മനുഷ്യവർഗത്തിനു ദൈവപരിജ്ഞാനം ആവശ്യമാണ്
“നീ യഹോവാഭക്തി ഗ്രഹിക്കയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും.”—സദൃശവാക്യങ്ങൾ 2:5.
1. ദിവ്യ നിർമാണവൈദഗ്ധ്യത്തിന്റെ ഒരു മഹദ്സൃഷ്ടിയാണു മനുഷ്യഹൃദയം എന്നു പറയാൻ കഴിയുന്നതെന്തുകൊണ്ട്?
ഇപ്പോൾ ഭൂമിയിൽ ഏകദേശം 560,00,00,000 മനുഷ്യഹൃദയങ്ങൾ സ്പന്ദിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും നിങ്ങളുടെ ഹൃദയം 1,00,000 പ്രാവശ്യം സ്പന്ദിക്കുകയും ശരീരത്തിന്റെ 1,00,000 കിലോമീറ്റർ നീളംവരുന്ന രക്തപര്യയന വ്യവസ്ഥയിലൂടെ 7,600 ലിറ്ററിനു തുല്യമായ അളവിൽ രക്തം പമ്പു ചെയ്യുകയും ചെയ്യുന്നു. ദിവ്യ നിർമാണവൈദഗ്ധ്യത്തിന്റെ ഈ മഹദ്സൃഷ്ടിയെപ്പോലെ ഇത്ര കഠിനമായി വേറൊരു മാംസപേശിയും പ്രവർത്തിക്കുന്നില്ല.
2. പ്രതീകാത്മക ഹൃദയത്തെ നിങ്ങൾ എങ്ങനെ വർണിക്കും?
2 ഭൂമിയിൽ 560,00,00,000 പ്രതീകാത്മക ഹൃദയങ്ങളും പ്രവർത്തിക്കുന്നുണ്ട്. നമ്മുടെ വികാരങ്ങളും പ്രേരണകളും അഭിലാഷങ്ങളുമെല്ലാം കുടികൊള്ളുന്നതു പ്രതീകാത്മക ഹൃദയത്തിലാണ്. നമ്മുടെ ചിന്തയുടെയും ഗ്രാഹ്യത്തിന്റെയും ഇച്ഛാശക്തിയുടെയും ഇരിപ്പിടമാണത്. പ്രതീകാത്മക ഹൃദയത്തിന് അഹങ്കാരമുള്ളതോ താഴ്മയുള്ളതോ, ദുഃഖപൂരിതമോ സന്തോഷഭരിതമോ, ഇരുണ്ടതോ ശോഭനമായതോ ആയിരിക്കാൻ കഴിയും.—നെഹെമ്യാവു 2:2; സദൃശവാക്യങ്ങൾ 16:5; മത്തായി 11:29; പ്രവൃത്തികൾ 14:17; 2 കൊരിന്ത്യർ 4:6; എഫെസ്യർ 1:16-18.
3, 4. ഹൃദയങ്ങളിൽ സുവാർത്ത എത്തിച്ചേരുന്നതെങ്ങനെ?
3 യഹോവയാം ദൈവത്തിനു മനുഷ്യഹൃദയം വായിക്കാനാവും. സദൃശവാക്യങ്ങൾ 17:3 പറയുന്നു: “വെള്ളിക്കു പുടം, പൊന്നിന്നു മൂശ; ഹൃദയങ്ങളെ ശോധന ചെയ്യുന്നവനോ യഹോവ.” എങ്കിലും ഓരോ ഹൃദയവും കേവലം വായിച്ച് ന്യായവിധി പ്രഖ്യാപിക്കാതെ, ആളുകളുടെ ഹൃദയങ്ങളിൽ സുവാർത്ത എത്തിക്കാൻ യഹോവ തന്റെ സാക്ഷികളെ ഉപയോഗിക്കുകയാണ്. അത് അപ്പോസ്തലനായ പൗലോസിന്റെ ഈ വാക്കുകൾക്കു ചേർച്ചയിലാണ്: ‘“കർത്താവിന്റെ [“യഹോവയുടെ,” NW] നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്നുണ്ടല്ലോ. എന്നാൽ അവർ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവർ കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവൻ ഇല്ലാതെ എങ്ങനെ കേൾക്കും? ആരും അയക്കാതെ എങ്ങനെ പ്രസംഗിക്കും? “നന്മ സുവിശേഷിക്കുന്നവരുടെ കാൽ എത്ര മനോഹരം” എന്ന് എഴുതിയിരിക്കുന്നുവല്ലോ.’—റോമർ 10:13-15.
4 “നന്മ സുവിശേഷി”ക്കാനും സ്വീകാര്യക്ഷമതയുള്ള ഹൃദയമുള്ളവരെ കണ്ടെത്താനും ഭൂമിയുടെ എല്ലാ ഭാഗത്തേക്കും തന്റെ സാക്ഷികളെ അയയ്ക്കാൻ യഹോവയ്ക്കു പ്രസാദം തോന്നിയിരിക്കുന്നു. ഇപ്പോൾ നമ്മുടെ സംഖ്യ 50,00,000-ത്തിലധികം വരും—ഭൂമിയിലെ 1,200 പേർക്ക് ഒരു സാക്ഷി എന്ന അനുപാതം. ഭൂമിയിലെ ശതകോടിക്കണക്കിനാളുകൾക്കു സുവാർത്ത എത്തിച്ചുകൊടുക്കുക എളുപ്പമല്ല. എന്നാൽ ദൈവം ഈ വേലയ്ക്കു യേശുക്രിസ്തുവിലൂടെ നേതൃത്വം നൽകുകയും പരമാർഥഹൃദയരെ യേശുവിലേക്ക് ആകർഷിക്കുകയുമാണ്. അങ്ങനെ, യെശയ്യാവു 60:22-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനം സത്യമെന്നു തെളിയുന്നു: “കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജാതിയും ആയിത്തീരും; യഹോവയായ ഞാൻ തക്ക സമയത്തു അതിനെ ശീഘ്രമായി നിവർത്തിക്കും.”
5. എന്താണു പരിജ്ഞാനം, ലോകജ്ഞാനത്തെക്കുറിച്ച് എന്തു പറയാനാവും?
5 ആ സമയം ഇപ്പോഴാണ്. മാത്രവുമല്ല, ഒരു സംഗതി വ്യക്തമാണ്—ഭൂമിയിലെ ശതകോടിക്കണക്കിന് ആളുകൾക്കു പരിജ്ഞാനം ആവശ്യമാണ്. അടിസ്ഥാനപരമായി, പരിജ്ഞാനം എന്നു പറഞ്ഞാൽ അനുഭവത്തിലൂടെയോ നിരീക്ഷണത്തിലൂടെയോ പഠനത്തിലൂടെയോ നേടിയ, വസ്തുതകളുമായുള്ള പരിചയമാണ്. ലോകം വളരെയധികം പരിജ്ഞാനം സ്വരുക്കൂട്ടിയിട്ടുണ്ട്. ഗതാഗതം, ആരോഗ്യപരിപാലനം, വാർത്താവിനിയമം എന്നിങ്ങനെയുള്ള രംഗങ്ങളിൽ പുരോഗതി കൈവരിച്ചിട്ടുണ്ട്. എന്നാൽ ലൗകിക പരിജ്ഞാനമാണോ മനുഷ്യവർഗത്തിനു വാസ്തവത്തിൽ ആവശ്യമായിരിക്കുന്നത്? അല്ലേയല്ല! യുദ്ധവും അടിച്ചമർത്തലും രോഗവും മരണവും മനുഷ്യവർഗത്തെ തുടർന്നും ദുരിതത്തിലാഴ്ത്തിക്കൊണ്ടിരിക്കുന്നു. മിക്കപ്പോഴും, ലോകത്തിന്റെ ജ്ഞാനം ഏറെയും മണലാരണ്യത്തിലെ കാറ്റിനാൽ സ്ഥാനഭ്രംശം സംഭവിച്ചുകൊണ്ടിരിക്കുന്ന മണൽത്തരികൾ പോലെയാണ്.
6. രക്തത്തിന്റെ കാര്യത്തിൽ, ദൈവപരിജ്ഞാനവും ലൗകിക ജ്ഞാനവും താരതമ്യപ്പെട്ടിരിക്കുന്നതെങ്ങനെ?
6 ദൃഷ്ടാന്തത്തിന്: രണ്ടു നൂറ്റാണ്ടുകൾക്കുമുമ്പ്, സാങ്കൽപ്പിക രോഗനിവാരണം എന്നനിലയിൽ രക്തമൊഴുക്കിക്കളയുന്നതു സാധാരണമായിരുന്നു. ഐക്യനാടുകളുടെ ആദ്യ പ്രസിഡൻറായിരുന്ന ജോർജ് വാഷിങ്ടണിന്റെ ജീവിതത്തിന്റെ അവസാന മണിക്കൂറുകളിൽ അദ്ദേഹത്തിന്റെ രക്തം പല പ്രാവശ്യം ഒഴുക്കിക്കളഞ്ഞു. ഒരു സമയത്ത്, അദ്ദേഹം പറഞ്ഞു: “ഞാൻ സ്വസ്ഥമായൊന്നു മരിച്ചോട്ടെ; എനിക്കിനി അധികം സമയമില്ല.” അദ്ദേഹം പറഞ്ഞതു സത്യമായിരുന്നു, അന്നുതന്നെ—1799 ഡിസംബർ 14-ന്—അദ്ദേഹം മരിച്ചു. രക്തമൊഴുക്കിക്കളയുന്നതിനുപകരം, മനുഷ്യ ശരീരത്തിലേക്കു രക്തം കടത്തിവിടുന്നതിനാണ് ഇന്ന് ഊന്നൽ കൊടുക്കുന്നത്. ഈ രണ്ടു നടപടിക്രമങ്ങളും മാരകമായ പ്രശ്നങ്ങൾ വരുത്തിവെക്കുകയുണ്ടായി. എന്നിരുന്നാലും, ഇക്കണ്ട കാലങ്ങളിലെല്ലാം ദൈവവചനം പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘രക്തത്തിൽനിന്ന് ഒഴിഞ്ഞിരിക്കുവിൻ.’ (പ്രവൃത്തികൾ 15:29, NW) ദൈവപരിജ്ഞാനം എല്ലായ്പോഴും ശരിയാണ്, വിശ്വസനീയമാണ്, പുതുമയാർന്നതുമാണ്.
7. കുട്ടികളെ വളർത്തുന്ന കാര്യത്തിൽ, കൃത്യതയുള്ള തിരുവെഴുത്തു പരിജ്ഞാനം ലൗകിക ജ്ഞാനവുമായി താരതമ്യപ്പെടുത്തുമ്പോൾ വ്യത്യാസപ്പെട്ടിരിക്കുന്നതെങ്ങനെ?
7 ആശ്രയയോഗ്യമല്ലാത്ത ലൗകിക ജ്ഞാനത്തിന്റെ മറ്റൊരു ദൃഷ്ടാന്തം പരിചിന്തിക്കുക. അനുവാദാത്മക വിധത്തിൽ കുട്ടികളെ വളർത്തണമെന്ന ആശയം വർഷങ്ങളോളം മനശ്ശാസ്ത്രജ്ഞന്മാർ ഉയർത്തിപ്പിടിച്ചിരുന്നു. എന്നാൽ പിന്നീട്, അതിന്റെ വക്താക്കളിൽ ഒരാൾതന്നെ അതു തെറ്റാണെന്നു സമ്മതിക്കുകയുണ്ടായി. “യുവജനങ്ങളുടെ കാര്യത്തിൽ നാമിന്നു നേരിടുന്ന പ്രശ്നങ്ങൾക്കു ചുരുങ്ങിയപക്ഷം പരോക്ഷമായെങ്കിലും കാരണം” അനുവാദാത്മകതയാണെന്നു ജർമൻ ഫിലോളജിക്കൽ അസോസിയേഷൻ ഒരിക്കൽ പറഞ്ഞു. കാറ്റടിച്ചാലെന്നപോലെ, ലൗകിക ജ്ഞാനം അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടിയേക്കാം, എന്നാൽ കൃത്യതയുള്ള തിരുവെഴുത്തു പരിജ്ഞാനം അചഞ്ചലമാണ്. കുട്ടികളെ പരിശീലിപ്പിക്കുന്ന കാര്യത്തിൽ സമനിലയുള്ള ബുദ്ധ്യുപദേശമാണു ബൈബിൾ നൽകുന്നത്. “നിന്റെ മകനെ ശിക്ഷിക്ക; അവൻ നിനക്കു ആശ്വാസമുള്ളവനായ്തീരും; അവൻ നിന്റെ മനസ്സിന്നു പ്രമോദംവരുത്തും” എന്നു സദൃശവാക്യങ്ങൾ 29:17 പറയുന്നു. സ്നേഹത്തോടെയായിരിക്കണം അത്തരം ശിക്ഷണം നൽകേണ്ടത്. കാരണം പൗലോസ് ഇങ്ങനെ എഴുതി: “പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ പ്രകോപിപ്പിക്കരുത്, എന്നാൽ അവരെ യഹോവയുടെ ശിക്ഷണത്തിലും മാനസികക്രമവത്കരണത്തിലും വളർത്തിക്കൊണ്ടുവരുവിൻ.”—എഫേസ്യർ 6:4, NW.
“ദൈവപരിജ്ഞാനം”
8, 9. മനുഷ്യവർഗത്തിനു വാസ്തവത്തിൽ ആവശ്യമുള്ള പരിജ്ഞാനം സംബന്ധിച്ചു സദൃശവാക്യങ്ങൾ 2:1-6 പറയുന്നതു നിങ്ങൾ എങ്ങനെ വിശദീകരിക്കും?
8 വിദ്യാസമ്പന്നനായ ഒരു മനുഷ്യനായിരുന്നെങ്കിലും പൗലോസ് ഇങ്ങനെ പറഞ്ഞു: “താൻ ഈ ലോകത്തിൽ ജ്ഞാനി എന്നു നിങ്ങളിൽ ആർക്കെങ്കിലും തോന്നിയാൽ അവൻ ജ്ഞാനിയാകേണ്ടതിന്നു ഭോഷനായിത്തീരട്ടെ. ഈ ലോകത്തിന്റെ ജ്ഞാനം ദൈവസന്നിധിയിൽ ഭോഷത്വമത്രേ.” (1 കൊരിന്ത്യർ 3:18, 19) മനുഷ്യവർഗത്തിനു വാസ്തവത്തിൽ ആവശ്യമുള്ള പരിജ്ഞാനം പ്രദാനം ചെയ്യാൻ ദൈവത്തിനു മാത്രമേ സാധിക്കൂ. അതിനെക്കുറിച്ച് സദൃശവാക്യങ്ങൾ 2:1-6 പറയുന്നു: “മകനേ, ജ്ഞാനത്തിന്നു ചെവികൊടുക്കയും ബോധത്തിന്നു നിന്റെ ഹൃദയം ചായിക്കയും ചെയ്യേണ്ടതിന്നു എന്റെ വചനങ്ങളെ കൈക്കൊണ്ടു എന്റെ കല്പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചാൽ, നീ ബോധത്തിന്നായി വിളിച്ചു വിവേകത്തിന്നായി ശബ്ദം ഉയർത്തുന്നു എങ്കിൽ, അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ചു നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കിൽ, നീ യഹോവാഭക്തി ഗ്രഹിക്കയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും. യഹോവയല്ലോ ജ്ഞാനം നല്കുന്നതു; അവന്റെ വായിൽനിന്നു പരിജ്ഞാനവും വിവേകവും വരുന്നു.”
9 നല്ല ഹൃദയങ്ങളാൽ പ്രചോദിതരാകുന്നവർ ദൈവദത്ത പരിജ്ഞാനം ഉചിതമായി ബാധകമാക്കിക്കൊണ്ടു ജ്ഞാനത്തിനു ശ്രദ്ധ കൊടുക്കുന്നു. പഠിക്കുന്ന വസ്തുതകൾ ശ്രദ്ധാപൂർവം വിലയിരുത്തിക്കൊണ്ട്, അവർ വിവേചനയ്ക്കായി തങ്ങളുടെ ഹൃദയങ്ങളെ ചായ്ക്കുന്നു. ഫലത്തിൽ, അവർ ഗ്രാഹ്യത്തിനായി, അല്ലെങ്കിൽ ഒരു വിഷയത്തിന്റെ പല വശങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെയെന്നു കാണാനുള്ള പ്രാപ്തിക്കായി, കേഴുന്നു. ശരിയായ ഹൃദയനിലയുള്ളവർ, വെള്ളി കിട്ടാൻ കുഴിക്കുന്നതുപോലെയും മറഞ്ഞിരിക്കുന്ന നിധി കണ്ടെത്താൻ തിരയുന്നതുപോലെയും ശ്രമിക്കുന്നു. എന്നാൽ സ്വീകാര്യക്ഷമമായ ഹൃദയമുള്ളവർ എത്ര വലിയ നിധിയാണു കണ്ടെത്തുന്നത്? അത് “ദൈവപരിജ്ഞാനം” ആണ്. എന്താണത്? ലളിതമായി പറഞ്ഞാൽ, അതു ദൈവവചനമായ ബൈബിളിൽ കാണുന്ന പരിജ്ഞാനമാണ്.
10. നല്ല ആത്മീയ ആരോഗ്യം ആസ്വദിക്കാൻ നാം എന്താണു ചെയ്യേണ്ടത്?
10 ദൈവപരിജ്ഞാനം കുറ്റമറ്റതും സ്ഥായിയും ജീവദായകവുമാണ്. അത് ആത്മീയ ആരോഗ്യത്തെ ഉന്നമിപ്പിക്കുന്നു. “എന്നോടു കേട്ട പത്ഥ്യവചനം [“ആരോഗ്യാവഹമായ വാക്കുകളുടെ മാതൃക,” NW] നീ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിലും സ്നേഹത്തിലും മാതൃകയാക്കിക്കൊൾക” എന്നു പൗലോസ് തിമോത്തിയെ ഉദ്ബോധിപ്പിച്ചു. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (2 തിമൊഥെയൊസ് 1:13) ഒരു ഭാഷയ്ക്കു വാക്കുകളുടെ ഒരു മാതൃകയുണ്ട്. അതുപോലെ, രാജ്യം മുഖാന്തരം യഹോവയുടെ പരമാധികാരത്തിന്റെ സംസ്ഥാപനം എന്ന ബൈബിൾ പ്രതിപാദ്യവിഷയത്തിന്മേൽ പ്രധാനമായും അധിഷ്ഠിതമായ “ആരോഗ്യാവഹമായ വാക്കുകളുടെ മാതൃക” തിരുവെഴുത്തു സത്യമെന്ന “നിർമല ഭാഷ”യ്ക്കുമുണ്ട്. (സെഫന്യാവ് 3:9, NW) നാം ആരോഗ്യാവഹമായ വാക്കുകളുടെ ഈ മാതൃക മനസ്സിലും ഹൃദയത്തിലും സൂക്ഷിക്കേണ്ടയാവശ്യമുണ്ട്. ആലങ്കാരിക ഹൃദയത്തിന്റെ തകരാറുകൾ ഒഴിവാക്കി ആത്മീയാരോഗ്യത്തിൽ നിലകൊള്ളാൻ, നാം ബൈബിൾ ജീവിതത്തിൽ ബാധകമാക്കി “വിശ്വസ്തനും വിവേകിയുമായ അടിമ”യിലൂടെ ദൈവം നൽകുന്ന ആത്മീയ കരുതലുകളിൽനിന്നു മുഴു പ്രയോജനവും നേടണം. (മത്തായി 24:45-47, NW; തീത്തൊസ് 2:2) നല്ല ആത്മീയ ആരോഗ്യത്തിന്, ദൈവപരിജ്ഞാനം ആവശ്യമാണെന്നു നമുക്ക് എല്ലായ്പോഴും ഓർക്കാം.
11. മനുഷ്യവർഗത്തിനു ദൈവപരിജ്ഞാനം ആവശ്യമായിരിക്കുന്നതിന്റെ ചില കാരണങ്ങൾ ഏവ?
11 ഭൂമിയിലുള്ള ശതകോടിക്കണക്കിന് ആളുകൾക്കു ദൈവപരിജ്ഞാനം ആവശ്യമായിരിക്കുന്നതിന്റെ മറ്റു കാരണങ്ങൾ പരിചിന്തിക്കുക. ഭൂമിയും മനുഷ്യരും അസ്തിത്വത്തിൽ വന്നതെങ്ങനെയെന്ന് അവർക്കെല്ലാവർക്കും അറിയാമോ? ഇല്ല, അവർക്കറിയില്ല. മുഴു മനുഷ്യവർഗത്തിനും സത്യദൈവത്തെയും അവന്റെ പുത്രനെയും അറിയാമോ? ദിവ്യ പരമാധികാരവും മനുഷ്യരുടെ നിർമലതയും സംബന്ധിച്ചു പിശാച് ഉയർത്തിയ വിവാദങ്ങളെക്കുറിച്ചു സകലർക്കും അറിവുണ്ടോ? വീണ്ടും ഉത്തരം ഇല്ല എന്നുതന്നെ. നാം എന്തുകൊണ്ടു വാർധക്യം പ്രാപിക്കുന്നു, എന്തുകൊണ്ടു മരിക്കുന്നു, എന്നൊക്കെ പൊതുവേ ആളുകൾക്ക് അറിയാമോ? പിന്നെയും ഇല്ല എന്നുതന്നെ നാം പറയണം. ദൈവരാജ്യം ഇപ്പോൾ ഭരിച്ചുകൊണ്ടിരിക്കുകയാണെന്നും നാം അന്ത്യനാളിലാണു ജീവിക്കുന്നതെന്നും ഭൂവാസികളെല്ലാവരും തിരിച്ചറിയുന്നുണ്ടോ? ദുഷ്ടാത്മസേനകളെക്കുറിച്ച് അവർ ബോധമുള്ളവരാണോ? സന്തുഷ്ടമായ ഒരു കുടുംബജീവിതം എങ്ങനെ നയിക്കാം എന്നതു സംബന്ധിച്ചു മനുഷ്യർക്കെല്ലാം ആശ്രയയോഗ്യമായ പരിജ്ഞാനമുണ്ടോ? പറുദീസയിലെ സന്തോഷപൂരിതമായ ജീവിതം അനുസരണയുള്ള മനുഷ്യവർഗത്തിനു വേണ്ടിയുള്ള സ്രഷ്ടാവിന്റെ ഉദ്ദേശ്യമാണെന്നത് ആളുകൾക്ക് അറിയാമോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരവും ഇല്ല എന്നുതന്നെയാണ്. അപ്പോൾ മനുഷ്യവർഗത്തിനു ദൈവപരിജ്ഞാനം ആവശ്യമാണെന്നതു വ്യക്തം.
12. നമുക്കു ദൈവത്തെ “ആത്മാവിലും സത്യത്തിലും” ആരാധിക്കാൻ കഴിയുന്നതെങ്ങനെ?
12 തന്റെ ഭൗമിക ജീവിതത്തിന്റെ അവസാന രാത്രി യേശു പ്രാർഥനയിൽ പറഞ്ഞ സംഗതി നിമിത്തവും മനുഷ്യവർഗത്തിനു ദൈവപരിജ്ഞാനം ആവശ്യമാണ്. “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു” എന്ന് യേശു പറയുന്നതു കേട്ടപ്പോൾ അവന്റെ ശിഷ്യന്മാരുടെ ഹൃദയത്തെ അത് ആഴമായി സ്പർശിച്ചിരിക്കണം. (യോഹന്നാൻ 17:3) അത്തരം പരിജ്ഞാനം പ്രായോഗികമാക്കുന്നതാണു സ്വീകാര്യമാംവിധം ദൈവത്തെ ആരാധിക്കാനുള്ള ഏക മാർഗം. “ദൈവം ആത്മാവാണ്. അവിടുത്തെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടത്.” (യോഹന്നാൻ 4:24, പി.ഒ.സി. ബൈബിൾ) വിശ്വാസവും സ്നേഹവും നിറഞ്ഞ ഹൃദയങ്ങളാൽ പ്രചോദിതരാകുമ്പോൾ, നാം ദൈവത്തെ “ആത്മാവി”ൽ ആരാധിക്കുന്നു. നാം എങ്ങനെയാണ് അവനെ “സത്യത്തി”ൽ ആരാധിക്കുന്നത്? അവന്റെ വചനം പഠിച്ചുകൊണ്ടും അവന്റെ വെളിപ്പെടുത്തപ്പെട്ട സത്യത്തിന്—“ദൈവപരിജ്ഞാന”ത്തിന്—ചേർച്ചയിൽ അവനെ ആരാധിച്ചുകൊണ്ടും.
13. പ്രവൃത്തികൾ 16:25-34-ൽ ഏതു സംഭവമാണു രേഖപ്പെടുത്തിയിരിക്കുന്നത്, നമുക്ക് അതിൽനിന്ന് എന്തു പഠിക്കാനാവും?
13 ഓരോ വർഷവും ആയിരക്കണക്കിനാളുകളാണു യഹോവയുടെ ആരാധന ഏറ്റെടുക്കുന്നത്. എന്നാൽ, താത്പര്യക്കാരായ ആളുകളുമൊത്തു നാം ദീർഘനാൾ ബൈബിളധ്യയനം നടത്തേണ്ടതുണ്ടോ, അതോ പരമാർഥഹൃദയർ സ്നാപനമേൽക്കുന്ന ഘട്ടത്തോളം കൂടുതൽ വേഗത്തിൽ പുരോഗമിക്കുക സാധ്യമാണോ? ആകട്ടെ, പ്രവൃത്തികൾ 16:25-34-ൽ പരാമർശിച്ചിരിക്കുന്ന കാരാഗൃഹപ്രമാണിയുടെയും അയാളുടെ വീട്ടുകാരുടെയും കാര്യത്തിൽ സംഭവിച്ചതെന്തെന്നു പരിചിന്തിക്കുക. പൗലോസും ശീലാസും ഫിലിപ്പിയിൽ തടവിലാക്കപ്പെട്ടിരുന്നു, എന്നാൽ അർധരാത്രിയിൽ ഒരു വൻ ഭൂകമ്പം നിമിത്തം കാരാഗൃഹവാതിലുകൾ തുറക്കപ്പെട്ടു. എല്ലാ തടവുകാരും രക്ഷപ്പെട്ടുവെന്നും താൻ കഠിനമായി ശിക്ഷിക്കപ്പെടുമെന്നും ചിന്തിച്ച് കാരാഗൃഹപ്രമാണി ആത്മഹത്യക്കൊരുങ്ങവേ, തങ്ങളെല്ലാവരും അവിടെത്തന്നെയുണ്ടെന്നു പൗലോസ് അദ്ദേഹത്തോടു പറഞ്ഞു. പൗലോസും ശീലാസും “കർത്താവിന്റെ വചനം അവനോടും അവന്റെ വീട്ടിലുള്ള എല്ലാവരോടും പ്രസംഗിച്ചു.” കാരാഗൃഹപ്രമാണിയും അവന്റെ കുടുംബവും തിരുവെഴുത്തുപരമായ പശ്ചാത്തലം ഇല്ലാതിരുന്ന പുറജാതീയർ ആയിരുന്നു. എന്നിട്ടും, ആ ഒറ്റ രാത്രിയിൽത്തന്നെ അവർ വിശ്വാസികളായിത്തീർന്നു. മാത്രവുമല്ല, ‘അവനും അവനുള്ളവരെല്ലാവരും സ്നാനം ഏറ്റു.’ അവ അസാധാരണ സാഹചര്യങ്ങളായിരുന്നു. എന്നാൽ പുതിയവർ അടിസ്ഥാന സത്യങ്ങൾ പഠിപ്പിക്കപ്പെട്ടു. തന്നെയുമല്ല, പിന്നീട് അവർ സഭായോഗങ്ങളിൽ മറ്റു സംഗതികൾ പഠിക്കുകയും ചെയ്തു. അതിനോടു സമാനമായ ഒന്ന് ഇന്നും സാധ്യമാകേണ്ടതാണ്.
കൊയ്ത്തു വലുതാണ്!
14. ചുരുങ്ങിയ കാലയളവിൽ ഫലപ്രദമായ കൂടുതൽ ബൈബിളധ്യയനങ്ങൾ നടത്തേണ്ടതിന്റെ ആവശ്യമുള്ളത് എന്തുകൊണ്ട്?
14 ചുരുങ്ങിയ കാലയളവിൽ ഫലപ്രദമായ കൂടുതൽ ബൈബിളധ്യയനങ്ങൾ നടത്താൻ യഹോവയുടെ സാക്ഷികൾക്കു സാധിച്ചാൽ അതു നല്ലതായിരിക്കും. അതിന്റെ യഥാർഥ ആവശ്യമുണ്ട്. ഉദാഹരണത്തിന്, പൂർവയൂറോപ്യൻ രാജ്യങ്ങളിൽ ബൈബിളധ്യയനം ലഭിക്കാനായി ആളുകൾക്കു വെയിറ്റിങ് ലിസ്റ്റിൽ പേരു കൊടുക്കേണ്ടിവരുന്നു. മറ്റിടങ്ങളിലും സ്ഥിതി അതുതന്നെ. ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ഒരു പട്ടണത്തിൽ, അഞ്ചു സാക്ഷികൾക്കു നടത്താവുന്നതിലധികം അധ്യയനങ്ങൾക്കുള്ള അഭ്യർഥനകൾ കിട്ടി. അവർ എന്തു ചെയ്തു? രാജ്യഹാളിലെ യോഗങ്ങൾക്കു ഹാജരായി ബൈബിളധ്യയനത്തിനുള്ള വെയിറ്റിങ് ലിസ്റ്റിൽ പേരു കൊടുക്കാൻ അവർ താത്പര്യക്കാരെ പ്രോത്സാഹിപ്പിച്ചു. വ്യാപകമായി പല സ്ഥലങ്ങളിലും ഇതേ സ്ഥിതിവിശേഷമാണുള്ളത്.
15, 16. ദൈവപരിജ്ഞാനം കൂടുതൽ വേഗത്തിൽ വ്യാപിപ്പിക്കാൻ എന്തു നൽകപ്പെട്ടിരിക്കുന്നു, അതിനെക്കുറിച്ചുള്ള ഏതാനും വസ്തുതകൾ എന്തെല്ലാം?
15 വിസ്തൃതമായ പ്രദേശങ്ങളാണ്—കൊയ്ത്തിനുള്ള വൻവയലുകളാണ്—ദൈവജനത്തിനു തുറന്നുകിട്ടുന്നത്. “കൊയ്ത്തിന്റെ യജമാന”നായ യഹോവ കൂടുതൽ വേലക്കാരെ അയയ്ക്കുന്നുണ്ടെങ്കിലും, ഇനിയും ധാരാളം വേല ചെയ്യാനുണ്ട്. (മത്തായി 9:37, 38) അതുകൊണ്ട്, ദൈവപരിജ്ഞാനം കൂടുതൽ വേഗത്തിൽ വ്യാപിപ്പിക്കാൻ, പ്രത്യേക വിവരങ്ങൾ ചുരുക്കമായി പ്രദാനം ചെയ്യുന്ന, ബൈബിൾ വിദ്യാർഥികൾക്ക് ഓരോ പാഠത്തോടൊപ്പവും ആത്മീയ പുരോഗതി കൈവരിക്കാനുതകുന്ന, ഒരു സംഗതി ‘വിശ്വസ്തനും വിവേകിയുമായ അടിമ’ പ്രദാനം ചെയ്തിരിക്കുന്നു. ഭവന ബൈബിളധ്യയനങ്ങളിൽ പെട്ടെന്ന്—ഒരുപക്ഷേ ഏതാനും മാസങ്ങൾകൊണ്ട്—പൂർത്തിയാക്കാവുന്ന ഒരു പുതിയ പ്രസിദ്ധീകരണമാണത്. അതു നമ്മുടെ ബ്രീഫ്കെയ്സുകളിലോ ഹാൻഡ്ബാഗുകളിലോ പോക്കറ്റുകളിലോ പോലും കൊണ്ടുനടക്കാൻ എളുപ്പമാണ്! യഹോവയുടെ സാക്ഷികളുടെ “സന്തുഷ്ട സ്തുതിപാഠകർ” ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിൽ, നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന ശീർഷകത്തിലുള്ള 192 പേജുള്ള പുതിയ പുസ്തകം ലഭിച്ചത് സമ്മേളിച്ച ലക്ഷക്കണക്കിനാളുകളെ പുളകംകൊള്ളിച്ചു.
16 പല രാജ്യങ്ങളിലുള്ള എഴുത്തുകാരാണു വിവരങ്ങൾ തയ്യാറാക്കിയത്, അതിനുശേഷം ആ വിവരങ്ങൾ ശ്രദ്ധാപൂർവം അന്തിമ രൂപത്തിലാക്കി, പരിജ്ഞാനം പുസ്തകം തയ്യാറാക്കുകയാണുണ്ടായത്. അതുകൊണ്ട്, ആ പുസ്തകത്തിനു സാർവദേശീയഭാവം ഉണ്ടായിരിക്കണം. ലോകമെമ്പാടുമുള്ള ആളുകളുടെ ഭാഷകളിൽ ഈ പുതിയ പുസ്തകം പ്രകാശനം ചെയ്യാൻ അധികനാൾ വേണ്ടിവരുമോ? ഇല്ല, കാരണം വലിയ പുസ്തകങ്ങളെക്കാൾ വേഗത്തിൽ 192 പേജുള്ള ഒരു പുസ്തകം പരിഭാഷപ്പെടുത്താനാവും. 1995 ഒക്ടോബറോടെ, ഭരണസംഘത്തിലെ റൈറ്റിങ് കമ്മിറ്റി ഈ പുസ്തകം ഇംഗ്ലീഷിൽനിന്നു 130-ലധികം ഭാഷകളിലേക്കു പരിഭാഷ ചെയ്യുന്നതിന് അനുമതി നൽകുകയുണ്ടായി.
17. എന്തു വസ്തുതകൾ പരിജ്ഞാനം പുസ്തകത്തിന്റെ ഉപയോഗം എളുപ്പമാക്കിത്തീർക്കേണ്ടതാണ്?
17 പരിജ്ഞാനം പുസ്തകത്തിലെ ഓരോ അധ്യായത്തിലെയും പ്രത്യേക വിവരങ്ങൾ സാമാന്യം നല്ല വേഗത്തിൽതന്നെ ആത്മീയ പുരോഗതി കൈവരിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കേണ്ടതാണ്. ഈ പുസ്തകം തിരുവെഴുത്തു സത്യങ്ങൾ അവതരിപ്പിക്കുന്നത് കെട്ടുപണി ചെയ്യുന്ന ഒരു വിധത്തിലാണ്. അതു വ്യാജപഠിപ്പിക്കലുകൾക്കു വിശദമായ ശ്രദ്ധ കൊടുക്കുന്നില്ല. ഭാഷയുടെ വ്യക്തതയും യുക്തിപൂർവമായ വിഷയവികസിപ്പിക്കലും, ബൈബിളധ്യയനങ്ങൾ നടത്തുന്നതിനും ദൈവപരിജ്ഞാനം ഗ്രഹിക്കാൻ ആളുകളെ സഹായിക്കുന്നതിനും ഈ പുസ്തകത്തിന്റെ ഉപയോഗം എളുപ്പമാക്കേണ്ടതാണ്. ഉദ്ധരിച്ചിരിക്കുന്ന തിരുവെഴുത്തുകൾക്കു പുറമേ, ബൈബിൾ വാക്യങ്ങൾ പരാമർശിച്ചിട്ടുണ്ട്. ചർച്ചയ്ക്കായി ഒരുങ്ങുന്നയവസരത്തിൽ വിദ്യാർഥികൾക്ക് അവ എടുത്തുനോക്കാൻ സാധിക്കും. സമയമുണ്ടെങ്കിൽ, അധ്യയന സമയത്ത് അവ വായിക്കാവുന്നതാണ്. എന്നിരുന്നാലും, പ്രധാന ആശയത്തെ മൂടിക്കളയുന്ന കൂടുതലായ വിവരങ്ങൾ ഉൾപ്പെടുത്തുന്നതു ജ്ഞാനപൂർവമായിരിക്കില്ല. പകരം, ഓരോ അധ്യായത്തിലും പുസ്തകം എന്തു തെളിയിക്കുന്നു എന്നു ഗ്രഹിക്കാനും അതു വിദ്യാർഥിക്കു പറഞ്ഞുകൊടുക്കാനുമാണു ബൈബിളധ്യയനം നിർവഹിക്കുന്നവർ ശ്രമിക്കേണ്ടത്. അതിന്റെ അർഥം, പ്രധാന ആശയങ്ങൾ വളരെ വ്യക്തമായി മനസ്സിൽ പതിയേണ്ടതിനു പഠിപ്പിക്കുന്നയാൾതന്നെ ഈ പുസ്തകം ശുഷ്കാന്തിയോടെ ആദ്യം പഠിച്ചിരിക്കണം എന്നാണ്.
18. പരിജ്ഞാനം പുസ്തകത്തിന്റെ ഉപയോഗം സംബന്ധിച്ചു നൽകിയിരിക്കുന്ന നിർദേശങ്ങളെന്തെല്ലാം?
18 നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകത്തിനു ശിഷ്യരാക്കൽവേലയുടെ വേഗത ത്വരിതപ്പെടുത്താൻ കഴിയുന്നത് എങ്ങനെയാണ്? 192 പേജുള്ള ഈ പുസ്തകം താരതമ്യേന ചുരുങ്ങിയ കാലയളവിൽ പഠിച്ചുതീർക്കാനാവും. “നിത്യജീവനുവേണ്ടി ശരിയായ മനോനിലയുള്ള”വർ യഹോവക്കു സമർപ്പിച്ചു സ്നാപനമേൽക്കാൻ മതിയായ സംഗതികൾ ഈ പുസ്തകത്തിന്റെ പഠനത്തിലൂടെ മനസ്സിലാക്കാൻ പ്രാപ്തരാകണം. (പ്രവൃത്തികൾ 13:48, NW) അതുകൊണ്ട് ശുശ്രൂഷയിൽ നമുക്കു പരിജ്ഞാനം പുസ്തകം നന്നായി ഉപയോഗിക്കാം. ഒരു ബൈബിൾ വിദ്യാർഥി മറ്റൊരു പുസ്തകത്തിന്റെ നല്ലൊരു ഭാഗം ഇതിനോടകംതന്നെ പഠിച്ചുകഴിഞ്ഞെങ്കിൽ, അതു പൂർത്തീകരിക്കുന്നതാണു പ്രായോഗികബുദ്ധി. അങ്ങനെയല്ലാത്തപക്ഷം, ബൈബിളധ്യയനങ്ങൾ പരിജ്ഞാനം പുസ്തകം ഉപയോഗിച്ചു നടത്താൻ നിർദേശിക്കുന്നു. ഈ പുതിയ പ്രസിദ്ധീകരണം പൂർത്തിയായശേഷം, വിദ്യാർഥിയോടൊപ്പം രണ്ടാമതൊരു പുസ്തകം കൂടി പഠിക്കാൻ നിർദേശിക്കുന്നില്ല. സത്യത്തെ പുൽകുന്നവർക്ക്, യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്കു ഹാജരാകുകയും സ്വന്തമായി ബൈബിളും മറ്റു നാനാവിധ ക്രിസ്തീയ പ്രസിദ്ധീകരണങ്ങളും വായിക്കുകയും ചെയ്തുകൊണ്ട് തങ്ങളുടെ പരിജ്ഞാനം പൂർത്തിയാക്കാനാവും.—2 യോഹന്നാൻ 1.
19. പരിജ്ഞാനം പുസ്തകം ഉപയോഗിച്ച് ബൈബിളധ്യയനങ്ങൾ നടത്തുന്നതിനു മുമ്പ്, നമ്മുടെ ശുശ്രൂഷ നിർവഹിക്കാൻ സംഘടിതർ എന്ന പുസ്തകത്തിന്റെ 183 മുതൽ 248 വരെയുള്ള പേജുകൾ പുനരവലോകനം ചെയ്യുന്നതു സഹായകരമായിരിക്കുന്നതെന്തുകൊണ്ട്?
19 യഹോവയുടെ സാക്ഷികളായി സ്നാപനമേൽക്കാൻ ആഗ്രഹിക്കുന്ന സ്നാപനമേൽക്കാത്ത പ്രസാധകരുമൊത്തു മൂപ്പന്മാർ പുനരവലോകനം ചെയ്യുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറയാൻ ഒരു വ്യക്തിയെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിജ്ഞാനം പുസ്തകം എഴുതിയിരിക്കുന്നത്. അതുകൊണ്ട്, ഈ പുതിയ പ്രസിദ്ധീകരണം ബൈബിളധ്യയനങ്ങൾക്ക് ഉപയോഗിക്കുന്നതിനു മുമ്പ്, നമ്മുടെ ശുശ്രൂഷ നിർവഹിക്കാൻ സംഘടിതർ പുസ്തകത്തിന്റെ 183 മുതൽ 248 വരെയുള്ള പേജുകളിലെ ചോദ്യങ്ങൾ പുനരവലോകനം ചെയ്യാൻ ഏതാനും മണിക്കൂറുകൾ ചെലവഴിക്കാൻ ശുപാർശ ചെയ്യുന്നു.a പരിജ്ഞാനം പുസ്തകം ഉപയോഗിച്ചുള്ള ബൈബിളധ്യയന സമയത്ത് അത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾക്ക് ഊന്നൽ കൊടുക്കാൻ ഇതു നിങ്ങളെ സഹായിക്കും.
20. നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകം ഉപയോഗിച്ച് എന്തു ചെയ്യാനാണു നിങ്ങൾ ഉദ്ദേശിക്കുന്നത്?
20 എല്ലായിടത്തുമുള്ള ആളുകൾ സുവാർത്ത കേൾക്കേണ്ടതുണ്ട്. അതേ, മനുഷ്യവർഗത്തിനു ദൈവപരിജ്ഞാനം ആവശ്യമാണ്. അത് അറിയിക്കാൻ യഹോവയ്ക്കു തന്റെ സാക്ഷികളുണ്ട്. വിശ്വസ്തനും വിവേകിയുമായ അടിമയിലൂടെ നമ്മുടെ സ്നേഹവാനായ സ്വർഗീയ പിതാവ് ഇപ്പോൾ നമുക്ക് ഈ പുതിയ പുസ്തകം നൽകിയിരിക്കുകയാണ്. സത്യം പഠിപ്പിക്കാനും യഹോവയുടെ വിശുദ്ധ നാമത്തിനു മഹത്ത്വം കരേറ്റാനും നിങ്ങൾ അത് ഉപയോഗിക്കുമോ? നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം അനേകർക്കു ലഭ്യമാക്കാൻ നിങ്ങൾ സർവശ്രമവും ചെയ്യുമ്പോൾ നിങ്ങളെ യഹോവ തീർച്ചയായും അനുഗ്രഹിക്കും.
[അടിക്കുറിപ്പ്]
a വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ചത്.
നിങ്ങൾ എങ്ങനെ മറുപടി പറയും?
◻ പ്രതീകാത്മക ഹൃദയത്തെ നിങ്ങൾ എങ്ങനെ വർണിക്കും?
◻ എന്താണു ദൈവപരിജ്ഞാനം?
◻ മനുഷ്യവർഗത്തിനു ദൈവപരിജ്ഞാനം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
◻ ഏതു പുതിയ പുസ്തകമാണു ലഭ്യമായിരിക്കുന്നത്, അത് എങ്ങനെ ഉപയോഗിക്കാനാണു നിങ്ങൾ ഉദ്ദേശിക്കുന്നത്?
[10-ാം പേജിലെ ചിത്രം]
ഭൂമിയിലെ ശതകോടിക്കണക്കിന് ആളുകൾക്കു ദൈവപരിജ്ഞാനം ആവശ്യമായിരിക്കുന്നതിന് അനേകം കാരണങ്ങളുണ്ട്