വിശ്വാസവും ഒരു നല്ല മനസ്സാക്ഷിയും പിടിച്ചുകൊള്ളുക
ഒന്നു തിമൊഥെയോസിൽനിന്നുള്ള വിശേഷാശയങ്ങൾ
അപ്പോസ്തലനായ പൗലോസ് ക്രി.വ. ഏകദേശം 56-ൽ എഫേസൂസ് സഭയിലെ മൂപ്പൻമാരുടെയിടയിൽ നിന്ന് “ക്രൂര ചെന്നായ്ക്കൾ” എഴുന്നേൽക്കുമെന്നും “ശിഷ്യൻമാരെ തങ്ങളുടെ പിന്നാലെ വലിക്കുന്നതിന് വളച്ചൊടിക്കപ്പെട്ട കാര്യങ്ങൾ സംസാരിക്കുമെന്നും” അവർക്കു മുന്നറിയിപ്പു കൊടുത്തു. (പ്രവൃത്തികൾ 20:29, 30) സഭയുടെ ശുദ്ധി കാത്തുസൂക്ഷിക്കുന്നതിനും സഹവിശ്വാസികളെ വിശ്വാസത്തിൽ നിലനിൽക്കുന്നതിന് സഹായിക്കുന്നതിനുംവേണ്ടി സഭക്കുള്ളിൽ ആത്മീയപോരാട്ടം നടത്താൻ പൗലോസ് തിമൊഥെയോസിനെ ഉപദേശിക്കത്തക്കവണ്ണം ചുരുക്കംചില വർഷങ്ങൾക്കുള്ളിൽ വിശ്വാസത്യാഗം അത്ര ഗുരുതരമായിത്തീർന്നിരുന്നു. ക്രി.വ. ഉദ്ദേശം 61-64-ൽ പൗലോസ് മക്കദോന്യയിൽനിന്ന് തിമൊഥെയോസിന് തന്റെ ഒന്നാമത്തെ ലേഖനം എഴുതിയതിന്റെ ഒരു പ്രമുഖകാരണം അതായിരുന്നു.
ഒരു മൂപ്പന്റെ ചുമതലകൾ, സ്ത്രീകളുടെ ദൈവനിയമിത സ്ഥാനം, മൂപ്പൻമാരുടെയും ശുശ്രൂഷാദാസൻമാരുടെയും യോഗ്യതകൾ, മററു കാര്യങ്ങൾ എന്നിവസംബന്ധിച്ച് തിമൊഥെയോസ് പ്രബോധിപ്പിക്കപ്പെട്ടു. അത്തരം പ്രബോധനങ്ങൾ ഇന്നും പ്രയോജനകരങ്ങളാണ്.
വിശ്വാസംസംബന്ധിച്ച ഉദ്ബോധനം
പൗലോസ് വിശ്വാസവും ഒരു നല്ല മനസ്സാക്ഷിയും പിടിച്ചുകൊള്ളുന്നതിന് ബുദ്ധിയുപദേശിച്ചുകൊണ്ട് ആരംഭിക്കുന്നു. (1 തിമൊഥെയോസ് 1:1-20) എഫേസൂസിൽ താമസിക്കാനും “വ്യത്യസ്ത ഉപദേശങ്ങൾ പഠിപ്പിക്കാതിരിക്കാൻ ചിലരോട് ആജ്ഞാപിക്കാനും” അവൻ തിമൊഥെയോസിനെ പ്രോത്സാഹിപ്പിച്ചു. പൗലോസ് യേശുവിന്റെ അനുഗാമികളെ പീഡിപ്പിച്ചപ്പോൾ അജ്ഞതയാലും വിശ്വാസക്കുറവിനാലും താൻ അങ്ങനെ ചെയ്തു എന്ന് സമ്മതിച്ചുകൊണ്ട് തനിക്കു നിയോഗിക്കപ്പെട്ട ശുശ്രൂഷ സംബന്ധിച്ച് നന്ദിപ്രകടിപ്പിച്ചു. അപ്പോസ്തലനായ പൗലോസ്, “വിശ്വാസവും ഒരു നല്ല മനസ്സാക്ഷിയും പിടിച്ചുകൊണ്ടും” “തങ്ങളുടെ വിശ്വാസം സംബന്ധിച്ച് കപ്പൽചേതം അനുഭവിച്ച”വരെപ്പോലെയായിത്തീരാതിരുന്നു കൊണ്ടും ആത്മീയ പോരാട്ടം നടത്തിക്കൊണ്ടിരിക്കാൻ തിമൊഥെയോസിനോട് ആജ്ഞാപിച്ചു.
ആരാധന സംബന്ധിച്ച് ബുദ്ധിയുപദേശം
അടുത്തതായി പൗലോസ് “വിശ്വാസവും സത്യവും സംബന്ധിച്ച് ജനതകളുടെ ഒരു ഉപദേഷ്ടാവ്” എന്ന നിലയിൽ ബുദ്ധിയുപദേശം കൊടുത്തു. (2:1-15) ക്രിസ്ത്യാനികൾക്ക് സമാധാനപരമായി ജീവിക്കാൻ സാധിക്കേണ്ടതിന് ഉന്നതസ്ഥാനങ്ങളിൽ ഉള്ളവരെസംബന്ധിച്ച് പ്രാർത്ഥിക്കണം. സകലതരം ആളുകളും രക്ഷപ്പെടണമെന്നതാണ് ദൈവത്തിന്റെ ഇഷ്ടം, ക്രിസ്തു “എല്ലാവർക്കുംവേണ്ടി തുല്യ മറുവിലയായി കൊടുത്തു” എന്നതാണ് ജീവൽപ്രധാനമായ ഒരു ഉപദേശം. ഒരു സ്ത്രീ എളിമ ധരിക്കുകയും പുരുഷന്റെമേൽ ആധിപത്യം നടത്താതിരിക്കുകയും വേണം എന്ന് പൗലോസ് പ്രകടമാക്കി.
സഭ നന്നായി സംഘടിപ്പിക്കപ്പെട്ടിരിക്കണം. (3:1-16) അതുകൊണ്ട് പൗലോസ് മേൽവിചാരകൻമാരുടെയും ശുശ്രൂഷാദാസൻമാരുടെയും യോഗ്യതകൾ വിവരിച്ചു. അപ്പോസ്തലനായ പൗലോസ് എഴുതിയ കാര്യങ്ങളിൽനിന്ന് തിമൊഥെയോസ്, “സത്യത്തിന്റെ ഒരു തൂണും താങ്ങും” ആയ സഭയിൽ പെരുമാറേണ്ടതെങ്ങനെയെന്ന് അറിയുമായിരുന്നു.
വ്യാജോപദേശത്തിനെതിരെ തന്നേത്തന്നെ സൂക്ഷിക്കുന്നതിന് തിമൊഥെയോസിന് പൗലോസ് വ്യക്തിപരമായ ബുദ്ധിയുപദേശം കൊടുത്തു. (4:1-16) പിൽക്കാലങ്ങളിൽ ചിലർ വിശ്വാസത്തിൽനിന്ന് വീണുപോകും. എന്നാൽ തനിക്കുതന്നെയും തന്റെ ഉപദേശത്തിനും സ്ഥിരമായ ശ്രദ്ധനൽകുന്നതിനാൽ തിമൊഥെയോസ്, ‘തന്നെത്തന്നെയും തന്നെ ശ്രദ്ധിക്കുന്നവരെയും’ രക്ഷിക്കുമായിരുന്നു.
ചെറുപ്പക്കാരും പ്രായമുള്ളവരുമായ വ്യക്തികളോടു ഇടപെടുന്നതുസംബന്ധിച്ചും തിമൊഥെയോസിനു ബുദ്ധിയുപദേശം ലഭിച്ചു. (5:1-25) ദൃഷ്ടാന്തത്തിന്, നല്ല ക്രിസ്തീയകീർത്തിയുള്ള പ്രായമേറിയ വിധവമാർക്കുവേണ്ടി അനുയോജ്യമായ ക്രമീകരണങ്ങൾ ചെയ്യണമായിരുന്നു. ഏഷണിപറഞ്ഞുനടക്കാതെ പ്രായക്കുറവുള്ള വിധവമാർ വിവാഹംചെയ്യുകയും കുട്ടികളെ പ്രസവിക്കുകയും വേണം. നല്ലരീതിയിൽ ആദ്ധ്യക്ഷംവഹിക്കുന്ന പ്രായമേറിയ പുരുഷൻമാർ ഇരട്ടി മാനത്തിന് യോഗ്യരായി എണ്ണപ്പെടണമായിരുന്നു.
സ്വയംപര്യാപ്തതയോടുകൂടിയ ദൈവികഭക്തി
ദൈവികഭക്തി സംബന്ധിച്ച ബുദ്ധിയുപദേശത്തോടെ പൗലോസിന്റെ ലേഖനമവസാനിച്ചു. (6:1-21) “സ്വയം പര്യാപ്തതയോടുകൂടിയ ദൈവികഭക്തി വലിയ നേട്ടത്തിനുള്ള ഒരു മാർഗ്ഗമാകുന്നു, എന്നാൽ ധനികനാകാനുള്ള തീരുമാനം നാശത്തിലേക്കും കെടുതിയിലേക്കും നയിക്കുന്നു. വിശ്വാസത്തിന്റെ നല്ല പോരാട്ടം കഴിക്കാനും ‘നിത്യജീവന്റെമേൽ ഒരു ദൃഢമായ പിടി ലഭിക്കാനും’ പൗലോസ് തിമൊഥെയോസിനെ ഉപദേശിച്ചു. ആ യഥാർത്ഥ ജീവന്റെമേൽ പിടിലഭിക്കുന്നതിന് ധനികർ “തങ്ങളുടെ പ്രത്യാശ അനിശ്ചിതമായ ധനത്തിലല്ല, പിന്നെയോ ദൈവത്തിൽ വെക്കേണ്ടി”യിരുന്നു. (w91 1⁄15)
[27-ാം പേജിലെ ചതുരം/ചിത്രം]
പ്രസവത്തിലൂടെ രക്ഷിക്കപ്പെടുന്നു: “അവർ സുബോധത്തോടെ വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധീകരണത്തിലും തുടരുന്നുവെങ്കിൽ പ്രസവത്തിലൂടെ അവർ സുരക്ഷിതരായി സൂക്ഷിക്കപ്പെടും” എന്ന് പൗലോസ് എഴുതിയപ്പോൾ അവൻ നിത്യജീവനിലേക്കുള്ള രക്ഷയെക്കുറിച്ചല്ല പിന്നെയോ ദൈവഭക്തിയുള്ള ഒരു സ്ത്രീയുടെ ഉചിതമായ ധർമ്മത്തെക്കുറിച്ച് ചർച്ചചെയ്യുകയായിരുന്നു. (1 തിമൊഥെയോസ് 2:11-15) പ്രസവത്തിലൂടെയും തന്റെ മക്കളെ പരിപാലിക്കുന്നതിലൂടെയും കുടുംബകാര്യം നോക്കുന്നതിലൂടെയും ഒരു സ്ത്രീ തൊഴിലില്ലാത്ത ഒരു ഏഷണിക്കാരിയും മററുള്ളവരുടെ കാര്യങ്ങളിൽ തലയിടുന്നവളുമായിത്തീരുന്നതിൽനിന്ന് “സുരക്ഷിതമായി സൂക്ഷിക്കപ്പെടും.” (1 തിമൊഥെയോസ് 5:11-15) അവളുടെ ഗാർഹികപ്രവർത്തനങ്ങൾ യഹോവക്കായുള്ള അവളുടെ സേവനത്തിന് പൂരകമായിരിക്കും. തീർച്ചയായും, സകല ക്രിസ്ത്യാനികളും തങ്ങളുടെ നടത്തയെ സൂക്ഷിക്കുകയും തങ്ങളുടെ സമയത്തെ ബുദ്ധിപൂർവം ഉപയോഗിക്കുകയും ചെയ്യണം.—എഫേസ്യർ 5:15, 16.