത്വരൂപങ്ങളുടെ കാൽപ്പനികമായ വിപുലീകരണത്തിലൂടെ ദൂതശാസ്ത്രം ഉരുത്തിരിഞ്ഞു, അത് കൃത്യതയുടെ ഭിന്ന തോതുകളിൽ സഭയുടെ അടിസ്ഥാന ഉപദേശമായിത്തീർന്നു.” (ഇററാലിക്സ് ഞങ്ങളുടേത്) നിങ്ങളുടെ വിശ്വാസം “കാൽപ്പനികമായ വിപുലീകരണത്തെ” അടിസ്ഥാനമാക്കിയുള്ളതാണ് എന്ന് നിങ്ങൾ അറിഞ്ഞിരുന്നുവെങ്കിൽ ദൂതൻമാരിലുള്ള നിങ്ങളുടെ വിശ്വാസം എത്രമാത്രം ദൃഢമാകുമായിരുന്നു”?
രസകരമായ ഒരു സംഗതി ഈ വിഷയത്തിൽ വിഭാഗീയ ചിന്തകൾ കത്തോലിക്കാ സഭയ്ക്കുള്ളിൽ തന്നെ നിലനിൽക്കുന്നുണ്ട് എന്നതാണ്. ദൂതൻമാർ എപ്പോൾ സൃഷ്ടിക്കപ്പെട്ടുവെന്നതു സംബന്ധിച്ച് കത്തോലിക്കാമത സർവ്വവിജ്ഞാനകോശം ഇപ്രകാരം പ്രസ്താവിക്കുന്നു: “യവന പിതാക്കൻമാരുടെ അഭിപ്രായത്തിൽ ദൂതൻമാർ സൃഷ്ടിക്കപ്പെട്ടത് ദൃശ്യലോകത്തിനു മുമ്പായിരുന്നു, പക്ഷെ ലത്തീൻ പിതാക്കൻമാരുടെ പൊതുവായ അഭിപ്രായം അവർ അതിനുശേഷമാണ് സൃഷ്ടിക്കപ്പെട്ടത് എന്നാണ്. എങ്കിലും ഭൂരിപക്ഷം അനുകൂലികളുള്ള അഭിപ്രായം ലോകം സൃഷ്ടിക്കപ്പെട്ട അതേ സമയത്തു തന്നെ അവരും സൃഷ്ടിക്കപ്പെട്ടുവെന്നതാണ്.” അത്തരം അനിശ്ചിതത്വം ആളുകളുടെ മനസ്സുകളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ഇന്നുള്ള അവിശ്വാസപ്രവണതയെ സ്വാധീനിക്കുകയും ചെയ്യുന്നു.
ഒരു യഹൂദ തത്വചിന്തകനായ ഫീലോ, ദൂതൻമാർ കേവലം “പ്രപഞ്ചത്തിലെ പ്രത്യക്ഷതകളും ശക്തികളും” മാത്രമാണെന്ന് വാദിച്ചു. ദൂതൻമാരുടെ പ്രകൃതി, സ്വഭാവലക്ഷണങ്ങൾ എന്നിവയെച്ചൊല്ലി, ഒരു സൂചിത്തുമ്പിൽ എത്ര ദൂതൻമാർക്ക് നിൽക്കാനാവും? എന്നതുപോലെയുള്ള ബാലിശമായ ചോദ്യങ്ങളുടെ തരത്തിലുള്ള കഴമ്പില്ലാത്ത പ്രശ്നങ്ങൾ വർഷങ്ങളായി ദൈവശാസ്ത്രജ്ഞൻമാർ തർക്കിച്ചുപോന്നിരിക്കുന്നു. നമ്മുടെ ആധുനിക യുഗത്തിൽ നിരവധി ആളുകൾ ദൂതൻമാരിൽ വിശ്വസിക്കേണ്ടതില്ല എന്ന് നിശ്ചയിച്ചതിൽ എന്തെങ്കിലും ആശ്ചര്യമുണ്ടോ?
പരസ്പരവിരുദ്ധങ്ങളായ ഈ സങ്കൽപ്പങ്ങളുടെ വെളിച്ചത്തിൽ, ദൂതൻമാരെക്കുറിച്ച് ബൈബിളിന് പറയാനുള്ളത് എന്താണ് എന്ന് എന്തുകൊണ്ട് പരിശോധിച്ചുകൂടാ? അത് പിൻവരുന്നതുപോലെയുള്ള ചോദ്യങ്ങൾക്ക് ദൃഢമായ ഉത്തരങ്ങൾ ലഭിക്കുന്നതിന് നമ്മെ സഹായിക്കും: ദൂതൻമാർ യഥാർത്ഥമാണോ? ആണെങ്കിൽ അവർ എന്നെങ്കിലും മനുഷ്യകാര്യങ്ങളിൽ ഇടപെട്ടിട്ടുണ്ടോ? കൂടാതെ, ഏററവും പ്രധാനമായി, ദൂതൻമാർക്ക് നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കാൻ കഴിയുമോ? (w87 12/1)