കപടനാട്യത്തെ നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യും?
ഗെത്ത്ശെമന തോട്ടത്തിൽവെച്ച് യൂദാ ഈസ്കര്യോത്താ യേശുവിന്റെ അടുക്കൽ ചെന്ന് “അവനെ ചുംബിച്ചു.” അക്കാലത്ത് ഊഷ്മളമായ സ്നേഹം പ്രകടിപ്പിക്കുന്നതിനുള്ള ആചാരപരമായ ഒരു രീതിയായിരുന്നു ചുംബനം. എന്നാൽ യൂദായുടെ ചുംബനം വെറുമൊരു നാട്യമായിരുന്നു, യേശുവിനെ അറസ്റ്റു ചെയ്യാൻ രാത്രിയിൽ വന്നവർക്ക് അവനെ കാട്ടിക്കൊടുക്കുക എന്നതു മാത്രമായിരുന്നു അതിന്റെ ഉദ്ദേശ്യം. (മത്തായി 26:48, 49) യൂദാ ഒരു കപടനാട്യക്കാരൻ—യഥാർഥത്തിൽ അല്ലാത്ത ഒരുവനായി നടിക്കുന്നവൻ, ആത്മാർഥതയുടെ മുഖംമൂടികൊണ്ട് മോശമായ ആന്തരങ്ങളെ മറയ്ക്കുന്നവൻ—ആയിരുന്നു. ‘കപടനാട്യക്കാരൻ’ എന്നു വിവർത്തനം ചെയ്തിരിക്കുന്ന ഗ്രീക്കു പദത്തിന്റെ അർഥം “ഉത്തരം പറയുന്നവൻ” എന്നാണ്, അത് സ്റ്റേജിലെ ഒരു നടനെയും സൂചിപ്പിക്കുന്നു. പിൽക്കാലത്ത്, ആളുകളെ വഞ്ചിക്കുന്നതിനു നാട്യം പ്രയോഗിക്കുന്ന ഏതൊരാളെ കുറിക്കാനും ആ പദം ഉപയോഗിച്ചുതുടങ്ങി.
നിങ്ങൾ കപടനാട്യത്തോട് എങ്ങനെയാണു പ്രതികരിക്കുന്നത്? സിഗരറ്റ് ഹാനികരമാണെന്ന വൈദ്യശാസ്ത്ര തെളിവ് ഉണ്ടായിരുന്നിട്ടും പുകവലി പ്രോത്സാഹിപ്പിക്കുന്ന സിഗരറ്റ് നിർമാതാക്കളെ കാണുമ്പോൾ നിങ്ങൾക്കു കടുത്ത അമർഷം തോന്നാറുണ്ടോ? തങ്ങളുടെ പരിപാലന ചുമതലയിൽ ഏൽപ്പിക്കപ്പെട്ടിരിക്കുന്നവരെ ദ്രോഹിക്കുന്നവരുടെ കാപട്യത്തിൽ നിങ്ങൾ അമർഷം കൊള്ളാറുണ്ടോ? യഥാർഥ സുഹൃത്തെന്നു നിങ്ങൾ കരുതിയ വ്യക്തി കപടമിത്രമെന്നു തെളിയുമ്പോൾ നിങ്ങൾക്കു ദുഃഖം തോന്നാറുണ്ടോ? മതപരമായ കാപട്യം നിങ്ങളെ എങ്ങനെ ബാധിക്കുന്നു?
‘കപടനാട്യക്കാരേ, നിങ്ങൾക്ക് കഷ്ടം’
യേശു ഭൂമിയിൽ ആയിരുന്നപ്പോൾ ഉണ്ടായിരുന്ന മതാന്തരീക്ഷത്തെ കുറിച്ചു ചിന്തിക്കുക. പരീശന്മാരും ശാസ്ത്രിമാരും ദൈവത്തിന്റെ ന്യായപ്രമാണം വിശ്വസ്തമായി പഠിപ്പിക്കുന്നവരാണെന്നു നടിച്ചിരുന്നു. എന്നാൽ വാസ്തവത്തിൽ അവർ ദൈവത്തിൽനിന്ന് ആളുകളുടെ ശ്രദ്ധ അകറ്റിക്കളഞ്ഞ മനുഷ്യോപദേശങ്ങൾ ആളുകളുടെ മനസ്സിൽ നിറയ്ക്കുകയായിരുന്നു. ശാസ്ത്രിമാരും പരീശന്മാരും നിയമത്തിന്റെ അക്ഷരങ്ങളിൽ കടിച്ചുതൂങ്ങുകയും സ്നേഹവും അനുകമ്പയും പോലുള്ള അടിസ്ഥാന തത്ത്വങ്ങൾ അവഗണിക്കുകയും ചെയ്തു. തങ്ങൾ ദൈവഭക്തരാണെന്ന് അവർ പരസ്യമായി നടിച്ചു. എന്നാൽ, സ്വകാര്യതയിൽ അവർ സകല തിന്മയും ചെയ്തു. സ്വന്തം വാക്കുകൾക്കു ചേർച്ചയിൽ അവർ പ്രവർത്തിച്ചില്ല. ‘മനുഷ്യർ കാണണം’ എന്ന ഉദ്ദേശ്യത്തോടെയാണ് അവർ പലതും പ്രവർത്തിച്ചത്. “പുറമെ അഴകായി ശോഭിക്കുന്നെങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്ന” ‘വെള്ളതേച്ച ശവക്കല്ലറകൾക്കു’ തുല്യമായിരുന്നു അവർ. അവരുടെ കപടനാട്യത്തെ ധൈര്യപൂർവം തുറന്നുകാട്ടിക്കൊണ്ട് യേശു ഇങ്ങനെ ആവർത്തിച്ചു പറഞ്ഞു: ‘കപടഭക്തിക്കാരായ [“കപടനാട്യക്കാരായ,” ഓശാന ബൈബിൾ] ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം.’—മത്തായി 23:5, 13-31.
നിങ്ങൾ അക്കാലത്താണ് ജീവിച്ചിരുന്നതെങ്കിൽ, മതപരമായ അത്തരം കപടനാട്യം ആത്മാർഥ ഹൃദയരായ മറ്റ് ആളുകളിൽ എന്നപോലെ നിങ്ങളിലും അവജ്ഞ ഉളവാക്കുമായിരുന്നു. (റോമർ 2:21-24; 2 പത്രൊസ് 2:1-3) ശാസ്ത്രിമാരുടെയും പരീശന്മാരുടെയും കപടനാട്യം, യേശുക്രിസ്തുവും ശിഷ്യന്മാരും പഠിപ്പിക്കുകയും ആചരിക്കുകയും ചെയ്ത മതം ഉൾപ്പെടെ, സകല മതങ്ങളെയും തള്ളിക്കളയാൻ പ്രേരിപ്പിക്കുമാറ് നിങ്ങളിൽ നീരസം ഉളവാക്കുമായിരുന്നോ? അതു നിങ്ങൾക്കു ഹാനികരം ആയിരിക്കുമായിരുന്നില്ലേ?
മതഭക്തരായ ആളുകളുടെ കപടനാട്യത്തോടെയുള്ള പെരുമാറ്റം മതത്തിന്റെ നേർക്ക് അവജ്ഞയോടെ പുറംതിരിഞ്ഞുകളയാൻ നമ്മെ പ്രേരിപ്പിച്ചേക്കാം. എന്നാൽ സത്യാരാധകരുടെ ആത്മാർഥത കാണാതിരിക്കത്തക്കവണ്ണം അതു നമ്മെ അന്ധരാക്കുകയും ചെയ്തേക്കാം. കപടനാട്യത്തിൽ നിന്നുള്ള സംരക്ഷണത്തിനായി നാം ഉയർത്തുന്ന പ്രതിബന്ധങ്ങൾ ഫലത്തിൽ യഥാർഥ സ്നേഹിതരിൽനിന്ന് നമ്മെ അകറ്റിക്കളഞ്ഞേക്കാം. അതുകൊണ്ട് കപടനാട്യത്തോടുള്ള നമ്മുടെ പ്രതികരണം ന്യായയുക്തവും സമനിലയോടു കൂടിയതും ആയിരിക്കണം.
“കണ്ണു തുറന്നു പിടിക്കുവിൻ”
ഒന്നാമതായി, കപടനാട്യക്കാരെ തിരിച്ചറിയാൻ നാം പഠിക്കേണ്ടതുണ്ട്. അത് എല്ലായ്പോഴും എളുപ്പമല്ല. വലിയ വില ഒടുക്കേണ്ടിവന്ന ശേഷമാണ് ഒരു കുടുംബം അതു മനസ്സിലാക്കിയത്. ആ കുടുംബത്തിലെ മാതാവിനെ ചികിത്സിച്ചിരുന്ന ഒരു ആശുപത്രിയിലെ ഡോക്ടർമാരുടെ കൈപ്പിഴകൊണ്ട് അവർക്കു സുദീർഘമായ ബോധക്ഷയം (കോമ) സംഭവിച്ചു. അതിനു കാരണക്കാരായ ആ ഡോക്ടർമാരുടെ അനാസ്ഥയ്ക്കെതിരെ അവർ കേസു കൊടുത്തു. അതിനായി ഒരു പ്രാദേശിക പള്ളിയിലെ മതശുശ്രൂഷകനായ ഒരു വക്കീലിന്റെ സേവനം അവർ പ്രയോജനപ്പെടുത്തി. പ്രസ്തുത ആശുപത്രി നഷ്ടപരിഹാരമായി 34 ലക്ഷം ഡോളർ നൽകിയെങ്കിലും, ആ കുടുംബത്തിന്റെ ദുരിതം വർധിച്ചതേയുള്ളൂ. ഒടുവിൽ ആ മാതാവ് ഒരു പാപ്പരെന്ന നിലയിൽ മരിച്ചു, അവരുടെ ശവസംസ്കാരം നടത്താനുള്ള പണം പോലും ആ കുടുംബത്തിന് ഇല്ലായിരുന്നു. എന്തുകൊണ്ട്? നഷ്ടപരിഹാരമായി ലഭിച്ച പണത്തിലധികവും ആ വക്കീൽ തന്റെ കീശയിലാക്കി എന്നതുതന്നെ കാരണം. പ്രസ്തുത വക്കീലിനെ കുറിച്ച് ഒരു നിയമപത്രിക ഇപ്രകാരം പ്രസ്താവിച്ചു: “തന്റെ പ്രവൃത്തിപോലെ പ്രസംഗിച്ചാൽ അദ്ദേഹത്തിന്റെ സന്ദേശം, ‘നമുക്കു മറ്റുള്ളവരെ ചൂഷണം ചെയ്യാം’ എന്നതായിരിക്കും.” അത്തരക്കാരിൽനിന്നു നമ്മെത്തന്നെ സംരക്ഷിക്കാൻ എങ്ങനെ കഴിയും?
യേശുവിന്റെ നാളിൽ മതപരമായ കപടനാട്യം കാണേണ്ടിവന്നവർക്ക് “കണ്ണു തുറന്നു പിടിക്കുവിൻ” എന്ന ബുദ്ധിയുപദേശം അവൻ നൽകി. (മത്തായി 16:6, NW; ലൂക്കൊസ് 12:1) അതേ, നാം ജാഗ്രതയുള്ളവർ ആയിരിക്കണം. ആളുകൾ സദുദ്ദേശ്യമുള്ളവരാണെന്ന് അവകാശപ്പെടുകയും ആത്മാർഥത നടിക്കുകയും ചെയ്തേക്കാം. എന്നാൽ, നാം ന്യായമായ വിധത്തിൽ ജാഗ്രത പുലർത്തുകയും എല്ലാവരുടെയും അവകാശവാദം മുഖവിലയ്ക്ക് എടുക്കാതിരിക്കുകയും വേണം. കള്ളപ്പണം പ്രചരിക്കുന്നു എന്നറിഞ്ഞാൽ, നമുക്കു കിട്ടുന്ന നോട്ടുകൾ നാം പരിശോധിക്കില്ലേ?
യഥാർഥ ക്രിസ്തീയ സഭയ്ക്കുള്ളിൽ പോലും കപടനാട്യക്കാർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ശിഷ്യനായ യൂദാ ഇങ്ങനെ പറഞ്ഞുകൊണ്ട് അവരെ കുറിച്ചു മുന്നറിയിപ്പു നൽകി: “ഇവർ നിങ്ങളുടെ സ്നേഹസദ്യകളിൽ മറഞ്ഞുകിടക്കുന്ന പാറകൾ; നിങ്ങളോടുകൂടെ വിരുന്നുകഴിഞ്ഞു ഭയം കൂടാതെ നിങ്ങളെത്തന്നേ തീറ്റുന്നവർ; കാററുകൊണ്ടു ഓടുന്ന വെള്ളമില്ലാത്ത മേഘങ്ങൾ; ഇലകൊഴിഞ്ഞും ഫലമില്ലാതെയും രണ്ടുരു ചത്തും വേരററും പോയ വൃക്ഷങ്ങൾ.”—യൂദാ 12.
“കണ്ണു തുറന്നു പിടിക്കുവിൻ” എന്നതിന്റെ അർഥം, സ്നേഹം ഭാവിക്കുന്നെങ്കിലും യഥാർഥത്തിൽ സ്വാർഥനും ദൈവവചനത്തിൽ അധിഷ്ഠിതമല്ലാത്ത ആശയങ്ങൾ പ്രചരിപ്പിക്കുന്നവനുമായ ഒരുവനാൽ വഞ്ചിക്കപ്പെടാതിരിക്കുക എന്നാണ്. പ്രശാന്തമായ ജലപ്പരപ്പിന് അടിയിലുള്ള കൂർത്ത പാറപോലെ അത്തരമൊരു വ്യക്തിക്ക്, ജാഗ്രതയില്ലാത്ത ഒരാൾക്ക് ആത്മീയ കപ്പൽച്ചേതം സംഭവിക്കാൻ ഇടയാക്കാനാകും. (1 തിമൊഥെയൊസ് 1:19) വളരെ ആത്മീയ നവോന്മേഷം കൈവരുത്തുമെന്ന് കപടനാട്യക്കാരൻ വാഗ്ദാനം ചെയ്തേക്കാം. എന്നാൽ, അത്തരത്തിലുള്ള ആൾ ‘വെള്ളമില്ലാത്ത മേഘം’ പോലെയെന്നു തെളിയുന്നു. ഒരു വഞ്ചകൻ, ഫലശൂന്യമായ ഒരു വൃക്ഷംപോലെ യഥാർഥത്തിലുള്ള യാതൊരു ക്രിസ്തീയ ഫലവും പുറപ്പെടുവിക്കാതിരിക്കുന്നു. (മത്തായി 7:15-20; ഗലാത്യർ 5:19-21) അത്തരം വഞ്ചകർക്കെതിരെ നാം ജാഗ്രത പുലർത്തേണ്ടതുണ്ട്. എങ്കിലും, നാം എല്ലാവരുടെയും ആന്തരങ്ങളെ സംശയിക്കാൻ പാടില്ല.
‘നിങ്ങൾ വിധിക്കരുത്’
അപൂർണ മനുഷ്യർ എത്ര എളുപ്പം സ്വന്തം തെറ്റുകൾ അവഗണിക്കുകയും അതേസമയം മറ്റുള്ളവരുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും ചെയ്തേക്കാം! ഈ ചായ്വ് നമ്മെ കപടനാട്യത്തിനു വിധേയരാക്കുന്നു. ‘കപടഭക്തിക്കാരാ, [“കപടനാട്യക്കാരാ,” ഓശാന ബൈ.] മുമ്പെ സ്വന്തകണ്ണിൽനിന്നു കോൽ എടുത്തുകളക; പിന്നെ സഹോദരന്റെ കണ്ണിൽനിന്നു കരടു എടുത്തുകളവാൻ വെടിപ്പായി കാണും’ എന്ന് യേശു പറഞ്ഞു. അവൻ നൽകിയ പിൻവരുന്ന ബുദ്ധിയുപദേശം നാം ചെവിക്കൊള്ളേണ്ടതുണ്ട്: “നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന്നു വിധിക്കരുതു. നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും . . . എന്നാൽ സ്വന്തകണ്ണിലെ കോൽ ഓർക്കാതെ സഹോദരന്റെ കണ്ണിലെ കരടു നോക്കുന്നതു എന്തു?”—മത്തായി 7:1-5.
കപടനാട്യമെന്നു തോന്നുന്ന കാര്യങ്ങൾ മറ്റുള്ളവർ ചെയ്യുമ്പോൾ, അവരെ തിടുക്കത്തിൽ കപടനാട്യക്കാർ എന്നു മുദ്ര കുത്താതിരിക്കാൻ നാം ശ്രദ്ധിക്കണം. ഉദാഹരണത്തിന്, യെരൂശലേമിൽനിന്ന് എത്തിയ യഹൂദ പശ്ചാത്തലത്തിൽപ്പെട്ട സന്ദർശകരെ പ്രസാദിപ്പിക്കാൻ പത്രൊസ് അപ്പൊസ്തലൻ അന്തോക്യയിലെ പുറജാതീയ സഹക്രിസ്ത്യാനികളിൽനിന്ന് “പിൻവാങ്ങി പിരിഞ്ഞുനിന്നു.” ‘യഹൂദന്മാരും പത്രൊസിനോടുകൂടെ കപടം കാണിച്ചതുകൊണ്ടു ബർന്നബാസും അവരുടെ കപടത്താൽ തെററിപ്പോകാൻ ഇടവന്നു.’ പുറജാതീയർക്കു ക്രിസ്തീയ സഭയിലേക്കു പ്രവേശിക്കാനുള്ള വഴി തുറക്കുന്നതിന് പദവി ലഭിച്ചിരുന്നിട്ടു കൂടിയാണ് പത്രൊസ് ഇതു ചെയ്തതെന്ന് ഓർക്കണം. (ഗലാത്യർ 2:11-14; പ്രവൃത്തികൾ 10:24-28, 34, 35) എന്നാൽ പത്രൊസിനും ബർന്നബാസിനും ഈ വീഴ്ച സംഭവിച്ചെങ്കിലും, അത് അവരെ ശാസ്ത്രിമാരെയും പരീശന്മാരെയും യൂദാ ഈസ്കര്യോത്താവിനെയും പോലെ ആക്കിയില്ല.
‘നിങ്ങളുടെ സ്നേഹം നിർവ്യാജമായിരിക്കട്ടെ’
“മററുള്ളവരിൽനിന്നു പ്രശംസ ലഭിക്കാൻ കപടനാട്യക്കാർ സിനഗോഗുകളിലും തെരുവീഥികളിലും ചെയ്യുന്നതുപോലെ, നീ ഭിക്ഷ കൊടുക്കുമ്പോൾ നിന്റെ മുമ്പിൽ കാഹളം മുഴക്കരുത്” എന്ന് യേശു ഉദ്ബോധിപ്പിച്ചു. (മത്തായി 6:2, പി.ഒ.സി. ബൈബിൾ) ‘നിങ്ങളുടെ സ്നേഹം നിർവ്യാജമായിരിക്കട്ടെ’ എന്ന് പൗലൊസ് അപ്പൊസ്തലൻ എഴുതി. (റോമർ 12:9) “ശുദ്ധഹൃദയം, . . . നിർവ്യാജവിശ്വാസം എന്നിവയാൽ ഉളവാകുന്ന സ്നേഹം” ഉണ്ടായിരിക്കാൻ അവൻ യുവാവായ തിമൊഥെയൊസിനെ പ്രോത്സാഹിപ്പിച്ചു. (1 തിമൊഥെയൊസ് 1:5) സ്വാർഥതയാലും വഞ്ചനയാലും കളങ്കപ്പെടാത്ത യഥാർഥ സ്നേഹവും വിശ്വാസവും നമുക്ക് ഉണ്ടെങ്കിൽ, മറ്റുള്ളവർ നമ്മെ വിശ്വസിക്കും. നാം നമുക്കു ചുറ്റുമുള്ളവർക്ക് യഥാർഥ ശക്തിയുടെയും പ്രോത്സാഹനത്തിന്റെയും ഒരു ഉറവായിരിക്കുകയും ചെയ്യും. (ഫിലിപ്പിയർ 2:4; 1 യോഹന്നാൻ 3:17, 18; 4:20, 21) അപ്പോൾ എല്ലാറ്റിനുമുപരി നമ്മുടെമേൽ യഹോവയുടെ അംഗീകാരം ഉണ്ടായിരിക്കും.
നേരെ മറിച്ച്, കപടനാട്യക്കാരെ സംബന്ധിച്ചിടത്തോളം ഒടുവിൽ അതു മരണകരമെന്നു തെളിയും. അവരുടെ കപടനാട്യം തുറന്നുകാട്ടപ്പെടും. “മറെച്ചുവെച്ചതു ഒന്നും വെളിപ്പെടാതെയും ഗൂഢമായതു ഒന്നും അറിയാതെയും ഇരിക്കയില്ല” എന്ന് യേശുക്രിസ്തു പറഞ്ഞു. (മത്തായി 10:26; ലൂക്കൊസ് 12:2) ശലോമോൻ രാജാവ് പ്രഖ്യാപിച്ചു: “ദൈവം നല്ലതും തീയതുമായ സകലപ്രവൃത്തിയെയും സകലരഹസ്യങ്ങളുമായി ന്യായവിസ്താരത്തിലേക്കു വരുത്തുമല്ലോ.”—സഭാപ്രസംഗി 12:14.
അതിനാൽ, യഥാർഥ മിത്രങ്ങളുടെ നിഷ്കപടമായ സ്നേഹം ലഭിക്കാതെ പോകത്തക്കവണ്ണം മറ്റുള്ളവരുടെ കപടനാട്യം നമ്മെ ബാധിക്കാൻ നാം എന്തിന് അനുവദിക്കണം? മറ്റുള്ളവരെ അമിതമായി സംശയിക്കാതെ നമുക്ക് ജാഗ്രത പുലർത്താനാകും. തീർച്ചയായും നമുക്ക് നമ്മുടെ സ്നേഹവും വിശ്വാസവും നിഷ്കപടമായി സൂക്ഷിക്കാം.—യാക്കോബ് 3:17; 1 പത്രൊസ് 1:22.
[22, 23 പേജിലെ ചിത്രങ്ങൾ]
ശാസ്ത്രിമാരുടെയും പരീശന്മാരുടെയും കപടനാട്യം, യേശുക്രിസ്തുവിൽ നിന്നും അവന്റെ ശിഷ്യന്മാരിൽ നിന്നും നിങ്ങളെ അകറ്റാൻ നിങ്ങൾ അനുവദിക്കുമായിരുന്നോ?