ജീവിതത്തിന്റെ അർഥം ഞാൻ കണ്ടെത്തി
ഗോസ്പാർ മോർട്ടിനെസ് പറഞ്ഞപ്രകാരം
ഒരർഥത്തിൽ പറഞ്ഞാൽ, ദരിദ്രനായൊരു ഗ്രാമീണബാലൻ നഗരത്തിലെത്തി ധനികനാകുന്ന കഥയാണ് എന്റേത്. എന്നാൽ ഞാൻ പ്രതീക്ഷിക്കാത്ത സമ്പത്താണ് എനിക്കു കൈവന്നത്. അത് എന്താണെന്ന് അറിയേണ്ടേ?
ഉത്തര സ്പെയിനിലെ റിയോഹ പ്രദേശത്തുള്ള ഒരു ഗ്രാമത്തിലാണ് ഞാൻ വളർന്നത്. ഒരു തരിശുഭൂമിയായിരുന്നു അവിടം. 1930-കളിലെ കാര്യമാണ് പറയുന്നത്. പത്തുവയസ്സുള്ളപ്പോൾ ഞാൻ പള്ളിക്കൂടത്തിന്റെ പടിയിറങ്ങി. എന്നാൽ ആ സമയംകൊണ്ട് ഞാൻ എഴുത്തും വായനയും പഠിച്ചിരുന്നു. ഞങ്ങൾ ഏഴുമക്കളായിരുന്നു. കൂടപ്പിറപ്പുകളോടൊപ്പം ആടിനെമേയിച്ചും ഉള്ള കുറച്ചു സ്ഥലത്ത് കൃഷിപ്പണികൾ ചെയ്തും ജീവിതം അങ്ങനെ മുന്നോട്ടുനീങ്ങി.
ദാരിദ്ര്യമായിരുന്നു ഞങ്ങൾക്ക്. അതുകൊണ്ട് പണമാണ് പ്രധാനം എന്ന് ഞങ്ങൾ കരുതി. ഞങ്ങളെക്കാൾ നല്ലനിലയിൽ കഴിയുന്നവരോട് ഞങ്ങൾക്ക് അസൂയതോന്നി. എന്നാൽ ഞങ്ങളുടെ ബിഷപ്പ് ഞങ്ങളുടെ ഗ്രാമത്തെക്കുറിച്ച്, “രൂപതയിലെ ഏറ്റവും ദൈവവിശ്വാസമുള്ള ഗ്രാമം” എന്ന് ഒരിക്കൽ പറയുകയുണ്ടായി. പക്ഷേ, കാലാന്തരത്തിൽ ഇവരിൽ പലരും കത്തോലിക്കാവിശ്വാസം ഉപേക്ഷിച്ചുപോകുമെന്ന് അന്ന് അദ്ദേഹം അറിഞ്ഞിരുന്നില്ല.
പച്ചപ്പുതേടി. . .
എന്റെ ഗ്രാമത്തിലെ മെർസാത്താസ് എന്ന പെൺകുട്ടിയെ ഞാൻ വിവാഹം കഴിച്ചു. താമസിയാതെ ഞങ്ങൾക്കൊരു മകനും പിറന്നു. 1957-ൽ ഞാനും കുടുംബവും അടുത്തുള്ള നഗരമായ ലൊഗ്രോന്യോയിലേക്ക് താമസംമാറ്റി. വൈകാതെ മറ്റു കുടുംബാംഗങ്ങളും അവിടേക്കു കുടിയേറി. തൊഴിൽവൈദഗ്ധ്യമൊന്നും എനിക്കില്ലായിരുന്നതിനാൽ തരക്കേടില്ലാത്ത ഒരു ജോലി ലഭിക്കുക ബുദ്ധിമുട്ടായിരിക്കും എന്ന് എനിക്കു മനസ്സിലായി. പക്ഷേ, അതിന് എന്താണു ചെയ്യേണ്ടതെന്നതിനെപ്പറ്റി എനിക്ക് യാതൊരു ഊഹവുമില്ലായിരുന്നു. വല്ല വിവരവും കിട്ടുമോയെന്നറിയാൻ ഞാൻ അവിടത്തെ ലൈബ്രറിയിൽ പോയിത്തുടങ്ങി. എന്നാൽ എന്ത് എവിടെ തിരയണം എന്നൊന്നും എനിക്കറിയില്ലായിരുന്നെന്നുമാത്രം.
പിന്നീടൊരിക്കൽ, തപാലിലൂടെ ബൈബിൾ കോഴ്സ് നൽകുന്ന ഒരു റേഡിയോ പ്രോഗ്രാമിനെക്കുറിച്ച് ഞാൻ അറിഞ്ഞു. ആ കോഴ്സ് പൂർത്തിയാക്കിയ ഉടനെ ഇവാഞ്ചലിക്കൽ പ്രൊട്ടസ്റ്റന്റ് വിഭാഗത്തിലെ ചിലർ എന്നെ കാണാൻവന്നു. അവരുടെ യോഗത്തിന് ഒന്നുരണ്ടുവട്ടം പോയിക്കഴിഞ്ഞപ്പോൾത്തന്നെ അവർക്കിടയിലെ മുഖ്യന്മാർ തമ്മിലുള്ള വൈരവും ചേരിപ്പോരും എനിക്കു മനസ്സിലായി. പിന്നെ ഞാൻ അങ്ങോട്ടു പോയില്ല. എല്ലാ മതത്തിലും ഇങ്ങനെയൊക്കെ ആയിരിക്കും എന്നു ഞാൻ കരുതി.
എന്റെ കാഴ്ച തെളിയുന്നു
1964-ൽ എവുക്കാനിയോ എന്ന ഒരു ചെറുപ്പക്കാരൻ ഞങ്ങളുടെ വീട്ടിൽ വന്നു. അദ്ദേഹം ഒരു യഹോവയുടെ സാക്ഷിയായിരുന്നു, ആദ്യമായിട്ടാണ് ഞാൻ ഇങ്ങനെയൊരു മതത്തെപ്പറ്റി കേൾക്കുന്നത്. ബൈബിളിനെക്കുറിച്ചു സംസാരിക്കാൻ എനിക്ക് ഉത്സാഹമായിരുന്നു. ബൈബിളിനെപ്പറ്റി എനിക്ക് നല്ല അറിവുണ്ടെന്നാണ് ഞാൻ വിചാരിച്ചത്. ബൈബിൾ കോഴ്സിലൂടെ ഞാൻ പഠിച്ച ചില വാക്യങ്ങൾ ഉപയോഗിച്ച് ഞാൻ അദ്ദേഹത്തിനു മറുപടി കൊടുത്തു. ചില പ്രൊട്ടസ്റ്റന്റ് ഉപദേശങ്ങൾ ശരിയാണെന്നു സ്ഥാപിക്കാൻ ഞാൻ ശ്രമിച്ചു, ആ ഉപദേശങ്ങളിൽ എനിക്കത്ര വിശ്വാസമൊന്നും ഇല്ലായിരുന്നെങ്കിലും.
രണ്ടുവട്ടം ഇങ്ങനെ സുദീർഘമായ ചർച്ച നടത്തിക്കഴിഞ്ഞപ്പോൾ എവുക്കാനിയോ ദൈവവചനം കൈകാര്യംചെയ്യാൻ സമർഥനാണെന്ന് എനിക്കു മനസ്സിലായി. എന്റെ അത്രയുംപോലും വിദ്യാഭ്യാസം ഇല്ലാത്ത എവുക്കാനിയോ വാക്യങ്ങൾ എടുക്കുന്നതും അതു വിശദീകരിക്കുന്നതും എന്നെ അത്ഭുതപ്പെടുത്തി. നമ്മൾ ജീവിക്കുന്നത് അന്ത്യകാലത്താണെന്നും പെട്ടെന്നുതന്നെ ദൈവരാജ്യം ഈ ഭൂമിയെ ഒരു പറുദീസയാക്കിമാറ്റുമെന്നും അദ്ദേഹം ബൈബിളിൽനിന്ന് എനിക്കു കാണിച്ചുതന്നു. കൂടുതൽ അറിയാൻ എനിക്കു താത്പര്യമായി.—സങ്കീ. 37:11, 29; യെശ. 9:6, 7; മത്താ. 6:9, 10.
പിന്നെ ഒട്ടും താമസിച്ചില്ല, ബൈബിളധ്യയനം തുടങ്ങി. പഠിച്ചതെല്ലാം പുതിയ കാര്യങ്ങളായിരുന്നു, ഹൃദയഹാരിയായ വിവരങ്ങൾ! എനിക്കു മുമ്പിൽ ഒരു പുതിയ ചക്രവാളം തുറന്നു, അർഥപൂർണമായ ഒരു ജീവിതത്തിലേക്ക്. . . ഇതോടെ സമ്പത്തുതേടിയുള്ള എന്റെ യാത്ര അവസാനിച്ചു. സമൂഹത്തിൽ നിലയും വിലയും നേടാനുള്ള എന്റെ ശ്രമങ്ങൾക്ക് പിന്നെ പ്രസക്തിയില്ലാതായി. ജോലികിട്ടാനുള്ള ബുദ്ധിമുട്ടും അതിനോടു ബന്ധപ്പെട്ട പ്രശ്നങ്ങളുമൊക്കെ നിസ്സാരമായിതോന്നി. എന്തിന്, ഭാവിയിൽ ദൈവം രോഗവും മരണവുംപോലും നീക്കിക്കളയും, അതിനോടുള്ള താരതമ്യത്തിൽ ഇതൊക്കെ എത്ര നിസ്സാരമാണ്!—യെശ. 33:24; 35:5, 6; വെളി. 21:4.
പഠിച്ചതെല്ലാം ഞാൻ നേരെ പോയി എന്റെ ബന്ധുക്കളോട് പറഞ്ഞു. ഭൂമിയിൽ ദൈവം ഒരു പറുദീസ കൊണ്ടുവരുമെന്നും വിശ്വസ്തരായ മനുഷ്യർക്ക് അവിടെ എന്നേക്കും ജീവിക്കാമെന്നുമൊക്കെ ഞാൻ വിശദീകരിച്ചു.
എന്റെ കുടുംബക്കാരെല്ലാം സത്യം സ്വീകരിക്കുന്നു
എല്ലാ ഞായറാഴ്ചയും ഉച്ചകഴിഞ്ഞ് ഞങ്ങൾ പത്തുപന്ത്രണ്ടുപേർ എന്റെ ചിറ്റപ്പന്റെ വീട്ടിൽ ബൈബിൾ ചർച്ചകൾക്കായി കൂടിവരാൻ തീരുമാനിച്ചു. ആഴ്ചയിൽ രണ്ടുമൂന്നു മണിക്കൂർ ഞങ്ങൾ ഇതിനായി ചെലവഴിച്ചു. എന്റെ കുടുംബാംഗങ്ങളുടെ താത്പര്യം കണ്ടപ്പോൾ അവരെ ഒരു കൂട്ടമായി പഠിപ്പിക്കാതെ ഓരോ കുടുംബത്തെയും പ്രത്യേകം പഠിപ്പിക്കാൻ എവുക്കാനിയോ ക്രമീകരണം ചെയ്തു.
ഏകദേശം 120 കിലോമീറ്റർ ദൂരെയുള്ള ഡുറാങ്ഗോയിൽ എന്റെ മറ്റു ചില ബന്ധുക്കൾ താമസിച്ചിരുന്നു. സാക്ഷികളാരും അവിടെയില്ലായിരുന്നു. മൂന്നുമാസംകഴിഞ്ഞ് ഏതാനും ദിവസം അവധിയെടുത്ത് ഞാൻ അവരെക്കാണാൻ പോയി, എന്റെ പുതിയ വിശ്വാസത്തെക്കുറിച്ച് അവരോടു പറയുന്നതിനായി. ഞാൻ ചെന്നപ്പോൾ, പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടക്കം ഏകദേശം പത്തുപേർ വൈകുന്നേരം ചർച്ചയ്ക്കായി കൂടിവന്നു. ആ ചർച്ച പാതിരാകഴിഞ്ഞും നീണ്ടു. അത്യുത്സാഹത്തോടെയാണ് അവർ എല്ലാം കേട്ടത്. ആ ഹ്രസ്വസന്ദർശനം കഴിഞ്ഞ് ഞാൻ പോരുമ്പോൾ കുറച്ചു ബൈബിളും ബൈബിൾ സാഹിത്യങ്ങളും അവർക്ക് ഞാൻ കൊടുത്തിട്ടുപോന്നു. അന്നുമുതൽ ഞങ്ങൾ കത്തിടപാടുകളും മറ്റും നടത്തിക്കൊണ്ടിരുന്നു.
പിന്നീട്, ഡുറാങ്ഗോയിൽ സാക്ഷികൾ ചെന്നപ്പോൾ (ആദ്യമായിട്ടായിരുന്നു സാക്ഷികളാരെങ്കിലും അവിടെ ചെല്ലുന്നത്) 18 പേർ ബൈബിൾ പഠിക്കാനൊരുങ്ങിയിരിക്കുന്നുണ്ടായിരുന്നു. ഓരോ കുടുംബത്തിനും ഓരോ അധ്യയനം സാക്ഷികൾ ക്രമീകരിച്ചു.
അപ്പോഴും എന്റെ ഭാര്യ മെർസാത്താസ്, സത്യം പഠിക്കാൻ മനസ്സുകാണിച്ചിരുന്നില്ല. മാനുഷഭയമായിരുന്നു കാരണം. ആ സമയത്ത് സാക്ഷികളുടെ പ്രവർത്തനം സ്പെയിനിൽ നിരോധിച്ചിരിക്കുകയായിരുന്നു. ഞങ്ങളുടെ കുട്ടികളെ അധികാരികൾ സ്കൂളിൽനിന്ന് പുറത്താക്കുമെന്നും ഞങ്ങൾ ഭ്രഷ്ടരാക്കപ്പെടുമെന്നും ഒക്കെയായിരുന്നു അവളുടെ പേടി. എന്നാൽ കുടുംബക്കാരെല്ലാം സത്യം പഠിക്കുന്നതു കണ്ടപ്പോൾ അവളും ഒടുവിൽ പഠിക്കാൻ തുടങ്ങി.
വെറും രണ്ടുവർഷംകൊണ്ട് കുടുംബത്തിലെ 40-ഓളം പേർ സ്നാനമേറ്റ് സാക്ഷികളായിത്തീർന്നു. എന്നെപ്പോലെ എന്റെ കുടുംബക്കാരും സത്യത്തെ സ്നേഹിച്ചു. അതെ, ജീവിതത്തിൽ വിലയേറിയ ചിലതൊക്കെ നേടിയെന്നുതന്നെ എനിക്കു തോന്നി. ഞങ്ങൾ അളവറ്റ ആത്മീയ സമ്പത്തിന് ഉടമകളായി.
ഏറുന്ന പ്രായം, ഏറുന്ന സമ്പത്ത്
അടുത്ത 20 വർഷക്കാലം എന്റെ രണ്ട് ആണ്മക്കളെ വളർത്തിക്കൊണ്ടുവരുന്നതിലും പ്രാദേശിക സഭയെ സഹായിക്കുന്നതിലുമായിരുന്നു എന്റെ ശ്രദ്ധ. ഞാനും മർസാത്താസും ലൊഗ്രോന്യോയിലേക്ക് താമസം മാറുമ്പോൾ അവിടെ 20 സാക്ഷികളാണ് ഉണ്ടായിരുന്നത്. അന്ന് ആ നഗരത്തിൽ ഒരു ലക്ഷം നിവാസികളുണ്ടായിരുന്നു. വൈകാതെ, സഭയിൽ എനിക്ക് പല ഉത്തരവാദിത്വങ്ങളും ലഭിച്ചു.
എനിക്ക് 56 വയസ്സുള്ളപ്പോൾ ഞാൻ ജോലിചെയ്തിരുന്ന ഫാക്ടറി പെട്ടെന്ന് അടച്ചുപൂട്ടി. ഞാൻ തൊഴിൽരഹിതനായി. മുഴുസമയശുശ്രൂഷ ചെയ്യാൻ എനിക്കെന്നും ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് ഈ അവസരം ഞാൻ ഉപയോഗപ്പെടുത്തി. ഞാനൊരു പയനിയറായി. കിട്ടിയിരുന്ന തുച്ഛമായ പെൻഷൻകൊണ്ട് ജീവിക്കുക ബുദ്ധിമുട്ടായിരുന്നു. ചില ക്ലീനിങ് ജോലികൾ ചെയ്ത് മർസാത്താസ് കുടുംബത്തെ സാമ്പത്തികമായി പിന്തുണച്ചു. കാര്യങ്ങളൊക്കെ മുന്നോട്ടുകൊണ്ടുപോകാൻ ഞങ്ങൾക്കു കഴിഞ്ഞു. അത്യാവശ്യങ്ങൾക്കൊന്നിനും മുട്ടുണ്ടായില്ല. ഞാനിന്നും പയനിയറാണ്. അവൾ ഇടയ്ക്കൊക്കെ സഹായ പയനിയറിങ് ചെയ്യും, പ്രസംഗവേല അവൾക്ക് ഏറെ ഇഷ്ടമാണ്.
ഏതാനും വർഷങ്ങളായി മർസാത്താസ്, മെർഖി എന്ന ഒരു യുവതിക്ക് നമ്മുടെ മാസികകൾ കൊടുക്കുന്നുണ്ടായിരുന്നു. ചെറുപ്പത്തിൽ അവൾ ബൈബിൾ പഠിച്ചിരുന്നതാണ്. മെർഖി, സാഹിത്യങ്ങൾ താത്പര്യത്തോടെ വായിക്കുമായിരുന്നു. അവളുടെ മനസ്സിൽ സത്യത്തോട് ഇപ്പോഴും താത്പര്യമുണ്ടെന്ന് എന്റെ ഭാര്യക്ക് മനസ്സിലായി. ഒടുവിൽ മെർഖി ബൈബിൾ പഠിക്കാനും പുരോഗതി വരുത്താനും തുടങ്ങി. പക്ഷേ അവളുടെ ഭർത്താവ് ബിഥാന്റാ ഒരു കുടിയനായിരുന്നു, സ്ഥിരമായൊരു ജോലിയും ഇല്ലായിരുന്നു. അതുകൊണ്ട് കുടുംബത്തെ പോറ്റാൻ അയാൾക്കു കഴിഞ്ഞിരുന്നില്ല, മദ്യപാനംകാരണം വിവാഹംപോലും തകരുന്ന അവസ്ഥയിലായി.
ഞാനും ബിഥാന്റായും തമ്മിലൊന്ന് സംസാരിക്കുന്നത് നല്ലതായിരിക്കുമെന്ന് എന്റെ ഭാര്യ, മെർഖിയോട് പറഞ്ഞു. ഒടുവിൽ അയാൾ അതിനു സമ്മതിച്ചു. പലപ്രാവശ്യത്തെ സന്ദർശനത്തിന്റെ ഫലമായി അയാൾ ഒരു ബൈബിളധ്യയനം സ്വീകരിച്ചു. അയാൾ മാറ്റങ്ങൾ വരുത്താൻ തുടങ്ങി, ആദ്യം ചില ദിവസങ്ങൾ കുടിക്കാതിരുന്നു, പിന്നെ ഒരാഴ്ച കുടിക്കാതിരിക്കാമെന്നായി. ഒടുവിൽ അയാൾ അപ്പാടെ ആ ദുശ്ശീലം ഉപേക്ഷിച്ചു. അയാളുടെ പ്രകൃതം മയപ്പെട്ടു, കുടുംബം ഒന്നിച്ചു. അയാളുടെ ഭാര്യയും മകളും ഉൾപ്പെടെ കുടുംബം മുഴുവൻ, അവരിപ്പോൾ താമസിക്കുന്ന കാനറി ദ്വീപിലെ സഭയോടൊത്ത് സജീവമായി പ്രവർത്തിക്കുന്നു.
ആ നല്ല നാളുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ. . .
അന്ന് ബൈബിൾസത്യം സ്വീകരിച്ച എന്റെ ബന്ധുക്കളിൽ ചിലർ ഇപ്പോൾ ജീവിച്ചിരിപ്പില്ലെങ്കിലും ഞങ്ങളുടെ പിൻതലമുറക്കാർ ആത്മീയമായി വളർന്നുകൊണ്ടിരിക്കുന്നു. ദൈവം ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നു. (സദൃ. 10:22) നാൽപ്പതുവർഷംമുമ്പ് ബൈബിൾ പഠിക്കാൻ തുടങ്ങിയ എല്ലാവരുംതന്നെ മക്കളോടും പേരക്കുട്ടികളോടുമൊപ്പം യഹോവയെ ഇന്നും സേവിക്കുന്നു. അതു കാണുന്നതുതന്നെ മനംകുളിർപ്പിക്കുന്നു.
ഇന്നെനിക്ക് സാക്ഷികളായ ബന്ധുക്കൾ ഒരുപാടുണ്ട്. അവരിൽ പലരും മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും പയനിയർമാരുമൊക്കെയാണ്. എന്റെ മൂത്തമകനും ഭാര്യയും സ്പെയിനിലെ മാഡ്രിഡിലുള്ള ബ്രാഞ്ച് ഓഫീസിൽ സേവിക്കുന്നു. ഞാൻ വിശ്വാസത്തിൽവന്ന സമയത്ത് സ്പെയിനിൽ ഏതാണ്ട് മൂവായിരം സാക്ഷികളേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ അവിടെ ഒരു ലക്ഷത്തിലധികം സാക്ഷികളുണ്ട്. മുഴുസമയശുശ്രൂഷ ഞാൻ അങ്ങേയറ്റം ആസ്വദിക്കുന്നു. യഹോവയുടെ സേവനത്തിൽ ഇത്രയും നന്നായി പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അവനോട് എനിക്ക് അകമഴിഞ്ഞ നന്ദിയുണ്ട്. എനിക്ക് വലിയ വിദ്യാഭ്യാസമൊന്നുമില്ലെങ്കിലും ഇടയ്ക്കിടെ പകരംസഞ്ചാരമേൽവിചാരകനായി സേവിക്കാൻ കഴിയുന്നുണ്ട്.
ഞാൻ വളർന്ന ഗ്രാമത്തിലിപ്പോൾ ആൾപാർപ്പൊന്നുമില്ലെന്ന് ഞാനറിഞ്ഞു. ദാരിദ്ര്യംകാരണം ഗ്രാമനിവാസികളെല്ലാം വയലും വീടുമൊക്കെ ഇട്ടെറിഞ്ഞ് ജീവിതം പച്ചപിടിപ്പിക്കാമെന്ന പ്രതീക്ഷയിൽ മറ്റു ദേശങ്ങളിലേക്ക് കുടിയേറുകയായിരുന്നു. സന്തോഷകരമെന്നു പറയട്ടെ, അവരിൽ നല്ലൊരുപങ്കും എന്നെപ്പോലെ ആത്മീയ നിധികൾ കണ്ടെത്തി. ജീവിതത്തിന് അർഥമുണ്ടെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. അതുപോലെ യഹോവയെ സേവിക്കുന്നതിന്റെ സന്തോഷം അനിർവചനീയമാണെന്നും.
[32-ാം പേജിലെ ചിത്രം]
മോർട്ടിനെസ് സഹോദരന്റെ സാക്ഷികളായ കുടുംബാംഗങ്ങൾ