യഹോവയെ നിങ്ങളുടെ ആശ്രയമാക്കുക
“യഹോവയിൽ ആശ്രയിക്കുകയും നൻമ ചെയ്യുകയും ചെയ്യുക; . . . യഹോവയിൽ അതിയായി ആനന്ദിക്കുക.”—സങ്കീർത്തനം 37:3,4.
1, 2. (എ) ഒന്നാം നൂററാണ്ടിൽ യഹോവയിൽ ആശ്രയിക്കാഞ്ഞവർക്കും ആശ്രയിച്ചവർക്കും എന്തു സംഭവിച്ചു? (ബി) നമ്മുടെ കാലത്തെ മതത്തെ സംബന്ധിച്ച് ഏതു ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്?
നമ്മുടെ പൊതുയുഗത്തിന്റെ ഒന്നാം നൂററാണ്ടിൽ യഹൂദ മതനേതാക്കൻമാർ ദൈവത്തെ ആരാധിക്കുന്നതായി അവകാശപ്പെട്ടു. എന്നാൽ അവർ അവനിൽ ആശ്രയിച്ചില്ല. അവർ അവന്റെ കൽപ്പനകളെ ലംഘിക്കുകയും അവന്റെ പ്രതിനിധികളെ പീഡിപ്പിക്കുകയും ചെയ്തു. (മത്തായി 15:3; യോഹന്നാൻ 15:20) തൽഫലമായി, ‘അവരുടെ ഭവനം ഉപേക്ഷിക്കപ്പെട്ടു,’ യഹോവയാൽ. (മത്തായി 23: 38) ക്രി. വ. 70-ൽ റോമാസൈന്യങ്ങൾ യരൂശലേമിനെയും അതിലെ ആലയത്തെയും നശിപ്പിച്ചു. മതനേതാക്കൾക്കും അവരുടെ അനുഗാമികൾക്കും വലിയ ജീവനഷ്ടം ഭവിച്ചു. എന്നാൽ യഹോവയിൽ ആശ്രയിച്ചവർ സംരക്ഷിക്കപ്പെട്ടു, എന്തെന്നാൽ അവർ അവന്റെ വക്താക്കളുടെ മുന്നറിയിപ്പുകൾ അനുസരിക്കുകയും സുരക്ഷിതസ്ഥലത്തേക്ക് ഓടുകയും ചെയ്തിരുന്നു.—മത്തായി 24:15-22; ലൂക്കോസ് 21:20-24
2 ഈ വ്യവസ്ഥിതിയുടെ അന്ത്യനാളുകളിൽ ഈ ലോകത്തിലെ മതങ്ങൾ സത്യദൈവമായ യഹോവയെ ആശ്രയിക്കുന്നുണ്ടോ? അവർ അവന്റെ കൽപ്പനകളനുസരിക്കുകയും അവന്റെ ഇഷ്ടം ചെയ്യുകയും ചെയ്യുന്നുണ്ടോ, അതോ അവർ ദൈവം ഉപേക്ഷിച്ചിരുന്ന ഒന്നാം നൂററാണ്ടിലെ മതനേതാക്കളെ അനുകരിക്കുകയാണോ? ഇന്നത്തെ മതങ്ങളിൽ ഏതിന് “യഹോവയിൽ ആശ്രയിക്കുകയും നൻമ ചെയ്യുകയും ” ചെയ്യുന്നതു നിമിത്തം അവനാൽ സംരക്ഷിക്കപ്പെടുന്നതിന് പ്രതീക്ഷിക്കാൻ കഴിയും?—സങ്കീർത്തനം 37:3.
സഹോദരപ്രീതി എവിടെ?
3. സമാധാനം കൈവരുത്താനുള്ള മതപരമായ ശ്രമങ്ങൾ പരാജയപ്പെട്ടിരിക്കുന്നതെന്തുകൊണ്ട്?
3 “സകല മനുഷ്യരാശിയും അതിന്റെ അതിജീവനത്തിന് വലിയ ഭീഷണിയെ നേരിടുകയാണ്” എന്ന് ജോൺ പോൾ രണ്ടാമൻ പാപ്പാ മുന്നറിയിപ്പ് നൽകിയിട്ട് അധികനാളായില്ല. “അങ്ങനെയുള്ള ഭീഷണികളെ വ്യത്യസ്ത മതസമൂഹങ്ങളുടെ ഇടയിലെ കൂട്ടായ ശ്രമങ്ങളാൽ ഏററം നന്നായി നേരിട്ടിട്ടുണ്ട്” എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. “സമാധാനത്തിനും അനുരഞ്ജനത്തിനും” വേണ്ടി മതനേതാക്കൻമാർ “ഒത്തു ചേർന്നു പ്രവർത്തിക്കണ”മെന്നുള്ളത് ദൈവേഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, അത് ദൈവേഷ്ടമാണെങ്കിൽ, ഈ ദിശയിലുള്ള നൂററാണ്ടുകളിലെ ശ്രമങ്ങളെ ദൈവം അനുഗ്രഹിച്ചിട്ടില്ലാത്തതെന്തുകൊണ്ട്? തന്റെ സ്വർഗ്ഗീയ രാജ്യം മുഖേന സമാധാനം കൈവരുത്താനുള്ള ദൈവത്തിന്റെ മാർഗ്ഗത്തിൽ ഈ മതങ്ങൾ വിശ്വസിച്ചിട്ടില്ലാത്തതുകൊണ്ടാണ് അവൻ അങ്ങനെ ചെയ്യാത്തത്. (മത്തായി 6:9,10) പകരം, അവർ ജനതകളുടെ യുദ്ധങ്ങളെയും രാഷ്ട്രീയത്തെയും പിന്താങ്ങിയിരിക്കുന്നു. തൽഫലമായി, യുദ്ധകാലത്ത് ഒരു രാഷ്ട്രത്തിലെ മതഭക്തർ മറെറാരു രാഷ്ട്രത്തിലെ മതഭക്തരെ കൊന്നൊടുക്കിയിരിക്കുന്നു, സ്വന്തം മതത്തിലെ ആളുകളെ പോലും കൊന്നിട്ടുണ്ട്. കത്തോലിക്കർ കത്തോലിക്കരെയും പ്രോട്ടസ്ററൻറുകാർ പ്രോട്ടസ്ററൻറുകാരെയും കൊന്നിട്ടുണ്ട്, മററു മതങ്ങളും അതു തന്നെ ചെയ്തിരിക്കുന്നു. എന്നാൽ യഥാർത്ഥ ആത്മീയ സഹോദരൻമാർ ദൈവത്തെ സേവിക്കുന്നുവെന്നവകാശപ്പെടുമ്പോൾ അന്യോന്യം കൊല്ലുമോ?
4. സത്യമതത്തിന്റെ പ്രമാണം എന്താണെന്ന് യേശു പറഞ്ഞു, ഇത് “ഒരു പുതിയ കൽപ്പന” ആയിരുന്നതെന്തുകൊണ്ട്?
4 യേശു തന്റെ അനുഗാമികളോട് പിൻവരുന്നപ്രകാരം പറഞ്ഞപ്പോൾ അവൻ സത്യമതത്തിനുള്ള പ്രമാണം വെച്ചു: “നിങ്ങൾ അന്യോന്യം സ്നേഹിക്കണമെന്ന് ഞാൻ നിങ്ങൾക്ക് ഒരു പുതിയ കൽപ്പന തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചിരിക്കുന്നതുപോലെ, നിങ്ങളും അന്യോന്യം സ്നേഹിക്കണമെന്നുതന്നെ. നിങ്ങൾക്കു നിങ്ങളുടെ ഇടയിൽതന്നെ സ്നേഹമുണ്ടെങ്കിൽ, അതിനാൽ നിങ്ങൾ എന്റെ ശിഷ്യൻമാരാണെന്നു എല്ലാവരും അറിയും.” (യോഹന്നാൻ 13:34,35) അതുകൊണ്ട് സത്യമതം ആചരിക്കുന്നവർ അന്യോന്യം സ്നേഹിക്കണം. “ഞാൻ നിങ്ങളെ സ്നേഹിച്ചിരിക്കുന്നതുപോലെ നിങ്ങളും അന്യോന്യം സ്നേഹിക്കണ”മെന്ന് യേശു പറഞ്ഞതുകൊണ്ട് അത് “ഒരു പുതിയ കൽപ്പന” ആയിരുന്നു. അവൻ തന്റെ അനുഗാമികൾക്കുവേണ്ടി തന്റെ ജീവനെ വെച്ചുകൊടുക്കാൻ സന്നദ്ധനായിരുന്നു. അതുതന്നെ ചെയ്യാൻ അവർ സന്നദ്ധരായിരിക്കണം, സഹവിശ്വാസികളുടെ ജീവൻ നശിപ്പിക്കാനല്ല, പിന്നെയോ, ആവശ്യമെങ്കിൽ തങ്ങളുടെ സ്വന്തം ജീവനെ വെച്ചുകൊടുക്കാൻ. അതു പുതിയതായിരുന്നു, എന്തു കൊണ്ടെന്നാൽ മോശൈക ന്യായപ്രമാണം അങ്ങനെ ആവശ്യപ്പെട്ടിരുന്നില്ല.
5. തന്റെ സത്യാരാധകരുടെ ഇടയിൽ സ്നേഹവും ഐക്യവും ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ദൈവവചനം ശക്തമായി ഊന്നിപ്പറയുന്നതെങ്ങനെ?
5 ദൈവവചനം പ്രസ്താവിക്കുന്നു: “‘ഞാൻ ദൈവത്തെ സ്നേഹിക്കുന്നു’ എന്ന പ്രസ്താവന ചെയ്തിട്ട് തന്റെ സഹോദരനെ വെറുക്കുകയാണെങ്കിൽ അവൻ ഒരു നുണയൻ ആകുന്നു. എന്തെന്നാൽ താൻ കണ്ടിട്ടുള്ള തന്റെ സഹോദരനെ സ്നേഹിക്കാത്തവന് താൻ കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിക്കാൻ കഴിയുന്നതല്ല. നമുക്ക് അവനിൽ നിന്ന് ഈ കൽപ്പന ലഭിച്ചിട്ടുണ്ട്, ദൈവത്തെ സ്നേഹിക്കുന്നവൻ തന്റെ സഹോദരനെയും സ്നേഹിക്കണമെന്നുതന്നെ.” (1 യോഹന്നാൻ 4:20,21) ഈ സ്നേഹത്താൽ, യഹോവയിൽ ആശ്രയിക്കുന്നവർ യഥാർത്ഥ സാർവ്വദേശീയ ഐക്യം നിലനിർത്തുന്നു. അപ്പോസ്തലനായ പൗലോസ് 1 കൊരിന്ത്യർ 1:10-ൽ പറയുന്നു: “സഹോദരൻമാരേ, നിങ്ങൾ എല്ലാവരും യോജിപ്പിൽ സംസാരിക്കണമെന്നും നിങ്ങളുടെ ഇടയിൽ ഭിന്നതകൾ ഉണ്ടായിരിക്കരുതെന്നും എന്നാൽ നിങ്ങൾ ഏകമനസ്സിലും ഏകചിന്താഗതിയിലും ഉചിതമായി ഐക്യപ്പെട്ടിരിക്കണമെന്നും ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു.”—1 യോഹന്നാൻ 3:10-12 കൂടെ കാണുക.
6. തങ്ങൾ “സകല മനുഷ്യരുടെയും രക്തം സംബന്ധിച്ച് നിർമ്മലരാ”ണെന്ന് യഹോവയുടെ സാക്ഷികൾക്കു പറയാൻ കഴിയുന്നതെന്തുകൊണ്ട്?
6 രണ്ടാം ലോകമഹായുദ്ധകാലത്ത് 5 കോടി 50 ലക്ഷം പേർ കൊല്ലപ്പെട്ടുവെന്ന് ദ വേൾഡ് ബുക്ക് എൻസൈക്ലോപ്പീഡിയാ പറയുന്നു. യഹോവയുടെ സാക്ഷികൾ ഒഴിച്ചുള്ള എല്ലാ മുഖ്യമതങ്ങളിലെയും ആളുകളാലാണ് അവർ കൊല്ലപ്പെട്ടത്. യാതൊരു യഹോവയുടെ സാക്ഷിയും അങ്ങനെയുള്ള മരണങ്ങൾക്കിടയാക്കിയിട്ടില്ല, എന്തുകൊണ്ടെന്നാൽ അവർ അന്യോന്യം സ്നേഹിക്കണമെന്നുള്ള കൽപ്പന അനുസരിക്കുകയും രാഷ്ട്രങ്ങളുടെ യുദ്ധങ്ങളിൽ ഉൾപ്പെടാൻ വിസമ്മതിക്കുകയും ചെയ്തു. തങ്ങളുടെ നിഷ്പക്ഷനില നിമിത്തം അനേകം സാക്ഷികൾ രക്തസാക്ഷികളായെങ്കിലും “ഞാൻ സകല മനുഷ്യരുടെയും രക്തം സംബന്ധിച്ച് നിർമ്മലനാണ്” എന്ന് അപ്പോസ്തലനായ പൗലോസ് പറഞ്ഞതുപോലെ അവർക്ക് പറയാൻ കഴിയും.—പ്രവൃത്തികൾ 20:26.
7, 8. ചില പള്ളി ഭക്തർ തങ്ങളുടെ രക്തപാതകം സമ്മതിക്കുന്നതെങ്ങനെ?
7 ജപ്പാനിൽ 1945-ൽ ആററംബോംബിട്ട വ്യോമസേനകൾക്കുവേണ്ടിയുള്ള ഒരു കത്തോലിക്കാ പുരോഹിതൻ അടുത്ത കാലത്ത് ഇങ്ങനെ പ്രസ്താവിച്ചു: “കഴിഞ്ഞ 1,700 വർഷങ്ങളിൽ സഭ യുദ്ധത്തെ ബഹുമാന്യമാക്കിക്കൊണ്ടാണിരുന്നത്. അത് മാന്യമായ ഒരു ക്രിസ്തീയ തൊഴിലാണെന്ന് വിശ്വസിക്കാൻ അത് ആളുകളെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ഇതു സത്യമല്ല. നാം മസ്തിഷ്ക്ക പ്രക്ഷാളനം ചെയ്യപ്പെട്ടിരിക്കുന്നു. . . . നീതിനിഷ്ഠമായ യുദ്ധത്തിന്റെ സുവിശേഷം യേശു ഒരിക്കലും പഠിപ്പിച്ചിട്ടില്ലാത്ത സുവിശേഷമാണ് . . . ഒരു ന്യൂക്ലിയർ യുദ്ധ ശീർഷകത്താൽ ആളുകളെ ഭസ്മീകരിക്കുന്നത് അന്യായമായിരിക്കെ, നേപാം ബോംബിനാൽ അല്ലെങ്കിൽ അഗ്നിക്ഷേപിണിയാൽ ആളുകളെ ഭസ്മീകരിക്കുന്നതു ന്യായമാണെന്നു സൂചിപ്പിക്കാൻ യേശുവിന്റെ ജീവിതത്തിലോ പഠിപ്പിക്കലിലോ യാതൊന്നുമില്ല.”
8 ലണ്ടൻ കാത്തലിക്ക് ഹെറൾഡ് ഇങ്ങനെ പ്രസ്താവിച്ചു: “ആദിമ ക്രിസ്ത്യാനികൾ . . . യേശുവിന്റെ വാക്കു വിശ്വസിക്കുകയും ശിക്ഷ മരണമായിരുന്നിട്ടു പോലും റോമാസൈന്യത്തിൽ ചേരാൻ വിസമ്മതിക്കുകയും ചെയ്തു. സഭ അതിന്റെ ആദ്യ നിലപാടിനോടു പററിനിന്നിരുന്നെങ്കിൽ മുഴു ചരിത്രവും വ്യത്യസ്തമായിരിക്കുമായിരുന്നില്ലേ? . . . ഇന്നത്തെ സഭകൾ സംയുക്തമായി യുദ്ധത്തെ അപലപിക്കുമെങ്കിൽ . . . , അത് ഓരോ അംഗവും ക്രിസ്ത്യാനികളെപ്പോലെ സൈന്യത്തിൽ ചേരാതിരിക്കാൻ മന:സാക്ഷി വിസമ്മതത്താൽ പ്രതിജ്ഞാ ബദ്ധനായിരിക്കുമെങ്കിൽ, തീർച്ചയായും സമാധാനം ഉറപ്പാക്കപ്പെട്ടേക്കാം. എന്നാൽ ഇത് ഒരിക്കലും സംഭവിക്കുകയില്ലെന്ന് നമുക്കറിയാം.”
9. യഹോവ ഈ ലോകത്തിലെ മതങ്ങളെ ഉപേക്ഷിച്ചുകളഞ്ഞിരിക്കുന്നുവെന്ന് നാം നിഗമനം ചെയ്യുന്നതെന്തുകൊണ്ട്?
9 അങ്ങനെ, ഈ ലോകത്തിലെ മതങ്ങൾ ദൈവത്തിന്റെ കൽപ്പനകൾ സംബന്ധിച്ച് മാരകമായി വിട്ടുവീഴ്ച ചെയ്തിരിക്കുകയാണ്. പരീശനേക്കാളധികമായി അവ ദൈവത്തെ ആശ്രയിക്കുന്നില്ല. “തങ്ങൾ ദൈവത്തെ അറിയുന്നുവെന്ന് അവർ പരസ്യമായി പ്രഖ്യാപിക്കുന്നു, എന്നാൽ തങ്ങളുടെ പ്രവൃത്തികളാൽ അവർ അവനെ തള്ളിപ്പറയുന്നു, എന്തുകൊണ്ടെന്നാൽ അവർ വെറുക്കത്തക്കവരും അനുസരണം കെട്ടവരും യാതൊരു സൽപ്രവൃത്തിക്കും കൊള്ളാത്തവരുമാകുന്നു.” (തീത്തോസ് 1:16) തൽഫലമായി, ദൈവം ഒന്നാം നൂററാണ്ടിലെ കപട യഹൂദമതത്തെ ഉപേക്ഷിച്ചു കളഞ്ഞതുപോലെ തന്നെ തീർച്ചയായി ഈ ലോകമതങ്ങളെ ഉപേക്ഷിച്ചിരിക്കുന്നു.—മത്തായി 15:9,14.
യഹോവയിൽ ആശ്രയിക്കുന്നതിനാൽ അതിജീവനം
10, 11. അശ്ശൂർ യരൂശലേമിന്റെ കീഴടങ്ങൽ ആവശ്യപ്പെട്ടപ്പോൾ ഹിസ്ക്കിയാവു രാജാവ് എന്തു ചെയ്തു, സെൻഹെരീബിന്റെ വക്താവ് ആരെയായിരുന്നു പരിഹസിച്ചുകൊണ്ടിരുന്നത്?
10 ഈ ലോകത്തിലെ പ്രശ്നങ്ങൾക്കുള്ള മാനുഷ പരിഹാരങ്ങളിൽ ആശ്രയിക്കരുത്. പകരം, തന്റെ വാഗ്ദത്തങ്ങളെ നിവർത്തിക്കാൻ കഴിയുന്ന ഏകനെ ആശ്രയിക്കുക. (യോശുവ 23:14) ഒരു ദൃഷ്ടാന്തമെന്ന നിലയിൽ ക്രിസ്തുവിനു മുമ്പ് എട്ടാം നൂററാണ്ടിൽ യഹൂദയിലെ ഹിസ്ക്കിയാവു രാജാവിന്റെ നാളുകളിൽ സംഭവിച്ചതു ശ്രദ്ധിക്കുക. “അവൻ യഹോവയുടെ ദൃഷ്ടികളിൽ ശരിയായതു ചെയ്യുന്നതിൽ തുടർന്നു”വെന്ന് ബൈബിൾ അവനെക്കുറിച്ചു പറയുന്നു. (2 രാജാക്കൻമാർ 18:3) അവന്റെ ഭരണകാലത്ത് ബലിഷ്ഠ ലോകശക്തിയായിരുന്ന അശ്ശൂർ യരൂശലേമിനെതിരെ വന്നു. അശ്ശൂർ രാജാവായ സെൻഹെരീബിന്റെ വക്താവ് യരൂശലേമിന്റെ കീഴടങ്ങൽ ആവശ്യപ്പെട്ടുകൊണ്ടു പറഞ്ഞു: “രാജാവു പറഞ്ഞിരിക്കുന്നത് ഇതാണ്, ‘ഹിസ്ക്കിയാവു നിങ്ങളെ വഞ്ചിക്കരുത്, എന്തെന്നാൽ അവൻ നിങ്ങളെ എന്റെ കൈയിൽ നിന്നു വിടുവിക്കാൻ പ്രാപ്തനല്ല. നിങ്ങൾ യഹോവയിൽ ആശ്രയിക്കാനിടയാക്കാൻ ഹിസ്ക്കിയാവിനെ അനുവദിക്കരുത്.”—2 രാജാക്കൻമാർ 18:29,30.
11 ഹിസ്ക്കിയാവ് എന്തു പറഞ്ഞു? ബൈബിൾ ഇങ്ങനെ പ്രസ്താവിക്കുന്നു: “കെരൂബുകളുടെ മീതെ ഇരിക്കുന്നവനായി യിസ്രായേലിന്റെ ദൈവമായ യഹോവേ, ഭൂമിയിലെ സകല രാജ്യങ്ങളുടെയും യഥാർത്ഥ ദൈവം നീ മാത്രമാകുന്നു. നീതന്നെ ആകാശങ്ങളെയും ഭൂമിയെയും നിർമ്മിച്ചിരിക്കുന്നു. യഹോവേ, ചെവി ചായിച്ചു കേൾക്കേണമേ. യഹോവേ, നിന്റെ കണ്ണുകൾ തുറന്നു കാണുകയും ജീവനുള്ള ദൈവത്തെ നിന്ദിക്കാൻ ആളയച്ചിരിക്കുന്ന സെൻഹെരീബിന്റെ വാക്കുകൾ കേൾക്കുകയും ചെയ്യേണമേ. . . . യഹോവേ, നീ മാത്രം ദൈവമാകുന്നുവെന്ന് ഭൂമിയിലെ സകല രാജ്യങ്ങളും അറിയേണ്ടതിന്, ഞങ്ങളുടെ ദൈവമായ യഹോവേ, ദയവായി ഞങ്ങളെ അവന്റെ കൈയിൽ നിന്ന് രക്ഷിക്കേണമേ’ എന്ന് ഹിസ്ക്കിയാവ് യഹോവയുടെ മുമ്പാകെ പ്രാർത്ഥിച്ചു പറയാൻ തുടങ്ങി.”—2 രാജാക്കൻമാർ 19:15-29.
12. ഹിസ്ക്കിയാവിന്റെ പ്രാർത്ഥനക്ക് യഹോവ ഉത്തരം കൊടുത്തതെങ്ങനെ?
12 യഹോവ ഈ പ്രാർത്ഥന കേൾക്കുകയും ഹിസ്ക്കിയാവിനോട് ഇങ്ങനെ പറയാൻ യെശയ്യാ പ്രവാചകനെ അയക്കുകയും ചെയ്തു: “അശ്ശൂർ രാജാവിനെക്കുറിച്ചു യഹോവ പറഞ്ഞിരിക്കുന്നത് ഇതാണ്: ‘അവൻ ഈ നഗരത്തിലേക്കു വരികയോ അവിടെ ഒരു അമ്പ് എയ്യുകയോ ഒരു പരിചസഹിതം അതിനെ നേരിടുകയോ അതിനെതിരെ കൊത്തളം നിർമ്മിക്കുകയോ ഇല്ല.’” ഹിസ്ക്കിയാവ് ഒരു സൈന്യവുമായി അശ്ശൂറിനെ എതിർക്കണമായിരുന്നോ? വേണ്ടായിരുന്നു, അവൻ യഹോവയിൽ ആശ്രയിക്കണമായിരുന്നു. അവൻ അതു ചെയ്തു. ഫലമെന്തായിരുന്നു? “യഹോവയുടെ ദൂതൻ പുറപ്പെട്ട് അശ്ശൂർ പാളയത്തിൽ ഒരു ലക്ഷത്തിഎൺപത്തി അയ്യായിരം പേരെ വെട്ടി വീഴ്ത്തി.” സെൻഹെരീബു തന്നെ യഹോവയേയും യഹോവയുടെ ദാസൻമാരെയും നിന്ദിച്ചതിന് പിഴയൊടുക്കി, എന്തെന്നാൽ അവന്റെ സ്വന്തം പുത്രൻമാർ പിന്നീട് അവനെ കൊന്നു. യഹോവയുടെ വാക്കനുസരിച്ച്, യരൂശലേമിനെതിരെ യാതൊരു ആയുധവും പ്രയോഗിക്കപ്പെട്ടില്ല.—2 രാജാക്കൻമാർ 19:32-37.
13, 14. സകല ജനതകളിലെയും ആളുകൾ ഏതടിസ്ഥാനത്തിൽ ഇപ്പോഴത്തെ വ്യവസ്ഥിതിയുടെ അവസാനത്തെ അതിജീവിക്കും?
13 നമ്മുടെ നാളിൽ സമാനമായ ഒരു സംഗതി സംഭവിക്കും. യഹോവയിൽ ആശ്രയിക്കുന്നവർ ഈ ലോകത്തിന്റെ നിന്ദകളെയും ഈ ലോകത്തിന്റെ അവസാനത്തെയും അതിജീവിക്കും. “നിന്റെ നാമത്തെ അറിയുന്നവർ നിന്നിൽ ആശ്രയിക്കും, എന്തെന്നാൽ യഹോവേ, നിന്നെ അന്വേഷിക്കുന്നവരെ നീ ഒരിക്കലും ഉപേക്ഷിക്കുകയില്ല.” (സങ്കീർത്തനം 9:10) എന്നാൽ യഹോവ ഈ രക്തപാതകമുള്ള ലോകത്തെ നശിപ്പിക്കുന്നതിനു മുമ്പ് സുരക്ഷിതത്വത്തിനു വേണ്ടി തന്റെ അടുക്കലേക്കു വരാൻ അവൻ പരമാർത്ഥഹൃദയികളെ ക്ഷണിക്കുന്നു. ഇവർ സകല ജനതകളിൽ നിന്നുമുള്ള “ഒരു മഹാപുരുഷാരം” ആയിത്തീരുന്നു, അവർ “മഹോപദ്രവത്തിൽ നിന്നു പുറത്തു വരുന്നു.” അവർ ഈ ലോകത്തിന്റെ അന്ത്യത്തെ അതിജീവിക്കുന്നു, എന്തുകൊണ്ടെന്നാൽ അവർ യഹോവയിൽ ആശ്രയിക്കുകയും അവനെ “പകലും രാവും” സേവിക്കുകയും ചെയ്യുന്നു.—വെളിപ്പാട് 7:9-15.
14 അവർ യെശയ്യാവ് 2:2,3-ൽ മുൻകൂട്ടി പറഞ്ഞിരിക്കുന്ന പ്രകാരം ഇപ്പോൾ വർദ്ധമാനമായ ശക്തിയോടെ പുറപ്പെട്ടുകൊണ്ടിരിക്കുന്ന ആഹ്വാനത്തിന് ഉത്തരം കൊടുക്കുന്നു: “നാളുകളുടെ അന്തിമഭാഗത്ത് യഹോവയുടെ ആലയമുള്ള പർവ്വതം [അവന്റെ സത്യാരാധന] . . . ഉറപ്പായി സ്ഥാപിതമാകും. അനേകം ജനങ്ങൾ തീർച്ചയായും പോയി ‘ജനങ്ങളേ നിങ്ങൾ വരുവിൻ, നമുക്ക് യഹോവയുടെ പർവ്വതത്തിലേക്ക് കയറിപ്പോകാം . . . അവൻ തന്റെ വഴികളെക്കുറിച്ചു നമ്മെ പഠിപ്പിക്കും, നാം അവന്റെ പാതകളിൽ നടക്കും’ എന്നു പറയും.” 4-ാം വാക്യം പറയുന്നു: “അവർ തങ്ങളുടെ വാളുകളെ കലപ്പകളായും തങ്ങളുടെ കുന്തങ്ങളെ കോതുകത്രികകളായും അടിച്ചുതീർക്കേണ്ടിവരും. ജനത ജനതക്കെതിരായി വാളുയർത്തുകയില്ല, അവർ മേലാൽ യുദ്ധം അഭ്യസിക്കുകയുമില്ല.”
15. ആർ യെശയ്യാവ് 2:2-4-ലെ പ്രവചനത്തെ നിവർത്തിക്കുന്നു?
15 നമ്മുടെ കാലത്ത് ‘തങ്ങളുടെ വാളുകളെ കലപ്പകളായി മാററുന്നത്’ ആരാണ്? ആരാണ് ‘മേലാൽ യുദ്ധം അഭ്യസിക്കാത്തത്?’ ഭൂമിയിലാസകലമുള്ള തങ്ങളുടെ ആത്മീയ സഹോദരൻമാരോട് അഭഞ്ജമായ സ്നേഹവും ഐക്യവും ഉള്ളത് ആർക്കാണ്? ആർ യഥാർത്ഥത്തിൽ യഹോവയിൽ ആശ്രയിക്കുകയും അതുതന്നെ ചെയ്യാൻ മററുള്ളവരെ ക്ഷണിക്കുകയും ചെയ്യുന്നു? ഉത്തരം യഹോവയുടെ സാക്ഷികൾ എന്നു മാത്രമേ ആയിരിക്കാൻ കഴിയൂ എന്ന് നമ്മുടെ കാലത്തെ വസ്തുതകൾ പ്രകടമാക്കുന്നു. അവർ ഹിസ്ക്കിയാവിനെപ്പോലെ തങ്ങളുടെ മുഴുഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുകയും അവന്റെ കൽപ്പനകളനുസരിച്ചുകൊണ്ട് അതു പ്രകടമാക്കുകയും ചെയ്യുന്നു.
ഒരു ശോഭനഭാവി
16, 17. തന്നിൽ ആശ്രയിക്കുന്നവർക്ക് യഹോവ ഏതു ശോഭനമായ ഭാവി വാഗ്ദാനം ചെയ്യുന്നു?
16 യഹോവയിൽ ആശ്രയിക്കുന്നവർക്കുവേണ്ടി അവൻ ഈ പഴയ ലോകസമുദായത്തെ മാററി തന്റെ പുതിയതു വരുത്തുമ്പോൾ സങ്കൽപ്പിക്കാവുന്നതിലേക്കും അതിശോഭനമായ ഭാവിയാണ് വാഗ്ദാനം ചെയ്യുന്നത്. ഇവിടെ ഭൂമിയിലെ പുതിയ ലോകത്തിൽ ഭയമോ അവിശ്വാസമോ ദാരിദ്ര്യമോ അനീതിയോ കുററകൃത്യമോ ഉണ്ടായിരിക്കയില്ല. യുദ്ധങ്ങളിൽ അല്ലെങ്കിൽ ഗർഭച്ഛിദ്രത്താൽ മേലാൽ ആളുകൾ കൊല്ലപ്പെടുകയില്ല. “മേലാൽ മരണം ഉണ്ടായിരിക്കയില്ല, വിലാപമോ മുറവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കയില്ല” എന്നു പോലും വെളിപ്പാട് 21:4 വാഗ്ദത്തം ചെയ്യുന്നു.
17 കാലക്രമത്തിൽ, യേശു വാഗ്ദത്തം ചെയ്തതുപോലെ ഭൂമി ഒരു പരദീസാ ആയിത്തീരും. (ലൂക്കോസ് 23:43) മരണം പോലും നീക്കപ്പെടുന്നതുകൊണ്ട് യഹോവയിൽ ആശ്രയിക്കുന്നവർ പരദീസയിൽ എന്നേക്കും ജീവിക്കാൻ പ്രാപ്തരാകും. മീഖാ 4:4-ന് പൂർണ്ണമായി നിവൃത്തിയുണ്ടാകും: “അവർ ഓരോരുത്തരും തന്റെ മുന്തിരിവള്ളിയിൻ കീഴിലും അത്തിവൃക്ഷത്തിൻ കീഴിലും യഥാർത്ഥമായി ഇരിക്കും, അവരെ വിറപ്പിക്കുന്ന ആരും ഉണ്ടായിരിക്കയില്ല.” നിങ്ങൾ കണ്ടുമുട്ടുന്ന ഓരോരുത്തരും നിങ്ങൾക്കു ആശ്രയിക്കാൻ കഴിയുന്ന ഒരുവനായിരിക്കുന്ന ഒരു ജനസമുദായത്തിൽ ജീവിക്കുന്നതിനെക്കുറിച്ചു സങ്കൽപ്പിക്കുക! അത് അങ്ങനെയായിരിക്കുന്നതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ യെശയ്യാവ് 53:13 പറയുന്നതുപോലെ: “നിന്റെ പുത്രൻമാരെല്ലാം യഹോവയാൽ പഠിപ്പിക്കപ്പെട്ട ആളുകളായിരിക്കും, നിന്റെ പുത്രൻമാരുടെ സമാധാനം സമൃദ്ധമായിരിക്കും.”
18. യഹോവയിൽ ആശ്രയിക്കുന്നവർ ഇപ്പോൾ പോലും എന്തു പ്രയോജനങ്ങൾ അനുഭവിക്കുന്നു?
18 എന്നിരുന്നാലും, ലോകവ്യാപകമായി ദശലക്ഷക്കണക്കിനു യഹോവയുടെ സാക്ഷികൾ ഇപ്പോൾ പോലും യഹോവയിൽ ആശ്രയിക്കുന്നതിനാൽ പ്രയോജനമനുഭവിക്കുന്നുണ്ട്. ഉദാഹരണത്തിന്, യഹോവയുടെ നിയമങ്ങളും തത്വങ്ങളും അനുസരിക്കുന്നതുകൊണ്ട്, യഹോവയുടെ ദാസൻമാർ പുകയില ചവയ്ക്കുന്നതുകൊണ്ടുണ്ടാകുന്ന ശ്വാസകോശകാൻസറിൽ നിന്ന് വിമുക്തരാണ്. ധാർമ്മികമായി ശുദ്ധമായ ഒരു ചുററുപാടിൽ ജീവിക്കുന്നതു നിമിത്തം മാരകമായ എയ്ഡ്സ് ഉൾപ്പെടെ ലൈംഗികമായി പകരുന്ന രോഗങ്ങളുടെ ലോകവ്യാപകവ്യാധിയാൽ അവർ പൊതുവേ അപകടത്തിലാകുന്നില്ല. അവർ മയക്കുമരുന്ന് ദുർവിനിയോഗം ചെയ്യാത്തതുകൊണ്ട് മയക്കുമരുന്നിന്റെ ദുരുപയോഗമുള്ള അനേകർക്കുണ്ടാകുന്ന, മനസ്സിനെ വികലപ്പെടുത്തുന്നതും മാരകവുമായ പീഡകളിൽ നിന്ന് അവർക്ക് വലിയ സംരക്ഷണം ലഭിക്കുന്നു. അവർ രക്തപ്പകർച്ചകൾ സ്വീകരിക്കുന്നില്ലാത്തതുകൊണ്ട് കരൾവീക്കം ഉൾപ്പെടെ രക്തത്തിലൂടെ പകരുന്ന മാരകരോഗങ്ങളെ അവർ ഒഴിവാക്കുന്നു. ഈ രോഗം ഐക്യനാടുകളിൽ തന്നെ ഓരോ വർഷവും രക്തം സ്വീകരിക്കുന്ന പതിനായിരം പേരെ കൊല്ലുകയോ സ്ഥിരമായി ദ്രോഹിക്കുകയോ ചെയ്യുന്നു.
19. തന്നെ സേവിക്കുന്നവർ ഇപ്പോൾ മരിച്ചാൽ പോലും യഹോവ അവരെ എങ്ങനെ വിടുവിക്കും?
19 യഹോവയിൽ ഇപ്പോൾ ആശ്രയിക്കുന്നവരിൽ ചിലർ വാർദ്ധക്യമോ രോഗമോ അപകടമോ നിമിത്തം മരിക്കണമെങ്കിൽ പോലും യഹോവ അവരെ രക്ഷിക്കും. അവൻ പുനരുത്ഥാനം മുഖേന അവരെ വീണ്ടെടുക്കും. അങ്ങനെ “നമ്മിൽത്തന്നെയല്ല, പിന്നെയോ മരിച്ചവരെ ഉയർപ്പിക്കുന്ന ദൈവത്തിൽ ആശ്രയം വെക്കാൻ” അപ്പോസ്തലനായ പൗലോസ് നമ്മെ പ്രോൽസാഹിപ്പിച്ചു.—2 കൊരിന്ത്യർ 1:9
യഹോവ തന്റെ ദാസൻമാരെ പിന്താങ്ങുന്നു
20, 21. (എ) യേശുവിനു സംഭവിച്ചതിനാൽ തെളിഞ്ഞ പ്രകാരം നമുക്ക് എന്ത് എതിർപ്പ് പ്രതീക്ഷിക്കാൻ കഴിയും? (ബി) യഹോവ യേശുവിനെ നീതീകരിച്ചതുപോലെ, അവൻ തന്റെ ജനത്തെ നീതീകരിക്കുന്നതെങ്ങനെ?
20 പിശാചായ സാത്താനെന്ന “ദുഷ്ടന്റെ അധികാരത്തിൽ മുഴുലോകവും കിടക്കുന്നു”വെന്ന് മനസ്സിൽ പിടിക്കുക. (1 യോഹന്നാൻ 5:19) അതുകൊണ്ട് നിങ്ങൾ ദൈവത്തിൽ ആശ്രയിക്കുന്നുവെങ്കിൽ, നിങ്ങൾ സാത്താനാലും അവന്റെ ലോകത്താലും എതിർക്കപ്പെടും. യേശുവിന്റെ സംഗതിയിലെന്നപോലെ പരിഹാസത്താലോ പീഡനത്താലോ നിങ്ങളുടെ ആശ്രയത്തിന് ഹാനി വരുത്താൻ അവർ ശ്രമിക്കും. അവൻ ദണ്ഡന സ്തംഭത്തിൽ തറക്കപ്പെട്ടശേഷം “കടന്നുപോയവർ തലകുലുക്കിക്കൊണ്ട് അവനെ ദുഷിക്കുകയും . . . ‘നീ ഒരു ദൈവപുത്രനാണെങ്കിൽ ദണ്ഡനസ്തംഭത്തിൽ നിന്ന് ഇറങ്ങിവരുക’ എന്നു പറയുകയും ചെയ്തു. അങ്ങനെതന്നെ പരീശൻമാരോടും മൂപ്പൻമാരോടും കൂടെ മുഖ്യപുരോഹിതൻമാരും അവനെ കളിയാക്കാനും ‘മററുള്ളവരെ അവൻ രക്ഷിച്ചു; തന്നേത്തന്നെ രക്ഷിക്കാൻ അവനു കഴികയില്ല! . . . അവൻ ദൈവത്തിൽ ആശ്രയിച്ചിരിക്കുന്നു; അവന് അവനെ വേണമെങ്കിൽ ഇപ്പോൾ അവൻ അവനെ വിടുവിക്കട്ടെ’ എന്നു പറയാനും തുടങ്ങി.”—മത്തായി 27:39-43.
21 മൂന്നു ദിവസം കഴിഞ്ഞ് തീർച്ചയായും ദൈവം മരിച്ചവരിൽനിന്ന് ഉയർപ്പിച്ചുകൊണ്ടു യേശുവിനെ വിടുവിച്ചു. എന്നിരുന്നാലും പരിഹാസികളുടെ ആ തലമുറ റോമാ സൈന്യങ്ങളാൽ കൊല്ലപ്പെടുകയോ അടിമകളാക്കപ്പെടുകയോ ചെയ്തു. ദൈവത്തിന്റെ സ്വർഗ്ഗീയ രാജ്യത്തിലെ രാജാവെന്ന നിലയിൽ ക്രിസ്തു പുനരുത്ഥാനത്തിന്റെ മേൽനോട്ടം വഹിക്കുന്നതിനാൽ, ആ പരിഹാസികൾ മരിച്ചവരിൽ നിന്ന് തിരികെ വരുന്നുവെങ്കിൽ അവർ രണ്ടായിരം വർഷം മുമ്പ് പരിഹസിച്ചവന് അവർ കീഴ്പ്പെടേണ്ടിവരും! അതെ, യഹോവ തന്റെ ദാസൻമാരെ നീതീകരിക്കുന്നു, അവൻ പറയുന്നു: “ഞാൻ ദൈവത്തിൽ ആശ്രയം വെച്ചിരിക്കുന്നു. ഞാൻ ഭയപ്പെടുകയില്ല. ഭൗമികമനുഷ്യന് എന്നോട് എന്തു ചെയ്യാൻ കഴിയും?”—സങ്കീർത്തനം 56:11.
22. തന്നിൽ ആശ്രയിക്കുന്നവരെയും ആശ്രയിക്കാത്തവരെയും കറിച്ചു യഹോവ എന്തു പ്രഖ്യാപിക്കുന്നു?
22 തന്റെ ദാസൻമാരെ സംബന്ധിച്ച് യഹോവ ഇങ്ങനെ പ്രഖ്യാപിക്കുന്നു: “യഹോവയിൽ ആശ്രയം വെക്കുന്നവനും യഹോവതന്നെ ആത്മവിശ്വാസമായിരിക്കുന്നവനുമായ ദൃഢഗാത്രനായ മനുഷ്യൻ അനുഗൃഹീതനാകുന്നു. അവൻ തീർച്ചയായും നീരൊഴുക്കിനരികെ വേരോടിയിരിക്കുന്നതായി വെള്ളങ്ങൾക്കരികെ നട്ടിരിക്കുന്ന ഒരു വൃക്ഷം പോലെയായിത്തീരും; ചൂടുവരുമ്പോൾ അവൻ കാണുകയില്ല, എന്നാൽ അവന്റെ ഇല സമൃദ്ധമെന്നു തെളിയും. വരൾച്ചയുടെ വർഷത്തിൽ അവൻ ആശങ്കാകുലനാകുകയില്ല, അവൻ ഫലം ഉൽപ്പാദിപ്പിക്കുന്നതിൽ നിന്ന് വിട്ടുമാറുകയുമില്ല.” എന്നാൽ യഹോവ ഇങ്ങനെയും പ്രഖ്യാപിക്കുന്നു: “ഭൗമികമനുഷ്യനിൽ ആശ്രയം വെക്കുകയും യഥാർത്ഥത്തിൽ ജഡത്തെ തന്റെ ഭുജമാക്കുകയും യഹോവയിൽ നിന്നുതന്നെ ഹൃദയം അകന്നുപോകുകയും ചെയ്യുന്ന ദൃഢഗാത്രനായ മനുഷ്യൻ ശപിക്കപ്പെട്ടവൻ. അവൻ തീർച്ചയായും മരുസമതലത്തിലെ ഒററവൃക്ഷം പോലെയായിത്തീരും, നൻമവരുമ്പോൾ കാണുകയുമില്ല.”—യിരെമ്യാവ് 17:5-8.
23. നാം നിത്യജീവൻ ആഗ്രഹിക്കുന്നുവെങ്കിൽ നാം എന്തു ചെയ്യണം?
23 അങ്ങനെ, ഈ നിർണ്ണായക സമയങ്ങളിൽ “യഹോവയിൽ ആശ്രയിക്കുകയും നൻമചെയ്യുകയും ചെയ്യുക; ഭൂമിയിൽ വസിച്ച് വിശ്വസ്തതയോടെ പെരുമാറുക. കൂടാതെ യഹോവയിൽ അതിയായി ആനന്ദിക്കുക, അവൻ നിന്റെ ഹൃദയത്തിലെ അപേക്ഷകൾ സാധിച്ചുതരും.” (സങ്കീർത്തനം 37:3,4) നിറവേററപ്പെടുന്ന നിങ്ങളുടെ അപേക്ഷകളിൽ, നാം ആശ്രയിക്കുന്ന ദൈവത്താൽ വാഗ്ദത്തം ചെയ്യപ്പെട്ട നീതിയുള്ള പുതിയ ലോകത്തിലെ നിത്യജീവന്റെ ദാനവും ഉൾപ്പെടട്ടെ. (w88 4/15)
പുനരവലോകന ചോദ്യങ്ങൾ
◻ യഹോവയിൽ ആശ്രയിക്കുന്നവർ ഏതു പ്രമാണം അനുസരിക്കണം?
◻ ഈ ലോകത്തിലെ മതങ്ങൾ യഹോവയിലുള്ള ആശ്രയം പഠിപ്പിക്കുന്നുവോ?
◻ ഹിസ്ക്കിയാവു രാജാവിന്റെ യഹോവയിലുള്ള ആശ്രയം നീതീകരിക്കപ്പെട്ടതെങ്ങനെ?
◻ നമ്മുടെ നാളിൽ യെശയ്യാവ് 2:2-4-ലെ പ്രവചനം എങ്ങനെ നിവർത്തിക്കപ്പെടുന്നു?
◻ യഹോവയിൽ ആശ്രയിക്കുന്നവർക്ക് ഏതു ഭാവി സാക്ഷാത്ക്കരിക്കപ്പെടും?
[17-ാം പേജിലെ ചിത്രം]
അശ്ശൂർ രാജാവിന്റെ വക്താവു യഹോവയെ പരിഹസിക്കുകയും യരൂശലേമിന്റെ കീഴടങ്ങൽ ആവശ്യപ്പെടുകയും ചെയ്തു.
[18-ാം പേജിലെ ചിത്രം]
പുതിയ ലോകത്തിൽ യഹോവയിൽ ആശ്രയിക്കുന്നവർ പൂർണ്ണസമാധാനവും സുരക്ഷിതത്വവും ആസ്വദിക്കും.