ക്രിസ്തീയ കൂടിവരവുകളെ വിലമതിക്കൽ
“നമ്മുടെ കൂടിവരവ് ഉപേക്ഷിക്കാതെ, സ്നേഹത്തിനും സത്പ്രവൃത്തികൾക്കും പ്രോത്സാഹിപ്പിക്കാൻ നമുക്ക് അന്യോന്യം പരിഗണിക്കാം.”—എബ്രായർ 10:24, 25, NW.
1, 2. (എ) സത്യക്രിസ്ത്യാനികളുടെ കൂടിവരവിൽ സംബന്ധിക്കുന്നത് ഒരു പദവിയായിരിക്കുന്നതെന്തുകൊണ്ട്? (ബി) ഏതർഥത്തിലാണ് തന്റെ അനുഗാമികളുടെ കൂടിവരവിൽ യേശു സന്നിഹിതനായിരിക്കുന്നത്?
യഹോവയുടെ ആരാധകരുടെ പത്തിൽ കുറഞ്ഞ കൂട്ടമായാലും ആയിരക്കണക്കിനാളുകളുടെ കൂട്ടമായാലും, ക്രിസ്തീയ കൂടിവരവുകളിൽ സംബന്ധിക്കുന്നത് എന്തൊരു പദവിയാണ്. എന്തെന്നാൽ യേശു പറഞ്ഞു: “രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കെയും ഞാൻ അവരുടെ നടുവിൽ ഉണ്ടു”! (മത്തായി 18:20) ആ വാഗ്ദാനം നടത്തിയപ്പോൾ, സഭയിൽ നേതൃത്വമെടുക്കുന്നവർ ശരിയായി കൈകാര്യംചെയ്യേണ്ട നീതിന്യായപരമായ കാര്യങ്ങൾ യേശു ചർച്ചചെയ്യുകയായിരുന്നുവെന്നത് സത്യംതന്നെ. (മത്തായി 18:15-19) എന്നാൽ യേശുവിന്റെ നാമത്തിലുള്ള പ്രാർഥനയോടെ ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന എല്ലാ ക്രിസ്തീയ യോഗങ്ങൾക്കും അവന്റെ ഈ വാക്കുകൾ തത്ത്വത്തിൽ ബാധകമാക്കാൻ കഴിയുമോ? കഴിയും. ഓർക്കുക, തന്റെ അനുഗാമികൾക്ക് ശിഷ്യരാക്കൽവേലയ്ക്കുള്ള നിയോഗം നൽകിയപ്പോൾ യേശു ഇങ്ങനെ വാഗ്ദാനം ചെയ്തു: “വ്യവസ്ഥിതിയുടെ സമാപനംവരെ ഞാൻ എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ട്.”—മത്തായി 28:20, NW.
2 ക്രിസ്തീയ സഭയുടെ ശിരസ്സായ കർത്താവായ യേശുക്രിസ്തുവിന് തന്റെ വിശ്വസ്ത അനുഗാമികളുടെ എല്ലാ കൂടിവരവുകളിലും അങ്ങേയറ്റം താത്പര്യമുണ്ടായിരിക്കുമെന്നതിൽ സംശയമില്ല. കൂടാതെ, അവൻ ദൈവത്തിന്റെ പരിശുദ്ധാത്മാവു മുഖാന്തരം അവരോടൊപ്പം സന്നിഹിതനാണെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാവുന്നതാണ്. (പ്രവൃത്തികൾ 2:33; വെളിപ്പാടു 5:6) നമ്മുടെ കൂടിവരവിൽ യഹോവയാം ദൈവവും തത്പരനാണ്. അത്തരം യോഗങ്ങളുടെ മുഖ്യോദ്ദേശ്യം “സഭകളിൽ” ദൈവത്തിനു സ്തുതികൾ അർപ്പിക്കുകയെന്നതാണ്. (സങ്കീർത്തനം 26:12) സഭായോഗങ്ങളിൽ നാം സംബന്ധിക്കുന്നത് അവനോടുള്ള നമ്മുടെ സ്നേഹത്തിന്റെ തെളിവാണ്.
3. ഏതു പ്രധാന കാരണങ്ങളാലാണു നാം ക്രിസ്തീയ യോഗങ്ങൾ വിലമതിക്കുന്നത്?
3 നാം ക്രിസ്തീയ കൂടിവരവുകളെ വിലമതിക്കുന്നതിനു നല്ല കാരണങ്ങൾ ഇനിയുമുണ്ട്. യേശുക്രിസ്തു ഭൂമി വിട്ടുപോകുന്നതിനുമുമ്പ്, വിശ്വാസഭവനത്തിലുള്ളവർക്ക് തക്കസമയത്തെ ആത്മീയ ഭക്ഷണം കൊടുക്കുന്നതിന് “വിശ്വസ്തനും വിവേകിയുമായ അടിമ”യായി പ്രവർത്തിക്കാൻ അവൻ തന്റെ അഭിഷിക്ത ശിഷ്യന്മാരെ നിയമിച്ചു. (മത്തായി 24:45, NW) അത്തരം ആത്മീയ പോഷിപ്പിക്കൽ നടക്കുന്ന ഒരു പ്രധാന വിധം സഭായോഗങ്ങളിലൂടെയുള്ളതാണ്, കൂടാതെ സമ്മേളനങ്ങളും കൺവെൻഷനുകളുംപോലുള്ള വലിയ കൂടിവരവുകളും. ഈ ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യത്തെ അതിജീവിക്കാനും ദൈവത്തിന്റെ നീതിനിഷ്ഠമായ പുതിയ ലോകത്തിൽ ജീവൻ നേടാനും ആഗ്രഹിക്കുന്ന എല്ലാവർക്കും അത്തരം കൂടിവരവുകളിലൂടെ ജീവത്പ്രധാനമായ വിവരങ്ങൾ പ്രദാനംചെയ്യാൻ യേശുക്രിസ്തു ഈ വിശ്വസ്ത അടിമയെ നയിക്കുന്നു.
4. ഏത് അപകടകരമായ “പതിവി”നെക്കുറിച്ചു ബൈബിളിൽ പരാമർശിച്ചിരിക്കുന്നു, അത് ഒഴിവാക്കാൻ നമ്മെ എന്തു സഹായിക്കും?
4 അതുകൊണ്ട്, ഒരു ക്രിസ്ത്യാനിക്കും പൗലൊസ് അപ്പോസ്തലൻ ശ്രദ്ധിച്ച അപകടകരമായ പതിവ് വളർത്തിയെടുക്കാനാവില്ല. അവൻ എഴുതി: “ചിലർക്കുള്ള പതിവുപോലെ, നമ്മുടെ കൂടിവരവ് ഉപേക്ഷിക്കാതെ, പരസ്പരം പ്രോത്സാഹിപ്പിച്ചുകൊണ്ട്, സ്നേഹത്തിനും സത്പ്രവൃത്തികൾക്കും പ്രചോദിപ്പിക്കാൻ നമുക്ക് അന്യോന്യം പരിഗണിക്കാം; നാൾ അടുത്തുവരുന്നതു നിങ്ങൾ കാണുന്തോറും അത് അധികമധികം ചെയ്യുക.” (എബ്രായർ 10:24, 25, NW) ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിക്കുന്നതിന്റെ പദവിയെയും പ്രയോജനങ്ങളെയും കുറിച്ചു ധ്യാനിക്കുന്നത് അത്തരം കൂടിവരവുകളെ വിശ്വസ്തതയോടും മുഴുഹൃദയത്തോടുംകൂടെ പിന്തുണയ്ക്കാൻ നമ്മെ സഹായിക്കും.
കെട്ടുപണിചെയ്യുന്ന യോഗങ്ങൾ
5. (എ) യോഗങ്ങളിൽ നമ്മുടെ വാക്കുകൾ എന്തു ഫലമുണ്ടാക്കണം? (ബി) താത്പര്യക്കാരെ യോഗങ്ങൾക്കു ക്ഷണിക്കാൻ നാം വൈകരുതാത്തതെന്തുകൊണ്ട്?
5 ക്രിസ്തീയ യോഗങ്ങളിൽ യഹോവയുടെ പരിശുദ്ധാത്മാവ് പ്രവർത്തനനിരതമായിരിക്കാൻ ക്രിസ്ത്യാനികൾ പ്രാർഥിക്കുന്നതുകൊണ്ട്, സന്നിഹിതരായിരിക്കുന്ന ഓരോരുത്തരും “പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കാ”തെ അതിനോടു യോജിപ്പിൽ പ്രവർത്തിക്കാൻ തങ്ങളുടെ പരമാവധി ചെയ്യണം. (എഫെസ്യർ 4:30) പൗലൊസ് അപ്പോസ്തലൻ ആ നിശ്വസ്ത വാക്കുകൾ എഴുതിയപ്പോൾ, അവൻ ഉചിതമായ സംസാരത്തിന്റെ ഉപയോഗത്തെക്കുറിച്ചു ചർച്ചചെയ്യുകയായിരുന്നു. “കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന്നു ആവശ്യംപോലെ ആത്മികവർദ്ധ”നക്ക് ഉതകുന്നതേ നാം പറയാവൂ. (എഫെസ്യർ 4:29) ക്രിസ്തീയ യോഗങ്ങളിൽ ഇതു വിശേഷാൽ പ്രധാനമാണ്. കൊരിന്ത്യർക്കുള്ള ലേഖനത്തിൽ, യോഗങ്ങൾ കെട്ടുപണിചെയ്യുന്നതും പ്രബോധനാത്മകവും പ്രോത്സാഹജനകവുമായിരിക്കണമെന്ന ആവശ്യം പൗലൊസ് ഊന്നിപ്പറഞ്ഞു. (1 കൊരിന്ത്യർ 14:5, 12, 19, 26, 31) പുതിയവർ ഉൾപ്പെടെ സന്നിഹിതരായിരിക്കുന്ന എല്ലാവരും അത്തരം യോഗങ്ങളിൽനിന്നു പ്രയോജനം അനുഭവിക്കും. “ദൈവം വാസ്തവമായി നിങ്ങളുടെ ഇടയിൽ ഉണ്ടു” എന്ന് അവർ ഉചിതമായി നിഗമനം ചെയ്തേക്കാം. (1 കൊരിന്ത്യർ 14:25) ഇക്കാരണത്താൽ, നമ്മോടൊത്തു യോഗങ്ങളിൽ കൂടിവരാൻ പുതിയ താത്പര്യക്കാരെ ക്ഷണിക്കാൻ നാം വൈകരുത്. അങ്ങനെ ചെയ്യുന്നത് അവരുടെ ആത്മീയ പുരോഗതിയെ ത്വരിതപ്പെടുത്തും.
6. യോഗങ്ങളെ കെട്ടുപണിചെയ്യുന്നതാക്കാൻ സഹായിക്കുന്ന ചില ഘടകങ്ങളേവ?
6 ഒരു ക്രിസ്തീയ യോഗത്തിൽ പ്രസംഗങ്ങൾക്കോ അഭിമുഖങ്ങൾക്കോ പ്രകടനങ്ങൾക്കോ നിയമനം ലഭിക്കുന്ന എല്ലാവരും തങ്ങളുടെ വാക്കുകൾ കെട്ടുപണിചെയ്യുന്നതാണെന്നും ദൈവത്തിന്റെ എഴുതപ്പെട്ട വചനമായ ബൈബിളിനോടു ചേർച്ചയിലാണെന്നും ഉറപ്പുവരുത്താൻ ആഗ്രഹിക്കുന്നു. കൃത്യതയുള്ള വാക്കുകൾ ഉച്ചരിക്കുന്നതിനുപുറമേ, ദൈവത്തിന്റെയും ക്രിസ്തുവിന്റെയും സ്നേഹപുരസ്സരമായ വ്യക്തിത്വങ്ങളുമായി യോജിക്കുന്ന വികാരവിചാരങ്ങൾ പ്രകടിപ്പിക്കണം. യോഗപരിപാടികൾ അവതരിപ്പിക്കുന്ന എല്ലാവരും സന്തോഷം, ദീർഘക്ഷമ, വിശ്വാസം എന്നിങ്ങനെയുള്ള ‘ദൈവാത്മാവിന്റെ ഫലങ്ങൾ’ പ്രതിഫലിപ്പിക്കുന്നതിനെക്കുറിച്ചു ബോധമുള്ളവരാണെങ്കിൽ, സന്നിഹിതരായിരിക്കുന്ന എല്ലാവർക്കും നിശ്ചയമായും കെട്ടുപണിചെയ്യപ്പെടുന്ന അനുഭവമുണ്ടാകും.—ഗലാത്യർ 5:22, 23.
7. സംബന്ധിക്കുന്ന എല്ലാവർക്കും കൂടിവരവിനെ കെട്ടുപണിചെയ്യുന്നതാക്കുന്നതിൽ പങ്കുവഹിക്കാൻ കഴിയുന്നതെങ്ങനെ?
7 സഭായോഗങ്ങളിൽ പരിപാടികൾ നിർവഹിക്കുന്നത് വളരെ ചുരുക്കംപേരാണെങ്കിലും, കൂടിവരവിനെ കെട്ടുപണിചെയ്യുന്നതാക്കുന്നതിൽ പങ്കുവഹിക്കാൻ എല്ലാവർക്കും കഴിയും. ചോദ്യങ്ങൾക്ക് ഉത്തരംപറയാൻ സദസ്സിലുള്ളവർക്ക് കൂടെക്കൂടെ അവസരം ലഭിക്കുന്നു. ഇവ നമ്മുടെ വിശ്വാസം പരസ്യമായി പ്രഖ്യാപിക്കുന്നതിനുള്ള അവസരങ്ങളാണ്. (റോമർ 10:9) നാം അവയെ ഒരിക്കലും നമ്മുടെ വ്യക്തിപരമായ ആശയങ്ങൾ അവതരിപ്പിക്കുന്നതിനോ നമ്മുടെ സ്വന്തം നേട്ടങ്ങളെക്കുറിച്ച് വീമ്പിളക്കുന്നതിനോ സഹവിശ്വാസിയെ വിമർശിക്കുന്നതിനോ ഉള്ള അവസരമായി ഉപയോഗിക്കരുത്. അതു ദൈവാത്മാവിനെ ദുഃഖിപ്പിക്കുകയില്ലേ? സഹവിശ്വാസികളുമായുള്ള ഭിന്നതകൾ സ്നേഹത്തിന്റെ ആത്മാവിൽ സ്വകാര്യമായി കൈകാര്യംചെയ്യുന്നതാണ് ഏറ്റവും നല്ലത്. ബൈബിൾ പ്രസ്താവിക്കുന്നു: “നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ.” (എഫെസ്യർ 4:32) ഈ ഉത്തമ ബുദ്ധ്യുപദേശം ബാധകമാക്കാൻ ക്രിസ്തീയ കൂടിവരവുകൾ നമുക്ക് എത്ര നല്ല അവസരമാണ് പ്രദാനംചെയ്യുന്നത്! ആ ലക്ഷ്യത്തിൽ, അനേകരും യോഗങ്ങൾക്കു നേരത്തേ വരുകയും യോഗാനന്തരം കുറച്ചുനേരം അവിടെ തങ്ങുകയും ചെയ്യുന്നു. ഇത് തങ്ങൾ സ്വാഗതംചെയ്യപ്പെടുന്നുവെന്നു തോന്നേണ്ട പ്രത്യേക ആവശ്യമുള്ള പുതിയ താത്പര്യക്കാരെയും സഹായിക്കുന്നു. അങ്ങനെ എല്ലാ സമർപ്പിത ക്രിസ്ത്യാനികൾക്കും ‘സ്നേഹത്തിനും സത്പ്രവൃത്തികൾക്കും പ്രചോദിപ്പിച്ചുകൊണ്ടും അന്യോന്യം പരിഗണി’ച്ചുകൊണ്ടും യോഗങ്ങളെ കെട്ടുപണിചെയ്യുന്നതാക്കുന്നതിൽ പങ്കുണ്ട്.
നന്നായി തയ്യാറാകുക
8. (എ) യോഗങ്ങളിൽ സംബന്ധിക്കാൻ ചിലർ എന്തു പ്രശംസനീയ ത്യാഗങ്ങൾ ചെയ്യുന്നു? (ബി) ഇടയനെന്ന നിലയിൽ യഹോവ എന്തു മാതൃക വെക്കുന്നു?
8 ക്രിസ്തീയ കൂടിവരവുകളിൽ സംബന്ധിക്കുന്നത് ചിലർക്കു താരതമ്യേന എളുപ്പമാണെങ്കിലും, മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം അതു നിരന്തരം ത്യാഗം ആവശ്യമായിവരുന്ന ഒരു സംഗതിയാണ്. ഉദാഹരണത്തിന്, കുടുംബത്തിന്റെ അത്യാവശ്യ ചെലവുകൾക്കായി ലൗകിക ജോലി ചെയ്യേണ്ടിവരുന്ന ഒരു ക്രിസ്തീയ മാതാവ് ജോലി കഴിഞ്ഞ് വീട്ടിലെത്തുന്നതു ക്ഷീണിച്ചവശയായിട്ടാണ്. പിന്നെ ഭക്ഷണമുണ്ടാക്കലും യോഗത്തിനായി കുട്ടികളെ ഒരുക്കലുമെല്ലാം അവർതന്നെ ചെയ്യണം. ഇനി മറ്റു ക്രിസ്ത്യാനികൾ, യോഗസ്ഥലത്ത് എത്താൻ ദീർഘദൂരം യാത്രചെയ്യേണ്ടവരോ രോഗത്താലോ വാർധക്യത്താലോ ബുദ്ധിമുട്ടുന്നവരോ ആയിരിക്കാം. തീർച്ചയായും, സ്നേഹവാനായ ഒരു ഇടയൻ തന്റെ ആട്ടിൻകൂട്ടത്തിലെ ഓരോന്നിന്റെയും ആവശ്യങ്ങൾ അറിയുന്നതുപോലെ, യോഗത്തിനു ഹാജരാകുന്ന ഓരോ വിശ്വസ്ത വ്യക്തിയുടെയും സ്ഥിതിവിശേഷം യഹോവയാം ദൈവം മനസ്സിലാക്കുന്നു. ബൈബിൾ പ്രസ്താവിക്കുന്നു: “ഒരു ഇടയനെപ്പോലെ [യഹോവ] തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കയും കുഞ്ഞാടുകളെ ഭുജത്തിൽ എടുത്തു മാർവ്വിടത്തിൽ ചേർത്തു വഹിക്കയും തള്ളകളെ പതുക്കെ നടത്തുകയും ചെയ്യും.”—യെശയ്യാവു 40:11.
9, 10. യോഗങ്ങളിൽനിന്ന് നമുക്കെങ്ങനെ പരമാവധി പ്രയോജനം നേടാനാകും?
9 യോഗങ്ങളിൽ ക്രമമായി സംബന്ധിക്കുന്നതിനു വലിയ ത്യാഗങ്ങൾ ചെയ്യേണ്ടിവരുന്നവർക്ക് അവിടെ പരിചിന്തിക്കപ്പെടുന്ന വിവരങ്ങൾക്കായി തയ്യാറാകാൻ വേണ്ടത്ര സമയം ലഭിക്കുന്നില്ലായിരിക്കും. പ്രതിവാര ബൈബിൾ വായന ക്രമമായി നടത്തുന്നത് ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ സംബന്ധിക്കുന്നതിനെ കൂടുതൽ പ്രതിഫലദായകമാക്കുന്നു. സമാനമായി, വീക്ഷാഗോപുര അധ്യയനം, സഭാപുസ്തകാധ്യയനം എന്നിവപോലുള്ള മറ്റു യോഗങ്ങൾക്കുവേണ്ടി നേരത്തേതന്നെ തയ്യാറാകുന്നത് അവയെ കൂടുതൽ പ്രയോജനപ്രദമാക്കുന്നു. അധ്യയനലേഖനം മുന്നമേ വായിക്കുകയും പരാമർശിച്ചിരിക്കുന്ന ചില ബൈബിൾ വാക്യങ്ങളെങ്കിലും പരിചിന്തിക്കുകയും ചെയ്യുന്നെങ്കിൽ, പല കുടുംബ ഉത്തരവാദിത്വങ്ങളുമായി തിരക്കിലായിരിക്കുന്നവരും ഈ പ്രധാനപ്പെട്ട ബൈബിൾ ചർച്ചകളിൽ അർഥവത്തായി പങ്കെടുക്കാൻ കൂടുതൽ ചായ്വുള്ളവരായിരിക്കും.
10 അനുകൂല സാഹചര്യമുള്ളവർക്ക് യോഗങ്ങൾക്കായി തയ്യാറാകുന്നതിൽ കൂടുതൽ സമയം ചെലവഴിക്കാനാകും. ഉദാഹരണത്തിന്, ഉദ്ധരിച്ചിട്ടില്ലെങ്കിലും പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകളെക്കുറിച്ചു ഗവേഷണം ചെയ്യാനാകും. അങ്ങനെ യോഗങ്ങളിൽനിന്നു പരമാവധി പ്രയോജനം നേടാനും തങ്ങളുടെ പ്രസംഗങ്ങളാലും അഭിപ്രായങ്ങളാലും സഭയെ കെട്ടുപണിചെയ്യുന്നതിൽ ഒരു നല്ല പങ്കുണ്ടായിരിക്കാനും എല്ലാവർക്കും തയ്യാറായിവരാനാകും. നന്നായി തയ്യാറായിക്കൊണ്ട് മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും ഹ്രസ്വവും സംക്ഷിപ്തവുമായ ഉത്തരങ്ങൾ നൽകുന്നതിൽ നല്ല മാതൃക വെക്കും. യഹോവയുടെ കരുതലുകളോടുള്ള ആദരവുനിമിത്തം, സന്നിഹിതരായിരിക്കുന്നവർ യോഗം നടന്നുകൊണ്ടിരിക്കുമ്പോൾ മറ്റുള്ളവർക്കു ശ്രദ്ധാശൈഥില്യമുണ്ടാക്കുന്ന ഏതു നടപടികളും ഒഴിവാക്കും.—1 പത്രൊസ് 5:3.
11. യോഗങ്ങൾക്കു തയ്യാറാകുന്നതിന് ആത്മശിക്ഷണം ആവശ്യമായിരിക്കുന്നതെന്തുകൊണ്ട്?
11 നമ്മുടെ ആത്മീയ ആരോഗ്യത്തിനു മർമപ്രധാനമല്ലാത്ത പ്രവർത്തനങ്ങളും വിനോദങ്ങളും നമ്മുടെ സമയത്തിന്റെ നല്ലൊരു പങ്ക് അപഹരിക്കുന്നുണ്ടാകാം. എങ്കിൽ, നമ്മെത്തന്നെ പരിശോധിക്കുകയും സമയം ഉപയോഗിക്കുന്നതിനോടുള്ള ബന്ധത്തിൽ “ന്യായബോധമില്ലാതായിത്തീരുന്നത് നിറുത്തുക”യും ചെയ്യേണ്ടതുണ്ട്. (എഫെസ്യർ 5:17, NW) വ്യക്തിപരമായ ബൈബിൾപഠനത്തിനും യോഗങ്ങൾക്കായുള്ള തയ്യാറാകലിനും രാജ്യസേവനത്തിനും സമയം ലഭിക്കാൻ, പ്രാധാന്യം കുറഞ്ഞ സംഗതികളിൽനിന്നു ‘സമയം വിലയ്ക്കു വാങ്ങാൻ’ നാം ലക്ഷ്യംവെക്കണം. (എഫെസ്യർ 5:16) ഇത് എല്ലായ്പോഴും എളുപ്പമല്ലെന്നും ഇതിന് ആത്മശിക്ഷണം ആവശ്യമാണെന്നും സമ്മതിക്കുന്നു. ഇതിൽ ശ്രദ്ധിക്കുന്ന യുവജനങ്ങൾ ഭാവി പുരോഗതിക്കു നല്ല അടിസ്ഥാനമിടുകയാണ്. പൗലൊസ് തന്റെ യുവസഹകാരിയായ തിമൊഥെയൊസിന് എഴുതി: “നിന്റെ അഭിവൃദ്ധി എല്ലാവർക്കും പ്രസിദ്ധമായിത്തീരേണ്ടതിന്നു ഇതു [തിമൊഥെയൊസിനുള്ള പൗലൊസിന്റെ ബുദ്ധ്യുപദേശം] കരുതുക, ഇതിൽ തന്നേ ഇരുന്നുകൊൾക.”—1 തിമൊഥെയൊസ് 4:15.
ദൈവവചനത്തിൽനിന്നുള്ള മാതൃകകൾ
12. ശമൂവേലിന്റെ കുടുംബം എന്തു മുന്തിയ മാതൃക വെച്ചു?
12 ശമൂവേലിന്റെ കുടുംബം വെച്ച നല്ല മാതൃക പരിചിന്തിക്കുക. ദൈവത്തിന്റെ സമാഗമനകൂടാരം ശീലോവിൽ സ്ഥാപിതമായിരുന്നപ്പോൾ സഹാരാധകരോടൊപ്പം കൂടിവരുന്നതിനുള്ള ക്രമീകരണങ്ങളിൽ അവന്റെ കുടുംബം ക്രമമായി പങ്കെടുത്തിരുന്നു. ഉത്സവാഘോഷങ്ങൾക്കായി പുരുഷന്മാർമാത്രമേ വാർഷിക സന്ദർശനങ്ങൾ നടത്തേണ്ടിയിരുന്നുള്ളൂ. എന്നാൽ ശമൂവേലിന്റെ പിതാവായ എല്ക്കാന ‘ശീലോവിൽ സൈന്യങ്ങളുടെ യഹോവയെ നമസ്കരിപ്പാനും അവന്നു യാഗം കഴിപ്പാനും തന്റെ പട്ടണത്തിൽനിന്നു ആണ്ടുതോറും ശീലോവിലേക്കു പതിവായി പോകുന്ന’ വേളകളിൽ അവൻ മുഴുകുടുംബത്തെയും കൊണ്ടുപോകുമായിരുന്നു. (1 ശമൂവേൽ 1:3-5) “എഫ്രയീംമലനാട്ടി”ലെ അടിവാരപ്രദേശത്തെ—ആധുനികനാളിലെ റെൻറിസ്തീരപ്രദേശത്തെ—തീരത്തിനടുത്തായിരിക്കാം ശമൂവേലിന്റെ ജന്മനാടായ രാമാഥയീം-സോഫീം സ്ഥിതിചെയ്തിരുന്നത്. (1 ശമൂവേൽ 1:1) അങ്ങനെ ശീലോവിലേക്കുള്ള യാത്രയിൽ അവർ ഏതാണ്ട് 30 കിലോമീറ്റർ താണ്ടിയിരുന്നിരിക്കാം. ആ നാളുകളിൽ അത്തരമൊരു യാത്ര ക്ലേശകരംതന്നെയായിരുന്നു. എന്നാൽ അതാണ് എല്ക്കാനയുടെ കുടുംബം “യഹോവയുടെ ആലയത്തിലേക്കു പോകുന്ന സമയത്തൊക്കെയും ആണ്ടുതോറും” വിശ്വസ്തതയോടെ ചെയ്തിരുന്നത്.—1 ശമൂവേൽ 1:7.
13. യേശു ഭൂമിയിലായിരുന്ന സമയത്ത് വിശ്വസ്ത യഹൂദർ ഏതു മാതൃക വെച്ചു?
13 യേശുവും ഒരു വലിയ കുടുംബത്തിലെ അംഗമായാണ് വളർന്നത്. ആണ്ടുതോറും ആ കുടുംബം യെരൂശലേമിലെ പെസഹാ ഉത്സവത്തിൽ സംബന്ധിക്കാൻ നസറെത്തിൽനിന്ന് ഏതാണ്ട് 100 കിലോമീറ്റർ തെക്കോട്ട് യാത്രചെയ്തിരുന്നു. അതിന് അവർക്കു രണ്ടു വഴികൾ ഉണ്ടായിരുന്നിരിക്കാം. നേരിട്ടുള്ള വഴിയിൽ മെഗിദോ താഴ്വരയിലേക്കുള്ള ഒരു ഇറക്കവും ശമര്യ പ്രദേശത്തേക്കും പിന്നെ യെരൂശലേമിലേക്കുമായി ഏതാണ്ട് 2,000 അടി വരുന്ന ഒരു കയറ്റവും ഉണ്ടായിരുന്നു. പൊ.യു. 33-ൽ യേശു യെരൂശലേമിലേക്ക് തന്റെ അവസാന യാത്ര നടത്താൻ തിരഞ്ഞെടുത്ത വഴിയാണ് മറ്റേ വഴി. ഇതായിരുന്നു ആളുകൾ സാധാരണ തിരഞ്ഞെടുത്തിരുന്നത്. യോർദാൻ താഴ്വരയിലൂടെ സമുദ്രനിരപ്പിലും താഴേക്ക് “യോർദ്ദാന്നക്കരെ യെഹൂദ്യദേശത്തിന്റെ അതിരോളം” നടക്കുന്നത് ഇതിലുൾപ്പെട്ടിരുന്നു. (മർക്കൊസ് 10:1) ഈ സ്ഥാനംമുതൽ, ‘യെരൂശലേമിലേക്കുള്ള യാത്ര’യിൽ ഏതാണ്ട് 30 കിലോമീറ്റർ ദൂരമുണ്ട്, അതിൽ 3,700 അടിയിൽ കൂടുതൽവരുന്ന ഒരു കയറ്റവുമുണ്ട്. (മർക്കൊസ് 10:32) ഉത്സവാഘോഷകരുടെ വിശ്വസ്ത കൂട്ടങ്ങൾ ഗലീലയിൽനിന്നു യെരൂശലേമിലേക്കുള്ള ശ്രമകരമായ യാത്ര ക്രമമായി നടത്തിയിരുന്നു. (ലൂക്കൊസ് 2:44) ആധുനിക യാത്രാസൗകര്യങ്ങൾനിമിത്തം, കാര്യമായി ബുദ്ധിമുട്ടില്ലാതെ ക്രിസ്തീയ സമ്മേളനങ്ങളിൽ സംബന്ധിക്കാൻ മിക്കവർക്കും സാധിക്കുന്ന ഇന്നത്തെ സമ്പന്ന രാജ്യങ്ങളിലുള്ള യഹോവയുടെ ദാസന്മാർക്ക് ഇത് എത്ര നല്ല മാതൃക!
14, 15. (എ) ഹന്നാ എന്തു മാതൃക വെച്ചു? (ബി) യോഗങ്ങൾക്കു ഹാജരാകുന്ന ചില പുതിയവർ പ്രകടമാക്കുന്ന നല്ല മനോഭാവത്തിൽനിന്നു നമുക്കെന്തു പഠിക്കാൻ കഴിയും?
14 മറ്റൊരു മാതൃക 84-കാരിയായ ഹന്നാ എന്ന വിധവയുടേതാണ്. അവൾ ഒരിക്കലും ‘ദൈവാലയം വിട്ടുപിരിഞ്ഞിരുന്നി’ല്ലെന്ന് ബൈബിൾ പ്രസ്താവിക്കുന്നു. (ലൂക്കൊസ് 2:37) കൂടാതെ, അവൾ മറ്റുള്ളവരിൽ സ്നേഹപുരസ്സരമായ താത്പര്യം പ്രകടമാക്കുകയും ചെയ്തിരുന്നു. യേശുവിനെ കണ്ട് അവൻ വാഗ്ദത്ത മിശിഹായാണെന്നു മനസ്സിലാക്കിയപ്പോൾ അവൾ എന്തു ചെയ്തു? അവൾ ദൈവത്തിനു നന്ദിപറഞ്ഞുകൊണ്ട് “യെരൂശലേമിന്റെ വീണ്ടെടുപ്പിനെ കാത്തിരുന്ന എല്ലാവരോടും അവനെക്കുറിച്ചു പ്രസ്താവി”ക്കാൻ തുടങ്ങി. (ലൂക്കൊസ് 2:38) ഇത് ഇന്നത്തെ ക്രിസ്ത്യാനികൾക്ക് എത്ര നല്ല മനോഭാവവും മാതൃകയുമാണ്!
15 അതേ, നമ്മുടെ യോഗങ്ങളിൽ സംബന്ധിക്കുന്നതും പങ്കുപറ്റുന്നതും ഹന്നായെപ്പോലെ നമുക്കും ആനന്ദമായിരിക്കണം, മുടക്കംവരുത്താൻ നാമൊരിക്കലും ആഗ്രഹിക്കരുത്. നിശ്ചയമായും പുതിയവർക്ക് അതേ വിലമതിപ്പാണുള്ളത്. അന്ധകാരത്തിൽനിന്നു ദൈവത്തിന്റെ അത്ഭുത പ്രകാശത്തിലേക്ക് വന്നെത്തിയ അവർ തങ്ങളാലാവുന്നതെല്ലാം പഠിക്കാനാഗ്രഹിക്കുന്നു. അനേകരും ക്രിസ്തീയ യോഗങ്ങൾക്ക് വലിയ ഉത്സാഹം പ്രകടമാക്കുന്നു. അതേസമയം, ദീർഘനാളായി സത്യത്തിലുള്ളവർ തങ്ങളുടെ ‘ആദ്യസ്നേഹം വിട്ടുകളയു’ന്നതിനെതിരെ ജാഗരിക്കണം. (വെളിപ്പാടു 2:4) ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോ ഒരു വ്യക്തിയുടെ നിയന്ത്രണത്തിനപ്പുറമുള്ള മറ്റു സംഗതികളോ ചിലപ്പോൾ ഒരാളുടെ യോഗഹാജരിനെ പരിമിതപ്പെടുത്തിയേക്കാം. എന്നാൽ തയ്യാറാകാതെ വരിക, തണുപ്പൻ മനോഭാവം പ്രകടിപ്പിക്കുക, ഇടയ്ക്കിടെ യോഗങ്ങൾ മുടക്കുക എന്നിവക്കിടയാക്കാൻ നാം ഭൗതികത്വചിന്തയെയോ വിനോദത്തെയോ താത്പര്യക്കുറവിനെയോ ഒരിക്കലും അനുവദിക്കരുത്.—ലൂക്കൊസ് 8:14.
ഏറ്റവും നല്ല മാതൃക
16, 17. (എ) ആത്മീയ കൂടിവരവുകളോടുള്ള യേശുവിന്റെ മനോഭാവമെന്തായിരുന്നു? (ബി) എല്ലാ ക്രിസ്ത്യാനികളും ഏതു നല്ല പതിവ് പിൻപറ്റാൻ ശ്രമിക്കണം?
16 ആത്മീയ കൂടിവരവുകളോടു വിലമതിപ്പു പ്രകടിപ്പിക്കുന്നതിൽ യേശു മുന്തിയ മാതൃക വെച്ചു. 12 വയസ്സുള്ളപ്പോൾ, യെരൂശലേമിലെ ദൈവാലയത്തോടുള്ള തന്റെ സ്നേഹം അവൻ പ്രകടമാക്കി. കൈവിട്ടുപോയ മകനെ മാതാപിതാക്കൾ അവസാനം ആലയത്തിലാണ് കണ്ടെത്തിയത്. അവിടെ അവൻ ഉപദേഷ്ടാക്കളുമൊത്ത് ദൈവവചനം ചർച്ചചെയ്യുകയായിരുന്നു. ഉത്കണ്ഠാകുലരായ മാതാപിതാക്കളോട് യേശു ആദരവോടെ ചോദിച്ചു: “ഞാൻ എന്റെ പിതാവിന്റെ ഭവനത്തിലായിരിക്കണമെന്നു നിങ്ങൾക്കറിയില്ലേ?” (ലൂക്കൊസ് 2:49, NW) ബാലനായ യേശു കീഴ്പെടൽ പ്രകടമാക്കി മാതാപിതാക്കളോടുകൂടെ നസറെത്തിലേക്കു മടങ്ങി. അവിടെ അവൻ സിനഗോഗുകളിൽ ക്രമമായി സംബന്ധിച്ചുകൊണ്ട് ആരാധനാ യോഗങ്ങളോടുള്ള തന്റെ പ്രിയം പ്രകടമാക്കുന്നതിൽ തുടർന്നു. അങ്ങനെ, അവൻ തന്റെ ശുശ്രൂഷ ആരംഭിച്ചപ്പോൾ “അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേററുനിന്നു” എന്നു ബൈബിൾ റിപ്പോർട്ടുചെയ്യുന്നു. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) യെശയ്യാവു 61:1, 2 വായിച്ച് യേശു അതു വിശദമാക്കിയപ്പോൾ, സദസ്യർ “അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യവാക്കുകൾനിമിത്തം ആശ്ചര്യ”പ്പെട്ടു തുടങ്ങി.—ലൂക്കൊസ് 4:16, 22.
17 ഇന്നത്തെ ക്രിസ്തീയ യോഗങ്ങൾ ഈ അടിസ്ഥാന രീതി പിൻപറ്റുന്നു. ഒരു സ്തുതിഗീതം ആലപിച്ച് പ്രാർഥനയോടെ യോഗം ആരംഭിച്ചിട്ട് ബൈബിളിൽനിന്നുള്ള വാക്യങ്ങൾ (അല്ലെങ്കിൽ ബൈബിളധ്യയന ഭാഗത്ത് ഉദ്ധരിച്ചിരിക്കുന്ന വാക്യങ്ങൾ) വായിച്ച് വിശദീകരിക്കുന്നു. സത്യക്രിസ്ത്യാനികൾക്ക് യേശുക്രിസ്തുവിന്റെ നല്ല പതിവ് അനുകരിക്കാനുള്ള കടപ്പാടുണ്ട്. അവരുടെ സാഹചര്യം അനുവദിക്കുന്നിടത്തോളം, ക്രിസ്തീയ യോഗങ്ങളിൽ ക്രമമായി സംബന്ധിക്കുന്നതിൽ അവർ ആനന്ദം കണ്ടെത്തുന്നു.
ആധുനിക നാളിലെ മാതൃകകൾ
18, 19. അധികം സമ്പത്സമൃദ്ധമല്ലാത്ത രാജ്യങ്ങളിൽ യോഗങ്ങൾ, സമ്മേളനങ്ങൾ, കൺവെൻഷനുകൾ എന്നിവയുടെ കാര്യത്തിൽ സഹോദരങ്ങൾ ഏതു ശ്രേഷ്ഠമായ മാതൃകകൾ വെച്ചിരിക്കുന്നു?
18 അത്ര സമ്പത്സമൃദ്ധമല്ലാത്ത രാജ്യങ്ങളിൽ, നമ്മുടെ അനേകം സഹോദരീസഹോദരന്മാർ ക്രിസ്തീയ കൂടിവരവുകളോടുള്ള വിലമതിപ്പിന്റെ നല്ല മാതൃക വെക്കുന്നുണ്ട്. മൊസാമ്പിക്കിൽ, ഒരു ഡിസ്ട്രിക്റ്റ് മേൽവിചാരകനായ ഓർലാണ്ടുവും ഭാര്യ ആമല്യയും ഒരു സമ്മേളനത്തിൽ സേവിക്കാൻ പോയത് ഉയരംകൂടിയ ഒരു മലയിലൂടെ 45 മണിക്കൂർകൊണ്ട് 90 കിലോമീറ്ററോളം നടന്നാണ്. അവർ അടുത്ത സമ്മേളനത്തിൽ സേവിക്കാൻ പോയതും അത്രയും ദൂരം മടക്കയാത്ര ചെയ്തിട്ടുതന്നെ. ഓർലാണ്ടു താഴ്മയോടെ റിപ്പോർട്ടുചെയ്തു: “ബാവാ സഭയിൽനിന്നുള്ള സഹോദരങ്ങളോടുള്ള താരതമ്യത്തിൽ ഞങ്ങൾ ചെയ്തത് ഒന്നുമല്ലെന്ന തോന്നലായിരുന്നു ഞങ്ങൾക്ക്. സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങുകയെന്നാൽ അവർ ആറുദിവസംകൊണ്ട് ഏതാണ്ട് 400 കിലോമീറ്റർ ദൂരം നടക്കണമെന്നർഥം. അതിലൊരു സഹോദരൻ 60 വയസ്സുകാരനായിരുന്നു!”
19 പ്രതിവാര സഭായോഗങ്ങളോടുള്ള വിലമതിപ്പിന്റെ കാര്യമോ? നമീബിയയിൽ കഷ്വഷ്വ ഞമ്പ എന്നു പേരായ 70-നുമേൽ പ്രായമുള്ള ഒരു ദുർബലയായ സഹോദരിയുടെ കാര്യമെടുക്കാം. റുണ്ടുവിലുള്ള രാജ്യഹാളിൽനിന്ന് ഏതാണ്ട് അഞ്ചു കിലോമീറ്റർ അകലെയുള്ള ഒരു കൊച്ചുഗ്രാമമായ കീസോസോസിയിലാണ് അവരുടെ താമസം. കുറ്റിക്കാട്ടിലൂടെ അങ്ങോട്ടുമിങ്ങോട്ടും 10 കിലോമീറ്റർ നടന്നാണ് അവർ യോഗങ്ങൾക്കു വരുന്നത്. ഈ വഴിയിൽ മറ്റുള്ളവരുടെ വസ്തുക്കൾ പിടിച്ചുപറിക്കപ്പെട്ടിട്ടുണ്ടെങ്കിലും, കഷ്വഷ്വ യോഗങ്ങൾ മുടക്കാറില്ല. യോഗപരിപാടികൾ മിക്കതും അവർക്കു മനസ്സിലാകാത്ത ഭാഷകളിലാണ്. അപ്പോൾ അവർ സംബന്ധിക്കുന്നതുകൊണ്ടെന്തു പ്രയോജനം? “തിരുവെഴുത്തുകൾ പിൻപറ്റിക്കൊണ്ട് ഞാൻ പ്രസംഗം ഏറെക്കുറെ മനസ്സിലാക്കിയെടുക്കുന്നു” എന്ന് കഷ്വഷ്വ പറയുന്നു. എഴുത്തും വായനയും അറിയാത്ത അവരെങ്ങനെ തിരുവെഴുത്തുകൾ പിൻപറ്റും? അവർ മറുപടി പറയുന്നു: “എനിക്കു മനപ്പാഠം അറിയാവുന്ന തിരുവെഴുത്തുകൾക്കായി ഞാൻ ശ്രദ്ധിച്ചിരിക്കും.” വർഷങ്ങളായി അവർ ഏറെ തിരുവെഴുത്തുകൾ മനപ്പാഠമാക്കിയിട്ടുണ്ട്. ബൈബിൾ മെച്ചമായി ഉപയോഗിക്കുന്നതിനുള്ള പ്രാപ്തിക്കായി അവർ സഭയുടെ സാക്ഷരതാ ക്ലാസ്സിൽ സംബന്ധിക്കുന്നു. “യോഗങ്ങളിൽ സംബന്ധിക്കാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു. എന്നും പുതിയതെന്തെങ്കിലും പഠിക്കാനുണ്ടാകും. സഹോദരീസഹോദരന്മാരോടു സഹവസിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു,” അവർ പറയുന്നു. “എനിക്ക് അവരോടെല്ലാം സംസാരിക്കാൻ സാധിക്കില്ലെങ്കിലും, എല്ലായ്പോഴും അവർ വന്ന് എന്നോടു കുശലം പറയുന്നു. ഏറ്റവും പ്രധാനമായി, യോഗങ്ങൾക്കു സംബന്ധിക്കുന്നതുവഴി ഞാൻ യഹോവയുടെ ഹൃദയത്തെ ആനന്ദിപ്പിക്കുകയാണെന്ന് എനിക്കറിയാം.”
20. നാം നമ്മുടെ ക്രിസ്തീയ യോഗങ്ങൾ ഉപേക്ഷിക്കരുതാത്തതെന്തുകൊണ്ട്?
20 കഷ്വഷ്വയെപ്പോലെ, ഭൂമിയിലുടനീളം ദശലക്ഷക്കണക്കിനു യഹോവയുടെ ആരാധകർ ക്രിസ്തീയ യോഗങ്ങളോട് പ്രശംസാർഹമായ വിലമതിപ്പു പ്രകടമാക്കുന്നു. സാത്താന്റെ ലോകം നാശത്തിലേക്കു നീങ്ങുമ്പോൾ, നമുക്കു നമ്മുടെ കൂടിവരവുകൾ ഉപേക്ഷിക്കാനാവില്ല. മറിച്ച്, നമുക്ക് ആത്മീയമായി ഉണർവോടെ നിലകൊള്ളുകയും യോഗങ്ങൾ, സമ്മേളനങ്ങൾ, കൺവെൻഷനുകൾ എന്നിവയോട് ആഴമായ വിലമതിപ്പു പ്രകടമാക്കുകയും ചെയ്യാം. നിത്യജീവനിലേക്കു നയിക്കുന്ന ദിവ്യബോധനത്തിൽ നാം പങ്കുപറ്റുമ്പോൾ, അതു യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുകമാത്രമല്ല നമുക്കു സമൃദ്ധമായ പ്രയോജനം കൈവരുത്തുകയും ചെയ്യും.—സദൃശവാക്യങ്ങൾ 27:11; യെശയ്യാവു 48:17, 18; മർക്കൊസ് 13:35-37.
പുനരവലോകന ചോദ്യങ്ങൾ
□ ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിക്കുന്നത് ഒരു പദവിയായിരിക്കുന്നതെന്തുകൊണ്ട്?
□ സംബന്ധിക്കുന്ന എല്ലാവർക്കും യോഗം കെട്ടുപണിചെയ്യുന്നതാക്കുന്നതിൽ ഒരു പങ്കുണ്ടായിരിക്കാൻ കഴിയുന്നതെങ്ങനെ?
□ യേശുക്രിസ്തു എന്തു മുന്തിയ മാതൃക വെച്ചു?
□ അത്ര സമ്പത്സമൃദ്ധമല്ലാത്ത രാജ്യങ്ങളിലെ സഹോദരങ്ങളിൽനിന്ന് എന്തു പാഠം പഠിക്കാവുന്നതാണ്?
[17-ാം പേജിലെ ചതുരം]
അവർ പ്രതിവാരയോഗങ്ങളെ വിലമതിക്കുന്നു
ദശലക്ഷക്കണക്കിനാളുകൾ ദാരിദ്ര്യത്താലും കുറ്റകൃത്യങ്ങളാലും ബുദ്ധിമുട്ടുന്ന നഗരങ്ങളിൽ ജീവിക്കുന്നു. അത്തരം സാഹചര്യങ്ങൾ ഗണ്യമാക്കാതെ അവർക്കിടയിലെ സത്യക്രിസ്ത്യാനികൾ ക്രിസ്തീയ കൂടിവരവുകളോടു പ്രശംസനീയമായ വിലമതിപ്പു പ്രകടമാക്കുന്നു. ദക്ഷിണാഫ്രിക്കയിൽ, കൗറ്റങ്ങിലെ സൊവെറ്റോ സഭകളിലൊന്നിൽ സേവിക്കുന്ന ഒരു മൂപ്പൻ റിപ്പോർട്ടുചെയ്യുന്നു: “60 സാക്ഷികളും സ്നാപനമേൽക്കാത്ത പ്രസാധകരുമുള്ള ഞങ്ങളുടെ സഭയിലെ യോഗഹാജർ 70-നും 80-നും ഇടയ്ക്കാണ്, ചിലപ്പോൾ അതിൽ കൂടുതലും. സഹോദരീസഹോദരന്മാർക്ക് ദീർഘദൂരം യാത്രചെയ്യേണ്ടതില്ലെങ്കിലും, സൊവെറ്റോയുടെ ഈ ഭാഗത്ത് സ്ഥിതിവിശേഷം ദുസ്സഹമാണ്. യോഗത്തിൽ സംബന്ധിക്കാനായി നടന്നു വരുമ്പോൾ ഒരു സഹോദരനു പിന്നിൽനിന്നു കുത്തേറ്റു. രണ്ടു സഹോദരിമാരുടെ നേർക്കെങ്കിലും പിടിച്ചുപറി ശ്രമമുണ്ടായി. എന്നാൽ യോഗങ്ങൾക്കു വരാൻ അവർക്കിതൊന്നും തടസ്സമാകുന്നില്ല. ഞായറാഴ്ചകളിൽ യോഗത്തിന്റെ സമാപന പ്രാർഥനയ്ക്കുശേഷം ഞങ്ങൾക്കൊരു ഹ്രസ്വമായ പാട്ടുപരിശീലനമുണ്ട്. ചുരുങ്ങിയത് 95 ശതമാനംപേരും അതിൽ ക്രമമായി പങ്കെടുത്ത് അടുത്ത വാരത്തിലെ യോഗങ്ങളിൽ ഉപയോഗിക്കാനുള്ള പാട്ടുകളെല്ലാം പരിശീലിക്കുന്നു. ഇതു പുതുതാത്പര്യക്കാരെ പാട്ടു പഠിച്ച് ഒപ്പം പാടാൻ സഹായിക്കുന്നു.”
ഗ്രാമീണർക്ക് ആഴ്ചയിൽ മൂന്നു യോഗങ്ങളിൽ സംബന്ധിക്കുന്നതിനു ദീർഘദൂരം യാത്രചെയ്യേണ്ടതുപോലുള്ള ബുദ്ധിമുട്ടുകളുണ്ട്. ബോട്സ്വാനയിലെ ലോബാറ്റ്സിയിലുള്ള രാജ്യഹാളിൽനിന്നു 15 കിലോമീറ്റർ അകലെയാണ് താത്പര്യക്കാരായ ഒരു ദമ്പതികളുടെ താമസം. കഴിഞ്ഞ വർഷം, രണ്ടു കുട്ടികളോടൊപ്പം അവർ ക്രമമായി യോഗങ്ങൾക്കു വന്നിരിക്കുന്നു. ഭർത്താവ് ചെരുപ്പുകൾ നന്നാക്കി കുടുംബം പോറ്റുന്നു. യോഗങ്ങൾക്കു പോയിവരുന്നതിനുള്ള യാത്രാച്ചെലവിനായി ഭാര്യ ചെറിയതോതിലുള്ള ഒരു കച്ചവടം നടത്തുന്നു.
അടുത്തകാലത്തെ ഒരു വേനൽക്കാല സായാഹ്നത്തിൽ, ഈ കുടുംബം സർക്കിട്ട് മേൽവിചാരകനുമൊത്തുള്ള ഒരു യോഗത്തിൽ സംബന്ധിച്ചു മടങ്ങവേ, രാത്രി 9 മണിക്ക് ഒരു ബസ് സ്റ്റോപ്പിൽ കുടുങ്ങിപ്പോയി. മോശമായ കാലാവസ്ഥയെത്തുടർന്ന് ബസ്സുകൾ നേരത്തേ ഓട്ടം നിറുത്തിയിരുന്നു. അതുവഴിവന്ന ഒരു പൊലീസ് ഓഫീസർ വാൻ നിറുത്തി അവരോട് കാര്യം തിരക്കി. അവരുടെ ദയനീയാവസ്ഥയെക്കുറിച്ചു മനസ്സിലാക്കിയ അദ്ദേഹത്തിന്റെ മനസ്സലിഞ്ഞു. അയാൾ 15 കിലോമീറ്റർ വണ്ടിയോടിച്ച് അവരെ വീട്ടിലെത്തിച്ചു. സ്നാപനമേൽക്കാത്ത പ്രസാധികയായ ഭാര്യ ഭർത്താവിനോടു പറഞ്ഞു: “നോക്കൂ, നാം യോഗങ്ങൾക്ക് ഒന്നാം സ്ഥാനം കൊടുക്കുന്നെങ്കിൽ, യഹോവ എല്ലായ്പോഴും കരുതുന്നു.” സുവാർത്തയുടെ ഒരു പ്രസംഗകനായിത്തീരാനുള്ള ആഗ്രഹം ഇപ്പോൾ ഭർത്താവും പ്രകടിപ്പിച്ചിരിക്കുന്നു.
[18-ാം പേജിലെ ചിത്രം]
റൊമേനിയയിലേതുപോലുള്ള സാക്ഷികൾ ക്രിസ്തീയ കൂടിവരവുകളോടുള്ള വിലമതിപ്പിന്റെ നല്ല മാതൃകകൾ വെക്കുന്നു