ദിവ്യസംരക്ഷണത്തിന്റെ തെളിവ്
ദൈവത്തിന്റെ നിശ്വസ്ത വചനം നമ്മിലേക്ക് തികഞ്ഞ കൃത്യതയോടെ സംപ്രേക്ഷണം ചെയ്യപ്പെട്ടിരിക്കുന്നു. അത്തരം അത്യത്ഭുതകരമായ സംരക്ഷണത്തിന്, നാം ബൈബിളിന്റെ എഴുത്തുകാരന് ആദ്യമായി നന്ദിപറയണം. ഒരുപക്ഷേ മുഴുഎബ്രായ തിരുവെഴുത്തുകളുടെയോ അതിന്റെ ഭാഗങ്ങളുടെയോ 6,000 കൈയെഴുത്തുകളും, ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ ഏതാണ്ട് 5,000 വും ഉണ്ട്.
“യഹോവയുടെ വചനം എന്നേക്കും നിലനിൽക്കുന്നു.” (1 പത്രോസ് 1:25) എന്നാൽ അവന്റെ വിശുദ്ധവചനത്തിന്റെ സംരക്ഷണം സംബന്ധിച്ച് ആധുനികകാല ഗവേഷണം എന്താണ് വെളിപ്പെടുത്തുന്നത്?
എത്ര ആശ്രയ യോഗ്യമായ ഒരു മൂലപതിപ്പ്?
ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ മൂലപതിപ്പ് എത്ര ആശ്രയ യോഗ്യമാണ്? തീർച്ചയായും വളരെ ആശ്രയയോഗ്യം. പഴക്കത്തെ അതിജീവിച്ച മററ് എഴുത്തുകളെ കണക്കിലെടുക്കുമ്പോൾ താരതമ്യത്തിനതീതമായ ആശ്രയ യോഗ്യത തന്നെ. ആഫ്ദെൻ സ്പൗരെൻ ജെസു [യേശുവിന്റെ കാലടികളിൽ] എന്ന പുസ്തകത്തിൽ ജെർഹാർഡ് ക്രോളിനാൽ ഈ വസ്തുത പ്രദീപ്തമാക്കപ്പെട്ടു. ദൃഷ്ടാന്തത്തിന് ഗ്രൻഥകാരൻ, ഗ്രീക്ക് തത്വജ്ഞാനിയായിരുന്ന അരിസ്റേറാട്ടിലിന്റെ [പൊ. യു. മു. 4-ാം നൂററാണ്ട്] എഴുത്തുകളുടെ ആറ് പാപ്പിറസുകൾ മാത്രമാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നതെന്നു കാണിക്കുന്നു. അവയിലേറെയും പൊതുയുഗം പത്താം നൂററാണ്ടുമുതലോ അതിനുശേഷമോ ഉള്ളവതന്നെ. പ്ലേറേറായുടെ എഴുത്തുകൾ [പൊ. യു. മു. 4-ാം നൂററാണ്ട്] അൽപ്പംകൂടെ ഭേദപ്പെട്ട നിലയിലാണ്. അദ്ദേഹത്തിന്റെ എഴുത്തുകളുടെ 13-ാം നൂററാണ്ടിനു മുമ്പുള്ള പത്തു കൈയെഴുത്തുകളുണ്ട്. ഹെരോദോത്തസിന്റെ സംഗതിയിൽ [പൊ. യു. മു. 5-ാം നൂററാണ്ട്] പൊതുയുഗം ഒന്നാം നൂററാണ്ടു മുതലും അതിനുശേഷവുമുള്ള ഏതാണ്ട് 20 പാപ്പിറസ് ശകലങ്ങൾ ഉണ്ട്. അദ്ദേഹത്തിന്റെ ഗ്രൻഥത്തിന്റെ ആദ്യത്തെ പൂർണ്ണമായ കൈയെഴുത്തുപ്രതികളുടെ കാലനിർണ്ണയം പത്താം നൂററാണ്ടുമുതലാണ്. ജോസീഫസിന്റെ എഴുത്തുകളുടെ ഏററവും നേരത്തെയുള്ള കൈയെഴുത്തുകളുടെ കാലനിർണ്ണയം 11-ാം നൂററാണ്ടുവരെ മാത്രമേ പുറകോട്ടുപോകുന്നുള്ളു.
ഇതിൽ നിന്നും വ്യത്യസ്തമായി ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളുടെ മൂലപതിപ്പ് [പൊ. യു. ഒന്നാം നൂററാണ്ടിൽ പൂർത്തീകരിക്കപ്പെട്ടത്] രണ്ടാം നൂററാണ്ടുമുതൽ ഭാഗികവും നാലാം നൂററാണ്ടുമുതൽ പൂർണ്ണവുമായ പകർപ്പുകളാൽ ഉറപ്പായി സാക്ഷ്യപ്പെടുത്തപ്പെട്ടിരിക്കുന്നു. ക്രോൾ പറയുന്നപ്രകാരം 2 മുതൽ 7 വരെയുള്ള നൂററാണ്ടുകളിൽ നിന്നായി 81 പാപ്പിറസുകളും നാലുമുതൽ 10 വരെയുള്ള നൂററാണ്ടുകളിൽ നിന്നായി, 266 അങ്കീൽ കൈയെഴുത്തുപ്രതികളും (വടിവൊത്ത വലിയ അക്ഷരങ്ങളോടെ പിടിച്ചെഴുതിയത്) 9 മുതൽ 15 വരെയുള്ള നൂററാണ്ടുകളിൽ നിന്നായി 2,754 ക്ർസീവ് കൈയെഴുത്തു പ്രതികളും (കൂട്ടക്ഷരത്തിൽ എഴുതിയത്) കൂടാതെ 2,135 ദൈനംദിന പള്ളിപാരായണഭാഗങ്ങളും ഉണ്ട്. ഇതെല്ലാം ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളുടെ മൂലപതിപ്പിനെ സ്ഥിരീകരിക്കുവാൻ നമ്മെ സഹായിക്കുന്നു. തൻമൂലം, ഉവ്വ്, അത് വളരെ നന്നായി സാക്ഷ്യപ്പെടുത്തപ്പെട്ടിരിക്കുക തന്നെ ചെയ്യുന്നു.
യോഹന്നാന്റെ സുവിശേഷത്തിന്റെ ഒരു സുപ്രധാന ശകലം
വിലയേറിയ ഒരു ബൈബിൾ കൈയെഴുത്തിന്റെ ഭാഗം ചപ്പുചവറിന്റെ ഒരു കൂനയിൽ കാണുമെന്ന് ആരാണ് പ്രതീക്ഷിക്കുക? എന്നിട്ടും, യോഹന്നാന്റെ സുവിശേഷത്തിന്റെ 18-ാം അദ്ധ്യായത്തിന്റെ ഒരു അമൂല്യ ശകലം കണ്ടത് അവിടെ ആയിരുന്നു. ജോൺ റൈലാണ്ട്സ് പാപ്പിറസ് 457 [P52] എന്ന് അറിയപ്പെടുന്ന അത് ഇംഗ്ലണ്ടിലെ മാഞ്ചസ്റററിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഇതു കണ്ടുപിടിക്കപ്പെട്ടതെങ്ങനെയായിരുന്നു, കൂടാതെ ഇത് അത്ര പ്രാധാന്യമുള്ളതായിരിക്കുന്നത് എന്തുകൊണ്ടാണ്?
ഈ നൂററാണ്ടിന്റെ തുടക്കത്തിൽ മററു പല മൂല എഴുത്തുകളോടുമൊപ്പം കത്തുകളും, രസീതുകളും, നിവേദനങ്ങളും, ജനസംഖ്യാരേഖകളും ഉൾപ്പെടുന്ന പാപ്പിറസുകളുടെ ഒരു കൂമ്പാരം ഈജിപ്ററിലെ എൽഫയിയും ഡിസ്ട്രിക്ടിൽ ഓക്സിറിഞ്ചസ് ടൗണിനു പുറത്ത് പുരാവസ്തുശാസ്ത്രജ്ഞർ കുഴിച്ചെടുത്തു. ഏറെയും ഗ്രീക്കിൽ എഴുതപ്പെട്ട അവയെല്ലാം വരണ്ട മണലിൽ നൂററാണ്ടുകളോളം കേടുപററാതെ സൂക്ഷിക്കപ്പെട്ടിരുന്നു.
1920 എന്ന വർഷത്തിൽ ഈ പാപ്പിറസുകളുടെ ശേഖരം മാഞ്ചസ്റററിലെ ജോൺറൈലാണ്ട്സ് ലൈബ്രറി വാങ്ങി. പതിനാലു വർഷങ്ങൾക്കുശേഷം ചില അംശങ്ങൾ തരംതിരിക്കുന്നതിനിടയിൽ പണ്ഡിതനായ സി. എച്ച്. റോബേട്ട്സ് തനിക്കു പരിചിതമായി തോന്നിയ ഏതാനും വാക്കുകൾ കണ്ടു. അവ, ആ ശകലത്തിന്റെ ഒരു വശത്ത് യോഹന്നാൻ 18-ാം അദ്ധ്യായത്തിന്റെ 31 മുതൽ 33 വരെയുള്ള വാക്യങ്ങളുടെ ഭാഗങ്ങളും മറേറ വശത്ത് 37ഉം 38ഉം വാക്യങ്ങളുടെ ഭാഗങ്ങളും [മറുപുറം] ആയിരുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോഴത്തെ അദ്ദേഹത്തിന്റെ വികാര തീവ്രത വിഭാവന ചെയ്യുക. ഈ പാപ്പിറസ് ശകലം കണ്ടുപിടിക്കപ്പെട്ടിട്ടുള്ള ഏതൊരു ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തു കൈയെഴുത്തു പ്രതിയിലും വച്ച് ആദ്യത്തെ, അറിയപ്പെടുന്ന അംശമാണെന്നു തെളിഞ്ഞു. അൺഷെയ്ൽ എന്നു വിളിക്കപ്പെടുന്ന ഗ്രീക്കു വലിയക്ഷരങ്ങളിൽ എഴുതപ്പെട്ട ഇത്, നമ്മുടെ പൊതുയുഗത്തിന്റെ രണ്ടാം നൂററാണ്ടിന്റെ ആദ്യപകുതിയിൽ ഉണ്ടായതാണ്.
ഈ ശകലത്തിന്റെ അളവ് കേവലം 3.5 X2.5 ഇഞ്ച് മാത്രമാണ്. ഈ പാപ്പിറസിന്റെ അംശത്തെ ഇത്ര കൃത്യമായി കാലനിർണ്ണയം ചെയ്യുക സാദ്ധ്യമായിരിക്കുന്നതെങ്ങനെയാണ്? മുഖ്യമായും, പാലിയോഗ്രാഫി എന്നറിയപ്പെടുന്ന പഠനരീതിയായ, എഴുത്തിന്റെ ശൈലിയുടെ പരിശോധനയിൽ തന്നെ. വർഷങ്ങൾകൊണ്ട് എല്ലാ കൈയക്ഷരങ്ങൾക്കും ക്രമേണ മാററം സംഭവിക്കുന്നു, ഈ മാററങ്ങളാണ് ഒരു കൈയെഴുത്തിന്റെ പഴക്കം സൂചിപ്പിക്കുന്നത്, ഇരുഭാഗത്തേക്കും ഏതാനും വർഷങ്ങളുടെ തെററുകൾക്കുള്ള സാദ്ധ്യതയോടെതന്നെ. അതുകൊണ്ട് ഈ ശകലം ഏതൊന്നിന്റെ ചെറിയ ഒരംശം മാത്രമായിരിക്കുന്നുവോ ആ പൂർണ്ണമായ കൈയെഴുത്ത് യോഹന്നാനാൽ തന്നെ എഴുതപ്പെട്ട മൂലസുവിശേഷ വിവരണത്തിന്റെ എഴുത്തിന്റെ സമയത്തോട് വളരെ അടുത്താണ് പകർത്തിയെഴുതപ്പെട്ടത്. സാദ്ധ്യതയനുസരിച്ച് 30ഓ 40ഓ വർഷങ്ങളോളം ചെറിയ ഒരു വിടവാണിത്. യോഹന്നാന്റെ വിവരണം പിൽക്കാല പകർപ്പെഴുത്തുകാരാൽ സാരമായി വ്യത്യാസപ്പെടുത്തപ്പെട്ടില്ലെന്നും നമുക്ക് ഉറപ്പുണ്ടായിരിക്കാം. എന്തുകൊണ്ടെന്നാൽ ആ ശകലത്തിലെ എഴുത്ത് വളരെ പിന്നീടുള്ള കൈയെഴുത്തു പ്രതികളിൽ കാണപ്പെടുന്നവയോട്, മിക്കവാറും പൂർണ്ണമായിതന്നെ ചേർച്ചയിലാണ്.
ഈ കണ്ടെത്തലിന് മുമ്പ് യോഹന്നാന്റെ സുവിശേഷം യേശുവിന്റെ അപ്പോസ്തലന്റെ ഒരു യഥാർത്ഥ എഴുത്തല്ലായെന്നും മറിച്ച് കുറേ നാളുകൾക്കുശേഷം രണ്ടാം നൂററാണ്ടിന്റെ അന്ത്യത്തോടെ എഴുതപ്പെട്ടതാണെന്നും വിമർശകർ വാദിച്ചിരുന്നു. നേരെമറിച്ച്, യോഹന്നാന്റെ സുവിശേഷം പൊതുയുഗത്തിന്റെ രണ്ടാം നൂററാണ്ടിന്റെ ആദ്യപകുതിയിൽ ഈജിപ്ററിൽ ഒരു ചുരുളായിട്ടല്ല, ഒരു കൈയ്യെഴുത്തുപ്രതിയായി പുസ്തകരൂപത്തിൽ സ്ഥിതിചെയ്തിരുന്നുവെന്ന്, ഇപ്പോൾ വ്യക്തമാണ്. അപ്രധാനമെന്നു തോന്നുന്ന അത്തരമൊരു പാപ്പിറസ് ശകലത്തിന്, വിമർശകരെ ഇത്ര ഫലപ്രദമായി നിശ്ശബ്ദരാക്കുവാൻ കഴിഞ്ഞുവെന്നത് എത്ര വിസ്മയാവഹം! (w88 11/15)
[31-ാം പേജിലെ ചതുരം]
പാപ്പിറസ്
ആഴം കുറഞ്ഞ, കെട്ടിനിൽക്കുന്ന ജലാശയങ്ങൾ അഥവാ ചതുപ്പുനിലങ്ങൾ എന്നിവയിലും സാവധാനത്തിലൊഴുകുന്ന നൈൽപോലെയുള്ള നദികളുടെ തീരങ്ങളിലും തഴച്ചുവളരുന്ന ഒരു സസ്യമാണ് പാപ്പിറസ്. (ഇയ്യോബ് 8:11) അബ്രഹാമിന്റെ കാലം മുതൽതന്നെ എഴുതുന്നതിനുള്ള ഒരു വസ്തുവായി പാപ്പിറസ് പത്രം ഉപയോഗിക്കപ്പെട്ടിരുന്നിരിക്കാം. പിൽക്കാലത്ത് അതിന്റെ നിർമ്മാണം പുരാതന ഈജിപ്ററുകാരുടെ ഒരു പ്രമുഖ വ്യവസായമായിരുന്നു. അതുണ്ടാക്കുന്നതിൽ അവർ വളരെ ലളിതമായ ഒരു പ്രവർത്തനക്രമം പിന്തുടർന്നു. ഉൾക്കാമ്പിന്റെ നീണ്ട കഷണങ്ങൾ നേർത്ത പാളികളായി മുറിച്ച് അടുക്കിവച്ചശേഷം, പശതേച്ച് മറെറാരു പാളിയുമായി കുറുകെ ചേർത്ത് ഒട്ടിക്കുന്നു. അനന്തരം ഇത് അമർത്തുകയും പരത്തി ഒരു താളാക്കുകയും വെയിലിൽ ഉണാക്കി, അതിനുശേഷം, ചാണക്കല്ലോ, ഷെല്ലുകളോ, ആനക്കൊമ്പോ കൊണ്ട് മിനുസപ്പെടുത്തിയെടുക്കുകയും ചെയ്യുന്നു. താളുകൾ കൂട്ടിച്ചേർത്ത് ഒരു ചുരുളാക്കാൻ കഴിയും, 133 അടിനീളമുള്ള ഒന്ന് സംരക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും ചുരുളിന്റെ ശരാശരി നീളം 14 അടിക്കും 20 അടിക്കും ഇടക്കായിരിക്കും. അതല്ലെങ്കിൽ പത്രങ്ങൾ മടക്കി, ആദിമ ക്രിസ്ത്യാനികൾക്കിടയിൽ ഏറെ പ്രചാരത്തിലായിരുന്ന കൈയെഴുത്തു രൂപമായ പുസ്തകസമാന പ്രതികളാക്കാൻ കഴിയും.
[31-ാം പേജിലെ ചതുരം]
ചർമ്മപത്രവും തോൽക്കടലാസും
മുഴുബൈബിളും ഉൾക്കൊള്ളുന്ന അഞ്ചാം നൂററാണ്ടിലെ അലക്സാണ്ടറിയൻ കോഡക്സ് തോൽക്കടലാസിലാണ് എഴുതിയിരിക്കുന്നത്. ഈ പദാർത്ഥം എന്താണ്, ഇത് ചർമ്മപത്രത്തിൽ നിന്ന് എങ്ങനെ വ്യത്യസ്തമായിരിക്കുന്നു.
ആദ്യകാലം മുതലേ, ചെമ്മരിയാട്, കോലാട്, അല്ലെങ്കിൽ പശുക്കുട്ടി എന്നിവയുടെ തോലിൽ നിന്നാണ് ചർമ്മപത്രം ഉണ്ടാക്കിയിരുന്നത്. കഴുകിയെടുത്ത തോലിലെ രോമം ചുരണ്ടി കളഞ്ഞശേഷം ഉണങ്ങുന്നതിനായി ഒരു ഫ്രെയിമിൽ വിരിച്ചിട്ടാണ് ഇതുണ്ടാക്കിയിരുന്നത്. (2 തിമൊഥെയോസ് 4:13 താരതമ്യപ്പെടുത്തുക.) നമ്മുടെ പൊതു യുഗത്തിന്റെ മൂന്നും നാലും നൂററാണ്ടുകളോടെ പദാർത്ഥത്തിന്റെ ഗുണനിലവാരങ്ങൾ തമ്മിൽ ഒരു വേർതിരിവ് അംഗീകരിക്കപ്പെട്ടു, പരുക്കനായത് ചർമ്മപത്രം എന്നറിയപ്പെടുന്നതിൽ തുടർന്നു, ലോലമായത് തോൽക്കടലാസും. പശുക്കുട്ടിയുടെയൊ അല്ലെങ്കിൽ വളരെ ചെറുതോ ചാപിള്ളയോ ആയ പശുക്കുട്ടികൾ ആട്ടിൻകുട്ടികൾ എന്നിവയുടെയോ ലോലമായ തൊലിമാത്രമേ തോൽക്കടലാസിനായി ഉപയോഗിച്ചിരുന്നുള്ളു. അവ നേർത്തതും മിനുസമുള്ളതും അച്ചടിയുടെ കണ്ടുപിടുത്തം വരെ പ്രധാന പുസ്തകങ്ങൾക്ക് ഉപയോഗിച്ചിരുന്നതുമായ മിക്കവാറും വെളുത്ത ഒരു എഴുതാനുപയോഗിക്കാവുന്ന പദാർത്ഥത്തിനു രൂപം നൽകി. അച്ചടിക്ക് പേപ്പറിന്റെ ഉപയോഗമായിരുന്നു മെച്ചപ്പെട്ടതും ചെലവു കുറഞ്ഞതും.