സംഖ്യ
14 അപ്പോൾ സമൂഹം മുഴുവൻ പൊട്ടിക്കരഞ്ഞു; ജനം രാത്രി മുഴുവൻ കരയുകയും വിലപിക്കുകയും ചെയ്തു.+ 2 ഇസ്രായേല്യരെല്ലാം മോശയ്ക്കും അഹരോനും എതിരെ പിറുപിറുത്തു.+ സമൂഹം അവർക്കെതിരെ തിരിഞ്ഞ് ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ ഈജിപ്ത് ദേശത്തുവെച്ച് മരിച്ചിരുന്നെങ്കിൽ, അല്ലെങ്കിൽ ഈ മരുഭൂമിയിൽ* മരിച്ചുവീണിരുന്നെങ്കിൽ എത്ര നന്നായിരുന്നു! 3 യഹോവ എന്തിനാണു ഞങ്ങളെ ഈ ദേശത്തേക്കു കൊണ്ടുവന്നത്, വാളാൽ വീഴാനോ?+ ഞങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളും കൊള്ളയായിപ്പോകും.+ ഇതിലും ഭേദം ഈജിപ്തിലേക്കു തിരിച്ചുപോകുന്നതല്ലേ?”+ 4 അവർ തമ്മിൽത്തമ്മിൽ ഇങ്ങനെപോലും പറഞ്ഞു: “വരൂ, നമുക്ക് ഒരു നേതാവിനെ നിയമിച്ച് ഈജിപ്തിലേക്കു മടങ്ങിപ്പോകാം.”+
5 അപ്പോൾ, കൂടിവന്ന ഇസ്രായേൽ സഭയുടെ മുമ്പാകെ മോശയും അഹരോനും കമിഴ്ന്നുവീണു. 6 ദേശം ഒറ്റുനോക്കിയവരുടെ കൂട്ടത്തിലുണ്ടായിരുന്ന, നൂന്റെ മകനായ യോശുവയും+ യഫുന്നയുടെ മകനായ കാലേബും+ തങ്ങളുടെ വസ്ത്രം കീറി 7 ഇസ്രായേല്യരുടെ സമൂഹത്തോടു മുഴുവൻ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ പോയി ഒറ്റുനോക്കിയ ദേശം വളരെവളരെ നല്ലതാണ്.+ 8 ദൈവമായ യഹോവ നമ്മളിൽ പ്രസാദിക്കുന്നെങ്കിൽ, പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു+ ദൈവം ഉറപ്പായും നമ്മളെ കൊണ്ടുപോകുകയും അതു നമുക്കു തരുകയും ചെയ്യും. 9 എന്നാൽ നിങ്ങൾ യഹോവയെ ധിക്കരിക്കുക മാത്രം ചെയ്യരുത്; ആ ദേശത്തെ ജനങ്ങളെ പേടിക്കുകയുമരുത്.+ അവർ നമുക്കിരയായിത്തീരും.* അവരുടെ സംരക്ഷണം പൊയ്പോയി. പക്ഷേ യഹോവ നമ്മുടെകൂടെയുണ്ട്.+ അവരെ പേടിക്കരുത്.”
10 എന്നാൽ അവരെ കല്ലെറിയണമെന്നു സമൂഹം മുഴുവൻ പരസ്പരം പറഞ്ഞു.+ അപ്പോൾ യഹോവയുടെ തേജസ്സു സാന്നിധ്യകൂടാരത്തിൽ ഇസ്രായേൽ ജനത്തിനു പ്രത്യക്ഷമായി.+
11 യഹോവ മോശയോടു പറഞ്ഞു: “എത്ര കാലം ഈ ജനം എന്നോട് അനാദരവ് കാണിക്കും?+ ഞാൻ അവരുടെ ഇടയിൽ ഈ അടയാളങ്ങളെല്ലാം ചെയ്തിട്ടും എത്ര നാൾ അവർ എന്നിൽ വിശ്വാസമർപ്പിക്കാതിരിക്കും?+ 12 ഞാൻ അവരെ മാരകമായ പകർച്ചവ്യാധികൾകൊണ്ട് പ്രഹരിച്ച് ഇല്ലാതാക്കാൻപോകുകയാണ്. എന്നാൽ നിന്നെ ഞാൻ അവരെക്കാൾ വലുതും പ്രബലവും ആയ ഒരു ജനതയാക്കും.”+
13 പക്ഷേ മോശ യഹോവയോടു പറഞ്ഞു: “അങ്ങനെ ചെയ്താൽ ഈജിപ്തുകാർ ഇതെക്കുറിച്ച് കേൾക്കും. അവരുടെ ഇടയിൽനിന്നാണല്ലോ അങ്ങ് ഈ ജനത്തെ അങ്ങയുടെ ശക്തിയാൽ വിടുവിച്ചുകൊണ്ടുവന്നത്.+ 14 അവർ ഇതെക്കുറിച്ച് ഈ ദേശവാസികളോടു പറയും. യഹോവ എന്ന അങ്ങ് ഈ ജനത്തോടൊപ്പമുണ്ടെന്നും+ അവർക്കു മുഖാമുഖം+ പ്രത്യക്ഷനായെന്നും ഈ ദേശവാസികളും കേട്ടിട്ടുണ്ട്. അങ്ങ് യഹോവയാണല്ലോ; അങ്ങയുടെ മേഘമാണ് ഈ ജനത്തിനു മീതെയുള്ളത്. പകൽ മേഘസ്തംഭത്തിലും രാത്രി അഗ്നിസ്തംഭത്തിലും അവരുടെ മുമ്പാകെ പോകുന്നത് അങ്ങാണ്.+ 15 അങ്ങ് ഈ ജനത്തെ ഒന്നടങ്കം ക്ഷണത്തിൽ* സംഹരിച്ചാൽ അങ്ങയുടെ കീർത്തി കേട്ടിട്ടുള്ള ജനതകൾ ഇങ്ങനെ പറയും: 16 ‘ഈ ജനത്തിനു കൊടുക്കുമെന്നു സത്യം ചെയ്ത ദേശത്തേക്ക് അവരെ കൊണ്ടുപോകാൻ യഹോവയ്ക്കു കഴിഞ്ഞില്ല. അതുകൊണ്ട് അവൻ അവരെ വിജനഭൂമിയിൽവെച്ച് കൊന്നുമുടിച്ചു!’+ 17 അതുകൊണ്ട് യഹോവേ, അങ്ങ് പറഞ്ഞതുപോലെ അങ്ങയുടെ ശക്തി ശ്രേഷ്ഠമായിരിക്കട്ടെ. അങ്ങ് ഇങ്ങനെ പറഞ്ഞിട്ടുണ്ടല്ലോ: 18 ‘യഹോവ കോപത്തിനു താമസമുള്ളവൻ; അചഞ്ചലമായ സ്നേഹം+ നിറഞ്ഞവൻ; തെറ്റുകുറ്റങ്ങളും ലംഘനവും പൊറുക്കുന്നവൻ. എന്നാൽ ഒരു പ്രകാരത്തിലും കുറ്റക്കാരനെ ശിക്ഷിക്കാതെ വിടില്ല. അവിടുന്ന് പിതാക്കന്മാരുടെ തെറ്റിനുള്ള ശിക്ഷ മക്കളുടെ മേൽ, മൂന്നാമത്തെ തലമുറയുടെ മേലും നാലാമത്തെ തലമുറയുടെ മേലും, വരുത്തും.’+ 19 ഈജിപ്ത് മുതൽ ഇവിടെ വരെ ഈ ജനത്തോടു പൊറുത്തതുപോലെ അങ്ങയുടെ വലിയ അചഞ്ചലസ്നേഹത്തിനു ചേർച്ചയിൽ ഈ ജനത്തിന്റെ തെറ്റുകുറ്റങ്ങൾ ക്ഷമിക്കേണമേ.”+
20 അപ്പോൾ യഹോവ പറഞ്ഞു: “നീ പറഞ്ഞതുപോലെതന്നെ ഞാൻ അവരോടു ക്ഷമിച്ചിരിക്കുന്നു.+ 21 എങ്കിലും ഞാനാണെ സത്യം, ഭൂമി മുഴുവൻ യഹോവയുടെ മഹത്ത്വംകൊണ്ട് നിറയും.+ 22 പക്ഷേ എന്റെ മഹത്ത്വം കണ്ടിട്ടും ഈജിപ്തിലും വിജനഭൂമിയിലും വെച്ച് ഞാൻ ചെയ്ത അടയാളങ്ങൾ കണ്ടിട്ടും+ ഈ പത്തു തവണ എന്നെ പരീക്ഷിക്കുകയും+ എന്റെ വാക്കു കേൾക്കാതിരിക്കുകയും+ ചെയ്ത ഒരാൾപ്പോലും 23 ഞാൻ അവരുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം കാണില്ല. അതെ, എന്നോട് അനാദരവ് കാണിക്കുന്ന ഒരുത്തനും അതു കാണില്ല.+ 24 എന്നാൽ എന്റെ ദാസനായ കാലേബിനെ+ അവൻ പോയ ദേശത്തേക്കു ഞാൻ കൊണ്ടുപോകും; അവന്റെ സന്തതി അത് അവകാശമാക്കും. കാരണം വ്യത്യസ്തമായ ഒരു ആത്മാവോടും* മുഴുഹൃദയത്തോടും കൂടെ അവൻ എന്നെ അനുഗമിച്ചിരിക്കുന്നു.+ 25 അമാലേക്യരും കനാന്യരും+ ഈ താഴ്വരയിൽ താമസിക്കുന്നതുകൊണ്ട് നാളെ നിങ്ങൾ തിരിച്ചുപോകണം. നിങ്ങൾ ചെങ്കടലിന്റെ വഴിക്കു വിജനഭൂമിയിലേക്കു പുറപ്പെടുക.”+
26 പിന്നെ യഹോവ മോശയോടും അഹരോനോടും പറഞ്ഞു: 27 “ഈ ദുഷ്ടസമൂഹം എത്ര കാലം എനിക്കു നേരെ പിറുപിറുക്കും?+ എനിക്കു നേരെയുള്ള ഇസ്രായേല്യരുടെ പിറുപിറുപ്പ് ഞാൻ കേട്ടിരിക്കുന്നു.+ 28 അവരോട് ഇങ്ങനെ പറയുക: ‘യഹോവ പ്രഖ്യാപിക്കുന്നു: “ഞാനാണെ സത്യം, ഞാൻ കേൾക്കെ നിങ്ങൾ പറഞ്ഞ അതേ കാര്യങ്ങൾതന്നെ ഞാൻ നിങ്ങളോടു ചെയ്യും!+ 29 രേഖയിൽ പേര് ചേർത്ത, 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള എല്ലാവരുടെയും+ ശവങ്ങൾ, അതെ, എനിക്കു നേരെ പിറുപിറുത്ത നിങ്ങൾ എല്ലാവരുടെയും ശവങ്ങൾ ഈ വിജനഭൂമിയിൽ വീഴും.+ 30 ഞാൻ നിങ്ങളെ താമസിപ്പിക്കുമെന്നു സത്യം ചെയ്ത* ദേശത്ത്+ യഫുന്നയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും അല്ലാതെ നിങ്ങൾ ആരും കടക്കില്ല.+
31 “‘“കൊള്ളയായിപ്പോകുമെന്നു നിങ്ങൾ പറഞ്ഞ നിങ്ങളുടെ മക്കളെ ഞാൻ അവിടേക്കു കൊണ്ടുപോകും,+ നിങ്ങൾ തള്ളിക്കളഞ്ഞ ദേശം+ അവർ അനുഭവിക്കും. 32 എന്നാൽ നിങ്ങളുടെ ശവങ്ങൾ ഈ വിജനഭൂമിയിൽ വീഴും. 33 നിങ്ങളുടെ മക്കൾ 40 വർഷം ഈ വിജനഭൂമിയിൽ ഇടയന്മാരായിരിക്കും.+ നിങ്ങളുടെ ശവങ്ങളിൽ അവസാനത്തേതും ഈ വിജനഭൂമിയിൽ വീഴുന്നതുവരെ+ നിങ്ങളുടെ അവിശ്വസ്തതയ്ക്ക്* അവർ ഉത്തരം പറയേണ്ടിവരും. 34 നിങ്ങൾ ദേശം ഒറ്റുനോക്കാൻ എടുത്ത 40 ദിവസത്തിന്+ ആനുപാതികമായി 40 വർഷം,+ ഒരു ദിവസത്തിന് ഒരു വർഷം എന്ന കണക്കിൽ, ഓരോ ദിവസത്തിനും ഓരോ വർഷം എന്ന കണക്കിൽത്തന്നെ, നിങ്ങൾ നിങ്ങളുടെ തെറ്റുകൾക്ക് ഉത്തരം പറയേണ്ടിവരും. എന്നെ എതിർത്താൽ* എന്തു സംഭവിക്കുമെന്ന് അങ്ങനെ നിങ്ങൾ അറിയും.
35 “‘“ഇതാ, യഹോവ എന്ന ഞാൻ ഇതു പറഞ്ഞിരിക്കുന്നു. എനിക്ക് എതിരെ സംഘടിച്ച ഈ ദുഷ്ടസമൂഹത്തോടെല്ലാം ഞാൻ ചെയ്യാൻപോകുന്നത് ഇതാണ്: ഈ വിജനഭൂമിയിലായിരിക്കും അവരുടെ അന്ത്യം; ഇവിടെ അവർ ചത്തൊടുങ്ങും.+ 36 ദേശം ഒറ്റുനോക്കാൻ മോശ അയച്ച പുരുഷന്മാർ, അതായത് ദേശത്തെക്കുറിച്ച് മോശം വാർത്തയുമായി വന്ന് സമൂഹം മുഴുവൻ അവന് എതിരെ പിറുപിറുക്കാൻ ഇടയാക്കിയ പുരുഷന്മാർ,+ 37 അതെ, ദേശത്തെക്കുറിച്ച് തെറ്റായ വാർത്ത കൊണ്ടുവന്ന എല്ലാവരും, കൊല്ലപ്പെടും; അവർ യഹോവയുടെ മുമ്പാകെ മരിച്ചുവീഴും.+ 38 എന്നാൽ ദേശം ഒറ്റുനോക്കാൻ പോയവരിൽ നൂന്റെ മകനായ യോശുവയും യഫുന്നയുടെ മകനായ കാലേബും ജീവിച്ചിരിക്കും.”’”+
39 മോശ ഈ വാക്കുകൾ ഇസ്രായേല്യരെയെല്ലാം അറിയിച്ചപ്പോൾ ജനം അതിദുഃഖത്തോടെ കരഞ്ഞു. 40 തന്നെയുമല്ല, അവർ അതിരാവിലെ എഴുന്നേറ്റ് മലമുകളിലേക്കു പോകാൻ തുനിഞ്ഞു. അവർ പറഞ്ഞു: “ഞങ്ങൾ ഇതാ, യഹോവ പറഞ്ഞ സ്ഥലത്തേക്കു പോകാൻ തയ്യാറാണ്; ഞങ്ങൾ പാപം ചെയ്തുപോയി.”+ 41 എന്നാൽ മോശ അവരോടു പറഞ്ഞത്: “നിങ്ങൾ യഹോവയുടെ ആജ്ഞ ധിക്കരിക്കുന്നത് എന്തിനാണ്? ഇതിൽ നിങ്ങൾ വിജയിക്കില്ല. 42 നിങ്ങൾ പോകരുത്. യഹോവ നിങ്ങളോടുകൂടെയില്ല. നിങ്ങളുടെ ശത്രുക്കൾ നിങ്ങളെ തോൽപ്പിക്കും.+ 43 അമാലേക്യരും കനാന്യരും അവിടെ നിങ്ങളോട് ഏറ്റുമുട്ടും.+ നിങ്ങൾ അവരുടെ വാളിന് ഇരയായിത്തീരും. നിങ്ങൾ യഹോവയെ അനുഗമിക്കുന്നതിൽനിന്ന് പിന്തിരിഞ്ഞതിനാൽ യഹോവ നിങ്ങളോടുകൂടെയുണ്ടായിരിക്കില്ല.”+
44 എന്നിട്ടും അവർ ധാർഷ്ട്യത്തോടെ മലമുകളിലേക്കു കയറിപ്പോയി.+ എന്നാൽ യഹോവയുടെ ഉടമ്പടിപ്പെട്ടകമോ മോശയോ പാളയത്തിന്റെ നടുവിൽനിന്ന് പുറപ്പെട്ടില്ല.+ 45 ആ മലയിൽ താമസിച്ചിരുന്ന അമാലേക്യരും കനാന്യരും ഇറങ്ങിവന്ന് അവരെ ആക്രമിച്ച് ഹോർമ വരെ ചിതറിച്ചുകളഞ്ഞു.+