ജീവിത കഥ
മുഴുസമയ ശുശ്രൂഷയിലൂടെ യഹോവയോടുള്ള നന്ദി പ്രകടമാക്കുന്നു!
സ്റ്റാൻലി ഇ. റെയ്നോൾഡ്സ്പറഞ്ഞപ്രകാരം
ഇംഗ്ലണ്ടിലെ ലണ്ടനിലായിരുന്നു എന്റെ ജനനം, 1910-ൽ. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം എന്റെ മാതാപിതാക്കൾ വിൽറ്റ്ഷയറിലുള്ള വെസ്റ്റ്ബറീലേ എന്ന ഒരു കൊച്ചു ഗ്രാമത്തിലേക്കു താമസം മാറ്റി. ഒരു ചെറിയ കുട്ടിയായിരിക്കുമ്പോഴേ ഞാൻ ചിന്തിക്കുമായിരുന്നു, ‘ദൈവം ആരാണ്?’ പക്ഷേ അതിനുള്ള ഉത്തരം പറഞ്ഞുതരാൻ ആർക്കും കഴിഞ്ഞില്ല. ഞങ്ങളുടേതുപോലുള്ള ഒരു കൊച്ചു ഗ്രാമത്തിലെ ആളുകൾക്ക് ദൈവത്തെ ആരാധിക്കാൻ രണ്ട് കപ്പേളകളും ഒരു പള്ളിയും ആവശ്യമായിരിക്കുന്നത് എന്തുകൊണ്ടെന്ന് എത്ര ആലോചിച്ചിട്ടും എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞില്ല.
രണ്ടാം ലോകമഹായുദ്ധം തുടങ്ങുന്നതിന് നാലു വർഷം മുമ്പ്, അതായത് 1935-ൽ, ഞാനും എന്റെ അനുജൻ ഡിക്കും അവധിക്കാലം ചെലവഴിക്കാനായി ഇംഗ്ലണ്ടിന്റെ തെക്കൻ തീരപ്രദേശത്തുള്ള വേമോത്തിലേക്ക് സൈക്കിളിൽ യാത്രയായി. അവിടെ ഞങ്ങളുടെ കൂടാരത്തിൽ, മഴയുടെ ആരവം കാതോർത്തുകൊണ്ട് എന്തു ചെയ്യണമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് പ്രായംചെന്ന, മാന്യനായ ഒരു വ്യക്തി ഞങ്ങളെ സന്ദർശിച്ചത്. അദ്ദേഹം ഞങ്ങൾക്കു മൂന്നു ബൈബിൾ പഠന സഹായികൾ തന്നു.—ദൈവത്തിന്റെ കിന്നരം, വെളിച്ചം I, വെളിച്ചം II (ഇംഗ്ലീഷ്). വിരസത ഒഴിവാക്കാൻ അവ സഹായിക്കുമല്ലോ എന്നു കരുതി സന്തോഷപൂർവം ഞാൻ അവ വാങ്ങി. അവയുടെ വായന ഞാൻ ശരിക്കും ആസ്വദിച്ചു. പക്ഷേ, അത് എന്റെയും അനുജന്റെയും ജീവിതത്തെ പാടേ മാറ്റിമറിക്കുമെന്ന് അപ്പോൾ ഞാൻ അറിഞ്ഞതേയില്ല.
വീട്ടിലെത്തി വിവരങ്ങളെല്ലാം പറഞ്ഞപ്പോൾ, ഞങ്ങളുടെ ഗ്രാമത്തിലുള്ള കേറ്റ് പാർസൺസ് ഇതേ തരത്തിലുള്ള ബൈബിൾ സാഹിത്യങ്ങൾ വിതരണം ചെയ്യുന്നുണ്ടെന്ന് അമ്മ പറഞ്ഞു. ഗ്രാമത്തിൽ മിക്കവാറും എല്ലാവർക്കും കേറ്റിനെ അറിയാമായിരുന്നു. കാരണം, വളരെ പ്രായം ചെന്നിരുന്നെങ്കിലും അവർ ഒരു കൊച്ചു മോട്ടോർ സൈക്കിളിൽ ഞങ്ങളുടെ ഗ്രാമത്തിലെ ആളുകളെ സന്ദർശിക്കുമായിരുന്നു. ഞാൻ അവരെ കാണാൻ ചെന്നു. സൃഷ്ടിപ്പ്, ധനം (ഇംഗ്ലീഷ്) തുടങ്ങി വാച്ച് ടവർ സൊസൈറ്റിയുടെ ചില പ്രസിദ്ധീകരണങ്ങൾ അവർ സന്തോഷപൂർവം എനിക്കു നൽകി. താൻ യഹോവയുടെ സാക്ഷികളിൽ ഒരുവളാണെന്നും അവർ പറഞ്ഞു.
ബൈബിളുമായി ഒത്തുനോക്കിക്കൊണ്ട് ആ പുസ്തകങ്ങൾ വായിച്ചപ്പോൾ യഹോവയാണ് സത്യ ദൈവമെന്ന് എനിക്കു മനസ്സിലായി. അവനെ ആരാധിക്കാൻ ഞാൻ ആഗ്രഹിച്ചു. അതുകൊണ്ട് ഞാൻ പള്ളിയിലേക്ക് ഒരു രാജിക്കത്ത് അയച്ചു. എന്നിട്ട്, ജോൺ മൂഡിയുടെയും ആലിസ് മൂഡിയുടെയും വീട്ടിൽവെച്ചു നടത്തിയിരുന്ന ബൈബിൾ അധ്യയനങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി. ഞങ്ങളുടെ ഏറ്റവും അടുത്തുള്ള പട്ടണമായ വെസ്റ്റ്ബറിയിലാണ് അവർ താമസിച്ചിരുന്നത്. യോഗങ്ങൾക്ക് ഞങ്ങൾ ഏഴു പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. യോഗങ്ങൾക്കു മുമ്പും പിമ്പും കേറ്റ് പാർസൺസ് ഹാർമോണിയം വായിക്കുകയും അതോടൊപ്പം ഞങ്ങൾ ഒരുമിച്ച് ഉച്ചത്തിൽ ഉത്സാഹത്തോടെ രാജ്യഗീതങ്ങൾ പാടുകയും ചെയ്തിരുന്നു.
ആദ്യകാല അനുഭവങ്ങൾ
നാം ജീവിക്കുന്നത് നിർണായകമായ ഒരു കാലഘട്ടത്തിലാണെന്ന് എനിക്കു മനസ്സിലായി. മത്തായി 24:14-ൽ മുൻകൂട്ടി പറഞ്ഞിരിക്കുന്ന പ്രസംഗവേലയിൽ ഒരു പങ്കുണ്ടായിരിക്കാൻ ഞാൻ അതിയായി ആഗ്രഹിച്ചു. അതുകൊണ്ട് ഞാൻ പുകവലി ഉപേക്ഷിച്ചു, വയൽ സേവനത്തിനായി ഒരു ബ്രീഫ്കേസ് വാങ്ങി, മഹാ ദൈവമായ യഹോവയ്ക്ക് ഞാൻ എന്നെത്തന്നെ സമർപ്പിച്ചു.
1936 ആഗസ്റ്റിൽ, വാച്ച് ടവർ സൊസൈറ്റിയുടെ പ്രസിഡന്റ് ആയിരുന്ന ജോസഫ് എഫ്. റഥർഫോർഡ്, “അർമഗെദോൻ” എന്ന വിഷയത്തെ കുറിച്ചു പ്രസംഗിക്കാൻ സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോ സന്ദർശിക്കുകയായിരുന്നു. ഗ്ലാസ്ഗോ 600-ഓളം കിലോമീറ്റർ അകലെ ആയിരുന്നെങ്കിലും അവിടേക്കു പോകാനും ആ കൺവെൻഷനിൽ സ്നാപനമേൽക്കാനും ഞാൻ ദൃഢനിശ്ചയം ചെയ്തു. കൈവശം വേണ്ടത്ര പണം ഇല്ലായിരുന്നതുകൊണ്ട് ഞാൻ എന്റെ സൈക്കിളും കൂടെ കൊണ്ടുപോയി. സ്കോട്ട്ലൻഡിന്റെ അതിർത്തിയിലുള്ള കാർലിൽ എന്ന പട്ടണംവരെ ഞാൻ ട്രെയിനിൽ യാത്ര ചെയ്തു. അവിടെനിന്ന് വടക്കോട്ട് 160 കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് ഞാൻ കൺവെൻഷൻ സ്ഥലത്ത് എത്തിച്ചേർന്നത്. മടക്കയാത്രയിൽ അധികപങ്കും ഞാൻ സൈക്കിളിനെ തന്നെയാണ് ആശ്രയിച്ചത്. തിരിച്ചെത്തിയപ്പോഴേക്കും ശാരീരികമായി തളർന്ന് അവശനായിരുന്നെങ്കിലും ആത്മീയമായി ഞാൻ ബലം പ്രാപിച്ചിരുന്നു.
അതിൽപ്പിന്നെ, സമീപ ഗ്രാമങ്ങളിലുള്ള ആളുകളുമായി എന്റെ വിശ്വാസം പങ്കുവെക്കാൻ സൈക്കിളിലായിരുന്നു ഞാൻ പോയിരുന്നത്. അക്കാലത്ത് ഓരോ സാക്ഷിക്കും ഒരു ‘സാക്ഷ്യ-കാർഡ്’ ഉണ്ടായിരുന്നു. വീട്ടുകാർക്കു വായിക്കാനുള്ള ഒരു തിരുവെഴുത്തു സന്ദേശം ആ കാർഡിന്റെ പുറത്ത് അച്ചടിച്ചിട്ടുണ്ടാകും. സൊസൈറ്റിയുടെ പ്രസിഡന്റിന്റെ ബൈബിൾ പ്രസംഗങ്ങൾ കേൾപ്പിക്കാനായി ഫോണോഗ്രാഫുകളും ഞങ്ങൾ ഉപയോഗിക്കുമായിരുന്നു. കൂടാതെ, എപ്പോഴും ഞങ്ങളുടെ കൈവശം ഒരു മാസികാ ബാഗുംa ഉണ്ടാകും. ആ ബാഗ് കണ്ടാൽത്തന്നെ ഞങ്ങൾ യഹോവയുടെ സാക്ഷികളാണെന്ന് ആളുകൾ തിരിച്ചറിയുമായിരുന്നു.
യുദ്ധകാലത്തെ പയനിയർ സേവനം
എന്റെ സഹോദരൻ 1940-ൽ സ്നാപനമേറ്റു. 1939-ൽ രണ്ടാം ലോകമഹായുദ്ധം തുടങ്ങിയിരുന്നു. മുഴു സമയ ശുശ്രൂഷകർക്കു വേണ്ടിയുള്ള അടിയന്തിര ആവശ്യം ഞങ്ങൾ തിരിച്ചറിഞ്ഞു. അതുകൊണ്ട് ഞങ്ങൾ പയനിയർ സേവനത്തിനുള്ള അപേക്ഷ സമർപ്പിച്ചു. ബ്രിസ്റ്റോളിലെ പയനിയർ ഭവനത്തിൽ ഇരുവർക്കും നിയമനം ലഭിച്ചതിൽ ഞങ്ങൾ വളരെ കൃതജ്ഞത ഉള്ളവരായിരുന്നു. കാരണം, അവിടെ ഉണ്ടായിരുന്ന എഡിത്ത് പൂൾ, ബെർട്ട് ഫാർമർ, ടോം ബ്രിഡ്ജസ്, ഡൊറോത്തി ബ്രിഡ്ജസ്, ബെർനാർഡ് ഹൊട്ടങ് തുടങ്ങിയ പയനിയർമാരുടെ വിശ്വാസം വളരെ നാളായി ഞങ്ങൾ വിലമതിച്ചിരുന്നതാണ്.
ഞങ്ങളെ കൊണ്ടുപോകാനായി, “യഹോവയുടെ സാക്ഷികൾ” എന്ന് ഇരുവശങ്ങളിലും തടിച്ച അക്ഷരത്തിൽ എഴുതിയിരുന്ന ഒരു ചെറിയ വാൻ വന്നു. സ്റ്റാൻലി ജോൺസ് ആയിരുന്നു ഡ്രൈവർ. പിന്നീട് ചൈനയിൽ മിഷനറിയായി സേവനം അനുഷ്ഠിച്ച അദ്ദേഹത്തിന് പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെട്ടതിന്റെ പേരിൽ ഏഴു വർഷം അവിടെ ഏകാന്തതടവിൽ കഴിയേണ്ടി വന്നു.
യുദ്ധം കൊടുമ്പിരികൊണ്ടപ്പോൾ ഞങ്ങൾക്ക് ഒരു രാത്രി പോലും ശരിക്കുറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഞങ്ങളുടെ പയനിയർ ഭവനത്തിനു ചുറ്റും ബോംബുകൾ വീണുകൊണ്ടിരുന്നു. അതുകൊണ്ട് എപ്പോഴും ജാഗ്രതയോടിരിക്കണമായിരുന്നു. ഒരു സായാഹ്നത്തിൽ, 200 സാക്ഷികൾ പങ്കെടുത്ത നല്ലൊരു സമ്മേളനം കഴിഞ്ഞ് കടുത്ത ഷെൽ വർഷത്തിനിടയിലൂടെയാണ് ഞങ്ങൾ ബ്രിസ്റ്റോളിലെ ജനസാന്ദ്രമായ ഭാഗത്തുനിന്ന് താരതമ്യേന സുരക്ഷിതമായിരുന്ന ഞങ്ങളുടെ ഭവനത്തിൽ എത്തിച്ചേർന്നത്.
പിറ്റേ ദിവസം രാവിലെ, ബ്രിസ്റ്റോളിൽ തലേന്നു ഞങ്ങൾ വെച്ചിട്ടു പോന്ന സാധനങ്ങൾ എടുക്കാനായി ഞാനും ഡിക്കും അങ്ങോട്ടു പോയി. ഞങ്ങൾ ചെന്നപ്പോൾ കണ്ട കാഴ്ചയോ! ബ്രിസ്റ്റോൾ ഒരു കശാപ്പുസ്ഥലം പോലെ ആയിരുന്നു. നഗരത്തിന്റെ ഹൃദയഭാഗം മുഴുവൻ കത്തിനശിച്ചിരുന്നു. ഞങ്ങളുടെ രാജ്യഹാൾ സ്ഥിതി ചെയ്തിരുന്ന പാർക്ക് സ്ട്രീറ്റ് ചാരക്കൂമ്പാരമായി മാറിയിരുന്നു. എങ്കിലും സാക്ഷികൾക്ക് ആർക്കും പരിക്കേൽക്കുകയോ അവർ ആരും മരിക്കുകയോ ചെയ്തില്ല. സന്തോഷകരമെന്നു പറയട്ടെ, രാജ്യഹാളിലുണ്ടായിരുന്ന ബൈബിൾ സാഹിത്യങ്ങളെല്ലാം ഞങ്ങൾ സഹോദരങ്ങളുടെ വീടുകളിലേക്കു മാറ്റിയിരുന്നു. അതിനെല്ലാം ഞങ്ങൾ യഹോവയ്ക്കു നന്ദി പറഞ്ഞു.
വീണുകിട്ടിയ സ്വാതന്ത്ര്യം
ഞാൻ അധ്യക്ഷ മേൽവിചാരകനായി സേവിച്ചിരുന്ന ബ്രിസ്റ്റോൾ സഭ 64 ശുശ്രൂഷകരുള്ള ഒന്നായി വളർന്നപ്പോഴാണ് സൈനിക സേവനത്തിൽ ചേരാനുള്ള ഉത്തരവ് എനിക്കു ലഭിക്കുന്നത്. നിഷ്പക്ഷ നിലപാടു നിമിത്തം ഒട്ടേറെ സാക്ഷികളെ അതിനോടകം തടവിലാക്കിയിരുന്നു. സമാനമായി എന്റെയും പ്രസംഗ സ്വാതന്ത്ര്യത്തിനു തിരശ്ശീല വീഴുമെന്നു ഞാൻ കരുതി. ബ്രിസ്റ്റോളിലെ ഒരു പ്രാദേശിക കോടതി എന്റെ കേസ് വിചാരണയ്ക്ക് എടുത്തു. കോടതിയിൽ എനിക്കു വേണ്ടി വാദിച്ചത് ആന്റണി ബക്ക് എന്ന സഹോദരനായിരുന്നു. ഒരു മുൻ ജയിൽ ഉദ്യോഗസ്ഥനായ അദ്ദേഹം ബൈബിൾ സത്യത്തിനു വേണ്ടി സധൈര്യം ഉറച്ച നിലപാടു സ്വീകരിച്ചിരുന്നു. അദ്ദേഹം കോടതി മുമ്പാകെ കാര്യങ്ങൾ വേണ്ടവിധം ബോധിപ്പിച്ചതിനാൽ എന്റെ പ്രതീക്ഷയ്ക്കു വിപരീതമായി കോടതി എന്നെ സൈനിക സേവനത്തിൽനിന്നു പൂർണമായി ഒഴിവാക്കി, അതും ഞാൻ മുഴുസമയ ശുശ്രൂഷയിൽത്തന്നെ തുടർന്നുകൊള്ളണമെന്ന നിബന്ധനയിൽ!
എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു, സാധിക്കുന്നത്ര പ്രസംഗിക്കുന്നതിനുവേണ്ടി എന്റെ സ്വാതന്ത്ര്യം ഉപയോഗിക്കാൻ ഞാൻ ദൃഢനിശ്ചയം ചെയ്തു. അങ്ങനെയിരിക്കെയാണ്, ലണ്ടൻ ബ്രാഞ്ച് ഓഫീസിലെ ബ്രാഞ്ച് മേൽവിചാരകനായ ആൽബർട്ട് ഡി. ഷ്രോഡറുമായി സംസാരിക്കാൻ അവിടേക്കു ചെല്ലണമെന്ന് അറിയിച്ചുകൊണ്ടുള്ള ഒരു ഫോൺകോൾ എനിക്കു ലഭിച്ചത്. അത് എന്തിനായിരിക്കുമെന്നു സ്വാഭാവികമായും ഞാൻ അതിശയിച്ചു. ഓരോ ആഴ്ചയും യോക്ക്ഷയറിലെ വിവിധ സഭകൾ സന്ദർശിച്ച് സഹോദരങ്ങളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് ഒരു സഞ്ചാര മേൽവിചാരകനായി സേവിക്കാനാണ് എന്നെ ക്ഷണിച്ചതെന്ന് അറിഞ്ഞപ്പോൾ എനിക്കുണ്ടായ ആശ്ചര്യം നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ. ആ നിയമനം ഏറ്റെടുക്കാൻ ഞാൻ തീർത്തും അപ്രാപ്തനാണെന്ന് എനിക്കു തോന്നി. പക്ഷേ എനിക്ക് സൈനിക സേവനത്തിൽനിന്ന് ഒഴിവുണ്ടായിരുന്നു, മറ്റു ബാധ്യതകളൊന്നും ഉണ്ടായിരുന്നതുമില്ല. അതുകൊണ്ട് ഞാൻ മനസ്സോടെ യഹോവയുടെ മാർഗനിർദേശം അനുസരിച്ചു പ്രവർത്തിച്ചു.
1941 ഏപ്രിലിൽ ഹഡേർസ്ഫീൽഡിൽ നടന്ന ഒരു സമ്മേളനത്തിൽ ആൽബർട്ട് ഷ്രോഡർ എന്നെ സഹോദരങ്ങൾക്കു പരിചയപ്പെടുത്തി. അങ്ങനെ ഞാൻ എന്റെ പുതിയ നിയമനം ഏറ്റെടുത്തു. ആ പ്രിയപ്പെട്ട സഹോദരങ്ങളെ അടുത്തറിയാൻ കഴിഞ്ഞതിൽ ഞാൻ എത്ര സന്തോഷവാനായിരുന്നെന്നോ! യഹോവയ്ക്കു തങ്ങളെത്തന്നെ പൂർണമായി സമർപ്പിച്ചിരിക്കുന്ന, പരസ്പരം സ്നേഹിക്കുന്ന, ഒരു ജനത അവന് ഉണ്ടെന്നുള്ള വസ്തുത കൂടുതൽ വിലമതിക്കാൻ അവരുടെ സ്നേഹവും ദയയും എന്നെ സഹായിച്ചു.—യോഹന്നാൻ 13:35.
കൂടുതൽ സേവനപദവികൾ
1941-ൽ ലെസ്റ്റേഴ്സ് ഡി മൊൺഫോർട്ട് ഹാളിൽ അഞ്ചു ദിവസത്തെ ഒരു ദേശീയ കൺവെൻഷൻ നടന്നു. അവിസ്മരണീയമായ ഒരു കൺവെൻഷൻ ആയിരുന്നു അത്. ആഹാരസാധനങ്ങൾക്കു റേഷൻ ഏർപ്പെടുത്തുകയും വാഹനഗതാഗതത്തിനു നിയന്ത്രണങ്ങൾ വെക്കുകയുമൊക്കെ ചെയ്തിരുന്ന ഒരു സമയമായിരുന്നു അതെങ്കിലും ഹാജരായിരുന്നവരുടെ എണ്ണം അതിശയിപ്പിക്കുന്നതായിരുന്നു. അന്നു രാജ്യത്തു മൊത്തം ഏതാണ്ട് 11,000 സാക്ഷികളേ ഉണ്ടായിരുന്നുള്ളുവെങ്കിലും ഞായറാഴ്ചത്തെ അത്യുച്ച ഹാജർ 12,000 ആയിരുന്നു. സൊസൈറ്റിയുടെ പ്രസിഡന്റിന്റെ റെക്കോർഡ് ചെയ്ത പ്രസംഗങ്ങൾ കൺവെൻഷനു കേൾപ്പിക്കുകയുണ്ടായി, മക്കൾ (ഇംഗ്ലീഷ്) എന്ന പുസ്തകം പ്രകാശനം ചെയ്തു. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരികൊണ്ടിരുന്ന അവസരത്തിൽ നടന്ന ആ കൺവെൻഷൻ ബ്രിട്ടനിലെ യഹോവയുടെ സാക്ഷികളുടെ ദിവ്യാധിപത്യ ചരിത്രത്തിലെ ഒരു നാഴികക്കല്ല് ആയിരുന്നു.
ഈ കൺവെൻഷൻ കഴിഞ്ഞ് അധികം താമസിയാതെ, ലണ്ടനിലെ ബെഥേൽ ഭവനത്തിൽ സേവിക്കാനുള്ള ക്ഷണം എനിക്കു ലഭിച്ചു. ഞാൻ ആദ്യം ഷിപ്പിങ്, പാക്കിങ് വിഭാഗങ്ങളിലായിരുന്നു സേവിച്ചിരുന്നത്. പിന്നീട്, സഭകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഓഫീസിലേക്കു മാറി.
ബെഥേൽ ഭവനം സ്ഥിതി ചെയ്തിരുന്ന ലണ്ടനിൽ രാവും പകലുമെന്നില്ലാതെ വ്യോമാക്രമണം നടക്കുകയായിരുന്നു. അധികൃതർ ബെഥേലിലെ ഉത്തരവാദിത്വപ്പെട്ട സഹോദരന്മാരെ നിരന്തരം ചോദ്യം ചെയ്തുകൊണ്ടിരുന്നു. പ്രൈസ് ഹ്യൂസ്, യൂവർട്ട് ചിറ്റീ, ഫ്രാങ്ക് പ്ലാറ്റ് എന്നിവരെ അവരുടെ നിഷ്പക്ഷ നിലപാടു നിമിത്തം തടവിലാക്കി. ആൽബർട്ട് ഷ്രോഡറെ അമേരിക്കയിലേക്കു നാടുകടത്തി. ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം ഉണ്ടായിരുന്നെങ്കിലും, സഭകൾക്കും രാജ്യതാത്പര്യങ്ങൾക്കും തുടർച്ചയായി നല്ല മേൽനോട്ടം വഹിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു.
ഗിലെയാദിലേക്ക്!
1945-ൽ യുദ്ധം അവസാനിച്ചപ്പോൾ, വാച്ച്ടവർ ബൈബിൾ ഗിലെയാദ് സ്കൂളിലെ മിഷനറി പരിശീലനത്തിനായി ഞാൻ അപേക്ഷ സമർപ്പിച്ചു. 1946-ൽ എട്ടാമത്തെ ക്ലാസിൽ പങ്കെടുക്കാൻ എനിക്കു ക്ഷണം ലഭിച്ചു. ടോണി ആറ്റ്വുഡ്, സ്റ്റാൻലി ജോൺസ്, ഹാരോൾഡ് കിങ്, ഡോൺ റെൻഡെൽ, സ്റ്റാൻലി വുഡ്ബേർൺ തുടങ്ങി ഞങ്ങൾ ഒട്ടേറെ പേർക്ക് ഫൗയീയിലെ കോർണിഷ് മത്സ്യബന്ധന തുറമുഖത്തുനിന്ന് കപ്പൽ കയറാനുള്ള സൗകര്യം സൊസൈറ്റി ഒരുക്കിത്തന്നു. സ്ഥലത്തെ ഒരു സഹോദരൻ, ചൈനാക്ലേ കയറ്റിക്കൊണ്ടു പോകുന്ന ഒരു ചെറിയ കപ്പലിൽ ഞങ്ങൾക്കു വേണ്ടി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഞങ്ങൾക്കു കിട്ടിയ മുറികൾ വളരെ ഇടുങ്ങിയവയായിരുന്നു. തറയിലാണെങ്കിൽ മിക്കപ്പോഴും വെള്ളം കെട്ടിക്കിടന്നിരുന്നു. ഒടുവിൽ, ഇറങ്ങേണ്ട തുറമുഖത്ത്, അതായത് ഫിലഡെൽഫിയയിൽ, എത്തിയപ്പോൾ ഞങ്ങൾക്കെല്ലാവർക്കും എന്തൊരാശ്വാസമാണ് അനുഭവപ്പെട്ടത്!
വടക്കൻ ന്യൂയോർക്കിലെ സൗത്ത് ലാൻസിങ്ങിലായിരുന്നു മനോഹരമായ ഗിലെയാദ് കെട്ടിടം സ്ഥിതി ചെയ്തിരുന്നത്. അവിടെനിന്നു ലഭിച്ച പരിശീലനം എനിക്കു വളരെ പ്രയോജനം ചെയ്തു. ഞങ്ങളുടെ ക്ലാസിലെ വിദ്യാർഥികൾ 18 രാജ്യങ്ങളിൽനിന്നു വന്നവരായിരുന്നു. വിദേശ രാജ്യങ്ങളിൽനിന്ന് ഇത്രയധികം ശുശ്രൂഷകരെ സൊസൈറ്റിക്ക് ക്ഷണിക്കാൻ കഴിഞ്ഞത് ഇതാദ്യമായിരുന്നു. ഞങ്ങൾ എല്ലാവരും അടുത്ത സുഹൃത്തുക്കളായിത്തീർന്നു. എന്റെ മുറിയിൽ താമസിച്ചിരുന്ന ഫിൻലൻഡുകാരനായ കല്ലീ സാല്ലവാറയുമൊത്തുള്ള സഹവാസം ഞാൻ വളരെ ആസ്വദിച്ചു.
സമയം കടന്നുപോയതു പെട്ടെന്നാണ്. അഞ്ചാം മാസത്തിന്റെ അവസാനം, ഞങ്ങൾക്ക് ബിരുദം നൽകാനും ഞങ്ങളുടെ നിയമനങ്ങൾ എവിടെയായിരിക്കുമെന്നു പറയാനുമായി സൊസൈറ്റിയുടെ അന്നത്തെ പ്രസിഡന്റ് ആയിരുന്ന നാഥാൻ എച്ച്. നോർ ബ്രുക്ലിൻ ആസ്ഥാനത്തുനിന്നു വന്നു. അന്നൊക്കെ, ബിരുദദാന ചടങ്ങിൽവെച്ച് നിയമനം എവിടെയായിരിക്കും എന്നു പ്രഖ്യാപിക്കുമ്പോൾ മാത്രമേ വിദ്യാർഥികൾ അതേ കുറിച്ച് അറിയുമായിരുന്നുള്ളൂ. ലണ്ടൻ ബെഥേലിൽ മടങ്ങിച്ചെന്ന് അവിടെ സേവനം തുടരുന്നതിനുള്ള നിയമനമാണ് എനിക്കു ലഭിച്ചത്.
തിരികെ ലണ്ടനിലേക്ക്
ബ്രിട്ടനിൽ യുദ്ധാനന്തര വർഷങ്ങളിൽ ജീവിതം ക്ലേശകരമായിരുന്നു. ഭക്ഷണത്തിനും കടലാസ് ഉൾപ്പെടെ മറ്റ് അവശ്യവസ്തുക്കൾക്കും ഏർപ്പെടുത്തിയിരുന്ന റേഷനിങ് അപ്പോഴും നിലവിലുണ്ടായിരുന്നു. എന്നാൽ ഞങ്ങൾക്കു പിടിച്ചുനിൽക്കാൻ സാധിച്ചു, രാജ്യവേലയ്ക്കു നല്ല പുരോഗതി ഉണ്ടായി. ബെഥേലിൽ സേവിച്ചിരുന്നതിനു പുറമേ, ഞാൻ ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിലും സർക്കിട്ട് സമ്മേളനങ്ങളിലും സേവിക്കുകയും സഭകൾ സന്ദർശിക്കുകയും ചെയ്തിരുന്നു, അതിൽ അയർലൻഡിലെ ചില സഭകളും ഉൾപ്പെട്ടിരുന്നു. യൂറോപ്പിൽനിന്നുള്ള എറിക് ഫ്രോസ്റ്റിനെയും മറ്റു സഹോദരീസഹോദരന്മാരെയും പരിചയപ്പെടാൻ കഴിഞ്ഞതും നാസി തടങ്കൽപ്പാളയങ്ങളിൽ ഘോരയാതനകൾ അഭിമുഖീകരിച്ച സഹസാക്ഷികളുടെ അചഞ്ചലമായ വിശ്വാസത്തെ കുറിച്ച് അവരിൽനിന്നു മനസ്സിലാക്കാൻ കഴിഞ്ഞതും വലിയൊരു കാര്യമായിരുന്നു. ബെഥേൽ സേവനം തീർച്ചയായും ഒരു വലിയ അനുഗ്രഹമായിരുന്നു.
ജോൺ വെബിനെ പത്തു വർഷമായി എനിക്ക് അറിയാമായിരുന്നു. ലണ്ടന്റെ വടക്കുള്ള വാറ്റ്ഫോർഡ് എന്ന പട്ടണത്തിൽ ഒരു പ്രത്യേക പയനിയറായി സേവനം അനുഷ്ഠിക്കുകയായിരുന്നു അവൾ. 1952-ൽ ഞങ്ങൾ വിവാഹിതരായി. മുഴുസമയ ശുശ്രൂഷയിൽ തുടരാനായിരുന്നു ഞങ്ങൾക്ക് ആഗ്രഹം. അതുകൊണ്ട്, ബെഥേലിൽനിന്നു പോന്നശേഷം സഞ്ചാര മേൽവിചാരകനായി എനിക്കു നിയമനം ലഭിച്ചപ്പോൾ ഞങ്ങളിരുവരും എത്ര സന്തോഷിച്ചെന്നോ! ഞങ്ങളുടെ ആദ്യത്തെ സർക്കിട്ട് ഇംഗ്ലണ്ടിന്റെ തെക്കേ തീരത്ത്, സസിക്സിലും ഹാമ്പ്ഷയറിലും ആയിരുന്നു. അന്നൊക്കെ സർക്കിട്ട് വേല അത്ര എളുപ്പമായിരുന്നില്ല. ഞങ്ങൾ മിക്കവാറും ബസിലും സൈക്കിളിലും കാൽനടയായും ഒക്കെയാണ് യാത്ര ചെയ്തിരുന്നത്. പല സഭകൾക്കും വയൽ സേവനത്തിനായി നിയമിച്ചു കിട്ടിയിരുന്നത് ഉൾഗ്രാമങ്ങളിലുള്ള വലിയ പ്രദേശങ്ങൾ ആയിരുന്നു. മിക്കപ്പോഴും അവിടെ എത്തിപ്പെടാൻ പ്രയാസമായിരുന്നു. എന്നാൽ സാക്ഷികളുടെ എണ്ണം നിരന്തരം വർധിച്ചുകൊണ്ടിരുന്നു.
1958-ൽ ന്യൂയോർക്കിലേക്ക്
1957-ൽ ബെഥേലിൽനിന്ന് മറ്റൊരു ക്ഷണം ലഭിച്ചു: “1958-ൽ ന്യൂയോർക്കിലെ യാങ്കീ സ്റ്റേഡിയത്തിലും പോളോ ഗ്രൗണ്ടിലുമായി നടക്കാനിരുന്ന ഇന്റർനാഷണൽ അസംബ്ലിയുമായി ബന്ധപ്പെട്ട യാത്രാ ക്രമീകരണങ്ങളിൽ സഹായിക്കുന്നതിനു ബ്രാഞ്ചിലേക്കു വരാൻ ആഗ്രഹിക്കുന്നുവോ?” സൊസൈറ്റി വാടകയ്ക്കെടുക്കുന്ന വിമാനങ്ങളിലും കപ്പലുകളിലും സീറ്റുകൾ ലഭിക്കുന്നതിനുവേണ്ടി സഹോദരങ്ങൾ അയച്ച അപേക്ഷാഫാറങ്ങൾ കൈകാര്യം ചെയ്യുന്ന ചുമതല ഞാനും ജോണും പെട്ടെന്നുതന്നെ ഏറ്റെടുത്തു. വിഖ്യാതമായ ആ ദിവ്യഹിത ഇന്റർനാഷണൽ കൺവെൻഷനിൽ 2,53,922 പേർ പങ്കെടുക്കുകയുണ്ടായി. ആ കൺവെൻഷനിൽ 7,136 പേർ യഹോവയ്ക്കുള്ള തങ്ങളുടെ സമർപ്പണം ജലസ്നാപനത്താൽ പ്രതീകപ്പെടുത്തി, ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന പൊ.യു. 33 പെന്തക്കോസ്തിലെ ചരിത്രപ്രധാന സന്ദർഭത്തിൽ സ്നാപനമേറ്റതിന്റെ ഇരട്ടിയിലേറെ ആളുകൾ.—പ്രവൃത്തികൾ 2:41.
കൺവെൻഷനിൽ സംബന്ധിക്കാൻ 123 രാജ്യങ്ങളിൽനിന്നായി ന്യൂയോർക്ക് നഗരത്തിൽ എത്തിച്ചേരുന്നവരെ സഹായിക്കുന്നതിന് ഞങ്ങളെ വ്യക്തിപരമായി ക്ഷണിക്കുകവഴി നോർ സഹോദരൻ കാണിച്ച സ്നേഹം ജോണും ഞാനും ഒരിക്കലും മറക്കില്ല. അത് ഞങ്ങളെ സംബന്ധിച്ചിടത്തോളം, സന്തോഷകരവും സംതൃപ്തിദായകവുമായ ഒരു അനുഭവമായിരുന്നു.
മുഴുസമയ സേവനത്തിന്റെ അനുഗ്രഹങ്ങൾ
തിരിച്ചുവന്ന് ഞങ്ങൾ സഞ്ചാര വേലയിൽ തുടർന്നു. എന്നാൽ പിന്നീട് ഞങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി. ജോണിന് ആശുപത്രിയിൽ കിടക്കേണ്ടി വന്നു. എനിക്ക് ചെറിയ തോതിൽ മസ്തിഷ്കാഘാതമുണ്ടായി. അതുകൊണ്ട് ഞങ്ങൾ പ്രത്യേക പയനിയർ സേവനത്തിലേക്കു മാറി. എന്നാൽ പിന്നീട് ഇടയ്ക്കിടെ സർക്കിട്ട് വേലയും ചെയ്തു. ഒടുവിൽ ഞങ്ങൾ ബ്രിസ്റ്റോളിലേക്കു മടങ്ങി. അവിടെ ഞങ്ങൾ ഇപ്പോൾ മുഴുസമയ സേവനം തുടരുന്നു. എന്റെ സഹോദരൻ ഡിക്കും കുടുംബവും ഞങ്ങളുടെ വീടിന് അടുത്താണു താമസിക്കുന്നത്. പഴയ കാര്യങ്ങൾ ഞങ്ങൾ ഇപ്പോഴും ഓർക്കാറുണ്ട്.
1971-ൽ തിമിരം ബാധിച്ച് എന്റെ കാഴ്ച തകരാറിലായി. അത് ഇനി ശരിയാക്കാനും കഴിയില്ല. വായിക്കാൻ വലിയ ബുദ്ധിമുട്ടായതുകൊണ്ട് ഞാൻ ബൈബിൾ സാഹിത്യങ്ങളുടെ കാസെറ്റുകൾ കേൾക്കുന്നു. യഹോവയിൽനിന്നുള്ള ഒരു വിസ്മയാവഹമായ കരുതൽ ആണ് ഈ കാസെറ്റുകൾ. ഞാനും ജോണും ഇപ്പോഴും ബൈബിൾ അധ്യയനങ്ങൾ നടത്തുന്നുണ്ട്. ഇതുവരെയുള്ള സേവനത്തിൽ 7 പേർ അടങ്ങിയ ഒരു കുടുംബത്തെ ഉൾപ്പെടെ 40 പേരെ സത്യത്തിന്റെ പരിജ്ഞാനം സമ്പാദിക്കുന്നതിൽ സഹായിക്കാൻ ഞങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്.
60 വർഷം മുമ്പ് യഹോവയ്ക്കായി ഞങ്ങളുടെ ജീവിതം സമർപ്പിച്ചപ്പോൾ മുഴു സമയ ശുശ്രൂഷയിൽ പ്രവേശിക്കാനും അതിൽ തുടരാനുമായിരുന്നു ഞങ്ങളുടെ ആഗ്രഹം. ഇപ്പോഴും ആരോഗ്യത്തോടിരുന്ന് മഹാനായ യഹോവയെ സേവിക്കാൻ കഴിയുന്നതിൽ ഞങ്ങൾ എത്ര നന്ദിയുള്ളവരാണെന്നോ! അവൻ ഞങ്ങൾക്കായി ചെയ്തിരിക്കുന്ന നന്മയെയും ഞങ്ങൾ ആസ്വദിക്കുന്ന സന്തുഷ്ട ജീവിതത്തെയും പ്രതി അവനോടു വിലമതിപ്പു പ്രകടമാക്കാനുള്ള ഏക മാർഗം അതാണ്.
[അടിക്കുറിപ്പുകൾ]
a തോളിൽ തൂക്കിയിടാവുന്ന, തുണികൊണ്ടുള്ള ഈ ബാഗ് വീക്ഷാഗോപുരം, ആശ്വാസം (ഇപ്പോഴത്തെ ഉണരുക!) എന്നീ മാസികകൾ കൊണ്ടുനടക്കാൻ പറ്റിയതായിരുന്നു.
[25-ാം പേജിലെ ചിത്രം]
എന്റെ സഹോദരൻ ഡിക്കിനോടും (ഏറ്റവും ഇടത്ത് ഡിക്ക് നിൽക്കുന്നു) മറ്റു പയനിയർമാരോടും ഒപ്പം ബ്രിസ്റ്റോളിലെ പയനിയർ ഭവനത്തിൽ
[25-ാം പേജിലെ ചിത്രം]
ബ്രിസ്റ്റോളിലെ പയനിയർ ഭവനം 1940-ൽ
[26-ാം പേജിലെ ചിത്രങ്ങൾ]
1952 ജനുവരി 12-ന് സ്റ്റാൻലി റെയ്നോൾഡ്സും ജോണും വിവാഹിതരായപ്പോൾ, അവർ ഇന്ന്