വിജയിക്കുന്നതിനുള്ള സമ്മർദ്ദം
ഒരു ററിവി പരസ്യം ഒരു പ്രത്യേക മാർക്ക് ററൂത്ത് പെയ്സ്ററ് ഉപയോഗിച്ചുകൊണ്ട് “വിജയശാലിയായിരിക്കുക. പ്രധാനിയായിരിക്കുക” എന്ന് നൈജീറിയാക്കാരെ പ്രോൽസാഹിപ്പിക്കുന്നു. ഒരു വ്യക്തി പ്രധാനിയായിത്തീരുന്നതിൽ ഒരു ററൂത്ത് പെയ്സ്ററിന് ഒന്നും ചെയ്യാനില്ലെന്ന് നമുക്കെല്ലാം അറിയാമെങ്കിലും “വിജയത്തിന്റെ” കുറിപ്പുള്ള വസ്തുക്കളുമായി സഹവസിക്കാൻ ആളുകൾ ആഗ്രഹിക്കുന്നതായി തങ്ങൾ തിരിച്ചറിയുന്നുണ്ടെന്ന് പരസ്യക്കാർ പ്രകടമാക്കുകയാണ്.
വിജയിക്കുന്നതിനും മററുള്ളവരാൽ അംഗീകരിക്കപ്പെടുന്നതിനുമുള്ള ആഗ്രഹം സ്വാഭാവികമാണ്. എന്നിരുന്നാലും, പുരുഷൻമാരും സ്ത്രീകളും മിക്കപ്പോഴും മാനുഷനേട്ടങ്ങൾക്ക് വളരെ പ്രാധാന്യം കല്പിക്കുന്നതുകൊണ്ട് അവർ “മററുള്ളവരോടൊപ്പം നിൽക്കുന്നതിന്” സ്വയം സമ്മർദ്ദം വരുത്തിക്കൂട്ടുന്നു. ഇത് അപകടകരമായിരിക്കാൻ കഴിയുമോ? അതിന് നിങ്ങളെ ബാധിക്കാൻ കഴിയുമോ?
ആളുകൾ അഭിമുഖീകരിക്കുന്ന സമ്മർദ്ദങ്ങൾ
ധനവാനാകാനുള്ള വ്യക്തിപരമായ അതിമോഹത്തിന് സമ്മർദ്ദം വരുത്തിക്കൂട്ടാൻ കഴിയും. അനേകർ തങ്ങളുടെ “ഉപജീവനമാർഗ്ഗത്തിന്റെ പ്രതാപപ്രകടനം” നടത്താൻ, സാമൂഹ്യമായ അന്തസ്സും പ്രാമുഖ്യതയും നേടാൻ, ആഗ്രഹിക്കുന്നു.—1 യോഹന്നാൻ 2:16
കുടുംബം സമ്മർദ്ദം ചെലുത്തിയേക്കാം. പല കുടുംബങ്ങളിലും കുടുംബത്തിന്റെ സാമൂഹ്യനില ഉയർത്താൻ തന്റെ വരുമാനവും ജോലിസ്ഥലത്തെ നിലയും മെച്ചപ്പെടുത്താൻ ഭർത്താവ് നിരന്തരം കഠിനയത്നം ചെയ്യേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ ഭാര്യ വിജയശാലിനിയായ ഒരു ജോലിക്കാരിയായിരിക്കാൻ കഠിനയത്നം ചെയ്തേക്കാം. കുട്ടികൾ സ്ക്കൂളിൽ അന്യായമായി ഉയർന്ന മാർക്കുകൾ വാങ്ങാൻ നിർബന്ധിക്കപ്പെട്ടേക്കാം. ഇത് വിശേഷാൽ വികസ്വര രാജ്യങ്ങളിൽ ഒരു പ്രശ്നമാണ്. അവിടെ അനേകർ വിശ്വസിക്കുന്നത് ഒരു വ്യക്തിക്ക് തന്റെ ജീവിതഭാഗധേയം മെച്ചപ്പെടുത്തുന്നതിനുള്ള താക്കോൽ ഉന്നത വിദ്യാഭ്യാസമാണെന്നാണ്.
ഉന്നത വിദ്യാഭ്യാസവും ധനവും അന്തസ്സും സ്വാധീനവും ലക്ഷ്യമാക്കുന്നതിന് സമുദായവും സമ്മർദ്ദംചെലുത്തിയേക്കാം. സാധാരണയായി പണത്തിന്റെ അടിസ്ഥാനത്തിൽ അളക്കപ്പെടുന്ന വിജയം പ്രാമുഖ്യതയിലേക്കും പ്രശംസയിലേക്കും ബഹുമാനത്തിലേക്കും നയിച്ചേക്കാം. ഒരു നൈജീരിയൻ ഡയിലി റൈറസ് മുഖപ്രസംഗം ഇങ്ങനെ പ്രസ്താവിച്ചു: “ഒരുവന് പണമില്ലെങ്കിൽ, അയാളുടെ ഗുണങ്ങൾ എത്ര മേൻമയുള്ളവയും മതിപ്പുളവാക്കുന്നവയുമാണെങ്കിലും മിക്കവരും അയാളെ ബഹുമാനിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല.”
ഫലമെന്തായിരിക്കാം?
അങ്ങനെയുള്ള ലോകവിജയത്തിന് കുറെ ആസ്വാദനം കൈവരുത്താൻ കഴിയും, എന്നാൽ അത് ഈടാക്കുന്ന ഉയർന്ന വില പരിഗണിക്കുക. വർത്തമാനപ്പത്ര പംക്തീകാരൻ അക്കിക്കെ ഒക്കാഫോ ഇങ്ങനെ എഴുതി: “ഏറെയും ഉറച്ച കുടുംബങ്ങൾ പണവും പണം കൊടുത്തു വാങ്ങാൻകഴിയുന്നതും നിമിത്തം . . . തകർന്നുപോകുകയാണ്. . . . ഒന്നിച്ചുനിൽക്കാൻ ഇപ്പോഴും കഴിയുന്ന ഇണകൾ പോലും മാതാപിതാക്കളുടേതായ ഉത്തരവാദിത്തങ്ങളുടെ അടിസ്ഥാനത്തിലല്ല മേലാൽ സംസാരിക്കുന്നത് . . . എന്തുകൊണ്ടെന്നാൽ ഒട്ടുമിക്കപ്പോഴും അവർ ക്ഷേമത്തിന്റെ ഭൗതികാവശ്യങ്ങൾക്കായുള്ള പരക്കംപാച്ചിലിലാണ്.” ഇതിനോട് മയക്കുമരുന്നിലേക്കും കുററകൃത്യങ്ങളിലേക്കും തിരിയുന്ന അല്ലെങ്കിൽ വീട്ടിൽ നിന്ന് ഓടിപ്പോകുന്ന അവഗണിക്കപ്പെട്ട കുട്ടികളുടെ പ്രശ്നവും കൂട്ടുക. വില വളരെ ഉയർന്നതായിത്തീരുന്നു.
വിജയിക്കാനുള്ള സമ്മർദ്ദം ചില അതിമോഹികളെ സത്യസന്ധതയില്ലായ്മയിലേക്കും ദുർമ്മാർഗ്ഗത്തിലേക്കും തള്ളിവിട്ടിരിക്കുന്നു. പെൺകുട്ടികൾ നല്ല പരീക്ഷാഫലങ്ങൾക്കും തൊഴിലിനുംവേണ്ടി ലൈംഗിക ഉപകാരങ്ങൾ പോലും ചെയ്തുകൊടുത്തിട്ടുണ്ട്. മാന്യമായി വിജയം നേടുമ്പോൾപോലും അഭിവൃദ്ധിപ്രാപിക്കുന്നവർ അത്രതന്നെ വിജയം കിട്ടാത്തവരുടെ നീരസത്തെയും അല്ലെങ്കിൽ അസൂയയെയും, അതുപോലെതന്നെ ധനത്താലും അന്തസ്സിനാലും ആകർഷിക്കപ്പെടുന്ന “സുഹൃത്തുക്കളുടെ” കാപട്യത്തെയും, അഭിമുഖീകരിച്ചേക്കാം. (സഭാപ്രസംഗി 5:11) ഇത് യഥാർത്ഥത്തിൽ വിജയമാണോ?
ബൈബിളിലെ സഭാപ്രസംഗിയുടെ ജ്ഞാനിയായ എഴുത്തുകാരൻ അല്ല എന്ന് ഉത്തരം നല്കുന്നു. തന്റെ വലിയ ധനത്തെയും അധികാരത്തെയും അന്തസ്സിനെയും അവ നേടിക്കൊടുത്ത ആസ്വാദനത്തേയും അവലോകനംചെയ്തശേഷം അവ “മായയും കാററിനു പിന്നാലെയുള്ള ഓട്ടവും” ആണെന്ന് അവൻ നിഗമനം ചെയ്തു.—സഭാപ്രസംഗി 2:3-11.
ജീവിതത്തിലെ സകല യത്നങ്ങളും വ്യർത്ഥമാണെന്നാണോ അതിന്റെ അർത്ഥം? അല്ലെങ്കിൽ ഉല്പാദകമായ ഒരു ജീവിതവൃത്തി കെട്ടുപണിചെയ്യുമ്പോൾ ആളുകൾക്ക് പാലിക്കാൻ കഴിയുന്ന ഉചിതമായ സമനിലയുണ്ടോ? അവരുടെ ഏററവും പ്രയോജനകരമായ ലക്ഷ്യമെന്തായിരിക്കാമെന്നാണ് അനുഭവം പ്രകടമാക്കുന്നത്? (w88 8/15)