നമ്മുടെ പൂർവികർക്ക് ഒരു നവജീവിതം
മരണത്തിൽ സകലരും തുടർന്നുള്ള ജീവിതത്തിനായി ആത്മമണ്ഡലത്തിലേക്കു കടന്നുപോവുക സ്വാഭാവികമാണെന്നു ദൈവവചനമായ ബൈബിൾ പഠിപ്പിക്കുന്നുണ്ടോ? ഇല്ല, അതു പഠിപ്പിക്കുന്നില്ല. ബൈബിൾ മരണാനന്തര ജീവിതം സംബന്ധിച്ച് ഒരു മഹനീയ പ്രത്യാശ പകരുന്നുണ്ട്, എന്നാൽ അനേകരും ധരിച്ചിരിക്കുന്ന വിധത്തിലല്ല.
നമ്മുടെ ആദ്യ പൂർവികനായ ആദാമിനെക്കുറിച്ചു ബൈബിൾ പറയുന്നതെന്താണെന്നു പരിചിന്തിക്കുക. യഹോവ അവനെ ‘നിലത്തെ പൊടികൊണ്ടു നിർമിച്ചു.’ (ഉല്പത്തി 2:7) ഭൂമിയിൽ സന്തുഷ്ടിയിൽ എന്നേക്കും ജീവിക്കുന്നതിനുള്ള അവസരം ആദാമിനുണ്ടായിരുന്നു. (ഉല്പത്തി 2:16, 17) എന്നാൽ, അവൻ തന്റെ സ്നേഹവാനായ സ്രഷ്ടാവിനെതിരെ മത്സരിച്ചു, മരണമായിരുന്നു ഫലം.
മരണത്തിൽ ആദാം എങ്ങോട്ടു പോയി? ദൈവം അവനോട് ഇങ്ങനെ പറഞ്ഞു: “നീ നിലത്തേക്കു തിരികെ [പോകും], എന്തെന്നാൽ അതിൽനിന്നാണു നീ എടുക്കപ്പെട്ടത്. എന്തെന്നാൽ നീ പൊടിയാകുന്നു, നീ പൊടിയിലേക്കു തിരികെ പോകും.”—ഉൽപ്പത്തി 3:19, NW.
ആദാമിനെ യഹോവ പൊടിയിൽനിന്നു സൃഷ്ടിച്ചതിനുമുമ്പ് അവൻ എവിടെയായിരുന്നു? എങ്ങുമില്ലായിരുന്നു. അവൻ അസ്തിത്വത്തിലില്ലായിരുന്നു. തൻമൂലം, ആദാം “നിലത്തേക്കു തിരികെ പോകും” എന്നു യഹോവ പറഞ്ഞപ്പോൾ ആദാം വീണ്ടും പൊടിപോലെതന്നെ ജീവനില്ലാത്തത് ആയിത്തീരുമെന്നേ അർഥമാക്കാൻ കഴിയുമായിരുന്നുള്ളൂ. പൂർവിക ആത്മാക്കളുടെ ലോകത്തിന്റെ പ്രതിഷ്ഠാപകനായിത്തീരാൻ ആദാം ‘കടന്നുപോവുക’യുണ്ടായില്ല. അവൻ ഒരു പരമാനന്ദ സ്വർഗീയ ജീവനിലേക്കോ ഒരു ദണ്ഡനസ്ഥലത്തെ നിത്യ ക്ലേശത്തിലേക്കോ കടന്നില്ല. അവന് ആകെ സംഭവിച്ചതു ജീവനുള്ള അവസ്ഥയിൽനിന്നു ജീവനില്ലാത്ത അവസ്ഥയിലേക്ക്, അസ്തിത്വമുള്ള അവസ്ഥയിൽനിന്ന് അസ്തിത്വമില്ലാത്ത അവസ്ഥയിലേക്ക് ഉള്ള മാറ്റം മാത്രമായിരുന്നു.
ശേഷിച്ച മനുഷ്യവർഗത്തെ സംബന്ധിച്ചെന്ത്? ആദാമിന്റെ പിൻഗാമികളുടെ അസ്തിത്വവും മരണത്തിൽ അവസാനിക്കുന്നുവോ? ബൈബിൾ ഉത്തരം നൽകുന്നു: “എല്ലാം [മനുഷ്യരും മൃഗങ്ങളും] ഒരു സ്ഥലത്തേക്കു തന്നേ പോകുന്നു; എല്ലാം പൊടിയിൽനിന്നുണ്ടായി, എല്ലാം വീണ്ടും പൊടിയായ്തീരുന്നു.”—സഭാപ്രസംഗി 3:19, 20.
മരിച്ചവരുടെ അവസ്ഥ
അതേ, മരിച്ചവർ നിർജീവരാണ്, കേൾക്കാനോ കാണാനോ സംസാരിക്കാനോ ചിന്തിക്കാനോ കഴിയാത്തവരാണ്. ഉദാഹരണത്തിന്, ബൈബിൾ ഇങ്ങനെ പറയുന്നു: “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല; . . . അവരുടെ സ്നേഹവും ദ്വേഷവും അസൂയയും നശിച്ചുപോയി.” ബൈബിൾ ഇങ്ങനെയും പറയുന്നു: “നീ ചെല്ലുന്ന പാതാളത്തിൽ [ശവക്കുഴിയിൽ] പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.”—സഭാപ്രസംഗി 9:5, 6, 10.
അതുകൊണ്ട്, ദൈവവചനം പറയുന്നപ്രകാരം ആളുകൾ ജീവിച്ചിരിക്കുമ്പോൾ മരണത്തെപ്പറ്റി ബോധവാൻമാരാണ്. എന്നാൽ, മരിക്കുമ്പോൾ അവർ ഒന്നിനെക്കുറിച്ചും ബോധവാൻമാരല്ല. അവർ തങ്ങളുടെ തന്നെ ശവത്തിന്റെ സമീപം അതിനോട് ചെയ്യുന്നത് എന്താണെന്നു നിരീക്ഷിച്ചുകൊണ്ടു നിൽക്കുന്നില്ല. അസ്തിത്വമില്ലായ്മയിൽ ആനന്ദവുമില്ല വേദനയുമില്ല, സന്തോഷവുമില്ല ദുഃഖവുമില്ല. മരിച്ചവർ കാലം കടന്നുപോകുന്നത് അറിയുന്നില്ല. ഏതൊരു നിദ്രയെക്കഴിഞ്ഞും ആഴമായ ബോധരഹിത അവസ്ഥയാണ് അവരുടേത്.
മരണാനന്തരം ആളുകൾ തുടർന്നു ജീവിക്കുന്നില്ല എന്നു പുരാതന നാളിൽ ദൈവത്തിന്റെ ഒരു ദാസനായിരുന്ന ഇയ്യോബിന് അറിയാമായിരുന്നു. ദൈവത്തിന്റെ ഇടപെടൽ കൂടാതെ വീണ്ടും ജീവനിലേക്കു വരാൻ യാതൊരു പ്രത്യാശയുമില്ലെന്നും അവൻ അറിഞ്ഞിരുന്നു. “പുരുഷനോ മരിച്ചാൽ ദ്രവിച്ചുപോകുന്നു; മനുഷ്യൻ പ്രാണനെ വിട്ടാൽ പിന്നെ അവൻ എവിടെ? മനുഷ്യൻ കിടന്നിട്ടു എഴുന്നേല്ക്കുന്നില്ല” എന്ന് ഇയ്യോബ് പറഞ്ഞു. (ഇയ്യോബ് 14:10, 12) മരിക്കുമ്പോൾ താൻ ആത്മാക്കളുടെ ഒരു ലോകത്തിൽ തന്റെ പൂർവികരോടു ചേരുമെന്ന് ഇയ്യോബ് തീർച്ചയായും പ്രതീക്ഷിച്ചിരുന്നില്ല.
പുനരുത്ഥന പ്രത്യാശ
ജീവിച്ചിരിക്കുന്നവർ മരണത്തിൽ അസ്തിത്വരഹിതരാകുന്നതിനാൽ “മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ?” എന്ന് ഇയ്യോബ് ഉന്നയിച്ച ചോദ്യമാണ് നിർണായകമായ ചോദ്യം. ഇയ്യോബ് സ്വയം അതിന് ഇങ്ങനെ ഉത്തരം നൽകി: “എനിക്കു മാറ്റം വരുവോളം എന്റെ യുദ്ധകാലമൊക്കെയും [ശവക്കുഴിയിലെ സമയം] കാത്തിരിക്കാമായിരുന്നു. നീ [യഹോവ] വിളിക്കും; ഞാൻ നിന്നോടു ഉത്തരം പറയും; നിന്റെ കൈവേലയോടു നിനക്കു താല്പര്യമുണ്ടാകും.”—ഇയ്യോബ് 14:14, 15.
മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഇയ്യോബ് അസ്തിത്വമില്ലായ്മയിലേക്കു പ്രവേശിച്ചാലും ദൈവം അവനെ മറക്കുകയില്ലായിരുന്നു. യഹോവയാം ദൈവം ഒരു പുനരുത്ഥാനത്തിലൂടെ അവനെ “വിളിക്കു”ന്ന സമയം വരുമെന്ന് ഇയ്യോബിനു വിശ്വാസമുണ്ടായിരുന്നു.
പുനരുത്ഥാനത്തിലുള്ള ഇയ്യോബിന്റെ പ്രത്യാശ യഥാർഥമാണെന്ന് ദൈവപുത്രനായ യേശുക്രിസ്തു കാണിച്ചുതന്നു. മരിച്ചവരെ ഉയിർപ്പിക്കാമെന്ന് യേശു തെളിയിച്ചു. എങ്ങനെ? അവൻതന്നെ അതു ചെയ്യുന്നതിലൂടെ! ഇയ്യോബിനെ ഉയിർപ്പിക്കാൻ അവൻ അവിടെ ഇല്ലായിരുന്നു, എന്നാൽ യേശു ഭൂമിയിലായിരുന്നപ്പോൾ നയീൻ പട്ടണത്തിലെ ഒരു വിധവയുടെ പുത്രനെ അവൻ ഉയിർപ്പിക്കുകതന്നെ ചെയ്തു. യായീറോസ് എന്നു പേരുള്ള ഒരുവന്റെ 12 വയസ്സുള്ള പുത്രിയെയും യേശു ജീവനിലേക്ക് ഉയിർപ്പിച്ചു. കൂടാതെ, തന്റെ സുഹൃത്തായ, മരിച്ചിട്ടു നാലു നാളായ, ലാസറിനെയും അവൻ ഉയിർപ്പിച്ചു.—ലൂക്കൊസ് 7:11-15; 8:41, 42, 49-56; യോഹന്നാൻ 11:38-44.
ഈ അത്ഭുതങ്ങൾ പ്രവർത്തിച്ചതിനു പുറമേ ഒരു വലിയ ഭാവി പുനരുത്ഥാനത്തെപ്പറ്റിയും യേശു പറഞ്ഞു. “സ്മാരകക്കല്ലറകളിലുള്ള എല്ലാവരും അവന്റെ ശബ്ദം കേൾക്കുകയും പുറത്തുവരികയും ചെയ്യുന്ന നാഴിക വരുന്നു” എന്ന് യേശു പറഞ്ഞു. (യോഹന്നാൻ 5:28, 29) പിന്നീട്, ഒരു യുവവ്യക്തിയെ ഉയിർപ്പിക്കുന്നതിന് യഹോവ ഉപയോഗിച്ച അപ്പോസ്തലനായ പൗലോസും ഒരു ഭാവി പുനരുത്ഥാനത്തിൽ വിശ്വാസം പ്രകടിപ്പിച്ചു. “നീതിമാൻമാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും എന്നു . . . ഞാനും ദൈവത്തിങ്കൽ ആശവെച്ചിരിക്കുന്നു” എന്ന് അവൻ പറഞ്ഞു.—പ്രവൃത്തികൾ 20:7-12; 24:15.
ഭാവി പുനരുത്ഥാനത്തെപ്പറ്റിയുള്ള ഈ തിരുവെഴുത്തു പരാമർശങ്ങൾക്ക് ആത്മമണ്ഡലത്തിൽ തുടർന്നുള്ള ഒരു ജീവനുമായി ബന്ധമില്ല. മരിച്ച ദശലക്ഷങ്ങൾ ഭൗതിക ശരീരത്തിൽ ഈ ഭൂമിയിലേക്കു തിരികെ വരുന്ന സമത്തേക്ക് അവ വിരൽ ചൂണ്ടുന്നു. ഉയിർപ്പിക്കപ്പെടുന്ന ഇവർ ഭൂമിയിലെ തങ്ങളുടെ പഴയ ജീവനെപ്പറ്റി ഓർമയില്ലാത്തവരായിരിക്കയില്ല. അവർ ശിശുക്കളായി വീണ്ടും ജനിക്കുന്നില്ല. പകരം, മരിച്ചപ്പോഴുണ്ടായിരുന്ന അതേ ഓർമകളും വ്യക്തിത്വവുമുള്ള അതേ വ്യക്തികളായിരിക്കും അവർ. അവർ തങ്ങൾക്കും മറ്റുള്ളവർക്കും തിരിച്ചറിയാൻ കഴിയുന്നവരായിരിക്കും. ഈ വ്യക്തികൾ തങ്ങളുടെ സുഹൃത്തുക്കളും കുടുംബവുമായി കൂടിച്ചേരുന്നത് എത്ര ആനന്ദപ്രദമായിരിക്കും! നമ്മുടെ പൂർവികരെ കണ്ടുമുട്ടുക എന്നു പറയുന്നത് എത്ര ആവേശകരമായിരിക്കും!
സ്വർഗത്തിലെ ജീവനിലേക്കുള്ള പുനരുത്ഥാനം
ചിലർ സ്വർഗത്തിൽ പോകുമെന്നു യേശു പറഞ്ഞില്ലേ? ഉവ്വ്, അവൻ പറഞ്ഞു. അവൻ കൊല്ലപ്പെടുന്നതിനുമുമ്പ് വൈകുന്നേരം അവൻ ഇങ്ങനെ പറഞ്ഞു: “എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും.” (യോഹന്നാൻ 14:2, 3) യേശു തന്റെ വിശ്വസ്ത അപ്പോസ്തലൻമാരോടു സംസാരിക്കുകയായിരുന്നു, എന്നാൽ എല്ലാ നല്ലയാളുകളും സ്വർഗത്തിൽ പോകുമെന്ന് അവന്റെ വാക്കുകൾ അർഥമാക്കിയില്ല.
സ്വർഗത്തിലേക്ക് ഉയിർപ്പിക്കപ്പെട്ടവർ ഒരു നല്ല ജീവിതം നയിക്കുന്നതിനു പുറമേ മറ്റു ചില യോഗ്യതകളിൽക്കൂടി എത്തിച്ചേരേണ്ട ആവശ്യമുണ്ടെന്നു യേശു പ്രകടമാക്കി. യഹോവയെപ്പറ്റിയും അവന്റെ ഉദ്ദേശ്യങ്ങളെപ്പറ്റിയും സൂക്ഷ്മപരിജ്ഞാനം നേടുക എന്നതാണ് ഒരു യോഗ്യത. (യോഹന്നാൻ 17:3) യേശുക്രിസ്തുവിന്റെ മറുവില യാഗത്തിൽ വിശ്വാസം പ്രകടമാക്കുകയും ദൈവത്തെ അനുസരിക്കുകയും ചെയ്യുക എന്നതാണു മറ്റു യോഗ്യതകൾ. (യോഹന്നാൻ 3:16; 1 യോഹന്നാൻ 5:3) മറ്റൊരു യോഗ്യത ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ ജാതനായ സ്നാപനമേറ്റ ക്രിസ്ത്യാനിയെന്ന നിലയിൽ “വീണ്ടും ജനിക്കുക” എന്നതാണ്. (യോഹന്നാൻ 1:12, 13; 3:3-6) സ്വർഗീയ ജീവനുവേണ്ടിയുള്ള കൂടുതലായുള്ള ഒരു നിബന്ധന യേശു ചെയ്തപോലെ മരണത്തിൽപോലും ദൈവത്തോടുള്ള വിശ്വസ്തത തെളിയിച്ചുകൊണ്ട് സഹിച്ചുനിൽക്കുകയാണ്.—ലൂക്കൊസ് 22:29; വെളിപ്പാടു 2:10.
അത്തരം ഉന്നത യോഗ്യതകൾക്ക് ഒരു കാരണമുണ്ട്. സ്വർഗത്തിലേക്ക് ഉയിർപ്പിക്കപ്പെടുന്നവർക്ക് ഒരു സുപ്രധാന വേല ചെയ്യേണ്ടതായിട്ടുണ്ട്. ഭൂമിയിലെ കാര്യാദികൾ വിജയപ്രദമായി കൈകാര്യം ചെയ്യാൻ മാനുഷ ഗവൺമെൻറുകൾക്ക് ഒരിക്കലും കഴിയുകയില്ലെന്നു യഹോവക്ക് അറിയാമായിരുന്നു. തൻമൂലം മനുഷ്യവർഗത്തിൻമേൽ ഭരണം നടത്താൻ അവൻ ഒരു സ്വർഗീയ ഗവൺമെൻറ് അഥവാ ഒരു രാജ്യം ക്രമീകരിച്ചു. (മത്തായി 6:9, 10) യേശു ആയിരിക്കും ആ രാജ്യത്തിന്റെ രാജാവ്. (ദാനീയേൽ 7:13, 14) ഭൂമിയിൽനിന്നു തിരഞ്ഞെടുത്തു സ്വർഗത്തിലേക്ക് ഉയിർപ്പിക്കപ്പെട്ടവർ അവനോടൊപ്പം ഭരിക്കും. ഉയിർപ്പിക്കപ്പെടുന്ന ഇവരെപ്പറ്റി, “ഞങ്ങളുടെ ദൈവത്തിന്നു അവരെ രാജ്യവും പുരോഹിതൻമാരും ആക്കിവെച്ചു; അവർ ഭൂമിയിൽ വാഴുന്നു” എന്നു ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു.—വെളിപ്പാടു 5:10.
അസംഖ്യം ജനങ്ങൾ സ്വർഗീയ പുനരുത്ഥാനത്തിനുള്ള യോഗ്യതകളിൽ എത്തിച്ചേരുമോ? ഇല്ല. മരണത്തിൽ നിദ്രപ്രാപിക്കുന്നവരിലനേകരും അവരുടെ തെറ്റുകൊണ്ടല്ലെങ്കിലും അതിനു യോഗ്യത നേടുന്നില്ല. അനേകർക്കും യഹോവയെപ്പറ്റിയും അവന്റെ ഉദ്ദേശ്യങ്ങളെപ്പറ്റിയുമുള്ള സത്യം അറിയുന്നതിന് അവസരമുണ്ടായിരുന്നില്ല. യേശുക്രിസ്തുവിനെയോ ദൈവരാജ്യത്തെയോ സംബന്ധിച്ച യാതൊരു അറിവുമില്ലാതെ അവർ ജീവിക്കുകയും മരിക്കുകയും ചെയ്തു.
സ്വർഗത്തിലേക്കു പോകുന്നവരെ യേശു ‘ചെറിയ ആട്ടിൻകൂട്ടം’ എന്നു വിളിച്ചു. (ലൂക്കൊസ് 12:32) ക്രിസ്തുവിനോടൊപ്പം സ്വർഗത്തിൽ ഭരിക്കാൻ “ഭൂമിയിൽനിന്നു വിലെക്കു വാങ്ങിയ”വരുടെ സംഖ്യ 1,44,000 ആണെന്നു പിന്നീട് വെളിപ്പെടുത്തുകയുണ്ടായി. (വെളിപ്പാടു 14:1-3; 20:6) 1,44,000 എന്ന സംഖ്യ യേശു പരാമർശിച്ച “അനേക വാസസ്ഥലങ്ങൾ” നിറയ്ക്കുന്നതിനു മതിയായ സംഖ്യയാണെന്നുവരികിലും ആദാമിൽനിന്നു ജനിച്ച കോടിക്കണക്കിന് ആളുകളുമായി താരതമ്യം ചെയ്യുമ്പോൾ അതു തുലോം ചെറുതാണ്.—യോഹന്നാൻ 14:2.
ഭൗമിക പുനരുത്ഥാനത്തിനു മുമ്പുള്ള സംഭവങ്ങൾ
നാം ഇതുവരെ ചർച്ചചെയ്തതു നമുക്കൊന്നു പുനരവലോകനം ചെയ്യാം. ബൈബിൾ പറയുന്നപ്രകാരം, മരിക്കുന്നവർ യഹോവയാൽ ഉയിർപ്പിക്കപ്പെടുന്നതുവരെ മരണത്തിൽ നിർജീവരാണ്. ചിലർ സ്വർഗത്തിലേക്ക് ഉയിർപ്പിക്കപ്പെടുന്നു, അവിടെ അവർ യേശുക്രിസ്തുവിനോടൊപ്പം രാജ്യ ഗവൺമെൻറിൽ ഭരണം നടത്തും. മിക്ക മനുഷ്യരും ആ രാജ്യത്തിന്റെ പ്രജകളായിത്തീരാൻ ഭൂമിയിലേക്ക് ഉയിർപ്പിക്കപ്പെടും.
ഭൗമിക പുനരുത്ഥാനത്തിലൂടെ ഭാഗികമായി യഹോവ ഭൂമിയെ സംബന്ധിച്ച തന്റെ ഉദ്ദേശ്യം നിവർത്തിക്കും. യഹോവ അതു സൃഷ്ടിച്ചത് “നിവസിക്കപ്പെടാൻ വേണ്ടി”യാണ്. (യെശയ്യാവു 45:18) അതു മനുഷ്യവർഗത്തിന്റെ ശാശ്വതഭവനമായിരിക്കണമായിരുന്നു. തൻമൂലം സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി: “സ്വർഗ്ഗം യഹോവയുടെ സ്വർഗ്ഗമാകുന്നു; ഭൂമിയെ അവൻ മനുഷ്യർക്കു കൊടുത്തിരിക്കുന്നു.”—സങ്കീർത്തനം 115:16.
ഭൂമിയിലേക്കുള്ള പുനരുത്ഥാനം തുടങ്ങുന്നതിനുമുമ്പ് വലിയ മാറ്റങ്ങൾ സംഭവിക്കേണ്ടതുണ്ട്. യുദ്ധം, മലിനീകരണം, കുറ്റകൃത്യം, അക്രമം എന്നിവയാൽ ഭൂമി നിറയണമെന്നതു യഹോവയുടെ ഉദ്ദേശ്യമല്ലായിരുന്നുവെന്നു നിങ്ങൾ ഒരുപക്ഷേ സമ്മതിച്ചേക്കും. ഈ പ്രശ്നങ്ങൾക്കു കാരണക്കാർ ദൈവത്തോടും അവന്റെ നീതിയുള്ള നിയമങ്ങളോടും ആദരവില്ലാത്ത ജനങ്ങളാണ്. അതുകൊണ്ട്, ദൈവരാജ്യം “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പി”ക്കും—അവന്റെ ഹിതം ഭൂമിയിൽ നടപ്പാക്കുന്നതിനുള്ള ഒരു മുഖ്യ പടിയായിത്തന്നെ. (വെളിപ്പാടു 11:18) ആ രാജ്യം സകല ദുഷ്ട മനുഷ്യരെയും നശിപ്പിക്കുകയും ഭൂമിയിൽ എന്നേക്കും ജീവിക്കുന്നതിനു നീതിമാൻമാരായ ആളുകളെ അവശേഷിപ്പിക്കുകയും ചെയ്യും.—സങ്കീർത്തനം 37:9, 29.
ഭൂമിയിൽ പറുദീസ
ശുദ്ധീകരിക്കപ്പെട്ട ഭൂമിയിലേക്ക് ഉയിർപ്പിക്കപ്പെടുന്നവർ സൗമ്യരും നൻമ ചെയ്യുന്ന കരുതലുള്ളവരുമായിരിക്കും. (താരതമ്യം ചെയ്യുക: മത്തായി 5:5) ദൈവരാജ്യത്തിന്റെ സ്നേഹപുരസ്സരമായ മേൽവിചാരണയിൽ അവർ സുരക്ഷിതത്വത്തിൽ സന്തുഷ്ട ജീവിതം നയിക്കും. അപ്പോൾ നിലവിലുണ്ടായിരിക്കുന്ന അത്ഭുതാവഹമായ അവസ്ഥകളെപ്പറ്റി ബൈബിൾ ഈ പൂർവവീക്ഷണം നൽകുന്നു: “[ദൈവം] അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല. ഒന്നാമത്തേതു കഴിഞ്ഞുപോയി.”—വെളിപ്പാടു 21:4.
അതേ, ഈ ഭൂമി ഒരു പറുദീസയായി രൂപാന്തരപ്പെടും. (ലൂക്കൊസ് 23:43) അതിന്റെ അർഥമെന്തെന്നു ചിന്തിച്ചു നോക്കൂ! ആശുപത്രികളും നേഴ്സിങ് ഹോമുകളും നിരർഥകമായിത്തീരും. ഇപ്പോൾ വാർധക്യം ബാധിക്കപ്പെട്ടവർ പറുദീസയിൽ വീണ്ടും ശക്തരും ആരോഗ്യവാൻമാരും ആകും. (ഇയ്യോബ് 33:25; യെശയ്യാവു 35:5, 6) ശവസംസ്കാര ഭവനങ്ങളോ സെമിത്തേരികളോ ശവകുടീരങ്ങളോ ഉണ്ടായിരിക്കയില്ല. തന്റെ രാജ്യം മുഖാന്തരം യഹോവ “മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും.” (യെശയ്യാവു 25:8) അത്തരം അനുഗ്രഹങ്ങൾ നമുക്കും നമ്മുടെ പൂർവികർക്കും നവജീവിതത്തെ അർഥമാക്കുമെന്നതു തീർച്ചയാണ്.
[7-ാം പേജിലെ ചിത്രം]
ഭൂമിയിലേക്ക് ഉയിർപ്പിക്കപ്പെടുന്നവർ രാജ്യത്തിന്റെ പ്രജകളായിരിക്കും