അഗോറ—പുരാതന ഏഥൻസിന്റെ ഹൃദയ സ്ഥാനം
ഏഥൻസിലെ ബൗദ്ധിക സമൂഹം ഇളകിമറിയുകയായിരുന്നു! ആ ഗ്രീക്ക് നഗരത്തിലെ അഗോറയിൽ അഥവാ ചന്തസ്ഥലത്ത് നൂതന ആശയങ്ങൾ എല്ലായ്പോഴും പ്രസിദ്ധമാക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, ഇത്തവണ അത് വളരെ വ്യത്യസ്തമായിരുന്നു. ആ നഗരത്തിൽ അപ്പോൾ മാത്രം എത്തിച്ചേർന്ന ഒരു യഹൂദൻ “അന്യദേവതകളെ ഘോഷിക്കുന്നവ”നായി കാണപ്പെട്ടു. അവൻ ‘കണുന്നവരോട്’ ഒക്കെ ശ്രദ്ധേയമായ പ്രസ്താവനകൾ നടത്തുകയായിരുന്നു. “ഈ വിടുവായൻ എന്തു പറവാൻ പോകുന്നു” എന്ന് അഹങ്കാരികളായ എപ്പിക്കൂര്യരും ഗൗരവശാലികളായ സ്തോയിക്കരും ചോദിച്ചു. തീർച്ചയായും, സൂര്യനു കീഴിലുള്ള മിക്കവാറും ഏതു വിഷയത്തെ കുറിച്ചും തുറന്ന സംവാദം നടത്താനുള്ള സ്ഥലമായിരുന്നു ഏഥൻസിലെ അഗോറ. എന്നാൽ പുതിയ ദൈവങ്ങളെ അവതരിപ്പിക്കൽ—അതു തീർച്ചയായും അതിരുകവിഞ്ഞ നടപടിയായിരുന്നു!—പ്രവൃത്തികൾ 17:17, 18.
പൗലൊസ് അപ്പൊസ്തലൻ ആദ്യമായി ഏഥൻസിലെ അഗോറയിൽ പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ ഏഥൻസുകാരുടെ സംശയം നിറഞ്ഞ പ്രതികരണം അതായിരുന്നു. അവൻ യേശുക്രിസ്തുവിനെയും പുനരുത്ഥാനത്തെയും കുറിച്ചു സംസാരിക്കുകയായിരുന്നു. എന്നാൽ ഏഥൻസിലെ, പ്രഥമദൃഷ്ട്യാ തുറന്ന മനഃസ്ഥിതിയുള്ള സംസ്കാരത്തെ സംബന്ധിച്ചിടത്തോളം അഗോറയിൽ അത്തരം നൂതന ആശയങ്ങൾ അവതരിപ്പിക്കുന്നതിൽ വളരെ അസാധാരണമായിട്ട് എന്താണ് ഉണ്ടായിരുന്നത്?
ഏഥൻസിന് പൊതു ചത്വരം ലഭിക്കുന്നു
കൊള്ളാം, അഗോറയും ഏഥൻസുകാരുടെ മതപരമായ ജീവിതത്തിലും പൊതു ജീവിതത്തിലും അതു വഹിച്ചിരുന്ന നിർണായക പങ്കുമായിരുന്നു അസാധാരണ സംഗതി. അക്രോപൊലിസിന്റെ വടക്കു പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഏതാണ്ട് 25 ഏക്കർ വിസ്തൃതിയുള്ള അൽപ്പം ചെരിഞ്ഞ പ്രദേശമാണ് ഏഥൻസിലെ അഗോറ. പൊ.യു.മു. ആറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ഏഥൻസിലെ രാഷ്ട്രതന്ത്രജ്ഞനും നിയമ നിർമാതാവുമായ സോളന്റെ ജീവിതകാലത്താണ് ഈ സ്ഥലത്തെ പൊതു ചത്വരമായി വേർതിരിച്ചതെന്നു കരുതപ്പെടുന്നു. പൗരജീവിതത്തിനു വർധിച്ച ഊന്നൽ നൽകിക്കൊണ്ട് ഏഥൻസിൽ ജനാധിപത്യം സ്ഥാപിതമായത്, തുടർന്നുവന്ന നൂറ്റാണ്ടിലെ ആദ്യ വർഷങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ പെട്ടെന്നു വർധിക്കാൻ കാരണമായി. അത് അഗോറയ്ക്കു പുതുജീവനും കൂടുതൽ സുപ്രധാനമായ സ്ഥാനവും നേടിക്കൊടുത്തു.
അഗോറ എന്ന ഗ്രീക്കു വാക്കിന്റെ മൂല ക്രിയാപദത്തിന് “കൂടിവരിക, സമ്മേളിക്കുക” എന്നിങ്ങനെയുള്ള അർഥമാണ് ഉള്ളത്. നഗരത്തിലെ മുഖ്യ യോഗസ്ഥലം എന്നനിലയിലുള്ള അഗോറയുടെ ഉപയോഗത്തിന് അതു നന്നായി യോജിക്കുന്നു. അഗോറ സാമൂഹിക-പൊതു ജീവിതത്തിന്റെ കേന്ദ്ര സ്ഥാനമായിത്തീർന്നു. പൗരഭരണത്തിന്റെയും നീതിന്യായ വ്യവസ്ഥയുടെയും ആസ്ഥാനം, മുഖ്യ വ്യാപാര-വ്യവസായ കേന്ദ്രം, ഗ്രീക്ക് നാടകങ്ങളുടെ അവതരണ സ്ഥലം, കായിക പ്രദർശനങ്ങൾ നടക്കുന്ന സ്ഥലം, ബൗദ്ധിക ചർച്ചകൾക്കുള്ള ഏറ്റവും പ്രിയപ്പെട്ട യോഗസ്ഥലം എന്നിവയൊക്കെ ആയിരുന്നു അഗോറ.
ഏഥൻസിലെ അഗോറയിലുള്ള ക്ഷേത്രങ്ങൾ, സമദൂര സ്തംഭ മന്ദിരങ്ങൾ (colonnades), പ്രതിമകൾ, സ്മാരകങ്ങൾ, പൊതു മന്ദിരങ്ങൾ എന്നിവയുടെ നാശാവശിഷ്ടങ്ങളിലൂടെ ഒരു പര്യടനം നടത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? അഗോറയുടെ പൂർവകാലം പരിശോധിക്കാനുള്ള ശ്രമത്തിൽ, ആധുനികകാല നഗരത്തിന്റെ ഒച്ചയും തിക്കും തിരക്കും എല്ലാം വിട്ട് ചരൽ പാതയിലൂടെ, മൂകമായ മാർബിൾ അവശിഷ്ടങ്ങളിലൂടെ, കൊത്തുപണി ചെയ്ത ശിലകൾക്കിടയിലൂടെ, പാഴ്ച്ചെടികളും വന്യ ഔഷധികളും പടർന്നുകയറിയ തകർന്നടിഞ്ഞ കവാടങ്ങളിലൂടെ നമുക്കു നടക്കാം.
ക്ഷേത്രങ്ങൾ, പൂജാസ്ഥലങ്ങൾ, പാലക ദേവീദേവന്മാർ
വ്യത്യസ്ത ദേവീദേവന്മാർക്കു സമർപ്പിക്കപ്പെട്ട ഒട്ടനവധി ക്ഷേത്രങ്ങൾ, പൂജാസ്ഥലങ്ങൾ, പുണ്യമന്ദിരങ്ങൾ എന്നിവ സന്ദർശകരിൽ മതിപ്പ് ഉളവാക്കുന്നു. അഗോറയെ അക്രോപൊലിസ് കഴിഞ്ഞുള്ള ഏറ്റവും പ്രധാന പൂജാകേന്ദ്രമാക്കാൻ ഇവയെല്ലാം ഉപകരിച്ചു. പ്രാചീന ഏഥൻസ് സംസ്കാരത്തിന്റെ സുവർണ യുഗത്തിൽ, മതം പൊതു ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും അരിച്ചിറങ്ങിയിരുന്നു. അതിന്റെ ഒരു അനിവാര്യ ഫലമെന്ന നിലയിൽ, ഗവൺമെന്റ് വകുപ്പുകളുടെയും ഭരണ സേവനങ്ങളുടെയും “പാലക ദേവീദേവന്മാ”രായി നിശ്ചയിക്കപ്പെട്ടിരുന്ന വ്യത്യസ്ത ദേവീദേവന്മാരുടെ പേരിൽ അഗോറയിൽ പുണ്യമന്ദിരങ്ങൾ നിർമിക്കപ്പെട്ടു.
ഹിഫെസ്റ്റോസ് ക്ഷേത്രമായിരുന്നു അവയിൽ പ്രധാനപ്പെട്ടത്. അഥേനാ ദേവി ഹിഫെസ്റ്റോസുമായി സഖിത്വം പുലർത്തിയിരുന്നു. കലയുടെയും കരകൗശലപ്പണിയുടെയും പാലക ദേവീദേവന്മാരായി അവർ ഇരുവരും ഇവിടെ പൂജിക്കപ്പെട്ടിരുന്നു. ഈ ക്ഷേത്ര പരിസരത്തിലെ ലോഹ-കളിമൺ പുരാവസ്തു കണ്ടുപിടിത്തങ്ങൾ, തീയുടെ ഉപയോഗം ആവശ്യമായ കലകളുടെ ഗ്രീക്കു ദേവനായ ഹിഫെസ്റ്റോസിന്റേതാണ് ഈ ക്ഷേത്രമെന്നു തിരിച്ചറിയിച്ചിരിക്കുന്നു. നന്നായി സംരക്ഷിക്കപ്പെട്ടിരുന്ന ഈ ക്ഷേത്രം സാധ്യതയനുസരിച്ച് പൊ.യു. ഏഴാം നൂറ്റാണ്ടിൽ സെന്റ് ജോർജ് ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയായി മാറ്റപ്പെട്ടു. എന്നാൽ അത് ഇന്ന് അപ്രകാരം ഉപയോഗിക്കപ്പെടുന്നില്ല.
തീർച്ചയായും, അഗോറയ്ക്ക് സ്വന്തമായി ഒരു പാലക ദേവനെ വേണമായിരുന്നു. വാഗ്വൈഭവത്തിന് പ്രചോദനമേകുന്നവനായി കരുതപ്പെട്ടിരുന്ന സീയൂസ് അഗോറയോസ് ആയിരുന്നു അത്. അമൂല്യമായ പെൻറ്റെലിക് മാർബിളിൽ തീർത്ത ഒരു അലംകൃത യാഗപീഠം അദ്ദേഹത്തിനു സമർപ്പിക്കപ്പെട്ടിരുന്നു. (പ്രവൃത്തികൾ 14:11, 12, NW താരതമ്യം ചെയ്യുക.) അതിന്റെ സമീപത്തുള്ള, ദേവന്മാരുടെ മാതാവിന്റെ യാഗപീഠത്തിന്റെ വശങ്ങളിൽ രണശൂരന്മാരുടെ സ്മാരകങ്ങളുടെ കൗതുകകരമായ ഒരു നിരതന്നെ ഉണ്ടായിരുന്നു.
അൽപ്പം കൂടെ മുന്നോട്ടു പോകുമ്പോൾ ചെറിയൊരു അയോണിയൻ ക്ഷേത്രം നാം കാണുന്നു. അത് പിതാവായ അപ്പോളോയുടെ ക്ഷേത്രമാണെന്ന് ഭൂമിശാസ്ത്രജ്ഞനായ പൊസാനിയസ് നിഗമനം ചെയ്തു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, ഗ്രീക്ക് ഐതിഹ്യം അനുസരിച്ച് അയോണിയൻ വംശത്തിന്റെ സ്ഥാപകനായ അയോണിന്റെ പിതാവായിരുന്നു അദ്ദേഹം, ഏഥൻസുകാർ ആ വംശത്തിന്റെ ഒരു ഭാഗവുമായിരുന്നു.a ആ സ്ഥാനം നിമിത്തം അപ്പോളോ രാഷ്ട്ര ഭരണ സംഘടനയുടെ പാലക ദേവന്മാരിൽ ഒരുവനായിരുന്നു, വിശേഷിച്ചും നഗരത്തിൽ വസിച്ചിരുന്ന വ്യത്യസ്ത സാഹോദര്യ സംഘങ്ങളോടുള്ള ബന്ധത്തിൽ.
നേരേ വടക്കു ഭാഗത്ത്, പൊ.യു.മു. നാലാം നൂറ്റാണ്ടിൽ പണിത ചെറിയൊരു ക്ഷേത്രത്തിന്റെ ചുണ്ണാമ്പുകല്ല് അവശിഷ്ടങ്ങൾ നാം കാണുന്നു. പൂർവിക മത സാഹോദര്യ സംഘങ്ങളുടെ മുഖ്യ ദേവനായ സീയൂസിനെയും ദേവിയായ അഥീനാ ഫാട്രിയോസിനെയുമാണ് ഇവിടെ പൂജിച്ചിരുന്നത്. ഏഥൻസ് പൗരത്വം ലഭിക്കുന്നതിന് ഈ സാഹോദര്യ സംഘങ്ങളിലെ അംഗത്വം മിക്കവാറും അനിവാര്യമായിരുന്നു. തെരുവീഥിക്കു നേരെ എതിർവശത്ത് പന്ത്രണ്ട് ദേവന്മാരുടെ ഒരു ബലിപീഠത്തിന്റെ അവശിഷ്ടങ്ങൾ നാം കാണുന്നു.
അടുത്തുള്ള, സീയൂസ് എലൂത്തിറിയോസ് സ്റ്റോവയിൽ മുഖ്യ ഗ്രീക്കു ദേവൻ വീണ്ടും ആദരിക്കപ്പെടുന്നു, എന്നാൽ ഇത്തവണ അത് സ്വാതന്ത്ര്യത്തിന്റെയും വിടുതലിന്റെയും ദേവൻ എന്ന നിലയിലാണ്. ഈ സമദൂര സ്തംഭ മന്ദിരം അഥവാ സ്റ്റോവ ജനപ്രീതി നേടിയ ഒരു വിഹാരകേന്ദ്രവും യോഗസ്ഥലവും ആയിരുന്നു. വിഖ്യാത തത്ത്വചിന്തകനായ സോക്രട്ടീസ് സുഹൃത്തുക്കളോടൊപ്പം ഈ സ്റ്റോവയിൽ സമ്മേളിച്ചിരുന്നതായി പറയപ്പെടുന്നു. അവിടെ അവർക്കു വർത്തമാനം പറഞ്ഞിരിക്കാനും ഉലാത്താനും കഴിയുമായിരുന്നു. ഏഥൻസിനെ സംരക്ഷിക്കാനുള്ള പോരാട്ടങ്ങളിൽ മരണമടഞ്ഞ യോദ്ധാക്കളുടെ കവചങ്ങൾ പോലുള്ള അനേകം സംഗതികൾ ഈ സ്റ്റോവയിൽ സമർപ്പിക്കുകയോ വഴിപാടായി നൽകുകയോ ചെയ്തിരുന്നു. നഗരത്തെ ശത്രുക്കളിൽനിന്നു വിടുവിക്കുന്നതിനോട് അഥവാ നഗരത്തിന്റെ സ്വാതന്ത്ര്യത്തോട് നേരിട്ടു ബന്ധമുള്ളവയായിരുന്നു അവ.
പനാത്തിനിയൻ പാത
അഗോറയെ കോണോടുകോൺ വിഭജിച്ചുകൊണ്ട് പനാത്തിനിയൻ പാത എന്ന് വിളിക്കപ്പെടുന്ന വീതിയുള്ള, ചരൽ നിറഞ്ഞ ഒരു വഴിയുണ്ട്. അതിന്റെ പേരും സവിശേഷതയും ഉരുത്തിരിഞ്ഞത് ഏഥൻസിന്റെ ദേശീയ ഉത്സവമായ പനാത്തിനിയയിൽനിന്നാണ്. ഈ ഉത്സവത്തിന്റെ സമയത്ത് (നഗരകവാടത്തിന് അടുത്തുള്ള) ഘോഷയാത്രപ്പുരയിൽനിന്ന് അക്രോപൊലിസിലേക്ക് പ്രസ്തുത വഴിയിലൂടെ അഥേനാ ദേവിയുടെ മൂടുപടം കൊണ്ടുപോയിരുന്നു. ഈ ഉത്സവ ഘോഷയാത്രയുടെ ആർഭാട പ്രദർശനവും പ്രൗഢിയും—അശ്വ സൈന്യം, പായുന്ന രഥങ്ങൾ, ബലിക്കുള്ള പശുക്കളും ആടുകളും, ബലിക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഏന്തിയ യുവതീയുവാക്കൾ—വിഭാവനം ചെയ്യാൻ പാർത്തിനണിലെ അലങ്കാരങ്ങൾ നമ്മെ സഹായിക്കുന്നു. ഏഥൻസ് പൗരന്മാരും അവരുടെ അതിഥികളും ഘോഷയാത്ര വീക്ഷിച്ചിരുന്നു. അഗോറ രൂപകൽപ്പന ചെയ്തപ്പോൾ, അവരുടെ സൗകര്യാർഥം ശിൽപ്പികൾ വേണ്ടത്ര കരുതലുകൾ ചെയ്തിരുന്നു. ദൃഷ്ടാന്തത്തിന്, സമദൂര സ്തംഭ മന്ദിരങ്ങളുടെ മുൻ വശത്തെ പരന്ന മട്ടുപ്പാവുകളും പടവുകളും ഘോഷയാത്ര പോകുന്ന വഴിയോടുള്ള ബന്ധത്തിൽ വിദഗ്ധമായി സ്ഥാപിച്ചിരുന്നു. മന്ദിരങ്ങളുടെ മുൻ വശത്തുള്ള, കൊത്തിയുണ്ടാക്കിയ അസംഖ്യം പടവുകളിൽ അനേകം കാഴ്ചക്കാർക്ക് ഇരിക്കാൻ കഴിയുമായിരുന്നു.
‘നിറയെ ബിംബങ്ങൾ’
ഒട്ടേറെ ക്ഷേത്രങ്ങൾ, ബിംബങ്ങൾ, സ്മാരകങ്ങൾ എന്നിവയെല്ലാം ഉണ്ടായിരുന്ന സ്ഥിതിക്ക്, “നഗരത്തിൽ ബിംബങ്ങൾ നിറഞ്ഞിരിക്കുന്നതു കണ്ടു” പൗലൊസ് അപ്പൊസ്തലന്റെ “മനസ്സിന്നു ചൂടുപിടിച്ച”തിൽ അതിശയിക്കാനില്ല. (പ്രവൃത്തികൾ 17:16) അഗോറയിൽ പ്രവേശിച്ചപ്പോൾ കണ്ടത് പൗലൊസിനെ ഞെട്ടിച്ചിരിക്കണം. ഹെർമിസ് ദേവന്റെ ലിംഗപ്രതിമകൾ അസംഖ്യമായിരുന്നു. ഹെർമിസിന്റെ സ്റ്റോവ എന്ന് അറിയപ്പെട്ടിരുന്ന മുഖമണ്ഡപം മുഴുവനും വേണമായിരുന്നു അവയെ എല്ലാം പ്രതിഷ്ഠിക്കാൻ. ഹെർമെസിന്റെ ചായം പൂശിയ മറ്റു പ്രതിമകളിലെ വസ്ത്രങ്ങളിൽ പ്രജനനത്തിന്റെയും ജീവന്റെയും പ്രതീകങ്ങളായ സ്വസ്തികകൾ പ്രദർശിപ്പിച്ചിരിക്കുന്നു. പ്രേമത്തിന്റെ ദേവിയായ വീനസ് ജെനട്രിക്സിന്റെയും അനേകം സ്ത്രീപുരുഷ ലിംഗ മാതൃകകൾ വഹിക്കുന്ന ഒരു ഡയോണിസസ് ദേവന്റെയും പ്രതിമകൾ അവിടെ ഉണ്ടായിരുന്നു. അഗോറയിൽ പ്രവേശിക്കുന്ന എല്ലാവരുടെയും ആചാരപരമായ ശുദ്ധീകരണത്തിനുവേണ്ട “വിശുദ്ധ” ജലം ഉൾക്കൊള്ളുന്ന തൊട്ടിയുള്ള ഒരു അതിരുകല്ല് ഉണ്ടായിരുന്നു. അത് അഗോറയുടെ “പരിപാവനത”യെ സൂചിപ്പിച്ചു.
ആഴമായ ആ മത അന്തരീക്ഷം പരിഗണിക്കുമ്പോൾ, പൗലൊസിന്റെ സ്ഥിതി അങ്ങേയറ്റം അപകടകരം ആയിരുന്നതിന്റെ കാരണം നമുക്ക് എളുപ്പം മനസ്സിലാക്കാൻ കഴിയും. അവൻ “അന്യദേവതകളെ ഘോഷിക്കുന്നവൻ” ആണോ എന്ന് അവർ സംശയിച്ചു. ‘യാതൊരു വ്യക്തിക്കും ഏതെങ്കിലും പ്രത്യേക ദൈവങ്ങളോ പുതിയ ദൈവങ്ങളോ ഉണ്ടായിരിക്കാൻ പാടില്ല; പരസ്യമായി അനുവദിക്കപ്പെടാത്ത പക്ഷം ഒരുവൻ ഏതെങ്കിലും അന്യദേവന്മാരെ സ്വകാര്യമായി പൂജിക്കാനും പാടില്ല’ എന്ന് അന്നത്തെ നിയമം നിഷ്കർഷിച്ചിരുന്നു. അതുകൊണ്ട്, ചോദ്യം ചെയ്യാനായി അപ്പൊസ്തലനെ അരയോപഗ കുന്നിലേക്കു കൊണ്ടുപോയതിൽ അതിശയിക്കാനില്ല.—പ്രവൃത്തികൾ 17:18, 19.
ഭരണ സിരാകേന്ദ്രം
തോളോസ് എന്നു വിളിക്കപ്പെട്ടിരുന്ന വൃത്താകാര മന്ദിരത്തിലായിരുന്നു ഏഥൻസ് ഗവൺമെന്റിന്റെ ആസ്ഥാനം. അനേകം നഗരാധ്യക്ഷന്മാർ രാത്രിയിൽ ഈ മന്ദിരത്തിൽ ഉറങ്ങിയിരുന്നു. ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന്മാർ എല്ലായ്പോഴും ലഭ്യരായിരിക്കാൻ വേണ്ടിയായിരുന്നു അത്. അംഗീകൃത തൂക്കത്തിന്റെയും അളവിന്റെയും ഒരു ജോടി ഉപകരണങ്ങൾ തോളോസിൽ സൂക്ഷിച്ചിരുന്നു. വ്യത്യസ്ത ഭരണ വിഭാഗങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ സമീപത്തുതന്നെ ഉണ്ടായിരുന്നു. തോളോസിന്റെ വടക്കു പടിഞ്ഞാറൻ മലഞ്ചെരുവിലുള്ള ഒരു മട്ടുപ്പാവിൽ ആയിരുന്നു കൗൺസിൽ ഹൗസിന്റെ സ്ഥാനം. 500 അംഗങ്ങളുള്ള കൗൺസിൽ അവിടെ യോഗം ചേർന്ന് കാര്യവിചാരണ ജോലികൾ ചെയ്യുകയും അസംബ്ലിക്കുവേണ്ടി നിയമങ്ങൾ തയ്യാറാക്കുകയും ചെയ്തിരുന്നു.
മറ്റൊരു പ്രധാന പൗരമന്ദിരമായിരുന്നു റോയൽ സ്റ്റോവ. നഗരത്തിലെ മൂന്നു പ്രധാന മജിസ്ട്രേറ്റുകളിൽ ഒരുവനായ റോയൽ ആർക്കോൺ ഓഫ് ഏഥൻസിന്റെ ആസ്ഥാനം അവിടെയായിരുന്നു. മതപരവും നിയമപരവുമായ കാര്യങ്ങളോടു ബന്ധപ്പെട്ട അനേകം ഭരണപരമായ ഉത്തരവാദിത്വങ്ങൾ അവിടെവെച്ച് അദ്ദേഹം നിർവഹിച്ചിരുന്നു. സോക്രട്ടീസിന്റെമേൽ ദൈവനിന്ദ ആരോപിക്കപ്പെട്ടപ്പോൾ അദ്ദേഹം ഹാജരാകേണ്ടിയിരുന്നത് അവിടെ ആയിരുന്നിരിക്കാനാണ് സാധ്യത. അതിന് അഭിമുഖമായുള്ള ഒരു കെട്ടിടത്തിന്റെ ഭിത്തികളിൽ ഏഥൻസിന്റെ പൂർവിക നിയമങ്ങൾ കൊത്തിവെച്ചിരുന്നു. അതേ കെട്ടിടത്തിന്റെ മുമ്പിൽ വെച്ചിരുന്ന ഒരു കല്ലിൽ, തങ്ങളുടെ കാര്യനിർവഹണ പ്രതിജ്ഞ എടുക്കാനായി ഓരോ വർഷവും ആർക്കോണുകൾ, അഥവാ മുഖ്യ മജിസ്ട്രേറ്റുമാർ നിൽക്കുമായിരുന്നു.
അറ്റാളുസിന്റെ സ്റ്റോവ
അഗോറയിലെ ഏറ്റവും നന്നായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന കെട്ടിടം അറ്റാളുസ് സ്റ്റോവയാണ്. പെർഗമിലെ രാജാവായിരുന്ന അറ്റാളുസ് (പൊ.യു.മു. രണ്ടാം നൂറ്റാണ്ട്) ചെറുപ്പക്കാരൻ ആയിരുന്നപ്പോൾ, മെഡിറ്ററേനിയൻ ലോകത്തെ മറ്റു പല രാജകുടുംബങ്ങളിലെയും കുട്ടികളെപ്പോലെ, ഏഥൻസിലെ വിദ്യാലയങ്ങളിൽ പഠിച്ചിരുന്നു. അദ്ദേഹം സിംഹാസനസ്ഥനായി കഴിഞ്ഞപ്പോൾ തന്റെ വിദ്യാലയ നഗരത്തിന് അറ്റാളുസ് സ്റ്റോവ എന്ന ഈ പ്രൗഢോജ്വലമായ സമ്മാനം നിർമിച്ചു നൽകി.
അനൗദ്യോഗിക സഹവാസത്തിനും ആശയ കൈമാറ്റത്തിനുമായി, മേൽക്കൂരയുള്ള ഒരു കമനീയമായ വിഹാര കേന്ദ്രമായി വർത്തിക്കുക എന്നതായിരുന്നു അറ്റാളുസ് സ്റ്റോവയുടെ പ്രധാന ധർമം. ഘോഷയാത്രകൾ വീക്ഷിക്കാൻ പറ്റിയ സ്ഥലങ്ങൾ ആയിരുന്നു അതിന്റെ തളങ്ങളും മട്ടുപ്പാവും. ഒരു വിഹാര കേന്ദ്രം എന്ന നിലയിലുള്ള അതിന്റെ ജനസമ്മിതിയും വ്യാപാര കേന്ദ്രം എന്ന നിലയിലുള്ള അതിന്റെ വിജയം ഉറപ്പുവരുത്തിയിരിക്കണം. രാഷ്ട്രം സാധ്യതയനുസരിച്ച് കടകൾ വ്യാപാരികൾക്കു വാടകയ്ക്കു കൊടുത്തിരുന്നു. അങ്ങനെ ആ കെട്ടിടം രാജ്യത്തിന്റെ ഒരു വരുമാന മാർഗമായി ഉതകി.
പുനഃരുദ്ധാരണം നടത്തി പഴയ സ്ഥിതിയിൽ ആക്കിത്തീർത്ത അറ്റാളുസ് സ്റ്റോവ ക്ഷേത്രഗണിത രൂപകൽപ്പനയുടെ ഒരു മകുടോദാഹരണമാണ്. അതിന്റെ ആകമാന അനുപാതങ്ങൾ, തൂണുകളുടെ താഴത്തെയും മുകളിലത്തെയും അളവിലുള്ള ഹൃദ്യമായ അന്തരം, പ്രകാശത്തിന്റെയും നിഴലിന്റെയും രസകരമായ പരസ്പര പ്രവർത്തനം, നിർമാണ വസ്തുക്കളുടെ സമൃദ്ധി, മനോഹാരിത എന്നിവയെല്ലാം അതിനെ അതുല്യമാക്കാൻ ഉതകുന്നു. വ്യത്യസ്ത വിധങ്ങളിൽ—പ്രധാനമായും ഡോറിക്, അയോണിയൻ, ഈജിപ്ഷ്യൻ എന്നീ മൂന്നു വ്യത്യസ്ത സ്തംഭശീർഷ മാതൃകകൾ ഉപയോഗിച്ച്—ആവർത്തന വിരസത കുറച്ചിരിക്കുന്നു.
സാംസ്കാരിക പ്രവർത്തനങ്ങൾക്കുള്ള സ്ഥലം
അനേകം സാംസ്കാരിക പരിപാടികളുടെ വേദിയായി വർത്തിച്ചിട്ടുള്ള കെട്ടിടമാണ് സംഗീതശാല. റോമാ ചക്രവർത്തിയായ അഗസ്റ്റസിന്റെ ജാമാതാവായ വിപ്സാനിയസ് അഗ്രിപ്പായുടെ സമ്മാനമായിരുന്നു അത്. അതിന്റെ മുൻഭാഗം ബഹുവർണ മാർബിൾ പാകിയത് ആയിരുന്നു. ഏകദേശം 1,000 പേർക്ക് ഇരിക്കാവുന്ന ആ ഓഡിറ്റോറിയത്തിന് 25 മീറ്റർ വിസ്തൃതി ഉണ്ടായിരുന്നു. ഉള്ളിൽ യാതൊരു താങ്ങും ഇല്ലാത്ത മേൽക്കൂരയാണ് പണികഴിച്ചപ്പോൾ അതിന് ഉണ്ടായിരുന്നത്. മേൽക്കൂരയുടെ കാര്യത്തിൽ, പുരാതന ലോകത്ത് അറിയപ്പെട്ടിരുന്നതിലേക്കും ഏറ്റവും ധീരമായ പരീക്ഷണങ്ങളിൽ ഒന്നായിരുന്നു ഇത്. എന്നാൽ, തങ്ങളുടെ ഉന്നത ധാർമിക നിലവാരങ്ങൾ നിമിത്തം സത്യ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം അവിടെ അവതരിപ്പിച്ചിരുന്ന വിനോദ പരിപാടികളിൽ മിക്കതും ചോദ്യം ചെയ്യത്തക്കവ ആയിരുന്നിരിക്കണം.—എഫെസ്യർ 5:3-5.
പുരാതന കാലത്തെ അന്വേഷണ കുതുകികൾ പാന്റേനോസ് വായനശാല സന്ദർശിച്ചിരിക്കാൻ സകല സാധ്യതയുമുണ്ട്. പപ്പൈറസ്-ചർമപത്ര കയ്യെഴുത്തു ചുരുളുകൾ ശേഖരിച്ചു വെച്ചിരുന്ന അറകളായിരുന്നു അതിന്റെ ഭിത്തികളിൽ മുഴുവനും. വായനശാലയുടെ പ്രധാന മുറി സ്തംഭനിരകളാൽ താങ്ങപ്പെട്ട ഒരു പ്രാകാരത്താൽ പടിഞ്ഞാറേക്ക് അഭിമുഖമായി സ്ഥിതിചെയ്തു. ഉലാത്താനും വായിക്കാനും ധ്യാനിക്കാനും പറ്റിയ ഹൃദ്യമായ ഒരു സ്ഥലമായിരുന്നു ആ പ്രാകാരം. വായനശാലയിലെ രണ്ട് നിയമങ്ങൾ അടങ്ങിയ ഒരു ശിലാലിഖിതം കണ്ടെത്തപ്പെട്ടിട്ടുണ്ട്. “യാതൊരു പുസ്തകവും കൊണ്ടുപോകാൻ പാടില്ല,” “[വായനശാല] ഒരുമണി മുതൽ ആറുമണി വരെ തുറന്നു പ്രവർത്തിക്കും” എന്നിവയായിരുന്നു അവ.
അഗോറ ഇന്ന്
അടുത്ത കാലത്ത് അമേരിക്കൻ സ്കൂൾ ഓഫ് ക്ലാസിക്കൽ സ്റ്റഡീസ് അഗോറയെ ഏതാണ്ട് പൂർണമായും ഉത്ഖനനം ചെയ്തു. അക്രോപൊലിസിന്റെ കീർത്തിയുടെ നിഴലിൽ ശാന്തമായി കിടന്നിരുന്ന ഇവിടം, പുരാതന ഏഥൻസിന്റെ ചരിത്രം ചുരുക്കമായി പരിശോധിക്കാൻ ആഗ്രഹിക്കുന്ന വിനോദ സഞ്ചാരികൾക്കു പ്രിയപ്പെട്ട സ്ഥലമായി മാറിയിരിക്കുന്നു.
ഉപയോഗിച്ച സാധനങ്ങൾ വിൽക്കുന്ന കമ്പോളമായ മോനാസ്റ്റിറാക്കി മറ്റൊരു ചേതോഹര ലോകത്തേക്കുള്ള ചവിട്ടു പടിയാണ്. അഗോറയിൽ നിന്നും അക്രോപൊലിസിൽ നിന്നും അവിടേക്കു നടന്നു പോകാനുള്ള ദൂരമേയുള്ളൂ. ഗ്രീക്ക് പുരാണം, മധ്യപൂർവ ദേശങ്ങളിലേതിനു സമാനമായ കമ്പോളം, വിലപേശൽ എന്നിവ സംബന്ധിച്ച അതിശയകരവും എന്നാൽ ഹൃദ്യവുമായ വിവരം സന്ദർശകർക്ക് അവിടെനിന്നു ലഭിക്കും. 1,900 വർഷങ്ങൾക്കു മുമ്പ് പൗലൊസ് അപ്പൊസ്തലൻ ചെയ്ത അതേ കാര്യംതന്നെ, അതായത് ‘കാണുന്നവരോട്’ രാജ്യത്തിന്റെ സുവാർത്ത പരസ്യമായി പ്രസംഗിക്കുന്ന വേല, യഹോവയുടെ സാക്ഷികൾ സന്തോഷപൂർവം ചെയ്യുന്നത് സന്ദർശകർക്കു തീർച്ചയായും കാണാൻ കഴിയും.
[അടിക്കുറിപ്പുകൾ]
a യാഫെത്തിന്റെ പുത്രനും നോഹയുടെ പൗത്രനുമായ യാവാന്റെ പേരിൽ നിന്നാണ് അയോണിയൻ എന്ന പേരു വരുന്നത്.—ഉല്പത്തി 10:1, 2, 4, 5.
[28-ാം പേജിലെ ചതുരം]
ഏഥൻസിലെ വാണിജ്യം
അഗോറ ഏഥൻസിന്റെ ബൗദ്ധികവും പ്രജാപാലനപരവുമായ കേന്ദ്രസ്ഥാനം മാത്രമല്ല, മറിച്ച് നഗരത്തിലെ പ്രധാന ചന്തസ്ഥലവും ആയിരുന്നു. സ്ഥിരമൂല്യമുള്ള നാണയത്തിനും എല്ലാ വ്യാപാര ഇടപാടുകളും സത്യസന്ധവും ന്യായവുമാണെന്ന് ഉറപ്പുവരുത്താൻ ഉത്തരവാദിത്വപ്പെട്ടിരുന്ന ആർക്കോണുകളുടെ നീതിനിഷ്ഠയ്ക്കും പേരുകേട്ട ഒരു വാണിജ്യ കേന്ദ്രം ആയിത്തീർന്നു ഏഥൻസ്.
വീഞ്ഞ്, ഒലിവ് എണ്ണ, തേൻ, മാർബിൾ എന്നിവയും കളിമണ്ണ്, സംസ്കരിച്ച ലോഹങ്ങൾ തുടങ്ങിയ വ്യാവസായിക ഉത്പന്നങ്ങളും ഏഥൻസ് കയറ്റുമതി ചെയ്തിരുന്നു. അതിനു പകരമായി, ഏഥൻസ് ഇറക്കുമതി ചെയ്തിരുന്നത് പ്രധാനമായും ഗോതമ്പ് ആയിരുന്നു. അറ്റിക്കായിൽ (ഏഥൻസിനു ചുറ്റുമുള്ള പ്രദേശം) വസിച്ചിരുന്ന ആളുകളെ പോറ്റുന്നതിന് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ അവിടെ ഉത്പാദിപ്പിച്ചിരുന്നില്ല. അതുകൊണ്ട്, വാണിജ്യ വിനിമയ നിബന്ധനകൾ വളരെ കർശനമായിരുന്നു. നഗരത്തിലും പട്ടാളക്കാർക്കും വിതരണം ചെയ്യാൻ ആവശ്യമായത്ര പുതിയ ഭക്ഷ്യവസ്തുക്കൾ പിറായൂസിലെ (ഏഥൻസിലെ തുറമുഖം) കമ്പോളത്തിൽ ഉണ്ടായിരിക്കണമായിരുന്നു. ദൗർലഭ്യം ഉണ്ടാകുമ്പോൾ ഉയർന്ന വിലയ്ക്കു വിൽക്കാനായി സാധനങ്ങൾ ശേഖരിച്ചുവെക്കാൻ വ്യാപാരികൾക്ക് അനുവാദം ഉണ്ടായിരുന്നില്ല.