തിമൊഥെയൊസിന് എഴുതിയ രണ്ടാമത്തെ കത്ത്
1 ക്രിസ്തുയേശുവിലൂടെയുള്ള ജീവന്റെ വാഗ്ദാനത്തിനു+ ചേർച്ചയിൽ ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പോസ്തലനായിത്തീർന്ന പൗലോസ്, 2 പ്രിയപ്പെട്ട മകനായ തിമൊഥെയൊസിന്+ എഴുതുന്നത്:
പിതാവായ ദൈവത്തിൽനിന്നും നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽനിന്നും നിനക്ക് അനർഹദയയും കരുണയും സമാധാനവും!
3 എന്റെ പൂർവികർ ചെയ്തിരുന്നതുപോലെയും ഒരു ശുദ്ധമനസ്സാക്ഷിയോടെയും ഞാൻ സേവിക്കുന്ന* ദൈവത്തോടു നന്ദിയുള്ളവനാണു ഞാൻ. രാവും പകലും ഞാൻ ഉള്ളുരുകി പ്രാർഥിക്കുമ്പോൾ ഇടവിടാതെ നിന്നെ ഓർക്കാറുണ്ട്. 4 നിന്റെ കണ്ണീർ ഓർക്കുമ്പോൾ നിന്നെ കാണാൻ എനിക്ക് അതിയായ ആഗ്രഹം തോന്നുന്നു. നിന്നെ കാണുമ്പോൾ എനിക്ക് ഒരുപാടു സന്തോഷമാകും. 5 നിന്റെ കാപട്യമില്ലാത്ത വിശ്വാസത്തെപ്പറ്റിയും ഞാൻ ഓർക്കുന്നു.+ നിന്റെ മുത്തശ്ശി ലോവീസിലും അമ്മ യൂനീക്കയിലും ഉണ്ടായിരുന്ന അതേ വിശ്വാസംതന്നെയാണു നിന്നിലുമുള്ളതെന്ന് എനിക്കു ബോധ്യമുണ്ട്.
6 അതുകൊണ്ട്, ഞാൻ കൈകൾ വെച്ചതിലൂടെ ദൈവത്തിൽനിന്ന് നിനക്കു ലഭിച്ച സമ്മാനം+ തീപോലെ ജ്വലിപ്പിക്കണമെന്നു ഞാൻ നിന്നെ ഓർമിപ്പിക്കുകയാണ്. 7 ഭീരുത്വത്തിന്റെ ആത്മാവിനെയല്ല,+ ശക്തിയുടെയും+ സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയാണല്ലോ ദൈവം നമുക്കു തന്നത്. 8 അതുകൊണ്ട് നമ്മുടെ കർത്താവിനെക്കുറിച്ച് സാക്ഷി പറയുന്നതിൽ നിനക്കു നാണക്കേടു തോന്നരുത്.+ കർത്താവിനുവേണ്ടി തടവുകാരനായിരിക്കുന്ന എന്നെക്കുറിച്ചും ലജ്ജിക്കരുത്. പകരം, ദൈവത്തിന്റെ ശക്തിയിൽ ആശ്രയിച്ചുകൊണ്ട്+ സന്തോഷവാർത്തയ്ക്കുവേണ്ടി കഷ്ടപ്പാടുകൾ സഹിക്കാൻ തയ്യാറാകുക.+ 9 ദൈവം നമ്മളെ രക്ഷിക്കുകയും വിശുദ്ധമായ ഒരു വിളിയാൽ വിളിക്കുകയും ചെയ്തതു+ നമ്മുടെ പ്രവൃത്തികളുടെ പേരിലല്ല, ദൈവത്തിന്റെ ഉദ്ദേശ്യമനുസരിച്ചും അനർഹദയ കാരണവും ആണ്.+ അതു കാലങ്ങൾക്കു മുമ്പേ ക്രിസ്തുയേശുവിനോടുള്ള ബന്ധത്തിൽ നമുക്കു തന്നതാണ്. 10 പക്ഷേ ഇപ്പോൾ നമ്മുടെ രക്ഷകനായ ക്രിസ്തുയേശുവിന്റെ വെളിപ്പെടലിലൂടെ+ അതു വളരെ വ്യക്തമായിരിക്കുന്നു. ക്രിസ്തു മരണത്തെ നീക്കുകയും+ സന്തോഷവാർത്തയിലൂടെ+ ജീവന്റെയും+ അക്ഷയത്വത്തിന്റെയും+ മേൽ പ്രകാശം ചൊരിയുകയും ചെയ്തല്ലോ. 11 ആ സന്തോഷവാർത്തയുടെ പ്രസംഗകനും അപ്പോസ്തലനും അധ്യാപകനും+ ആയിട്ടാണ് എന്നെ നിയമിച്ചത്.
12 ഞാൻ ഇതെല്ലാം സഹിക്കുന്നതും അതുകൊണ്ടുതന്നെയാണ്.+ പക്ഷേ എനിക്ക് അതിൽ ഒട്ടും നാണക്കേടു തോന്നുന്നില്ല.+ കാരണം, ഞാൻ വിശ്വാസമർപ്പിച്ചിരിക്കുന്ന എന്റെ ദൈവത്തെ എനിക്കു നന്നായി അറിയാം. ഞാൻ ദൈവത്തെ വിശ്വസിച്ച് ഏൽപ്പിച്ചിട്ടുള്ളതെല്ലാം ആ നാൾവരെ+ ഭദ്രമായി സൂക്ഷിക്കാൻ ദൈവം പ്രാപ്തനാണെന്ന് എനിക്ക് ഉറപ്പുണ്ട്. 13 നീ എന്നിൽനിന്ന് കേട്ട പ്രയോജനകരമായ* വാക്കുകൾ എപ്പോഴും ഒരു മാതൃകയായി* മുറുകെ പിടിക്കുക.+ ക്രിസ്തുയേശുവിനോടുള്ള യോജിപ്പിൽനിന്ന് ഉളവാകുന്ന വിശ്വാസവും സ്നേഹവും വിട്ടുകളയാനും പാടില്ല. 14 നിന്നെ വിശ്വസിച്ച് ഏൽപ്പിച്ചിരിക്കുന്ന ആ നിക്ഷേപം, നമ്മളിൽ വസിക്കുന്ന പരിശുദ്ധാത്മാവിന്റെ* സഹായത്തോടെ കാത്തുകൊള്ളുക.+
15 ഫുഗലൊസും ഹെർമൊഗനേസും ഉൾപ്പെടെ ഏഷ്യ സംസ്ഥാനത്തുള്ള+ എല്ലാവരും എന്നിൽനിന്ന് അകന്നുപോയെന്നു നിനക്ക് അറിയാമല്ലോ. 16 ഒനേസിഫൊരൊസിന്റെ+ കുടുംബത്തോടു കർത്താവ് കരുണ കാണിക്കട്ടെ. കാരണം ചങ്ങലകളാൽ ബന്ധിതനായി ജയിലിൽ കിടക്കുന്ന എനിക്കു കൂടെക്കൂടെ നവോന്മേഷം പകർന്നയാളാണ് അദ്ദേഹം. എന്റെ അവസ്ഥയെക്കുറിച്ച് ഒട്ടും നാണക്കേടു വിചാരിക്കാത്ത 17 ഒനേസിഫൊരൊസ് റോമിൽ എത്തിയപ്പോൾ, വളരെ ആത്മാർഥതയോടെ എന്നെ അന്വേഷിച്ച് കണ്ടുപിടിച്ചു. 18 ആ നാളിൽ യഹോവ* ഒനേസിഫൊരൊസിനോടു കരുണ കാണിക്കാൻ കർത്താവ് ഇടയാക്കട്ടെ. എഫെസൊസിൽവെച്ചും ഒനേസിഫൊരൊസ് എന്തെല്ലാം സേവനങ്ങൾ ചെയ്തു എന്നു നിനക്കു നന്നായി അറിയാമല്ലോ.