റൊമേനിയയിൽവെച്ചു ഞാൻ ബൈബിൾ സത്യം പഠിച്ചു
ഗോൾഡി റോമോഷിയൻ പറഞ്ഞപ്രകാരം
1970-ൽ, ഏതാണ്ട് 50 വർഷത്തിനുശേഷം ആദ്യമായി ഞാൻ റൊമേനിയയിലുള്ള എന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. മർദക കമ്മ്യുണിസ്റ്റ് ഭരണത്തിൻ കീഴിലാണ് ആളുകൾ കഴിഞ്ഞിരുന്നത്. സൂക്ഷിച്ചു സംസാരിക്കാനുള്ള മുന്നറിയിപ്പ് എനിക്കു നിരന്തരം ലഭിച്ചുകൊണ്ടിരുന്നു. പിന്നീട്, ഞങ്ങളുടെ ഗ്രാമത്തിലെ ഗവൺമെൻറ് ഓഫീസിൽ ഞാൻ നിൽക്കവെ, ഉടനടി രാജ്യം വിട്ടുപോകാൻ ഉദ്യോഗസ്ഥൻ എന്നെ നിർബന്ധിച്ചു. അത് എന്തുകൊണ്ടായിരുന്നുവെന്നു പറയുന്നതിനുമുമ്പ്, റൊമേനിയയിൽവെച്ച് ബൈബിൾ സത്യം മനസ്സിലാക്കിയതെങ്ങനെയെന്നു ഞാൻ പറഞ്ഞുകൊള്ളട്ടെ.
വടക്കുപടിഞ്ഞാറൻ റൊമേനിയയിൽ സാലാവു നഗരത്തിനരികെയുള്ള ഒർട്ടെല്ലെക്ക് ഗ്രാമത്തിലാണു ഞാൻ ജനിച്ചത്, 1903 മാർച്ച് 3-ന്. മനോഹരമായ ചുറ്റുപാടിലാണു ഞങ്ങൾ ജീവിച്ചിരുന്നത്. ശുദ്ധമായ വായുവും വെള്ളവും. ആഹാരത്തിനുള്ള വക ഞങ്ങൾ കൃഷി ചെയ്ത് ഉണ്ടാക്കിയിരുന്നു. ഭൗതികമായി ഒന്നിനും മുട്ടില്ലായിരുന്നു. എന്റെ കുട്ടിക്കാലത്ത് രാജ്യത്തു സമാധാനമുണ്ടായിരുന്നു.
ആളുകൾ മതഭക്തരായിരുന്നു. വാസ്തവത്തിൽ, ഞങ്ങളുടെ കുടുംബാംഗങ്ങൾ മൂന്നു വ്യത്യസ്ത മതങ്ങളിൽപ്പെട്ടവരായിരുന്നു. മുത്തശ്ശിമാരിലൊരാൾ യാഥാസ്ഥിതിക കത്തോലിക്കാ സ്ത്രീയും മറ്റേയാൾ അഡ്വൻറിസ്റ്റുകാരിയുമായിരുന്നു. മാതാപിതാക്കളാകട്ടെ ബാപ്റ്റിസ്റ്റുകാരും. അവരുടെ മതങ്ങളോടൊന്നും എനിക്കു യോജിപ്പില്ലായിരുന്നതുകൊണ്ട് ഞാനൊരു നിരീശ്വരവാദിയായിത്തീരുമെന്ന് എന്റെ കുടുംബം പറഞ്ഞു. ‘ദൈവം ഒന്നേ ഉള്ളുവെങ്കിൽ ഒരു മതം മാത്രമേ ഉണ്ടായിരിക്കാൻ പാടുള്ളൂ. അല്ലാതെ, ഒരു കുടുംബത്തിൽത്തന്നെ മൂന്നെണ്ണം പാടില്ല,’ ഞാൻ ചിന്തിച്ചു.
മതത്തിൽ ദർശിച്ച കാര്യങ്ങൾ എന്നെ ആകെ ഉലച്ചു. ഉദാഹരണത്തിന്, സഭയ്ക്കുള്ള വിഹിതം ശേഖരിക്കാൻ പുരോഹിതൻ ഭവനങ്ങൾ സന്ദർശിച്ചിരുന്നു. നൽകാൻ ആളുകൾക്കു പണമില്ലെങ്കിൽ അതിനുപകരം അയാൾ അവർക്കുള്ളതിൽ ഏറ്റവും നല്ല കമ്പിളിപ്പുതപ്പ് എടുത്തുകൊണ്ടുപോകും. കത്തോലിക്കാ പള്ളിയിൽ എന്റെ മുത്തശ്ശി മേരിയുടെ ചിത്രത്തിനുമുമ്പിൽ മുട്ടിന്മേൽനിന്നുകൊണ്ടു പ്രാർഥിക്കുന്നതു ഞാൻ നിരീക്ഷിച്ചു. ‘ഒരു ചിത്രത്തോടു പ്രാർഥിക്കുന്നത് എന്തിനാണ്?’ ഞാൻ ചിന്തിച്ചു.
പ്രക്ഷുബ്ധ കാലഘട്ടം
1912-ൽ, ഒരു കടമുണ്ടായിരുന്നതു വീട്ടാൻ ആവശ്യമായ പണം സമ്പാദിക്കാൻ എന്റെ പിതാവ് ഐക്യനാടുകളിലേക്കു പോയി. അധികം കഴിഞ്ഞില്ല, യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഞങ്ങളുടെ ഗ്രാമത്തിലുള്ള പുരുഷന്മാരെല്ലാം യുദ്ധത്തിനു പോയി. സ്ത്രീകളും കുട്ടികളും പ്രായമായവരും മാത്രം അവശേഷിച്ചു. കുറച്ചു കാലത്തേക്ക് ഞങ്ങളുടെ ഗ്രാമം ഹംഗറിക്കാരുടെ ഭരണത്തിൻകീഴിലായി. എന്നാൽ റൊമേനിയൻ ഭടന്മാർ ഗ്രാമം തിരിച്ചുപിടിച്ചു. അവർ ഞങ്ങളോട് ഉടനടി അവിടം വിട്ടുപോകാൻ ആവശ്യപ്പെട്ടു. എന്നാൽ, വസ്തുവകകൾക്കുപുറമേ കുട്ടികളെയും ഒരു കാളവണ്ടിയിലേക്കു തള്ളിക്കയറ്റുന്നതിന്റെ തിക്കിലും തിരക്കിലും എന്നെ കയറ്റാൻ വിട്ടുപോയി. അഞ്ചു മക്കളിൽ മൂത്തവളായിരുന്നു ഞാനെന്നോർക്കണം.
ഞാൻ അയൽപക്കത്തേക്കോടി. പ്രായമായ ഒരാളാണ് അവിടെ താമസിച്ചിരുന്നത്. അദ്ദേഹം അവിടം വിട്ടുപോയിരുന്നില്ല. അദ്ദേഹം പറഞ്ഞു: “വീട്ടിലേക്കു പോയി വാതിൽ കുറ്റിയിടൂ. ആരെയും അകത്തേക്കു കടത്തരുത്.” താമസംവിനാ ഞാൻ അത് അനുസരിച്ചു. വീട്ടുകാർ തിടുക്കത്തിൽ സ്ഥലംവിടുന്നതിനിടയിൽ ഉപേക്ഷിച്ചുപോയ അൽപ്പം കോഴിസൂപ്പും സ്റ്റഫ്ഡ് കാബേജും ഭക്ഷിച്ചശേഷം കിടക്കയ്ക്കരികിൽ മുട്ടിന്മേൽനിന്നുകൊണ്ടു ഞാൻ പ്രാർഥിച്ചു. താമസിയാതെ ഞാൻ ഗാഢനിദ്രയിലാണ്ടു.
കണ്ണുതുറന്നപ്പോൾ നേരം വെളുത്തിരുന്നു. ഞാൻ പറഞ്ഞു: “ദൈവമേ നന്ദി! ഞാൻ ജീവിച്ചിരിക്കുന്നല്ലോ!” രാത്രി മുഴുവൻ വെടിവെപ്പുണ്ടായിരുന്നതുകൊണ്ട് ചുമരെല്ലാം വെടിയുണ്ടകളേറ്റു തുളഞ്ഞിരുന്നു. അടുത്ത ഗ്രാമത്തിലെത്തിയപ്പോൾ കൂട്ടത്തിൽ ഞാൻ ഇല്ലെന്നു മനസ്സിലാക്കിയ അമ്മ ചെറുപ്പക്കാരനായ ഷുർഷ് റോമോഷിയനെ പറഞ്ഞയച്ചു. അദ്ദേഹം എന്നെ കണ്ടെത്തി കൂട്ടിക്കൊണ്ടുപോയി. അധികം കഴിയുന്നതിനുമുമ്പ് ഞങ്ങൾക്കു ഗ്രാമത്തിൽ തിരിച്ചെത്തി താമസമാരംഭിക്കാൻ സാധിച്ചു.
ബൈബിൾ സത്യത്തിനുവേണ്ടിയുള്ള എന്റെ ആഗ്രഹം
ഞാൻ ഒരു ബാപ്റ്റിസ്റ്റായി സ്നാപനമേൽക്കണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. പക്ഷേ എനിക്കതിന് ആഗ്രഹമില്ലായിരുന്നു. കാരണം സ്നേഹവാനായ ഒരു ദൈവം ആളുകളെ എന്നെന്നേക്കുമായി നരകത്തിലിട്ട് വേവിക്കുമെന്ന് എനിക്കു വിശ്വസിക്കാനായില്ല. അമ്മ വിശദീകരിക്കാൻ ശ്രമിച്ചു: “അവർ നല്ലവരല്ലാത്തതുകൊണ്ടല്ലേ.” പക്ഷേ ഞാൻ പ്രതിവചിച്ചു: “നല്ലവരല്ലെങ്കിൽ അവരെ കൊന്നുകളയുകയാണു വേണ്ടത്. അല്ലാതെ ദണ്ഡിപ്പിക്കുകയല്ല. ഞാൻ ഒരു പട്ടിയെയോ പൂച്ചയെയോ പോലും ദണ്ഡിപ്പിക്കുകയില്ല.”
എനിക്കു 14 വയസ്സുണ്ടായിരുന്നപ്പോൾ സുന്ദരമായ ഒരു വസന്തകാല ദിനത്തിൽ അമ്മ പശുക്കളെ മേയ്ക്കാൻ എന്നെ പറഞ്ഞുവിട്ടതു ഞാനോർക്കുന്നു. നദിക്കരികെ ഒരു പുൽത്തകിടിയിൽ ഞാൻ കിടന്നു. പുറകിൽ വനമായിരുന്നു. ആകാശത്തേക്കു നോക്കി ഞാൻ പറഞ്ഞു: “ദൈവമേ, നീ ഉണ്ട് എന്നെനിക്കറിയാം; പക്ഷേ എനിക്ക് ഈ മതങ്ങളൊന്നുംതന്നെ ഇഷ്ടമല്ല. നല്ല ഒരു മതം നിനക്കുണ്ടായിരിക്കണം.”
ദൈവം എന്റെ പ്രാർഥന കേട്ടുവെന്ന് ഞാൻ ശരിക്കും വിശ്വസിക്കുന്നു. കാരണം 1917-ലെ ആ വേനൽക്കാലത്തുതന്നെ രണ്ടു ബൈബിൾ വിദ്യാർഥികൾ (യഹോവയുടെ സാക്ഷികളെ അന്ന് അങ്ങനെയാണ് വിളിച്ചിരുന്നത്) ഞങ്ങളുടെ ഗ്രാമത്തിലേക്കു വന്നു. അവർ കോൽപോർട്ടർമാർ അല്ലെങ്കിൽ മുഴുസമയ ശുശ്രൂഷകരായിരുന്നു. മതശുശ്രൂഷ നടക്കുന്നതിനിടയിൽ അവർ ബാപ്റ്റിസ്റ്റ് പള്ളിയിലേക്കു കയറിവന്നു.
റൊമേനിയയിൽ ബൈബിൾ സത്യം പരക്കുന്നു
ഏതാനും വർഷം മുമ്പ്, 1911-ൽ ഐക്യനാടുകളിൽവെച്ച് ബൈബിൾ വിദ്യാർഥികളായിത്തീർന്ന കാരൊൾ സാബോയും യോസിഫ് കിസും ബൈബിൾ സത്യം പ്രചരിപ്പിക്കാൻ റൊമേനിയയിൽ തിരിച്ചെത്തി. അവർ ഞങ്ങളുടെ ഗ്രാമത്തിൽനിന്ന് ഏതാണ്ട് 160 കിലോമീറ്റർ മാറി തെക്കുകിഴക്കായി ടിയർഗൂമൂറെഷിൽ താമസമാക്കി. ഏതാനും വർഷത്തിനുള്ളിൽ അക്ഷരീയമായിത്തന്നെ നൂറുകണക്കിനാളുകൾ രാജ്യസന്ദേശത്തോടു പ്രതികരിച്ച് ക്രിസ്തീയ ശുശ്രൂഷ ഏറ്റെടുത്തു.—മത്തായി 24:14.
ആ രണ്ടു യുവ ബൈബിൾ വിദ്യാർഥികളും ഞങ്ങളുടെ ഓർട്ടെല്ലെക്ക് ഗ്രാമത്തിലെ ബാപ്റ്റിസ്റ്റുകാരുടെ പള്ളിയിൽ വന്നപ്പോൾ 18 വയസ്സു മാത്രം പ്രായമുള്ള ഷുർഷ് റോമോഷിയൻ മതശുശ്രൂഷ നടത്തിക്കൊണ്ടു നിൽക്കുകയായിരുന്നു. റോമർ 12:1-ന്റെ അർഥം വിശദീകരിക്കാൻ ശ്രമിക്കുകയായിരുന്നു അദ്ദേഹം. ഒടുവിൽ ആ യുവ കോൽപോർട്ടർമാരിൽ ഒരാൾ എഴുന്നേറ്റുനിന്നുകൊണ്ടു പറഞ്ഞു: “സഹോദരന്മാരേ, സുഹൃത്തുക്കളേ, പൗലൊസ് അപ്പോസ്തലൻ ഇവിടെ നമ്മോടു പറയാനാഗ്രഹിക്കുന്നത് എന്താണ്?”
അതു കേട്ടപ്പോൾ എനിക്കാകെ ഉത്സാഹമായി! ഞാൻ വിചാരിച്ചു, ‘ഇവർക്ക് ബൈബിൾ വിശദീകരിക്കാൻ അറിയാമായിരിക്കും.’ എന്നാൽ അവിടെ സന്നിഹിതരായിരുന്ന മിക്കവരും, “കള്ളപ്രവാചകന്മാർ! നിങ്ങൾ ആരാണെന്നു ഞങ്ങൾക്കറിയാം!” എന്നൊക്കെ വിളിച്ചുകൂവി. തുടർന്ന് ആകെ ബഹളമായി. എന്നാൽ ഷുർഷിന്റെ പിതാവ് എഴുന്നേറ്റുനിന്നുകൊണ്ടു പറഞ്ഞു: “എല്ലാവരും ഒന്നു മിണ്ടാതിരിക്കണം! എന്തു മനോഭാവമാണിത്, മദ്യപിച്ചവരെപ്പോലെ? ഇവർക്ക് നമ്മോട് എന്തെങ്കിലും പറയണമെന്നുണ്ടെങ്കിൽ നിങ്ങൾക്ക് ശ്രദ്ധിക്കാൻ ഇഷ്ടമില്ലാത്തപക്ഷം ഞാൻ ഇവരെ എന്റെ വീട്ടിലേക്കു ക്ഷണിക്കുകയാണ്. ആർക്കെങ്കിലും വരണമെന്നുണ്ടെങ്കിൽ സ്വാഗതം.”
ആവേശഭരിതയായി ഞാൻ വീട്ടിലേക്കോടി, സംഭവിച്ചതെല്ലാം അമ്മയോടു പറഞ്ഞു. റോമോഷിയൻ ഭവനത്തിലേക്കുള്ള ക്ഷണം സ്വീകരിച്ചവരിൽ ഒരാൾ ഞാനായിരുന്നു. ആ സന്ധ്യയ്ക്ക്, നരകാഗ്നി എന്നു പറയുന്ന ഒന്ന് ഇല്ലെന്നു ബൈബിളിൽനിന്നു മനസ്സിലാക്കിയപ്പോഴും ദൈവത്തിന്റെ പേര് യഹോവ എന്നാണെന്ന് എന്റെ സ്വന്തം ബൈബിളിൽനിന്നുതന്നെ കണ്ടപ്പോഴും എനിക്ക് എന്തു സന്തോഷമായിരുന്നെന്നോ! എല്ലാ ഞായറാഴ്ചയും റോമോഷിയൻ ഭവനത്തിൽ വന്നു ഞങ്ങളെ പഠിപ്പിക്കാൻ കോൽപോർട്ടർമാർ ഒരു ബൈബിൾ വിദ്യാർഥിയെ ഏർപ്പാടു ചെയ്തു. തുടർന്നു വന്ന വേനൽക്കാലത്ത് 15-ാം വയസ്സിൽ യഹോവയ്ക്കുള്ള സമർപ്പണത്തിന്റെ പ്രതീകമായി ഞാൻ സ്നാപനമേറ്റു.
പിന്നീട് പ്രോഡൻ കുടുംബം ഏതാണ്ട് ഒന്നടങ്കവും റോമോഷിയൻ കുടുംബവും ബൈബിൾ സത്യം സ്വീകരിക്കുകയും തങ്ങളുടെ ജീവൻ യഹോവയ്ക്കു സമർപ്പിക്കുകയും ചെയ്തു. മുമ്പ് ബാപ്റ്റിസ്റ്റുകാരുടെ പള്ളിയായി ഉപയോഗിച്ചിരുന്ന ഭവനത്തിന്റെ ഉടമസ്ഥരായ യുവദമ്പതികൾ ഉൾപ്പെടെ ഞങ്ങളുടെ ഗ്രാമത്തിലെ മറ്റു പലരും അപ്രകാരം ചെയ്തു. പിന്നീട് അവർ അതു ബൈബിൾ വിദ്യാർഥികൾക്കു കൂടിവന്നു പഠിക്കാനുള്ള സ്ഥലമാക്കി മാറ്റി. തിരുവെഴുത്തു സത്യങ്ങൾ അതിശീഘ്രം അടുത്തുള്ള ഗ്രാമങ്ങളിലേക്കും പരന്നു. 1920 ആയതോടെ റൊമേനിയയിൽ 1,800 രാജ്യപ്രഘോഷകരുണ്ടായിരുന്നു!
ഐക്യനാടുകളിലേക്ക്
പഠിച്ച കാര്യങ്ങൾ എന്റെ ഡാഡിയുമൊത്തു പങ്കുവെക്കാൻ ഞങ്ങൾ ഉത്സുകരായിരുന്നു. ഡാഡിയുടെ പേര് പാറ്റർ പ്രോഡൻ എന്നായിരുന്നു. എന്നാൽ വിസ്മയാവഹമെന്നു പറയട്ടെ, ഞങ്ങൾക്കു കത്തെഴുതാൻ സാധിക്കുന്നതിനു മുമ്പ്, താൻ യഹോവയുടെ ഒരു സമർപ്പിത ദാസനായിത്തീർന്നെന്നു കാണിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഒരു കത്ത് ഞങ്ങൾക്കു ലഭിച്ചു. അദ്ദേഹം ഒഹായോയിലെ അക്രനിലുള്ള ബൈബിൾ വിദ്യാർഥികളുമൊത്തു പഠിച്ചിരുന്നു. ഞങ്ങളെല്ലാവരും ഐക്യനാടുകളിലേക്കു താമസം മാറ്റണമെന്നും അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. എങ്കിലും അമ്മ റൊമേനിയ വിട്ടുപോകാൻ വിസമ്മതിച്ചു. അതുകൊണ്ട് 1921-ൽ ഡാഡി അയച്ചുതന്ന പണവുമായി ഞാൻ അക്രനിൽ എത്തി അദ്ദേഹത്തോടൊപ്പം താമസം തുടങ്ങി. ഷുർഷ് റോമോഷിയനും അദ്ദേഹത്തിന്റെ ജ്യേഷ്ഠനും തലേ വർഷം ഐക്യനാടുകളിലേക്കു താമസം മാറ്റിയിരുന്നു.
ഞാൻ കപ്പൽ കയറി ന്യൂയോർക്കിലെ എലസ് ദ്വീപിൽ എത്തിച്ചേർന്നപ്പോൾ ഇമിഗ്രേഷൻ ഉദ്യോഗസ്ഥന് ഔറേൽയാ എന്ന എന്റെ പേര് ഇംഗ്ലീഷിലേക്ക് എങ്ങനെ വിവർത്തനം ചെയ്യണമെന്ന് അറിയില്ലായിരുന്നു. അതുകൊണ്ട് അദ്ദേഹം പറഞ്ഞു: “നിന്റെ പേര് ഗോൾഡി എന്നാണ്.” അന്നുമുതൽ എന്റെ പേര് അതാണ്. താമസിയാതെ 1921 മേയ് 1-ന് ഷുർഷ് റോമോഷിയനും ഞാനും വിവാഹിതരായി. ഏതാണ്ട് ഒരു വർഷം കഴിഞ്ഞപ്പോൾ ഡാഡി റൊമേനിയയിലേക്കു തിരിച്ചുപോയി. 1925-ൽ എന്റെ അനുജത്തി മേരിയെ അദ്ദേഹം അക്രനിലേക്കു കൂട്ടിക്കൊണ്ടുവന്നു. പിന്നീട് ഡാഡി അമ്മയോടും മറ്റു കുടുംബാംഗങ്ങളോടുമൊപ്പം താമസിക്കാൻ റൊമേനിയയിലേക്കു തിരിച്ചുപോയി.
ഐക്യനാടുകളിലെ ഞങ്ങളുടെ ആദ്യകാല ശുശ്രൂഷ
ഷുർഷ് യഹോവയുടെ വിശ്വസ്തനായ ഒരു അർപ്പിത ദാസനായിരുന്നു. 1922-നും 1932-നും ഇടയ്ക്ക് ഞങ്ങൾക്കു സുന്ദരിമാരായ നാലു പെൺമക്കളുണ്ടായി—എസ്ഥർ, ആൻ, ഗോൾഡി എലിസബത്ത്, ഐറീൻ. അക്രനിൽ ഒരു റൊമേനിയൻ സഭ ആരംഭിച്ചു. തുടക്കത്തിൽ യോഗങ്ങൾ ഞങ്ങളുടെ ഭവനത്തിലാണു നടത്തിയിരുന്നത്. കാലക്രമേണ ആറു മാസം കൂടുമ്പോഴെല്ലാം ബൈബിൾ വിദ്യാർഥികളുടെ ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള ലോകാസ്ഥാനത്തുനിന്ന് ഒരു പ്രതിനിധി ഞങ്ങളുടെ സഭ സന്ദർശിക്കുകയും ഞങ്ങളോടുകൂടെ താമസിക്കുകയും ചെയ്തിരുന്നു.
പല ഞായറാഴ്ചകളിലും ഞങ്ങൾ മുഴുദിവസവും പ്രസംഗവേലയ്ക്കായി നീക്കിവെച്ചു. ബാഗിൽ പുസ്തകങ്ങൾ അടുക്കിവെച്ച് ഉച്ചഭക്ഷണവും പൊതിഞ്ഞുകെട്ടി പെൺകുട്ടികളെ ഞങ്ങളുടെ മോഡൽ റ്റി ഫോർഡിൽ കയറ്റി ഗ്രാമങ്ങളിൽ പ്രസംഗിച്ചുകൊണ്ട് മുഴുദിവസവും ചെലവിടും. സന്ധ്യയ്ക്കു ഞങ്ങൾ വീക്ഷാഗോപുര അധ്യയനത്തിൽ സംബന്ധിക്കും. ഞങ്ങളുടെ പെൺമക്കൾക്ക് പ്രസംഗപ്രവർത്തനം ഇഷ്ടമായി. 1931-ൽ ബൈബിൾ വിദ്യാർഥികൾ യഹോവയുടെ സാക്ഷികൾ എന്ന വ്യതിരിക്ത നാമം സ്വീകരിക്കുമ്പോൾ ഞാൻ ഒഹായോയിലെ കൊളംബസിൽ സന്നിഹിതയായിരുന്നു.
എനിക്കാവശ്യമായിരുന്ന തിരുത്തൽ
ഏതാനും വർഷങ്ങൾക്കുശേഷം വാച്ച് ടവർ ബൈബിൾ ആൻറ് ട്രാക്റ്റ് സൊസൈറ്റിയുടെ അന്നത്തെ പ്രസിഡൻറായിരുന്ന ജോസഫ്. എഫ്. റഥർഫോർഡിനോട് എനിക്കു ദേഷ്യം വന്നു. പുതുതായി സ്നാപനമേറ്റ ഒരു സാക്ഷിക്ക് റഥർഫോർഡ് സഹോദരൻ തന്റെ പ്രശ്നം ശരിക്കു ശ്രദ്ധിക്കാതെ അന്യായമായി പെരുമാറിയതായി തോന്നി. റഥർഫോർഡ് സഹോദരൻ ചെയ്തതു തെറ്റായിരുന്നെന്ന് എനിക്കു തോന്നി. ഒരു ഞായറാഴ്ച എന്റെ അനുജത്തി മേരിയും അവളുടെ ഭർത്താവ് ഡാൻ പെസ്റ്റ്റൂയിയും ഞങ്ങളെ സന്ദർശിക്കാനെത്തി. ഭക്ഷണത്തിനുശേഷം ഡാൻ പറഞ്ഞു: “നമുക്കു യോഗത്തിനു പോകാൻ ഒരുങ്ങാം.”
“ഞങ്ങൾ മേലാൽ യോഗങ്ങൾക്കൊന്നും പോകുന്നില്ല,” ഞാൻ പറഞ്ഞു. “ഞങ്ങൾക്ക് റഥർഫോർഡ് സഹോദരനോടു ദേഷ്യമുണ്ട്.”
കൈ പിന്നിൽ കെട്ടി ഡാൻ അങ്ങോട്ടുമിങ്ങോട്ടും നടന്നു. എന്നിട്ട് അദ്ദേഹം പറഞ്ഞു: “നിങ്ങൾ സ്നാപനമേൽക്കുമ്പോൾ റഥർഫോർഡ് സഹോദരനെ അറിയാമായിരുന്നോ?”
“തീർച്ചയായും ഇല്ല.” ഞാൻ മറുപടി നൽകി. “അറിയാമോ, ഞാൻ റൊമേനിയയിലാണു സ്നാപനമേറ്റത്.”
“എന്തിനാണ് നിങ്ങൾ സ്നാപനമേറ്റത്?” അദ്ദേഹം ചോദിച്ചു.
“കാരണം യഹോവയാണ് സത്യദൈവമെന്നു ഞാൻ മനസ്സിലാക്കി. എന്റെ ജീവൻ അവനെ സേവിക്കാൻ അർപ്പിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു,” ഞാൻ മറുപടി നൽകി.
“ഒരിക്കലും അതു മറക്കരുത്!” അദ്ദേഹം പ്രതിവചിച്ചു. “റഥർഫോർഡ് സഹോദരൻ സത്യം ഉപേക്ഷിച്ചാൽ നിങ്ങളും ഉപേക്ഷിക്കുമോ?”
“ഒരിക്കലുമില്ല, ഒരിക്കലുമില്ല!” ഞാൻ പറഞ്ഞു. അത് എന്നെ സുബോധത്തിലേക്കു കൊണ്ടുവന്നു. ഞാൻ പറഞ്ഞു: “എല്ലാവരും യോഗത്തിനു പോകാൻ തയ്യാറാകൂ.” അതിൽപ്പിന്നെ ഇന്നുവരെ ഞങ്ങൾ അതു നിർത്തിയിട്ടില്ല. എന്റെ സഹോദരീ ഭർത്താവിൽ നിന്നു ലഭിച്ച സ്നേഹപൂർവകമായ ആ തിരുത്തലിനായി യഹോവയോട് ഞാൻ എത്രമാത്രം കൃതജ്ഞതയുള്ളവളായിരുന്നെന്നോ!
സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്തു പിടിച്ചുനിൽക്കൽ
1930-കളിൽ സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ട സമയം വിഷമംപിടിച്ചതായിരുന്നു. ഒരു ദിവസം ജോലി കഴിഞ്ഞു വാടിയ മുഖവുമായി ഷുർഷ് വീട്ടിൽ തിരിച്ചെത്തി. റബ്ബർ ഫാക്ടറിയിലെ ജോലി നഷ്ടമായെന്ന് ഷുർഷ് അറിയിച്ചു. “വിഷമിക്കാതിരിക്കൂ, നമുക്ക് സ്വർഗത്തിൽ സമ്പന്നനായ ഒരു പിതാവുണ്ട്. അവൻ നമ്മെ കൈവിടില്ല,” ഞാൻ പറഞ്ഞു.
അതേ ദിവസം ഷുർഷ് ഒരു വലിയ കുട്ട നിറയെ കൂണുമായി വരുകയായിരുന്ന ഒരു സുഹൃത്തിനെ കണ്ടുമുട്ടി. അയാൾ അത് എവിടെ നിന്നാണു പറിച്ചെടുത്തതെന്നു മനസ്സിലാക്കിയ ഷുർഷ് ഒരു പറ കൂണുമായി വീട്ടിൽ തിരിച്ചെത്തി. എന്നിട്ട് ഞങ്ങളുടെ കൈവശം ആകെയുണ്ടായിരുന്ന മൂന്ന് ഡോളർ, കൂൺ പായ്ക്ക് ചെയ്യാൻ ചെലവഴിച്ചു. “കുഞ്ഞുമക്കൾക്കു പാൽ കൊടുക്കാനുള്ളപ്പോൾ നിങ്ങൾക്ക് അതെങ്ങനെ ചെയ്യാൻ കഴിഞ്ഞു?” ഞാൻ ചോദിച്ചു.
“വിഷമിക്കാതിരിക്കൂ, ഞാൻ പറയുന്നതുപോലെ ചെയ്താൽ മതി,” അദ്ദേഹം മറുപടി നൽകി. അടുത്ത ഏതാനും ആഴ്ചകളിൽ ഞങ്ങളുടെ വീട്ടിൽ കൂണുകൾ വൃത്തിയാക്കി പായ്ക്ക് ചെയ്യുന്ന ഒരു കൊച്ചു ഫാക്ടറിതന്നെ ഉണ്ടായിരുന്നു. ഞങ്ങൾ അവ കൃത്യമായി പണം നൽകുന്ന റസ്റ്ററൻറുകളിൽ കൊണ്ടുപോയി വിറ്റു. ദിവസം 30 മുതൽ 40 വരെ ഡോളർ ഞങ്ങൾക്കു ലാഭം കിട്ടി. ഞങ്ങളെ സംബന്ധിച്ചിടത്തോളം അന്ന് അതു വലിയ തുകയായിരുന്നു. കൃഷിയിടത്തിൽനിന്നു കൂൺ പറിക്കാൻ അനുവാദം തന്ന കൃഷിക്കാരൻ, താൻ അവിടെ ജീവിക്കാൻ തുടങ്ങിയിട്ട് 25 വർഷമായെന്നും അത്രയേറെ കൂൺ താൻ ഒരിക്കലും കണ്ടിട്ടില്ലെന്നും പറഞ്ഞു. താമസിയാതെ റബ്ബർ ഫാക്ടറിയിലേക്കു ഷുർഷിനെ തിരിച്ചുവിളിച്ചു.
വിശ്വാസം നിലനിർത്തൽ
1943-ൽ ഞങ്ങൾ കാലിഫോർണിയയിലെ ലോസാഞ്ചലസിലേക്ക് താമസം മാറി. നാലു വർഷം കഴിഞ്ഞ് എൽസനോറിൽ ഞങ്ങൾ പാർപ്പുറപ്പിച്ചു. ഞങ്ങൾ അവിടെ ഒരു പലചരക്കുകട തുടങ്ങി. കുടുംബത്തിലുള്ളവർ മാറി മാറി അവിടെ ജോലിചെയ്തു. അക്കാലത്ത്, എൽസനോർ 2,000 ആളുകൾ മാത്രമുള്ള ഒരു കൊച്ചു പട്ടണമായിരുന്നു. ക്രിസ്തീയ യോഗങ്ങളിൽ ഹാജരാകാൻ ഞങ്ങൾ 30 കിലോമീറ്റർ യാത്ര ചെയ്ത് മറ്റൊരു പട്ടണത്തിലെത്തണമായിരുന്നു. 1950-ൽ എൽസനോറിൽ ഒരു കൊച്ചു സഭ ഉണ്ടായതു കണ്ടപ്പോൾ ഞാൻ എത്രമാത്രം സന്തോഷിച്ചെന്നോ! ഇപ്പോൾ അതേ പ്രദേശത്ത് 13 സഭകളുണ്ട്.
1950-ൽ ഞങ്ങളുടെ മകൾ ഗോൾഡി എലിസബത്ത് (ഇന്ന് മിക്കവരും ബെത്ത് എന്ന പേരിലാണ് അവളെ അറിയുന്നത്) ന്യൂയോർക്കിലെ സൗത്ത് ലാൻസിങ്ങിലുള്ള വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിൽനിന്നു ബിരുദമെടുത്തു. വെനെസ്വേലയിൽ ഒരു മിഷനറിയായി അവൾക്കു നിയമനം ലഭിച്ചു. 1955-ൽ ഭർത്താവിനു സർക്കിട്ട് വേലയിൽ സഞ്ചാരശുശ്രൂഷകനായി സേവിക്കാനുള്ള ക്ഷണം ലഭിച്ചതിൽ ഞങ്ങളുടെ ഇളയ മകളായ ഐറീനു സന്തോഷമായി. പിന്നീട് 1961-ൽ, ന്യൂയോർക്കിലെ സൗത്ത് ലാൻസിങ്ങിലെ രാജ്യശുശ്രൂഷാ സ്കൂളിൽ പങ്കെടുത്തശേഷം അവരെ തായ്ലൻഡിലേക്കു പറഞ്ഞയച്ചു. ചിലപ്പോൾ എന്റെ പുത്രിമാരുടെ അഭാവം അനുഭവപ്പെടുമ്പോഴെല്ലാം ഞാൻ കരയും. എന്നാൽ പിന്നെ ഞാൻ വിചാരിക്കും, ‘അവർ അങ്ങനെ ചെയ്യണമെന്നുതന്നെയാണല്ലോ ഞാൻ ആഗ്രഹിച്ചത്.’ അപ്പോൾ ഞാൻ എന്റെ ബാഗുമെടുത്തു പ്രസംഗവേലയിൽ ഏർപ്പെടും. വീട്ടിൽ തിരിച്ചെത്തുന്നത് എപ്പോഴും സന്തോഷവതിയായിട്ടായിരിക്കും.
1966-ൽ എന്റെ പ്രിയപ്പെട്ട ഭർത്താവ് ഷുർഷിനു മസ്തിഷ്കാഘാതമുണ്ടായി. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ കാരണം വെനെസ്വേലയിൽനിന്നു തിരിച്ചെത്തിയ ബെത്ത് അദ്ദേഹത്തെ പരിചരിക്കുന്നതിൽ സഹായിച്ചു. പിറ്റേ വർഷം ഷുർഷ് മരിച്ചു. അദ്ദേഹം യഹോവയോടു വിശ്വസ്തനായി നിലകൊണ്ട് തന്റെ സ്വർഗീയ പ്രതിഫലം കൈപ്പറ്റിയെന്ന വസ്തുത എന്നെ ആശ്വസിപ്പിച്ചു. പിന്നീട്, ബെത്ത് രാജ്യ പ്രഘോഷകരെ കൂടുതൽ ആവശ്യമുണ്ടായിരുന്ന സ്പെയിനിൽ സേവിക്കാൻ പോയി. 1977-ൽ എന്റെ മൂത്ത മകൾ എസ്ഥർ കാൻസർ നിമിത്തം മരണമടഞ്ഞു. 1984-ൽ ആൻ രക്താർബുദം നിമിത്തം മരിച്ചു. ആയുഷ്കാലം മുഴുവൻ ഇരുവരും യഹോവയുടെ വിശ്വസ്ത ദാസരായിരുന്നു.
ആൻ മരിച്ചപ്പോഴേക്കും ബെത്തും ഐറീനും തങ്ങളുടെ വിദേശ പ്രസംഗ നിയമനങ്ങളിൽനിന്നു തിരിച്ചെത്തിയിരുന്നു. തങ്ങളുടെ സഹോദരിമാരെ പരിചരിക്കുന്നതിൽ അവർ സഹായിച്ചിരുന്നു. ഞങ്ങളെല്ലാവരും അതിയായി ദുഃഖിച്ചു. കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഞാൻ എന്റെ പെൺമക്കളോടു പറഞ്ഞു: “മതി! വിലയേറിയ ബൈബിൾ വാഗ്ദാനങ്ങൾക്കൊണ്ട് നാം മറ്റുള്ളവരെ ആശ്വസിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ സ്വയം ആശ്വാസം കൈക്കൊള്ളാൻ നമ്മെത്തന്നെ അനുവദിക്കണം. യഹോവയെ സേവിക്കുന്നതിലെ നമ്മുടെ ആനന്ദം കവർന്നെടുക്കാൻ സാത്താൻ ആഗ്രഹിക്കുന്നു. പക്ഷേ അങ്ങനെ ചെയ്യാൻ നമുക്ക് അവനെ അനുവദിക്കാൻ പാടില്ല!”
റൊമേനിയയിലെ ഞങ്ങളുടെ വിശ്വസ്ത കുടുംബം
1970-ൽ ഞാനും അനുജത്തി മേരിയും റൊമേനിയയിൽ ഞങ്ങളുടെ കുടുംബത്തെ സന്ദർശിക്കാൻ പോയി. അവിസ്മരണീയമായ ഒരു യാത്രയായിരുന്നു അത്. ഞങ്ങളുടെ അനുജത്തിമാരിലൊരാൾ മരിച്ചുപോയിരുന്നു. എന്നാൽ അപ്പോഴും ഓർട്ടെല്ലെക്ക് ഗ്രാമത്തിൽ താമസിച്ചിരുന്ന ഞങ്ങളുടെ ഇളയ സഹോദരനായ ജോണിനെയും അനുജത്തി ലൊഡോവിക്കായെയും സന്ദർശിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. ഞങ്ങളുടെ സന്ദർശനത്തിന്റെ സമയമായപ്പോഴേക്കും മാതാപിതാക്കൾ മരണമടഞ്ഞിരുന്നു. മരണംവരെ അവർ യഹോവയോടു വിശ്വസ്തരായി നിലകൊണ്ടിരുന്നു. ഡാഡി സഭയിൽ ഒരു തൂണായിരുന്നെന്നു പലരും ഞങ്ങളോടു പറഞ്ഞു. അദ്ദേഹത്തിന്റെ പേരക്കുട്ടികളുടെ മക്കൾപ്പോലും ഇപ്പോൾ സാക്ഷികളാണ്. എന്റെ ഭർത്താവിന്റെ കുടുംബത്തിലെ പല ബന്ധുക്കളെയും ഞങ്ങൾ സന്ദർശിച്ചു. അവരും ബൈബിൾ സത്യത്തിൽ ഉറച്ചനിന്നിരുന്നു.
1970-ൽ റൊമേനിയ നിക്കളൈ സീസെസ്ക്കൂവിന്റെ ക്രൂരമായ കമ്മ്യുണിസ്റ്റ് ഭരണത്തിൻകീഴിലായിരുന്നു. യഹോവയുടെ സാക്ഷികൾ വളരെ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു. എന്റെ സഹോദരനായ ജോണിന്റെ മകൻ ഫ്ളോറെക്കും അതുപോലെതന്നെ എന്റെ മറ്റു ബന്ധുക്കൾക്കും എന്റെ ഭർത്താവിന്റെ മച്ചുനനായ ഗാബോർ റോമോഷിയനും തങ്ങളുടെ ക്രിസ്തീയ വിശ്വാസത്തെപ്രതി നിരവധി വർഷം തടങ്കൽപ്പാളയങ്ങളിൽ ചെലവഴിക്കേണ്ടിവന്നു. യഹോവയുടെ സാക്ഷികളുടെ ന്യൂയോർക്കിലുള്ള ആസ്ഥാനത്തേക്ക് കത്തുകൾ എത്തിക്കാനുള്ള ചുമതല ഞങ്ങൾക്കു ലഭിച്ചപ്പോൾ രാജ്യത്തുനിന്ന് ഞങ്ങൾ സുരക്ഷിതമായി പുറത്തെത്തുന്നതുവരെ അവർക്കു സമാധാനമുണ്ടാകുകയില്ലെന്നു പറഞ്ഞതിൽ അതിശയിക്കാനില്ല!
വിസയുടെ കാലാവധി തീർന്നെന്നു മനസ്സിലായപ്പോൾ ഞങ്ങൾ ഓർട്ടെലെക്കിലുള്ള ഗവൺമെൻറ് ഓഫീസിലേക്കു പോയി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ സമയം. ഡ്യൂട്ടിയിൽ ഒരു ഉദ്യോഗസ്ഥൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സന്ദർശകർ ആരാണെന്നും ഞങ്ങളുടെ അനന്തരവൻ തടങ്കൽപ്പാളയത്തിലായിരുന്നെന്നും മനസ്സിലാക്കിയപ്പോൾ അദ്ദേഹം പറഞ്ഞു: “നിങ്ങൾ വേഗം ഇവിടെനിന്നു പോകൂ!”
“പക്ഷേ ഇന്ന് ഇവിടെനിന്നു പുറപ്പെടുന്ന ഒറ്റ ട്രെയിൻ പോലുമില്ലല്ലോ,” എന്റെ അനുജത്തി പ്രതിവചിച്ചു.
“അതു സാരമില്ല, ബസിൽ പോകുക, ട്രെയിനിൽ കയറുക, ടാക്സി പിടിക്കുക, നടക്കുക. ആകുന്നത്ര വേഗത്തിൽ ഇവിടെനിന്നു പോകണമെന്നു മാത്രം!” ഉടനടി അദ്ദേഹം പറഞ്ഞു.
ഞങ്ങൾ പോകാനൊരുങ്ങവെ ഞങ്ങളെ തിരിച്ചുവിളിച്ചിട്ട് പട്ടികപ്പെടുത്തിയിട്ടില്ലാത്ത ഒരു സൈനിക ട്രെയിൻ വൈകിട്ട് 6.00 മണിക്ക് അതിലേ വരുന്നുണ്ടെന്ന് അറിയിച്ചു. അത് ഒരു ദിവ്യകരുതലായിരുന്നു! സാധാരണ ട്രെയിനിലാണെങ്കിൽ ഞങ്ങളുടെ രേഖകളെല്ലാം കൂടെക്കൂടെ പരിശോധിക്കുമായിരുന്നു. പക്ഷേ, ഈ ട്രെയിനിൽ മുഴുവൻ സൈനിക ഉദ്യോഗസ്ഥരായിരുന്നു .സാധാരണ യാത്രക്കാരായിട്ട് ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട്, ആരും ഞങ്ങളുടെ പാസ്പോർട്ട് ചോദിച്ചില്ല. ഏതെങ്കിലും ഉദ്യോഗസ്ഥരുടെ മുത്തശ്ശിമാരായിരിക്കും ഞങ്ങളെന്ന് അവർ ഊഹിച്ചുകാണും.
അടുത്ത ദിവസം രാവിലെ ഞങ്ങൾ ടിമിഷ്വാറയിൽ എത്തിച്ചേർന്നു. ഒരു ബന്ധുവിന്റെ സുഹൃത്തിന്റെ സഹായത്തോടെ ഞങ്ങൾക്കു വിസ ലഭിച്ചു. അടുത്ത ദിവസം ഞങ്ങൾ രാജ്യത്തുനിന്നു പുറത്തുകടന്നു. റൊമേനിയയിലെ വിശ്വസ്തരായ ഞങ്ങളുടെ ക്രിസ്തീയ സഹോദരങ്ങളെക്കുറിച്ചുള്ള അവിസ്മരണീയമായ മധുരസ്മരണകൾ ഞങ്ങൾ വീട്ടിലേക്കു കൊണ്ടുവന്നു.
റൊമേനിയ സന്ദർശനത്തിനുശേഷമുള്ള വർഷങ്ങളിൽ ഇരുമ്പു മറയ്ക്കു പുറകിൽനിന്നു പ്രസംഗപ്രവർത്തനത്തെക്കുറിച്ച് വളരെ കുറച്ചു വിവരങ്ങളേ ഞങ്ങൾക്കു ലഭിച്ചുള്ളൂ. എങ്കിലും, എന്തുതന്നെയായാലും ഞങ്ങളുടെ ക്രിസ്തീയ സഹോദരങ്ങൾ ദൈവത്തോടു വിശ്വസ്തരായി നിലകൊള്ളുമെന്നു ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. അവർ അങ്ങനെ നിലകൊള്ളുകതന്നെ ചെയ്തു. 1990 ഏപ്രിലിൽ യഹോവയുടെ സാക്ഷികളെ നിയമപരമായ ഒരു മതസംഘടനയായി അംഗീകരിച്ചുവെന്നു മനസ്സിലാക്കാൻ കഴിഞ്ഞത് എത്ര ആനന്ദകരമായിരുന്നു. അടുത്ത വേനൽക്കാലത്തു റൊമേനിയയിൽ നടത്തപ്പെട്ട കൺവെൻഷനുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ കേട്ടപ്പോൾ ഞങ്ങൾ സന്തോഷംകൊണ്ടു മതിമറന്നുപോയി. എട്ടു നഗരങ്ങളിലായി 34,000-ത്തിലധികം ആളുകൾ ഹാജരായി, 2,260 പേർ സ്നാപനമേറ്റു! റൊമേനിയയിൽ ഇപ്പോൾ 35,000-ത്തിലധികം പേർ പ്രസംഗവേലയിൽ പങ്കുപറ്റുന്നു. കഴിഞ്ഞ വർഷം 86,034 പേർ ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകത്തിൽ സംബന്ധിച്ചു.
സത്യം എനിക്ക് ഇപ്പോഴും വിലപ്പെട്ടതുതന്നെ
ഏതാനും വർഷത്തേക്ക് ഞാൻ സ്മാരകത്തിന്റെ ചിഹ്നങ്ങളിൽ പങ്കുപറ്റുന്നതു നിർത്തി. വളരെയേറെ യോഗ്യതയുള്ള ചില സഹോദരന്മാർ ചിഹ്നത്തിൽ പങ്കുപറ്റാതിരിക്കുന്നതു ഞാൻ ശ്രദ്ധിച്ചു. ഞാൻ ന്യായവാദം ചെയ്തു: ‘ഇത്രയും വാക്ധോരണിയോടെ സംസാരിക്കാൻ കഴിയുന്നവരുള്ളപ്പോൾ യഹോവ സ്വർഗത്തിൽ തന്റെ പുത്രന്റെ കൂട്ടവകാശിയാകാനുള്ള പദവി എന്തിന് എനിക്കു നൽകണം?’ എന്നാൽ പങ്കുപറ്റാതിരുന്നപ്പോൾ ഞാൻ വളരെ അസ്വസ്ഥയായി. ഞാൻ എന്തോ നിരാകരിക്കുന്നതുപോലെയുള്ള ഒരു തോന്നലായിരുന്നു. വളരെയധികം പഠനത്തിനും യാചനാപൂർവമുള്ള പ്രാർഥനയ്ക്കുംശേഷം ഞാൻ വീണ്ടും പങ്കുപറ്റാൻ തുടങ്ങി. സമാധാനവും സന്തോഷവും എനിക്കു തിരിച്ചുകിട്ടി. അവ പിന്നീടൊരിക്കലും എനിക്കു കൈമോശം വന്നിട്ടില്ല.
കാഴ്ചശക്തി കുറഞ്ഞതുമൂലം എനിക്കു വായിക്കാൻ കഴിയില്ലെങ്കിലും എല്ലാ ദിവസവും ബൈബിളിന്റെയും വീക്ഷാഗോപുരം, ഉണരുക! എന്നീ മാസികകളുടെയും കാസറ്റ് ഞാൻ ശ്രദ്ധിക്കുന്നു. ഇപ്പോഴും ഞാൻ പ്രസംഗവേലയിൽ പങ്കുപറ്റുന്നു. സാധാരണഗതിയിൽ ഞാൻ മാസംതോറും 60 മുതൽ 100 വരെ മാസികകൾ സമർപ്പിക്കാറുണ്ട്. എന്നാൽ കഴിഞ്ഞ ഏപ്രിലിൽ ഉണരുക! ഉപയോഗിച്ചുകൊണ്ടുള്ള പ്രത്യേക പ്രചരണ പരിപാടിയുടെ സമയത്ത് ഞാൻ 323 മാസികകൾ സമർപ്പിച്ചു. എന്റെ പെൺമക്കളുടെ സഹായത്തോടെ ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂളിൽ പരിപാടികളിൽ പങ്കെടുക്കാനും എനിക്കു കഴിയുന്നുണ്ട്. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിൽ തുടരാൻ കഴിയുന്നുവെന്നതിൽ ഞാൻ സന്തോഷിക്കുന്നു. രാജ്യഹാളിൽ മിക്കവാറും എല്ലാവരുംതന്നെ എന്നെ മുത്തശ്ശി എന്നാണ് വിളിക്കുന്നത്.
79-ലേറെ വർഷത്തെ യഹോവയ്ക്കുള്ള സമർപ്പിത സേവനത്തിലേക്കു പിന്തിരിഞ്ഞുനോക്കുമ്പോൾ അവന്റെ വിലതീരാത്ത സത്യത്തെക്കുറിച്ച് അറിയാനും എന്റെ ജീവിതം അവന്റെ സേവനത്തിനായി ഉപയോഗപ്പെടുത്താനും അനുവദിച്ചതിൽ ഞാൻ എല്ലാ ദിവസവും അവനു നന്ദി പറയുന്നു. ഈ അന്ത്യനാളുകളിൽ ദൈവത്തിന്റെ ചെമ്മരിയാടുതുല്യരായ ജനങ്ങളെ കൂട്ടിവരുത്തുന്നതിനെക്കുറിച്ചു മുൻകൂട്ടിപ്പറഞ്ഞ മഹനീയമായ ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തി കാണാൻ ജീവിച്ചിരിക്കുന്നതിൽ ഞാൻ വളരെ കൃതജ്ഞതയുള്ളവളാണ്.—യെശയ്യാവു 60:22; സെഖര്യാവു 8:23.
[23-ാം പേജിലെ ചിത്രം]
നിൽക്കുന്നത് എന്റെ അനുജത്തി മേരിയും പിതാവും. ഞാനും ഷുർഷും മക്കളായ എസ്ഥറും ആനും
[24-ാം പേജിലെ ചിത്രം]
എന്റെ പുത്രിമാരായ ബെത്തും ഐറീനും ഐറീന്റെ ഭർത്താവും രണ്ട് ആൺമക്കളും, എല്ലാവരും വിശ്വസ്തരായി യഹോവയെ സേവിക്കുന്നു