യുവാക്കളേ—ഒരു കപടജീവിതം നയിക്കുന്നതിനെതിരെ സൂക്ഷിക്കുക
“യൗവനക്കാരാ, നിന്റെ യൗവനത്തിൽ സന്തോഷിക്കുക . . . എന്നാൽ ഇവയെല്ലാം നിമിത്തം സത്യദൈവം നിന്നെ ന്യായവിധിയിലേക്കു വരുത്തുമെന്നറിയുക.”—സഭാപ്രസംഗി 11:9.
1, 2.ഒരു യുവാവ് ഒരു കപടജീവിതം നയിക്കുന്നതിന്റെ എന്തു ദൃഷ്ടാന്തമുണ്ട്?
“ശൈശവംമുതൽ യഹോവയുടെ സാക്ഷികളുടെ ഇടയിൽ ഒരു ക്രിസ്തീയ ചുററുപാടിലാണ് ഞാൻ വളർത്തപ്പെട്ടത്,” ഒരു യുവാവ് എഴുതി. “എന്നിരുന്നാലും, വീട്ടിലായിരുന്നപ്പോൾ പോലും എന്റെ ജീവിതം എന്റെ മാതാപിതാക്കൻമാരുടെ പ്രമാണങ്ങൾക്കും ചിന്തയ്ക്കും തികച്ചും വിരുദ്ധമായിരുന്നു. എന്റെ ജീവിതത്തിൽ അധികപങ്കും ലോകത്തിലെ അശിക്ഷിതമായ അഴിഞ്ഞ ജീവിതമായിരുന്നു.”
2 ആ യുവാവ് കൂടുതലായി ഇങ്ങനെ വിശദീകരിച്ചു: “എനിക്ക് പത്ത് വയസ്സാകുന്നതിനു മുമ്പു പോലും ഞാൻ രണ്ടു ലോകത്തിലും എന്നാൽ കഴിയുന്നതുപോലെ ജീവിച്ചു—സ്കൂളിൽ അംഗീകാരവും സൗഹൃദവും ലഭിക്കുന്നതിനും അപ്പോഴും മാതാപിതാക്കളാൽ സ്വീകരിക്കപ്പെടുന്നതിനുംവേണ്ടി. സ്കൂളിൽ ഞാൻ സ്റൈറലിലും നടത്തയിലും എന്നാൽ കഴിയുന്നടത്തോളം അനുരൂപപ്പെട്ടു . . . എന്നാൽ വീട്ടിൽ ഞാൻ തികച്ചും വ്യത്യസ്തനായിരുന്നു. ഞാൻ എന്റെ മാതാപിതാക്കൻമാർ പ്രതീക്ഷിച്ച നല്ല പെരുമാററമുണ്ടായിരുന്ന ക്രിസ്ത്യാനിയായിരുന്നു.”
3.(എ) നമുക്ക് എന്തുറപ്പുണ്ട്, എന്നാൽ ഞങ്ങൾ എന്ത് തിരിച്ചറിയുന്നുണ്ട്? (ബി) ഞങ്ങളെ യുവാക്കളിലേക്കു ശ്രദ്ധതിരിക്കാൻ പ്രേരിപ്പിക്കുന്നതെന്ത്?
3 ഈ യുവാവിന്റെ നടത്ത സഭയിലെ ചെറുപ്പക്കാരായ നിങ്ങളിൽ മിക്കവരുടെയും നടത്തയെ പ്രതിനിധാനം ചെയ്യുന്നില്ലെന്ന് ഞങ്ങൾ തിരിച്ചറിയുന്നുണ്ട്. നിങ്ങളിൽ ഭൂരിപക്ഷവും നിങ്ങളുടെ മാതാപിതാക്കളോടും സഭയോടും സത്യസന്ധരാണെന്ന് ഞങ്ങൾക്കുറപ്പുണ്ട്. ഇത് ഞങ്ങളുടെ ഹൃദയത്തെ ഊഷ്മളമാക്കുന്നു. അതേസമയം, ചിലർ നേരുള്ളവരാണെന്നുള്ള ഒരു ഭാവംകാണിക്കുകയാണെന്നും തങ്ങളാൽ കഴിയുന്നതുപോലെ ദുഷ്പ്രവൃത്തിയുടെ ഒരു ഗതിയെ പ്രായമുള്ളവരിൽനിന്ന് മറയ്ക്കാൻ ശ്രമിക്കുകയാണെന്നും ഞങ്ങൾക്കറിയാം. അതുകൊണ്ടാണ് ഈ ചോദ്യം: നിങ്ങൾ ഞങ്ങളെക്കൊണ്ടു ചിന്തിപ്പിക്കുന്നതുപോലെയുള്ള ഒരാളാണോ, അതോ നിങ്ങൾ ഒരു കപടജീവിതം നയിക്കുകയാണോ? കുററം കണ്ടുപിടുത്തത്തിന്റെ ആത്മാവിൽ അല്ല ഞങ്ങൾ ഇതു ചോദിക്കുന്നത്, പിന്നെയോ, ഞങ്ങൾ നിങ്ങളെ യഥാർത്ഥമായി സ്നേഹിക്കുന്നതുകൊണ്ടും യഹോവയെ പ്രസാദിപ്പിക്കുന്ന ഒരു വിധത്തിൽ നിങ്ങളുടെ യൗവനകാലം ആസ്വദിക്കാൻ നിങ്ങളെ സഹായിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നതുകൊണ്ടുമാണ്.—സഭാപ്രസംഗി 11: 9, 10; 12:14; 2 കൊരിന്ത്യർ 5:10.
4.ചില മുതിർന്നവരും കപടജീവിതം നയിച്ചിരിക്കുന്നതെങ്ങനെ, എന്നാൽ അടുത്തകാലത്ത് യുവജനങ്ങളുടെ ഇടയിൽ എന്തു ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു?
4 എന്നാലും നിങ്ങൾ ചോദിച്ചേക്കാം: ‘ചെറുപ്പക്കാരായ ഞങ്ങളെ പിടികൂടുന്നതെന്തിനാണ്? മുതിർന്നവരെസംബന്ധിച്ചെന്ത്?’ ഒരു കപടജീവിതം നയിക്കുന്നതിനെതിരെ അവരും സൂക്ഷിക്കേണ്ടതാണെന്നുള്ളതിന് സംശയമില്ല. ഏലീശായുടെ ശുശ്രൂഷകനായ ഗേഹസി താൻ നയമാനിൽനിന്ന് ദാനങ്ങൾ സ്വീകരിച്ചുവെന്ന വസ്തുത മറയ്ക്കാൻ ശ്രമിച്ചുകൊണ്ട് വഞ്ചനാത്മകമായി പ്രവർത്തിച്ചു. (2 രാജാക്കൻമാർ 5:20-26) അനന്യാസും സഫീറായും മുതിർന്നവരായിരുന്നു, അവർ തങ്ങളെത്തന്നെ നല്ലവരെന്ന് തോന്നിക്കാൻ ശ്രമിച്ചുകൊണ്ട് വയലിന്റെ മുഴുവിലയും അപ്പോസ്തലൻമാർക്ക് കൊടുത്തുവെന്ന് പറഞ്ഞുകൊണ്ട് കപടം കാണിച്ചു. യഥാർത്ഥത്തിൽ അവർ തങ്ങൾക്കായി പണത്തിൽ കുറെ എടുത്തുവെച്ചിരുന്നു. (പ്രവൃത്തികൾ 5:1-4) എന്നിരുന്നാലും ചെറുപ്പക്കാരായ നിങ്ങളിലേക്ക് ഞങ്ങൾ ശ്രദ്ധ തിരിക്കുന്നതിന്റെ കാരണം പ്രത്യക്ഷത്തിൽ നിങ്ങളുടെ ഇടയിൽ ഈ പ്രശ്നത്തിന്റെ ഒരു വർദ്ധനവുണ്ടെന്നുള്ളതാണ്.
ചിലർ ഒരു കപടജീവിതം നയിക്കുന്നതെന്തുകൊണ്ട്?
5.(എ) ചില യുവാക്കൾ ഒരു കപടജീവിതം നയിക്കുന്നതെന്തുകൊണ്ട്? (ബി) യുവാക്കൾ പ്രശംസനീയമായ ജീവിതം നയിക്കുമ്പോൾ അവരോട് മിക്കപ്പോഴും എങ്ങനെ പെരുമാറുന്നു, അതുകൊണ്ട് ചിലർ എന്തു ചെയ്യുന്നു?
5 ഇത് എന്തുകൊണ്ട്? ഒരു യുവാവ് ഒരു മുഖ്യകാരണം ചൂണ്ടിക്കാണിച്ചുകൊണ്ട് ഇങ്ങനെ വിശദീകരിച്ചു: “വ്യത്യസ്തനായിരുന്നുകൊണ്ട് എന്റെ സുഹൃത്തുക്കളെ നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചില്ല.” ഒരു ഉദാത്തമായ രീതിയിൽ വ്യത്യസ്തനായിരിക്കുന്നതിനാൽ ഒരുവൻ മിക്കപ്പോഴും പരിഹാസത്തിന്റെ ആഘാതമേൽക്കുന്നുവെന്നത് സത്യംതന്നെ. (1 പത്രോസ് 3:16; 4:4 താരതമ്യപ്പെടുത്തുക.) ഇത് ഒഴിവാക്കുന്നതിനും തങ്ങളുടെ സമപ്രായക്കാരുടെ അംഗീകാരം നേടുന്നതിനും ചില യുവാക്കൾ കുടിച്ചുമത്തരാകുകയോ ലൈംഗികബന്ധങ്ങളിൽ ഏർപ്പെടുകയോ പോലും ചെയ്തേക്കാം. ക്ലാസ്സിൽ ഒന്നാമതായിരുന്നവളും ക്ലാസ്സ് ചർച്ചകളിൽ എല്ലായ്പ്പോഴും പങ്കെടുത്തിരുന്നവളുമായിരുന്ന സാക്ഷിയല്ലാത്ത ഒരു 13 വയസ്സുകാരി പെൺകുട്ടി ഇങ്ങനെ വിലപിച്ചു: “എന്നെപ്പോലെ നല്ലവളെന്ന് മുൻകൂട്ടിപ്പറയാവുന്ന ഒരുവളിൽ ചെറുക്കൻമാർ ഒരിക്കലും തൽപ്പരരാകുകയില്ല. . . .എന്റെ മാർക്കുകൾ കുറയ്ക്കുന്നതിനെയോ എന്റെ പ്രശസ്തിയെ ഉത്തേജിപ്പിക്കാൻ എന്തെങ്കിലും ചെയ്യുന്നതിനെയോ കുറിച്ച് ഞാൻ പരിചിന്തിക്കുകയാണ്.”
6.പത്രോസ് തെററായ നടത്തയിലേക്ക് എങ്ങനെ നയിക്കപ്പെട്ടു, അതുകൊണ്ട് യുവാക്കളെ സംബന്ധിച്ച നമ്മുടെ വിലയിരുത്തലിനെ ഇത് എങ്ങനെ ബാധിക്കണം?
6 ഗണനാർഹമായി, അപ്പോസ്തലനായ പത്രോസ്തന്നെ ശരിയെന്തെന്ന് തനിക്കറിയാവുന്നത് ചെയ്യുന്നതിലുപരി തന്റെ പ്രതിച്ഛായയെക്കുറിച്ച് അഥവാ കീർത്തിയെക്കുറിച്ച് ഒരിക്കൽ ചിന്തിച്ചു. യരുശലേമിൽനിന്നുള്ള യഹൂദക്രിസ്ത്യാനികൾ അന്ത്യോക്യ സന്ദർശിച്ചപ്പോൾ വിജാതീയ ക്രിസ്ത്യാനികളുമായി ഇടകലർന്നതിന് യഹൂദൻമാരിൽനിന്നുണ്ടാകാവുന്ന വിമർശനത്തെ ഭയന്ന് പത്രോസ് അവരുമായുള്ള സഹവാസത്തിൽനിന്ന് പിൻമാറിനിന്നു. (ഗലാത്യർ 2:11-14) അങ്ങനെ പക്വതയുള്ള ക്രിസ്ത്യാനികൾ പോലും സമൻമാരുടെ സമ്മർദ്ദത്തിന് വഴങ്ങിയിട്ടുള്ളതുകൊണ്ട് അനുഭവപരിചയമില്ലാത്ത യുവാക്കളും അങ്ങനെ ചെയ്തേക്കാമെന്നതിൽ എന്തെങ്കിലും അതിശയിക്കാനുണ്ടോ?—സദൃശവാക്യങ്ങൾ 22:15.
7.ഒരു കപടജിവിതം നയിക്കാൻ ചില യുവാക്കളെ എന്തു പ്രലോഭിപ്പിച്ചേക്കാം?
7 ചില ചെറുപ്പക്കാർ ഒരു കപടജീവിതം നയിക്കുന്നതിന്റെ ഒരു ബന്ധപ്പെട്ട കാരണം അവർക്ക് രസം നഷ്ടപ്പെടുന്നുവെന്ന് അവർ വിശ്വസിക്കുന്നുവെന്നതാണ്. സ്കൂളിലെ ചെറുപ്പക്കാർ തങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച്—കെങ്കേമമായ പാർട്ടി, ഉഗ്രൻസംഗീതം, കുടി, മയക്കുമരുന്ന്, വലിയ രസം, എന്നിവയെക്കുറിച്ച്—സംസാരിക്കുന്നത് അവർ കേൾക്കുന്നു! അതല്ലെങ്കിൽ അവന് അല്ലെങ്കിൽ അവൾക്ക് ചുംബിക്കാനും പ്രേമിക്കാനും എങ്ങനെ കഴിയുമെന്ന് പറയുന്നതു കേൾക്കുന്നു. അതുകൊണ്ട് ഇവ അനുഭവിക്കുന്നതിനുള്ള ഒരു ആഗ്രഹം ഉണർത്തപ്പെടുന്നു, “പാപത്തിന്റെ താൽക്കാലികാസ്വാദനം” എന്ന് ബൈബിൾ വിളിക്കുന്നത് പരീക്ഷിച്ചുനോക്കാൻ ചെറുപ്പക്കാർ സ്വാധീനിക്കപ്പെടുന്നു.—എബ്രായർ 11:24, 25; 1 കൊരിന്ത്യർ 10:6-8.
8.യുവാക്കൾ കപടജീവിതം നയിക്കുന്നതിന്റെ അടിസ്ഥാനകാരണം എന്താണ്?
8 എന്നിരുന്നാലും, ചില യുവാക്കൾ ഒരു കപടജീവിതം നയിക്കുന്നതിന്റെ ഒരു അടിസ്ഥാനകാരണം യഹോവയും വരാനിരിക്കുന്ന പുതിയ ലോകവും അവർക്ക് കേവലം യഥാർത്ഥമല്ല എന്നുള്ളതാണ്. അവർ യഹോവയുടെ വാഗ്ദത്തങ്ങളോ യഹോവയെ അനുസരിക്കാത്തതിന്റെ പരിണതഫലങ്ങൾ സംബന്ധിച്ച് അവന്റെ വചനവും സ്ഥാപനവും മുഖേന നൽകപ്പെട്ടിരിക്കുന്ന മുന്നറിയിപ്പുകളോ യഥാർത്ഥത്തിൽ വിശ്വസിക്കുന്നില്ല. (ഗലാത്യർ 6:7, 8) അവർ മോശയെപ്പോലെയല്ല. അവനെസംബന്ധിച്ച് ബൈബിൾ ഇങ്ങനെ പറയുന്നു: “അവൻ [ദൈവത്തിന്റെ] പ്രതിഫലത്തിലേക്ക് ഏകാഗ്രതയോടെ നോക്കി. . . . അവൻ അദൃശ്യനായവനെ കാണുന്നതുപോലെ ഉറപ്പോടെ തുടർന്നു.” മോശക്ക് യഹോവയും അവന്റെ വാഗ്ദത്തങ്ങളും യഥാർത്ഥമായിരുന്നു. എന്നാൽ കപടജീവിതം നയിക്കുന്നവർക്ക് ആ വിശ്വാസമില്ല. അവർ കാണുന്നത് അവർ കാണണമെന്ന് സാത്താൻ ആഗ്രഹിക്കുന്നതുമാത്രമാണ്—ഈ ലോകത്തിന്റെ തിളക്കം. അതുകൊണ്ട് അവർ പാപത്തിന്റെ താൽക്കാലിക ആസ്വാദനത്തിനു പിന്നാലെ പോകുന്നു. എന്നാൽ, അതേസമയം വിശുദ്ധിയുടെ ഒരു പരിവേഷം കാണിക്കാൻ ശ്രമിക്കയുംചെയ്യുന്നു.—എബ്രായർ 11:26, 27.
മാതാപിതാക്കളേ, നിങ്ങൾക്കു സഹായിക്കാൻ കഴിയും
9.(എ) തങ്ങളുടെ മക്കൾ കപടജീവിതം നയിക്കുന്നതിന് മാതാപിതാക്കൾ സംഭാവനചെയ്തേക്കാവുന്നതെങ്ങനെ? (ബി) പ്രായമേറിയവർ എന്തു വിലമതിക്കേണ്ട ആവശ്യമുണ്ട്, അവർ എന്തു ചെയ്യാൻ ജാഗ്രതയുള്ളവരായിരിക്കണം?
9 തുടക്കത്തിൽ ഉദ്ധരിച്ച യുവാവ് ഇങ്ങനെ നിരീക്ഷിച്ചു: “എന്നെ സ്കൂളിൽ സമ്മതിയില്ലാത്തവനാക്കിയ സംഗതി വീട്ടിൽ സ്വീകരണവും അംഗീകാരവും കൈവരുത്തി. എന്നാൽ എനിക്ക് അതിലുമധികം ആവശ്യമായിരുന്നു. എനിക്ക് ആശ്രയിക്കാവുന്നവനും സംസാരിക്കാവുന്നവനും വിശ്വസിക്കാവുന്നവനുമായ ഒരാൾ ആവശ്യമായിരുന്നു. അത് എന്റെ മാതാപിതാക്കളിൽനിന്ന് എനിക്ക് കിട്ടുന്നില്ലായിരുന്നു.” മാതാപിതാക്കളേ, നിങ്ങൾ നിങ്ങളുടെ മക്കൾ കപടജീവിതം നയിക്കുന്നതിന് സംഭാവനചെയ്യാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ടോ? അവർക്കാവശ്യമായിരിക്കുന്ന വ്യക്തിപരമായ ശ്രദ്ധയും മാർഗ്ഗനിർദ്ദേശവും നിങ്ങൾ പ്രദാനംചെയ്യുന്നുണ്ടോ? നമ്മുടെ ചെറുപ്പക്കാർ സ്കൂളിൽ അഭിമുഖീകരിക്കുന്ന, വിശ്വാസത്തിനു തുരങ്കം വെക്കുന്ന ഭയങ്കരസമ്മർദ്ദങ്ങളെ തിരിച്ചറിയുകയും അവരെ പ്രോൽസാഹിപ്പിക്കുന്നതിനും സഹായിക്കുന്നതിനും സാദ്ധ്യമായതെല്ലാം ചെയ്യാൻ ജാഗ്രതയുള്ളവരായിരിക്കുകയും വേണം.—സങ്കീർത്തനം 73:2, 3; എബ്രായർ 12:3, 12, 13.
10.ഏതു ജിജ്ഞാസ മാതാപിതാക്കൻമാർക്കു കൈകാര്യം ചെയ്യാനുള്ള ഉത്തരവാദിത്വമാണ്? (ബി) മാർഗ്ഗനിർദ്ദേശം പ്രദാനംചെയ്യുന്നതിൽ മാതാപിതാക്കൻമാർ പരാജയപ്പെടുമ്പോൾ മിക്കപ്പോഴും പരിണതഫലമെന്താണ്?
10 മിക്കപ്പോഴും ഒരു യുവാവിന്റെ ചോദ്യങ്ങൾ വിപരീതലിംഗവർഗ്ഗത്തിലെ അംഗങ്ങളോടുള്ള ബന്ധങ്ങളെ ചുററിത്തിരിയുന്നു. നിർഭാഗ്യവശാൽ ഇത് അനേകം മാതാപിതാക്കൾ ഒഴിവാക്കുന്ന ഒരു വിഷയമാണ്. “അവർ എന്നോട് ഒരിക്കലും ഉള്ളുതുറന്ന് സംസാരിച്ചിട്ടില്ല” എന്ന് 15 വയസ്സുള്ള ഒരു മികച്ച വിദ്യാർത്ഥിനി പറഞ്ഞു. “ലൈംഗികതയെ സംബന്ധിച്ച് ഞാൻ പഠിച്ചതെല്ലാം ഞാൻ സ്വന്തമായി പഠിക്കേണ്ടിവന്നു. . . . എനിക്കറിയേണ്ട അനേകം കാര്യങ്ങളുണ്ടായിരുന്നെങ്കിലും അത് സംസാരവിഷയമാക്കാൻ എനിക്ക് വളരെ ലജ്ജയായിരുന്നു.” ഫലമെന്തായിരുന്നു? അവൾ പറഞ്ഞു: “എന്റെ മാതാപിതാക്കളും ഞാനും തമ്മിലുള്ള അദൃശ്യചുവരിന് കട്ടികൂടിവന്നു, ഞാൻ വളരെ ജിജ്ഞാസുവും മൂഢയും വികാരാധീനയുമായ പെൺകുട്ടിയായിത്തീർന്നു.” അതെ, അവൾ ഒരു ചെറുപ്പക്കാരന്റെ ലൈംഗികമുന്നേററങ്ങൾക്ക് വഴങ്ങി. എന്നാൽ ഇതിന് ആർ ഉത്തരവാദിത്തം വഹിക്കുന്നുവെന്ന് നിങ്ങൾ പറയും?—സദൃശവാക്യങ്ങൾ 22:3; 27:12.
11.(എ) തങ്ങൾ മക്കളെ സ്നേഹിക്കുന്നുണ്ടെന്ന് മാതാപിതാക്കൾക്ക് എങ്ങനെ പ്രകടമാക്കാം? (ബി) യുവാക്കൾ അത്തരം സ്നേഹത്തോട് എങ്ങനെ പ്രതിവർത്തിക്കാനിടയുണ്ട്?
11 മാതാപിതാക്കൾ തങ്ങളുടെ മക്കളെ യഥാർത്ഥത്തിൽ സ്നേഹിക്കുന്നുവെന്ന് അവരോടുകൂടെ സമയം ചെലവഴിക്കുന്നതിനാലും രഹസ്യസംഭാഷണത്തിൽ പങ്കെടുക്കുന്നതിനാലും മാർഗ്ഗരേഖകൾ പ്രദാനംചെയ്യുന്നതിനാലും പ്രകടമാക്കുന്നത് മർമ്മപ്രധാനമാണ്. (സദൃശവാക്യങ്ങൾ 15:22; 20:18) “അവർക്ക് എന്നെക്കുറിച്ച് യഥാർത്ഥത്തിൽ കരുതലുണ്ടെങ്കിൽ അവർ ചില ചട്ടങ്ങൾ വെക്കുമായിരുന്നുവെന്ന വിചാരമാണെനിക്കുളുളത്” എന്ന് മറെറാരു യുവാവ് പ്രസ്താവിച്ചു. ചെറുപ്പക്കാർ ഇപ്പോൾ നിങ്ങളുടെ നിബന്ധനകളോടും ചട്ടങ്ങളോടും നീരസപ്പെടുന്നുവെങ്കിൽപോലും പിന്നീട് അവർ വിലമതിപ്പോടെ അവയിലേക്ക് പിന്തിരിഞ്ഞുനോക്കും. ഒരു യുവതി തന്റെ അമ്മക്കിങ്ങനെ എഴുതി: “കഠിനമായ ചട്ടങ്ങളിൽനിന്നും നിബന്ധനകളിൽനിന്നും രക്ഷപെടാനുള്ള മൃദുലഭാഗങ്ങൾക്കും പഴുതുകൾക്കുമായി നോക്കിക്കൊണ്ട് അതിർവരമ്പുളെ നിരന്തരം പരീക്ഷിച്ചുകൊണ്ടിരുന്ന ഒരാളെന്ന നിലയിൽ എന്റെ മേൽ നല്ല കടിഞ്ഞാൺ ഇട്ടിരുന്നതിൽ ഞാൻ എക്കാലവും വളരെ നന്ദിയുള്ളവളാണ്.” അതുകൊണ്ട് നിങ്ങളുടെ മാർഗ്ഗരേഖകൾ അനുസരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് നിങ്ങൾ നിങ്ങളുടെ കുട്ടികളെ സ്നേഹിക്കുന്നുവെന്ന് പ്രകടമാക്കുക. ആശയവിനിമയ മാർഗ്ഗങ്ങൾ തുറന്നിടുന്നതിൽ പരാജയപ്പെട്ടുകൊണ്ടോ നിങ്ങളെ ആവശ്യമുള്ളടത്ത് ഉണ്ടായിരിക്കുന്നതിൽ പരാജയപ്പെട്ടുകൊണ്ടോ നിങ്ങൾ ഒരിക്കലും അവർ കപടജീവിതം നയിക്കുന്നതിന് സഹായംചെയ്യരുത്!
12.ചില മാതാപിതാക്കളുടെ ജ്ഞാനരഹിതമായ എന്തു മനോഭാവം കുട്ടികൾ കപടജീവിതംനയിക്കുന്നതിനു സംഭാവനചെയ്യുന്നു?
12 മാതാപിതാക്കൾക്ക് തികച്ചും വ്യത്യസ്തമായ ഒരു വിധത്തിലും തങ്ങളുടെ മക്കൾ ഒരു കപടജീവിതം നയിക്കുന്നതിന് സംഭാവന ചെയ്യാൻകഴിയും. ഒരു ന്യൂജേഴ്സി സ്റേറററ് സുപ്പീരിയർ കോർട്ട് ജഡ്ജിയുടെ പ്രസ്താവനകൾ ദൃഷ്ടാന്തീകരിക്കുന്നു. “അദ്ധ്യാപകർ സ്കൂളിലെ ദുഷ്പ്രവൃത്തിക്ക് കുട്ടികൾക്കു ശിക്ഷണം കൊടുക്കാൻ ശ്രമിക്കുന്നു, അനന്തരം മാതാപിതാക്കളാൽ പിന്താങ്ങപ്പെടുന്നതിനു പകരം അവരാൽ ശകാരിക്കപ്പെടുന്നു.” തങ്ങളുടെ കുട്ടികൾക്കു തെററു ചെയ്യാൻകഴികയില്ലെന്ന് ചില മാതാപിതാക്കൾ തെററായി വിശ്വസിക്കുന്നതായി തോന്നുന്നു. ക്രിസ്തീയ മൂപ്പൻമാരോ സഭയിലെ മററ് ഉത്തരവാദിത്വമുള്ളവരോ അവരുടെ മക്കളുടെ ദുഷ്പ്രവൃത്തി അവരുടെ ശ്രദ്ധയിൽപ്പെടുത്തുമ്പോൾ മാതാപിതാക്കൾ ചെവിതിരിച്ചുകളയുന്നു. അങ്ങനെ ചെയ്യുന്നതിനാൽ അവർ തങ്ങളുടെ കുട്ടികളുടെ വഞ്ചനക്ക് സഹായിക്കുകയാണ്.
ഒരു കപടജീവിതം യഥാർത്ഥത്തിൽ എന്താണ്?
13.ഒരു കപടജീവിതം നയിക്കുന്നത് യഥാർത്ഥത്തിൽ എന്താണ്?
13 ഇതു പരിചിന്തിക്കുന്നത് മർമ്മപ്രധാനമാണ്: ഒരു കപടജീവിതം നയിക്കുന്നത് യഥാർത്ഥത്തിൽ ഒരു വഞ്ചകൻ, ഒരു കപടഭക്തൻ ആയി, കാപട്യം കാട്ടുന്നതാണ്. (സങ്കീർത്തനം 12:2; 2 തിമൊഥെയോസ് 3:13) അത് “ഒരു വെളിച്ചദൂതനായി സ്വയം രൂപാന്തരപ്പെടുത്തിക്കൊണ്ടിരിക്കുന്ന” സാത്താനെപ്പോലെയാകുകയാണ്. (2 കൊരിന്ത്യർ 11:14, 15) അത് യേശു ഇങ്ങനെ പറഞ്ഞ മതനേതാക്കൻമാരെപ്പോലെ ആകുകയെന്നും അർത്ഥമാക്കുന്നു: “കപടഭക്തരായ ശാസ്ത്രിമാരും പരീശൻമാരുമായ നിങ്ങൾക്ക് ഹാ കഷ്ടം! എന്തുകൊണ്ടെന്നാൽ നിങ്ങൾ തീർച്ചയായും പുറമേ മനോഹരമായി കാണപ്പെടുന്നുവെങ്കിലും അകമേ മരിച്ച മനുഷ്യരുടെ അസ്ഥികളും സകലതരം അശുദ്ധിയും നിറഞ്ഞ വെള്ളതേച്ച കല്ലറകളോടു സാദൃശ്യം വഹിക്കുന്നു. ആ വിധത്തിൽ നിങ്ങളും, തീർച്ചയായും ബാഹ്യമായി മനുഷ്യർക്ക് നീതിമാൻമാരായി കാണപ്പെടുന്നു, എന്നാൽ അകമേ നിങ്ങൾ കപടഭക്തിയും അധർമ്മവും നിറഞ്ഞവരാണ്.” (മത്തായി 23:27, 28) വ്യക്തമായും ഒരു കപടജീവിതം നയിക്കുന്നത് ദൈവത്തിനെതിരായ ഗൗരവമുള്ള തെററാണ്.
14.കപടജീവിതം നയിക്കുന്നതൊഴിവാക്കാൻ ഒരുവൻ ആഗ്രഹിക്കേണ്ടതെന്തുകൊണ്ട്?
14 ഗൗരവമായി പരിചിന്തിക്കേണ്ട മറെറാരു വസ്തുത ഇതാണ്: കപടഭക്തിപരമായ ഒരു ഗതി അനിശ്ചിതമായി മറഞ്ഞിരിക്കുക സാദ്ധ്യമല്ല. “ഒരു ബാലൻ തന്റെ നടപടികളാൽതന്നെ അവന്റെ പ്രവർത്തനം ശുദ്ധവും നേരുള്ളതുമാണോയെന്നതുസംബന്ധിച്ച് അവനേത്തന്നെ തിരിച്ചറിയിക്കുന്നു”വെന്ന് ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 20:11; ലൂക്കോസ് 12:1-3) അതെ, നല്ലതായാലും തീയതായാലും നിങ്ങളുടെ പ്രവർത്തനം ഒടുവിൽ അറിവായ്വരുന്നു. ദൈവം കപടഭക്തരെ കഠിനമായി ശിക്ഷിക്കുമെന്ന് ബൈബിൾ പ്രകടമാക്കുന്നു. (മത്തായി 24:51) തീർച്ചയായും നിങ്ങൾ ഒരു കപടജീവിതം നയിക്കുന്നതൊഴിവാക്കാൻ ആഗ്രഹിക്കും!
അത് എങ്ങനെ ഒഴിവാക്കാം
15.ഒരു കപടജീവിതം നയിക്കുന്നതൊഴിവാക്കാൻ യുവാക്കളെ എന്തു സഹായിക്കും?
15 ഒരു കപടജീവിതം നയിക്കുന്നതൊഴിവാക്കാനുള്ള ഒരു മാർഗ്ഗം അത് യഥാർത്ഥത്തിൽ എന്താണെന്നുള്ളതിനെ അഭിമുഖീകരിക്കുകയും അനന്തരം നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുകയുമാണ്: അങ്ങനെ ഒരു കപടഭക്തനായി, സാത്താന്റെയും പരീശൻമാരുടെയും ഒരു അനുകാരിയായി ഓർമ്മിക്കപ്പെടാനാണോ ഞാൻ ആഗ്രഹിക്കുന്നത്? തീർച്ചയായുമല്ല! ഒരു കപടജീവിതം നയിക്കുന്നതൊഴിവാക്കാൻ നിങ്ങളെ സഹായിക്കുന്ന മറെറാരു സംഗതി അത്തരമൊരു ജീവിതം നിങ്ങൾക്കു വരുത്തിക്കൂട്ടുന്ന വ്യക്തിപരമായ ഹൃദയവേദനയും ദുരന്തവും സംബന്ധിച്ചു ചിന്തിക്കുകയാണ്. ഒരു വ്യാജജീവിതം നയിക്കാൻ ശ്രമിച്ചതിന് ഗേഹസിക്കു സംഭവിച്ചത് ഓർക്കുക. നയമാന്റെ കുഷ്ഠം അവനെ ബാധിച്ചു, അവന്റെ ശേഷിച്ച ആയുഷ്ക്കാലം മുഴുവൻ അവൻ ഒരു കുഷ്ഠരോഗിയായിരുന്നു. ഔദാര്യത്തിന്റെ ഒരു നാട്യം കാണിക്കാൻ ശ്രമിച്ചതിന് അനന്യാസും സഫീറയും ദൈവത്താൽ കൊല്ലപ്പെട്ടു.—2 രാജാക്കൻമാർ 5:27; പ്രവൃത്തികൾ 5:5, 9, 10.
16.ഒരു ലൗകികജീവിതശൈലിയിൽ ഉൾപ്പെട്ടുപോയ ഒരു യുവാവിന് എന്തു സംഭവിച്ചു?
16 ആധുനികദൃഷ്ടാന്തങ്ങളുമുണ്ട്. ഐക്യനാടുകളിലെ ഒരു കുട്ടി ബൈബിൾ പഠിക്കാനും രാജ്യഹാളിൽ മീററിംഗുകൾക്കു ഹാജരാകാനും തുടങ്ങിയിരുന്നു. പിന്നീട് അവൻ ഒരു ലോകജീവിതശൈലിയിൽ മുഴുകാൻ തുടങ്ങുകയും സഹവാസം നിർത്തുകയുംചെയ്തു. വർഷങ്ങൾ കടന്നുപോയി. അവൻ എഴുതി: “വീണ്ടും തുടങ്ങാനുള്ള ഒരു ആഗ്രഹം എന്നിൽ തോന്നിയതുകൊണ്ട് രണ്ടു മാസംമുമ്പ് ഒരു സാക്ഷിയെ എന്റെ അടുക്കൽ അയക്കാൻ ഞാൻ ദൈവത്തോട് അപേക്ഷിച്ചു. ഞാൻ വീണ്ടും പഠിക്കാൻതുടങ്ങി. അപ്പോഴാണ് ബോംബ് പൊട്ടിയത്. ഭേദമാകുകയില്ലാത്ത പുതിയ എയിഡ്സിന്റെ ഭാഗമായ കപോസി സാർക്കോമായുള്ളതായി ഒരു മാസം മുമ്പ് എനിക്ക് രോഗനിർണ്ണയംചെയ്യപ്പെട്ടു.” അവൻ ഇങ്ങനെ ഉപസംഹരിച്ചു: “ഞാൻ അന്ന് തിരുവെഴുത്തുമുന്നറിയിപ്പുകൾ പിന്തുടരുകയും അനുസരിക്കുകയുംമാത്രം ചെയ്തിരുന്നെങ്കിൽ ഞാൻ ഇന്ന് ഈ സാഹചര്യത്തിലാകുമായിരുന്നില്ല.” തീർച്ചയായും നിങ്ങൾ അത്തരം സങ്കടകരമായ ഏത് പരിണതഫലവും ഒഴിവാക്കാനാഗ്രഹിക്കുന്നു! ലോകത്തിന് യഥാർത്ഥത്തിൽ വിലപ്പെട്ട യാതൊന്നും സമർപ്പിക്കാനില്ല.—1 യോഹന്നാൻ 2:15-17.
17.വേറെ ഏതു പരിചിന്തനം ഒരു കപടജീവിതം നയിക്കുന്നതൊഴിവാക്കാൻ യുവാക്കളെ സഹായിക്കേണ്ടതാണ്?
17 ഒരു കപടജീവിതം നയിക്കുന്നത് യഹോവയുടെ നാമത്തിൻമേൽ വരുത്തുന്ന ഫലത്തെക്കുറിച്ച് ചിന്തിക്കുന്നതും അതൊഴിവാക്കാൻ നിങ്ങളെ സഹായിക്കുന്നതാണ്. മുഖവുരയിൽ പറഞ്ഞ യുവാവ് ഒരു സിഗരററ് സ്വീകരിക്കുന്നത് കണ്ട ഒരാൾ “യഹോവയുടെ സാക്ഷികൾക്ക് പുകവലിക്കാൻ കഴിയുമെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. നിങ്ങൾ ഒരു സാക്ഷിയല്ലേ?” എന്ന് ചോദിച്ചതായി പറയുകയുണ്ടായി. താൻ ചെയ്തുകൊണ്ടിരുന്നത് യഹോവയുടെമേൽ നിന്ദവരുത്തുകയായിരുന്നതുകൊണ്ട് ആ ചോദ്യം തന്നിൽ വല്ലാത്ത തോന്നൽ ഉളവാക്കിയെന്ന് അവൻ പിന്നീട് പറഞ്ഞു. നിങ്ങൾ അതാഗ്രഹിക്കുന്നുവോ? പുരാതനകാലത്തെ അവിശ്വസ്തയിസ്രായേലിനെപ്പോലെ ദൈവനാമത്തിൻമേൽ നിന്ദ വരുത്തത്തക്കവണ്ണം നിങ്ങൾ അതിനെക്കുറിച്ച് നിസ്സാരമായിട്ടാണോ ചിന്തിക്കുന്നത്?—സങ്കീർത്തനം 78:36, 37, 41; യെഹെസ്ക്കേൽ 36:22.
18.(എ) തങ്ങളുടെ കുട്ടി ഒരു കപടജീവിതംനയിക്കുകയാണെന്ന് മനസ്സിലാക്കുകയാണെങ്കിൽ മാതാപിതാക്കൾ എങ്ങനെ പ്രതിവർത്തിക്കാനിടയുണ്ട്? (ബി) ഇത് ഒരു കപടജീവിതം നയിക്കുന്നതിൽനിന്ന് ക്രിസ്തീയയുവാക്കളെ പിന്തിരിപ്പിക്കേണ്ടതെന്തുകൊണ്ട്?
18 മാത്രവുമല്ല, നിങ്ങളുടെ മാതാപിതാക്കളുടെ സൽപേരിനെയും വികാരങ്ങളേയും കുറിച്ചു ചിന്തിക്കുക. “ഞാൻ യഥാർത്ഥത്തിൽ ആരാണെന്ന് എന്റെ മാതാപിതാക്കൾ മനസ്സിലാക്കിയ നാൾ വന്നെത്തി”യെന്ന് മേൽപ്പറഞ്ഞ യുവാവ് എഴുതി. “അത് അവരെ ഞെട്ടിച്ചു. എന്റെ ജീവിതത്തിൽ ആദ്യമായി എന്റെ അമ്മയും അപ്പനും കരയുന്നത് ഞാൻ കണ്ടു. ഞാൻ ചെയ്തതിൽ അവർക്ക് വളരെയധികം പ്രയാസമനുഭവപ്പെട്ടിരുന്നു.” നിങ്ങൾ ഒരു കപടജീവിതം നയിക്കുകയാണെന്ന് നിങ്ങളുടെ മാതാപിതാക്കൾ അറിയുന്നുവെങ്കിൽ അവരും കരയാനിടയുണ്ട്. അതാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? “ഒരു സൽപേര് വലിയ ധനത്തെക്കാൾ അഭിലഷണീയമാണ്” എന്ന് ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 22:1, ദി ജറൂസലം ബൈബിൾ) ഒരു കപടജീവിതം നയിക്കുന്നതിനാൽ നിങ്ങൾ നിങ്ങളുടെതന്നെ സൽപ്പേരിനെ നശിപ്പിക്കുകയാണ്. എന്നാൽ അതുമാത്രമല്ല. നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളുടെ സൽപ്പേരിനെയും നശിപ്പിക്കുകയും അവർക്ക് ലജ്ജയും ബുദ്ധിമുട്ടും വരുത്തിക്കൊണ്ട് ആ നാമത്തിൻമേൽ ചെളിവാരിയെറികയും ചെയ്യുന്നു.—സദൃശവാക്യങ്ങൾ 10:1; 17:21.
19.യാക്കോബിന്റെ പുത്രൻമാരുടെ ദുർന്നടത്ത അവനിൽ എങ്ങനെയുള്ള പ്രതിഫലനമുളവാക്കി, ഇതിൽനിന്ന് എന്തു പാഠം പഠിക്കാൻകഴിയും?
19 മക്കൾക്ക് മാതാപിതാക്കളുടെ സൽപേരിനെ എങ്ങനെ നശിപ്പിക്കാൻ കഴിയുമെന്ന് യാക്കോബിന്റെ പുത്രൻമാർ നന്നായി ചിത്രീകരിക്കുന്നു. യാക്കോബിന്റെ പുത്രിയായ ദീനാ മാനഭംഗപ്പെടുത്തപ്പെട്ടപ്പോൾ അവളുടെ സഹോദരൻമാർ ആ നഗരത്തിലെ പുരുഷൻമാരെ സംഹരിക്കുകയും പിന്നീട് നഗരത്തെ കൊള്ളയിടുകയും ചെയ്തു. ഇത് യാക്കോബ് ഇങ്ങനെ വിലപിക്കാനിടയാക്കി: “നിങ്ങൾ ദേശനിവാസികളുടെ മുമ്പിൽ എന്നെ നാററച്ചിരിക്കുന്നതിനാൽ നിങ്ങൾ എന്റെമേൽ സമുദായഭ്രഷ്ട് വരുത്തിയിരിക്കുന്നു.” ആ പ്രദേശം വിട്ടുപോകാൻപോലും ദൈവം യാക്കോബിനോടു നിർദ്ദേശിച്ചു. (ഉൽപ്പത്തി 34:30; 35:1) നിങ്ങൾക്കും അയൽക്കാരെയും സുഹൃത്തുക്കളെയും പോലും അഭിമുഖീകരിക്കാൻ ലജ്ജതോന്നിപ്പിച്ചുകൊണ്ട് നിങ്ങളുടെ മാതാപിതാക്കൻമാരുടെ പേരിനെ നാററിക്കാൻ കഴിയും. തീർച്ചയായും, ബൈബിൾ പറയുന്നതുപോലെ, “ഒരു മൂഢനായ പുത്രൻ അപ്പന് വ്യസനവും അവനെ പ്രസവിച്ചവൾക്ക് കയ്പുമാകുന്നു.”—സദൃശവാക്യങ്ങൾ 17:25.
20.ക്രിസ്തീയമാതാപിതാക്കൻമാർ തങ്ങളുടെ മക്കൾക്ക് എന്തു മഹത്തായ ദാനം ലഭ്യമാക്കിയിരിക്കുന്നു?
20 എന്നിരുന്നാലും, നിങ്ങളുടെ മാതാപിതാക്കൻമാർ വ്യസനവും കയ്പും അനുഭവിക്കാൻ നിങ്ങളാഗ്രഹിക്കുന്നില്ലെന്ന് ഞങ്ങൾക്കുറപ്പുണ്ട്. അതുകൊണ്ട് നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് അവരുടെമേലുള്ള ഫലങ്ങൾ പരിചിന്തിക്കുക. കൂടാതെ, ക്രിസ്തീയമാതാപിതാക്കൻമാർ ഉണ്ടായിരിക്കാനുള്ള പദവി നിങ്ങൾക്കുണ്ടെങ്കിൽ, അവർ നിങ്ങൾക്കു തന്നിരിക്കുന്നതിനെക്കുറിച്ച്ചിന്തിക്കുക—ജീവൻ മാത്രമല്ല, അതിലും വിലയേറിയതുതന്നെ. ബൈബിൾ യഹോവയെക്കുറിച്ച്: “നിന്റെ സ്നേഹദയ ജീവനെക്കാൾ മെച്ചമാകുന്നു” എന്നു പറയുന്നു. (സങ്കീർത്തനം 63:3) നിങ്ങളെ സത്യത്തിൽ വളർത്തിയതിനാൽ നിങ്ങളുടെ മാതാപിതാക്കൻമാർ ദൈവത്തോട് ഒരു ബന്ധമുണ്ടായിരിക്കാൻ നിങ്ങളെ സഹായിച്ചുകൊണ്ട് അവന്റെ സ്നേഹദയ നിങ്ങൾക്കു ലഭ്യമാക്കിയിരിക്കുന്നു. ഈ ബന്ധമുണ്ടായിരിക്കുന്നത് ജീവനുണ്ടായിരിക്കുന്നതിനെക്കാൾ പോലും മെച്ചമാണ്, എന്തുകൊണ്ടെന്നാൽ നിങ്ങൾ മരിക്കുകയാണെങ്കിൽപോലും ദൈവം നിങ്ങളെ പരദീസയിലെ നിത്യജീവനിലേക്കു പുനഃസ്ഥിതീകരിക്കും.
അതൊഴിവാക്കാൻ മററള്ളവരെ സഹായിക്കുക
21.(എ) മററുള്ളവരുടെ ദുഷ്പ്രവൃത്തിയെക്കുറിച്ചറിയാവുന്ന യുവാക്കൾക്ക് എന്ത് ഉത്തരവാദിത്വമുണ്ട്? (ബി) ഒരു 13 വയസ്സുകാരി എന്തു നല്ല ദൃഷ്ടാന്തം വെച്ചു?
21 ഒരു കപടജീവിതം നയിക്കുന്ന ആരെക്കുറിച്ചെങ്കിലും നിങ്ങൾക്കറിയാമെങ്കിലോ? ആദ്യമായി, മൂപ്പൻമാരെ സമീപിക്കാൻ ആ ആളെ പ്രോൽസാഹിപ്പിക്കുക. അയാൾ അതു ചെയ്യാൻ വിസമ്മതിക്കുന്നുവെങ്കിലോ? അപ്പോൾ അതിനെക്കുറിച്ച് അറിയിക്കാൻ നിങ്ങൾക്ക് തിരുവെഴുത്തുപരമായ ഉത്തരവാദിത്വമുണ്ട്. (ലേവ്യപുസ്തകം 5:1) ഇത് എളുപ്പമല്ലായിരിക്കാമെന്ന് ഞങ്ങൾ തിരിച്ചറിയുന്നുണ്ട്, എന്നാൽ ചെയ്യേണ്ട ശരിയായ സംഗതിയതാണ്. “ഒരു സ്നേഹിതൻ വരുത്തുന്ന മുറിവുകൾ വിശ്വസ്തമാണ്,” ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 27:6) ഒരു 13 വയസ്സുകാരി പെൺകുട്ടി അവളുടെ ഉത്തരവാദിത്തം വിശദമാക്കുന്ന ഒരു പ്രസംഗം കേട്ടശേഷം ദുഷ്പ്രവൃത്തിയിലേർപ്പെടുന്നുണ്ടെന്നു തനിക്കറിയാവുന്ന ഒരു സ്നേഹിതയുടെ അടുക്കലേക്കുപോയി അവൾ അത് മൂപ്പൻമാരോട് ഏററുപറയണമെന്ന് പറഞ്ഞു. “അവൾ ഏതെങ്കിലും മൂപ്പനോട് സംസാരിച്ചോയെന്ന് ഞാൻ പോയി അന്വേഷിച്ചു” എന്ന് ആ പെൺകുട്ടി എഴുതുന്നു. “അവൾ അതു ചെയ്തിരുന്നില്ല. അതുകൊണ്ട് ഞാൻ അവരിലൊരാളോട് പോയി പറഞ്ഞു.” ആ കൊച്ചു പെൺകുട്ടി ചോദിച്ചു: “എന്റെ ‘അത്യുത്തമസുഹൃത്തായിരുന്നവളെ’ ഏൽപ്പിച്ചുകൊടുത്തതിനാൽ ഞാൻ ശരിയായ കാര്യമാണോ ചെയ്തത്?” തീർച്ചയായും അവൾ അതാണ് ചെയ്തത്! ഇത് ചെയ്തതിന്റെ സത്വര പരിണതഫലങ്ങൾ ദുഃഖകരമായിരുന്നേക്കാം, എന്നാൽ അതിനുശേഷമുള്ള ഫലം സന്തോഷകരമായിരിക്കാം, ദുഷ്പ്രവൃത്തിക്കാരന് ജീവരക്താകരംപോലുമായിരിക്കാം.—എബ്രായർ 12:11.
22.ഏതു ജ്ഞാനപൂർവമായ ഗതി സ്വീകരിക്കാൻ യുവാക്കൾ പ്രോൽസാഹിപ്പിക്കപ്പെടുന്നു, അതിന്റെ പരിണതഫലം എന്തായിരിക്കും?
22 എന്നാൽ ഒന്നാമതുതന്നെ നിങ്ങൾ ഒരു കപടജീവിതം നയിക്കാതിരിക്കുന്നുവെങ്കിൽ ഇതെല്ലാം ഒഴിവാക്കാൻകഴിയും. അതുകൊണ്ട് ജ്ഞാനികളായിരിക്കുക. ഒരു ഉററസുഹൃത്തിനോടെന്നപോലെ ദൈവത്തോട് ശക്തമായ ഒരു വ്യക്തിപരബന്ധം വളർത്തിയെടുക്കുക. നിരന്തരം അവന്റെ സഹായത്തിനുവേണ്ടി അവനോട് പ്രാർത്ഥിച്ചുകൊണ്ടും അവന്റെ വചനമായ ബൈബിൾ ഉത്സാഹപൂർവം പഠിച്ചുകൊണ്ടും ഇതു ചെയ്യുക. അങ്ങനെ നിങ്ങൾ യഥാർത്ഥമായി അവന്റെ ഗുണങ്ങളെ വിലമതിക്കാനിടയാകുന്നു. യുവാക്കളേ, നിങ്ങൾ അപ്പോൾ അനുഗ്രഹിക്കപ്പെടും, നിങ്ങളുടെ മാതാപിതാക്കൻമാരുടെ ഹൃദയത്തെ സന്തോഷിപ്പിക്കുകയും ചെയ്യും. എന്നാൽ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുമെന്നുള്ളതാണ് അതിലും പ്രധാനം.—സദൃശവാക്യങ്ങൾ 27:11. (w88 8/1)
നിങ്ങൾ എങ്ങനെ പ്രതിവചിക്കും?
□ ചില യുവാക്കൾ ഒരു കപടജീവിതം നയിക്കുന്നതെന്തുകൊണ്ട്?
□ ചില മാതാപിതാക്കൻമാർ തങ്ങളുടെ മക്കൾ ഒരു കപടജീവിതം നയിക്കുന്നതിന് സംഭാവനചെയ്യുന്നതെങ്ങനെ?
□ ഒരു കപടജീവിതംനയിക്കൽ യഥാർത്ഥത്തിൽ എന്താണ്?
□ യുവാക്കൾക്ക് ഒരു കപടജീവിതം നയിക്കുന്നത് എങ്ങനെ ഒഴിവാക്കാൻകഴിയും?
□ ഗുരുതരമായ തെററുകൾ ചെയ്തിട്ടുള്ള മററു ചെറുപ്പക്കാരെക്കുറിച്ച് അറിയാമെങ്കിൽ യുവാക്കൾക്ക് എന്ത് ഉത്തരവാദിത്വമുണ്ട്?
[18-ാം പേജിലെ ചിത്രം]
രഹസ്യമായി സംഭാഷിക്കുന്നത് പിതാവിന്റെ സ്നേഹത്തെ പ്രകടമാക്കുന്നു
[20-ാം പേജിലെ ചിത്രം]
മറെറാരാൾ ഗൗരവമായ ഒരു തെററു ചെയ്തെന്ന് നിങ്ങൾക്കറിവുണ്ടെങ്കിൽ അതിനെക്കുറിച്ചറിയിക്കാൻ അയാളെ പ്രോൽസാഹിപ്പിക്കുക