“അങ്ങനെയുള്ള ആളുകളെ പ്രിയരായി കരുതുക”
“അങ്ങനെയുള്ള പുരുഷൻമാരെ അംഗീകരിക്കുക.”—1 കൊരിന്ത്യർ 16:18.
1. അപ്പോസ്തലനായ പൗലോസ് ഏതു തരം ആളകളെ വിശേഷാൽ പ്രിയരായി കരുതി, അങ്ങനെയുള്ള ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ച് അവൻ എന്ത് എഴുതി?
അപ്പോസ്തലനായ പൗലോസ് വിശേഷാൽ പ്രിയരായി കരുതിയ അങ്ങനെയുള്ള ആളുകൾ യഹോവക്കും തങ്ങളുടെ സഹോദരൻമാർക്കുമായി തങ്ങളുടെ ശക്തി കലവറകൂടാതെ ചെലവഴിക്കാൻ സന്നദ്ധരായവരായിരുന്നു. അങ്ങനെയുള്ള ഒരു സഹപ്രവർത്തകനെക്കുറിച്ച് പൗലോസ് ഇങ്ങനെ എഴുതി: “അവന് സകല സന്തോഷത്തോടുംകൂടെ കർത്താവിൽ പതിവുള്ള സ്വാഗതമരുളുക; അങ്ങനെയുള്ള ആളുകളെ പ്രിയരായി കരുതുക, എന്തുകൊണ്ടെന്നാൽ കർത്താവിന്റെ വേല നിമിത്തം അവൻ തന്റെ ദേഹിയെ അപകടത്തിനു വിധേയമാക്കിക്കൊണ്ട് മരണത്തോടു വളരെ അടുത്തു.”—ഫിലിപ്പിയർ 2:29, 30.
2. നാം ആർക്ക് പ്രത്യേക പരിഗണന കൊടുക്കേണ്ടതാണ്, എന്തുകൊണ്ട്?
2 ഇന്ന് യഹോവയുടെ സാക്ഷികളുടെ 60,000-ത്തിലധികം സഭകളിൽ തങ്ങളുടെ സഹോദരങ്ങളുടെ ഇടയിലെ തങ്ങളുടെ കഠിനവേല നിമിത്തം നാം വിശേഷാൽ വിലമതിക്കേണ്ട അനേകം വളരെ നല്ല ക്രിസ്തീയ പുരുഷൻമാരുണ്ട്. നാം അങ്ങനെയുള്ള ആളുകളെ പ്രിയരായി കരുതണമെന്നു പ്രകടമാക്കിക്കൊണ്ട് പൗലോസ് ഇങ്ങനെ പ്രസ്താവിച്ചു: “സഹോദരൻമാരെ, നിങ്ങളുടെ ഇടയിൽ കഠിനവേല ചെയ്യുകയും കർത്താവിൽ നിങ്ങളുടെമേൽ ആദ്ധ്യക്ഷം വഹിക്കുകയും നിങ്ങളെ ബുദ്ധിയുപദേശിക്കുകയും ചെയ്യുന്നവരോട് ആദരവു കാട്ടാനും അവരുടെ വേല നിമിത്തം അവർക്ക് സ്നേഹപൂർവം അസാധാരണയിലും കൂടുതലായ പരിഗണന കൊടുക്കാനും ഞങ്ങൾ നിങ്ങളോട് അപേക്ഷിക്കുന്നു. അന്യോന്യം സമാധാനമുള്ളവരായിരിക്കുക.”—1 തെസ്സലോനീക്യർ 5:12, 13.
3. (എ) അന്യോന്യം സമാധാനമുള്ളവരായിരിക്കാൻ നമ്മെ എന്തു സഹായിക്കും? (ബി) ഏതു കാര്യത്തിൽ മൂപ്പൻമാർ മാതൃക വെക്കണം?
3 നമ്മുടെ എല്ലാ സഹോദരീസഹോദരൻമാരോടുമുള്ള ഉചിതമായ വിലമതിപ്പ്, വിശേഷിച്ച് കഠിനവേല ചെയ്യുന്ന മൂപ്പൻമാരോടുള്ള വിലമതിപ്പ്, നമ്മുടെ സഭകളിലെ സമാധാനപരമായ ജീവിതത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒരു ഘടകമാണെന്നുള്ളതിന് സംശയമില്ല. ക്രിസ്തീയ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലുമെന്നപോലെ ഇതിലും മൂപ്പൻമാർ “ആട്ടിൻകൂട്ടത്തിന് മാതൃകകളാ”യിരിക്കണം. (1 പത്രോസ് 5:2, 3) എന്നിരുന്നാലും, മൂപ്പൻമാർക്ക് തങ്ങളുടെ കഠിനവേല നിമിത്തം സഹോദരൻമാരാൽ വിലമതിക്കപ്പെടാൻ ഉചിതമായി പ്രതീക്ഷിക്കാൻ കഴിയുമെന്നിരിക്കെ, അവർ അന്യോന്യം തക്ക പരിഗണന പ്രകടമാക്കുന്നതിലും മാതൃക വെക്കണം.
“അന്യോന്യം ബഹുമാനിച്ചുകൊണ്ട്”
4, 5. (എ) കഠിനാദ്ധ്വാനികളായ മൂപ്പൻമാരെ അപ്പോസ്തലനായ പൗലോസ് വിലമതിച്ചുവെന്ന് എന്തു പ്രകടമാക്കുന്നു? (ബി) അവൻ റോമിലെ ക്രിസ്ത്യാനികൾക്ക് എന്ത് എഴുതി, അവന്റെ വാക്കുകൾ വിശേഷാൽ മൂപ്പൻമാർക്കു ബാധകമാകുന്നതെന്തുകൊണ്ട്?
4 ഈ കാര്യത്തിൽ അപ്പോസ്തലനായ പൗലോസ് നല്ല മാതൃക വെച്ചു. നാം മുൻ ലേഖനത്തിൽ കണ്ടതുപോലെ, അവൻ തന്റെ സഹോദരീസഹോദരൻമാരിലെ നൻമകൾക്കായി നോക്കി. കഠിനവേല ചെയ്യുന്ന മൂപ്പൻമാരെ സ്നേഹിക്കാനും ആദരിക്കാനും അവൻ ക്രിസ്ത്യാനികളെ പ്രോൽസാഹിപ്പിച്ചുവെന്നു മാത്രമല്ല, അവരോട് അവൻതന്നെ വേണ്ട വിലമതിപ്പു പ്രകടമാക്കുകയും ചെയ്തു. അവൻ അങ്ങനെയുള്ള ആളുകളെ പ്രിയരായി കരുതിയെന്ന് പ്രകടമാണ്.—ഫിലിപ്പിയർ 2:19-25, 29; കൊലോസ്യർ 4:12, 13; തീത്തോസ് 1:4, 5 താരതമ്യംചെയ്യുക.
5 റോമിലെ ക്രിസ്ത്യാനികൾക്കുള്ള തന്റെ ലേഖനത്തിൽ പൗലോസ് ഇങ്ങനെ എഴുതി: “സഹോദരസ്നേഹത്തിൽ അന്യോന്യം ആർദ്രപ്രിയം കാട്ടുക. അന്യോന്യം ബഹുമാനിക്കുന്നതിൽ മുന്നിട്ടുനിൽക്കുക. നിങ്ങളുടെ പ്രവൃത്തിയിൽ അലസത കാട്ടരുത്. ആത്മാവുകൊണ്ടു ജ്വലിക്കുക. യഹോവക്കുവേണ്ടി അടിമവേല ചെയ്യുക.” (റോമർ 12:10, 11) തീർച്ചയായും, ഈ വാക്കുകൾ മുഖ്യമായി ക്രിസ്തീയ മൂപ്പൻമാർക്കാണ് ബാധകമാകുന്നത്. എല്ലാ ക്രിസ്ത്യാനികളിലുംവെച്ച് അവർ അന്യോന്യം ബഹുമാനിക്കുന്നതിൽ മുന്നിട്ടുനിൽക്കണം.
6. (എ) മൂപ്പൻമാർ എന്തു ചെയ്യുന്നത് ഒഴിവാക്കണം, എന്തുകൊണ്ട്? (ബി) മൂപ്പൻമാർക്ക് മൂപ്പൻമാരുടെ മുഴുസംഘത്തോടുമുള്ള സഭയുടെ വിശ്വാസത്തെ എങ്ങനെ വർദ്ധിപ്പിക്കാൻ കഴിയും?
6 മൂപ്പൻമാർ തങ്ങളുടെ സഹമൂപ്പൻമാരെ സംബന്ധിച്ച് അവഹേളനാപരമായ പ്രസ്താവനകൾ നടത്താതിരിക്കാൻ വിശേഷാൽ ശ്രദ്ധിക്കണം. എല്ലാവരും അപൂർണ്ണരായതുകൊണ്ട് യാതൊരു മൂപ്പനും എല്ലാ ഗുണങ്ങളും സമുന്നതമായ അളവിൽ ഇല്ല. ചിലർ ചില ഗുണങ്ങളിൽ മികവു കാട്ടുന്നു, എന്നാൽ അവർ മററു ചിലതിൽ ദുർബലരാണ്. മൂപ്പൻമാർക്ക് അന്യോന്യം ഉചിതമായ സഹോദരസ്നേഹവും ആർദ്രപ്രിയവുമുണ്ടെങ്കിൽ അവർ ഓരോരുത്തർക്കുമുള്ള ദൗർബല്യങ്ങളെ കാര്യമാക്കുകയില്ല. സഹോദരൻമാരുമായുള്ള അവരുടെ സംഭാഷണത്തിൽ അവർ തങ്ങളുടെ സഹമൂപ്പൻമാരുടെ ശക്തമായ പോയിൻറുകൾ ചൂണ്ടിക്കാണിക്കും. അങ്ങനെ അന്യോന്യം ബഹുമാനിക്കുന്നതിൽ മുന്നിട്ടുനിന്നുകൊണ്ട് അവർ മൊത്തത്തിൽ മൂപ്പൻമാരുടെ സംഘത്തോട് സഭക്കുള്ള വിശ്വാസത്തെ വർദ്ധിപ്പിക്കും.
ഒരു സംഘമെന്ന നിലയിൽ ഒരുമിച്ചു പ്രവർത്തിക്കൽ
7. ഐക്യത്തിൽ ഒരുമിച്ചു പ്രവർത്തിക്കാൻ മൂപ്പൻമാരെ എന്തു സഹായിക്കും, അവർ ഇത് എങ്ങനെ പ്രകടമാക്കും?
7 സഹോദരൻമാരുടെ പുനഃക്രമീകരണം മുന്നിൽ കണ്ടുകൊണ്ടും ശുശ്രൂഷാവേലക്കുവേണ്ടിയും ഭൂമിയിലെ തന്റെ സഭക്ക് ക്രിസ്തു നൽകിയ “മനുഷ്യരാം ദാനങ്ങളെ”ക്കുറിച്ച് സംസാരിച്ച ശേഷം അപ്പോസ്തലനായ പൗലോസ് എഴുതി: “നമുക്ക് എല്ലാററിലും തലയായ ക്രിസ്തുവിലേക്കു സ്നേഹത്തിൽ വളരാം.” (എഫേസ്യർ 4:7-15) ക്രിസ്തുവാണ് സഭയുടെ പ്രവർത്തനനിരതനായ ശിരസ്സെന്നും മൂപ്പൻമാർ അവന്റെ അധികാരമാകുന്ന വലംകൈക്കു കീഴ്പ്പെട്ടിരിക്കണമെന്നുമുള്ള തിരിച്ചറിവ് മൂപ്പൻമാരുടെ ഓരോ സംഘത്തിനുള്ളിലും ഒരു ഏകീകരണഘടകമാണ്. (എഫേസ്യർ 1:22; കൊലോസ്യർ 1:18; വെളിപ്പാട് 1:16, 20; 2:1) അവർ പരിശുദ്ധാത്മാവിലൂടെയും ബൈബിൾതത്വങ്ങളിലൂടെയും “വിശ്വസ്തനും വിവേകിയുമായ അടിമ”യുടെ ഭരണസംഘത്തിന്റെ നേതൃത്വത്തിലൂടെയും നൽകപ്പെടുന്ന അവന്റെ മാർഗ്ഗനിർദ്ദേശം തേടും.—മത്തായി 24:45-47; പ്രവൃത്തികൾ 15:2, 28; 16:4, 5.
8. എല്ലാ മൂപ്പൻമാരും എന്ത് ഓർക്കണം, അവർ എങ്ങനെ അന്യോന്യം ബഹുമാനം കാണിക്കും?
8 ഏതു സാഹചര്യത്തെയും നേരിടുന്നതിന് അല്ലെങ്കിൽ ഏതു പ്രധാന തീരുമാനവും ചെയ്യുന്നതിന് ആവശ്യമായ ബൈബിൾതത്വം പ്രദാനംചെയ്യാൻ മൂപ്പൻമാരുടെ സംഘത്തിലെ ഏതു മൂപ്പന്റെ മനസ്സിനെയും പരിശുദ്ധാത്മാവു മുഖേന നയിക്കാൻ ക്രിസ്തുവിന് കഴിയുമെന്ന് മൂപ്പൻമാർ തിരിച്ചറിയും. (പ്രവൃത്തികൾ 15:6-15) മൂപ്പൻമാരുടെ സംഘത്തിനുള്ളിൽ യാതൊരു മൂപ്പനും ആത്മാവിന്റെ കുത്തകയില്ല. ചർച്ചചെയ്യപ്പെടുന്ന ഏതു വിഷയത്തോടും ഒരു ബൈബിൾതത്വമോ ഭരണസംഘത്തിൽനിന്നുള്ള ഒരു നിർദ്ദേശമോ ബന്ധിപ്പിക്കുന്ന തങ്ങളിൽപെട്ട ആരെയും സൂക്ഷ്മമായി ശ്രദ്ധിച്ചുകൊണ്ട് മൂപ്പൻമാർ അന്യോന്യം ബഹുമാനിക്കും.
9. (എ) ഏത് ആത്മീയ ഗുണങ്ങൾ തന്റെ സഹ മൂപ്പൻമാരോട് ഗർവോടെ പെരുമാറുന്നതിൽനിന്ന് ഒരു മേൽവിചാരകനെ തടയാൻ സഹായിക്കും? (ബി) ഒരു മൂപ്പന് “ന്യായബോധമുള്ളവൻ” എന്ന് എങ്ങനെ പ്രകടമാക്കാം, ഒന്നാം നൂററാണ്ടിലെ ഭരണസംഘം ഈ കാര്യത്തിൽ എങ്ങനെ മാതൃക വെച്ചു?
9 ക്രിസ്തീയ വിനയവും സൗമ്യതയും താഴ്മയും തന്റെ സഹോദരൻമാരെ ഭരിക്കാനും തന്റെ അഭിപ്രായം അടിച്ചേൽപ്പിക്കാനും ശ്രമിക്കുന്നതിൽനിന്ന് ഏതു മൂപ്പനെയും തടയും. (സദൃശവാക്യങ്ങൾ 11:2; കൊലോസ്യർ 3:12) ഒരു ക്രിസ്തീയമേൽവിചാരകന് ഒരു സംഗതിസംബന്ധിച്ച് വളരെ ശക്തവും ആത്മാർത്ഥവുമായ വീക്ഷണങ്ങളുണ്ടായിരിക്കാം. എന്നാൽ തന്നോടു വിയോജിക്കാൻ തന്റെ സഹമൂപ്പൻമാർക്ക്, തിരുവെഴുത്തുപരവും ദിവ്യാധിപത്യപരവുമായ കാരണങ്ങളുണ്ടെന്ന് അയാൾ കാണുന്നുവെങ്കിൽ അയാൾ ‘സ്വയം ഒരു ചെറിയവനായി വർത്തിക്കുകയും’ ഭൂരിപക്ഷ വീക്ഷണത്തിനു വഴങ്ങിക്കൊണ്ട് “ന്യായബോധമുള്ള”വനെന്ന് പ്രകടമാക്കുകയുംചെയ്യും.a (ലൂക്കോസ് 9:48; 1 തിമൊഥെയോസ് 3:3) അയാൾ ഒന്നാം നൂററാണ്ടിലെ ഭരണസംഘം വെച്ച നല്ല മാതൃക പിന്തുടരും, അവർ ഒരു തിരുവെഴുത്തുചർച്ചക്കുശേഷവും പരിശുദ്ധാത്മാവു മുഖേന ക്രിസ്തുവിനാൽ കൊടുക്കപ്പെട്ട നേതൃത്വത്തിലും ഒരു “ഏകകണ്ഠമായ യോജിപ്പിൽ” എത്തി.—പ്രവൃത്തികൾ 15:25.
10. (എ) ഓരോ സഭയിലും ഓരോ മൂപ്പൻമാരുടെ സംഘത്തെ നിയമിക്കുന്നത് ഒരു ബൈബിളധിഷ്ഠിത ക്രമീകരണമാണെന്ന് എന്ത് തെളിയിക്കുന്നു? (ബി) നമ്മുടെ ശുശ്രൂഷ നിർവഹിക്കാൻ സംഘടിതർ എന്ന പുസ്തകം ഈ ക്രമീകരണത്തിന്റെ പ്രയോജനത്തെ വിശദീകരിക്കുന്നതെങ്ങനെ?
10 ഓരോ സഭയിലും നേതൃത്വം വഹിക്കുന്നതിന് മൂപ്പൻമാരുടെ സംഘത്തെ നിയമിക്കുന്നത് ആദിമ ക്രിസ്തീയ സഭയുടെ മാതൃകയെ അടിസ്ഥാനപ്പെടുത്തിയാണ്. (ഫിലിപ്പിയർ 1:1; 1 തിമൊഥെയോസ് 4:14; തീത്തോസ് 1:5; ജറൂസലം ബൈബിളിൽ തീത്തോസ് 1:5ലെ “മൂപ്പൻമാർ” എന്ന പദത്തിന്റെ അടിക്കുറിപ്പ് താരതമ്യംചെയ്യുക.) ഈ ക്രമീകരണത്തിന്റെ ജ്ഞാനം സംഗ്രഹിച്ചുകൊണ്ട് നമ്മുടെ ശുശ്രൂഷ നിർവഹിക്കാൻ സംഘടിതർ എന്ന പുസ്തകം (39-ാം പേജ്) ഇങ്ങനെ പ്രസ്താവിക്കുന്നു: “ചില മൂപ്പൻമാർ ഒരു ഗുണത്തെ അപേക്ഷിച്ചു മറെറാന്നിൽ കൂടുതൽ മുന്തിനിന്നേക്കാം. അതേ സംഘത്തിൽപെട്ട മററുള്ളവർ ചിലർക്കു ദുർബലതയുള്ള ഗുണങ്ങളിൽ മികച്ചുനിന്നേക്കാം. അപ്പോൾ ഫലം പൊതുവേ പറഞ്ഞാൽ മൊത്തത്തിൽ സംഘത്തിന് ദൈവസഭയുടെ ഉചിതമായ മേൽനോട്ടത്തിനാവശ്യമായ എല്ലാ സൽഗുണങ്ങളും അതിനുള്ളിൽത്തന്നെ ഉണ്ടായിരിക്കും എന്നതാണ്.”
മൂപ്പൻമാരുടെ സംഘങ്ങളുടെ ഇടയിലെ പരസ്പര ബഹുമാനം
11, 12. (എ) മൂപ്പൻമാരുടെ ഒരു സംഘത്തിന് അംഗങ്ങൾ വ്യക്തിഗതമായി പ്രവർത്തിക്കുന്നതിനെക്കാളധികം നിർവഹിക്കാൻ കഴിയുന്നതെന്തുകൊണ്ട്? (ബി) ക്രിസ്തുയേശുവും അപ്പോസ്തലനായ പൗലോസും മൂപ്പൻമാരുടെ സംഘങ്ങളോട് അങ്ങനെതന്നെ ഇടപെട്ടതെങ്ങനെ, എന്തു ബുദ്ധിയുപദേശം കൊടുക്കപ്പെട്ടു?
11 അങ്ങനെ മൂപ്പൻമാരുടെ ഒരു സംഘം തിരുവെഴുത്തുപരമായ ഒരു സത്തയാണ്. അതു മൊത്തത്തിൽ അതിന്റെ ഭാഗങ്ങളുടെ ആകെത്തുകയെ കവിഞ്ഞതിനെ പ്രതിനിധാനംചെയ്യുന്നു. അവർ ഒന്നിച്ചുകൂടി ക്രിസ്തുവും പരിശുദ്ധാത്മാവും മുഖേന യഹോവയുടെ മാർഗ്ഗനിർദ്ദേശത്തിനായി പ്രാർത്ഥിക്കുമ്പോൾ അവരോട് വ്യക്തിപരമായി ആലോചിക്കുമ്പോൾ എത്തിച്ചേരാൻ കഴിയുമായിരുന്നില്ലാത്ത തീരുമാനങ്ങളിലെത്താൻ കഴിയും. മൂപ്പൻമാർ ഒന്നിച്ചുകൂടുമ്പോൾ അവരുടെ വിവിധ ഗുണങ്ങൾ പ്രകടമാകുകയും കാര്യങ്ങൾ സംബന്ധിച്ച ക്രിസ്തുവിന്റെ മാർഗ്ഗനിർദ്ദേശത്തെ പ്രതിഫലിപ്പിക്കുന്ന ഫലങ്ങളുളവാക്കുകയും ചെയ്യുന്നു.—മത്തായി 18:19, 20 താരതമ്യംചെയ്യുക.
12 ക്രിസ്തു മൂപ്പൻമാരുടെ സംഘങ്ങളോട് അങ്ങനെ ഇടപെട്ടുവെന്ന് അവൻ ഏഷ്യാമൈനറിലെ “ഏഴു നക്ഷത്രങ്ങൾക്ക്” അഥവാ “ഏഴു സഭകളുടെ ദൂതൻമാർക്ക്” അയച്ച സന്ദേശങ്ങളാൽ സൂചിപ്പിക്കപ്പെടുന്നു. (വെളിപ്പാട് 1:11, 20) ആ സന്ദേശങ്ങളിൽ ആദ്യത്തേത് എഫേസൂസിലേക്ക് അതിന്റെ ‘ദൂതൻ’ അഥവാ അഭിഷിക്തമേൽവിചാരകൻമാരുടെ സംഘം വഴി അയക്കപ്പെട്ടു. ഏതാണ്ട് 40 വർഷം മുമ്പ് അപ്പോസ്തലനായ പൗലോസ് തന്നോടൊത്തുള്ള ഒരു പ്രത്യേക യോഗത്തിനായി എഫേസൂസിലെ മൂപ്പൻമാരെ മിലേത്തൂസിലേക്കു വരുത്തി. തങ്ങൾക്കുതന്നെ ശ്രദ്ധകൊടുക്കാനും സഭയെ മേയിക്കാനും അവൻ അവരെ ഓർമ്മിപ്പിച്ചു.—പ്രവൃത്തികൾ 20:17, 28.
13. മൂപ്പൻമാർ സ്ഥലത്തെ മൂപ്പൻമാരുടെ സംഘത്തിനുള്ളിലും മററു മൂപ്പൻമാരുടെ സംഘങ്ങളോടുള്ള തങ്ങളുടെ കൂട്ടായ ബന്ധത്തിലും തങ്ങൾ പ്രകടമാക്കുന്ന ആത്മാവിന് ശ്രദ്ധകൊടുക്കേണ്ടതെന്തുകൊണ്ട്?
13 മൂപ്പൻമാരുടെ സംഘങ്ങൾ തങ്ങളുടെ ഇടയിലും തങ്ങളുടെ സഭക്കുള്ളിലും ഒരു ശുഭോദർക്കമായ നല്ല ആത്മാവ് നിലനിർത്താൻ പ്രത്യേകശ്രദ്ധ ചെലുത്തണം. (പ്രവൃത്തികൾ 20:30) ഒരു ക്രിസ്ത്യാനി വ്യക്തിഗതമായി ഒരു പ്രത്യേക ആത്മാവ് പ്രകടമാക്കുന്നതുപോലെ, മൂപ്പൻമാരുടെ സംഘങ്ങൾക്കും മുഴു സഭകൾക്കും ഒരു പ്രത്യേക ആത്മാവ് വികസിപ്പിച്ചെടുക്കാൻ കഴിയും. (ഫിലിപ്പിയർ 4:23; 2 തിമൊഥെയോസ് 4:22; ഫിലേമോൻ 25) ചിലപ്പോൾ തങ്ങളുടെ സ്വന്തം സഭയിൽ അന്യോന്യം ബഹുമാനിക്കുന്ന മൂപ്പൻമാർ മറെറാരു മൂപ്പൻമാരുടെ സംഘത്തോട് ഐക്യക്കുറവു പ്രകടമാക്കുന്നതായി സംഭവിക്കുന്നു. ഒരേ ഹാളിൽ യോഗങ്ങൾ നടത്തുന്ന പല സഭകളുള്ള നഗരങ്ങളിൽ യോഗങ്ങളുടെ പട്ടികകളും പ്രദേശാതിർത്തികളും രാജ്യഹാളിലെ സംവിധാനങ്ങളും മററും സംബന്ധിച്ച് ചിലപ്പോൾ വിയോജിപ്പു വളർന്നുവരുന്നു. ഓരോ സംഘത്തിനുള്ളിലും മൂപ്പൻമാരെ ഭരിക്കുന്ന വിനയത്തിന്റെയും സൗമ്യതയുടെയും താഴ്മയുടെയും ന്യായബോധത്തിന്റെയും അതേ തത്വങ്ങൾ മൂപ്പൻമാരുടെ സംഘങ്ങൾ തമ്മിലുള്ള ബന്ധങ്ങളെയും ഭരിക്കണം. “സകലവും ആത്മികവർദ്ധനക്കായി നടക്കട്ടെ” എന്ന് അപ്പോസ്തലനായ പൗലോസ് ബുദ്ധിയുപദേശിച്ചു.—1 കൊരിന്ത്യർ 14:26.
സഞ്ചാര മേൽവിചാരകൻമാരോടുള്ള ഉചിതമായ ബഹുമാനം
14. മൂപ്പൻമാരുടെ വേറെ ഏതു വർഗ്ഗം പ്രിയരായി കരുതപ്പെടാനർഹരാണ്, എന്തുകൊണ്ട്?
14 യഹോവയുടെ സാക്ഷികളുടെ സഭകളുടെ ഇടയിൽ പ്രവർത്തനത്തിലിരിക്കുന്ന മറെറാരു ബൈബിളധിഷ്ഠിത ക്രമീകരണം സർക്കിട്ട് മേൽവിചാരകൻമാർ അഥവാ ഡിസ്ത്രിക്ററ് മേൽവിചാരകൻമാർ എന്നു വിളിക്കപ്പെടുന്ന സഞ്ചാര മൂപ്പൻമാരാലുള്ള അവയുടെ നിരന്തര സന്ദർശനമാണ്. (പ്രവൃത്തികൾ 15:36; 16:4, 5) ഇവർ പ്രമുഖമായി “ഒരു നല്ല രീതിയിൽ ഭരിക്കുന്ന പ്രായമേറിയ പുരുഷൻമാ”രാണ്. മററു മൂപ്പൻമാരേക്കാൾ ഒട്ടും കുറയാതെ അവരെ “വിശേഷാൽ പ്രസംഗത്തിലും പഠിപ്പിക്കലിലും കഠിനവേല ചെയ്യുന്നവരെ, ഇരട്ടി ബഹുമാനത്തിന് യോഗ്യരായി എണ്ണ”ണം.—1 തിമൊഥെയോസ് 5:17.
15. സഞ്ചാരസുവിശേഷകരെ സംബന്ധിച്ച് അപ്പോസ്തലനായ യോഹന്നാൻ എന്തു ബുദ്ധിയുപദേശം കൊടുത്തു?
15 അപ്പോസ്തലനായ യോഹന്നാൻ തന്റെ മൂന്നാമത്തെ ലേഖനത്തിൽ ദിയൊത്രെഫേസ് “സഹോദരൻമാരെ ആദരവോടെ സ്വീകരിക്കാൻ വിസമ്മതിച്ച”തുകൊണ്ട് അയാളെ വിമർശിച്ചു. (വാക്യം 10) ഈ സഹോദരൻമാർ “[യഹോവയുടെ] നാമത്തിനുവേണ്ടി” പുറപ്പെട്ട സഞ്ചാര ക്രിസ്ത്യാനികളായിരുന്നു. (വാക്യം 7) പ്രത്യക്ഷത്തിൽ, അവർ സന്ദർശിച്ച പട്ടണങ്ങളിൽ സുവാർത്ത പ്രസംഗിക്കുന്നതിനും സഭകളെ പുഷ്ടിപ്പെടുത്തുന്നതിനും സുവിശേഷകരായി അവർ അയക്കപ്പെട്ടിരുന്നു. ഈ കഠിനാദ്ധ്വാനികളായ സഞ്ചാര പ്രസംഗകർ ‘ദൈവത്തിനു യോഗ്യമായ ഒരു വിധത്തിൽ പറഞ്ഞയക്കപ്പെടണ’മെന്ന് യോഹന്നാൻ ഉദ്ബോധിപ്പിച്ചു. (വാക്യം 6) അപ്പോസ്തലൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “അതുകൊണ്ട്, നാം സത്യത്തിൽ കൂട്ടുവേലക്കാരായിത്തീരേണ്ടതിന് നാം അങ്ങനെയുള്ള ആളുകളെ അതിഥിപ്രിയത്തോടെ സ്വീകരിക്കാനുള്ള കടപ്പാടിൻ കീഴിലാണ്.” (വാക്യം 8) അവരെ ആദരവോടെ സ്വീകരിക്കണമായിരുന്നു.
16. ഒന്നാം നൂററാണ്ടിലെ സുവിശേഷകർക്കുവേണ്ടി താൻ ചെയ്ത വിശ്വസ്തവേലയിൽ ഗായോസ് വെച്ച ദൃഷ്ടാന്തത്തെ ഇന്നത്തെ എല്ലാ ക്രിസ്ത്യാനികൾക്കും പിന്തുടരാവുന്നതെങ്ങനെ, ഇത് ഉചിതമായിരിക്കുന്നതെന്തുകൊണ്ട്?
16 അതുപോലെതന്നെ ഇന്നും സുവാർത്ത പ്രസംഗിക്കുന്നതിനും സഭകളെ സഹായിക്കുന്നതിനുമായി ഭരണസംഘം അയക്കുന്ന സഞ്ചാര മേൽവിചാരകൻമാരെ അതിഥിപ്രിയത്തോടെയും ആദരവോടെയും സ്വീകരിക്കേണ്ടതാണ്. ഈ സഹോദരൻമാരും (അനേകരുടെയും കാര്യത്തിലെന്നപോലെ വിവാഹിതരെങ്കിൽ) ഭാര്യമാരും ഒരു സ്ഥിരവസതിയിലെ താമസം വിട്ടുകളയാൻ സന്നദ്ധരായിരിക്കുന്നു. അവർ ഒരു സ്ഥലത്തുനിന്നു മറെറാന്നിലേക്കു സഞ്ചരിക്കുകയും തങ്ങളുടെ ആഹാരത്തിനും കിടപ്പിനും മിക്കപ്പോഴും സഹോദരൻമാരുടെ അതിഥിപ്രിയത്തെ ആശ്രയിക്കുകയും ചെയ്യുന്നു. ക്രി.വ. ഒന്നാം നൂററാണ്ടിൽ സഞ്ചാര സുവിശേഷകരെ സ്നേഹപൂർവം സ്വീകരിച്ച ഗായോസിന് യോഹന്നാൻ ഇങ്ങനെ എഴുതി: “പ്രിയനേ, നീ സഹോദരൻമാർക്കും അപരിചിതർക്കും വേണ്ടി ചെയ്യുന്നതിലെല്ലാം ഒരു വിശ്വസ്തമായ വേലയാണ് ചെയ്യുന്നത്.” (3 യോഹന്നാൻ 5) അങ്ങനെ ഇന്നും, ‘യഹോവയുടെ നാമത്തിനുവേണ്ടി’ സഞ്ചരിക്കുന്നവർ പ്രിയരായി കരുതപ്പെടാനും സ്നേഹവും ആദരവും കാട്ടപ്പെടാനും അർഹരാണ്.
17. ഭരണസംഘത്തിന്റെ സന്ദർശകപ്രതിനിധികളോട് സഭാമൂപ്പൻമാർ എങ്ങനെ ഉചിതമായ ആദരവു കാണിക്കണം?
17 വിശേഷാൽ മൂപ്പൻമാർ ഭരണസംഘത്തിന്റെ ഈ സഞ്ചാരപ്രതിനിധികളോട് ഉചിതമായ ആദരവ് കാണിക്കണം. അവരുടെ ആത്മീയ ഗുണങ്ങളും അനുഭവപരിചയവും നിമിത്തമാണ് അവർ സഭകളിലേക്ക് അയക്കപ്പെടുന്നത്. അത് സാധാരണയായി അനേകം പ്രാദേശിക മൂപ്പൻമാരുടേതിലും വിപുലമാണ്. ഈ സഞ്ചാര മേൽവിചാരകൻമാരിൽ ചിലർ അവർ സന്ദർശിക്കുന്ന സഭകളിലെ ചില മൂപ്പൻമാരേക്കാൾ പ്രായത്തിൽ ഇളപ്പമായിരിക്കാം. എന്നാൽ അത് അവർക്ക് ഉചിതമായ ആദരവ് നിരസിക്കുന്നതിന് സാധുവായ കാരണമല്ല. അവർ തിമൊഥെയോസിനോടുള്ള പൗലോസിന്റെ മുന്നറിയിപ്പ് ഓർത്തുകൊണ്ട്, ഒരു സഹോദരനെ ഒരു ശുശ്രൂഷാദാസനായോ മൂപ്പനായോ ശുപാർശചെയ്യാനുള്ള സ്ഥലത്തെ മൂപ്പൻമാരുടെ തിടുക്കത്തെ മയപ്പെടുത്തേണ്ടതിന്റെ ആവശ്യം കണ്ടേക്കാം. (1 തിമൊഥെയോസ് 5:22) സന്ദർശക മേൽവിചാരകൻ സ്ഥലത്തെ മേൽവിചാരകൻമാർ ഉന്നയിക്കുന്ന വാദങ്ങൾക്ക് തക്ക പരിഗണന കൊടുക്കണമെന്നിരിക്കെ, മൂപ്പൻമാർ അയാളെ ശ്രദ്ധിക്കാനും അദ്ദേഹത്തിന്റെ വിപുലമായ അനുഭവപരിചയത്തിൽനിന്ന് പ്രയോജനം നേടാനും മനസ്സുള്ളവരായിരിക്കണം. അതെ, അവർ “അങ്ങനെയുള്ള ആളുകളെ പ്രിയരായി കരുതണം.”—ഫിലിപ്പിയർ 2:29.
“അങ്ങനെയുള്ള പുരുഷൻമാരെ അംഗീകരിക്കുക”
18, 19. (എ) പൗലോസ് തന്റെ സഹപ്രവർത്തകരോട് വിലമതിപ്പു പ്രകടമാക്കിയതെങ്ങനെ? (ബി) പൗലോസ് തന്റെ സഹോദരൻമാരോട് നീരസം വെച്ചുപുലർത്തിയില്ലെന്ന് ഏതു ദൃഷ്ടാന്തം പ്രകടമാക്കുന്നു?
18 കൊരിന്ത്യർക്കുള്ള തന്റെ ഒന്നാമത്തെ ലേഖനത്തിൽ പൗലോസ് ഇങ്ങനെ എഴുതി: “സഹോദരൻമാരേ, ഇപ്പോൾ ഞാൻ നിങ്ങളെ ഉദ്ബോധിപ്പിക്കുകയാണ്: സ്തെഫനാസിന്റെ കുടുംബം അഖായയിലെ ആദ്യഫലമാണെന്നും അവർ വിശുദ്ധൻമാരെ ശുശ്രൂഷിക്കാൻ ഒരുങ്ങിയിരിക്കുന്നുവെന്നും നിങ്ങൾക്കറിയാം. അങ്ങനെയുള്ള ആളുകൾക്കും സഹകരിക്കുകയും അദ്ധ്വാനിക്കുകയും ചെയ്യുന്ന ഏവനും നിങ്ങളും കീഴ്പ്പെട്ടിരിക്കുക. എന്നാൽ സ്തെഫനാസും ഫൊർത്തുനാത്തൊസും അഖായിക്കൊസും വന്നതിൽ ഞാൻ സന്തോഷിക്കുന്നു, എന്തുകൊണ്ടെന്നാൽ അവർ നിങ്ങളുടെ ഇവിടത്തെ അസാന്നിദ്ധ്യത്തെ പരിഹരിച്ചിരിക്കുന്നു. എന്തെന്നാൽ അവർ എന്റെയും നിങ്ങളുടെയും ആത്മാവിനെ തണുപ്പിച്ചിരിക്കുന്നു. അതുകൊണ്ട് അങ്ങനെയുള്ള പുരുഷൻമാരെ അംഗീകരിക്കുക.”—1 കൊരിന്ത്യർ 16:15-18.
19 പൗലോസിന് തന്റെ സഹോദരൻമാരോട് എത്ര നല്ല ഉദാരമായ മനോഭാവമാണുണ്ടായിരുന്നത്, അവരിൽ ചിലർ വിപുലമായി അറിയപ്പെട്ടിരുന്നില്ല. എന്നാൽ അവർ വിശുദ്ധൻമാരെ ശുശ്രൂഷിക്കാനുള്ള തങ്ങളുടെ ശ്രമങ്ങളിൽ “സഹകരിക്കുകയും” കഠിനമായി “അദ്ധ്വാനിക്കുകയും” ചെയ്തിരുന്നതുകൊണ്ട് പൗലോസ് അവരെ സ്നേഹിച്ചു. കഴിഞ്ഞുപോയതൊക്കെ മറക്കുന്നതിലും പൗലോസ് നല്ല മാതൃകവെച്ചു. യോഹന്നാൻ മർക്കോസ് തന്റെ ഒന്നാമത്തെ മിഷനറിയാത്രയിൽ തന്നെ നിരാശപ്പെടുത്തിയെങ്കിലും പൗലോസ് പിന്നീട് കൊലോസ്സിയിലെ സഭക്ക് അവനെ ഊഷ്മളമായി ശുപാർശചെയ്തു. (പ്രവൃത്തികൾ 13:13; 15:37, 38; കൊലോസ്യർ 4:10) റോമിൽ തടവിലാക്കപ്പെട്ടപ്പോൾ പൗലോസ്, മർക്കോസ് വരാനപേക്ഷിച്ചു, എന്തുകൊണ്ടെന്നാൽ അവൻ പറഞ്ഞതുപോലെ, “[മർക്കോസ്] ശുശ്രൂഷക്ക് എനിക്ക് ഉപയോഗമുള്ളവനാണ്.” (2 തിമൊഥെയോസ് 4:11) അവിടെ ക്ഷുദ്രമായ നീരസം വെച്ചുപുലർത്തലില്ല!
20. പൊതുവേ ക്രിസ്ത്യാനികളും വിശേഷിച്ചു മൂപ്പൻമാരും തങ്ങൾ വിശ്വസ്തമേൽവിചാരകൻമാരെ വിലമതിക്കുന്നുവെന്നും “അങ്ങനെയുള്ള ആളുകളെ പ്രിയരായി കരുതുന്നു”വെന്നും പ്രകടമാക്കേണ്ടതെങ്ങനെ?
20 ഇന്ന് സ്തെഫനാസിനെപ്പോലെ തങ്ങളുടെ സഹോദരങ്ങളെ ശുശ്രൂഷിക്കുന്ന അർപ്പണബോധമുള്ള അനേകം മേൽവിചാരകൻമാർ ദൈവജനത്തിന്റെ ഇടയിലുണ്ട്. അവർക്ക് കുററങ്ങളും കുറവുകളും ഉണ്ടെന്നുള്ളത് തീർച്ചയാണ്. എന്നിരുന്നാലും, അവർ “വിശ്വസ്തനും വിവേകിയുമായ അടിമ”യോടും അതിന്റെ ഭരണസംഘത്തോടും “സഹകരിക്കുകയും” പ്രസംഗവേലയിലും തങ്ങളുടെ സഹോദരങ്ങളെ സഹായിക്കുന്നതിലും കഠിനമായി അദ്ധ്വാനിക്കുകയും ചെയ്യുന്നുണ്ട്. നാം ‘അങ്ങനെയുള്ള ആളുകൾക്ക് കീഴ്പെട്ടിരിക്കണം’, അവരുടെ കുറവുകൾ അന്വേഷിക്കാതെ അവരുടെ ഗുണങ്ങൾ നിമിത്തം അവരെ വിലമതിച്ചുകൊണ്ടുതന്നെ. മൂപ്പൻമാർ തങ്ങളുടെ സഹമൂപ്പൻമാരോട് തക്ക വിലമതിപ്പും ആദരവും പ്രകടമാക്കുന്നതിൽ മുന്നിട്ടു നിൽക്കണം. മൂപ്പൻമാർ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ആത്മാവിൽ അന്യോന്യം സഹകരിക്കേണ്ടതാണ്. അങ്ങനെയുള്ള വിശ്വസ്ത സഹോദരൻമാരുടെ മൂല്യത്തെ എല്ലാവരും അംഗീകരിക്കുകയും “അങ്ങനെയുള്ള ആളുകളെ പ്രിയരായി കരുതുകയും”ചെയ്യും.—ഫിലിപ്പിയർ 2:29. (w88 10/1)
[അടിക്കുറിപ്പുകൾ]
a പുതിയലോകഭാഷാന്തരം റഫറൻസ് ബൈബിളിലെ ഒരു അടിക്കുറിപ്പ് 1 തിമൊഥെയോസ് 3:3ലെ “ന്യായബോധമുള്ള” എന്ന പദം അക്ഷരീയമായി “കീഴ്പ്പെടുന്ന” എന്നർത്ഥമുള്ള ഒരു ഗ്രീക്ക് പദത്തിന്റെ വിവർത്തനമാണെന്ന് സൂചിപ്പിക്കുന്നു.
പുനരവലോകന പോയിൻറുകൾ
□ പൗലോസ് എങ്ങനെയുള്ള ആളുകളെ വിശേഷാൽ പ്രിയരായി കരുതി, ആർ ഇന്ന് നമ്മുടെ പ്രത്യേക പരിഗണന അർഹിക്കുന്നു?
□ തങ്ങൾ അന്യോന്യം ബഹുമാനിക്കുന്നുവെന്ന് മൂപ്പൻമാർ എങ്ങനെ പ്രകടമാക്കണം?
□ മൂപ്പൻമാരുടെ ഒരു സംഘത്തിന് അതിലെ അംഗങ്ങൾ ഒററക്കു പ്രവർത്തിക്കുന്നതിനെക്കാൾ കൂടുതൽ നിർവഹിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
□ മൂപ്പൻമാരുടെ ഒരു സംഘം മൂപ്പൻമാരുടെ മറെറാരു സംഘത്തെ ബഹുമാനിക്കുന്നുവെന്ന് ഏതു മണ്ഡലങ്ങളിൽ പ്രകടമാക്കുന്നതായിരിക്കും?
□ ഏതു തരം മേൽവിചാരകൻമാർ വിശേഷാൽ പ്രിയരായി കരുതപ്പെടാൻ അർഹരാണ്, എങ്ങനെ ഈ ഉചിതമായ ആദരവ് പ്രകടമാക്കാൻ കഴിയും?
[19-ാം പേജിലെ ചിത്രം]
മൂപ്പൻമാർ അന്യോന്യം ഉചിതമായ വിലമതിപ്പു പ്രകടമാക്കണം
[22-ാം പേജിലെ ചിത്രം]
സഞ്ചാര മേൽവിചാരകൻമാരോട് സ്നേഹവും ആദരവും പ്രകടമാക്കുക