നിങ്ങൾ ലോകത്തിന്റെ ആത്മാവിനെ ചെറുത്തുനിൽക്കുന്നുവോ?
“നാമോ ലോകത്തിന്റെ ആത്മാവിനെ അല്ല, ദൈവത്തിൽനിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചതു.”—1 കൊരിന്ത്യർ 2:12.
1, 2. വിഷവാതകം ഉൾപ്പെട്ട ഏതു ദുരന്തമാണ് ഇൻഡ്യയിലെ ഭോപ്പാലിൽ ഉണ്ടായത്, എന്നാൽ അതിലും മാരകമായ ഏതു “വാതക”മാണു ലോകത്തിനു ചുററും ശ്വസിക്കുന്നത്?
ആയിരത്തിത്തൊള്ളായിരത്തെൺപത്തിനാല് ഡിസംബറിലെ ഒരു തണുത്ത രാത്രി. ഇൻഡ്യയിലെ ഭോപ്പാലിൽ ഞെട്ടിക്കുന്ന ഒരു സംഭവമുണ്ടായി. ആ നഗരത്തിൽ ഒരു കെമിക്കൽ പ്ലാൻറുണ്ട്. ഡിസംബറിലെ ആ രാത്രിയിൽ വാതകസംഭരണികളിൽ ഒന്നിന്റെ ഒരു വാൽവിനു കേടു സംഭവിച്ചു. പെട്ടെന്നുതന്നെ മീഥൈൽ ഐസോസൈനേററ് പുറത്തേക്കു വമിക്കാൻ തുടങ്ങി. കാററു വഹിച്ചുകൊണ്ടുപോയ മാരകമായ ഈ വാതകം വീടുകളിലേക്കും ഉറങ്ങിക്കിടന്ന കുടുംബങ്ങളുടെ മേലും അടിച്ചുകയറാൻ തുടങ്ങി. മരിച്ചവരുടെ സംഖ്യ ആയിരക്കണക്കിനായിരുന്നു. അതിലുമധികം പേർ വികലാംഗരായിത്തീർന്നു. അന്നോളം ഉണ്ടായിട്ടുള്ളതിൽവച്ച് ഏററവും മോശമായ വ്യാവസായിക ദുരന്തമായിരുന്നു അത്.
2 ഭോപ്പാലിനെക്കുറിച്ചു കേട്ടപ്പോൾ ആളുകൾ ദുഃഖിച്ചു. എന്നാൽ പുറത്തേക്കു വ്യാപിച്ച മാരകമായ വാതകം കൊന്നവരുടെ എണ്ണം, ലോകത്തിനു ചുററുമുള്ള എല്ലാ ആളുകളും അനുദിനം ശ്വസിക്കുന്ന ഒരു “വാതക”ത്താൽ കൊല്ലപ്പെടുന്നവരുടെ എണ്ണത്തെക്കാൾ വളരെ കുറവായിരുന്നു. ബൈബിൾ ഇതിനെ ‘ലോകത്തിന്റെ ആത്മാവ്’ എന്നു വിളിക്കുന്നു. “നാമോ ലോകത്തിന്റെ ആത്മാവിനെ അല്ല, ദൈവം നമുക്കു നല്കിയതു അറിവിനായി ദൈവത്തിൽനിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചതു” എന്നു പറഞ്ഞപ്പോൾ ആ മാരകമായ അന്തരീക്ഷത്തെയാണ് അപ്പോസ്തലനായ പൗലോസ് ദൈവത്തിൽനിന്നുള്ള ആത്മാവുമായി വിപരീത താരതമ്യം ചെയ്തത്.—1 കൊരിന്ത്യർ 2:12.
3. ‘ലോകത്തിന്റെ ആത്മാവ്’ എന്താണ്?
3 കൃത്യമായി ‘ലോകത്തിന്റെ ആത്മാവ്’ എന്താണ്? ദ ന്യൂ തായേഴ്സ് ഗ്രീക്ക് ഇംഗ്ലീഷ് ലെക്സിക്കൺ ഓഫ് ദ ന്യൂ ടെസ്ററമെൻറ് പറയുന്നതനുസരിച്ച് “ആത്മാവ്” (ഗ്രീക്ക്, ന്യൂമ) എന്ന പദത്തിന്റെ പൊതുവായ അർഥം “ഏതൊരുവന്റെയും ദേഹിയെ നിറയ്ക്കുകയും ഭരിക്കുകയും ചെയ്യുന്ന മനോഭാവം അല്ലെങ്കിൽ സ്വാധീനം” എന്നാണ്. ഒരു വ്യക്തിക്ക് നല്ലതോ മോശമോ ആയ ആത്മാവ് അല്ലെങ്കിൽ മനോഭാവം ഉണ്ടായിരിക്കാൻ കഴിയും. (സങ്കീർത്തനം 51:10; 2 തിമൊഥെയൊസ് 4:22) ഒരു കൂട്ടമാളുകൾക്കും ഒരാത്മാവ് അഥവാ പ്രമുഖമായ ഒരു മനോഭാവം ഉണ്ടായിരിക്കാവുന്നതാണ്. തന്റെ സ്നേഹിതനായിരുന്ന ഫിലേമോന് അപ്പോസ്തലനായ പൗലോസ് ഇപ്രകാരം എഴുതി: “കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവോടുകൂടെ ഇരിക്കുമാറാകട്ടെ.” (ഫിലേമോൻ 25) സമാനമായി—എന്നാൽ വളരെ വലിയ ഒരളവിൽ—ലോകത്തിനു പൊതുവേ പ്രമുഖമായ ഒരു മനോഭാവമുണ്ട്. ഇതാണ് അപ്പോസ്തലനായ പൗലോസ് പരാമർശിച്ച ‘ലോകത്തിന്റെ ആത്മാവ്.’ വിൻസെൻറിന്റെ പുതിയനിയമത്തിലെ പദപഠനങ്ങൾ [ഇംഗ്ലീഷ്] പറയുംപ്രകാരം “മാനസാന്തരപ്പെടാത്ത ലോകത്തിന് ഉത്തേജനം പകരുന്ന തിൻമയുടെ തത്ത്വം എന്നതാണ് ഈ പദപ്രയോഗത്തിന്റെ അർഥം.” അതു ലോകത്തിന്റെ ചിന്തയിലേക്ക് അരിച്ചിറങ്ങുന്നതും ആളുകൾ പ്രവർത്തിക്കുന്ന വിധത്തെ ശക്തമായി സ്വാധീനിക്കുന്നതുമായ പാപപ്രവണതയാണ്.
4. ലോകത്തിന്റെ ആത്മാവിന്റെ ഉറവിടം ആരാണ്, ഈ ആത്മാവിനു മനുഷ്യരുടെമേൽ എന്തു ഫലമാണുള്ളത്?
4 ഈ ആത്മാവു വിഷലിപ്തമാണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ഇതു പുറപ്പെടുന്നത് “ഈ ലോകത്തിന്റെ ഭരണാധികാരി”യായ സാത്താനിൽനിന്നാണ്. അവൻ തീർച്ചയായും “അനുസരണക്കേടിന്റെ പുത്രൻമാരിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവായ വായുവിന്റെ അധികാരത്തിന്റെ ഭരണാധിപൻ” എന്നു വിളിക്കപ്പെടുന്നു. (യോഹന്നാൻ 12:31, NW; എഫേസ്യർ 2:2, NW) ഈ “വായു”വിൽനിന്ന് അഥവാ ‘അനുസരണക്കേടിന്റെ പുത്രൻമാരിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവി’ൽനിന്ന് രക്ഷപെടുക ദുഷ്കരമാണ്. അതു മനുഷ്യസമൂഹത്തിൽ എങ്ങുമുണ്ട്. നാം അതു ശ്വസിക്കുകയാണെങ്കിൽ അതിന്റെ മനോഭാവങ്ങളും ലക്ഷ്യങ്ങളും സ്വീകരിച്ചു തുടങ്ങും. ലോകത്തിന്റെ ആത്മാവു ‘ജഡപ്രകാരം ജീവിക്കാൻ,’ അതായത് നമ്മുടെ പാപപങ്കിലമായ അപൂർണതക്കനുസരണം ജീവിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. അതു മാരകമാണ്, കാരണം “നിങ്ങൾ ജഡത്തെ അനുസരിച്ചു ജീവിക്കുന്നു എങ്കിൽ മരിക്കും നിശ്ചയം.”—റോമർ 8:13.
ഈ ലോകത്തിന്റെ ആത്മാവിനെ ഒഴിവാക്കൽ
5. ഭോപ്പാലിലെ ദുരന്തസമയത്ത് ഒരു സാക്ഷി ബുദ്ധിപൂർവം പ്രവർത്തിച്ചതെങ്ങനെ?
5 ഭോപ്പാലിൽ ദുരന്തമുണ്ടായ സമയത്ത് ഒരു യഹോവയുടെ സാക്ഷി സൈറന്റെ ഒച്ച കേട്ടും വിഷവാതകത്തിന്റെ തീക്ഷ്ണ ഗന്ധമേററും ഉറക്കമുണർന്നു. താമസംവിനാ, അദ്ദേഹം തന്റെ കുടുംബാംഗങ്ങളെ വിളിച്ചെഴുന്നേൽപ്പിച്ച് അവരെയുംകൊണ്ട് തെരുവിലേക്കു കുതിച്ചു. കാററിന്റെ ദിശ മനസ്സിലാക്കാൻ ഒരു നിമിഷം നിന്നശേഷം അദ്ദേഹം എന്തു ചെയ്യണമെന്ന് അറിയാത്ത ജനക്കൂട്ടത്തിന്റെ ഇടയിലൂടെ കടന്ന് തന്റെ കുടുംബത്തെ നഗരത്തിനു പുറത്തുള്ള ഒരു കുന്നിൻമുകളിലേക്കു കൊണ്ടുപോയി. അടുത്തുള്ള ഒരു തടാകത്തിൽനിന്നു വന്ന നല്ല, ശുദ്ധമായ വായു തങ്ങളുടെ ശ്വാസകോശങ്ങളിൽ നിറയ്ക്കാൻ അവർക്കു കഴിഞ്ഞു.
6. ലോകത്തിന്റെ ആത്മാവിൽനിന്നു രക്ഷപെടാൻ നമുക്ക് എവിടെ പോകാൻ കഴിയും?
6 ഈ ലോകത്തിന്റെ വിഷലിപ്തമായ “വായു”വിൽനിന്ന് അഭയത്തിനായി നമുക്കു പോകാൻ കഴിയുന്ന ഒരു ഉയർന്ന സ്ഥലമുണ്ടോ? അങ്ങനെയൊരു സ്ഥലമുണ്ടെന്നു ബൈബിൾ പറയുന്നു. നമ്മുടെ നാളിലേക്കു നോക്കിക്കൊണ്ട് യശയ്യാ പ്രവാചകൻ ഇപ്രകാരം എഴുതി: “അന്ത്യകാലത്തു യഹോവയുടെ ആലയമുള്ള പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കു മീതെ ഉന്നതവുമായിരിക്കും; സകലജാതികളും അതിലേക്കു ഒഴുകിച്ചെല്ലും. അനേകവംശങ്ങളും ചെന്നു: വരുവിൻ, നമുക്കു യഹോവയുടെ പർവ്വതത്തിലേക്കു, യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കു കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും എന്നു പറയും. സീയോനിൽനിന്നു ഉപദേശവും യെരൂശലേമിൽനിന്നു യഹോവയുടെ വചനവും പുറപ്പെടും.” (യെശയ്യാവു 2:2, 3) ഈ ലോകത്തിന്റെ ശ്വാസംമുട്ടിക്കുന്ന, വിഷലിപ്തമായ ആത്മാവിൽനിന്നും സ്വതന്ത്രമായ ഈ ഗ്രഹത്തിലെ ഒരേ ഒരു സ്ഥലം, നിർമലാരാധനയുടെ ഉന്നതസ്ഥലം, ഉയർന്നുനിൽക്കുന്ന “യഹോവയുടെ ആലയമുള്ള പർവ്വതം” മാത്രമാണ്. വിശ്വസ്തരായ ക്രിസ്ത്യാനികളുടെ ഇടയിൽ യഹോവയുടെ ആത്മാവു സ്വച്ഛന്ദമായി ഒഴുകുന്നത് അവിടെയാണ്.
7. ലോകത്തിന്റെ ആത്മാവിൽനിന്നു പലരും രക്ഷപെട്ടിരിക്കുന്നത് എങ്ങനെ?
7 മുമ്പ് ഈ ലോകത്തിന്റെ ആത്മാവിനെ ശ്വസിച്ചിരുന്ന പലരും, ഭോപ്പാലിലെ ആ സാക്ഷി അനുഭവിച്ചതിനു സമാനമായ ആശ്വാസം ആസ്വദിച്ചിട്ടുണ്ട്. ഈ ലോകത്തിന്റെ വായുവിനെ അഥവാ ആത്മാവിനെ ശ്വസിക്കുന്ന “അനുസരണക്കേടിന്റെ പുത്രൻമാ”രെക്കുറിച്ചു സംസാരിച്ചശേഷം പൗലോസ് അപ്പോസ്തലൻ പറയുന്നതിങ്ങനെയാണ്: ‘അവരുടെ ഇടയിൽ നാം എല്ലാവരും മുമ്പെ നമ്മുടെ ജഡമോഹങ്ങളിൽ നടന്നു ജഡത്തിന്നും മനോവികാരങ്ങൾക്കും ഇഷ്ടമായതു ചെയ്തുംകൊണ്ടു മററുള്ളവരെപ്പോലെ പ്രകൃതിയാൽ കോപത്തിന്റെ മക്കൾ ആയിരുന്നു. കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാ സ്നേഹംനിമിത്തം അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടുകൂടെ ജീവിപ്പിച്ചു.’ (എഫെസ്യർ 2:3-5) ഈ വ്യവസ്ഥിതിയുടെ വിഷലിപ്തമായ വായു ശ്വസിക്കുന്നവർ ഒരു ആത്മീയ അർഥത്തിൽ മരിച്ചവരാണ്. എന്നിരുന്നാലും, യഹോവ നിമിത്തം ഇന്നു ദശലക്ഷങ്ങൾ ആത്മീയമായി ഉയർന്ന സ്ഥലത്തേക്ക് ഓടുകയും മാരകമായ അവസ്ഥയിൽനിന്നു രക്ഷപെടുകയുമാണ്.
‘ലോകാത്മാവി’ന്റെ പ്രകടനങ്ങൾ
8, 9. (എ) ലോകത്തിന്റെ ആത്മാവിനെതിരെ നാം നിതാന്ത ജാഗ്രത പുലർത്തണമെന്ന് എന്തു പ്രകടമാക്കുന്നു? (ബി) സാത്താന്റെ ആത്മാവു നമ്മെ എങ്ങനെ ദുഷിപ്പിച്ചേക്കാം?
8 സാത്താന്റെ മരണകരമായ വായു ഇപ്പോഴും നമുക്കു ചുററും വീശിയടിക്കുന്നുണ്ട്. നാം ജാഗ്രത പുലർത്തുകയും ഒരുപക്ഷേ ആത്മീയമായി ഞെരുക്കപ്പെടാൻ താഴേക്ക്, ലോകത്തിലേക്കു തിരികെ വഴുതിപ്പോകാതിരിക്കുകയും വേണം. അതിനു നിതാന്ത ജാഗ്രത ആവശ്യമാണ്. (ലൂക്കൊസ് 21:36; 1 കൊരിന്ത്യർ 16:13) ദൃഷ്ടാന്തത്തിന് ഈ വസ്തുത പരിചിന്തിക്കുക. ധാർമികത സംബന്ധിച്ച യഹോവയുടെ നിലവാരങ്ങൾ എല്ലാ ക്രിസ്ത്യാനികൾക്കും സുപരിചിതമാണ്. വ്യഭിചാരം, പരസംഗം, സ്വവർഗസംഭോഗം എന്നിവപോലുള്ള അശുദ്ധ നടപടികൾ സ്വീകാര്യമാണെന്ന് അവർ ഒരിക്കലും സമ്മതിക്കുകയില്ല. എന്നാൽ, ഓരോ വർഷവും യഹോവയുടെ സ്ഥാപനത്തിൽനിന്ന് ഏതാണ്ട് 40,000 പേർ പുറത്താക്കപ്പെടുന്നു. എന്തുകൊണ്ട്? പല കേസുകളിലും ഇതേ അശുദ്ധ നടപടികൾ നിമിത്തം. അത് എങ്ങനെ സംഭവിക്കുന്നു?
9 കാരണം നാമെല്ലാം അപൂർണരാണ്. ജഡം ബലഹീനമാണ്, നമ്മുടെ ഹൃദയത്തിൽ പൊന്തിവരുന്ന തെററായ ചായ്വുകൾക്കെതിരെ നാം നിരന്തരം പോരാടേണ്ടതുണ്ട്. (സഭാപ്രസംഗി 7:20; യിരെമ്യാവു 17:9) എന്നാൽ, തെററായ ആ ചായ്വുകളെ ലോകത്തിന്റെ ആത്മാവു പോഷിപ്പിക്കുന്നു. ലോകത്തിലുള്ള പലരും അധാർമികതയിൽ യാതൊരുവിധ തെററും കാണുന്നില്ല, എന്തുമാകാം എന്ന മനോഭാവം സാത്താന്റെ വ്യവസ്ഥിതിയുടെ മാനസിക ചായ്വിന്റെ ഭാഗമാണ്. അത്തരം ചിന്താഗതിക്കു നാം വിധേയരാകുന്നെങ്കിൽ ലോകത്തിലെ ആളുകളെപ്പോലെ നാം ചിന്തിച്ചുതുടങ്ങുന്നതിനുള്ള ശക്തമായ സാധ്യതയുണ്ട്. താമസിയാതെ, അത്തരം അശുദ്ധ ചിന്തകൾ ഗുരുതരമായ പാപത്തിൽ ചെന്നൊടുങ്ങുന്ന തെററായ മോഹങ്ങളെ ഉളവാക്കിയേക്കാം. (യാക്കോബ് 1:14, 15) യഹോവയുടെ നിർമലാരാധനയുടെ പർവതത്തിൽനിന്ന് അലഞ്ഞകന്ന് സാത്താന്റെ ലോകത്തിലെ മലീമസമായ താഴ്വാരങ്ങളിൽ നാം ചെന്നെത്താൻ ഇടയാകും. മനഃപൂർവം അവിടെ കഴിയുന്ന ആരും നിത്യജീവൻ അവകാശമാക്കുകയില്ല.—എഫെസ്യർ 5:3-5, 7.
10. സാത്താന്റെ വായുവിന്റെ ഒരു പ്രത്യക്ഷഭാവം എന്താണ്, ക്രിസ്ത്യാനികൾ എന്തുകൊണ്ട് ഇത് ഒഴിവാക്കണം?
10 ലോകത്തിന്റെ ആത്മാവ് നമുക്കെല്ലാവർക്കു ചുററും വ്യക്തമായിത്തന്നെയുണ്ട്. ദൃഷ്ടാന്തത്തിന്, കുട്ടിക്കളി മട്ടിൽ പലരും ജീവിതത്തെ സമീപിക്കുന്ന ആക്ഷേപകരമായ മനോഭാവംതന്നെ എടുക്കുക. അഴിമതി നിറഞ്ഞതോ കൊള്ളരുതാത്തതോ ആയ രാഷ്ട്രീയക്കാരും അധാർമികരും അത്യാഗ്രഹികളുമായ മതനേതാക്കൻമാരും നിമിത്തം താത്പര്യം നഷ്ടപ്പെട്ട അവർ ഗൗരവമുള്ള കാര്യങ്ങളെക്കുറിച്ചുപോലും ആദരവില്ലാതെ സംസാരിക്കുന്നു. ക്രിസ്ത്യാനികൾ ഈ പ്രവണതയെ ചെറുത്തുനിൽക്കുന്നു. നമുക്ക് ആരോഗ്യാവഹമായ നർമബോധം ഒരുപക്ഷേ ഉണ്ടായിരിക്കുമ്പോൾത്തന്നെ അനാദരവിന്റെ ആക്ഷേപകരമായ ആത്മാവ് സഭയിലേക്കു കൊണ്ടുവരുന്നത് നാം ഒഴിവാക്കുന്നു. ഒരു ക്രിസ്ത്യാനിയുടെ സംസാരം യഹോവയോടുള്ള ഭയവും ഹൃദയത്തിന്റെ നിർമലതയും പ്രതിഫലിപ്പിക്കുന്നു. (യാക്കോബ് 3:10, 11; സദൃശവാക്യങ്ങൾ 6:14 താരതമ്യം ചെയ്യുക.) നാം ചെറുപ്പക്കാരോ മുതിർന്നവരോ ആയിരുന്നാലും, “ഓരോരുത്തനോടു എങ്ങനെ ഉത്തരം പറയേണം എന്നു അറിയേണ്ടതിന്നു” നമ്മുടെ സംസാരം “എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും” ആയിരിക്കണം.—കൊലൊസ്സ്യർ 4:6.
11. (എ) ലോകത്തിന്റെ ആത്മാവിന്റെ രണ്ടാമത്തെ വശം എന്താണ്? (ബി) ഈ വശത്തെ പ്രതിഫലിപ്പിക്കുന്നവരിൽനിന്നും ക്രിസ്ത്യാനികൾ വ്യത്യസ്തരായിരിക്കുന്നത് എന്തുകൊണ്ട്?
11 ഈ ലോകത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന മറെറാരു സാധാരണമായ ചായ്വു വിദ്വേഷമാണ്. വർഗീയവും വംശീയവും ദേശീയവും വ്യക്തിപരം പോലുമായ ഭിന്നതകളിൽ വേരൂന്നിയ വിദ്വേഷങ്ങളും കുടിപ്പകകളും ലോകത്തെ കീറിമുറിച്ചിരിക്കുകയാണ്. ദൈവാത്മാവ് പ്രവർത്തനനിരതമായിരിക്കുന്നിടത്തു കാര്യങ്ങൾ എത്രമാത്രം മെച്ചമാണ്! “ആർക്കും തിൻമെക്കു പകരം, തിൻമ ചെയ്യാതെ സകലമനുഷ്യരുടെയും മുമ്പിൽ യോഗ്യമായതു മുൻകരുതി, കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ. പ്രിയമുള്ളവരേ, നിങ്ങൾ തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന്നു ഇടംകൊടുപ്പിൻ; പ്രതികാരം എനിക്കുള്ളതു; ഞാൻ പകരം ചെയ്യും എന്നു കർത്താവു അരുളിച്ചെയ്യുന്നു, എന്നാൽ “നിന്റെ ശത്രുവിന്നു വിശക്കുന്നു എങ്കിൽ അവന്നു തിൻമാൻ കൊടുക്ക; ദാഹിക്കുന്നു എങ്കിൽ കുടിപ്പാൻ കൊടുക്ക; അങ്ങനെ ചെയ്താൽ നീ അവന്റെ തലമേൽ തീക്കനൽ കുന്നിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ. തിൻമയോടു തോല്ക്കാതെ നൻമയാൽ തിൻമയെ ജയിക്കുക” എന്നു പൗലോസ് എഴുതി.—റോമർ 12:17-21.
12. ക്രിസ്ത്യാനികൾ ഭൗതികചിന്താഗതി ഒഴിവാക്കുന്നത് എന്തുകൊണ്ട്?
12 ഈ ലോകത്തിന്റെ ആത്മാവ് ഭൗതികചിന്താഗതിയെയും ഊട്ടിവളർത്തുന്നു. കച്ചവടലോകത്തിന്റെ പ്രീണനത്തിനു വഴിപ്പെട്ട് പലരും ഏററവും പുതിയ സാമഗ്രികൾ, ഏററവും പുതിയ ഫാഷൻ, ഏററവും പുതിയ മോഡൽ കാർ എന്നിവയുടെ ജ്വരം ബാധിച്ച് കഴിയുകയാണ്. “കൺമോഹം” അവരെ അടിമകളാക്കിയിരിക്കുന്നു. (1 യോഹന്നാൻ 2:16) തങ്ങളുടെ വീടിന്റെയോ ബാങ്കിലെ നിക്ഷേപത്തിന്റെയോ വലിപ്പം ആധാരമാക്കിയാണ് മിക്കവരും തങ്ങളുടെ ജീവിതവിജയത്തെ അളക്കുന്നത്. യഹോവയുടെ നിർമലാരാധനയുടെ ഉന്നത പർവതത്തിൽ ശുദ്ധമായ ആത്മീയ വായു ശ്വസിക്കുന്ന ക്രിസ്ത്യാനികൾ ഈ ചായ്വിനെ ചെറുത്തുനിൽക്കുന്നു. ഭൗതിക വസ്തുക്കളുടെ പിന്നാലെ വാശിപൂണ്ട് പരക്കംപായുന്നത് ആപത്കരമാണെന്ന് അവർക്കറിയാം. (1 തിമൊഥെയൊസ് 6:9, 10) യേശു തന്റെ ശിഷ്യൻമാരെ ഇങ്ങനെ ഓർമിപ്പിച്ചു: “ഒരുത്തന്നു സമൃദ്ധി ഉണ്ടായാലും അവന്റെ വസ്തുവകയല്ല അവന്റെ ജീവന്നു ആധാരമായിരിക്കുന്നതു.”—ലൂക്കൊസ് 12:15.
13. ഈ ലോകത്തിന്റെ ആത്മാവിന്റെ മററു ചില വശങ്ങൾ എന്തൊക്കെയാണ്?
13 ഈ ലോകത്തിന്റെ അനാരോഗ്യകരമായ “വായു”വിന്റെ മററുതരത്തിലുള്ള പ്രകടനങ്ങളുമുണ്ട്. ഒന്ന് മത്സരത്തിന്റെ ആത്മാവാണ്. (2 തിമൊഥെയൊസ് 3:1-3) അനേകമാളുകൾ മേലാൽ അധികാരികളുമായി സഹകരിക്കാത്തതു നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ആരെങ്കിലും നിരീക്ഷിക്കാത്തപക്ഷം ജോലി ചെയ്യാതിരിക്കുന്ന വ്യാപകമായ ഒരു ശീലം ലൗകിക തൊഴിൽ രംഗത്തു നിങ്ങൾ കണ്ടിട്ടുണ്ടോ? നിയമലംഘനം നടത്തിയിട്ടുള്ള—ഒരുപക്ഷേ നികുതി വെട്ടിക്കുകയോ ജോലിസ്ഥലത്തുനിന്നു മോഷണം നടത്തുകയോ ചെയ്തിട്ടുള്ള—എത്ര പേരെ നിങ്ങൾക്കറിയാം? നിങ്ങൾ ഇപ്പോഴും സ്കൂളിൽ പോകുന്ന ഒരാളാണെങ്കിൽ, നന്നായി പഠിക്കുന്നവരെ നിങ്ങളുടെ സഹപാഠികൾ അവജ്ഞയോടെ വീക്ഷിക്കുന്നതു നിമിത്തം എപ്പോഴെങ്കിലും മിടുക്കോടെ പഠിക്കുന്നതിൽ നിങ്ങൾക്കു നിരുത്സാഹം തോന്നിയിട്ടുണ്ടോ? ഇവയെല്ലാം ക്രിസ്ത്യാനികൾ ചെറുത്തുനിൽക്കേണ്ട ലോകാത്മാവിന്റെ പ്രകടനങ്ങളാണ്.
ലോകത്തിന്റെ ആത്മാവിനെ ചെറുത്തുനിൽക്കുന്ന വിധം
14. ക്രിസ്ത്യാനികൾ അല്ലാത്തവരിൽനിന്ന് ഏതു വിധങ്ങളിലാണു ക്രിസ്ത്യാനികൾ വ്യത്യസ്തരായിരിക്കുന്നത്?
14 എന്നിരുന്നാലും, നാം യഥാർഥത്തിൽ ലോകത്തിൽ ജീവിക്കവേ ലോകത്തിന്റെ ആത്മാവിനെ നമുക്ക് എങ്ങനെ ചെറുത്തുനിൽക്കാൻ കഴിയും? നാം അക്ഷരീയമായി എവിടെ ജീവിച്ചാലും ആത്മീയമായി നാം ലോകത്തിന്റെ ഭാഗമല്ല എന്ന കാര്യം ഓർത്തിരിക്കേണ്ടതുണ്ട്. (യോഹന്നാൻ 17:15, 16) നമ്മുടെ ലാക്കുകൾ ഈ ലോകത്തിന്റെ ലാക്കുകളല്ല. നാം കാര്യങ്ങളെ വീക്ഷിക്കുന്ന വിധം വ്യത്യസ്തമാണ്. നാം ആത്മീയ ജനമാണ്, നാം സംസാരിക്കുന്നതും ചിന്തിക്കുന്നതും “മാനുഷജ്ഞാനം ഉപദേശിക്കുന്ന വചനങ്ങളാൽ അല്ല,” പിന്നെയോ “ആത്മാവു ഉപദേശിക്കുന്ന വചനങ്ങളാൽ തന്നേ പ്രസ്താവി”ക്കുന്നു.—1 കൊരിന്ത്യർ 2:13.
15. ലോകത്തിന്റെ ആത്മാവിനെ നമുക്ക് എങ്ങനെ ചെറുത്തുനിൽക്കാനാകും?
15 ഒരു വ്യക്തി താൻ വിഷവാതകം നിറഞ്ഞ ഒരു പ്രദേശത്താണെന്നു മനസ്സിലാക്കുന്നെങ്കിലോ? ഒന്നുകിൽ, ശുദ്ധവായുവിന്റെ ഒരു സംഭരണിയോടു ബന്ധിപ്പിച്ചിരിക്കുന്ന ഒരു ഗ്യാസ് മാസ്ക് അയാൾക്കു ധരിക്കാൻ കഴിയും, അല്ലെങ്കിൽ ആ പ്രദേശത്തുനിന്നും അക്ഷരീയമായി മാറിപ്പോകാനാകും. സാത്താന്റെ വായുവിനെ ഒഴിവാക്കാനുള്ള മാർഗത്തിൽ ഈ രീതികൾ ഉൾപ്പെടുന്നു. ലോകത്തിന്റെ ആത്മാവിനു നമ്മുടെ ചിന്തയെ സ്വാധീനിക്കാൻ കഴിയുന്ന എന്തിൽനിന്നും നമ്മെത്തന്നെ മാററാൻ നാം കഴിയുന്നിടത്തോളം ശ്രമിക്കുന്നു. അതുകൊണ്ട്, നാം തെററായ സഹവാസം ഒഴിവാക്കുന്നു, അക്രമം, അധാർമികത, ആത്മവിദ്യ, മത്സരം എന്നിവയെയോ ജഡത്തിന്റെ മറേറതെങ്കിലും പ്രവൃത്തിയെയോ പ്രോത്സാഹിപ്പിക്കുന്നതരം വിനോദത്തിനു നാം സ്വയം വിധേയരാകുന്നില്ല. (ഗലാത്യർ 5:19-21) എന്നിരുന്നാലും, നാം ഈ ലോകത്തിൽ ജീവിക്കുന്നതുകൊണ്ട് ഈ കാര്യങ്ങൾക്കു പൂർണമായും വിധേയമാകുന്നത് ഒഴിവാക്കാൻ നമുക്കാവില്ല. അതുകൊണ്ട്, ആത്മീയ ശുദ്ധവായുവിന്റെ ഒരു സംഭരണിയോടു നാം നമ്മെത്തന്നെ ഘടിപ്പിക്കുന്നെങ്കിൽ ജ്ഞാനപൂർവമായിട്ടായിരിക്കും നാം പ്രവൃത്തിക്കുന്നത്. ക്രമമായ യോഗഹാജർ, വ്യക്തിപരമായ പഠനം, ക്രിസ്തീയ പ്രവർത്തനവും സഹവാസവും, പ്രാർഥന തുടങ്ങിയ കാര്യങ്ങൾകൊണ്ടു നമ്മുടെ ആത്മീയ ശ്വാസകോശങ്ങൾ നാം നിറയ്ക്കുന്നു. സാത്താന്റെ വായുവിൽ അൽപ്പം നമ്മുടെ ആത്മീയ ശ്വാസകോശത്തിലേക്കു ചോരുന്നെങ്കിൽ അതിനെ പുറന്തള്ളാൻ ദൈവാത്മാവ് ഈ വിധത്തിൽ നമ്മെ ശക്തീകരിക്കുന്നു.—സങ്കീർത്തനം 17:1-3; സദൃശവാക്യങ്ങൾ 9:9; 13:20; 19:20; 22:17.
16. ദൈവാത്മാവ് നമ്മിലുണ്ടെന്നതിന്റെ ഏതു തെളിവു നാം കൊടുക്കുന്നു?
16 ഈ ലോകത്തിന്റെ ഭാഗമായിരിക്കുന്നവരിൽനിന്നും വ്യത്യസ്തനായി നിലകൊള്ളുന്ന ഒരു വ്യക്തിയായി ദൈവത്തിന്റെ ആത്മാവ് ഒരു ക്രിസ്ത്യാനിയെ രൂപാന്തരപ്പെടുത്തുന്നു. (റോമർ 12:1, 2) പൗലോസ് ഇപ്രകാരം പറഞ്ഞു: “ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല.” (ഗലാത്യർ 5:22, 23) ഒരു ക്രിസ്ത്യാനിക്ക് ദൈവാത്മാവു കാര്യങ്ങളുടെ ആഴമായ ഒരു ഗ്രാഹ്യം പ്രദാനം ചെയ്യുന്നു. “ദൈവത്തിലുള്ളതു [“ദൈവത്തിന്റെ കാര്യങ്ങൾ,” NW] ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല” എന്നു പൗലോസ് പറഞ്ഞു. (1 കൊരിന്ത്യർ 2:11) “ദൈവത്തിന്റെ കാര്യങ്ങ”ളിൽ മറുവിലയാഗം, യേശുക്രിസ്തുവിൻ കീഴിലെ ദൈവരാജ്യം, നിത്യജീവന്റെ പ്രത്യാശ, ഈ ദുഷ്ടലോകത്തിന്റെ സത്വരമായ നീക്കം ചെയ്യൽ എന്നിവപോലുള്ള സത്യങ്ങൾ അടങ്ങുന്നു. ദൈവാത്മാവിന്റെ സഹായത്താൽ സത്യമെന്ന നിലയിൽ ഈ കാര്യങ്ങൾ ക്രിസ്ത്യാനികൾ അറിയുകയും അംഗീകരിക്കുകയും ചെയ്യുന്നു. ഇത് അവർ ജീവിതത്തെ വീക്ഷിക്കുന്ന വിധത്തെ ലോകത്തിലെ ആളുകൾ വീക്ഷിക്കുന്ന വിധത്തിൽനിന്നും വ്യത്യസ്തമാക്കി നിർത്തുന്നു. വരാനിരിക്കുന്ന നിത്യതയിൽ യഹോവയെ സേവിക്കുന്നതിന്റെ പ്രതീക്ഷയോടെ അവിടുത്തെ ഇപ്പോൾ സേവിക്കുന്നതിൽ സന്തോഷം കണ്ടെത്തിക്കൊണ്ട് അവർ തൃപ്തിയടയുന്നു.
17. ലോകത്തിന്റെ ആത്മാവിനെ ചെറുത്തുനിൽക്കുന്നതിൽ അത്യുത്തമ മാതൃക വെച്ചത് ആരാണ്, എങ്ങനെ?
17 ഈ ലോകത്തിന്റെ ആത്മാവിനെ ചെറുത്തുനിൽക്കുന്നവർക്ക് യേശു ഒരു അത്യുത്തമ മാതൃക ആയിരുന്നു. യേശുവിന്റെ സ്നാപനത്തിനുശേഷം പെട്ടെന്നുതന്നെ മൂന്നു പ്രലോഭനങ്ങൾ അവതരിപ്പിച്ചുകൊണ്ട് യഹോവയെ സേവിക്കുന്നതിൽനിന്നും അവിടുത്തെ വ്യതിചലിപ്പിക്കാൻ സാത്താൻ ശ്രമിച്ചു. (മത്തായി 4:1-11) അവസാനത്തെ പ്രലോഭനത്തിൽ, സാത്താനു വെറുമൊരു ആരാധനക്രിയ നടത്തുകവഴി യേശുവിന് മുഴു ലോകത്തിന്റെയും ഭരണാധിപത്യം നേടുന്നതിനുള്ള സാധ്യത ഉൾപ്പെട്ടിരുന്നു. യേശുവിന് ഇങ്ങനെ ന്യായവാദം ചെയ്യാൻ കഴിയുമായിരുന്നു: ‘കൊള്ളാം, ഞാൻ ആ ആരാധനക്രിയ ചെയ്യും, എന്നിട്ട് ലോകത്തിന്റെ ഭരണാധിപത്യം എനിക്കു കിട്ടിക്കഴിയുമ്പോൾ ഞാൻ അനുതപിക്കുകയും യഹോവയുടെ ആരാധനയിലേക്കു മടങ്ങുകയും ചെയ്യും. എന്റെ ഇപ്പോഴത്തെ നസറേത്തിൽനിന്നുള്ള ഒരു ആശാരിയെന്ന നിലയിലേതിനെക്കാൾ ലോകഭരണാധിപൻ എന്ന നിലയിൽ ആയിരിക്കുമ്പോഴാണു മനുഷ്യവർഗത്തിനു പ്രയോജനം ചെയ്യാൻ ഞാൻ ഏറെ മെച്ചപ്പെട്ട ഒരു സ്ഥാനത്തായിരിക്കുക.’ യേശു ആ വിധത്തിൽ ന്യായവാദം ചെയ്തില്ല. ലോകഭരണാധിപത്യം യഹോവ തനിക്കു നൽകുന്നതുവരെ കാത്തിരിക്കാൻ അവിടുന്ന് മനസ്സൊരുക്കമുള്ളവനായിരുന്നു. (സങ്കീർത്തനം 2:8) ആ അവസരത്തിലും അവിടുത്തെ ജീവിതത്തിലെ മറെറല്ലാ അവസരങ്ങളിലും സാത്താന്റെ വായുവിന്റെ വിഷലിപ്തമായ സ്വാധീനത്തെ അവിടുന്ന് ചെറുത്തുനിന്നു. അപ്രകാരം, അവിടുന്ന് ആത്മീയമായി മലീമസമായ ഈ ലോകത്തെ ജയിച്ചടക്കി.—യോഹന്നാൻ 16:33.
18. നാം ലോകത്തെ ചെറുത്തുനിൽക്കുന്നത് ദൈവത്തിന് എപ്രകാരം സ്തുതി കൈവരുത്തും?
18 യേശുവിന്റെ കാൽച്ചുവടുകൾ നാം അടുത്തു പിൻപററണമെന്ന് അപ്പോസ്തലനായ പത്രോസ് പറഞ്ഞു. (1 പത്രൊസ് 2:21) വേറെ ഏതു നല്ല മാതൃകയാണു നമുക്ക് ഉണ്ടായിരിക്കുക? ഈ അന്ത്യനാളുകളിൽ, ലോകത്തിന്റെ ആത്മാവിനാൽ സ്വാധീനിക്കപ്പെട്ട മനുഷ്യർ ഒന്നിനൊന്നു വഷളത്വത്തിലേക്കു മുങ്ങിക്കൊണ്ടാണിരിക്കുന്നത്. അത്തരമൊരു ലോകത്തിൻമധ്യേ യഹോവയുടെ ആരാധനയുടെ ഉന്നതസ്ഥലം ശുദ്ധവും നിർമലവുമായി നിലകൊള്ളുന്നത് എന്തൊരു അത്ഭുതാവഹമായ സംഗതിയാണ്! (മീഖാ 4:1, 2) സർവത്രവ്യാപകമായ ഈ ലോകത്തിന്റെ ആത്മാവിനെ ചെറുത്തുകൊണ്ടും യഹോവക്കു സ്തുതിയും മഹത്ത്വവും കൈവരുത്തിക്കൊണ്ടും ദൈവത്തിന്റെ ആരാധനാസ്ഥലത്തേക്കു ദശലക്ഷങ്ങൾ ഒഴുകിവരുന്നതിൽ ദൈവാത്മാവിന്റെ ശക്തി നിശ്ചയമായും കാണാം! (1 പത്രൊസ് 2:11, 12) യഹോവയുടെ നിയുക്ത രാജാവ് ഈ ദുഷ്ടലോകത്തെ നീക്കം ചെയ്യുകയും പിശാചായ സാത്താനെയും അവന്റെ ഭൂതങ്ങളെയും അഗാധകൂപത്തിൽ അടയ്ക്കുകയും ചെയ്യുന്നതുവരെ ആ ഉന്നതമായ സ്ഥലത്തു നിലകൊള്ളാൻ നമുക്കെല്ലാവർക്കും ദൃഢനിശ്ചയമുള്ളവരായിരിക്കാം. (വെളിപ്പാടു 19:19–20:3) അതിനുശേഷം ഈ ലോകത്തിന്റെ ആത്മാവു മേലാൽ ഉണ്ടായിരിക്കുകയില്ല. എത്ര അനുഗൃഹീതമായ സമയമായിരിക്കും അത്!
നിങ്ങൾക്കു വിശദീകരിക്കാമോ?
◻ ‘ലോകത്തിന്റെ ആത്മാവ്’ എന്താണ്?
◻ ഈ ലോകത്തിന്റെ ആത്മാവിനു വ്യക്തികളുടെമേൽ എന്തു ഫലമുണ്ട്?
◻ ലോകാത്മാവിന്റെ ചില പ്രകടഭാവങ്ങൾ ഏതൊക്കെയാണ്, നമുക്ക് അതിനെ എങ്ങനെ ഒഴിവാക്കാം?
◻ നമുക്ക് ദൈവാത്മാവുണ്ടെന്നു നാം എങ്ങനെ പ്രകടമാക്കുന്നു?
◻ ലോകത്തിന്റെ ആത്മാവിനെ ചെറുത്തുനിൽക്കുന്നവർക്ക് എന്തെല്ലാം അനുഗ്രഹങ്ങൾ ലഭിക്കുന്നു?
[16, 17 പേജിലെ ചിത്രം]
ലോകത്തിന്റെ ആത്മാവു സാത്താനിൽനിന്ന് വരുന്നു
ലോകത്തിന്റെ ആത്മാവിനെ ഒഴിവാക്കുന്നതിന് യഹോവയുടെ ഉന്നതമായ ആരാധനാസ്ഥലത്തേക്കു നാം ഓടേണ്ടതുണ്ട്