സഭകൾ കുറ്റസമ്മതം നടത്തുന്നു
“പാപ്പാ സഭയെ വിചാരണയ്ക്കു വിധേയമാക്കുന്നു.” “മതവിചാരണയും ശേമ്യവിരോധവും—സഭ അതിന്റെ മേയാ കൂൽപa തയ്യാറാക്കുന്നു.” “നാസികളാലുള്ള കൂട്ടക്കൊലയെപ്രതി മേയാ കൂൽപ.” “പശ്ചിമ ഐക്യനാടുകളിലെ അമേരിക്കൻ ഇന്ത്യാക്കാരോട് മെഥഡിസ്റ്റുകൾ ക്ഷമായാചനം നടത്തുന്നു.”
ഇതുപോലുള്ള വാർത്താ ശീർഷകങ്ങൾ നിങ്ങൾ വായിച്ചിട്ടുണ്ടോ? നൂറ്റാണ്ടുകളിൽ ഉടനീളം സഭകൾ ചെയ്തിട്ടുള്ള തെറ്റുകൾ അവർ കൂടുതൽ കൂടെക്കൂടെ സമ്മതിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നതായി തോന്നുന്നു. പാപ്പായാലുള്ള പുതിയ മേയാ കൂൽപകളെ മാധ്യമങ്ങൾ നിരന്തരം എടുത്തുകാട്ടുന്നു.
പാപ്പാ ക്ഷമ ചോദിക്കുമ്പോൾ
ജോൺ പോൾ രണ്ടാമൻ 1980-നും 1996-നുമിടയ്ക്ക് കുറഞ്ഞത് 94 പ്രാവശ്യമെങ്കിലും ‘സഭയുടെ ചരിത്രപ്രധാനമായ തെറ്റുകൾ അംഗീകരിക്കുകയോ ക്ഷമ ചോദിക്കുകയോ’ ചെയ്തതായി ക്വാൻഡോ എൽ പാപ്പാ കിഡെ പെർഡോണോ (പാപ്പാ ക്ഷമ ചോദിക്കുമ്പോൾ) എന്ന തന്റെ പുസ്തകത്തിൽ വത്തിക്കാൻ ഭാഷ്യകാരനായ ലൂയിജി അക്കാറ്റോലി പറയുന്നു. അക്കാറ്റോലി പറയുന്നതനുസരിച്ച്, “കത്തോലിക്കാ സഭയിൽ ഒരു മേയാ കൂൽപ നടത്താൻ ന്യായമായും പാപ്പായ്ക്കു മാത്രമേ സാധിക്കൂ.” കുരിശുയുദ്ധങ്ങൾ, യുദ്ധങ്ങൾ, സ്വേച്ഛാധിപത്യങ്ങൾക്കുള്ള പിന്തുണ, സഭകളിലെ ഭിന്നിപ്പ്, ശേമ്യവിരോധം, മതവിചാരണകൾ, മാഫിയ, വർഗീയവാദം തുടങ്ങിയ കത്തോലിക്കാ ചരിത്രത്തിലെ വിവാദാത്മക ഏടുകളെ പരാമർശിച്ചുകൊണ്ട് അദ്ദേഹം അതു ചെയ്തിരിക്കുന്നു. 1994-ൽ ജോൺ പോൾ രണ്ടാമൻ കർദിനാൾമാർക്ക് അയച്ച ഒരു മെമ്മോറാണ്ടത്തിൽ (ചിലർ അതിനെ ഏറ്റവും പ്രധാനപ്പെട്ട പാപ്പാ ലേഖനമായി കരുതുന്നു) “രണ്ടാം സഹസ്രാബ്ദത്തിൽ ചെയ്ത പാപങ്ങളുടെ ഒരു പൊതുകുറ്റസമ്മതം” നിർദേശിച്ചു.
നിരവധി ബിഷപ്പുമാർ പാപ്പായുടെ ദൃഷ്ടാന്തം പിൻപറ്റിയിട്ടുണ്ട്. 1994 ഡിസംബറിൽ ഇറ്റാലിയൻ പത്രമായ എൽ ജോർനേലി ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “അനേകം അമേരിക്കൻ ബിഷപ്പുമാർ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട് പരസ്യമായി ക്ഷമ ചോദിച്ചു.” എന്തിന്? ഇരകളായിത്തീർന്ന ഒട്ടനവധി കുട്ടികൾക്ക് ഹാനിവരുത്തിവെച്ച ബാലരതിപ്രിയരായ പുരോഹിതന്മാരാലുള്ള പ്രശ്നത്തെ ഗൗരവംകുറച്ചു കണ്ടതിന്. “സമകാലീന കത്തോലിക്കാ മത ചരിത്രത്തിലെ അഭൂതപൂർവമായൊരു നടപടിയെ,” അതായത് നാസികൾ നടത്തിയ കൂട്ടക്കൊലയുടെ കാര്യത്തിൽ പയസ് പന്ത്രണ്ടാമൻ പാപ്പാ നിശബ്ദത പാലിച്ചതിനെ, സംബന്ധിച്ച് 1995 ജനുവരിയിൽ ലാ റിപ്പബ്ലിക്കാ എന്ന പത്രം റിപ്പോർട്ടു ചെയ്തു. നാസികളുടെ കുറ്റകൃത്യങ്ങളെ പിന്തുണച്ച റോമൻ കത്തോലിക്കരുടെ “അനവധി കുറ്റങ്ങൾ”ക്ക് ജർമനിയിലെ ബിഷപ്പുമാരുടെ സംഘം ക്ഷമ ചോദിച്ചതായി 1995 ജനുവരിയിൽ അതേ പത്രംതന്നെ റിപ്പോർട്ടു ചെയ്തു. അനേകം പ്രൊട്ടസ്റ്റൻറ് സഭകളും ആത്മവിമർശനം നടത്തിയിട്ടുണ്ട്.
എന്തുകൊണ്ട്?
തെറ്റു ചെയ്യുമ്പോൾ ക്ഷമചോദിക്കാൻ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. സഭകൾ ആത്മവിമർശനം നടത്തുമ്പോൾ അനേകർ അവരെ ശ്ലാഘിക്കുന്നു. (യാക്കോബ് 5:16) എന്നാൽ എന്തുകൊണ്ടാണ് സഭകൾ ഇപ്രകാരം ചെയ്യുന്നത്? നാം അവരെ വീക്ഷിക്കുന്ന വിധത്തെ അതെങ്ങനെ ബാധിക്കണം?
[അടിക്കുറിപ്പ്]
a കത്തോലിക്കാ പ്രാർഥനയുടെ (കോൺഫിറ്റിയർ അഥവാ “ഞാൻ കുറ്റം ഏറ്റുപറയുന്നു”) ഭാഗമായ, “എന്റെ പിഴ” എന്നതിന്റെ ലത്തീൻ പ്രയോഗം. പ്രാർഥനയിൽ വിശ്വാസികൾ അത് ആവർത്തിച്ച് ഉരുവിടുന്നു.