ജപ്പാൻകാർക്ക് ഓർക്കാപ്പുറത്തൊരു സമ്മാനം!
ജപ്പാനിലെ നാഗോയായിൽ 2013 ഏപ്രിൽ 28-ന് നടന്ന ഒരു പ്രത്യേകയോഗത്തിൽ ഭരണസംഘത്തിലെ ആന്തണി മോറിസ് സഹോദരൻ സദസ്സിനെ കോരിത്തരിപ്പിക്കുന്ന ഒരു അറിയിപ്പ് നടത്തി. ജാപ്പനീസ് ഭാഷയിലുള്ള, ബൈബിൾ—മത്തായി എഴുതിയ സുവിശേഷം എന്ന ഒരു പുതിയ പ്രസിദ്ധീകരണം അദ്ദേഹം പ്രകാശനം ചെയ്തു. പരിപാടിയിൽ നേരിട്ട് സംബന്ധിക്കുകയോ ഇന്റർനെറ്റ് മുഖാന്തരമുള്ള സംപ്രേഷണം (Webcast) കാണുകയോ ചെയ്ത 2,10,000 വരുന്ന സദസ്യർ നീണ്ട കരഘോഷം മുഴക്കി.
ജാപ്പനീസ് ഭാഷയിലെ പുതിയ ലോക ഭാഷാന്തരം ബൈബിളിൽനിന്ന് പുനർമുദ്രണം ചെയ്ത, മത്തായിയുടെ സുവിശേഷത്തിന്റെ 128 പേജുള്ള ഈ പതിപ്പ് തികച്ചും വ്യത്യസ്തമായ ഒരു പ്രസിദ്ധീകരണമാണ്. “ജപ്പാൻവയലിലെ പ്രത്യേക ആവശ്യം മുൻനിറുത്തിയാണ്” ഇത് രൂപകല്പന ചെയ്തിട്ടുള്ളതെന്ന് മോറിസ് സഹോദരൻ വിശദമാക്കി. എന്തെല്ലാമാണ് ഈ ബൈബിൾപ്പുസ്തകത്തിന്റെ സവിശേഷതകൾ? ഇങ്ങനെയൊന്ന് തയ്യാറാക്കിയതിന്റെ ഉദ്ദേശ്യം എന്താണ്? ആളുകൾ അതിനെ എങ്ങനെയാണ് ഏറ്റുവാങ്ങിയത്?
അതിന്റെ സവിശേഷതകൾ
മത്തായി പുസ്തകത്തിന്റെ രൂപഘടന സദസ്സിനെ വിസ്മയിപ്പിച്ചു. വലത്തോട്ടും താഴോട്ടും അക്ഷരവിന്യാസം സാധ്യമായ ഒരു ഭാഷയാണ് ജാപ്പനീസ്. നമ്മുടെ പുതിയ പ്രസിദ്ധീകരണങ്ങൾ ഉൾപ്പെടെ ചില പുസ്തകമാസികകളും വലത്തോട്ടുള്ള ലിപിവിന്യാസമാണ് പിൻപറ്റിയിട്ടുള്ളത്. എന്നാൽ ജാപ്പനീസ് വർത്തമാനപ്പത്രങ്ങളും സാഹിത്യസൃഷ്ടികളും താഴോട്ടുള്ള എഴുത്തുരീതിയാണ് ഉപയോഗിച്ചുവരുന്നത്. അതുകൊണ്ടാണ് ഈ പുതിയ പ്രസിദ്ധീകരണത്തിൽ താഴോട്ടുള്ള അക്ഷരവിന്യാസം അവലംബിച്ചുനോക്കിയത്. അനായാസം വായന ആസ്വദിക്കാൻ സഹായിക്കുന്ന ഈ രീതിയാണ് മിക്ക ജപ്പാൻകാർക്കും പ്രിയം. കൂടാതെ പേജിലെ തലവാചകങ്ങളെ ഉപതലക്കെട്ടുകളായി പാഠഭാഗത്തിന് ഉള്ളിലേക്ക് മാറ്റിയത് മുഖ്യാശയങ്ങൾ എളുപ്പത്തിൽ കാണാൻ വായനക്കാരെ സഹായിക്കുന്നു.
ജപ്പാനിലെ സഹോദരീസഹോദരന്മാർ മത്തായി പുസ്തകത്തിന്റെ സവിശേഷതകളിൽനിന്ന് ഉടൻതന്നെ പ്രയോജനം നേടാൻ തുടങ്ങി. “മത്തായിയുടെ സുവിശേഷം പല ആവർത്തി ഞാൻ വായിച്ചിട്ടുണ്ട്, പക്ഷേ താഴോട്ടുള്ള ഈ ലിപിവിന്യാസവും ഉപതലക്കെട്ടുകളും ഗിരിപ്രഭാഷണം ഏറെ നന്നായി മനസ്സിലാക്കാൻ എന്നെ സഹായിച്ചു” എന്ന് 80-നുമേൽ പ്രായമുള്ള ഒരു സഹോദരി പറഞ്ഞു. “പുതിയ മത്തായി പുസ്തകം ഞാൻ ഒറ്റയടിക്ക് വായിച്ചുതീർത്തു! വലത്തോട്ട് എഴുതുന്ന രീതിയാണ് ഞാൻ പരിചയിച്ചിട്ടുള്ളത്. പക്ഷേ അനേകം ജപ്പാൻകാർക്കും താഴോട്ട് എഴുതുന്ന ഈ ശൈലിയാണ് ഏറെ ഇഷ്ടം,” ചെറുപ്പക്കാരിയായ ഒരു സഹോദരി പറയുന്നു.
ജപ്പാൻവയലിനുവേണ്ടിയുള്ള പ്രത്യേക രൂപകല്പന
ബൈബിളിലെ ഒരു പുസ്തകം മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഈ പ്രസിദ്ധീകരണം ജപ്പാൻവയലിലെ പ്രത്യേക ആവശ്യത്തിന് ഉതകുന്നത് എങ്ങനെയാണ്? അനേകം ജപ്പാൻകാർക്കും ബൈബിൾ പരിചിതമല്ലെങ്കിലും അത് വായിക്കാൻ അവർക്ക് താത്പര്യമാണ്. ബൈബിൾ ഒരിക്കലും കണ്ടിട്ടുപോലുമില്ലാത്തവർക്ക് ഈ വിശുദ്ധഗ്രന്ഥത്തിന്റെ ഒരു ഭാഗം കൈയിൽപ്പിടിച്ച് വായിക്കാൻ മത്തായിയുടെ സുവിശേഷത്തിന്റെ ഈ പതിപ്പ് അവസരം നൽകുന്നു.
ഇതിനായി എന്തുകൊണ്ടാണ് മത്തായിയുടെ സുവിശേഷം തിരഞ്ഞെടുത്തത്? “ബൈബിൾ” എന്ന വാക്കു കേൾക്കുമ്പോൾ മിക്ക ജപ്പാൻകാരും ഓർക്കുന്നത് യേശുക്രിസ്തുവിനെയാണ്. അതുകൊണ്ടുതന്നെ, യേശുവിന്റെ വംശാവലിയും യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള വൃത്താന്തവും വിഖ്യാതമായ ഗിരിപ്രഭാഷണവും അന്ത്യകാലത്തെക്കുറിച്ചുള്ള സംഭവബഹുലമായ പ്രവചനവും അനേകം ജപ്പാൻകാർക്ക് താത്പര്യമുള്ള വിഷയങ്ങളായിരിക്കും. ഇവയെല്ലാം മത്തായിയുടെ സുവിശേഷത്തിൽ നന്നായി വിവരിച്ചിട്ടുണ്ട്.
ജപ്പാനിലെ സതീക്ഷ്ണരായ രാജ്യഘോഷകർ ഉടൻതന്നെ ഈ പുതിയ പ്രസിദ്ധീകരണം വീടുതോറുമുള്ള വേലയിലും മടക്കസന്ദർശനങ്ങളിലും വിതരണം ചെയ്യാൻതുടങ്ങി. “ഞങ്ങളുടെ പ്രദേശത്തുള്ള ആളുകൾക്ക് ദൈവവചനം സമർപ്പിക്കാനുള്ള കൂടുതൽ അവസരങ്ങൾ എനിക്ക് ഇപ്പോഴുണ്ട്” എന്ന് ഒരു സഹോദരി എഴുതി. “പ്രത്യേകയോഗം കഴിഞ്ഞ് അന്ന് ഉച്ചകഴിഞ്ഞുതന്നെ മത്തായി പുസ്തകത്തിന്റെ ഒരു കോപ്പി എനിക്ക് സമർപ്പിക്കാനായി!”
ആളുകൾ അതിനെ എങ്ങനെ സ്വീകരിച്ചു?
രാജ്യപ്രസാധകർ മത്തായി പുസ്തകം വയലിൽ എങ്ങനെയാണ് പരിചയപ്പെടുത്തുന്നത്? ‘ഇടുക്കുവാതിൽ,’ ‘മുത്തുകൾ പന്നികളുടെ മുമ്പിൽ ഇടരുത്,’ “നാളെക്കായി വിചാരപ്പെടരുത്” എന്നിങ്ങനെയുള്ള പഴമൊഴികൾ ജപ്പാനിൽ മിക്കവർക്കും പരിചിതമാണ്. (മത്താ. 6:34; 7:6, 13) എന്നാൽ ഇവ യേശുക്രിസ്തുവിന്റെ വാക്കുകളാണെന്ന് കേൾക്കുമ്പോൾ അവർ അത്ഭുതപ്പെടുന്നു. ഇതുപോലുള്ള ശൈലികൾ മത്തായിയുടെ സുവിശേഷത്തിൽ കാണുമ്പോൾ, “ഒരിക്കലെങ്കിലും ബൈബിളൊന്ന് വായിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്” എന്നാണ് പലരും പ്രതികരിക്കാറുള്ളത്.
മത്തായി പുസ്തകം സ്വീകരിച്ചവർക്ക് പ്രസാധകർ മടക്കസന്ദർശനം നടത്തുമ്പോൾ, ഉടൻതന്നെ തങ്ങൾ അത് കുറെയെങ്കിലും വായിച്ചതായി പല വീട്ടുകാരും പറയാറുണ്ട്. 60-നു മേൽ പ്രായമുള്ള ഒരു വീട്ടുകാരൻ പറയുന്നത് ഇങ്ങനെ: “ഞാൻ അത് പല ആവർത്തി വായിച്ചു. എനിക്ക് വളരെ ആശ്വാസം തോന്നി. ബൈബിളിനെക്കുറിച്ച് കൂടുതൽ പഠിക്കാനായാൽ നന്നായിരുന്നു.”
പരസ്യസാക്ഷീകരണത്തിലും മത്തായി പുസ്തകം ഉപയോഗിക്കുന്നുണ്ട്. ആ വേലയിലായിരിക്കെ, മത്തായി പുസ്തകം സ്വീകരിച്ച ഒരു സ്ത്രീക്ക് ഒരു സഹോദരി തന്റെ ഇ-മെയിൽ അഡ്രസ്സ് നൽകുകയുണ്ടായി. ഒരു മണിക്കൂറിനു ശേഷം സഹോദരിക്ക് ഒരു ഇ-മെയിൽ വന്നു. താൻ ആ പുസ്തകം കുറെ വായിച്ചെന്നും കൂടുതൽ വിവരങ്ങൾ അറിയാൻ താത്പര്യമുണ്ടെന്നും ആണ് ആ സ്ത്രീ എഴുതിയത്. ഒരാഴ്ചയ്ക്കു ശേഷം അവർക്ക് ഒരു ബൈബിളധ്യയനം ആരംഭിച്ചു, അധികംവൈകാതെ അവർ യോഗങ്ങൾക്ക് വരാനും തുടങ്ങി.
ബൈബിൾ—മത്തായി എഴുതിയ സുവിശേഷം എന്ന പ്രസിദ്ധീകരണത്തിന്റെ 16 ലക്ഷത്തിലധികം കോപ്പികളാണ് ജപ്പാനിലുള്ള സഭകളിലേക്ക് അയച്ചിരിക്കുന്നത്. ഓരോ മാസവും പതിനായിരക്കണക്കിന് കോപ്പികൾ സാക്ഷികൾ വയലിൽ വിതരണം ചെയ്യുന്നു. ഈ പ്രസിദ്ധീകരണത്തിന്റെ ആമുഖത്തിൽ അത് പ്രസിദ്ധീകരിച്ചവരുടെ ആത്മാർഥമായ ആഗ്രഹം അവർ ഈ വാക്കുകളിൽ രേഖപ്പെടുത്തിയിരിക്കുന്നു: “ഈ പതിപ്പ് വായിക്കുന്നതിലൂടെ ബൈബിളിലുള്ള നിങ്ങളുടെ താത്പര്യം ആഴമുള്ളതായിത്തീരട്ടെ എന്നു ഞങ്ങൾ ആശിക്കുന്നു.”