ജീവിത കഥ
ദൈവഭക്തി ആചരിച്ചതിനുള്ള പ്രതിഫലം
വില്യം ഐഹിനോറിയ പറഞ്ഞപ്രകാരം
പരിചിതമായ ആ ഞരക്കം കേട്ടാണ് ഞാൻ പാതിരാത്രിക്ക് ഞെട്ടിയുണർന്നത്. വേദന നിമിത്തം വയറ്റത്ത് അമർത്തി പിടിച്ച് പിതാവ് നിലത്തുകിടന്ന് ഉരുളുകയായിരുന്നു. അമ്മയും ചേച്ചിയും ഞാനും അദ്ദേഹത്തിന്റെ അടുത്തേക്കു വന്നെങ്കിലും നിസ്സഹായരായി നോക്കിനിൽക്കാനേ ഞങ്ങൾക്കു കഴിഞ്ഞുള്ളൂ. വേദന തെല്ലൊന്നു ശമിച്ചപ്പോൾ നിവർന്നിരുന്ന് നെടുവീർപ്പിട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു: “ഈ ഭൂമിയിൽ യഹോവയുടെ സാക്ഷികൾക്കു മാത്രമേ സമാധാനമുള്ളൂ.” അത് എനിക്കു മനസ്സിലായില്ലെങ്കിലും, മുമ്പ് യഹോവയുടെ സാക്ഷികളെ കുറിച്ചു ഞാൻ കേട്ടിട്ടില്ലായിരുന്നതിനാൽ ആ വാക്കുകൾ എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു. അദ്ദേഹം എന്താണ് അർഥമാക്കിയത് എന്ന് അറിയാൻ എനിക്കു വലിയ ആകാംക്ഷ തോന്നി.
ആസംഭവം നടന്നത് 1953-ൽ ആണ്, അന്നെനിക്ക് ആറു വയസ്സ്. മധ്യപശ്ചിമ നൈജീരിയയിലെ ഇവോസാ എന്ന കർഷക ഗ്രാമത്തിലെ ബഹുഭാര്യത്വ സംസ്കാരമുള്ള ഒരു കുടുംബത്തിലെ അംഗമായിരുന്ന ഞാൻ മക്കളിൽ രണ്ടാമത്തവനും ആൺമക്കളിൽ മൂത്തവനും ആയിരുന്നു. ക്രമേണ ഞങ്ങളുടേത് അച്ഛന്റെ മൂന്നു ഭാര്യമാരും 13 കുട്ടികളും ഉൾപ്പെട്ട ഒരു വലിയ കുടുംബമായിത്തീർന്നു. വല്യച്ഛന്റെ വകയായുള്ള പുല്ലുമേഞ്ഞ, മണ്ണുകൊണ്ടുള്ള, നാലു മുറികളുള്ള ഒരു വീട്ടിലാണു ഞങ്ങൾ താമസിച്ചിരുന്നത്. ഞങ്ങളോടൊപ്പം വല്യമ്മയും പിതാവിന്റെ മൂന്നു സഹോദരന്മാരും അവരുടെ കുടുംബങ്ങളും ഉണ്ടായിരുന്നു.
എന്റെ ബാല്യകാലം ദുരിതപൂർണമായിരുന്നു, പ്രത്യേകിച്ച് പിതാവിന്റെ മോശമായ ആരോഗ്യം നിമിത്തം. അദ്ദേഹത്തിന്റെ വിട്ടുമാറാത്ത വയറുവേദന, മരണംവരെ വർഷങ്ങളോളം അദ്ദേഹത്തിന്റെ സന്തതസഹചാരി ആയിരുന്നു. അദ്ദേഹത്തിന്റെ ആ അജ്ഞാത രോഗത്തിന് ഒരു ആഫ്രിക്കൻ കർഷക കുടുംബത്തിനു താങ്ങാവുന്ന വൈദ്യചികിത്സ കൊണ്ടൊന്നും—പച്ചമരുന്നു ചികിത്സയും പരമ്പരാഗത വൈദ്യവും—യാതൊരു ഫലവുമുണ്ടായില്ല. പിതാവ് വേദന നിമിത്തം നിലത്തുകിടന്ന് ഉരുളുന്നതു കണ്ട് കരഞ്ഞാണ് പലപ്പോഴും ഞങ്ങൾ നേരം വെളുപ്പിച്ചത്. തന്റെ അസുഖത്തിനുള്ള ചികിത്സാർഥം അദ്ദേഹം മിക്കപ്പോഴും അമ്മയോടൊപ്പം പലയിടത്തും പോകുമായിരുന്നു. അപ്പോൾ എന്നെയും മറ്റു കുട്ടികളെയും നോക്കിയിരുന്നത് വല്യമ്മ ആയിരുന്നു.
കോലാവൃക്ഷവും ചേനയും മരച്ചീനിയും ഞങ്ങൾ കൃഷി ചെയ്തിരുന്നു, അവയുടെ ഫലം വിറ്റാണു ഞങ്ങളുടെ കുടുംബം കഴിഞ്ഞുപോന്നത്. ഞങ്ങളുടെ തുച്ഛമായ വരുമാനത്തിന്റെ കൂട്ടത്തിൽ ചെറിയ തോതിൽ ഞങ്ങൾ റബ്ബർ ടാപ്പിങ്ങും നടത്തിയിരുന്നു. മുഖ്യാഹാരം ചേന ആയിരുന്നു. ഞങ്ങൾ രാവിലെ ചേന കഴിക്കുമായിരുന്നു, ചേന പൊടിച്ചെടുത്തതായിരുന്നു ഉച്ചഭക്ഷണത്തിന്, രാത്രിയിലും ഞങ്ങൾ ചേനതന്നെ കഴിച്ചു. ഇടയ്ക്കൊക്കെ അതിൽനിന്നു വ്യത്യസ്തമായി ഞങ്ങൾക്ക് ഉണ്ടായിരുന്നത് ചുട്ടെടുത്ത വാഴയ്ക്കാ മാത്രമായിരുന്നു.
ഞങ്ങളുടെ ജീവിതത്തിലെ ഒരു പ്രധാന സംഗതിയായിരുന്നു പൂർവികാരാധന. കുടുംബാംഗങ്ങൾ പരേതർക്കായി നിവേദ്യങ്ങൾ അർപ്പിക്കുമായിരുന്നു. കോലുകളിൽ കക്കകൾ ചേർത്തുകെട്ടി അതിനു മുമ്പാകെ ആയിരുന്നു ഈ നിവേദ്യങ്ങൾ അർപ്പിച്ചിരുന്നത്. കൂടാതെ, ദുഷ്ടാത്മാക്കളെയും ദുർമന്ത്രവാദം ചെയ്യുന്നവരെയും അകറ്റിനിറുത്താൻ പിതാവ് ഒരു വിഗ്രഹത്തെയും ആരാധിച്ചിരുന്നു.
എനിക്ക് അഞ്ചു വയസ്സുണ്ടായിരുന്നപ്പോൾ, ഞങ്ങളുടെ ഗ്രാമത്തിൽനിന്ന് ഏകദേശം 11 കിലോമീറ്റർ അകലെയുള്ള ഒരു കർഷക ക്യാമ്പിലേക്കു ഞങ്ങൾ താത്കാലികമായി താമസം മാറ്റി. അവിടെവെച്ച് പിതാവിനു ഗിനിവിരരോഗം പിടിപെട്ടു. അപ്പോൾത്തന്നെ ഒരു ഉദരരോഗിയായിരുന്ന അദ്ദേഹത്തിന് അത് കൂനിന്മേൽ കുരു എന്നതുപോലെ ആയി. അദ്ദേഹത്തിനു പകൽസമയത്തു ജോലി ചെയ്യാൻ കഴിഞ്ഞിരുന്നില്ല, രാത്രിയിലാകട്ടെ കലശലായ വയറുവേദനയും. എനിക്കു മണൽച്ചെള്ളുരോഗം പിടിപെട്ടു, ഒരുതരം ടൈഫസ് ആണിത്. തന്മൂലം, ഞങ്ങളുടെ വിസ്തൃത കുടുംബത്തിലെ അംഗങ്ങൾ തന്ന വിഹിതങ്ങൾ കൊണ്ടാണു ഞങ്ങൾ കഴിഞ്ഞുപോന്നത്. പട്ടിണി കിടന്നു മരിക്കുന്നതിനു പകരം, ഇവോസാ ഗ്രാമത്തിലേക്കു ഞങ്ങൾ തിരിച്ചുപോയി. മൂത്ത മകനായ എനിക്ക് കഷ്ടിച്ചു ജീവിതം തള്ളിനീക്കുന്ന ഒരു കർഷകന്റേതിനെക്കാൾ മെച്ചപ്പെട്ട ഒരു ജോലി ലഭിക്കാൻ പിതാവ് ആഗ്രഹിച്ചു. നല്ല വിദ്യാഭ്യാസം ലഭിച്ചാൽ കുടുംബത്തിന്റെ ജീവിതനിലവാരം ഉയർത്താനും മറ്റു കുട്ടികളെ പരിപാലിക്കാനും എനിക്കു സാധിക്കുമെന്ന് അദ്ദേഹം കരുതി.
വ്യത്യസ്ത മതങ്ങളുമായി സമ്പർക്കത്തിൽ വരുന്നു
ഞങ്ങളുടെ ഗ്രാമത്തിൽ മടങ്ങിച്ചെന്നപ്പോൾ എനിക്കു വിദ്യാഭ്യാസം തുടങ്ങാൻ സാധിച്ചു. ഇത് ഞാൻ ക്രൈസ്തവലോകത്തിലെ മതങ്ങളുമായി സമ്പർക്കത്തിൽ വരാൻ ഇടയാക്കി. 1950-കളിൽ, പാശ്ചാത്യ വിദ്യാഭ്യാസവും കൊളോണിയൽ അധികാരികളുടെ മതവും തമ്മിൽ അഭേദ്യമായി ബന്ധപ്പെട്ടിരുന്നു. ഞാൻ പഠിച്ചിരുന്നത് ഒരു കത്തോലിക്കാ പ്രാഥമിക വിദ്യാലയത്തിൽ ആയിരുന്നതിനാൽ, എനിക്ക് ഒരു റോമൻ കത്തോലിക്കൻ ആയിരിക്കേണ്ടിയിരുന്നു.
എനിക്ക് 19 വയസ്സ് ആയപ്പോൾ, അതായത് 1966-ൽ, ഇവോസായിൽനിന്ന് ഏകദേശം 8 കിലോമീറ്റർ അകലെയുള്ള ഇവോഹിൻമി എന്ന പട്ടണത്തിലെ ‘പിൽഗ്രിം ബാപ്റ്റിസ്റ്റ് സെക്കൻഡറി സ്കൂളിൽ’ എനിക്കു പ്രവേശനം ലഭിച്ചു. അവിടെ എന്റെ മതവിദ്യാഭ്യാസത്തിനു മാറ്റം ഭവിച്ചു. ഞാൻ അപ്പോൾ പഠിച്ചിരുന്നത് ഒരു പ്രൊട്ടസ്റ്റന്റ് സ്കൂളിൽ ആയിരുന്നതിനാൽ, ഞായറാഴ്ചത്തെ കുർബാനയിൽ പങ്കെടുക്കുന്നതിൽനിന്നു കത്തോലിക്കാ പുരോഹിതന്മാർ എന്നെ വിലക്കി.
ഈ ബാപ്റ്റിസ്റ്റു സ്കൂളിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി ബൈബിളുമായി സമ്പർക്കത്തിൽ വരുന്നത്. ഞാൻ കത്തോലിക്കാ പള്ളിയിൽ തുടർന്നും പോയിരുന്നെങ്കിലും, എല്ലാ ഞായറാഴ്ചയും പള്ളിയിൽ പോയിവന്ന ശേഷം ഞാൻ സ്വന്തമായി ബൈബിൾ വായിക്കുമായിരുന്നു. യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ എന്നെ ആകർഷിച്ചു. ദൈവഭക്തിയുള്ള, അർഥവത്തായ ഒരു ജീവിതം നയിക്കാനുള്ള ആഗ്രഹം അത് എന്നിൽ അങ്കുരിപ്പിച്ചു. ബൈബിൾ വായിക്കുംതോറും, മതനേതാക്കളിൽ ചിലരുടെ കാപട്യത്തോടും മതനേതാക്കളല്ലാത്തവരിൽ അനേകരുടെ അധാർമിക ജീവിതരീതിയോടും എനിക്കുള്ള വെറുപ്പു കൂടിവന്നു. ക്രിസ്ത്യാനികളെന്ന് അവകാശപ്പെട്ടവരുടെ ഇടയിൽ എനിക്കു കാണാൻ കഴിഞ്ഞത്, യേശുവും ശിഷ്യന്മാരും പഠിപ്പിക്കുകയും പ്രവർത്തിക്കുകയും ചെയ്ത കാര്യങ്ങളിൽനിന്നു വളരെ വ്യത്യസ്തമായ സംഗതികളായിരുന്നു.
ചില സംഭവങ്ങൾ എന്നെ വിശേഷാൽ ഞെട്ടിച്ചു. ഒരിക്കൽ വേദപാഠ അധ്യാപകന്റെ കടയിൽനിന്ന് ഒരു കൊന്ത വാങ്ങാൻ ചെന്നപ്പോൾ, ആ കടയുടെ കട്ടിളക്കാലിൽ ഒരു ജൂജൂ ഏലസ്സ് തൂങ്ങിക്കിടക്കുന്നതു ഞാൻ കണ്ടു. മറ്റൊരു അവസരത്തിൽ, ബാപ്റ്റിസ്റ്റ് സ്കൂളിലെ പ്രിൻസിപ്പൽ എന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു. അദ്ദേഹം ഒരു സ്വവർഗഭോഗി ആണെന്നും മറ്റുള്ളവരെ പീഡിപ്പിച്ചിട്ടുണ്ടെന്നും പിന്നീടു ഞാൻ അറിഞ്ഞു. ഇക്കാര്യങ്ങളൊക്കെ ഓർത്തപ്പോൾ എന്റെ മനസ്സിൽ ഒരു ചോദ്യം ഉടലെടുത്തു: ‘കടുത്ത പാപങ്ങൾക്കു കണക്കു ബോധിപ്പിക്കേണ്ടതില്ലാത്ത നേതാക്കന്മാരും അംഗങ്ങളും ഉള്ള മതങ്ങളെ ദൈവം അംഗീകരിക്കുന്നുവോ?’
മറ്റൊരു മതം സ്വീകരിക്കുന്നു
ഏതായാലും, ബൈബിളിൽ വായിച്ച കാര്യങ്ങൾ എനിക്കു വളരെ ഇഷ്ടമായിരുന്നു. അതു വായിക്കുന്നതിൽ തുടരാൻ ഞാൻ തീരുമാനിക്കുകയും ചെയ്തു. അപ്പോഴാണ്, ഏകദേശം 15 വർഷം മുമ്പ് എന്റെ പിതാവ് പറഞ്ഞ “ഈ ഭൂമിയിൽ യഹോവയുടെ സാക്ഷികൾക്കു മാത്രമേ സമാധാനമുള്ളൂ” എന്ന വാക്കുകളെ കുറിച്ചു ഞാൻ ചിന്തിക്കാൻ തുടങ്ങിയത്. എന്നാൽ, എനിക്കു ഭയം തോന്നി. കാരണം, എന്റെ സ്കൂളിലെ സാക്ഷികളായ കുട്ടികൾ പരിഹാസപാത്രങ്ങളായിരുന്നു എന്നു മാത്രമല്ല, ഞങ്ങളുടെ പ്രഭാത ആരാധനയിൽ ചേരാഞ്ഞതിന് അവർ ചിലപ്പോൾ ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. അവരുടെ ചില വിശ്വാസങ്ങൾ എനിക്കു വിചിത്രമായി തോന്നി. ഉദാഹരണത്തിന്, 1,44,000 പേർ മാത്രമേ സ്വർഗത്തിൽ പോകുന്നുള്ളൂ എന്നതു വിശ്വസിക്കാൻ എനിക്കു പ്രയാസമായിരുന്നു. (വെളിപ്പാടു 14:3) ഞാൻ സ്വർഗത്തിൽ പോകാൻ ആഗ്രഹിച്ചിരുന്നതിനാൽ, എന്റെ ജനനത്തിനു മുമ്പുതന്നെ ആ സംഖ്യ പൂർത്തിയായോ എന്ന ചിന്ത എന്നെ അലട്ടി.
നടത്തയിലും മനോഭാവത്തിലും സാക്ഷികൾ വ്യത്യസ്തരാണ് എന്നതു വ്യക്തമായിരുന്നു. സ്കൂളിലെ മറ്റു കുട്ടികളെ പോലെ അവർ അധാർമിക പ്രവർത്തനങ്ങളിലോ അക്രമത്തിലോ ഏർപ്പെട്ടില്ല. സത്യമതം ആചരിക്കുന്നവർ എങ്ങനെ ആയിരിക്കണമെന്നാണോ ഞാൻ ബൈബിളിൽ വായിച്ചത്, അതുപോലെതന്നെ അവർ യഥാർഥത്തിൽ ലോകത്തിൽനിന്നു വേർപെട്ടിരിക്കുന്നതായി എനിക്കു കാണാൻ കഴിഞ്ഞു.—യോഹന്നാൻ 17:14-16; യാക്കോബ് 1:27.
അവരെ കുറിച്ചു കൂടുതൽ മനസ്സിലാക്കാൻ ഞാൻ തീരുമാനിച്ചു. 1969 സെപ്റ്റംബറിൽ “നിത്യജീവനിലേക്കു നയിക്കുന്ന സത്യം” എന്ന പുസ്തകം ഞാൻ സമ്പാദിച്ചു. പിറ്റേ മാസം, ഒരു പയനിയർ—യഹോവയുടെ സാക്ഷികളുടെ ഒരു മുഴുസമയ ശുശ്രൂഷകൻ അങ്ങനെയാണ് വിളിക്കപ്പെടുന്നത്—എന്നെ ബൈബിൾ പഠിപ്പിക്കാൻ തുടങ്ങി. ആദ്യ ദിവസത്തെ പഠനത്തിൽനിന്നു പ്രചോദനം ഉൾക്കൊണ്ട ഞാൻ ഒരു ശനിയാഴ്ച രാത്രിയിൽ സത്യം പുസ്തകം വായിക്കാൻ തുടങ്ങി, പിറ്റേന്ന് ഉച്ചകഴിഞ്ഞപ്പോഴേക്കും ഞാൻ അതു വായിച്ചു തീർത്തു. താമസിയാതെ, വായിച്ച അത്ഭുതകരമായ കാര്യങ്ങളെ കുറിച്ച് ഞാൻ സഹപാഠികളോടു പറയാൻ ആരംഭിച്ചു. ഞാൻ പുതുതായി കണ്ടെത്തിയ മതവിശ്വാസം എന്നെ ഭ്രാന്തു പിടിപ്പിക്കുകയാണെന്നു വിദ്യാർഥികളും അധ്യാപകരും വിചാരിച്ചു. എന്നാൽ, ഞാൻ ഭ്രാന്തനാകുകയല്ല എന്ന് എനിക്ക് അറിയാമായിരുന്നു.—പ്രവൃത്തികൾ 26:24.
ഒരു പുതിയ മതത്തെ കുറിച്ചു ഞാൻ പ്രസംഗിച്ചു നടക്കുന്നു എന്ന വാർത്ത മാതാപിതാക്കളുടെ ചെവിയിലെത്തി. എന്റെ പ്രശ്നം എന്താണെന്നു മനസ്സിലാക്കാൻ ഉടൻ വീട്ടിലേക്കു ചെല്ലാൻ അവർ എന്നോട് ആവശ്യപ്പെട്ടു. ആ സമയത്ത് സാക്ഷികളെല്ലാവരും ഇലെഷയിലുള്ള ഒരു ഡിസ്ട്രിക്റ്റ് കൺവെൻഷനു പോയിരിക്കുകയായിരുന്നതിനാൽ, ഒന്ന് അഭിപ്രായം ചോദിക്കാൻ പോലും ആരും ഇല്ലാത്ത അവസ്ഥയിലായിരുന്നു ഞാൻ. ഞാൻ വീട്ടിൽ എത്തിയപ്പോൾ അമ്മയും ബന്ധുക്കളും എന്നെ ചോദ്യശരങ്ങൾകൊണ്ടും വിമർശനംകൊണ്ടും പൊതിഞ്ഞു. ബൈബിളിൽ നിന്നു പഠിക്കുന്ന കാര്യങ്ങളെ കുറിച്ച് അവരുടെ മുമ്പാകെ പ്രതിവാദം നടത്താൻ ഞാൻ പരമാവധി ശ്രമിച്ചു.—1 പത്രൊസ് 3:15.
യഹോവയുടെ സാക്ഷികൾ വ്യാജോപദേഷ്ടാക്കൾ ആണെന്നു തെളിയിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടപ്പോൾ എന്റെ പിതൃസഹോദരൻ മറ്റൊരു സമീപനം സ്വീകരിച്ചു. അദ്ദേഹം എന്നോട് ഇങ്ങനെ അപേക്ഷിച്ചു: “പഠിക്കാനാണു നീ സ്കൂളിൽ പോയത് എന്ന് ഓർക്കണം. നീ പഠിത്തം ഉപേക്ഷിച്ച് മതം പ്രസംഗിച്ചുനടന്നാൽ, നിനക്കു പഠിത്തം പൂർത്തിയാക്കാനാവില്ല. പഠിത്തം പൂർത്തിയായിട്ടു പോരേ നിനക്ക് ഈ പുതിയ മതത്തിൽ ചേരാൻ.” അദ്ദേഹം പറഞ്ഞത് ആ സമയത്തു ന്യായമായി എനിക്കു തോന്നി, അങ്ങനെ ഞാൻ സാക്ഷികളുമൊത്തുള്ള പഠനം നിറുത്തി.
ഞാൻ 1970 ഡിസംബറിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉടൻ രാജ്യഹാളിലേക്കു പോയി. അന്നു മുതൽ ഞാൻ യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്കു ക്രമമായി ഹാജരാകുന്നുണ്ട്. 1971 ആഗസ്റ്റ് 30-ന് ദൈവത്തിനുള്ള എന്റെ സമർപ്പണത്തിന്റെ പ്രതീകമായി ഞാൻ സ്നാപനമേറ്റു. അതു മാതാപിതാക്കളെ മാത്രമല്ല, മുഴു സമുദായത്തെത്തന്നെയും ഞെട്ടിച്ചു. ഇവോസായിലും അതിന്റെ പരിസരപ്രദേശങ്ങളിലും ആദ്യമായി ഗവൺമെന്റ് സ്കോളർഷിപ്പ് ലഭിച്ച വ്യക്തി ഞാനായിരുന്നതിനാൽ ഞാൻ അവരെ നിരാശപ്പെടുത്തിയതായി അവർ പറഞ്ഞു. പലർക്കും എന്നെക്കുറിച്ചു വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നു. സമുദായത്തെ ഉദ്ധരിക്കാൻ ഞാൻ എന്റെ വിദ്യാഭ്യാസം ഉപയോഗിക്കും എന്നായിരുന്നു അവരുടെ പ്രതീക്ഷ.
എന്റെ മതംമാറ്റത്തിന്റെ അനന്തരഫലങ്ങൾ
വിശ്വാസം ത്യജിക്കാൻ എന്നെ പ്രേരിപ്പിക്കുന്നതിന് എന്റെ കുടുംബവും സമുദായത്തിലെ പ്രായമുള്ള പുരുഷന്മാരും ഒരു പ്രതിനിധിസംഘത്തെ അയച്ചു. എന്നെ മാറ്റിയെടുക്കാനുള്ള അവരുടെ ശ്രമത്തിൽ ശാപവാക്കുകളും ഉൾപ്പെട്ടിരുന്നു. “നീ ഈ മതം ഉപേക്ഷിച്ചില്ലെങ്കിൽ, നിന്റെ ഭാവി തുലഞ്ഞതുതന്നെ,” അവർ പറഞ്ഞു. “നിനക്കു ജോലി കിട്ടുകയില്ല. സ്വന്തമായി ഒരു വീട് ഉണ്ടാക്കാൻ സാധിക്കുകയില്ല. വിവാഹം കഴിക്കാനോ ഒരു കുടുംബമായി ജീവിക്കാനോ നിനക്കു സാധിക്കുകയില്ല.”
അവരുടെ അശുഭ പ്രവചനങ്ങൾക്കു വിരുദ്ധമായി, സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി പത്തു മാസം കഴിഞ്ഞപ്പോൾ ഒരു സ്കൂൾ അധ്യാപകനായി എനിക്കു ജോലി കിട്ടി. 1972 ഒക്ടോബറിൽ, ഞാൻ എന്റെ പ്രിയപ്പെട്ട വെറോനിക്കയെ വിവാഹം ചെയ്തു. പിന്നീട് സർക്കാർ എനിക്ക് ഒരു കാർഷിക വികസന ഏജന്റായി പരിശീലനം തന്നു. ഞാൻ എന്റെ ആദ്യത്തെ കാർ വാങ്ങി. ഞാൻ ഞങ്ങളുടെ വീടും പണിയാൻ ആരംഭിച്ചു. 1973 നവംബർ 5-ന് ഞങ്ങളുടെ മൂത്ത മകൾ പിറന്നു, വിക്ട്രി. തുടർന്നുവന്ന വർഷങ്ങളിൽ ലിഡിയയും വിൽഫ്രെഡും ജോനും ജനിച്ചു. ഞങ്ങളുടെ ഏറ്റവും ഇളയ കുഞ്ഞ് പിറന്നത് 1986-ൽ ആണ്, മൈക്ക. അവരെല്ലാവരും വളരെ പ്രിയപ്പെട്ട മക്കളെന്ന്, യഹോവയിൽനിന്നുള്ള അവകാശമെന്നു തെളിഞ്ഞിരിക്കുന്നു.—സങ്കീർത്തനം 127:3.
എന്റെ സമുദായത്തിൽപ്പെട്ടവർ ആഗ്രഹിച്ചത് എനിക്കു തിന്മ വരണമെന്ന് ആയിരുന്നെങ്കിലും, സംഭവിച്ചതു മുഴുവൻ നന്മയായിരുന്നു എന്ന് പിന്തിരിഞ്ഞുനോക്കുമ്പോൾ എനിക്കു പറയാൻ കഴിയും. അതുകൊണ്ടാണ് എന്റെ മൂത്ത മകൾക്കു ഞാൻ വിക്ട്രി (‘വിജയം’ എന്ന് അർഥം) എന്നു പേരിട്ടത്. അടുത്തകാലത്ത് എന്റെ സമുദായക്കാർ എനിക്ക് ഒരു കത്ത് എഴുതി: “ദൈവം താങ്കളെ അനുഗ്രഹിക്കുന്നതിനാൽ, താങ്കൾ ദയവായി സ്വന്തം നാട്ടിൽ വന്ന് നമ്മുടെ സമുദായത്തിന്റെ വികസനത്തിൽ പങ്കെടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.”
മക്കളെ ദൈവിക വഴികളിൽ വളർത്തുന്നു
മക്കളെ വളർത്തുകയെന്ന ദൈവദത്ത ഉത്തരവാദിത്വവും സമ്പത്തിനായുള്ള നെട്ടോട്ടവും ഒരുമിച്ചു കൊണ്ടുപോകാൻ സാധിക്കില്ലെന്ന് എനിക്കും ഭാര്യക്കും അറിയാമായിരുന്നു. അതുകൊണ്ട്, ഒരു ലളിത ജീവിതത്തിൽ സംതൃപ്തി കണ്ടെത്താൻ ഞങ്ങൾ പഠിച്ചിരിക്കുന്നു. വ്യത്യസ്തമായ ഒരു ജീവിതരീതി സ്വീകരിക്കുന്നതു മൂലം ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകൾ അനുഭവിക്കുന്നതിനു പകരം ഈ വിധത്തിൽ ജീവിക്കാനാണു ഞങ്ങൾ താത്പര്യപ്പെടുന്നത്.
ഞങ്ങൾ താമസിക്കുന്ന പ്രദേശത്ത്, ഒരു കെട്ടിടത്തിൽത്തന്നെ ഒന്നിലധികം കുടുംബങ്ങൾ താമസിക്കുന്നതും ഒരേ കുളിമുറിയും അടുക്കളയും മറ്റും ഉപയോഗിക്കുന്നതും സാധാരണമാണ്. ഗവൺമെന്റ് ജീവനക്കാരൻ എന്ന നിലയിൽ എനിക്കു സ്ഥലം മാറ്റം കിട്ടുന്ന ഏതു പട്ടണത്തിലും സ്വകാര്യ താമസ സൗകര്യങ്ങൾ മാത്രം വാടകയ്ക്ക് എടുക്കാൻ സാധിച്ചതിൽ ഞങ്ങൾ സന്തുഷ്ടരായിരുന്നു. അത്തരം താമസസൗകര്യങ്ങൾക്കു ചെലവു കൂടുതലായിരുന്നു എന്നതു ശരിതന്നെ. എന്നാൽ, അവ ഉണ്ടായിരുന്നതു നിമിത്തം ഞങ്ങളുടെ കുട്ടികൾ മോശമായ സ്വാധീനങ്ങൾക്കു വിധേയരാകാനുള്ള സാധ്യത കുറഞ്ഞു. പൊയ്പോയ വർഷങ്ങളിൽ ഉടനീളം, ആത്മീയമായി ആരോഗ്യകരമായ ഒരു ചുറ്റുപാടിൽ മക്കളെ വളർത്തിക്കൊണ്ടുവരാൻ ഞങ്ങൾക്കു കഴിഞ്ഞതിൽ ഞാൻ യഹോവയ്ക്കു നന്ദി പറയുന്നു.
കൂടാതെ, കുട്ടികളോടൊപ്പം ആയിരിക്കാനും അവരെ നോക്കാനും ഭാര്യ വീട്ടിൽത്തന്നെ കഴിഞ്ഞിരിക്കുന്നു. ജോലി കഴിഞ്ഞുവന്ന്, ഞാൻ വീട്ടുവേലകളിൽ സഹായിക്കാറുണ്ട്, ഞങ്ങൾ എല്ലാ കാര്യങ്ങളും കുടുംബം ഒത്തൊരുമിച്ചാണ് ചെയ്യുന്നത്. കുടുംബ ബൈബിൾ അധ്യയനം നടത്തുന്നതും സഭായോഗങ്ങൾക്കു തയ്യാറാകുന്നതും അവയിൽ സംബന്ധിക്കുന്നതും ക്രിസ്തീയ ശുശ്രൂഷയിലും അതുപോലെ സാമൂഹിക പ്രവർത്തനങ്ങളിലും പങ്കെടുക്കുന്നതുമൊക്കെ ഇതിൽപ്പെടും.
വീട്ടിൽ ആയിരിക്കുമ്പോൾ മാത്രമല്ല, എല്ലാ അവസരങ്ങളിലും മക്കളെ പഠിപ്പിക്കാൻ മാതാപിതാക്കളെ ഉദ്ബോധിപ്പിക്കുന്ന ആവർത്തനപുസ്തകം 6:6, 7-ലെ ബുദ്ധിയുപദേശം പിൻപറ്റാൻ ഞങ്ങൾ ശ്രമിച്ചിരിക്കുന്നു. ലോകക്കാരിലേക്കു നോക്കാതെ സാക്ഷികളുടെ ഇടയിൽത്തന്നെ സുഹൃത്തുക്കളെ കണ്ടെത്താൻ ഇതു കുട്ടികൾക്കു പ്രോത്സാഹനം നൽകിയിരിക്കുന്നു. തങ്ങളുടെ സഹവാസങ്ങൾ സംബന്ധിച്ചു ജാഗ്രത പുലർത്താൻ ഞങ്ങളുടെ മാതൃകയിൽനിന്ന് അവർ പഠിച്ചിരിക്കുന്നു. കാരണം, നമ്മുടെ വിശ്വാസങ്ങൾ പുലർത്താത്തവരുമായി സഹവസിച്ചുകൊണ്ട് വെറോനിക്കയും ഞാനും അധികസമയം ചെലവഴിക്കാറില്ല.—സദൃശവാക്യങ്ങൾ 13:20; 1 കൊരിന്ത്യർ 15:33, NW.
തീർച്ചയായും, ഞങ്ങളുടെ കുട്ടികളുടെ ജീവിതത്തെ ക്രിയാത്മകമായി സ്വാധീനിച്ച ഘടകം ഞങ്ങൾ നൽകിയ മാർഗനിർദേശവും പഠിപ്പിക്കലും മാത്രമായിരുന്നിട്ടില്ല. തീക്ഷ്ണതയുള്ള ക്രിസ്ത്യാനികൾക്ക് എന്നും ഞങ്ങളുടെ വീട്ടിൽ സ്വാഗതമുണ്ടായിരുന്നു, അത് ഇപ്പോഴും അങ്ങനെതന്നെയാണ്. അവരിൽ പലരും യഹോവയുടെ സാക്ഷികളുടെ സഞ്ചാര ശുശ്രൂഷകരാണ്. ഈ പക്വതയുള്ള ക്രിസ്ത്യാനികൾ ഞങ്ങളുടെ കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചതു നിമിത്തം അവരുടെ ആത്മത്യാഗപരമായ ജീവിതരീതി നിരീക്ഷിക്കാനും അതിൽനിന്നു പഠിക്കാനുമുള്ള അവസരം കുട്ടികൾക്കു ലഭിച്ചിരിക്കുന്നു. ഇതു ഞങ്ങളുടെ പഠിപ്പിക്കലിനെ ശക്തീകരിക്കുകയും മക്കൾ ബൈബിൾ സത്യം തങ്ങളുടെ സ്വന്തമാക്കുന്നതിനു സഹായിക്കുകയും ചെയ്തിരിക്കുന്നു.
ദൈവഭക്തിക്കു പ്രതിഫലം ലഭിക്കുന്നു
ഇന്നു ഞാനും ഭാര്യയും ഞങ്ങളുടെ നാലു മക്കളും മുഴുസമയ ശുശ്രൂഷകരാണ്. ഞാൻ ആദ്യം പയനിയറിങ് തുടങ്ങിയത് 1973-ൽ ആണ്. എന്നാൽ, സാമ്പത്തിക പ്രശ്നങ്ങൾ നിമിത്തം എനിക്കു മുഴുസമയ ശുശ്രൂഷ ഇടയ്ക്കൊക്കെ നിറുത്തേണ്ടി വന്നിട്ടുണ്ട്. യഹോവയുടെ സാക്ഷികളുടെ ക്രിസ്തീയ മേൽവിചാരകന്മാർക്കു പരിശീലനം നൽകുന്ന രാജ്യ ശുശ്രൂഷാ സ്കൂളിൽ പഠിപ്പിക്കുകയെന്ന പദവിയും എനിക്കു ചിലപ്പോഴൊക്കെ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ഞാൻ ആശുപത്രി ഏകോപന സമിതിയിലെ ഒരു അംഗമായും ഊഹോൻമോറായിലെ നഗര മേൽവിചാരകനായും സേവിക്കുന്നു.
എന്റെ ആദ്യത്തെ രണ്ടു പുത്രിമാരായ വിക്ട്രിയും ലിഡിയയും രണ്ടു ക്രിസ്തീയ മൂപ്പന്മാരെ വിവാഹം കഴിച്ച് സന്തോഷത്തോടെ കഴിയുന്നു. അവരും ഭർത്താക്കന്മാരും നൈജീരിയയിലെ ഇഗേദൂമായിലുള്ള യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസിലെ അംഗങ്ങളാണ്. ഞങ്ങളുടെ മൂത്ത പുത്രൻ വിൽഫ്രെഡ് ഒരു ശുശ്രൂഷാദാസനാണ്. മക്കളിൽ ഏറ്റവും ഇളയവനായ മൈക്ക ഇടയ്ക്കിടെ സഹായ പയനിയറിങ് നടത്താറുണ്ട്. 1997-ൽ, ജോൻ സെക്കണ്ടറി വിദ്യാഭ്യാസം പൂർത്തിയാക്കി സാധാരണ പയനിയർ സേവനം ഏറ്റെടുത്തു.
എന്റെ ജീവിതത്തിലെ ഏറ്റവും പ്രതിഫലദായകമായ അനുഭവങ്ങളിൽ ഒന്ന് യഹോവയാം ദൈവത്തെ സേവിക്കാൻ മറ്റുള്ളവരെ സഹായിക്കുക എന്നതായിരുന്നു. അവരിൽ എന്റെ വിസ്തൃത കുടുംബത്തിലെ ചിലരും ഉൾപ്പെടും. എന്റെ പിതാവ് യഹോവയെ സേവിക്കാൻ ശ്രമം നടത്തിയെങ്കിലും, ബഹുഭാര്യത്വം അദ്ദേഹത്തിന്റെ പുരോഗതിക്ക് ഒരു വിലങ്ങുതടിയായി. ചെറുപ്പം മുതലേ എനിക്ക് ആളുകളെ വലിയ ഇഷ്ടമായിരുന്നു. മറ്റുള്ളവർ കഷ്ടമനുഭവിക്കുന്നതു കാണുമ്പോൾ, എന്റെ പ്രശ്നങ്ങൾ നിസ്സാരമായി എനിക്കു തോന്നാറുണ്ട്. അവരെ സഹായിക്കാനുള്ള എന്റെ ശ്രമങ്ങളിലെ ആത്മാർഥത അവർ തിരിച്ചറിയുന്നുവെന്നാണ് എനിക്കു തോന്നുന്നത്. തന്മൂലം എന്നോടു സംസാരിക്കാൻ അവർക്കു യാതൊരു മടിയുമില്ല.
ദൈവോദ്ദേശ്യങ്ങളെ കുറിച്ചുള്ള പരിജ്ഞാനം നേടാൻ ഞാൻ സഹായിച്ചിട്ടുള്ളവരിൽ ഒരാളാണ് ശയ്യാവലംബിയായ ഒരു ചെറുപ്പക്കാരൻ. ഒരു വൈദ്യുത കമ്പനിയിൽ ജോലി ചെയ്യവേ, ഗുരുതരമായി വൈദ്യുത ആഘാതമേറ്റ് അദ്ദേഹത്തിന്റെ നെഞ്ചിനു താഴേക്കുള്ള ഭാഗം തളർന്നുപോയി. അദ്ദേഹം ബൈബിൾ അധ്യയനത്തിനു സമ്മതിക്കുകയും ക്രമേണ താൻ പഠിച്ച കാര്യങ്ങൾ സ്വീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സ്നാപനം 1995 ഒക്ടോബർ 14-ന് ഞങ്ങളുടെ വീടിന് അടുത്തുള്ള ഒരു അരുവിയിലായിരുന്നു. അന്നാണ് 15 വർഷത്തിൽ ആദ്യമായി അദ്ദേഹം തന്റെ കിടക്ക വിട്ടു പുറത്തു പോകുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷഭരിതമായ ദിവസമായിരുന്നു അതെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം ഇപ്പോൾ സഭയിൽ ഒരു ശുശ്രൂഷാദാസനാണ്.
ഏകദേശം മുപ്പതു വർഷം മുമ്പ് യഹോവയെ അവന്റെ ഏകീകൃതരും സമർപ്പിതരുമായ ജനത്തോടൊപ്പം സേവിക്കാൻ തീരുമാനിച്ചതിൽ എനിക്കു യാതൊരു ഖേദവുമില്ല. അവരുടെ ഇടയിൽ യഥാർഥ സ്നേഹം പ്രവർത്തനത്തിൽ ഉള്ളതായി ഞാൻ കണ്ടിരിക്കുന്നു. തന്റെ വിശ്വസ്ത ദാസന്മാർക്ക് യഹോവ നൽകുന്ന പ്രതിഫലത്തിൽ നിത്യജീവന്റെ പ്രത്യാശ ഉൾപ്പെട്ടിട്ടില്ലായിരുന്നെങ്കിൽ പോലും, ദൈവഭക്തിയുള്ള ജീവിതം നയിക്കാൻ ഞാൻ ആഗ്രഹിക്കുമായിരുന്നു. (1 തിമൊഥെയൊസ് 6:6; എബ്രായർ 11:6) ആ മാർഗമാണ് എന്റെ ജീവിതത്തെ കരുപ്പിടിപ്പിക്കുകയും ഭദ്രമാക്കുകയും ചെയ്തുകൊണ്ട് എനിക്കും കുടുംബത്തിനും സന്തോഷവും സംതൃപ്തിയും കൈവരുത്തിയിരിക്കുന്നതും.
[25-ാം പേജിലെ ചിത്രം]
ഭാര്യയോടും മക്കളോടുമൊത്ത്, 1990-ൽ
[26-ാം പേജിലെ ചിത്രം]
ഭാര്യയോടും മക്കളോടും രണ്ടു മരുമക്കളോടും കൂടെ