“ട്രിയറിലെ വിശുദ്ധ കുപ്പായം”
രണ്ടായിരം വർഷത്തെ ചരിത്രമുള്ള ട്രിയർ ജർമനിയിലെ ഏറ്റവും പുരാതനമായ നഗരമാണ്.a നൂറ്റാണ്ടുകളായി ട്രിയറിനു കത്തോലിക്കാ സഭയുമായി നല്ല ബന്ധമാണുള്ളത്. 1996-ൽ ട്രിയറിലെ കത്തീഡ്രൽ ഏതാണ്ട് നഗരത്തോളം പഴക്കമുണ്ടെന്നു പറയപ്പെടുന്ന ഒരു സ്മാരകാവശിഷ്ടം പ്രദർശനത്തിനായി വെച്ചു. ഇതാണ് ട്രിയറിലെ വിശുദ്ധ കുപ്പായം എന്നു വിളിക്കപ്പെടുന്നത്.
പ്രസ്തുത കുപ്പായത്തിന് 1.57 മീറ്റർ നീളവും 1.09 മീറ്റർ വീതിയും കുപ്പായത്തിന്റെ പകുതി നീളമുള്ള കൈകളുമുണ്ട്. പരുത്തിനിർമിതമായ ഇത് മേലങ്കി ആയിട്ടാവാം ധരിച്ചിരുന്നത് എന്ന് ഹാൻസ്-യോവാകിം കാൻ തന്റെ പുസ്തകമായ വാൾഫാർട്സ്ഫ്യൂറർ ട്രിയർ ഉൻറ് ഉംഗേബംങിൽ പറയുന്നു. നൂറ്റാണ്ടുകളിലൂടെ അധികഭാഗത്തിന്റെയും കേടുപാടു തീർക്കുകയും മറ്റു തുണികൾ പിടിപ്പിച്ച് ബലവത്താക്കുകയും ചെയ്തിട്ടുള്ള ഇതിന്റെ അസലിനു പൊ.യു. രണ്ടാം നൂറ്റാണ്ടോളം അല്ലെങ്കിൽ ഒരുപക്ഷേ ഒന്നാം നൂറ്റാണ്ടോളംപോലും പഴക്കമുണ്ടെന്നാണ് ചില കണക്കുകൾ പറയുന്നത്. അതു ശരിയാണെങ്കിൽ, ഈ കുപ്പായം ഒരു അപൂർവ വസ്തു, കൗതുകമുണർത്തുന്ന ഒരു മ്യൂസിയം വസ്തു, ആയിരിക്കും.
എന്നാൽ ചിലരുടെ വാദം പ്രസ്തുത കുപ്പായം കേവലം അപൂർവമാണെന്നു മാത്രമല്ല, വിശുദ്ധമാണെന്നുമാണ്—അതുകൊണ്ടാണ് അതിനു വിശുദ്ധ കുപ്പായം എന്നു പേർ വന്നിരിക്കുന്നത്. ഇതിനു കാരണം യേശുക്രിസ്തുവിന്റെ ഉള്ളങ്കിപോലെ ഇതിനു തുന്നലില്ല എന്നതാണ്. (യോഹന്നാൻ 19:23, 24) “വിശുദ്ധ കുപ്പായം” ശരിക്കും മിശിഹായുടേതുതന്നെ എന്നാണു ചിലർ അവകാശപ്പെടുന്നത്.
കുപ്പായം എങ്ങനെ ട്രിയറിൽ എത്തിയെന്നു നിശ്ചയമില്ല. “മഹാനായ കൊൺസ്റ്റൻറയിന്റെ മാതാവായ ഹെലന ചക്രവർത്തി നഗരത്തിനു സമ്മാനിച്ചതാ”ണെന്ന് ഒരു പരാമർശഗ്രന്ഥം പ്രസ്താവിക്കുന്നു. ട്രിയറിലെ കുപ്പായത്തിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള ആദ്യത്തെ വിശ്വസനീയ റിപ്പോർട്ട് 1196 മുതലുള്ളതാണെന്ന് കാൻ പ്രസ്താവിക്കുന്നു.
കത്തീഡ്രലിൽ സൂക്ഷിച്ചിരിക്കുന്ന കുപ്പായം 16-ാം നൂറ്റാണ്ടുമുതൽ പ്രദർശനത്തിനു വെച്ചിട്ടുണ്ടെങ്കിലും അതു സ്ഥിരമായ ഇടവേളകളിലായിരുന്നില്ല. ഉദാഹരണത്തിന്, ട്രിയറിനു വളരെ ചെലവു വരുത്തിയ മുപ്പതുവർഷ യുദ്ധം കഴിഞ്ഞു താമസിയാതെ 1655-ൽ ഇതു പ്രദർശനത്തിനു വെച്ചിരുന്നു. കാലാകാലങ്ങളിലുള്ള തീർഥസ്മാരക വിൽപ്പനകൊണ്ടു കാര്യമായ വരുമാനമുണ്ടായി.
ഈ നൂറ്റാണ്ടിൽ മൂന്നു “വിശുദ്ധ കുപ്പായ” തീർഥാടനങ്ങളുണ്ടായിരുന്നു—1933-ലും 1959-ലും 1996-ലും. 1933-ൽ തീർഥാടനത്തെക്കുറിച്ചുള്ള അറിയിപ്പുണ്ടായത് ഹിറ്റ്ലർ ജർമൻ ഭരണകൂടത്തിന്റെ ചാൻസലറായി നിയമിതനായ അതേദിവസംതന്നെയായിരുന്നു. ഒരേ തീയതിയിൽത്തന്നെ ഈ രണ്ടു സംഗതികളും ഒത്തുവന്നത് തീർഥാടനത്തെ ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങളെ എടുത്തുകാട്ടുന്നുവെന്ന് കാൻ പ്രസ്താവിക്കുന്നു. കത്തീഡ്രലിനു പുറത്ത് യൂണിഫോമിട്ട നാസി സൈനികർ തീർഥാടകർക്കു ഗാർഡ് ഓഫ് ഓണർ നൽകി. രണ്ടര കോടി ആളുകളാണ് ആ വർഷം കുപ്പായദർശനം നടത്തിയത്.
അനേക വർഷമായി ട്രിയറിൽ താമസിക്കുന്ന ഹെർബർട്ട് 1959-ലെയും 1996-ലെയും തീർഥാടനങ്ങൾ താരതമ്യം ചെയ്യുകയുണ്ടായി. “1959-ൽ തെരുവുകൾ ജനങ്ങളെക്കൊണ്ടു നിറഞ്ഞിരുന്നു, മിക്കവാറും ഓരോ മൂലയിലും സ്മാരകവസ്തുക്കൾ വിൽക്കുന്ന സ്റ്റാളുകളുണ്ടായിരുന്നു. ഈ വർഷം സംഗതിക്ക് അത്ര പകിട്ടൊന്നുമില്ല.” 1996-ൽ കുപ്പായദർശനത്തിന് എത്തിയവർ 7,00,000 പേർ മാത്രമായിരുന്നു, അതായത് 1959-ലേതിലും 10 ലക്ഷം പേർ കുറവ്.
അവർ കുപ്പായദർശനത്തിനു പോകുന്നതെന്തുകൊണ്ട്?
കുപ്പായത്തെ ഒരു പൂജ്യവസ്തുവായി കാണരുതെന്ന് സഭ തറപ്പിച്ചുപറയുന്നുണ്ട്. തുന്നലില്ലാത്ത ഈ കുപ്പായത്തെ സഭയുടെ ഐക്യത്തിന്റെ പ്രതീകമായാണ് കരുതുന്നത്. “നമ്മുടെ ലോകത്തിലെ അസാധാരണ സ്ഥിതിവിശേഷം ക്രിസ്ത്യാനികളായ നമ്മെ അസാധാരണ ഉത്തരങ്ങൾ കൊടുക്കേണ്ട വിഷമസന്ധിയിലാക്കുന്നു. പെരുകുന്ന വിദ്വേഷത്തിനും മൃഗീയതയ്ക്കും അക്രമത്തിനും എതിരെ നമുക്കു പോരാടേണ്ടതുണ്ട്” എന്ന് തീർഥാടനത്തെക്കുറിച്ചുള്ള പ്രഖ്യാപനവേളയിൽ ബിഷപ്പ് സ്പീറ്റൽ പറഞ്ഞതായി ഫ്രാങ്ക്ഫുർട്ടർ ആൽജെമൈന ററ്സൈററുങ് റിപ്പോർട്ടു ചെയ്യുന്നു. കുപ്പായദർശനം ഒരുവനെ ഐക്യത്തെക്കുറിച്ച് അനുസ്മരിപ്പിക്കുമെന്ന് ബിഷപ്പ് വിശദീകരിച്ചു.
എന്നാൽ സഭയുടെ ഐക്യത്തെക്കുറിച്ച് ഓർക്കുന്നതിന് ആർക്കെങ്കിലും “വിശുദ്ധ കുപ്പായ”ത്തിന്റെ ആവശ്യം നേരിടുന്നതെന്തിന്? കുപ്പായത്തിനു കേടുവരുകയോ അതു ദ്രവിക്കുകയോ വ്യാജമെന്നു തെളിയുകയോ ചെയ്യുന്നെങ്കിലോ? അങ്ങനെയെങ്കിൽ സഭയുടെ ഐക്യം അപകടത്തിലാകുമോ? ട്രിയറിലേക്കു തീർഥാടനം ചെയ്യാൻ സാധിക്കാത്തവരുടെ കാര്യമോ? സഭയ്ക്കുള്ളിലെ ഐക്യത്തെക്കുറിച്ച് അവർക്ക് അത്ര ബോധമില്ലെന്നുവരുമോ?
ക്രിസ്തീയ ഐക്യത്തിന്റെ ആവശ്യത്തെക്കുറിച്ച് അനുസ്മരിക്കുന്നതിന് ആദിമ ക്രിസ്ത്യാനികൾക്ക് എന്തെങ്കിലും വസ്തുക്കൾ ആവശ്യമുണ്ടായിരുന്നതായി വിശുദ്ധ തിരുവെഴുത്തുകൾ ഒന്നും പറയുന്നില്ല. തീർച്ചയായും, പൗലൊസ് അപ്പൊസ്തലൻ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ചത് ഈ വാക്കുകളോടെയായിരുന്നു: “കാഴ്ചയാൽ അല്ല വിശ്വാസത്താലത്രേ ഞങ്ങൾ നടക്കുന്നതു.” (2 കൊരിന്ത്യർ 5:7) അങ്ങനെ ‘വിശ്വാസത്തിലുള്ള ഐക്യ’ത്തെയാണു യഥാർഥ ക്രിസ്ത്യാനികൾ ആസ്വദിക്കുന്ന ഐക്യമായി വർണിച്ചിരിക്കുന്നത്.—എഫെസ്യർ 4:11-13.
[അടിക്കുറിപ്പ്]