എന്തു വിലകൊടുത്തും വിജയമോ?
വിജയിക്കാനുള്ള ദൃഢനിശ്ചയം ഒരുവന് ഒരു സുനിശ്ചിത ലക്ഷ്യമുണ്ടെന്ന് സൂചിപ്പിക്കുന്നു. നിങ്ങളുടെ ജീവിതലക്ഷ്യമെന്താണ്? അതു നേടാൻ എന്തു ചെയ്യാൻ നിങ്ങൾ ഒരുങ്ങിയിരിക്കുന്നു? തീർച്ചയായും, യഥാർത്ഥത്തിൽ സംതൃപ്തരും സന്തുഷ്ടരുമായിരിക്കാൻ നിങ്ങളുടെ പ്രമുഖ വ്യാപാരം എന്തായിരിക്കണം?
അനേകം മൂന്നാംലോക രാജ്യങ്ങളിൽ പൊതു ജീവിതനിലവാരം അത്ര അഭികാമ്യമല്ല. അവിടത്തെ പ്രശ്നങ്ങളുടെ വീക്ഷണത്തിൽ, നാം എവിടെ ജീവിച്ചാലും, ദൈവവചനത്തിൽനിന്നുള്ള ഉചിതമായ ബുദ്ധിയുപദേശം പരിഗണിക്കുന്നത് നമ്മുടെ സ്വന്തം ലക്ഷ്യങ്ങളെയും വിജയത്തെയും മെച്ചമായി വിലയിരുത്താൻ നമ്മെ സഹായിക്കും.
ദാരിദ്ര്യം ധാരാളമുള്ളതുകൊണ്ട്, അനേകർ മറെറല്ലാം ബലിചെയ്തുകൊണ്ട് സാമ്പത്തികവിജയത്തിനുവേണ്ടി യത്നിച്ചിരിക്കുന്നു. ഇതു നേടാൻ ചിലർ വഞ്ചനയെ ആശ്രയിക്കുന്നു. എന്നിരുന്നാലും, സത്യക്രിസ്ത്യാനികളാകുമ്പോൾ, ബൈബിളിന്റെ നീതിനിഷ്ഠമായ നിലവാരങ്ങളോട് അനുരൂപപ്പെടുന്നതിന് അവർ ഈ മനോഭാവത്തെ സ്ഥിരമായി പിന്തള്ളേണ്ടതായിരുന്നു.
എന്നിരുന്നാലും, ചില ക്രിസ്ത്യാനികൾപോലും ലോക ലക്ഷ്യങ്ങൾ വെക്കുന്നതിൽ അകപ്പെട്ടുപോയിട്ടുണ്ട്. അവർ വിജയംനേടുന്നതിന് ക്രിസ്തീയവിരുദ്ധ നടത്തയിൽ ഏർപ്പെട്ടേക്കാം. മാതാപിതാക്കൻമാർ തങ്ങളുടെ കുടുംബങ്ങളെ അവഗണിക്കുന്നു. വ്യക്തികൾ തങ്ങളുടെ ദൈവസേവനത്തെ അവഗണിക്കുന്നു. ജീവിതസംതൃപ്തിയും സന്തുഷ്ടിയും സംബന്ധിച്ച് ഫലമെന്തായിരിക്കുമെന്ന് നിങ്ങൾ വിചാരിക്കുന്നു?
ഫലം സംബന്ധിച്ച് നമ്മെ ജാഗരൂകരാക്കിക്കൊണ്ട് ബൈബിൾ മുന്നറിയിപ്പു നൽകുന്നു: “ധനവാൻമാരാകുവാൻ ഉറച്ചിരിക്കുന്നവർ പ്രലോഭനത്തിലും ഒരു കെണിയിലും നിരർത്ഥകവും ഹാനികരവുമായ അനേകം ആഗ്രഹങ്ങളിലും അകപ്പെടുന്നു . . . എന്തുകൊണ്ടെന്നാൽ പണസ്നേഹം എല്ലാത്തരം ദോഷങ്ങൾക്കും മൂല കാരണമാകുന്നു, ഈ സ്നേഹത്തിനുവേണ്ടി എത്തിപ്പിടിച്ചതിനാൽ ചിലർ വിശ്വാസത്തിൽനിന്ന് വഴിതെററിക്കപ്പെടുകയും അനേകം വേദനകളോടെ തങ്ങളേത്തന്നെ ആസകലം കുത്തിമുറിവേൽപ്പിക്കുകയും ചെയ്തിരിക്കുന്നു.”—1 തിമൊഥെയോസ് 6:9, 10.
“എല്ലാത്തരം ദോഷങ്ങളും.” ‘അനേകം വേദനകളോടെ ആസകലം കുത്തിമുറിവേൽപ്പിച്ചിരിക്കുന്നു.’ അത് തീർച്ചയായും സംതൃപ്തിയുടെയും സന്തുഷ്ടിയുടെയും ഒരു വർണ്ണനപോലെ തോന്നുന്നില്ല, ഉണ്ടോ? എന്നിരുന്നാലും, ഇന്നുവരെ പോലുമുള്ള നൂററാണ്ടുകളിലുടനീളമുള്ള ദശക്തങ്ങളുടെ അനുഭവം ആ ബൈബിൾ പ്രസ്താവന എത്ര സത്യമാണെന്ന് തെളിയിക്കുന്നു. അതുകൊണ്ട് ഒരു ക്രിസ്ത്യാനിയുടെ ലക്ഷ്യങ്ങളും ജീവിതഗതിയും സംബന്ധിച്ച് ഇത് എന്ത് ശുപാർശചെയ്യുന്നു?
വഴിതെററക്കപ്പെടുന്നു—എങ്ങനെ?
ക്രിസ്ത്യാനികൾ ഏതു വിധങ്ങളിൽ വിശ്വാസത്തിൽനിന്ന് വഴിതെററിക്കപ്പെട്ടേക്കാം? ചിലർ ദൈവിക സൻമാർഗ്ഗനിഷ്ഠകളെയും വിശ്വാസങ്ങളെയും പൂർണ്ണമായി ത്യജിക്കുന്നതുവരെ പോയിരിക്കുന്നു. മററു കേസുകളിൽ, ചില വ്യക്തികൾ ദൈവികഭക്തിയുടെ ഗതിയിൽനിന്ന് വ്യതിചലിപ്പിക്കപ്പെടുകയും അങ്ങനെയുള്ള ഭക്തിയെ മററുള്ളവരുടെമേലുള്ള സ്വാധീനം നേടാനുള്ള ഒരു മാർഗ്ഗമായി ചൂഷണംചെയ്യുകയും പോലും ചെയ്തിരിക്കുന്നു. അതുകൊണ്ട് “മനസ്സു ദുഷിച്ചവരും സത്യമില്ലാത്തവരും ദൈവികഭക്തി ആദായമാർഗ്ഗമെന്നു വിചാരിക്കുന്നവരുമായ മനുഷ്യരെ”ക്കുറിച്ച് ബൈബിൾ പറയുന്നു. (1 തിമൊഥെയാസ് 6:5) ക്രിസ്ത്യാനിത്വത്തെ മുഴുവനായി ത്യജിക്കുന്നില്ലെങ്കിലും അവർ ക്രിസ്തീയ വിശ്വാസത്തിന്റെ അനിവാര്യഘടകങ്ങളായ ബൈബിൾ തത്വങ്ങളെ ലംഘിക്കുന്നവരായി തങ്ങളേത്തന്നെ കണ്ടെത്തിയേക്കാം.
മററുള്ളവരുടെമേൽ കർതൃത്വം നടത്തുന്ന ആളുകളെപ്പോലെയായിരിക്കരുതെന്ന് യേശു തന്റെ അനുഗാമികളോടു പറഞ്ഞു. അവൻ പറഞ്ഞു: “നിങ്ങളുടെ ഇടയിലെ രീതി ഇതല്ല; എന്നാൽ നിങ്ങളുടെ ഇടയിൽ വലിയവനാകാനാഗ്രഹിക്കുന്ന ഏവനും നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം.” യഹൂദ മതനേതാക്കളെ കുററം വിധിച്ചപ്പോൾ യേശു കുറേക്കൂടെ മുമ്പോട്ടുപോയി. ലോകമാന്യതയോടുള്ള വലിയ സ്നേഹം ദൈവത്തിന്റെ അപ്രീതി വരുത്തിക്കൂട്ടുന്നുവെന്ന് സൂചിപ്പിച്ചു. (മത്തായി 20:26; 23:6-9, 33) അങ്ങനെ, ക്രിസ്ത്യാനികൾ മററുള്ളവരെക്കാൾ തിളങ്ങാനോ അവരെ ഭരിക്കാനോ ശ്രമിക്കുന്നതിനുപകരം അന്യോന്യം സേവിക്കാൻ ശ്രമിക്കേണ്ടതാണ്. എന്തു വില കൊടുത്തും വിജയംനേടാൻ ശ്രമിക്കുന്ന പണസ്നേഹി ഈ ഗതിയിൽ നിന്ന് അനായാസം വഴിതെററിക്കപ്പെട്ടേക്കാം.
ഈ കാര്യത്തിൽ നിങ്ങൾ എങ്ങനെയാണ്? നിങ്ങൾ മററുള്ളവരുടെമേൽ അധികാരം പ്രയോഗിക്കുന്നതിന്റെ പരിധികൊണ്ടാണോ നിങ്ങൾ നിങ്ങളുടെ വിജയം അളക്കുന്നത്? അധികാരം പ്രയോഗിക്കാനോ അതു നേടാനോ നിങ്ങൾ ക്രിസ്തീയ തത്വങ്ങളെ കൈകാര്യംചെയ്യുകയോ വളച്ചൊടിക്കുകയോ ചെയ്യുന്നുണ്ടോ? എന്തു വിലകൊടുത്തായാലും നിങ്ങൾ നിങ്ങളുടെ സമപ്രായക്കാരെക്കാൾ നേട്ടമുണ്ടാക്കണമെന്ന് വിചാരിക്കുന്നുവോ? നിങ്ങളുടെ സ്വത്തിനെക്കുറിച്ചൊ ഉദ്യോഗനേട്ടങ്ങളെക്കുറിച്ചൊ സംസാരിക്കുന്നതിൽ നിങ്ങൾക്ക് വലിയ സന്തോഷമുണ്ടോ? ഉണ്ടെങ്കിൽ, നിങ്ങൾ വിശ്വാസത്തിൽനിന്ന് വഴിതെററിക്കപ്പെടുകയാണോയെന്ന് നിങ്ങൾ വിശകലനംചെയ്യേണ്ടതുണ്ട്.
“വിജയത്തിന്റെ” വേദനകൾ
യേശു ഇങ്ങനെയും പറഞ്ഞു: “ഭൂമിയിൽ നിങ്ങൾക്കുവേണ്ടി നിക്ഷേപങ്ങൾ സംഭരിക്കുന്നതു നിർത്തുക . . . എന്തെന്നാൽ നിങ്ങളുടെ നിക്ഷേപമെവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും . . . നിങ്ങൾക്ക് ദൈവത്തിനും ധനത്തിനുംവേണ്ടി അടിമവേല ചെയ്യാൻ കഴികയില്ല.” (മത്തായി 6:19-24) മുഖ്യമായി ഭൗതികലക്ഷ്യങ്ങളിലേക്കും ലോകജീവിതവൃത്തികളിലേക്കും തങ്ങളുടെ മക്കളെ തിരിച്ചുവിടുന്ന മാതാപിതാക്കൾ ഈ ബുദ്ധിയുപദേശം അനുസരിക്കുകയാണോ? ലൗകികവിജയത്തിനു കൊടുക്കുന്ന ഊന്നൽ മക്കൾ സത്യം ഉപേക്ഷിക്കുകയും ക്രിസ്തീയവിരുദ്ധ ജീവിതരീതികൾ സ്വീകരിക്കുകയും ചെയ്യുന്നുവെങ്കിൽ മൂല്യവത്താണോ? “ഭൂമിയിലെ നിക്ഷേപങ്ങൾ”ക്കുവേണ്ടി അവരുടെ ആത്മീയജീവിതങ്ങളെ ബലിചെയ്യുന്നത്, അല്ലെങ്കിൽ അപകടത്തിലാക്കുകയെങ്കിലും ചെയ്യുന്നത് അതിനു തക്ക വിലയുള്ളതാണോ? ഇതു ചെയ്യുന്ന മാതാപിതാക്കൾതന്നെ മിക്കപ്പോഴും തങ്ങളുടെ മക്കളെ സംബന്ധിച്ച ഉൽക്കണ്ഠയാലും അവരുടെ ആത്മീയനഷ്ടം—ചിലപ്പോൾ ശാരീരിക നഷ്ടവും—നിമിത്തവും ‘അനേകം വേദനകളോടെ മുറിവേററിരിക്കുന്നതായി’ കണ്ടെത്തുന്നു.
ധനത്തോടുള്ള സ്നേഹം ഒരു കർക്കശനായ യജമാനനാണ്. അത് ആളുകളുടെ സമയവും ശക്തിയും പ്രാപ്തികളും പിഴിഞ്ഞെടുക്കുന്നു; അത് ദൈവഭക്തിയെ വീർപ്പുമുട്ടിക്കുന്നു. അത് സാധാരണയായി കൂടുതൽ ധനവും ലോകമാന്യതയും അന്വേഷിക്കാൻ ആളുകളെ പ്രലോഭിപ്പിക്കുന്നു, അങ്ങനെ വിശ്വാസത്തിൽനിന്ന് എന്നും അവരെ അകററിക്കൊണ്ടിരിക്കുന്നു. ബൈബിൾ ശരിയായിത്തന്നെ പറയുന്നു: “വെറുമൊരു വെള്ളിപ്രേമി വെള്ളികൊണ്ടും ഏതൊരു ധനസ്നേഹിയും ആദായംകൊണ്ടും തൃപ്തിപ്പെടുകയില്ല.”—സഭാപ്രസംഗി 5:10.
ഒരു ക്രിസ്ത്യാനി ആയതിനുശേഷംപോലും, ഒരു ആഫ്രിക്കൻ ബിസിനസ്സുകാരന്റെ സാമ്പത്തികവിജയത്തോടുള്ള സ്നേഹം അയാളുടെ ജീവിതത്തിൽ ഒന്നാം സ്ഥാനത്തുതന്നെയായിരുന്നു. അയാൾ ലോക ബിസിനസ്സ് സഹകാരികളുമായുള്ള സാമൂഹികസന്ദർശനത്തിനുവേണ്ടി ക്രിസ്തീയപ്രവർത്തനങ്ങളെ അവഗണിച്ചു. അയാളെ സഹായിക്കാൻ അയാളുടെ സഭയിലെ മൂപ്പൻമാർ ശ്രമിച്ചിട്ടും അയാൾ ആത്മീയമായി പുരോഗമിച്ചില്ല. അയാൾ അങ്ങനെ ആത്മീയമായി വല്ലാത്ത ഒരു പതനത്തിലായി, സംഭ്രമത്തിലായി. അയാൾ അവിടെ ഒരു ക്രിസ്ത്യാനിയെന്ന നിലയിൽ അശേഷം അംഗീകരിക്കപ്പെടാതായി. അയാളുടെ അവസ്ഥ അഗാധമായ ജീവിതസംതൃപ്തിയോ നിലനിൽക്കുന്ന സന്തോഷമോ നൽകുന്നതല്ലായിരുന്നുവെന്ന് നമുക്കെല്ലാം മനസ്സിലാക്കാൻ കഴിയും.
അങ്ങനെയുള്ള ആളുകൾ ആത്മീയവേദനകൾ അനുഭവിക്കേണ്ടിവരുന്നു. ബിസിനസ്സും സത്യസന്ധതയോ ലൈംഗികധാർമ്മികതയോ സംബന്ധിച്ച് തത്വദീക്ഷയില്ലാത്തവരുമായുള്ള ഇടപഴകലും ഒരുവനെ മോശമായ സ്വാധീനങ്ങൾക്കു വിധേയനാക്കുന്നു. അങ്ങനെ വിധേയരാക്കപ്പെടുന്ന ക്രിസ്ത്യാനികൾക്ക് ഈ സ്വാധീനങ്ങൾക്കെതിരെ ഒരു യുദ്ധമുണ്ട്, സാധാരണയായി അവരുടെ മനസ്സാക്ഷിയുമായും ഒരു പോരാട്ടമുണ്ട്. ചിലർ ഒടുവിൽ അവരുടെ സഹകാരികളെപ്പോലെയായിത്തീരുകയും പൂർണ്ണമായും വിശ്വാസത്തിൽനിന്ന് വഴിതെററിക്കപ്പെടുകയും ചെയ്യുന്നു. (1 കൊരിന്ത്യർ 15:33) അത്തരം ആത്മീയവും ധാർമ്മികവുമായ പരാജയത്തിലേക്കു നയിക്കുന്ന സാമ്പത്തികവിജയംകൊണ്ട് എന്തു പ്രയോജനം? യേശു പറഞ്ഞതുപോലെ, “ഒരു മനുഷ്യൻ മുഴുലോകവും നേടിയാലും തന്റെ ദേഹിയെ നഷ്ടപ്പെടുത്തുന്നുവെങ്കിൽ അതുകൊണ്ട് അയാൾക്ക് എന്തു പ്രയോജനം?”—മത്തായി 16:26.
ഒരു മെച്ചമായ തരം വിജയം
ഈ ബൈബിൾ ബുദ്ധിയുപദേശം അനുസരിക്കുന്നത് ബുദ്ധിയാണെന്ന് അനുഭവം സ്ഥിരീകരിച്ചിട്ടുണ്ട്: “ഈ വ്യവസ്ഥിതിക്കനുരൂപരാകുന്നതു നിർത്തുക, എന്നാൽ നല്ലതും സ്വീകാര്യവും പൂർണ്ണവുമായ ദൈവത്തിന്റെ ഇഷ്ടം . . . നിങ്ങൾക്കുതന്നെ ഉറപ്പുവരുത്തുക.” “ലോകത്തെയോ ലോകത്തിലുള്ളവയേയോ സ്നേഹിക്കരുത്. ആരെങ്കിലും ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ പിതാവിന്റെ സ്നേഹം അവനിൽ ഇല്ല.” അതെ, നാം ലോകത്തെ പകർത്താതിരിക്കുന്നുവെങ്കിൽ, അല്ലെങ്കിൽ അതിനു സമർപ്പിക്കാനുള്ളതിനുവേണ്ടി വാഞ്ഛിക്കാതിരിക്കുന്നുവെങ്കിൽ നാം ജ്ഞാനമുള്ളവരാണ്. നമ്മുടെ മുഖ്യ താത്പര്യം ദൈവാംഗീകാരത്തിലായിരിക്കണം, ലോക കാര്യങ്ങൾ പിന്തുടരുന്നതിനാൽ അതു ലഭ്യമല്ല.—റോമർ 12:2; 1 യോഹന്നാൻ 2:15, 16.
തന്റെ ധനത്തിലാശ്രയിച്ച ഒരു കർഷകനെക്കൊണ്ട് യേശു ഇതു ദൃഷ്ടാന്തീകരിച്ചു, ദൈവം അയാളോട് ഇങ്ങനെയാണ് പറഞ്ഞത്: “യുക്തിഹീനനേ, ഈ രാത്രി നിന്റെ ദേഹിയെ അവ നിന്നിൽനിന്ന് ആവശ്യപ്പെടുകയാണ്. അപ്പോൾ, നീ സംഭരിച്ചിരിക്കുന്ന വസ്തുക്കൾ ആർക്കു ലഭിക്കും?” തന്റെ ദൃഷ്ടാന്തം സംഗ്രഹിച്ചുകൊണ്ട് യേശു പറഞ്ഞു: “ദൈവത്തിങ്കൽ സമ്പന്നനാകാതെ തനിക്കുവേണ്ടിത്തന്നെ നിക്ഷേപം കൂട്ടിവെക്കുന്ന മമനുഷ്യന്റെ ഗതിയിതാണ്.” “ഒരു വ്യക്തിക്ക് സമൃദ്ധിയുള്ളപ്പോൾപോലും അയാളുടെ ജീവൻ അയാളുടെ കൈവശമുള്ള വസ്തുക്കളിൽനിന്ന് സംജാതമാകുന്നില്ല” എന്ന് യേശു പ്രകടമാക്കുകയായിരുന്നു.—ലൂക്കോസ് 12:15-21.
ഇതേ സംഗതി തെളിയിക്കാൻ യേശു ഒരു യുവഭരണാധികാരിയുടെ ജീവിക്കുന്ന ദൃഷ്ടാന്തം ഉപയോഗിച്ചു. ഒരു ലൗകിക അർത്ഥത്തിൽ ഈ മനുഷ്യൻ വിജയശാലിയായിരുന്നു, അയാൾ പ്രത്യക്ഷത്തിൽ ധാർമ്മികമായി നേരുള്ളവനായിരിക്കാനാഗ്രഹിച്ചു. എന്നിരുന്നാലും, യേശു അയാളെ വിജയത്തിന്റെ ഒരു പ്രതീകമാക്കിയില്ല. പകരം, അങ്ങനെയുള്ളവർ “ദൈവരാജ്യത്തിൽ കടക്കുന്നത്” പ്രയാസമായിരിക്കുമെന്ന് യേശു പറഞ്ഞു. ആ സാഹചര്യത്തിലുള്ള മിക്കവരും ഭൗതികതാല്പര്യങ്ങൾ ബലിചെയ്യാനും തങ്ങളുടെ ജീവിതത്തിലെ മുഖ്യലക്ഷ്യമായി ദൈവരാജ്യത്തെ അന്വേഷിക്കാനും ഒരുക്കമല്ല.—ലൂക്കോസ് 18:18-30.
ആത്മീയ താല്പര്യങ്ങളുടെ പ്രാധാന്യത്തെ കൂടുതലായി ദൃഢീകരിച്ചുകൊണ്ട് യേശു പറഞ്ഞു: “ഉൽക്കണ്ഠയോടെ ഒരിക്കലും ‘നാം എന്തു തിന്നാനാണ്?’ അല്ലെങ്കിൽ ‘നാം എന്തു കുടിക്കാനാണ്?’ അല്ലെങ്കിൽ ‘നാം എന്തു ധരിക്കാനാണ്?’ എന്നു പറയരുത്. എന്തുകൊണ്ടെന്നാൽ ജനതകൾ ആകാംക്ഷാപൂർവം തേടുന്ന കാര്യങ്ങളാണ് ഇവ. എന്തെന്നാൽ ഇവയെല്ലാം നിങ്ങൾക്ക് ആവശ്യമുണ്ടെന്ന് നിങ്ങളുടെ സ്വർഗ്ഗീയപിതാവിനറിയാം. അപ്പോൾ, ഒന്നാമതായി, രാജ്യവും അവന്റെ നീതിയും അന്വേഷിച്ചുകൊണ്ടേയിരിക്കുക, ഇവയെല്ലാം നിങ്ങൾക്ക് കൂട്ടപ്പെടും.” അതുകൊണ്ട്, ആവശ്യമുള്ള വസ്തുക്കളുടെ കാര്യത്തിൽപോലും നമുക്ക് നമ്മുടെ മുൻഗണനകൾ ശരിയായിരിക്കേണ്ടതുണ്ട്. നാം യഥാർത്ഥത്തിൽ വിജയപ്രദരായിരിക്കണമെങ്കിൽ—സന്തുഷ്ടിയും യഥാർത്ഥ സംതൃപ്തിയും നേടണമെങ്കിൽ—ആത്മീയം ഭൗതികത്തിനു മുമ്പായി വരേണ്ടതാണ്.—മത്തായി 6:31-33.
ആത്മീയ വിജയം അന്വേഷിച്ചുകൊണ്ടിരിക്കുക
അതുകൊണ്ട് ദൈവരാജ്യവും അവന്റെ നീതിയും പിന്തുടരുന്നതിനാൽ വിജയം തേടുന്നതാണ് ജ്ഞാനമാർഗ്ഗമെന്ന് സ്പഷ്ടമാണ്. ഇതിൽ “നല്ലതും സ്വീകാര്യവും പൂർണ്ണവുമായ ദൈവത്തിന്റെ ഇഷ്ടം നിങ്ങൾക്കുതന്നെ ഉറപ്പുവരുത്തു”ന്നതിന് ബൈബിൾ പഠിക്കുന്നത് ഉൾപ്പെടുന്നു. അവന്റെ ഇഷ്ടത്തിൽ നിങ്ങൾ അവന്റെ സേവനത്തെ നിങ്ങളുടെ ജീവിതത്തിൽ ഒന്നാമതു കരുതുന്നതും നിങ്ങൾ ക്രിസ്തീയശുശ്രൂഷയിൽ പൂർണ്ണപങ്കു വഹിക്കുന്നതും നിങ്ങൾ ക്രിസ്തീയയോഗങ്ങളെ അവഗണിക്കാതിരിക്കുന്നതും ദൈവത്തിന്റെ നീതിക്കു ചേർച്ചയായി നിങ്ങൾ നിഷ്ക്കളങ്ക ധാർമ്മികജീവിതം നയിക്കുന്നതും ഉൾപ്പെടുന്നു. ഇവ ഭൗതികതാൽപര്യങ്ങൾക്കുവേണ്ടി മാററിവെക്കരുത്, അല്ലെങ്കിൽ അവയുടെമേൽ അവ നിഴൽവീഴ്ത്തരുത്. അഹങ്കാരികളാകുന്നതിനു പകരം അല്ലെങ്കിൽ അനിശ്ചിതമായ ധനത്തിൽ നിങ്ങളുടെ പ്രത്യാശ വെക്കുന്നതിനുപകരം നിങ്ങൾ “സൽപ്രവൃത്തികളിൽ സമ്പന്നരും . . . യഥാർത്ഥ ജീവന്റെമേൽ ഒരു ഉറച്ച പിടി ലഭിക്കേണ്ടതിന് ഭാവിയിലേക്ക് തങ്ങൾക്കുവേണ്ടി സുരക്ഷിതമായി ഒരു നല്ല അടിസ്ഥാനം നിക്ഷേപിച്ചുകൊള്ളു”ന്നവരുമായിരിക്കും. അതെ, നിങ്ങളുടെ ലക്ഷ്യം പുനഃസ്ഥിതീകരിക്കപ്പെട്ട ഭൗമികപരദീസയിലെ നിത്യജീവനായിരിക്കാൻ കഴിയും, എന്തുകൊണ്ടെന്നാൽ “ലോകവും അതിന്റെ ആഗ്രഹവും നീങ്ങിപ്പോകുകയാകുന്നു, എന്നാൽ ദൈവത്തിന്റെ ഇഷ്ടംചെയ്യുന്നവൻ എന്നേക്കും ഇരിക്കുന്നു.” ഒരു കാലത്തും ഇതിൽപരമായ വിജയം നിങ്ങൾക്കു നേടാനാവില്ല.—1 തിമൊഥെയോസ് 6:17-19; 1 യോഹന്നാൻ 2:17. (w88 8/15)
[5-ാം പേജിലെ ചിത്രം]
പണമാണോ താക്കോൽ?
[7-ാം പേജിലെ ചിത്രം]
ഉന്നതവിദ്യാഭ്യാസത്തിലൂടെ വിജയംതേടാൻ മാതാപിതാക്കൾ തങ്ങളുടെ മക്കളെ ദൂരേക്ക് അയക്കുമോ?