ശൗൽ—കർത്താവിന്റെ തിരഞ്ഞെടുക്കപ്പെട്ട പാത്രം
തർസൊസുകാരനായ ശൗൽ ക്രിസ്തുവിന്റെ അനുഗാമികളുടെ ഒരു ഹിംസാത്മക എതിരാളി ആയിരുന്നു. എന്നാൽ കർത്താവ് അവനുവേണ്ടി കരുതിയിരുന്നത് വ്യത്യസ്തമായൊരു ഭാവിയായിരുന്നു. താൻ ശക്തമായി എതിർത്തിരുന്ന സംഗതിയുടെതന്നെ ഒരു ശ്രദ്ധേയ പ്രതിനിധിയായി ശൗൽ മാറേണ്ടിയിരുന്നു. യേശു പറഞ്ഞു: “അവൻ [ശൗൽ] എന്റെ നാമം ജാതികൾക്കും രാജാക്കന്മാർക്കും യിസ്രായേൽമക്കൾക്കും മുമ്പിൽ വഹിപ്പാൻ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നോരു പാത്രം ആകുന്നു.”—പ്രവൃത്തികൾ 9:15.
ശൗലിനു കരുണ ലഭിക്കുകയും അവൻ കർത്താവായ യേശുക്രിസ്തുവിന്റെ ‘തിരഞ്ഞെടുക്കപ്പെട്ട പാത്രം’ ആയിത്തീരുകയും ചെയ്തപ്പോൾ ഒരു ‘നിഷ്ഠുരൻ’ എന്ന നിലയിലുള്ള അവന്റെ ജീവിതത്തിന് അപ്പാടെ മാറ്റം സംഭവിച്ചു. (1 തിമൊഥെയൊസ് 1:12, 13) ശൗൽ ക്രിസ്തീയ അപ്പോസ്തലനായ പൗലൊസ് ആയിത്തീർന്നപ്പോൾ, സ്തെഫാനൊസിനെ കല്ലെറിയുന്നതിലും യേശുവിന്റെ ശിഷ്യന്മാർക്കു നേരെയുണ്ടായ മറ്റ് ആക്രമണങ്ങളിലും പങ്കുപറ്റാൻ അവനെ പ്രേരിപ്പിച്ച ഓജസ്സ് തികച്ചും വ്യത്യസ്തമായ ലക്ഷ്യങ്ങളിലേക്കു തിരിച്ചുവിടപ്പെട്ടു. യേശു അഭികാമ്യമായ ഗുണങ്ങൾ ശൗലിൽ കണ്ടെന്നു തീർച്ച. എന്തെല്ലാം ഗുണങ്ങൾ? ആരായിരുന്നു ശൗൽ? സത്യാരാധനയെ ഉന്നമിപ്പിക്കാൻ അവന്റെ പശ്ചാത്തലം അവനെ അനുയോജ്യനാക്കിയത് എങ്ങനെ? അവന്റെ അനുഭവത്തിൽ നിന്നു നമുക്ക് എന്തെങ്കിലും പഠിക്കാൻ കഴിയുമോ?
ശൗലിന്റെ കുടുംബ പശ്ചാത്തലം
പൊ.യു. 33 പെന്തക്കോസ്തിനു ശേഷം ഉടൻതന്നെ സ്തെഫാനൊസ് കൊല്ലപ്പെട്ടു. അന്ന് ശൗൽ ‘ഒരു ബാല്യക്കാരൻ’ ആയിരുന്നു. പൊ.യു. 60-61-ൽ ഫിലേമോന് എഴുതുമ്പോൾ അവൻ ഒരു ‘വയസ്സൻ’ ആയിരുന്നു. (പ്രവൃത്തികൾ 7:58; ഫിലേമോൻ 9) പുരാതന കാലത്ത് പ്രായം കണക്കാക്കിയിരുന്ന രീതി സംബന്ധിച്ചുള്ള പണ്ഡിതന്മാരുടെ അഭിപ്രായം അനുസരിച്ച്, 24-നും 40-നും ഇടയ്ക്കു വയസ്സുള്ള ആളിനെ “ബാല്യക്കാര”നായും 50-56-നു മേൽ പ്രായമുള്ള ആളിനെ “വയസ്സ”നായും കണക്കാക്കിയിരുന്നു. അതുകൊണ്ട് യേശു ജനിച്ച് ഏതാനും വർഷങ്ങൾക്കുള്ളിൽ ശൗൽ ജനിച്ചിരിക്കാനാണു സാധ്യത.
യഹൂദന്മാർ അന്നു ലോകത്തിന്റെ അനേകം ഭാഗങ്ങളിൽ ചിതറിപ്പാർത്തിരുന്നു. മറ്റു രാജ്യങ്ങളാലുള്ള കീഴടക്കൽ, അടിമത്തം, നാടുകടത്തൽ, വ്യാപാരം, സ്വമേധയായുള്ള കുടിയേറ്റം എന്നിവ അവർ യഹൂദ്യയിൽനിന്നു ചിതറിപ്പോയതിന്റെ കാരണങ്ങളിൽ പെടുന്നു. തന്റെ കുടുംബം ചിതറിപ്പോയ യഹൂദരിൽപ്പെട്ടത് ആയിരുന്നെങ്കിലും, താൻ, “എട്ടാം നാളിൽ പരിച്ഛേദന ഏററവൻ; യിസ്രായേൽജാതിക്കാരൻ; ബെന്യമീൻഗോത്രക്കാരൻ; എബ്രായരിൽനിന്നു ജനിച്ച എബ്രായൻ; ന്യായപ്രമാണം സംബന്ധിച്ചു പരീശൻ” ആണെന്നു പറഞ്ഞുകൊണ്ട് ശൗൽ ന്യായപ്രമാണത്തോടുള്ള തങ്ങളുടെ കൂറിന് അടിവരയിടുന്നു. ശൗലിന്റെ പേര് അവന്റെ ഗോത്രത്തിലെ ഒരു പ്രമുഖ അംഗമായിരുന്ന ഇസ്രായേലിലെ ഒന്നാമത്തെ രാജാവിന്റെ അതേ എബ്രായ പേരുതന്നെയായിരുന്നു. ജനനംകൊണ്ട് റോമാക്കാരനായ തർസൊസുകാരൻ ശൗലിന് ഒരു ലത്തീൻ പേരും ഉണ്ടായിരുന്നു—പൗലുസ്.—ഫിലിപ്പിയർ 3:5; പ്രവൃത്തികൾ 13:21; 22:25-29.
ശൗൽ റോമാക്കാരനായി ജനിച്ചു എന്ന വസ്തുതയിൽ നിന്ന്, അവന്റെ പൂർവികന്മാരിൽ ഒരാൾ പൗരത്വ പദവി കരസ്ഥമാക്കിയിരുന്നെന്നു വ്യക്തമാണ്. എങ്ങനെ? അതിനു പല സാധ്യതകൾ ഉണ്ട്. പൗരത്വം പാരമ്പര്യമായി മാത്രമല്ല ലഭിച്ചിരുന്നത്. വ്യക്തികൾക്ക് അല്ലെങ്കിൽ സമൂഹങ്ങൾക്ക്, ഏതെങ്കിലും യോഗ്യതകളെ പ്രതിയോ കേവലം രാഷ്ട്രീയ നേട്ടങ്ങൾക്കായോ രാഷ്ട്രത്തിനു ചെയ്ത ശ്രദ്ധേയമായ എന്തെങ്കിലും സേവനത്തിനുള്ള പ്രതിഫലമായോ പൗരത്വം നൽകപ്പെട്ടിരുന്നു. പണം കൊടുത്ത് ഒരു റോമാക്കാരനിൽ നിന്നു സ്വതന്ത്രനാകുകയോ ഒരു റോമാക്കാരനാൽ സ്വതന്ത്രനാക്കപ്പെടുകയോ ചെയ്യുന്ന അടിമ ഒരു റോമാക്കാരൻ ആയിത്തീരുമായിരുന്നു. പോഷക സേനയിലെ ഒരു അംഗം റോമൻ സൈന്യത്തിൽനിന്നു പിരിഞ്ഞു പോകുമ്പോൾ അയാൾക്കും പൗരത്വം ലഭിച്ചിരുന്നു. റോമൻ കോളനികളിൽ താമസിക്കുന്ന തദ്ദേശവാസികൾക്കു കാലക്രമത്തിൽ പൗരന്മാർ ആകാൻ കഴിഞ്ഞിരുന്നു. ചില കാലഘട്ടങ്ങളിൽ വൻതുക കൊടുത്തു പൗരത്വം വാങ്ങാൻ കഴിയുമായിരുന്നെന്നും പറയപ്പെടുന്നു. എന്നാൽ ശൗലിന്റെ കുടുംബത്തിനു പൗരത്വം ലഭിച്ചത് എങ്ങനെയെന്നത് അജ്ഞാതമാണ്.
ശൗൽ, റോമൻ പ്രവിശ്യയായ കിലിക്ക്യയുടെ (ഇന്ന് ദക്ഷിണ ടർക്കിയിൽ) തലസ്ഥാനവും പ്രധാന നഗരവുമായ തർസൊസിൽനിന്ന് ഉള്ളവനാണെന്നു നമുക്ക് അറിയാം. അവിടെ യഹൂദന്മാരുടെ വലിയൊരു സമൂഹം പാർത്തിരുന്നെങ്കിലും അവിടത്തെ ജീവിതം ശൗലിനെ വിജാതീയരുടെ സംസ്കാരവുമായി സമ്പർക്കത്തിൽ ആക്കുമായിരുന്നു. യവന അഥവാ ഗ്രീക്ക് വിദ്യാഭ്യാസത്തിന്റെ ഒരു കേന്ദ്രം എന്ന നിലയിൽ പേരുകേട്ട, വലുതും സമ്പദ്സമൃദ്ധവുമായ നഗരമായിരുന്നു തർസൊസ്. ഒന്നാം നൂറ്റാണ്ടിൽ അവിടെ 3,00,000-ത്തിനും 5,00,000-ത്തിനും ഇടയ്ക്ക് ആളുകൾ ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. ഏഷ്യാ മൈനറിനും സിറിയയ്ക്കും മെസൊപ്പൊത്താമ്യയ്ക്കും ഇടയ്ക്കുള്ള പ്രധാന വീഥി ഈ വാണിജ്യ കേന്ദ്രത്തിലൂടെ കടന്നുപോയിരുന്നു. വാണിജ്യവും ചുറ്റുമുണ്ടായിരുന്ന സമതലപ്രദേശത്തിന്റെ ഫലഭൂയിഷ്ഠതയും ആയിരുന്നു തർസൊസിന്റെ സമ്പദ്സമൃദ്ധിക്കു നിദാനം. ധാന്യങ്ങളും, വീഞ്ഞും, ചണവസ്ത്രവുമാണ് അവിടെ മുഖ്യമായും ഉത്പാദിപ്പിച്ചിരുന്നത്. തഴച്ചുവളർന്നിരുന്ന നെയ്ത്തു വ്യവസായത്തിന്റെ ഭാഗമായി, കൂടാര നിർമാണത്തിന് ഉപയോഗിച്ചിരുന്ന, ആട്ടുരോമംകൊണ്ടുള്ള ശീലകളും ഉത്പാദിപ്പിച്ചിരുന്നു.
ശൗലിന്റെ വിദ്യാഭ്യാസം
സ്വന്തം ഭൗതികാവശ്യങ്ങൾക്കു വേണ്ടി സത്യസന്ധമായി കരുതിയ ശൗൽ അഥവാ പൗലൊസ് കൂടാരപ്പണി ചെയ്തുകൊണ്ട് തന്റെ മിഷനറി പ്രവർത്തനങ്ങളെ പിന്താങ്ങി. (പ്രവൃത്തികൾ 18:2, 3; 20:34) അവന്റെ സ്വദേശമായ തർസൊസിലെ ആളുകളുടെ പ്രധാന തൊഴിലായിരുന്നു കൂടാര നിർമാണം. ചെറുപ്പത്തിൽ തന്റെ പിതാവിൽനിന്ന് ആയിരിക്കാം ശൗൽ കൂടാരപ്പണി പഠിച്ചത്.
ശൗലിന്റെ മിഷനറി വേലയിൽ അവന്റെ ഭാഷാ ജ്ഞാനവും അമൂല്യമെന്നു തെളിഞ്ഞു, വിശേഷിച്ചും റോമാ സാമ്രാജ്യത്തിലെ പൊതുഭാഷ ആയിരുന്ന ഗ്രീക്കിലെ അവന്റെ പ്രാവീണ്യം. (പ്രവൃത്തികൾ 21:37–22:2) ശൗലിന്റെ ഗ്രീക്ക് ഒന്നാന്തരമാണെന്ന് അവന്റെ എഴുത്തുകൾ വിശകലനം ചെയ്തിട്ടുള്ളവർ പറയുന്നു. അവന്റെ പദസമ്പത്ത് പൗരാണികമോ സാഹിത്യാത്മകമോ അല്ല, മറിച്ച് താൻ കൂടെക്കൂടെ ഉദ്ധരിക്കുകയോ പരാവർത്തനം ചെയ്യുകയോ ചെയ്ത എബ്രായ തിരുവെഴുത്തുകളുടെ ഗ്രീക്കു പരിഭാഷയായ സെപ്റ്റുവജിന്റിന്റേതിനോടു സമാനമാണ്. ഈ തെളിവിന്റെ അടിസ്ഥാനത്തിൽ, സാധ്യതയനുസരിച്ച് ഒരു യഹൂദ സ്കൂളിൽനിന്ന് അവന് ഗ്രീക്കു ഭാഷയിൽ മികച്ച അടിസ്ഥാന വിദ്യാഭ്യാസമെങ്കിലും ലഭിച്ചിരുന്നെന്നു പണ്ഡിതന്മാർ നിഗമനം ചെയ്യുന്നു. “പുരാതനകാലത്തു മെച്ചപ്പെട്ട വിദ്യാഭ്യാസം, വിശേഷിച്ചും ഗ്രീക്ക് വിദ്യാഭ്യാസം സൗജന്യം ആയിരുന്നില്ല; സാധാരണഗതിയിൽ, അതിനു സാമ്പത്തിക ചെലവ് ഉണ്ടായിരുന്നു” എന്ന് പണ്ഡിതനായ മാർട്ടിൻ ഹെങ്ങെൽ പറയുന്നു. അതുകൊണ്ട് ശൗലിന്റെ വിദ്യാഭ്യാസം അവൻ ഒരു പ്രമുഖ കുടുംബത്തിൽനിന്ന് ഉള്ളവൻ ആയിരുന്നെന്നു സൂചിപ്പിക്കുന്നു.
സാധ്യതയനുസരിച്ച് ഏകദേശം 13 വയസ്സുള്ളപ്പോൾ അവൻ സ്വന്തം നഗരത്തിൽനിന്ന് ഏതാണ്ട് 840 കിലോമീറ്റർ അകലെ യെരൂശലേമിൽ വിദ്യാഭ്യാസം തുടരുകയായിരുന്നു. പരീശ പാരമ്പര്യം പഠിപ്പിച്ചിരുന്ന വിഖ്യാതനും സമാദരണീയ ഗുരുവും ആയിരുന്ന ഗമാലിയേലിന്റെ കാൽക്കൽ ഇരുന്ന് അവൻ പഠിച്ചു. (പ്രവൃത്തികൾ 22:3; 23:6) ഇന്നത്തെ സർവകലാശാലാ വിദ്യാഭ്യാസത്തിനു തുല്യമായ ആ പഠനം യഹൂദ വ്യവസ്ഥിതിയിൽ പ്രാമുഖ്യത നേടാനുള്ള അവസരം അവനു തുറന്നുകൊടുത്തു.a
പ്രാപ്തികൾ നന്നായി വിനിയോഗിച്ചു
ഒരു യവന-റോമൻ നഗരത്തിലെ യഹൂദ കുടുംബത്തിൽ ജനിച്ച ശൗലിനെ മൂന്നു വ്യത്യസ്ത ഗണങ്ങളിൽ പെടുത്താൻ കഴിയുമായിരുന്നു. സാർവദേശീയ, ബഹുഭാഷാ പശ്ചാത്തലം ‘എല്ലാവർക്കും എല്ലാമായിത്തീരാൻ’ നിസ്സംശയമായും അവനെ സഹായിച്ചു. (1 കൊരിന്ത്യർ 9:19-23) തന്റെ ശുശ്രൂഷയ്ക്കു നിയമ സംരക്ഷണം നേടാനും റോമാ സാമ്രാജ്യത്തിലെ ഏറ്റവും ഉയർന്ന അധികാരിയുടെ മുമ്പാകെ സുവാർത്ത എത്തിക്കാനും റോമൻ പൗരത്വം പിൽക്കാലത്ത് അവനെ സഹായിച്ചു. (പ്രവൃത്തികൾ 16:37-40; 25:11, 12) പുനരുത്ഥാനം പ്രാപിച്ച യേശുവിന് ശൗലിന്റെ പശ്ചാത്തലവും വിദ്യാഭ്യാസവും വ്യക്തിത്വവും അറിയാമായിരുന്നെന്നു തീർച്ച. അവൻ അനന്യാസിനോട് ഇങ്ങനെ പറഞ്ഞു: “നീ പോക; അവൻ എന്റെ നാമം ജാതികൾക്കും രാജാക്കന്മാർക്കും യിസ്രായേൽമക്കൾക്കും മുമ്പിൽ വഹിപ്പാൻ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നോരു പാത്രം ആകുന്നു. എന്റെ നാമത്തിന്നു വേണ്ടി അവൻ എന്തെല്ലാം കഷ്ടം അനുഭവിക്കേണ്ടതാകുന്നു എന്നു ഞാൻ അവനെ കാണിക്കും എന്നു പറഞ്ഞു.” (പ്രവൃത്തികൾ 9:13-16) ശൗലിന്റെ തീക്ഷ്ണത ശരിയായ ദിശയിൽ തിരിച്ചുവിടപ്പെട്ടപ്പോൾ, വിദൂര ദേശങ്ങളിൽ രാജ്യ സന്ദേശം വ്യാപിക്കാൻ അതു കാരണമായി.
യേശു ഒരു പ്രത്യേക ദൗത്യത്തിനായി ശൗലിനെ തിരഞ്ഞെടുത്തത് ക്രിസ്തീയ ചരിത്രത്തിലെ ഒരു അതുല്യ സംഭവമായിരുന്നു. സുവാർത്ത വ്യാപിപ്പിക്കുന്നതിൽ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന വ്യക്തിപരമായ പ്രാപ്തികളും സ്വഭാവ സവിശേഷതകളും ഇന്നത്തെ എല്ലാ ക്രിസ്ത്യാനികൾക്കും ഉണ്ട്. യേശു തന്നിൽനിന്ന് എന്താണ് ആഗ്രഹിക്കുന്നതെന്നു ശൗലിനു മനസ്സിലായപ്പോൾ അവൻ മടിച്ചു നിന്നില്ല. രാജ്യ താത്പര്യങ്ങൾ ഉന്നമിപ്പിക്കാൻ തന്നാലാവത് എല്ലാം അവൻ ചെയ്തു. നിങ്ങളുടെ കാര്യത്തിൽ അതു സത്യമാണോ?
[അടിക്കുറിപ്പുകൾ]
a ഗമാലിയേലിൽനിന്ന് ശൗലിനു ലഭിച്ചിരിക്കാൻ സാധ്യതയുള്ള വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കവും സ്വഭാവവും സംബന്ധിച്ചുള്ള വിവരങ്ങൾക്കായി 1996 ജൂലൈ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 26-9 പേജുകൾ കാണുക.
[30-ാം പേജിലെ ചതുരം/ചിത്രം]
റോമൻ പൗരത്വത്തിന്റെ രജിസ്ട്രേഷനും സാക്ഷ്യപ്പെടുത്തലും
റോമൻ പൗരന്മാരുടെ, നിയമപ്രകാരമുള്ള മക്കളുടെ രജിസ്ട്രേഷൻ ആരംഭിച്ചത് അഗസ്റ്റസ് (ഔഗുസ്തൊസ്) ആണ്. അതിനായി അദ്ദേഹം പൊ.യു. 4-ലും 9-ലും ഓരോ നിയമങ്ങൾ പാസ്സാക്കി. ജനനശേഷം 30 ദിവസത്തിന് ഉള്ളിൽ രജിസ്ട്രേഷൻ നടത്തണമായിരുന്നു. പ്രവിശ്യകളിൽ, ഓരോ കുടുംബവും അതാതു പൊതുരേഖാ കാര്യാലയത്തിലെ മജിസ്ട്രേറ്റിന്റെ മുമ്പാകെ, കുട്ടി നിയമപ്രകാരമുള്ള സന്തതി ആണെന്നും കുട്ടിക്ക് റോമൻ പൗരത്വം ഉണ്ടെന്നും പ്രഖ്യാപിക്കണമായിരുന്നു. മാതാപിതാക്കളുടെ പേരുകൾ, ലിംഗഭേദം, കുട്ടിയുടെ പേര്, ജനനത്തീയതി എന്നിവയും രേഖപ്പെടുത്തിയിരുന്നു. ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതിനു മുമ്പുപോലും, എല്ലാ റോമൻ മുൻസിപ്പാലിറ്റികളിലും കോളനികളിലും ജില്ലകളിലും ഉള്ള പൗരന്മാരുടെ രജിസ്ട്രേഷൻ ഓരോ അഞ്ചു വർഷത്തിലും ഒരു സെൻസസ് മുഖേന പുതുക്കപ്പെട്ടിരുന്നു.
രേഖാ സൂക്ഷിപ്പു ശാലയിൽ കൃത്യമായി സൂക്ഷിച്ചിരുന്ന രേഖകൾ പരിശോധിച്ച് പൗരത്വം സ്ഥിരീകരിക്കാമായിരുന്നു. അത്തരം രേഖകളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികൾ രണ്ടു മടക്കുള്ള എഴുത്തു പലകകളുടെ (മടക്കു ഫലകങ്ങൾ) രൂപത്തിൽ ലഭ്യമായിരുന്നു. ചില പണ്ഡിതന്മാരുടെ അഭിപ്രായം അനുസരിച്ച്, തനിക്കു റോമൻ പൗരത്വം ഉണ്ടെന്ന് പൗലൊസ് അവകാശപ്പെട്ടപ്പോൾ, അതു തെളിയിക്കാനായി ഒരു സർട്ടിഫിക്കറ്റ് ഹാജരാക്കാൻ അവനു സാധിച്ചിരിക്കാം. (പ്രവൃത്തികൾ 16:37; 22:25-29; 25:11) റോമൻ പൗരത്വം മിക്കവാറും “പവിത്രമായി” കരുതപ്പെടുകയും അത് ഒരുവന് അനേകം സവിശേഷ അധികാരങ്ങൾ നൽകുകയും ചെയ്തിരുന്നതു കൊണ്ട് ആ രേഖ കെട്ടിച്ചമയ്ക്കുന്നത് അത്യന്തം ഗുരുതരമായ അപരാധം ആയിരുന്നു. ഒരുവന്റെ പൗരത്വം തെറ്റായി പ്രസ്താവിക്കുന്നത് മരണശിക്ഷാർഹം ആയിരുന്നു.
[കടപ്പാട]
Historic Costume in Pictures/Dover Publications, Inc., New York
[31-ാം പേജിലെ ചതുരം/ചിത്രം]
ശൗലിന്റെ റോമൻ പേര്
എല്ലാ റോമൻ പൗരന്മാരുടെയും പേരിനു കുറഞ്ഞതു മൂന്നു ഘടകങ്ങളെങ്കിലും ഉണ്ടായിരുന്നു. പ്രഥമനാമവും കുടുംബനാമവും (ഒരുവന്റെ ഗോത്രത്തോടോ പിതൃകുലത്തോടോ ബന്ധപ്പെട്ടത്) തൊഴിലിനോടോ മറ്റോ ബന്ധപ്പെട്ട മൂന്നാമത് ഒരു നാമവും ഒരുവന് ഉണ്ടായിരുന്നു. അതിന്റെ ഒരു വിഖ്യാത ദൃഷ്ടാന്തമാണ് ഗേയസ് ജൂലിയസ് സീസർ. ബൈബിളിൽ മുഴുവനായുള്ള റോമൻ പേരുകൾ ഇല്ല. എന്നാൽ അഗ്രിപ്പായുടെ മുഴുവൻ പേർ, മാർക്കസ് ജൂലിയസ് അഗ്രിപ്പാ എന്നായിരുന്നെന്ന് ലൗകിക ഉറവിടങ്ങൾ പറയുന്നു. ഗാലിയോയുടേത്, ലൂസിയസ് ജൂനിയസ് ഗാലിയോ എന്നും. (പ്രവൃത്തികൾ 18:12; 25:13) എന്നാൽ ചിലരുടെ മൂന്നു പേരുകളിൽ അവസാനത്തെ രണ്ടെണ്ണം തിരുവെഴുത്തുകൾ പ്രതിപാദിക്കുന്നുണ്ട്. പൊന്തിയൊസ് പീലാത്തൊസ് (ശിലാലിഖിതം താഴെ കൊടുക്കുന്നു), സെർഗ്ഗ്യൊസ് പൌലൊസ്, ക്ലൌദ്യൊസ് ലുസിയാസ്, പൊർക്ക്യൊസ് ഫെസ്തൊസ് എന്നിവ അതിനു ദൃഷ്ടാന്തങ്ങളാണ്.—പ്രവൃത്തികൾ 4:27; 13:7; 23:26; 24:27.
പൗലുസ് എന്നത് ശൗലിന്റെ പ്രഥമനാമം ആയിരുന്നോ കുടുംബനാമം ആയിരുന്നോ എന്ന് ഉറപ്പായി പറയാൻ സാധിക്കില്ല. ഒരുവന്, അയാളുടെ കുടുംബക്കാരോ പരിചയക്കാരോ വിളിക്കുന്ന അനൗപചാരികമായ മറ്റൊരു പേരുകൂടെ ഉണ്ടായിരിക്കുന്നത് അസാധാരണം ആയിരുന്നില്ല. കൂടാതെ, ശൗൽ എന്നതുപോലുള്ള റോമൻ പേരല്ലാത്ത ഒന്നും പകരനാമമായി ഉപയോഗിക്കാമായിരുന്നു. “[ശൗൽ] എന്നത് ഒരിക്കലും ഒരു റോമൻ പേര് ആയിരിക്കാവുന്നതല്ല, എന്നാൽ ഒരു റോമൻ പൗരന് സിഗ്നും (അപരനാമം) ആയി നൽകപ്പെട്ട ഒരു തദ്ദേശ പേര് എന്ന നിലയിൽ അത് അനുയോജ്യമാണ്.” ബഹുഭാഷാ പ്രദേശങ്ങളിൽ, തന്റെ പേരുകളിൽ ഏത് ഉപയോഗിക്കണമെന്നുള്ള ഒരുവന്റെ തീരുമാനത്തെ നിയന്ത്രിച്ചിരുന്നത് സാഹചര്യങ്ങൾ ആയിരുന്നിരിക്കാം.
[കടപ്പാട]
Photograph by Israel Museum, ©Israel Antiquities Authority