ജീവിതകഥ
വിശുദ്ധസേവനം ഞങ്ങളെ പഠിപ്പിച്ച “രഹസ്യം”
ഒലീവിയെ രാൻഡ്രിയാമുറെ പറഞ്ഞ പ്രകാരം
“ബുദ്ധിമുട്ടിലിരിക്കുവാനും സമൃദ്ധിയിൽ ഇരിക്കുവാനും എനിക്കറിയാം. ഏതു സാഹചര്യത്തിലും എപ്പോഴും തൃപ്തനായിരിക്കുന്നതിന്റെ രഹസ്യം ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. തിന്ന് തൃപ്തനായിരിപ്പാനും വിശന്നിരിപ്പാനും . . . എനിക്കു പരിശീലനം ലഭിച്ചിരിക്കുന്നു. എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം സകലവും ചെയ്യുവാൻ ഞാൻ പ്രാപ്തനാകുന്നു.”—ഫിലി. 4:12, 13, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം.
പൗലോസ് അപ്പൊസ്തലന്റെ ഈ വാക്കുകൾ എനിക്കും ഭാര്യ യൂലിക്കും ഇക്കാലമത്രയും വലിയ പ്രോത്സാഹനമായിരുന്നിട്ടുണ്ട്. യഹോവയിൽ പൂർണമായി ആശ്രയിച്ചുകൊണ്ട് അവനെ സേവിക്കവെ, പൗലോസ് പറഞ്ഞ ആ “രഹസ്യം” ഞങ്ങളും മനസ്സിലാക്കി. മഡഗാസ്കറിലെ ജീവിതം അതിനു ഞങ്ങളെ സഹായിച്ചു.
1982-ൽ യഹോവയുടെ സാക്ഷികൾ യൂലിയുടെ അമ്മയെ ബൈബിൾ പഠിപ്പിക്കാൻ തുടങ്ങി. അതിനകം എന്റെയും യൂലിയുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ഞാനും, പിന്നീട് യൂലിയും ബൈബിളധ്യയനം സ്വീകരിച്ചു. 1983-ലായിരുന്നു ഞങ്ങളുടെ വിവാഹം. 1985-ൽ സ്നാനമേറ്റ ഉടൻതന്നെ ഞങ്ങൾ സഹായ പയനിയറിങ് ആരംഭിച്ചു. 1986 ജൂലൈയിൽ ഞങ്ങൾ സാധാരണ പയനിയർമാരായി.
1987 സെപ്റ്റംബറിൽ ഞങ്ങൾ പ്രത്യേക പയനിയർമാരായി സേവിച്ചു തുടങ്ങി. ഞങ്ങളുടെ ആദ്യത്തെ നിയമനം മഡഗാസ്കറിന്റെ വടക്കുപടിഞ്ഞാറുള്ള ഒരു ചെറിയ പട്ടണത്തിലായിരുന്നു. അവിടെ സഭയൊന്നും ഉണ്ടായിരുന്നില്ല. ഏതാണ്ട് 18 പ്രധാനവംശങ്ങളും എണ്ണമറ്റ ഗോത്രവിഭാഗങ്ങളുമുള്ള ഒരു രാജ്യമാണ് മഡഗാസ്കർ. അതുകൊണ്ടുതന്നെ ആചാരരീതികളും പാരമ്പര്യങ്ങളും ഒക്കെ വ്യത്യാസപ്പെട്ടിരിക്കും. ഔദ്യോഗിക ഭാഷ മലഗാസിയാണെങ്കിലും അതിനു പല ഭാഷാഭേദങ്ങളുണ്ട്. ഞങ്ങളുടെ നിയമനപ്രദേശത്തുള്ളവരുടെ സംസാരരീതി പഠിക്കാൻ ശ്രമം ചെയ്തതുകൊണ്ട് ഗുണമുണ്ടായി; ഞങ്ങൾക്ക് അവരുമായി എളുപ്പം ഇണങ്ങിച്ചേരാൻ കഴിഞ്ഞു.
ആദ്യകാലത്ത് എല്ലാ ഞായറാഴ്ചയും ഞാൻ പരസ്യപ്രസംഗം നടത്തുമായിരുന്നു. കയ്യടിക്കാൻ എപ്പോഴും യൂലി കാണും. മറ്റാരും വരാനുണ്ടായിരുന്നില്ല. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലെ എല്ലാ പരിപാടികളും ഞങ്ങൾ നടത്തിയിരുന്നു. സാങ്കൽപ്പിക വീട്ടുകാരിയോടാണ് യൂലി സംസാരിച്ചിരുന്നത്. യോഗങ്ങൾ നടത്തുന്ന വിധത്തിൽ മാറ്റം വരുത്താൻ സർക്കിട്ട് മേൽവിചാരകൻ ദയാപൂർവം നിർദേശിച്ചപ്പോൾ ഞങ്ങൾക്ക് വളരെ ആശ്വാസമായി.
തപാൽസംവിധാനം അത്ര കാര്യക്ഷമമല്ലാതിരുന്നതിനാൽ പ്രതിമാസ അലവൻസ് കൃത്യമായി ലഭിച്ചിരുന്നില്ല. ‘ബുദ്ധിമുട്ടിലിരിക്കുവാൻ’ അങ്ങനെ ഞങ്ങൾ പഠിച്ചു. ഒരിക്കൽ, ഏകദേശം 130 കിലോമീറ്റർ അകലെവെച്ചു നടക്കുന്ന ഒരു സർക്കിട്ട് സമ്മേളനത്തിന് പോകാൻ വേണ്ട വണ്ടിക്കൂലി ഞങ്ങളുടെ കയ്യിൽ ഇല്ലാതെവന്നു. ഒരു സഹോദരൻ ഞങ്ങൾക്ക് നൽകിയ ഉപദേശമാണ് അപ്പോൾ ഓർമവന്നത്: “നിങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് യഹോവയോടു പറയുക. ഒന്നുമല്ലെങ്കിലും നിങ്ങൾ അവന്റെ വേലയല്ലേ ചെയ്യുന്നത്.” പ്രാർഥിച്ചിട്ട്, ഞങ്ങൾ സമ്മേളനത്തിന് നടന്നു പോകാൻ തീരുമാനിച്ചു. യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പ് അപ്രതീക്ഷിതമായി ഒരു സഹോദരൻ ഞങ്ങളെ കാണാനെത്തി. അദ്ദേഹം കുറച്ച് പണം നൽകി; കൃത്യം വണ്ടിക്കൂലിക്കു വേണ്ട പണം!
സർക്കിട്ട് വേലയിൽ
1991 ഫെബ്രുവരിയിൽ എന്നെ സർക്കിട്ട് മേൽവിചാരകനായി നിയമിച്ചു. അപ്പോഴേക്കും ഞങ്ങളുടെ ആ ചെറിയ കൂട്ടം, സ്നാനമേറ്റ മൂന്നുപേർ ഉൾപ്പെട്ട ഒൻപതുപ്രസാധകർ അടങ്ങിയ ഒരു കൂട്ടമായി വളർന്നിരുന്നു; 50 ആയിരുന്നു ശരാശരി യോഗഹാജർ. സർക്കിട്ട് വേലയ്ക്കായുള്ള പരിശീലനം ലഭിച്ചശേഷം ഞങ്ങൾ തലസ്ഥാനനഗരിയായ അന്റനാനാറിവോയിലെ ഒരു സർക്കിട്ടിൽ സേവിച്ചു തുടങ്ങി. 1993-ൽ കിഴക്കൻ പ്രദേശത്തുള്ള ഒരു സർക്കിട്ടിലേക്ക് ഞങ്ങളെ നിയമിച്ചു. പട്ടണത്തിലേതിൽനിന്ന് തികച്ചും വ്യത്യസ്തമായ ജീവിതസാഹചര്യമായിരുന്നു അവിടെ.
സഭകളെയും ഒറ്റപ്പെട്ട കൂട്ടങ്ങളെയും സന്ദർശിക്കാൻ ഞങ്ങൾ കാൽനടയായാണ് പോയിരുന്നത്. ചിലപ്പോൾ നിബിഡവനത്തിലൂടെ 145 കിലോമീറ്ററോളം നടന്നിട്ടുണ്ട്. കഴിവതും കുറച്ചു സാധനങ്ങളേ ഞങ്ങൾ കയ്യിൽ കരുതിയിരുന്നുള്ളൂ. സർക്കിട്ട് മേൽവിചാരകന്റെ പരസ്യപ്രസംഗത്തിൽ നിശ്ചലചിത്രങ്ങളുടെ പ്രദർശനം ഉള്ളപ്പോഴൊക്കെ (അക്കാലത്ത് ഇടയ്ക്കൊക്കെ അതുണ്ടായിരുന്നു) ഞങ്ങളുടെ ചുമടും കൂടും. ചിത്രപ്രദർശനത്തിനുള്ള ഉപകരണം ചുമന്നിരുന്നത് യൂലിയാണ്; ഞാൻ ഒരു 12 വോൾട്ട് കാർ ബാറ്ററിയും.
അടുത്ത സഭയിലേക്ക് പോകാൻ മിക്കപ്പോഴും ഞങ്ങൾക്ക് ഒറ്റ ദിവസംകൊണ്ട് 40 കിലോമീറ്ററോളം യാത്ര ചെയ്യണമായിരുന്നു. കുന്നും മലയും കയറിയിറങ്ങി, നദികൾ കടന്ന്, ചെളിനിറഞ്ഞ വഴികളിലൂടെയായിരുന്നു യാത്ര. ചിലപ്പോഴൊക്കെ ഉറക്കം വഴിയരികിൽത്തന്നെയായിരുന്നു. എന്നാൽ കഴിവതും, രാത്രിയിൽ ഒരു ഗ്രാമത്തിൽ എത്തിച്ചേരാൻ ഞങ്ങൾ ശ്രമിച്ചിരുന്നു; അവിടെയാകുമ്പോൾ തങ്ങാൻ പറ്റിയ സ്ഥലം അന്വേഷിക്കാം. യാതൊരു പരിചയവുമില്ലാത്തവരോടുപോലും താമസസൗകര്യം ചോദിച്ചിട്ടുണ്ട്. താമസിക്കാൻ ഇടം കിട്ടിയാൽ പിന്നെ ഭക്ഷണം പാകംചെയ്യലായി. യൂലി ആരോടെങ്കിലും ഒരു കലം മേടിച്ച് അടുത്തുള്ള നദിയിൽനിന്നോ തടാകത്തിൽനിന്നോ വെള്ളം കൊണ്ടുവരും. ആ സമയംകൊണ്ട് ഞാൻ ഒരു മഴു സംഘടിപ്പിച്ച് ഭക്ഷണം പാകംചെയ്യുന്നതിനുള്ള വിറകു വെട്ടും. എല്ലാംകൂടെ ധാരാളം സമയം എടുത്തിരുന്നു. വല്ലപ്പോഴുമൊക്കെ ഞങ്ങൾ കോഴിയെ വാങ്ങി അതിനെ കൊന്ന് കറിവെക്കുമായിരുന്നു.
ഭക്ഷണം കഴിഞ്ഞാൽ പിന്നെ കുളിയാണ്; അതിനും വെളളം കൊണ്ടുവരണം. ചിലപ്പോൾ ഉറക്കം അടുക്കളയിലായിരിക്കും. മഴ പെയ്യുമ്പോൾ ഞങ്ങൾ ഭിത്തിയിൽ ചാരി ഇരുന്ന് ഉറങ്ങിയിട്ടുണ്ട്; ചോരുന്ന മേൽക്കൂരയിൽനിന്ന് രക്ഷപ്പെടണമല്ലോ!
ആതിഥേയരോടു സാക്ഷീകരിക്കാൻ ഞങ്ങൾ എല്ലായ്പോഴും ശ്രദ്ധിച്ചിരുന്നു. ഒടുവിൽ യാത്ര കഴിഞ്ഞ് സഹോദരങ്ങളുടെ അടുത്തെത്തുമ്പോഴോ? അവരുടെ ദയയും ആതിഥ്യവും പറഞ്ഞറിയിക്കാനാവില്ല! അവരുടെ സന്തോഷം കാണുമ്പോൾ യാത്രാമധ്യേ അനുഭവിച്ച ക്ലേശങ്ങളെല്ലാം ഞങ്ങൾ മറക്കും.
സഹോദരങ്ങളുടെ വീട്ടിൽ താമസിക്കുമ്പോൾ ഞങ്ങൾ അവരോടൊപ്പം വീട്ടുജോലികൾ ചെയ്യാൻ കൂടുമായിരുന്നു. വയൽശുശ്രൂഷയിൽ ഏർപ്പെടുന്നത് അങ്ങനെ അവർക്ക് കൂടുതൽ എളുപ്പമായി. ഞങ്ങളുടെ ആതിഥേയരിൽനിന്ന്, ആർഭാടങ്ങളോ വിശേഷപ്പെട്ട ഭക്ഷണമോ ഒന്നും ഞങ്ങൾ പ്രതീക്ഷിച്ചില്ല; അത് അവരുടെ കഴിവിന് അപ്പുറമായിരുന്നു.
ഒറ്റപ്പെട്ട കൂട്ടങ്ങൾ സന്ദർശിക്കുന്നു
ഒറ്റപ്പെട്ട ചില കൂട്ടങ്ങൾ സന്ദർശിക്കുമ്പോൾ നിന്നുതിരിയാൻ സമയം കിട്ടിയിരുന്നില്ല. തിരക്കിട്ട പരിപാടികളുമായാണ് സഹോദരങ്ങൾ ഞങ്ങളെ വരവേറ്റിരുന്നത്. “അൽപ്പം വിശ്രമി”ക്കാൻപോലുമുള്ള സമയം ഇല്ലാതിരുന്നിട്ടുകൂടി ഞങ്ങൾ ആ സന്ദർശനങ്ങൾ നന്നായി ആസ്വദിച്ചിരുന്നു. (മർക്കോ. 6:31) ഒരിടത്ത് ഒരു ദമ്പതികൾ തങ്ങളുടെ ബൈബിളധ്യയനങ്ങളിൽ ഞങ്ങളെക്കൂടി പങ്കെടുപ്പിക്കാൻ അവരുടെ എല്ലാ ബൈബിൾവിദ്യാർഥികളെയും വീട്ടിലേക്ക് ക്ഷണിച്ചു. 40 പേരുണ്ടായിരുന്നു അവർ. യൂലിയും സഹോദരിയും ചേർന്ന് ഏതാണ്ട് 20 അധ്യയനങ്ങൾ നടത്തി; ബാക്കിയുള്ളവ നടത്താൻ ഞാൻ സഹോദരനോടൊപ്പം കൂടി. ഒരു അധ്യയനം കഴിഞ്ഞാലുടൻ അടുത്തത്, അങ്ങനെ വൈകുന്നേരംവരെ. പിന്നീട് സഭായോഗങ്ങൾക്കു ശേഷം വീണ്ടും ബൈബിളധ്യയനങ്ങൾ തുടർന്നു. അന്നത്തെ പരിപാടികൾ അവസാനിച്ചത് രാത്രി ഏതാണ്ട് എട്ടുമണിയോടെയാണ്.
മറ്റൊരു കൂട്ടത്തോടൊപ്പമായിരുന്ന സമയത്ത്, ഒരു ദിവസം രാവിലെ എട്ടുമണിയോടെ എല്ലാവരും അയൽഗ്രാമത്തിലേക്ക് യാത്ര തിരിച്ചു. പഴയ വസ്ത്രങ്ങളാണ് എല്ലാവരും ധരിച്ചിരുന്നത്. കാട്ടിലൂടെയുള്ള നീണ്ട നടപ്പിനു ശേഷം ഉച്ചയോടെ ഞങ്ങൾ ഉദ്ദേശിച്ച സ്ഥലത്തെത്തി. നല്ല വസ്ത്രങ്ങൾ ധരിച്ച് ഉടൻതന്നെ ഞങ്ങൾ വീടുതോറും പ്രസംഗവേല ആരംഭിച്ചു. കുറച്ചു വീടുകളേ ഉണ്ടായിരുന്നുള്ളൂ, പ്രസാധകരാണെങ്കിൽ അനവധിയും. അതിനാൽ ഏകദേശം 30 മിനിട്ടുകൊണ്ട് ഞങ്ങൾ ആ പ്രദേശം പ്രവർത്തിച്ചു തീർത്തു. പിന്നെ അടുത്ത ഗ്രാമത്തിലേക്ക്. അവിടെയും പ്രസംഗിച്ചശേഷം തിരിച്ച് വീട്ടിലേക്കുള്ള നീണ്ട നടപ്പ് ആരംഭിച്ചു. ഈ രീതി ഞങ്ങളെ കുറച്ച് നിരുത്സാഹപ്പെടുത്തി. കാരണം, വളരെയധികം സമയവും ഊർജവും ചെലവഴിച്ചെങ്കിലും വീടുതോറുമുള്ള വേലയിൽ ഏതാണ്ട് ഒരു മണിക്കൂർ മാത്രമേ പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. പക്ഷേ, അവിടങ്ങളിലുള്ള സഹോദരങ്ങൾ പരാതിപ്പെട്ടില്ല. അവരുടെ ഉത്സാഹത്തിന് യാതൊരു കുറവും വന്നില്ല.
റ്റവിരനാമ്പോയിൽ, മലമുകളിലായി ഒറ്റപ്പെട്ട ഒരു കൂട്ടം ഉണ്ടായിരുന്നു. അവിടെ, ഒരു ഒറ്റമുറി വീട്ടിൽ താമസിച്ചിരുന്ന സാക്ഷിക്കുടുംബത്തെ ഞങ്ങൾ കണ്ടുമുട്ടി. അവരുടെ വീടിന്റെ അടുത്തായുള്ള ഒരു കൊച്ചു പുരയിലായിരുന്നു യോഗങ്ങൾ നടത്തിയിരുന്നത്. പെട്ടെന്ന് ഞങ്ങളുടെ ആതിഥേയൻ ഉറക്കെ, “സഹോദരങ്ങളേ” എന്നു വിളിക്കാൻ തുടങ്ങി. അപ്പോൾ അടുത്ത മലമുകളിൽനിന്ന് “ഓയ്” എന്നു മറുപടി വന്നു. “സർക്കിട്ട് മേൽവിചാരകൻ വന്നിട്ടുണ്ട്,” വീണ്ടും ഇവിടെനിന്ന് സഹോദരൻ വിളിച്ചുപറഞ്ഞു. ഉടനടി മറുപടി വന്നു: “ശരി.” ഈ സന്ദേശം അകലെ താമസിക്കുന്ന മറ്റ് അനേകർക്കു കൈമാറിയിട്ടുണ്ടാകണം. വൈകാതെ ആളുകൾ യോഗങ്ങൾക്ക് എത്താൻ തുടങ്ങി; യോഗം ആരംഭിച്ചപ്പോഴേക്കും 100-ലധികം പേർ ഹാജരായിരുന്നു.
യാത്രാക്ലേശങ്ങൾ
1996-ൽ ഞങ്ങളെ അന്റനാനാറിവോയ്ക്ക് അടുത്തുള്ള ഉയർന്ന മധ്യപീഠഭൂമിപ്രദേശത്തെ ഒരു സർക്കിട്ടിലേക്ക് നിയമിച്ചു. ഈ സർക്കിട്ടിൽ സേവിക്കുന്നതിന് അതിന്റേതായ ചില വെല്ലുവിളികളുണ്ടായിരുന്നു; പ്രാന്തപ്രദേശങ്ങളിലേക്ക് സ്ഥിരമായൊരു പൊതുഗതാഗതസൗകര്യം ഉണ്ടായിരുന്നില്ല. അന്റനാനാറിവോയിൽനിന്നും ഏതാണ്ട് 240 കിലോമീറ്റർ അകലെ ബേയങ്കാനയിലുള്ള (ബേസാക്കേ) ഒരു കൂട്ടത്തെ ഞങ്ങൾക്ക് സന്ദർശിക്കണമായിരുന്നു. വണ്ടിയോടിക്കുന്ന ആളുമായി ചില വിലപേശലുകൾ നടത്തിയിട്ട് ഞങ്ങൾ ആ ദിക്കിലേക്ക് പോകുന്ന ചെറിയൊരു ട്രക്കിൽ കയറി. വണ്ടിയുടെ പുറകിൽ തൂങ്ങിനിന്നും മുകളിൽ കയറിക്കിടന്നും ഏകദേശം 30 പേരാണ് അതിൽ യാത്ര ചെയ്തത്.
പതിവുപോലെ, യാത്ര തുടങ്ങി അധികം കഴിയുംമുമ്പ് വണ്ടി കേടായി. ഞങ്ങൾ നടപ്പു തുടങ്ങി. പ്രയാസപ്പെട്ട് കുറച്ചു മണിക്കൂറുകൾ നടന്നു കഴിഞ്ഞപ്പോൾ വലിയ ഒരു ട്രക്ക് അതുവഴി വന്നു. അപ്പോൾത്തന്നെ ആളുകളെയും സാധനങ്ങളെയും കൊണ്ട് വണ്ടി നിറഞ്ഞിരുന്നെങ്കിലും ഡ്രൈവർ വണ്ടി നിറുത്തിത്തന്നു. കാലുകുത്താൻ മാത്രമേ ഇടമുണ്ടായിരുന്നുള്ളുവെങ്കിലും ഞങ്ങൾ അതുകൊണ്ട് തൃപ്തരായി. യാത്രാമധ്യേ ഒരു നദി കുറുകെ കടക്കണമായിരുന്നു. പക്ഷേ പാലത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വണ്ടിക്കു കടന്നു പോകാനായില്ല. വീണ്ടും നടക്കാൻ തുടങ്ങിയ ഞങ്ങൾ ഒരു ചെറിയ ഗ്രാമത്തിലെത്തി. അവിടെ പ്രത്യേക പയനിയർമാർ താമസിക്കുന്നുണ്ടായിരുന്നു. പാലംപണി കഴിഞ്ഞ് വേറൊരു വണ്ടി വരുന്നതുവരെ കാത്തിരിക്കുകയല്ലാതെ മറ്റു പോംവഴിയുണ്ടായിരുന്നില്ല. അതുകൊണ്ട്, ആ സ്ഥലത്ത് സന്ദർശനം ക്രമീകരിച്ചിരുന്നില്ലെങ്കിലും കിട്ടിയ സമയം ഞങ്ങൾ അവിടെയുള്ളവരോടൊപ്പം പ്രസംഗവേലയിൽ ഏർപ്പെട്ടു.
ഒരാഴ്ച കഴിഞ്ഞാണ് അതുവഴി ഒരു വണ്ടി വന്നത്. ഞങ്ങൾ അതിൽ യാത്ര തുടർന്നു. വലിയ കുഴികൾ നിറഞ്ഞ വഴിയായിരുന്നു അത്. പലപ്പോഴും മുട്ടോളം വെള്ളത്തിൽ നിന്ന് വണ്ടി തള്ളേണ്ടിവന്നു; അതിനിടെ പലതവണ തട്ടിവീഴുകയും ചെയ്തു. പുലർച്ചെ വണ്ടി ഒരു ചെറിയ ഗ്രാമത്തിലെത്തിയപ്പോൾ ഞങ്ങൾ ഇറങ്ങി. എന്നിട്ട് നെൽപ്പാടങ്ങളിലൂടെ, അരയ്ക്കൊപ്പം ചെളിയിൽ ലക്ഷ്യസ്ഥാനത്തേക്ക് നടന്നു.
ആദ്യമായാണ് ഞങ്ങൾ ആ സ്ഥലം സന്ദർശിക്കുന്നത്. അതുകൊണ്ട് പാടത്തു പണിയെടുത്തിരുന്നവരോടു സാക്ഷീകരിച്ചിട്ട്, അവിടെ സാക്ഷികൾ താമസിക്കുന്നത് എവിടെയെന്ന് അവരോട് ചോദിച്ചു മനസ്സിലാക്കാം എന്നു ഞങ്ങൾ തീരുമാനിച്ചു. എന്നാൽ അവിടെ പണിയെടുത്തിരുന്നവർ നമ്മുടെ സഹോദരങ്ങൾതന്നെയായിരുന്നു എന്നറിഞ്ഞപ്പോൾ ഞങ്ങൾക്ക് എത്ര സന്തോഷം തോന്നിയെന്നോ!
മുഴുസമയശുശ്രൂഷ ഏറ്റെടുക്കാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നു
മുഴുസമയശുശ്രൂഷ ഏറ്റെടുക്കാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചതുമൂലം നല്ല ഫലങ്ങൾ ഉണ്ടായിട്ടുണ്ട്. വർഷങ്ങളിലുടനീളം അതിന്റെ സന്തോഷം ഞങ്ങൾ ആസ്വദിച്ചിരിക്കുന്നു. ഒൻപതു സാധാരണ പയനിയർമാരുള്ള ഒരു സഭ സന്ദർശിച്ചപ്പോൾ, മറ്റൊരാളെക്കൂടെ പയനിയറാകാൻ സഹായിക്കുക എന്ന ലക്ഷ്യം വെക്കാൻ ഞങ്ങൾ അവരെ ഓരോരുത്തരെയും പ്രോത്സാഹിപ്പിച്ചു. ആറുമാസം കഴിഞ്ഞ് ഞങ്ങൾ വീണ്ടും അവിടം സന്ദർശിച്ചപ്പോൾ പയനിയർമാരുടെ എണ്ണം 22 ആയി വർധിച്ചിരുന്നു. രണ്ടു പയനിയർ സഹോദരിമാർ ചെയ്തത് ഇതാണ്: ഓരോരുത്തരും അവരവരുടെ പിതാവിനെ പയനിയറിങ്ങിനു പ്രോത്സാഹിപ്പിച്ചു. മൂപ്പന്മാരായിരുന്ന അവരാകട്ടെ, മൂന്നാമതൊരു മൂപ്പനെക്കൂടി സാധാരണ പയനിയറാകാൻ ഉത്സാഹിപ്പിച്ചു. കുറച്ചു കാലത്തിനകം മൂന്നാമത്തെ മൂപ്പൻ പ്രത്യേക പയനിയറായി. പിന്നീട് അദ്ദേഹവും ഭാര്യയും സർക്കിട്ട് വേല ആരംഭിച്ചു. മറ്റു രണ്ടുമൂപ്പന്മാരുടെ കാര്യമോ? ഒരാൾ ഇപ്പോൾ സർക്കിട്ട് വേലയിലാണ്; മറ്റേയാൾ രാജ്യഹാൾ നിർമാണവേലയിലും.
ഞങ്ങളുടെ സ്വന്തം ശക്തിയാൽ ഒന്നും സാധിക്കില്ലെന്ന് അറിയാവുന്നതുകൊണ്ട്, യഹോവ നൽകുന്ന സഹായത്തെപ്രതി ഞങ്ങൾ എല്ലാ ദിവസവും അവനു നന്ദി നൽകുന്നു. ഇടയ്ക്കൊക്കെ ഞങ്ങൾക്ക് ക്ഷീണം തോന്നുകയും സുഖമില്ലാതെ വരുകയും ചെയ്യാറുണ്ടെങ്കിലും ശുശ്രൂഷയുടെ നല്ല ഫലങ്ങളെക്കുറിച്ച് ആലോചിക്കുമ്പോൾ സന്തോഷം തോന്നാറുണ്ട്. യഹോവയാണ് തന്റെ വേല മുന്നോട്ടു നയിക്കുന്നത്. ഇപ്പോൾ പ്രത്യേക പയനിയർമാരായി സേവിച്ചുകൊണ്ട് അതിൽ ഒരു ചെറിയ പങ്കുണ്ടായിരിക്കാൻ സാധിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. അതെ, നമ്മെ ‘ശക്തനാക്കുന്നവനായ’ യഹോവയിൽ ആശ്രയിച്ച ഞങ്ങൾ ആ “രഹസ്യം” മനസ്സിലാക്കിയിരിക്കുന്നു.
[6-ാം പേജിലെ ആകർഷക വാക്യം]
യഹോവയിൽ ആശ്രയിച്ച ഞങ്ങൾ ആ “രഹസ്യം” മനസ്സിലാക്കിയിരിക്കുന്നു
[4-ാം പേജിലെ മാപ്പ്/ചിത്രങ്ങൾ]
‘ചുവന്ന ദ്വീപ്’ എന്നു പേരുള്ള മഡഗാസ്കർ ലോകത്തിലെ നാലാമത്തെ വലിയ ദ്വീപാണ്. ചുവന്ന നിറമുള്ള മണ്ണാണ് അവിടത്തേത്; അന്യാദൃശമായ അനേകം ജീവിവർഗങ്ങൾ അവിടെയുണ്ട്
[5-ാം പേജിലെ ചിത്രം]
ബൈബിളധ്യയനങ്ങളിൽ പങ്കെടുക്കുന്നത് ഞങ്ങൾ ആസ്വദിക്കുന്നു
[5-ാം പേജിലെ ചിത്രങ്ങൾ]
യാത്രകളായിരുന്നു ഒരു വലിയ വെല്ലുവിളി