എബ്രായർക്ക് എഴുതിയ കത്ത്
5 കാഴ്ചകളും പാപങ്ങൾക്കുവേണ്ടിയുള്ള ബലികളും അർപ്പിച്ചുകൊണ്ട് മനുഷ്യർക്കുവേണ്ടി ദൈവശുശ്രൂഷ നിർവഹിക്കാനാണു മനുഷ്യർക്കിടയിൽനിന്നുള്ള മഹാപുരോഹിതന്മാരെയെല്ലാം നിയമിക്കുന്നത്.+ 2 മഹാപുരോഹിതനും ബലഹീനതകളുള്ളതിനാൽ അറിവില്ലായ്മകൊണ്ട് തെറ്റു ചെയ്യുന്നവരോട്* അനുകമ്പയോടെ* ഇടപെടാൻ അദ്ദേഹത്തിനു കഴിയുന്നു. 3 ബലഹീനതകളുള്ളതുകൊണ്ട് അദ്ദേഹം ജനത്തിനുവേണ്ടി ചെയ്യുന്നതുപോലെ സ്വന്തം പാപങ്ങൾക്കുവേണ്ടിയും യാഗങ്ങൾ അർപ്പിക്കണം.+
4 എന്നാൽ ആരും ഈ പദവി സ്വയം ഏറ്റെടുക്കുന്നതല്ല; അഹരോനെപ്പോലെ, ദൈവം വിളിക്കുമ്പോഴാണ് ഒരാൾക്ക് അതു ലഭിക്കുന്നത്.+ 5 അതുപോലെതന്നെ, ക്രിസ്തുവും മഹാപുരോഹിതൻ എന്ന സ്ഥാനം സ്വയം ഏറ്റെടുത്തുകൊണ്ട് തന്നെത്താൻ മഹത്ത്വപ്പെടുത്തിയില്ല.+ “നീ എന്റെ മകൻ; ഞാൻ ഇന്നു നിന്റെ പിതാവായിരിക്കുന്നു”+ എന്നു ക്രിസ്തുവിനോടു പറഞ്ഞ ദൈവമാണു ക്രിസ്തുവിനെ മഹത്ത്വപ്പെടുത്തിയത്. 6 അതുപോലെ, “നീ എന്നെന്നും മൽക്കീസേദെക്കിനെപ്പോലുള്ള പുരോഹിതൻ”+ എന്നും ദൈവം മറ്റൊരിടത്ത് പറയുന്നു.
7 ഭൂമിയിൽ ജീവിച്ചിരുന്ന കാലത്ത് ക്രിസ്തു ഉറക്കെ നിലവിളിച്ചും കണ്ണീരൊഴുക്കിയും കൊണ്ട്,+ മരണത്തിൽനിന്ന് തന്നെ രക്ഷിക്കാൻ കഴിയുന്ന ദൈവത്തോട് ഉള്ളുരുകി പ്രാർഥിക്കുകയും അപേക്ഷിക്കുകയും ചെയ്തു; ദൈവഭയമുണ്ടായിരുന്നതുകൊണ്ട് ക്രിസ്തുവിന്റെ പ്രാർഥനകൾ ദൈവം കേട്ടു. 8 ദൈവത്തിന്റെ മകനായിരുന്നെങ്കിലും താൻ അനുഭവിച്ച കഷ്ടതകളിലൂടെ ക്രിസ്തു അനുസരണം പഠിച്ചു.+ 9 പൂർണനായിത്തീർന്ന ക്രിസ്തുവിന്,+ തന്നെ അനുസരിക്കുന്ന എല്ലാവർക്കും നിത്യരക്ഷ നൽകാനുള്ള ചുമതല ലഭിച്ചു.+ 10 കാരണം മൽക്കീസേദെക്കിനെപ്പോലുള്ള ഒരു മഹാപുരോഹിതനായി+ ദൈവം ക്രിസ്തുവിനെ നിയോഗിച്ചിരിക്കുന്നു.
11 ക്രിസ്തുവിനെക്കുറിച്ച് ഞങ്ങൾക്ക് ഇനിയും ഒരുപാടു പറയാനുണ്ട്; പക്ഷേ കേൾക്കുന്ന കാര്യത്തിൽ നിങ്ങൾ ഇപ്പോൾ പിന്നിലായതുകൊണ്ട് വിശദീകരിച്ചുതരാൻ ബുദ്ധിമുട്ടാണ്. 12 വാസ്തവത്തിൽ ഈ സമയംകൊണ്ട് നിങ്ങൾ മറ്റുള്ളവരെ പഠിപ്പിക്കുന്നവരാകേണ്ടതാണ്. പക്ഷേ, ഇപ്പോൾ ദൈവത്തിന്റെ വിശുദ്ധമായ അരുളപ്പാടുകളുടെ അടിസ്ഥാനകാര്യങ്ങൾമുതൽ നിങ്ങളെ ആരെങ്കിലും വീണ്ടും പഠിപ്പിക്കേണ്ട സ്ഥിതിയാണ്;+ കട്ടിയായ ആഹാരത്തിനു പകരം പാൽ വേണ്ട അവസ്ഥയിലേക്കു നിങ്ങൾ തിരിച്ചുപോയിരിക്കുന്നു. 13 പാൽ കുടിക്കുന്നവനു നീതിയുടെ വചനത്തെക്കുറിച്ച് അറിയില്ല. കാരണം അവൻ ഒരു കൊച്ചുകുട്ടിയാണ്.+ 14 എന്നാൽ കട്ടിയായ ആഹാരം, ശരിയും തെറ്റും വേർതിരിച്ചറിയാനായി തങ്ങളുടെ വിവേചനാപ്രാപ്തിയെ ഉപയോഗത്തിലൂടെ പരിശീലിപ്പിച്ച മുതിർന്നവർക്കുള്ളതാണ്.*