ക്രിസ്തുവിന്റെ നിയമപ്രകാരം ജീവിക്കൽ
“തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ; ഇങ്ങനെ ക്രിസ്തുവിന്റെ ന്യായപ്രമാണം നിവർത്തിപ്പിൻ.”—ഗലാത്യർ 6:2.
1. ക്രിസ്തുവിന്റെ നിയമം നന്മയ്ക്കായുള്ള ഒരു ശക്തമായ സ്വാധീനമാണെന്നു പറയാവുന്നതെന്തുകൊണ്ട്?
റുവാണ്ടയിൽ അടുത്തകാലത്തു വ്യാപകമായി നടന്ന വർഗീയ കൂട്ടക്കൊലയിൽനിന്നു പരസ്പരം സംരക്ഷിക്കുന്നതിനു യഹോവയുടെ ഹൂട്ടൂ, ടട്സി സാക്ഷികൾ തങ്ങളുടെ ജീവൻ അപകടപ്പെടുത്തി. വിനാശകരമായ ഭൂകമ്പത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ജപ്പാനിലെ കോബിലുള്ള യഹോവയുടെ സാക്ഷികളെ അവരുടെ നഷ്ടം തളർത്തിക്കളഞ്ഞു. എന്നിരുന്നാലും, ദുരന്തത്തിന് ഇരയായ മറ്റുള്ളവരെ രക്ഷിക്കാൻ അവർ പെട്ടെന്നു നടപടി സ്വീകരിച്ചു. അതേ, ലോകത്തെമ്പാടും നിന്നുള്ള ഹൃദയോഷ്മളമായ ഉദാഹരണങ്ങൾ ക്രിസ്തുവിന്റെ നിയമം ഇന്നു ഫലപ്രദമാണെന്നു പ്രകടമാക്കുന്നു. ഇതു നന്മയ്ക്കായുള്ള ഒരു ശക്തമായ സ്വാധീനമാണ്.
2. ക്രൈസ്തവലോകം ക്രിസ്തുവിന്റെ നിയമത്തിന്റെ അർഥം നഷ്ടപ്പെടുത്തിയിരിക്കുന്നതെങ്ങനെ, ആ നിയമം നിവർത്തിക്കാൻ നമുക്ക് എന്തുചെയ്യാവുന്നതാണ്?
2 അതേസമയം, ഈ നിർണായക ‘അന്ത്യനാളുകളെ’ക്കുറിച്ചുള്ള ഒരു ബൈബിൾ പ്രവചനം നിവൃത്തിയേറുകയാണ്. അനേകർക്ക് “ഭക്തിയുടെ വേഷ”മുണ്ട്, എന്നാൽ അവർ “അതിന്റെ ശക്തി ത്യജിക്കുന്നവ”രാണ്. (2 തിമൊഥെയൊസ് 3:1, 5) വിശിഷ്യ ക്രൈസ്തവലോകത്തിൽ, മതം മിക്കപ്പോഴും ഔപചാരികതയുടെ ഒരു സംഗതിയാണ്, ഹൃദയത്തിന്റേതല്ല. അതു ക്രിസ്തുവിന്റെ നിയമപ്രകാരം ജീവിക്കുന്നതു വളരെ പ്രയാസമായതുകൊണ്ടാണോ? അല്ല. പിൻപറ്റാൻ കഴിയാത്ത ഒരു നിയമം യേശു നമുക്കു തരുമായിരുന്നില്ല. ക്രൈസ്തവലോകം ആ നിയമത്തിന്റെ അർഥം കേവലം നഷ്ടപ്പെടുത്തിയിരിക്കുന്നു. ഈ നിശ്വസ്ത വചനങ്ങൾക്കു ശ്രദ്ധ നൽകാൻ അവൾ പരാജയപ്പെട്ടിരിക്കുന്നു: “തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ; ഇങ്ങനെ ക്രിസ്തുവിന്റെ ന്യായപ്രമാണം [“നിയമം,” NW] നിവർത്തിപ്പിൻ.” (ഗലാത്യർ 6:2) നാം “ക്രിസ്തുവിന്റെ ന്യായപ്രമാണം നിവർത്തി”ക്കുന്നത് അന്യോന്യം ഭാരങ്ങൾ വഹിച്ചുകൊണ്ടാണ്, പരീശൻമാരെ അനുകരിച്ച്, നമ്മുടെ സഹോദരങ്ങളുടെ ചുമടുകൾ ന്യായരഹിതമായി കൂട്ടുന്നതിനാലല്ല.
3. (എ) ക്രിസ്തുവിന്റെ നിയമത്തിൽ ഉൾപ്പെട്ടിരിക്കുന്ന ചില കൽപ്പനകൾ ഏവ? (ബി) ക്രിസ്തുവിന്റെ നേരിട്ടുള്ള കൽപ്പനകളല്ലാതെ മറ്റൊരു നിയമവും ക്രിസ്തീയ സഭയ്ക്ക് ഉണ്ടായിരിക്കരുതെന്നു നിഗമനം ചെയ്യുന്നതു തെറ്റായിരിക്കുന്നതെന്തുകൊണ്ട്?
3 ക്രിസ്തുവിന്റെ നിയമത്തിൽ ക്രിസ്തുയേശുവിന്റെ സകല കൽപ്പനകളും ഉൾപ്പെടുന്നു—പ്രസംഗിക്കലും പഠിപ്പിക്കലും, കണ്ണു നിർമലവും ലളിതവുമായി സൂക്ഷിക്കൽ, നമ്മുടെ അയൽക്കാരനുമായി സമാധാനം നിലനിർത്തുന്നതിനു യത്നിക്കൽ, സഭയിൽനിന്ന് അശുദ്ധി നീക്കം ചെയ്യൽ തുടങ്ങി എന്തും. (മത്തായി 5:27-30; 18:15-17; 28:19, 20; വെളിപ്പാടു 2:14-16) ക്രിസ്തുവിന്റെ അനുഗാമികൾക്കായുള്ള ബൈബിളിലെ സകല കൽപ്പനകളും അനുഷ്ഠിക്കാൻ ക്രിസ്ത്യാനികൾ തീർച്ചയായും ബാധ്യസ്ഥരാണ്. അതിലും അധികമായുണ്ട്. നല്ല ക്രമം കാത്തുസൂക്ഷിക്കുന്നതിനു യഹോവയുടെ സ്ഥാപനവും ഓരോ സഭകളും അത്യാവശ്യമായ നിയമങ്ങളും നടപടിക്രമങ്ങളും സ്ഥാപിക്കേണ്ടതുണ്ട്. (1 കൊരിന്ത്യർ 14:33, 40) എന്തിന്, യോഗങ്ങൾ എപ്പോൾ, എവിടെ, എങ്ങനെ നടത്തണമെന്നതു സംബന്ധിച്ചു ക്രിസ്ത്യാനികൾക്കു നിയമങ്ങൾ ഇല്ലെങ്കിൽ അവർക്ക് ഒരുമിച്ചുകൂടാൻ പോലും സാധിക്കില്ല! (എബ്രായർ 10:24, 25) സ്ഥാപനത്തിൽ അധികാരം ലഭിച്ചിട്ടുള്ളവർ വെക്കുന്ന ന്യായമായ മാർഗരേഖകളോടു സഹകരിക്കുന്നതും ക്രിസ്തുവിന്റെ നിയമം നിവർത്തിക്കുന്നതിന്റെ ഒരു ഭാഗമാണ്.—എബ്രായർ 13:17.
4. നിർമലാരാധനയുടെ പിന്നിലെ പ്രേരകശക്തി എന്താണ്?
4 എന്നിരുന്നാലും, തങ്ങളുടെ ആരാധന നിയമങ്ങളുടെ അർഥശൂന്യമായ ഒരു ഘടനയായിത്തീരാൻ സത്യക്രിസ്ത്യാനികൾ അനുവദിക്കുന്നില്ല. യഹോവയെ സേവിക്കാൻ ഏതെങ്കിലും വ്യക്തിയോ സംഘടനയോ തങ്ങളോടു പറയുന്നുവെന്ന കേവല കാരണത്തെപ്രതി അവർ അവനെ സേവിക്കുന്നില്ല. പകരം, അവരുടെ ആരാധനയ്ക്കു പിന്നിലെ പ്രേരകശക്തി സ്നേഹമാണ്. പൗലോസ് എഴുതി: “ക്രിസ്തുവിന്റെ സ്നേഹം നമ്മെ നിർബന്ധിക്കുന്നു.” (2 കൊരിന്ത്യർ 5:14, NW, അടിക്കുറിപ്പ്) പരസ്പരം സ്നേഹിക്കാൻ യേശു തന്റെ അനുഗാമികളോടു കൽപ്പിച്ചു. (യോഹന്നാൻ 15:12, 13) ക്രിസ്തുവിന്റെ നിയമത്തിന്റെ അടിസ്ഥാനം ആത്മത്യാഗപരമായ സ്നേഹമാണ്. കുടുംബത്തിലും സഭയിലും, അത് എല്ലായിടത്തുമുള്ള സത്യക്രിസ്ത്യാനികളെ നിർബന്ധിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്നു. അത് എങ്ങനെയാണെന്നു നമുക്കു നോക്കാം.
കുടുംബത്തിൽ
5. (എ) മാതാപിതാക്കൾക്കു ക്രിസ്തുവിന്റെ നിയമം ഭവനത്തിൽ നിവർത്തിക്കാൻ കഴിയുന്നതെങ്ങനെ? (ബി) കുട്ടികൾക്കു തങ്ങളുടെ മാതാപിതാക്കളിൽനിന്ന് ആവശ്യമായിരിക്കുന്നത് എന്താണ്, അതു നൽകുന്നതിനു ചില മാതാപിതാക്കൾ ഏതു പ്രതിബന്ധം തരണംചെയ്യേണ്ടതാണ്?
5 അപ്പോസ്തലനായ പൗലോസ് എഴുതി: “ഭർത്താക്കൻമാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ. അവൻ . . . തന്നത്താൻ അവൾക്കുവേണ്ടി ഏല്പിച്ചുകൊടുത്തു.” (എഫെസ്യർ 5:25-27) ഒരു ഭർത്താവു ക്രിസ്തുവിനെ അനുകരിച്ചു സ്നേഹത്തോടെയും ഗ്രാഹ്യത്തോടെയും ഭാര്യയോട് ഇടപെടുമ്പോൾ അയാൾ ക്രിസ്തുവിന്റെ നിയമത്തിന്റെ ഒരു മർമപ്രധാന ഭാഗം നിവർത്തിക്കുന്നു. കൂടുതലായി, കൊച്ചുകുട്ടികളെ തന്റെ കരങ്ങളിൽ എടുത്തുകൊണ്ടും അവരുടെമേൽ കൈവെച്ച് അവരെ അനുഗ്രഹിച്ചുകൊണ്ടും യേശു അവരോടുള്ള വാത്സല്യം പരസ്യമായി പ്രകടിപ്പിച്ചു. (മർക്കൊസ് 10:16) ക്രിസ്തുവിന്റെ നിയമം നിവർത്തിക്കുന്ന മാതാപിതാക്കളും തങ്ങളുടെ കുട്ടികളോടു വാത്സല്യം പ്രകടമാക്കുന്നു. ഈ സംഗതിയിൽ യേശുവിന്റെ ദൃഷ്ടാന്തം അനുകരിക്കുന്നത് ഒരു വെല്ലുവിളി ആണെന്നു കണ്ടെത്തുന്ന മാതാപിതാക്കൾ ഉണ്ടെന്നുള്ളതു സത്യംതന്നെ. ചിലർ പ്രകൃത്യാ വികാരങ്ങൾ തുറന്നു പ്രകടിപ്പിക്കുന്നവരല്ല. മാതാപിതാക്കളേ, നിങ്ങളുടെ കുട്ടികളോടു നിങ്ങൾക്കു തോന്നുന്ന സ്നേഹം പ്രകടിപ്പിക്കുന്നതിൽനിന്നു നിങ്ങളെ തടയാൻ അത്തരം പരിഗണനകളെ അനുവദിക്കരുത്! നിങ്ങൾ നിങ്ങളുടെ കുട്ടികളെ സ്നേഹിക്കുന്നുവെന്നു നിങ്ങൾ മാത്രം അറിഞ്ഞാൽ പോരാ. അവരും അത് അറിയണം. സ്നേഹം പ്രകടിപ്പിക്കാൻ നിങ്ങൾ വഴികൾ കണ്ടെത്തുന്നില്ലെങ്കിൽ അവർ അത് അറിയുകയില്ല.—മർക്കൊസ് 1:11 താരതമ്യം ചെയ്യുക.
6. (എ) മാതാപിതാക്കളുടെ നിയമങ്ങൾ കുട്ടികൾക്കാവശ്യമാണോ, നിങ്ങൾ അപ്രകാരം ഉത്തരം പറയുന്നതെന്തുകൊണ്ട്? (ബി) ഭവന നിയമങ്ങളുടെ ഏത് അടിസ്ഥാന കാരണം കുട്ടികൾ ഗ്രഹിക്കേണ്ടതുണ്ട്? (സി) ഭവനത്തിൽ ക്രിസ്തുവിന്റെ നിയമങ്ങൾ പ്രാബല്യത്തിലിരിക്കുമ്പോൾ ഏത് അപകടങ്ങൾ ഒഴിവാക്കപ്പെടുന്നു?
6 അതേസമയം കുട്ടികൾക്കു മാർഗരേഖകൾ ആവശ്യമാണ്, മാതാപിതാക്കൾ നിയമങ്ങൾ വെക്കുകയും ചിലപ്പോൾ ശിക്ഷണത്തിലൂടെ ഈ നിയമങ്ങൾ നടപ്പാക്കുകയും ചെയ്യേണ്ടതുണ്ടെന്ന് അത് അർഥമാക്കുന്നു. (എബ്രായർ 12:7, 9, 11) എന്നാൽ ഈ നിയമങ്ങളുടെ അടിസ്ഥാന കാരണം, അവരുടെ മാതാപിതാക്കൾ അവരെ സ്നേഹിക്കുന്നുവെന്നതാണെന്നു മനസ്സിലാക്കാൻ കുട്ടികളെ ക്രമാനുഗതമായി സഹായിക്കണം. അവർ തങ്ങളുടെ മാതാപിതാക്കളെ അനുസരിക്കേണ്ടതിന്റെ ഏറ്റവും മെച്ചമായ കാരണം സ്നേഹമാണെന്ന് അവർ മനസ്സിലാക്കണം. (എഫെസ്യർ 6:1; കൊലൊസ്സ്യർ 3:20; 1 യോഹന്നാൻ 5:3) ഉൾക്കാഴ്ചയുള്ള ഒരു മാതാവിന്റെയോ പിതാവിന്റെയോ ലക്ഷ്യം, കാലക്രമത്തിൽ കുട്ടികൾ സ്വന്തമായി നല്ല തീരുമാനങ്ങൾ എടുക്കേണ്ടതിനു തങ്ങളുടെ “ചിന്താപ്രാപ്തി” ഉപയോഗിക്കാൻ അവരെ പഠിപ്പിക്കുക എന്നതാണ്. (റോമർ 12:1, NW; 1 കൊരിന്ത്യർ 13:11 താരതമ്യം ചെയ്യുക.) മറുവശത്ത്, നിയമങ്ങൾ കണക്കിലധികമോ ശിക്ഷണം വളരെ പരുഷമോ ആയിരിക്കരുത്. പൗലോസ് പറയുന്നു: “പിതാക്കൻമാരേ, നിങ്ങളുടെ മക്കൾ അധൈര്യപ്പെടാതിരിക്കേണ്ടതിന്നു അവരെ കോപിപ്പിക്കരുതു.” (കൊലൊസ്സ്യർ 3:21; എഫെസ്യർ 6:4) ഭവനത്തിൽ ക്രിസ്തുവിന്റെ നിയമം പ്രാബല്യത്തിലിരിക്കുമ്പോൾ അനിയന്ത്രിത കോപത്തോടെയോ വ്രണപ്പെടുത്തുന്ന രീതിയിൽ പരിഹസിക്കുന്നതിനുവേണ്ടിയോ നൽകുന്ന ശിക്ഷണത്തിനു സ്ഥാനമില്ല. അത്തരമൊരു ഭവനത്തിൽ, കുട്ടികൾക്കു സുരക്ഷിതത്വവും പരിപുഷ്ടിപ്പെടലും അനുഭവപ്പെടും, ഭാരപ്പെടുത്തുന്നതായോ നിന്ദിക്കപ്പെടുന്നതായോ തോന്നുകയില്ല.—സങ്കീർത്തനം 36:7 താരതമ്യം ചെയ്യുക.
7. ഭവനത്തിൽ നിയമങ്ങൾ വെക്കുന്ന സംഗതിയിൽ ബെഥേൽ ഭവനങ്ങൾ ഏതു വിധങ്ങളിലായിരിക്കാം മാതൃകയായിരിക്കുന്നത്?
7 ലോകത്തെങ്ങുമുള്ള, ബെഥേൽ ഭവനങ്ങൾ സന്ദർശിച്ചിട്ടുള്ള ചിലർ, അവ ഒരു കുടുംബത്തിനു വേണ്ടിയുള്ള നിയമങ്ങളുടെ സംഗതിയിൽ സമനിലയുടെ നല്ല ദൃഷ്ടാന്തങ്ങളാണെന്നു പറയുന്നു. പ്രായപൂർത്തിയായവർ അടങ്ങിയതാണെങ്കിലും, അത്തരം സ്ഥാപനങ്ങൾ കൂടുതലായും കുടുംബങ്ങളെപ്പോലെ പ്രവർത്തിക്കുന്നു.a ബെഥേൽ പ്രവർത്തനങ്ങൾ സങ്കീർണവും നല്ലൊരുസംഖ്യ നിയമങ്ങൾ ആവശ്യമാക്കുന്നതുമാണ്—തീർച്ചയായും ഒരു ശരാശരി കുടുംബത്തിനെക്കാളധികം. എന്നിരുന്നാലും, ബെഥേൽ ഹോമുകളിലും ഓഫീസുകളിലും ഫാക്ടറിപ്രവർത്തനങ്ങളിലും നേതൃത്വമെടുക്കുന്ന മൂപ്പൻമാർ ക്രിസ്തുവിന്റെ നിയമം ബാധകമാക്കാൻ പരിശ്രമിക്കുന്നു. ജോലി ക്രമീകരിക്കുകയെന്നതു മാത്രമല്ല, തങ്ങളുടെ സഹജോലിക്കാർക്കിടയിൽ ആത്മീയ പുരോഗതിയും “യഹോവയിങ്കലെ സന്തോഷ”വും ഉന്നമിപ്പിക്കുകയെന്നതും തങ്ങളുടെ നിയമിതജോലിയായി അവർ വീക്ഷിക്കുന്നു. (നെഹെമ്യാവു 8:10) അതുകൊണ്ട്, ക്രിയാത്മകവും പ്രോത്സാഹജനകവുമായ ഒരു വിധത്തിൽ കാര്യങ്ങൾ ചെയ്യാനും ന്യായയുക്തരായിരിക്കാനും അവർ യത്നിക്കുന്നു. (എഫെസ്യർ 4:31, 32) ബെഥേൽ കുടുംബങ്ങൾ അവയുടെ സന്തുഷ്ട ആത്മാവിനു പ്രസിദ്ധമായിരിക്കുന്നതിൽ യാതൊരു അതിശയവുമില്ല!
സഭയിൽ
8. (എ) സഭയിൽ എല്ലായ്പോഴും നമ്മുടെ ലക്ഷ്യം എന്തായിരിക്കണം? (ബി) ചിലർ നിയമങ്ങൾ ആവശ്യപ്പെടുകയോ ഉണ്ടാക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടുള്ള ചില സാഹചര്യങ്ങൾ ഏവ?
8 സമാനമായി സഭയിലും നമ്മുടെ ലക്ഷ്യം സ്നേഹത്തിന്റെ ആത്മാവിൽ പരസ്പരം കെട്ടുപണിചെയ്യുക എന്നതാണ്. (1 തെസ്സലൊനീക്യർ 5:11) അതുകൊണ്ട്, വ്യക്തിപരമായ തീരുമാനത്തിന്റെ സംഗതികളിൽ തങ്ങളുടെ സ്വന്തം ആശയങ്ങൾ അടിച്ചേൽപ്പിക്കുന്നതു സ്വയം ഏറ്റെടുത്തുകൊണ്ടു മറ്റുള്ളവരുടെ ഭാരങ്ങൾ കൂട്ടാതിരിക്കാൻ എല്ലാ ക്രിസ്ത്യാനികളും ശ്രദ്ധാലുക്കളായിരിക്കണം. ചില പ്രത്യേക ചലച്ചിത്രങ്ങളോ പുസ്തകങ്ങളോ കളിപ്പാട്ടങ്ങൾ പോലുമോ സംബന്ധിച്ച് തങ്ങൾക്ക് എന്തു വീക്ഷണം ഉണ്ടായിരിക്കണം എന്നതുപോലുള്ള കാര്യങ്ങളിൽ തീർപ്പുകൾ ആവശ്യപ്പെട്ടുകൊണ്ട് ചിലപ്പോൾ ചിലർ വാച്ച് ടവർ സൊസൈററിക്ക് എഴുതുന്നു. എന്നാൽ അത്തരം കാര്യങ്ങളെ സൂക്ഷ്മമായി പരിശോധിക്കാനും അവ സംബന്ധിച്ചു വിധികൾ പുറപ്പെടുവിക്കാനും സൊസൈററി അധികാരപ്പെടുത്തപ്പെട്ടിട്ടില്ല. മിക്ക കേസുകളിലും, ഓരോ വ്യക്തി അല്ലെങ്കിൽ കുടുംബത്തലവൻ ബൈബിൾ തത്ത്വങ്ങളോടുള്ള തന്റെ സ്നേഹത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കേണ്ട കാര്യങ്ങളാണ് ഇവ. സൊസൈററിയുടെ നിർദേശങ്ങളെയും മാർഗരേഖകളെയും നിയമങ്ങളാക്കിമാറ്റാൻ ചായ്വുള്ളവരാണു മറ്റുചിലർ. ഉദാഹരണത്തിന്, 1996 മാർച്ച് 15 ലക്കം വീക്ഷാഗോപുരത്തിൽ സഭാംഗങ്ങൾക്കു ക്രമമായ ഇടയസന്ദർശനം നടത്താൻ മൂപ്പൻമാരെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള ഒരു ഉത്തമ ലേഖനമുണ്ടായിരുന്നു. നിയമങ്ങൾ സ്ഥാപിക്കുക എന്നതായിരുന്നോ ഉദ്ദേശ്യം? അല്ല. നിർദേശങ്ങൾ പിൻപറ്റാൻ പ്രാപ്തരായ മൂപ്പൻമാർ അനേകം പ്രയോജനങ്ങൾ കണ്ടെത്തുന്നുവെങ്കിലും, ചില മൂപ്പൻമാർ അപ്രകാരം ചെയ്യാൻ പ്രാപ്തരല്ല. സമാനമായി, നിയന്ത്രണരഹിതമായ പാർട്ടികൾ, വിജയാഘോഷങ്ങൾ തുടങ്ങിയവ നടത്തിക്കൊണ്ട് അങ്ങേയറ്റം പോയി സ്നാപനവേളയുടെ മാന്യത കുറച്ചുകളയുന്നതിനെതിരെ 1995 ഏപ്രിൽ 1 ലക്കം വീക്ഷാഗോപുരത്തിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” എന്ന ലേഖനം മുന്നറിയിപ്പു നൽകി. ചിലർ ഈ പക്വതയുള്ള ബുദ്ധ്യുപദേശം സംബന്ധിച്ച് അതിരുകടന്ന നിലപാടെടുത്തിരിക്കുന്നു, ഈ അവസരത്തിൽ ഒരു പ്രോത്സാഹന കാർഡ് അയയ്ക്കുന്നതു തെറ്റായിരിക്കും എന്നതുപോലുള്ള ഒരു നിയമം ഉണ്ടാക്കിക്കൊണ്ടുപോലും!
9. പരസ്പരം അമിതമായി വിമർശിക്കുന്നവരോ വിധിക്കൽമനോഭാവമുള്ളവരോ ആയിരിക്കുന്നതു നാം ഒഴിവാക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
9 നമ്മുടെ ഇടയിൽ “സ്വാതന്ത്ര്യത്തിന്റെ തികഞ്ഞ ന്യായപ്രമാണം” നിലനിൽക്കണമെങ്കിൽ എല്ലാ ക്രിസ്തീയ മനസ്സാക്ഷിയും ഒരുപോലെയല്ലെന്നു നാം സമ്മതിക്കണമെന്നതും പരിഗണിക്കുക. (യാക്കോബ് 1:25) തിരുവെഴുത്തു തത്ത്വങ്ങൾ ലംഘിക്കാത്ത വ്യക്തിഗത തീരുമാനങ്ങൾ ആളുകൾക്ക് ഉണ്ടെങ്കിൽ നാം ഒരു വിവാദം സൃഷ്ടിക്കണമോ? വേണ്ട. അപ്രകാരം ചെയ്യുന്നത് അനൈക്യമുണ്ടാക്കും. (1 കൊരിന്ത്യർ 1:10) ഒരു സഹക്രിസ്ത്യാനിയുടെമേൽ ന്യായവിധി ഉച്ചരിക്കുന്നതിനെതിരെ നമുക്കു മുന്നറിയിപ്പു നൽകിയപ്പോൾ പൗലോസ് പറഞ്ഞു: “അവൻ നില്ക്കുന്നതോ വീഴുന്നതോ സ്വന്തയജമാനന്നത്രേ; അവൻ നില്ക്കുംതാനും; അവനെ നില്ക്കുമാറാക്കുവാൻ കർത്താവിന്നു കഴിയുമല്ലോ.” (റോമർ 14:4) വ്യക്തിഗത മനസ്സാക്ഷിക്കു വിടേണ്ട കാര്യങ്ങളിൽ നാം ഓരോരുത്തനെതിരെ സംസാരിക്കുന്നെങ്കിൽ നാം ദൈവത്തെ അപ്രീതിപ്പെടുത്തുന്നതിന്റെ അപകടത്തിലാണ്.—യാക്കോബ് 4:10-12.
10. സഭയ്ക്കു മേൽനോട്ടം വഹിക്കാൻ നിയമിക്കപ്പെട്ടിരിക്കുന്നതാര്, നാം അവരെ എങ്ങനെ പിന്തുണയ്ക്കണം?
10 ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിനു മേൽനോട്ടം വഹിക്കാൻ മൂപ്പൻമാർ നിയമിക്കപ്പെട്ടിരിക്കുന്നുവെന്നതും നമുക്ക് ഓർമിക്കാം. (പ്രവൃത്തികൾ 20:28) സഹായിക്കാൻ അവരുണ്ട്. ഉപദേശത്തിനായി അവരെ സമീപിക്കാൻ നമുക്കു സ്വാതന്ത്ര്യം തോന്നണം, എന്തെന്നാൽ അവർ ബൈബിളിന്റെ പഠിതാക്കളും വാച്ച് ടവർ സൊസൈററിയുടെ സാഹിത്യങ്ങളിൽ ചർച്ചചെയ്തിരിക്കുന്നതിനോടു പരിചിതരുമാണ്. തിരുവെഴുത്തു തത്ത്വങ്ങളുടെ ലംഘനത്തിലേക്കു നയിച്ചേക്കാവുന്ന നടത്ത മൂപ്പൻമാർ കാണുമ്പോൾ അവർ ആവശ്യമായ ബുദ്ധ്യുപദേശം നിർഭയം നൽകുന്നു. (ഗലാത്യർ 6:1) തങ്ങളുടെ ഇടയിൽ നേതൃത്വമെടുക്കുന്ന ഈ പ്രിയപ്പെട്ട ഇടയൻമാരുമായി സഹകരിച്ചുകൊണ്ടു സഭാംഗങ്ങൾ ക്രിസ്തുവിന്റെ നിയമം പിൻപറ്റുന്നു.—എബ്രായർ 13:7.
മൂപ്പൻമാർ ക്രിസ്തുവിന്റെ നിയമം ബാധകമാക്കുന്നു
11. മൂപ്പൻമാർ സഭയിൽ ക്രിസ്തുവിന്റെ നിയമം ബാധകമാക്കുന്നതെങ്ങനെ?
11 സഭയിൽ ക്രിസ്തുവിന്റെ നിയമം നിവർത്തിക്കാൻ മൂപ്പൻമാർ ആകാംക്ഷയുള്ളവരാണ്. സുവാർത്ത പ്രസംഗിക്കുന്നതിൽ അവർ നേതൃത്വമെടുക്കുന്നു; ഹൃദയങ്ങളിലേക്ക് ആണ്ടിറങ്ങത്തക്കവണ്ണം ബൈബിളിൽനിന്നു പഠിപ്പിക്കുന്നു; സ്നേഹമുള്ള, ആർദ്രതയുള്ള ഇടയൻമാരെന്ന നിലയിൽ “വിഷാദമഗ്നരായ ദേഹികളോട്” സംസാരിക്കുന്നു. (1 തെസ്സലൊനീക്യർ 5:14, NW) ക്രൈസ്തവലോകത്തിലെ ഒട്ടേറെ മതങ്ങളിൽ നിലനിൽക്കുന്ന ക്രിസ്ത്യേതര മനോഭാവങ്ങളെ അവർ ഒഴിവാക്കുന്നു. ഈ ലോകം അതിവേഗം അധഃപതിക്കുന്നുവെന്നതു സത്യമാണ്. പൗലോസിനെപ്പോലെ, ആട്ടിൻകൂട്ടത്തെപ്രതി മൂപ്പൻമാർ ഉത്കണ്ഠപ്പെട്ടേക്കാം; എന്നാൽ അത്തരം ഉത്കണ്ഠകളോടുള്ള ബന്ധത്തിൽ പ്രവർത്തിക്കുമ്പോൾ അവർ സമനില പാലിക്കുന്നു.—2 കൊരിന്ത്യർ 11:28.
12. ഒരു ക്രിസ്ത്യാനി സഹായത്തിനായി ഒരു മൂപ്പനെ സമീപിക്കുമ്പോൾ മൂപ്പൻ എങ്ങനെ പ്രതികരിച്ചേക്കാം?
12 ഉദാഹരണത്തിന്, നേരിട്ടുള്ള ഏതെങ്കിലും തിരുവെഴുത്തു പരാമർശം ഉൾപ്പെടാത്ത അല്ലെങ്കിൽ വ്യത്യസ്ത ക്രിസ്തീയ തത്ത്വങ്ങളെ സമനിലയിൽ നിർത്തേണ്ടതാവശ്യമുള്ള ഒരു പ്രധാനപ്പെട്ട കാര്യത്തെക്കുറിച്ച് ഒരു ക്രിസ്ത്യാനി മൂപ്പനോട് ആലോചന ചോദിക്കാൻ ആഗ്രഹിച്ചേക്കാം. ഉയർന്ന ശമ്പളമുള്ള, എന്നാൽ വർധിച്ച ഉത്തരവാദിത്വമുള്ള ഒരു ഉദ്യോഗക്കയറ്റം ഒരുപക്ഷേ അദ്ദേഹത്തിനു വാഗ്ദാനം ചെയ്യപ്പെട്ടിരിക്കാം. അല്ലെങ്കിൽ ഒരു യുവക്രിസ്ത്യാനിയുടെ അവിശ്വാസിയായ പിതാവ് തന്റെ പുത്രന്റെമേൽ അവന്റെ ശുശ്രൂഷയെ ബാധിച്ചേക്കാവുന്ന ആവശ്യങ്ങൾ ഉന്നയിക്കുന്നുണ്ടായിരിക്കാം. അത്തരം സാഹചര്യങ്ങളിൽ ഒരു വ്യക്തിപരമായ അഭിപ്രായം നൽകുന്നതിൽനിന്നു മൂപ്പൻമാർ മാറിനിൽക്കുന്നു. പകരം, അദ്ദേഹം സാധ്യതയനുസരിച്ചു ബൈബിൾ തുറന്ന് പ്രസക്തമായ തത്ത്വങ്ങൾ സംബന്ധിച്ചു ന്യായവാദം ചെയ്യാൻ ആ വ്യക്തിയെ സഹായിക്കും. വീക്ഷാഗോപുരത്തിന്റെയും മറ്റു പ്രസിദ്ധീകരണങ്ങളുടെയും പേജുകളിൽ പ്രസ്തുത സംഗതി സംബന്ധിച്ച് “വിശ്വസ്തനും വിവേകിയുമായ അടിമ” എന്തു പറഞ്ഞിരിക്കുന്നുവെന്നു കണ്ടെത്താൻ, ലഭ്യമെങ്കിൽ വീക്ഷാഗോപുര പ്രസിദ്ധീകരണങ്ങളുടെ സൂചിക അദ്ദേഹം ഉപയോഗിച്ചേക്കാം. (മത്തായി 24:45, NW) അതിനുശേഷം ആ ക്രിസ്ത്യാനി, ജ്ഞാനപൂർവകമല്ലെന്നു മൂപ്പനു തോന്നുന്ന ഒരു തീരുമാനം എടുക്കുന്നെങ്കിൽ എന്ത്? ബൈബിൾ തത്ത്വങ്ങളെയോ നിയമങ്ങളെയോ ആ തീരുമാനം നേരിട്ടു ലംഘിക്കുന്നില്ലെങ്കിൽ, “ഓരോരുത്തൻ താന്താന്റെ ചുമടു ചുമക്കു”മെന്ന് അറിഞ്ഞുകൊണ്ട്, അത്തരമൊരു തീരുമാനമെടുക്കാനുള്ള വ്യക്തിയുടെ അവകാശം മൂപ്പൻ തിരിച്ചറിയുന്നുവെന്ന് ആ ക്രിസ്ത്യാനി കണ്ടെത്തും. പക്ഷേ, “മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും” എന്ന് ആ ക്രിസ്ത്യാനി ഓർമിക്കണം.—ഗലാത്യർ 6:5, 7.
13. ചോദ്യങ്ങൾക്കു നേരിട്ടുള്ള ഉത്തരങ്ങളോ തങ്ങളുടെ സ്വന്തം വീക്ഷണങ്ങളോ നൽകുന്നതിനു പകരം, കാര്യങ്ങൾ സംബന്ധിച്ചു ന്യായവാദം ചെയ്യാൻ മൂപ്പൻമാർ മറ്റുള്ളവരെ സഹായിക്കുന്നതെന്തുകൊണ്ട്?
13 അനുഭവപരിചയമുള്ള മൂപ്പൻ ഈ വിധത്തിൽ പ്രവർത്തിക്കുന്നതെന്തുകൊണ്ട്? ഏറ്റവും കുറഞ്ഞതു രണ്ടു കാരണങ്ങളാൽ. ഒന്നാമത്, താൻ അവരുടെ ‘വിശ്വാസത്തിൻമേൽ കർത്തൃത്വം’ ഉള്ളവൻ അല്ലെന്നു പൗലോസ് ഒരു സഭയോടു പറഞ്ഞു. (2 കൊരിന്ത്യർ 1:24) തിരുവെഴുത്തുകൾ സംബന്ധിച്ചു ന്യായവാദം ചെയ്യാനും കാര്യജ്ഞാനത്തോടെ സ്വന്തം തീരുമാനം എടുക്കാനും തന്റെ സഹോദരനെ സഹായിക്കുന്ന മൂപ്പൻ പൗലോസിന്റെ മനോഭാവം അനുകരിക്കുന്നു. അദ്ദേഹം തന്റെ അധികാരത്തിനു പരിധികൾ ഉണ്ടെന്നു തിരിച്ചറിയുന്നു, തന്റെ അധികാരത്തിനു പരിധികൾ ഉണ്ടെന്നു യേശു തിരിച്ചറിഞ്ഞതുപോലെതന്നെ. (ലൂക്കൊസ് 12:13, 14; യൂദാ 9) അതേസമയം ആവശ്യമുള്ളിടത്തു മൂപ്പൻമാർ സഹായകമായ, ശക്തമായ തിരുവെഴുത്തു ബുദ്ധ്യുപദേശം മടികൂടാതെ നൽകുന്നു. രണ്ടാമത്, അദ്ദേഹം തന്റെ സഹക്രിസ്ത്യാനിയെ പരിശീലിപ്പിക്കുകയാണ്. അപ്പോസ്തലനായ പൗലോസ് പറഞ്ഞു: “കട്ടിയായുള്ള ആഹാരം നന്മതിന്മകളെ തിരിച്ചറിവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായി പ്രായം തികഞ്ഞവർക്കേ [“പക്വതയുള്ളവർക്ക്,” NW] പററുകയുള്ളു.” (എബ്രായർ 5:14) അതുകൊണ്ട്, പക്വതയിലേക്കു വളരുന്നതിന്, നാം നമ്മുടെ സ്വന്തം ഗ്രഹണപ്രാപ്തികളെ ഉപയോഗിക്കേണ്ടതുണ്ട്, നമുക്ക് ഉത്തരങ്ങൾ നൽകുന്നതിന് എല്ലായ്പോഴും മറ്റാരിലെങ്കിലും ആശ്രയിക്കാതെതന്നെ. തിരുവെഴുത്തുകൾ സംബന്ധിച്ച് എങ്ങനെ ന്യായവാദം ചെയ്യാമെന്നു തന്റെ സഹക്രിസ്ത്യാനിക്കു കാണിച്ചുകൊടുക്കുന്നതിനാൽ, പുരോഗതി പ്രാപിക്കാൻ മൂപ്പൻ അദ്ദേഹത്തെ ഈ വിധത്തിൽ സഹായിക്കുകയാണ്.
14. തങ്ങൾ യഹോവയിൽ ആശ്രയിക്കുന്നുവെന്നു പക്വതയുള്ള ക്രിസ്ത്യാനികൾക്ക് എങ്ങനെ പ്രകടമാക്കാവുന്നതാണ്?
14 സത്യാരാധകരുടെ ഹൃദയങ്ങളെ യഹോവയാം ദൈവം തന്റെ പരിശുദ്ധാത്മാവു മുഖാന്തരം സ്വാധീനിക്കുമെന്നതിൽ നമുക്കു വിശ്വാസം ഉണ്ടായിരിക്കാവുന്നതാണ്. അങ്ങനെ, അപ്പോസ്തലനായ പൗലോസ് ചെയ്തതുപോലെ തങ്ങളുടെ സഹോദരൻമാരോട് അഭ്യർഥിച്ചുകൊണ്ടു പക്വതയുള്ള ക്രിസ്ത്യാനികൾ അവരുടെ ഹൃദയങ്ങളെ ആകർഷിക്കുന്നു. (2 കൊരിന്ത്യർ 8:8; 10:1; ഫിലേമോൻ 8, 9) ഉചിതമായി പെരുമാറുന്നതിനു വിശദമായ നിയമങ്ങൾ ആവശ്യമുള്ളതു പ്രധാനമായും നീതിമാൻമാർക്കല്ല, ദുഷ്ടൻമാർക്കാണെന്നു പൗലോസ് അറിഞ്ഞിരുന്നു. (1 തിമൊഥെയൊസ് 1:8) സംശയവും അവിശ്വാസവുമല്ല, മറിച്ച് വിശ്വാസമാണ് തന്റെ സഹോദരൻമാരിൽ അവൻ പ്രകടിപ്പിച്ചത്. ഒരു സഭയ്ക്ക് അവൻ എഴുതി: ‘ഞങ്ങൾക്കു നിങ്ങളെക്കുറിച്ചു കർത്താവിൽ ഉറപ്പുണ്ട്.’ (2 തെസ്സലൊനീക്യർ 3:4) പൗലോസിന്റെ വിശ്വാസം, ആശ്രയം, ഉറപ്പ് എന്നിവ ആ ക്രിസ്ത്യാനികളെ പ്രചോദിപ്പിക്കുന്നതിൽ തീർച്ചയായും വളരെയധികം പ്രയോജനപ്പെട്ടു. മൂപ്പൻമാർക്കും സഞ്ചാരമേൽവിചാരകൻമാർക്കും ഇന്നു സമാനമായ ലക്ഷ്യങ്ങൾ ഉണ്ട്. ഈ വിശ്വസ്ത പുരുഷൻമാർ ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ സ്നേഹപൂർവം മേയ്ക്കുമ്പോൾ അവർ എത്ര നവോന്മേഷദായകരാണ്!—യെശയ്യാവു 32:1, 2; 1 പത്രൊസ് 5:1-3.
ക്രിസ്തുവിന്റെ നിയമപ്രകാരം ജീവിക്കൽ
15. നമ്മുടെ സഹോദരൻമാരുമായുള്ള ബന്ധത്തിൽ നാം ക്രിസ്തുവിന്റെ നിയമം ബാധകമാക്കുന്നുണ്ടോ എന്നറിയാൻ നമുക്കു നമ്മോടുതന്നെ ചോദിക്കാൻ കഴിയുന്ന ചില ചോദ്യങ്ങൾ ഏവ?
15 നാം ക്രിസ്തുവിന്റെ നിയമപ്രകാരം ജീവിക്കുകയും അതിനെ ഉന്നമിപ്പിക്കുകയും ചെയ്യുന്നുവോ എന്നറിയാൻ നാമെല്ലാവരും നമ്മെത്തന്നെ പരിശോധിക്കേണ്ട ആവശ്യമുണ്ട്. (2 കൊരിന്ത്യർ 13:5) ‘ഞാൻ പരിപുഷ്ടിപ്പെടുത്തുന്നവനാണോ അതോ വിമർശകനാണോ? ഞാൻ സമനിലയുള്ളവനാണോ അതോ അതിരുകടന്നുപോകുന്നവനാണോ? ഞാൻ മറ്റുള്ളവരോടു പരിഗണന കാണിക്കുന്നുവോ അതോ എന്റെ സ്വന്തം അവകാശങ്ങൾക്കായി ശഠിക്കുന്നുവോ?’ എന്നിങ്ങനെ ചോദിക്കുന്നതിനാൽ വാസ്തവത്തിൽ നമുക്കെല്ലാവർക്കും പ്രയോജനമനുഭവിക്കാൻ കഴിയും. ബൈബിളിൽ സ്പഷ്ടമായി ചർച്ചചെയ്യാത്ത കാര്യങ്ങളിൽ തന്റെ സഹോദരൻ ഏതു നിലപാട് എടുക്കണം അല്ലെങ്കിൽ എടുക്കരുത് എന്ന് ആജ്ഞാപിക്കാൻ ഒരു ക്രിസ്ത്യാനി ശ്രമിക്കുന്നില്ല.—റോമർ 12:1; 1 കൊരിന്ത്യർ 4:6.
16. ക്രിസ്തുവിന്റെ നിയമത്തിന്റെ മർമപ്രധാനമായ ഒരു വശം നിവർത്തിച്ചുകൊണ്ട്, തങ്ങളെക്കുറിച്ചുതന്നെ നിഷേധാത്മക വീക്ഷണമുള്ളവരെ നമുക്കെങ്ങനെ സഹായിക്കാൻ കഴിയും?
16 ഈ നിർണായക നാളുകളിൽ പരസ്പരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികൾ തേടുന്നതു നമ്മെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. (എബ്രായർ 10:24, 25; മത്തായി 7:1-5 താരതമ്യം ചെയ്യുക.) നാം നമ്മുടെ സഹോദരീസഹോദരൻമാരെ നിരീക്ഷിക്കുമ്പോൾ, നമുക്ക് അവരുടെ നല്ല ഗുണങ്ങൾ അവരുടെ ബലഹീനതകളെക്കാൾ വളരെക്കൂടുതൽ പ്രാധാന്യമുള്ളതല്ലേ? ഓരോരുത്തരും യഹോവയ്ക്ക് അമൂല്യരാണ്. ദുഃഖകരമെന്നു പറയട്ടെ, എല്ലാവരും ആ വിധത്തിൽ ചിന്തിക്കുന്നില്ല, തങ്ങളെക്കുറിച്ചു പോലും. അനേകരും തങ്ങളുടെ ന്യൂനതകളും അപൂർണതകളും മാത്രം കാണാൻ പ്രവണതയുള്ളവരാണ്. അങ്ങനെയുള്ളവരെയും മറ്റുള്ളവരെയും പ്രോത്സാഹിപ്പിക്കുന്നതിന്, അവരുടെ സാന്നിധ്യവും സഭയിൽ അവർ ചെയ്യുന്ന പ്രധാനപ്പെട്ട സംഭാവനയും നാം എന്തുകൊണ്ടു വിലമതിക്കുന്നുവെന്ന് അറിയാൻ അവരെ അനുവദിച്ചുകൊണ്ട് ഓരോ യോഗത്തിലും ഒന്നോ രണ്ടോ ആളുകളോടു സംസാരിക്കാൻ നമുക്കു ശ്രമിക്കാൻ കഴിയുമോ? ഇപ്രകാരം അവരുടെ ഭാരം ആയാസരഹിതമാക്കുകയും അതുവഴി ക്രിസ്തുവിന്റെ നിയമം നിവർത്തിക്കുകയും ചെയ്യുന്നത് എന്തൊരു ആനന്ദമാണ്!—ഗലാത്യർ 6:2.
ക്രിസ്തുവിന്റെ നിയമം പ്രവർത്തനത്തിൽ!
17. നിങ്ങളുടെ സഭയിൽ ക്രിസ്തുവിന്റെ നിയമം ഏതു വ്യത്യസ്ത വിധങ്ങളിൽ പ്രവർത്തനത്തിലായിരിക്കുന്നതു നിങ്ങൾ കാണുന്നു?
17 ക്രിസ്തീയ സഭയിൽ ക്രിസ്തുവിന്റെ നിയമം പ്രവർത്തനത്തിലാണ്. സഹസാക്ഷികൾ ഉത്സാഹപൂർവം സുവാർത്ത പങ്കുവെക്കുമ്പോൾ, അവർ പരസ്പരം ആശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോൾ, ഏറ്റവും പ്രയാസകരമായ പ്രശ്നങ്ങൾ ഗണ്യമാക്കാതെ യഹോവയെ സേവിക്കാൻ തീവ്രയത്നം നടത്തുമ്പോൾ, സന്തുഷ്ട ഹൃദയത്തോടെ യഹോവയെ സ്നേഹിക്കാൻ തങ്ങളുടെ കുട്ടികളെ വളർത്തുന്നതിനായി മാതാപിതാക്കൾ പരിശ്രമിക്കുമ്പോൾ, യഹോവയെ എന്നേക്കും സേവിക്കാനുള്ള ഒരു ജ്വലിക്കുന്ന തീക്ഷ്ണത ഉണ്ടായിരിക്കാൻ ആട്ടിൻകൂട്ടത്തെ പ്രചോദിപ്പിച്ചുകൊണ്ട് സ്നേഹത്തോടും ഊഷ്മളതയോടും കൂടെ മേൽവിചാരകൻമാർ ദൈവവചനം പഠിപ്പിക്കുമ്പോൾ, നാം അത് അനുദിനം കാണുന്നു. (മത്തായി 28:19, 20; 1 തെസ്സലൊനീക്യർ 5:11, 14) വ്യക്തികളെന്ന നിലയിൽ നമ്മുടെ സ്വന്തം ജീവിതത്തിൽ നാം ക്രിസ്തുവിന്റെ നിയമം പ്രാവർത്തികമാക്കുമ്പോൾ യഹോവയുടെ ഹൃദയം എത്ര സന്തോഷിക്കുന്നു! (സദൃശവാക്യങ്ങൾ 23:15) അവന്റെ പൂർണതയുള്ള നിയമത്തെ സ്നേഹിക്കുന്ന എല്ലാവരും എന്നേക്കും ജീവിക്കാൻ അവൻ ആഗ്രഹിക്കുന്നു. ആഗതമാകുന്ന പറുദീസയിൽ, മനുഷ്യവർഗം പൂർണരായിരിക്കുന്ന, നിയമലംഘകർ ഇല്ലാത്ത, നമ്മുടെ ഹൃദയത്തിന്റെ എല്ലാ ചായ്വും നിയന്ത്രണാധീനമായിരിക്കുന്ന ഒരു സമയം നാം കാണും. ക്രിസ്തുവിന്റെ നിയമപ്രകാരം ജീവിക്കുന്നതിന് എന്തൊരു മഹത്തായ പ്രതിഫലം!
[അടിക്കുറിപ്പ്]
a അത്തരം ഭവനങ്ങൾ ക്രൈസ്തവലോകത്തിലെ സന്ന്യാസാശ്രമങ്ങൾ പോലെയല്ല. ആ അർഥത്തിൽ അവിടെ “മഠാധിപന്മാ”രോ “പിതാക്കന്മാ”രോ ഇല്ല. (മത്തായി 23:9) ഉത്തരവാദിത്വമുള്ള സഹോദരൻമാർ ബഹുമാനിക്കപ്പെടുന്നു, എന്നാൽ അവരുടെ സേവനം മറ്റെല്ലാ മൂപ്പൻമാരെയും ഭരിക്കുന്ന അതേ തത്ത്വങ്ങളാൽ നയിക്കപ്പെടുന്നു.
നിങ്ങൾ എന്തു വിചാരിക്കുന്നു?
◻ ക്രൈസ്തവലോകം ക്രിസ്തുവിന്റെ നിയമത്തിന്റെ അർഥം നഷ്ടപ്പെടുത്തിയിരിക്കുന്നത് എന്തുകൊണ്ട്?
◻ ക്രിസ്തുവിന്റെ നിയമം നമുക്കു കുടുംബത്തിൽ ബാധകമാക്കാവുന്നതെങ്ങനെ?
◻ സഭയിൽ ക്രിസ്തുവിന്റെ നിയമം ബാധകമാക്കുന്നതിനു നാം എന്ത് ഒഴിവാക്കണം, എന്തു ചെയ്യണം?
◻ സഭയുമായുള്ള തങ്ങളുടെ ഇടപെടലുകളിൽ മൂപ്പൻമാർക്കു ക്രിസ്തുവിന്റെ നിയമം എങ്ങനെ അനുസരിക്കാവുന്നതാണ്?
[23-ാം പേജിലെ ചിത്രം]
നിങ്ങളുടെ കുട്ടിക്കു സ്നേഹത്തിന്റെ വലിയ ആവശ്യമുണ്ട്
[24-ാം പേജിലെ ചിത്രം]
നമ്മുടെ സ്നേഹമുള്ള ഇടയൻമാർ എത്ര നവോന്മേഷദായകരാണ്!