സാത്താന്റെ ഉപജാപങ്ങൾക്കെതിരെ ഉറച്ചുനിൽക്കുക
“പിശാചിന്റെ ഉപജാപങ്ങൾക്കെതിരെ [ഗ്രീക്ക്, “കുതന്ത്രങ്ങൾ”] ഉറച്ചുനിൽക്കാൻ നിങ്ങൾ പ്രാപ്തരാകേണ്ടതിന് ദൈവത്തിൽനിന്നുള്ള സമ്പൂർണ്ണ പടച്ചട്ട ധരിച്ചുകൊൾക.”—എഫേസ്യർ 6:11.
1.യേശുവിന്റെ പരീക്ഷകൾ സാത്താൻ സ്ഥിതിചെയ്യുന്നുണ്ടെന്നുള്ളതിന് എന്തു തെളിവ് പ്രദാനംചെയ്യുന്നു?
സാത്താൻ യഥാർത്ഥത്തിൽ സ്ഥിതിചെയ്യുന്നുവോ? ബൈബിളിൽ “സാത്താൻ” മനുഷ്യനിലെ തിൻമയെ മാത്രമാണ് പരാമർശിക്കുന്നതെന്ന് ചിലർ വാദിക്കുന്നു. ഒരു ജീവിയായിട്ടുള്ള അവന്റെ അസ്തിത്വത്തെ അവർ നിഷേധിക്കുന്നു. എന്നാൽ തിരുവെഴുത്തുകൾ നമ്മോട് എന്തു പറയുന്നു? ക്രിസ്തുയേശു സാത്താനാൽ മൂന്നു പ്രാവശ്യം നേരിട്ടു പരീക്ഷിക്കപ്പെട്ടുവെന്നും ഓരോ പ്രാവശ്യവും യേശു തിരുവെഴുത്തുകൾ ഉപയോഗിച്ചുകൊണ്ട് അവനെ നിരസിച്ചുവെന്നും മത്തായിയുടെയും ലൂക്കോസിന്റെയും സുവിശേഷ വിവരണങ്ങൾ പ്രകടമാക്കുന്നു. യേശു എബ്രായ തിരുവെഴുത്തുകൾ ഉപയോഗിച്ചുകൊണ്ട് അവനോട് ഉത്തരം പറഞ്ഞതെന്തുകൊണ്ടായിരുന്നു? എന്തുകൊണ്ടെന്നാൽ അവനെക്കൊണ്ടു പാപംചെയ്യിക്കാനും ദൈവപുത്രനായ വാഗ്ദത്തസന്തതിയെന്ന നിലയിൽ പരാജയപ്പെടുത്താനും സാത്താൻ അതേ തിരുവെഴുത്തുകൾ തെററായി പ്രയോഗിച്ചുകൊണ്ടാണ് അവന്റെ അടുക്കൽ വന്നത്.—മത്തായി 4:1-11; ലൂക്കോസ് 4:1-13.
2.യേശു സാത്താനുമായുള്ള തന്റെ അഭിമുഖീകരണങ്ങളെ സങ്കൽപ്പിക്കുകയല്ലായിരുന്നുവെന്ന് നാം എങ്ങനെ അറിയുന്നു?
2 ഒരു പൂർണ്ണ മനുഷ്യനായിരുന്ന യേശു ഈ ഏററുമുട്ടലുകളെ സങ്കൽപ്പിച്ചതല്ലായിരുന്നു. (എബ്രായർ 4:15; 7:26) അവൻ ഏദനിലെ സർപ്പത്തിന്റെ പിമ്പിലെ ശക്തിയായിരുന്നവനാൽതന്നെയാണ് അഭിമുഖീകരിക്കപ്പെട്ടത്. അവൻ യുഗങ്ങൾക്കുമുമ്പ് മത്സരിച്ചവനും ഇപ്പോൾ ഉല്പത്തി 3:15ന്റെ നിവൃത്തിയെ ധ്വംസിക്കാൻ ഇറങ്ങിപ്പുറപ്പെട്ടവനുമായ, അവന്റെ മുൻ ദൂതസഹോദരനായിരുന്നു. സാത്താൻ വാഗ്ദത്തസന്തതിയുടെ നിർമ്മലതയെ ഭഞ്ജിപ്പിക്കാൻ ആഗ്രഹിച്ചു. പരീക്ഷകന്റെ തന്ത്രങ്ങളെ ബുദ്ധിപൂർവം മനസ്സിലാക്കി യേശു അവനെ ദൃഢമായി തള്ളിക്കളഞ്ഞു. സാത്താന്റെ പ്രതികരണം എന്തായിരുന്നു? “അങ്ങനെ പിശാച് എല്ലാ പരീക്ഷയും പൂർത്തിയാക്കിയശേഷം മറെറാരു സൗകര്യപ്രദമായ സമയംവരെ അവനിൽനിന്നു പിൻമാറി.” വ്യക്തമായും യേശു തന്നിൽനിന്നുതന്നെ പിൻമാറിയില്ല! സാത്താൻ ഭഗ്നാശനായി അവനെ വിട്ടുപോയി, “നോക്കൂ! ദൂതൻമാർ വന്ന് [യേശുവിനെ] ശുശ്രൂഷിച്ചുതുടങ്ങി.”—ലൂക്കോസ് 4:13; മത്തായി 4:11.
3.പിശാചിന്റെ അസ്തിത്വത്തിന് ക്രിസ്ത്യാനിത്വത്തിലുള്ള പ്രാധാന്യം സംബന്ധിച്ച് ഒരു ചരിത്രകാരൻ എന്തു പറയുന്നു?
3 ന്യായമായും ഒരു ചരിത്രകാരൻ ഇങ്ങനെ പ്രസ്താവിക്കുന്നു: “പിശാചിന്റെ അസ്തിത്വവും ക്രിസ്ത്യാനിത്വത്തിലെ അവന്റെ കേന്ദ്ര പ്രാധാന്യവും നിഷേധിക്കുന്നത് അപ്പോസ്തോലിക ഉപദേശത്തിനും ക്രിസ്തീയോപദേശത്തിന്റെ ചരിത്രപരമായ വികാസത്തിനും കടകവിരുദ്ധമാണ്. ഇവയുടെ അടിസ്ഥാനത്തിലല്ലാതെ ക്രിസ്ത്യാനിത്വത്തെ നിർവചിക്കുന്നത് അക്ഷരീയമായി അർത്ഥശൂന്യമായതുകൊണ്ട് പിശാചിനെ നിരസിക്കുന്ന ഒരു ക്രിസ്ത്യാനിത്വത്തിനുവേണ്ടി വാദിക്കുന്നത് ബൗദ്ധികമായി പൊരുത്തപ്പെടാത്തതാണ്. പിശാച് സ്ഥിതിചെയ്യുന്നില്ലെങ്കിൽ, ക്രിസ്ത്യാനിത്വം തുടക്കംമുതലേ ഒരു കേന്ദ്ര ആശയം സംബന്ധിച്ച് തികച്ചും തെററാണ്.”a ആ നിഗമനം ഭൂമിയിലെ ഓരോ വ്യക്തിക്കും ഇന്ന് ഒരു വെല്ലുവിളിയുയർത്തുന്നു. നിങ്ങൾ ദൈവത്തിന്റെ പരമാധികാരത്തെയും മമനുഷ്യന്റെ കൂറിനെയും ധ്വംസിക്കാൻ പുറപ്പെട്ടിരിക്കുന്ന ഒരു അദൃശ്യ ശത്രുവിന്റെ അസ്തിത്വത്തെ തിരിച്ചറിയുന്നുവോ?
സാത്താന്റെ യഥാർത്ഥ താദാത്മ്യം
4.ഒരു പൂർണ്ണതയുള്ള ആത്മീയ ജീവി എങ്ങനെ സാത്താനായിത്തീർന്നു?
4 ആദിയിൽ ഒരു ദൂതനായി ദൈവത്താൽ സൃഷ്ടിക്കപ്പെട്ട ഒരു ശക്തനായ ആത്മജീവിയായിരുന്നു സാത്താൻ, യഹോവയുടെ സ്വർഗ്ഗീയസദസ്സിൽ പ്രവേശനമുണ്ടായിരുന്ന ഒരു ആത്മപുത്രൻ തന്നെ. (ഇയ്യോബ് 1:6) എന്നിരുന്നാലും, സാത്താൻ തന്റെ ഇച്ഛാസ്വാതന്ത്ര്യം ദൈവത്തിനെതിരായി പ്രയോഗിച്ചു; ഉപായത്താൽ അവൻ ഹവ്വായെയും അവളിലൂടെ ആദാമിനെയും അനുസരണക്കേടിലേക്കും മരണത്തിലേക്കും നയിച്ചു. (2 കൊരിന്ത്യർ 11:3) അങ്ങനെ അവൻ സാത്താനായിത്തീർന്നു. അതിന്റെ അർഥം “എതിരാളി”യെന്നാണ്—ഒരു മത്സരി, ഒരു ഭൂതം, ഒരു ഘാതകൻ, ഒരു നുണയൻ എന്നുതന്നെ. (യോഹന്നാൻ 8:44) “സാത്താൻതന്നെ ഒരു വെളിച്ചദൂതനായി തന്നെത്താൻ രൂപാന്തരപ്പെടുത്തിക്കൊണ്ടിരിക്കുന്നു”വെന്ന പൗലോസിന്റെ പ്രസ്താവന എത്ര ഉചിതം; യഥാർത്ഥത്തിൽ അവൻ ‘ഈ അന്ധകാരത്തിന്റെ ലോകാധിപൻ’ ആണ്! (2 കൊരിന്ത്യർ 6:14; 11:14; എഫേസ്യർ 6:12) മത്സരിക്കാൻ മററു ദൂതൻമാരെയും പ്രലോഭിപ്പിച്ചുകൊണ്ട് അവൻ അവരെ ദൈവത്തിന്റെ വെളിച്ചത്തിൽനിന്ന് തന്റെ സ്വന്തം ഇരുട്ടിലേക്ക് നയിച്ചു. അവൻ “ഭൂതങ്ങളുടെ ഭരണാധിപൻ” ആയിത്തീർന്നു. യേശു അവനെ “ലോകത്തിന്റെ ഭരണാധിപൻ” എന്നും തിരിച്ചറിയിച്ചു. പ്രസ്പഷ്ടമായി, ഒരു ഭരണാധിപനായിരിക്കുന്നതിന് അവൻ സൃഷ്ടിക്കപ്പെട്ട ഒരു ആത്മമൂർത്തിയായി സ്ഥിതിചെയ്യണം.—മത്തായി 9:34; 12:24-28; യോഹന്നാൻ 16:11.
5.ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിൽ എത്ര വ്യക്തമായി സാത്താൻ തിരിച്ചറിയിക്കപ്പെട്ടിരിക്കുന്നു?
5 സാത്താനെക്കുറിച്ച് എബ്രായ തിരുവെഴുത്തുകളിൽ അപൂർവമായേ പറയുന്നുള്ളുവെങ്കിലും അവനെ ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിൽ പൂർണ്ണമായും വെളിച്ചത്താക്കിക്കാണിച്ചിരിക്കുന്നു—തന്നിമിത്തം നാം സാത്താൻ എന്ന നാമം അവിടെ 36 പ്രാവശ്യവും പിശാചെന്ന പദം 33 പ്രാവശ്യവും കാണുന്നു. (വിശുദ്ധതിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരത്തിന്റെ കോമ്പ്രിഹെൻസീവ് കോൺകോർഡൻസ് കാണുക.) അവൻ മററു പേരുകളിലും സ്ഥാനപ്പേരുകളിലും തിരിച്ചറിയിക്കപ്പെട്ടിരിക്കുന്നു. യോഹന്നാൻ വെളിപ്പാട് 12:9ൽ ഇവയിൽ രണ്ടെണ്ണം ഉപയോഗിച്ചു: “അങ്ങനെ മുഴുനിവസിതഭൂമിയെയും വഴിതെററിക്കുന്ന പിശാചും സാത്താനുമെന്നു വിളിക്കപ്പെട്ടവനായ ആദ്യപാമ്പായ മഹാസർപ്പം താഴോട്ടു വലിച്ചെറിയപ്പെട്ടു.”—മത്തായി 12:24-27; 2 കൊരിന്ത്യർ 6:14, 15 കൂടെ കാണുക.
6.“പിശാച്” എന്ന പദത്തിന്റെ അർത്ഥമെന്ത്?
6 ഇവിടെ വെളിപ്പാടിൽ ഡയബോളോസ് എന്ന ഗ്രീക്ക്പദം വരുന്നു, അതാണ് “പിശാച്” എന്നു വിവർത്തനംചെയ്യപ്പെട്ടിരിക്കുന്നത്. ഗ്രീക്ക് പണ്ഡിതനായ ജെ. എച്ച്. തായെർ പറയുന്നതനുസരിച്ച് അതിന്റെ അക്ഷരാർഥം “ഒരു പരദൂഷകൻ, വ്യാജകുററാരോപകൻ, ഏഷണിക്കാരൻ” എന്നാണ്. (1 തിമൊഥെയോസ് 3:11; 2 തിമൊഥെയോസ് 3:3 താരതമ്യപ്പെടുത്തുക, കിംഗ്ഡം ഇൻറർലീനിയർ.) പിശാച് “ദൈവത്തിന്റെയും മനുഷ്യന്റെയും ദൂഷകനായ ശത്രു ആയിരിക്കുന്നതായി” ഡബ്ലിയൂ. ഈ വൈൻ വർണ്ണിക്കുന്നു.b
7.സാത്താനു തന്റെ ശ്രമങ്ങൾ യഹോവയുടെ ജനത്തിൻമേൽ കേന്ദ്രീകരിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
7 വലിയ എതിരാളി അലസനായി സ്ഥിതിചെയ്യുകയല്ല. (1 പത്രോസ് 5:8) ഒരുപക്ഷേ അതുകൊണ്ടാണ് “പിശാച് അലസർക്ക് ജോലി കണ്ടെത്തുന്നു”വെന്ന് ഒരു പഴമൊഴി പറയുന്നത്. അവൻ സകല സത്യക്രിസ്ത്യാനികളെയും മറിച്ചുകളയാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. (2 തിമൊഥെയോസ് 3:12) അവന് ലളിതമായ ഒരു കാരണത്താൽ യഹോവയുടെ ജനത്തിൻമേൽ കേന്ദ്രീകരിക്കാൻ കഴിയും—അവന് ഇപ്പോൾത്തന്നെ ലോകത്തിൽ ശേഷിച്ച ഭാഗം അവന്റെ അധികാരത്തിൽ ഉണ്ട്! (1 യോഹന്നാൻ 5:19) ഇന്നത്തെ ലോകം സാത്താന്റെ ലോകമാണ്. അവനാണ് അതിന്റെ ഭരണാധിപനും ദൈവവും, ആളുകൾ അതു തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും. (യോഹന്നാൻ 12:31; 2 കൊരിന്ത്യർ 4:4) തൽഫലമായി, വ്യക്തിപരമായോ സമൂഹപരമായോ യഹോവയുടെ ജനത്തെ മറിച്ചുകളയാൻ അവൻ ഏതു കുതന്ത്രത്തെയും അഥവാ ഉപായത്തെയും അല്ലെങ്കിൽ നിർദ്ദേശത്തെയും ആശ്രയിക്കും. അവന്റെ ചില പ്രവർത്തനരീതികൾ നമുക്കു പരിശോധിക്കാം.—മർക്കോസ്4:14, 15; ലൂക്കോസ് 8:12.
സാത്താന്റെ കൗശലങ്ങളും കുതന്ത്രങ്ങളും
8.സാത്താൻ എന്തു ആനുകൂല്യത്തോടെ നമുക്കെതിരായി പ്രവർത്തിക്കുന്നുണ്ടായിരിക്കാം?
8 മനുഷ്യമനഃശാസ്ത്രം പഠിക്കുന്നതിനും ജൻമസിദ്ധവും ആർജ്ജിതവുമായ സകല ന്യൂനതകളും സഹിതം മനുഷ്യപ്രകൃതിയെ വിശകലനം ചെയ്യുന്നതിനും സാത്താനു ദീർഘകാലം ലഭിച്ചിരുന്നു. നമ്മുടെ ദൗർബല്യങ്ങളും നമ്മുടെ വ്യർത്ഥതയും മുതലെടുക്കാൻ അവന് അറിയാം. നിങ്ങളുടെ ശത്രുവിന് നിങ്ങളുടെ ദൗർബല്യങ്ങളറിയാമെന്നിരിക്കെ നിങ്ങൾ അവ തിരിച്ചറിയാതിരിക്കുന്നുവെങ്കിൽ എന്തായിരിക്കും അവസ്ഥ? നിങ്ങൾ നിങ്ങളുടെ ആത്മീയ പടച്ചട്ടയിലെ വിള്ളലുകൾ അറിയുന്നില്ലാത്തതുകൊണ്ട് നിങ്ങൾ നിങ്ങളെത്തന്നെ പ്രതിരോധിക്കാൻ വേണ്ടത്ര സജ്ജനല്ല. (1 കൊരിന്ത്യർ 10:12; എബ്രായർ 12:12, 13) ഒരു സ്ക്കോട്ടിഷ്കവിയുടെ വാക്കുകൾ എത്ര ഉചിതം! ‘ഹാ മററുള്ളവർ നമ്മെ കാണുന്നതുപോലെ നമ്മേത്തന്നെ കാണാനുള്ള വരം ഏതെങ്കിലും ശക്തി നമുക്കു തന്നിരുന്നെങ്കിൽ! അതു നമ്മെ അനേകം വിഡ്ഢിത്തങ്ങളിൽനിന്നു രക്ഷിക്കുമായിരുന്നു.’
9.നാം നമ്മേത്തന്നെ വിശകലനംചെയ്യാനും മാററംവരുത്താനും പരാജയപ്പെടുന്നുവെങ്കിൽ എന്തായിരിക്കാം അസന്തുഷ്ട ഫലം?
9 മററുള്ളവർ നമ്മെ കാണുന്നതുപോലെ, വിശേഷിച്ച് ദൈവമോ സാത്താനോ നമ്മെ കണ്ടേക്കാവുന്നതുപോലെ, നാം നമ്മേത്തന്നെ കാണാൻ സന്നദ്ധരാണോ? അതിന് സത്യസന്ധമായ ആത്മാപഗ്രഥനവും വിലയിരുത്തലും മററം വരുത്താനുള്ള മനസ്സൊരുക്കവുമാണാവശ്യം. ആത്മവഞ്ചന വളരെ എളുപ്പമാണ്. (യാക്കോബ് 1:23, 24) നാം നമ്മുടെ പ്രവർത്തനഗതിയെ നീതീകരിക്കാൻ ചിലപ്പോൾ യുക്തിവാദത്തെ അവലംബിക്കാറുണ്ടല്ലോ! (1 ശമുവേൽ 15:13-15, 20, 21, 22) “ശരി, ആരും പൂർണ്ണരല്ലെന്നറിയാമല്ലോ!” എന്നു പറയുന്നത് എത്ര എളുപ്പമാണ്! അതുതന്നെ സാത്താനറിയാം, അവൻ നമ്മുടെ അപൂർണ്ണതയെ മുതലെടുക്കുന്നു. (2 ശമുവേൽ 11:2-27) മററുള്ളവരോട് അനിയന്ത്രിതമായും വികാരസ്പർശമില്ലാതെയും അല്ലെങ്കിൽ നിർദ്ദയമായും പല വർഷങ്ങളിൽ പ്രവർത്തിച്ചതിന്റെ ഫലമായി ഒരുവന് സുഹൃത്തുക്കളില്ലാതായെന്ന്, അല്ലെങ്കിൽ മററുള്ളവരെ സന്തുഷ്ടരാക്കാൻ ഒരുവൻ യതൊന്നും ചെയ്തിട്ടില്ലെന്ന് മദ്ധ്യപ്രായത്തിലെത്തുമ്പോൾ തിരിച്ചറിയാനിടയാകുന്നത് എത്ര സങ്കടകരം. ഒരുപക്ഷേ സാത്താൻ നമ്മെ കുരുടാക്കാൻ നമ്മുടെ ജൻമസിദ്ധ സ്വാർത്ഥതയെ ഉപയോഗിച്ചുകൊണ്ട് നമ്മുടെ ജീവിതത്തിൽ നമ്മെ കൗശലപൂർവം നയിച്ചിരിക്കാം. ക്രിസ്തുവിന്റെ മനസ്സിന്റെ യഥാർത്ഥ സത്ത്—സ്നേഹവും സഹാനുഭൂതിയും ദയയും—ഗ്രഹിക്കാൻ നാം പരാജയപ്പെട്ടിരിക്കുന്നു.—1 യോഹന്നാൻ 4:8, 11, 20.
10.നാം നമ്മോടുതന്നെ എന്തു ചോദ്യങ്ങൾ ചോദിക്കേണ്ടതാണ്, എന്തുകൊണ്ട്?
10 അതുകൊണ്ട് സാത്താനെ ചെറുത്തിനിൽക്കാൻ നാം നമ്മേത്തന്നെ പരിശോധിക്കണം. സാത്താന് ചൂഷണംചെയ്യാൻ കഴിയുന്ന അല്ലെങ്കിൽ ഇപ്പോൾത്തന്നെ ചൂഷണംചെയ്തുകൊണ്ടിരിക്കുന്ന ഒരു ദൗർബല്യം നിങ്ങൾക്കുണ്ടോ? നിങ്ങൾക്ക് അഹന്തയുടെ പ്രശ്നമുണ്ടോ? നിങ്ങൾ എല്ലായ്പ്പോഴും ഒന്നാമനായിരിക്കണമോ? നിങ്ങളുടെ അഹങ്കാരമാണോ നിങ്ങളുടെ ആന്തരികപ്രേരകഘടകം? അസൂയയോ സ്പർദ്ധയോ പണസ്നേഹമോ നിങ്ങളുടെ വ്യക്തിത്വത്തെ വികലമാക്കുന്നുവോ? നിങ്ങൾ എപ്പോഴും വഴക്കിന് കച്ചകെട്ടി നടക്കുന്നുവോ? നിങ്ങൾ വിരസനും പുച്ഛഭാവക്കാരനുമാണോ? അല്ലെങ്കിൽ നിങ്ങൾ നിർദ്ദേശങ്ങളോ വിമർശനങ്ങളോ നൽകപ്പെടുമ്പോൾ അമിതപ്രതികരണം നടത്തുന്നുവോ? നിങ്ങൾ ബുദ്ധിയുപദേശത്തിൽ നീരസപ്പെടുകയോ അതിനെ നിരസിക്കുകപോലുമോ ചെയ്യുന്നുവോ? നാം നമ്മേത്തന്നെ അറിയുന്നുവെങ്കിൽ, നാം താഴ്മയുള്ളവരുമാണെങ്കിൽ, നമുക്ക് അങ്ങനെയുള്ള പ്രശ്നങ്ങൾ തിരുത്താൻ കഴിയും. അതല്ലെങ്കിൽ, നാം നമ്മേത്തന്നെ സാത്താനു വിധേയരാക്കുകയാണ്.—1 തിമൊഥെയോസ് 3:6, 7; എബ്രായർ 12:7, 11; 1 പത്രോസ് 5:6-8.
11.ഏതു കൗശലപൂർവകമായ മാർഗ്ഗത്താൽ സാത്താൻ നമ്മുടെ ആത്മീയതയെ ധ്വംസിക്കാൻ ശ്രമിച്ചേക്കാം?
11 സാത്താന് കൗശലപൂർവകവും ദുഷ്ടുവുമായ ഒരു വിധത്തിൽ നമ്മുടെ ആത്മീയതക്കു തരുങ്കം വെക്കാനും കഴിയും. ഒരുപക്ഷേ, സഭയിലൊ സ്ഥാപനത്തിലോ കാര്യങ്ങൾ ചെയ്യപ്പെടുന്ന വിധത്തിൽ നാം അസ്വസ്ഥരാകുന്നു. മിക്കപ്പോഴും നമുക്ക് എല്ലാ വസ്തുതകളുമില്ല, എന്നാൽ നാം അനായാസം നിഗമനങ്ങളിലേക്ക് എടുത്തുചാടുന്നു. യഹോവയോടുള്ള നമ്മുടെ ബന്ധം ദുർബ്ബലമാണെങ്കിൽ, അപ്പോൾ സത്യം സംബന്ധിച്ച നിഷേധാത്മക ചിന്തയിലേക്കും സംശയങ്ങളിലേക്കും അധികദൂരമില്ല. ചിലർ സത്യം കൈവരുത്തുന്ന ഉത്തരവാദിത്വങ്ങളിൽനിന്ന് സ്വയനീതീകരണരീതിയിൽ മാറാൻ നോക്കിയേക്കാം. അപ്പോൾ സാത്താൻ അവരുടെ ഹൃദയങ്ങളിൽ അവിശ്വസ്തതയും വിശ്വാസവഞ്ചനയും കടത്തിവിടുന്നു. പെട്ടെന്നുതന്നെ അവർ വിശ്വാസത്യാഗത്തിന്റെ ഇരകളാകുകയായി, സാത്താൻ സന്തോഷിക്കുകയും ചെയ്യുന്നു.—ലൂക്കോസ് 22:3-6; യോഹന്നാൻ 13: 2, 27; 2 യോഹന്നാൻ 9-11.
12.(എ) സാത്താൻ ചിലരെ എങ്ങനെ ധൈര്യപ്പെടുത്തിയിരിക്കുന്നു? (ബി സാത്താൻ അനേകരെ എങ്ങനെ ദുർമാർഗ്ഗത്തിൽ കുരുക്കുന്നു?
12 മററു ചിലർക്ക് സഭയിൽനിന്നു പുറത്താക്കപ്പെടാൻ അർഹമായ ഗുരുതരമായ പാപങ്ങൾ ചെയ്യാൻ മാത്രമല്ല, സഭാമൂപ്പൻമാരെ കബിളിപ്പിക്കാൻ ശ്രമിക്കുന്നതിന് വ്യാജങ്ങളെയും വഞ്ചനകളെയും ആശ്രയിക്കാൻപോലുമുള്ള ധൈര്യം സാത്താൻ പകർന്നുകൊടുക്കുന്നു. അനന്യാസിനെയും സഫീറയേയും പോലെ അവർക്ക് ദൂതൻമാരെയും ദൈവത്തിന്റെ പരിശുദ്ധാത്മാവിനെയും വഞ്ചിക്കാൻ കഴിയുമെന്ന് അവർ വിചാരിക്കുന്നു. (പ്രവൃത്തികൾ 5:1-10) അടുത്ത സംവൽസരങ്ങളിൽ അനേകായിരങ്ങൾ സാത്താന്റെ ദുർമ്മാർഗ്ഗകെണിയിൽ വീണുപോയിട്ടുണ്ട്. മനുഷ്യവർഗ്ഗത്തിന്റെ ലൈംഗിക പ്രചോദനങ്ങൾ ശക്തമാണെന്ന് പിശാചിനറിയാം. അവന്റെ ലോകവ്യവസ്ഥിതിമുഖേന അവൻ ലൈംഗികതയുടെ ധർമ്മത്തെ പ്രദീപ്തമാക്കുകയും ദുഷിപ്പിക്കുകയും വളച്ചൊടിക്കുകയുംചെയ്യുന്നു. (സംഖ്യാപുസ്തകം 25:1-3) അവിവാഹിതരായ ക്രിസ്ത്യാനികൾ ദുർവൃത്തിയിലേക്കൊ മററു ലൈംഗിക ദുർന്നടപടികളിലേക്കോ വശീകരിക്കപ്പെട്ടേക്കാം. (സദൃശവാക്യങ്ങൾ 7:6-23) വിവാഹിതരായ ക്രിസ്ത്യാനികൾ തങ്ങളുടെ മനസ്സിനെയും ഹൃദയത്തെയും അലഞ്ഞുതിരിയാൻ അനുവദിച്ചാൽ അവർക്ക് തങ്ങൾ വിശ്വസ്തതക്കു പ്രതിജ്ഞചെയ്ത ഇണയെ വഞ്ചിച്ചുകൊണ്ട് വിശ്വാസവഞ്ചനയോടുകൂടിയ നടത്തയിലേക്ക് അനായാസം വീണുപോകാൻകഴിയും.—1 കൊരിന്ത്യർ 6:18; 7:1-5; എബ്രായർ 13:4.
13.(എ) റെറലിവിഷന് നമ്മുടെ ചിന്തയെ രൂപപ്പെടുത്താൻ എങ്ങനെ കഴിയും? (ബി) നമുക്ക് അത്തരം സ്വാധീനത്തെ എങ്ങനെ ചെറുത്തുനിൽക്കാൻ കഴിയും?
13 അസത്യങ്ങളും വഞ്ചനയും ഉഗ്രകോപവും സാധാരണമായിരിക്കുന്ന ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. ഈ അധഃപതിച്ച മാനസികഭാവം വളർത്തൻ സാത്താൻ മാദ്ധ്യമത്തെ പൂർണ്ണമായും ഉപയോഗിക്കുന്നു. റെറലിവിഷൻ പരമ്പരകൾ അഥവാ ററീവി നാടകങ്ങൾ പരസ്പര വഞ്ചനയിൽ ജീവിക്കുന്ന സുമുഖരായ ആളുകളെ ചിത്രീകരിക്കുന്നു. നമ്മെ ബാധിക്കാൻ നാം ആ ചിന്തയെ അനുവദിക്കുന്നുവെങ്കിൽ നാം പെട്ടെന്നുതന്നെ “ചെറിയ” പാപങ്ങൾക്ക് വഴങ്ങിത്തുടങ്ങിയേക്കാം, അവ “വലിയ” പാപങ്ങളിലേക്കു നയിക്കുന്ന കുരുക്കായിത്തീരാം. സാത്താന്റെ കൗശലപൂർവകമായ നിർദ്ദേശങ്ങൾ അനായാസം നമ്മുടെ ചിന്തയിലേക്ക് സാവധാനം പ്രവേശിക്കുന്നു. അങ്ങനെയുള്ള സ്വാധീനങ്ങളെ നമുക്ക് എങ്ങനെ ചെറുത്തുനിൽക്കാൻ കഴിയും? പൗലോസ് ബുദ്ധിയുപദേശിക്കുന്നതുപോലെ “ഒരിക്കലും പിശാചിന് ഇടംകൊടുക്കരുത്.” അത് റെറലിവിഷനിലൂടെ നിങ്ങളുടെ വീട്ടിലേക്ക് നിങ്ങൾ അനുവദിക്കുന്നവരെ നിയന്ത്രിക്കുന്നതിനെയും അർത്ഥമാക്കുന്നു. നമ്മുടെ താമസമുറിയിലേക്ക് പ്രദൂഷണത്തെ ആനയിക്കുന്ന അക്രമാസക്തരും അധർമ്മികളും അസഭ്യസംസാരികളുമായവരുടെ നുഴഞ്ഞുകയററത്തെ നാം കഠിനമായി വെറുക്കേണ്ടതല്ലേ?—എഫേസ്യർ 4:23-32.
നമുക്ക് സാത്താനെ ചെറുക്കാനും ദൈവത്തോടു വിശ്വസ്തരായി നിലകൊള്ളാനും എങ്ങനെ കഴിയും?
14.സാത്താനെ ചെറുത്തുനിൽക്കാൻ ഏതു ഇരുമടങ്ങായ തീരുമാനം ആവശ്യമാണ്, ഇതിന് എന്താവശ്യമാണ്?
14 അപൂർണ്ണ മനുഷ്യജീവികളായ നമുക്കെതിരെ ഇത്ര ശക്തനും മനുഷ്യാതീതനനുമായ ഒരു ശത്രു നിലകൊള്ളുന്നതുകൊണ്ട് നമുക്ക് എങ്ങനെ നിർമ്മലത പാലിക്കാൻ കഴിയും? യാക്കോബിന്റെ വാക്കുകളിൽ താക്കോൽ കാണപ്പെടുന്നു: “അതുകൊണ്ട് ദൈവത്തിനു നിങ്ങളെത്തന്നെ കീഴ്പ്പെടുത്തുക; എന്നാൽ പിശാചിനെ എതിർക്കുക, എന്നാൽ അവൻ നിങ്ങളെ വിട്ട് ഓടിപ്പോകും.” (യാക്കോബ് 4:7) യാക്കോബിന്റെ ബുദ്ധിയുപദേശം ഇരുമടങ്ങാണെന്ന് ഓർക്കുക. നാം പിശാചിനെയും അവന്റെ ഇഷ്ടത്തെയും എതിർക്കുമ്പോൾത്തന്നെ നാം ദൈവേഷ്ടത്തിനു നമ്മേത്തന്നെ കീഴ്പ്പെടുത്തണം. അതിൽ ദൈവേഷ്ടത്തെ പ്രിയപ്പെടുന്നതും സാത്താന്റെ ഇഷ്ടത്തെ വെറുക്കുന്നതും ഉൾപ്പെടുന്നു. (റോമർ 12:9) അങ്ങനെ, യാക്കോബ് പറയുന്നു: “ദൈവത്തോട് അടുത്തുചെല്ലുക, എന്നാൽ അവൻ നിങ്ങളോട് അടുത്തുവരും. പാപികളേ, നിങ്ങളുടെ കൈകളെ വെടിപ്പാക്കുക, അനിശ്ചിതരേ, നിങ്ങളുടെ ഹൃദയങ്ങളെ നിർമ്മലീകരിക്കുകയും ചെയ്യുക.” (യാക്കോബ് 4:8) അതെ, സാത്താനോടുള്ള നമ്മുടെ ചെറുത്തുനിൽപ്പിൽ അർദ്ധഹൃദയത്തിനോ അനിശ്ചിതത്വത്തിനൊ ഇടമില്ല. ദുഷ്ടതയുടെ അതിർവരമ്പിനോട് എത്ര അടുക്കാമെന്ന് കണ്ടുകൊണ്ട് നമുക്ക് നമ്മുടെ നിർമ്മലതയെ അപകടപ്പെടുത്താൻ കഴികയില്ല. നാം പൂർണ്ണമായും “ദുഷ്ടതയെ വെറുക്കണം.”—സങ്കീർത്തനം 97:10.
15.“ദൈവത്തിൽനിന്നുള്ള സമ്പൂർണ്ണ പടച്ചട്ട” അത്യന്താപേക്ഷിതമായിരിക്കുന്നതെന്തുകൊണ്ട്? ദൃഷ്ടാന്തീകരിക്കുക.
15 എഫേസ്യർ 6-ാം അദ്ധ്യായത്തിൽ സാത്താനെ ചെറുക്കുന്നതു സംബന്ധിച്ച മികച്ച ബുദ്ധിയുപദേശം കാണുന്നു. സാത്തന്റെ “കുതന്ത്രങ്ങളെ,” അല്ലെങ്കിൽ “പദ്ധതികളെ,” അല്ലെങ്കിൽ “നയോപായങ്ങളെ” നമുക്ക് എങ്ങനെ ചെറുക്കാൻ കഴിയുമെന്നാണ് പൗലോസ് പറയുന്നത്? (എഫേസ്യർ 6:11. ഫിലിപ്സ്, ന്യൂ ഇൻറർനാഷനൽ വേർഷൻ, ദി ജറൂസലം ബൈബിൾ) “ദൈവത്തിൽനിന്നുള്ള സമ്പൂർണ്ണ പടച്ചട്ട ധരിക്കാൻ” അവൻ ബുദ്ധിയുപദേശിക്കുന്നു. “സമ്പൂർണ്ണ പടച്ചട്ട” എന്ന ഈ പദപ്രയോഗം ക്രിസ്ത്യാനിത്വത്തെ സംബന്ധിച്ച അലക്ഷ്യ വീക്ഷണത്തിന് ഇടം നൽകുന്നില്ല, ഒരു റോമൻ പടയാളിക്ക് യുദ്ധസജ്ജനാകുമ്പോൾ അലക്ഷ്യത പാടില്ലാത്തതുപോലെതന്നെ. പടയാളി പരിചയും ശിരസ്ത്രവും ഒഴിച്ച് മുഴു പടക്കോപ്പും ധരിച്ച് ഒരുങ്ങുന്നുവെങ്കിൽ അയാൾ എങ്ങനെ വിജയിക്കും? ‘അത് യഥാർത്ഥത്തിൽ ഒരു വലിയ പരിചയാണ്, ശിരസ്ത്രത്തിന് വലിയ ഭാരമാണ്. അവയുടെ ഭാരം ഭയങ്കരമാണ്. എനിക്ക് അവ യഥാർത്ഥത്തിൽ ആവശ്യമില്ല’ എന്ന് അയാൾക്ക് വിചാരിക്കാമായിരുന്നു.. ഒരു റോമൻപടയാളി പ്രതിരോധത്തിനുള്ള തന്റെ പ്രധാന ഉപകരണങ്ങളില്ലാതെ പോരാടാൻ സായുധനാകുന്നതിനെക്കുറിച്ച് ചിന്തിക്കുക.—എഫേസ്യർ 6:16, 17.
16.(എ) നമ്മുടെ “വാൾ” ഉപയോഗിക്കുന്നതിൽ നാം യേശുവിന്റെ ദൃഷ്ടാന്തം എങ്ങനെ അനുസരിക്കണം? (ബി) നമുക്ക് സാത്താന്റെ “എരിയുന്ന ബാണങ്ങൾ”ക്കെതിരെ എങ്ങനെ ജാഗ്രത പാലിക്കാം, എന്തു ഫലത്തോടെ?
16 ഒരു പടയാളിക്ക് വാളില്ലാത്തതിനെക്കുറിച്ചും സങ്കൽപ്പിക്കുക. “ആത്മാവിന്റെ വാൾ” സാത്താൻ ക്രിസ്ത്യാനിക്കെതിരെ കൊണ്ടുവരുന്ന ആയുധങ്ങളെ അരിഞ്ഞുവീഴ്ത്താൻ ഉപയോഗിക്കപ്പെടുന്നതുകൊണ്ട് അത് നല്ല ഒരു സംരക്ഷണമാണ്. നമ്മുടെ “വാൾ” എപ്പോഴും ലഭ്യമായിരിക്കണം. നമ്മുടെ വ്യക്തിപരവും കുടുംബപരവുമായ ബൈബിൾപഠനത്തെ നാം അവഗണിക്കുന്നില്ലെങ്കിൽ അത് അങ്ങനെയായിരിക്കും. എന്നാൽ “ദൈവവചനമാകുന്ന. . . വാൾ” പ്രമുഖമായി ആക്രമണത്തിനുള്ള നമ്മുടെ ഉപകരണമാണ്. യേശു അത് രണ്ടു വിധത്തിലും ഉപയോഗിച്ചു. (മത്തായി 4:6, 7, 10; 22:41-46) നാമും അങ്ങനെ ഉപയോഗിക്കണം. നാം സത്യം സംബന്ധിച്ച നമ്മുടെ വിലമതിപ്പിനെ മൂർച്ചയുള്ളതാക്കിക്കൊണ്ടിരിക്കണം. സത്യത്തിലെ നമ്മുടെ ആദ്യമാസങ്ങളിലോ വർഷങ്ങളിലൊ നാം പഠിച്ചതിന്റെ അടിസ്ഥാനത്തിൽ നമുക്കു നമ്മുടെ ആത്മീയതയെ നിലനിർത്താൻ കഴികയില്ല. നാം നമ്മുടെ മനസ്സിലെ ആത്മീയ പരിപഥങ്ങളെ പുതുക്കിക്കൊണ്ടിരിക്കുന്നതിൽ പരാജയപ്പെടുന്നുവെങ്കിൽ നമ്മുടെ ആത്മീയ ദർശനം മങ്ങിപ്പോകും. യഹോവയുടെ സത്യാരാധനക്കുവേണ്ടിയുള്ള നമ്മുടെ തീക്ഷ്ണത കുറഞ്ഞുപോകും. നാം ആത്മീയമായി ദുർബലരായിത്തീരും. നമ്മുടെ വിശ്വാസങ്ങളെ പുച്ഛിച്ചേക്കാവുന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും വിശ്വാസത്യാഗികളുടെയും ആക്രമണങ്ങളെ തുരത്താൻ നാം മേലാൽ പ്രാപ്തരാകുകയില്ല. എന്നാൽ “ദൈവത്തിൽനിന്നുള്ള സമ്പൂർണ്ണ പടച്ചട്ട”സഹിതം നാം നമ്മേത്തന്നെ സജ്ജരാക്കിക്കൊണ്ടിരിക്കുന്നുവെങ്കിൽ ദൈവം നമ്മെ പിശാചിൽനിന്നും അവന്റെ “എരിയുന്ന ബാണങ്ങളിൽ”നിന്നും രക്ഷിക്കും.—യെശയ്യാവ് 35:3, 4.
17, 18.നമ്മുടെ പോരാട്ടം ആർക്കെതിരായിട്ടാണ്, നമുക്ക് എങ്ങനെ ജയിക്കാൻ കഴിയും?
17 അതെ, പൗലോസ് പിൻവരുന്ന പ്രകാരം എഴുതിയപ്പോൾ ക്രിസ്തീയ പോരാട്ടത്തിൽ ഉൾപ്പെട്ടിരിക്കുന്ന അപകടത്തെക്കുറിച്ച് അവൻ ഊന്നിപ്പറഞ്ഞു: “എന്തെന്നാൽ നമ്മുടെ പോരാട്ടം മനുഷ്യശത്രുക്കൾക്കെതിരായിട്ടല്ല, പിന്നെയോ ബ്രഹ്മശക്തികൾക്കെതിരായി, ഈ അന്ധകാരലോകത്തിന്റെ അധികാരികൾക്കും ഭരണാധിപൻമാർക്കുമെതിരായി, ആകാശങ്ങളിലെ മനുഷ്യാതീത ദുഷ്ടശക്തികൾക്കുമെതിരായിട്ട് ആകുന്നു.” (എഫേസ്യർ 6:12, ദി ന്യൂ ഇംഗ്ലീഷ് ബൈബിൾ) അത്തരം അസമമായ ഒരു യുദ്ധത്തിൽ നിസ്സാര മനുഷ്യരായ നമുക്ക് എങ്ങനെ ചെറുത്തുനിൽക്കാനും ജയിക്കാനും കഴിയും? പൗലോസ് തന്റെ ആശയം ആവർത്തിക്കുന്നു: “ഈ കാരണത്താൽ ദുഷ്ടദിവസത്തിൽ ചെറുത്തുനിൽക്കുന്നതിനും നിങ്ങൾ സകല കാര്യങ്ങളും പൂർണ്ണമായി ചെയ്തശേഷം ഉറച്ചുനിൽക്കുന്നതിനും പ്രാപ്തരാകേണ്ടതിന് ദൈവത്തിൽനിന്നുള്ള സമ്പൂർണ്ണ പടച്ചട്ട ധരിച്ചുകൊൾക.” (എഫേസ്യർ 6:13) പ്രമുഖ പ്രസ്താവന: “നിങ്ങൾ സകല കാര്യങ്ങളും പൂർണ്ണമായി ചെയ്തശേഷം” എന്നതാണ്. വീണ്ടും ഇത് അർദ്ധഹൃദയത്തോടുകൂടിയതോ വ്യതിചലിച്ചതോ ആയ ക്രിസ്ത്യാനിത്വത്തിന് ഇടം ശേഷിപ്പിക്കുന്നില്ല.—1 യോഹന്നാൻ 2:15-17.
18 അതുകൊണ്ട്, യഹോവയുടെ നീതിയെ സ്നേഹിച്ചുകൊണ്ടും സമാധാന സുവിശേഷം പ്രസംഗിച്ചുകൊണ്ടും നമ്മുടെ മുഖ്യ താങ്ങെന്ന നിലയിൽ ദൈവവചനത്തിൽ ആശ്രയിക്കെ യേശുക്രിസ്തുമുഖേന യഹോവ നമുക്കു നൽകുന്ന രക്ഷയെ ശക്തമായ വിശ്വാസത്തോടെ മുറുകെപ്പിടിച്ചുകൊണ്ടും നമുക്കു സത്യത്തിൽ ഉറച്ചുനിൽക്കാം. (എഫേസ്യർ 6:14-17) ദൈവം നമുക്കുവേണ്ടി കരുതുന്നുവെന്നും സാത്താന്റെ വ്യവസ്ഥിതിയിൽ നമ്മുടെ മാർഗ്ഗമദ്ധ്യേ വരുന്ന പീഡാനുഭവങ്ങളെയും ഉൽക്കണ്ഠകളെയും ജയിക്കാൻ നമ്മെ സഹായിക്കുമെന്നും ഓർക്കുക. നമുക്കെല്ലാം ഈ മുന്നറിയിപ്പ് അനുസരിക്കാം: “ജാഗ്രത പാലിക്കുക, ഉണർന്നിരിക്കുക. നിങ്ങളുടെ എതിരാളിയായ പിശാച് ആരെയെങ്കിലും വിഴുങ്ങാൻ ശ്രമിച്ചുകൊണ്ട് അലറുന്ന സിംഹത്തെപ്പോലെ ഊടാടി നടക്കുകയാണ്.” അതെ, “വിശ്വാസത്തിൽ ഉറപ്പുള്ളവരായി അവനെതിരെ നിങ്ങളുടെ നിലപാടു സ്വീകരിക്കുക.”—1 പത്രോസ് 5:6-9.
19.(എ) സാത്താനെ ചെറുത്തുനിൽക്കാൻ നാം കൂടുതലായ ഏത് അത്യന്താപേക്ഷിത കരുതൽ ഉപയോഗിക്കണം? (ബി) സാത്താന് ഒടുവിൽ എന്തു സംഭവിക്കും?
19 “പടച്ചട്ട”യോട് പൗലോസ് അത്യന്താപേക്ഷിതമായി കൂട്ടിച്ചേർക്കുന്നതെന്തെന്ന് നമുക്ക് മറക്കാതിരിക്കാം. അവൻ പറയുന്നു: “നിങ്ങൾ സകലതരം പ്രാർത്ഥനാരൂപത്തോടും അപേക്ഷയോടുംകൂടെ നിങ്ങൾ ആത്മാവിൽ ഏതു അവസരത്തിലും പ്രാർത്ഥന നടത്തവേ. ആ ലക്ഷ്യത്തിൽ സകല വിശുദ്ധൻമാർക്കുംവേണ്ടി സകല സ്ഥിരതയോടും അപേക്ഷയോടുംകൂടെ ഉണർന്നിരിക്കുക.” (എഫേസ്യർ 6:18) നമ്മുടെ അദൃശ്യ ശത്രു വളരെ ശക്തനായതുകൊണ്ട് നമുക്ക് “സകലതരം പ്രാർത്ഥനാരൂപവും അപേക്ഷയും” ആവശ്യമാണ്. അപ്പോൾ നമ്മുടെ പ്രാർത്ഥനകൾ എത്ര യഥാർത്ഥവും വിവിധവുമായിരിക്കണം! നാം പോരാട്ടത്തിൽ വിജയിക്കുകയും നിർമ്മലത പാലിക്കുകയും ചെയ്യണമെങ്കിൽ നാം യഹോവയിൽ സമ്പൂർണ്ണമായി ആശ്രയിക്കുന്നത് മർമ്മപ്രധാനമാണ്. അവനു മാത്രമേ നമ്മുടെ വിട്ടുമാറാത്ത എതിരാളിയെ ചെറുത്തുനിൽക്കാൻ നമ്മെ പ്രാപ്തരാക്കുന്ന “സാധാരണയിൽ കവിഞ്ഞ ശക്തി” നൽകാൻ കഴികയുള്ളു. നമ്മുടെ വലിയ എതിരാളി പെട്ടെന്നുതന്നെ അഗാധത്തിലടക്കപ്പെടുമെന്നും ഒടുവിൽ എന്നേക്കും നിർമ്മൂലമാക്കപ്പെടുമെന്നും അറിയുന്നത് എന്തോരു ആശ്വാസമാണ്!—2 കൊരിന്ത്യർ 4:7; വെളിപ്പാട് 20:1-3, 10. (w88 9/1)
[അടിക്കുറിപ്പുകൾ]
a ജഫ്രി ബർട്ടൻ റസ്സൽ എഴുതിയ സാത്താൻ—ആദിമ ക്രിസ്തീയ പാരമ്പര്യം പേജ് 25.
b പുതിയനിയമപദങ്ങളുടെ ഒരു വ്യാഖ്യാന നിഘണ്ടു
നിങ്ങൾക്ക് ഉത്തരംപറയാൻ കഴിയുമോ?
□ സാത്താൻ ഒരു യഥാർത്ഥ വ്യക്തിയാണെന്ന് നാം എങ്ങനെ അറിയുന്നു?
□ സാത്താന്റെ മററു പേരുകളും സ്ഥാനപ്പേരുകളും യോജിക്കുന്നതായിരിക്കുന്നതെന്തുകൊണ്ട്?
□ എന്ത് ആത്മാപഗ്രഥനം സാത്താന്റെ കൗശലപൂർവകമായ ആക്രമണങ്ങളെ ചെറുത്തുനിൽക്കാൻ നമ്മെ സഹായിച്ചേക്കാം?
□ സാത്താനെ കീഴടക്കുന്നതിൽ ഏത് ഉപദേശം സഹായിക്കും, എന്തുകൊണ്ട്?
[10-ാം പേജിലെ ചിത്രം]
സാത്താന്റെ സ്വാധീനത്തെ ചെറുത്തുനിൽക്കാനുള്ള ഒരു മാർഗ്ഗം ബഹിർമുഖരായിരിക്കുകയും സഹായിക്കുകയും സ്നേഹിക്കുകയും ചെയ്യുകയെന്നതാണ്
[11-ാം പേജിലെ ചിത്രം]
നാം സാത്താനു വിധേയരായ അനന്യാസിനെയും സഫീറയേയും പോലെയാകുന്നതിനെതിരെ ജാഗ്രത പാലിക്കണം
[12-ാം പേജിലെ ചിത്രം]
സാത്താന്റെ ബാണങ്ങളെ അകററുന്നതിന് നമുക്ക് നമ്മുടെ ആത്മീയ പടച്ചട്ടയുടെ യാതൊരു ഭാഗവും ഒഴിവാക്കാൻ പാടില്ല