പഠനലേഖനം 34
നിയമനത്തിൽ മാറ്റം വരുമ്പോൾ. . .
“നിങ്ങൾ ദൈവനാമത്തോടു കാണിക്കുന്ന സ്നേഹവും നിങ്ങൾ ചെയ്യുന്ന സേവനവും മറന്നുകളയാൻ ദൈവം അനീതിയുള്ളവനല്ല.”—എബ്രാ. 6:10.
ഗീതം 38 ദൈവം നിന്നെ ബലപ്പെടുത്തും
പൂർവാവലോകനംa
1-3. മുഴുസമയസേവകരുടെ നിയമനങ്ങളിൽ മാറ്റം വന്നേക്കാവുന്നത് എന്തുകൊണ്ട്?
“നീണ്ട 21 വർഷത്തെ മിഷനറിനിയമനം ഞങ്ങൾക്കു നിറുത്തേണ്ടിവന്നു. കാരണം, ഞങ്ങളുടെ രണ്ടു പേരുടെയും മാതാപിതാക്കളുടെ ആരോഗ്യം തീർത്തും മോശമായി. അവരുടെ കാര്യങ്ങൾ നോക്കുന്നതിനു ഞങ്ങൾക്കു സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഞങ്ങൾ അത്രയധികം ഇഷ്ടപ്പെട്ടിരുന്ന ആ നിയമനം വിട്ട് പോരേണ്ടിവന്നതു ഞങ്ങളെ ശരിക്കും വേദനിപ്പിച്ചു” എന്നു റോബർട്ടും മേരി ജോയും പറയുന്നു.
2 “ഞങ്ങളുടെ നിയമനത്തിലേക്കു മടങ്ങിപ്പോകാൻ ആരോഗ്യം അനുവദിക്കില്ലെന്ന് അറിഞ്ഞപ്പോൾ ഞങ്ങൾ കരഞ്ഞുപോയി. ഒരു വിദേശരാജ്യത്ത് യഹോവയെ സേവിക്കുക എന്ന ഞങ്ങളുടെ സ്വപ്നം ഇനി ഒരു സ്വപ്നം മാത്രമായിരിക്കുമെന്നു ഞങ്ങൾക്കു മനസ്സിലായി,” വില്യമും ടെറിയും പറയുന്നു.
3 ഇനി അലെക്സി സഹോദരന്റെ വാക്കുകൾ ശ്രദ്ധിക്കുക: “ഒരു ദിവസം ഗവൺമെന്റ് ഞങ്ങളുടെ ബ്രാഞ്ചോഫീസ് അടച്ചുപൂട്ടി. അവർ അതിനുവേണ്ടി കരുക്കൾ നീക്കുകയാണെന്നു ഞങ്ങൾക്ക് അറിയാമായിരുന്നെങ്കിലും ബഥേൽ വിടേണ്ടിവന്നപ്പോൾ അതു ശരിക്കും ഒരു ഞെട്ടലായിരുന്നു.”
4. ഈ ലേഖനത്തിൽ നമ്മൾ ഏതെല്ലാം ചോദ്യങ്ങൾ ചർച്ച ചെയ്യും?
4 ഇവരെപ്പോലെ, ബഥേലംഗങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിനു മുഴുസമയസേവകരുടെ നിയമനങ്ങളിൽ മാറ്റം വന്നിട്ടുണ്ട്.b തങ്ങൾ വളരെയധികം പ്രിയപ്പെട്ട നിയമനം വിടേണ്ടിവന്നത് അവർക്കു ശരിക്കും ബുദ്ധിമുട്ടായിരുന്നു. ഈ മാറ്റവുമായി പൊരുത്തപ്പെടാൻ അവരെ എന്തു സഹായിക്കും? നിങ്ങൾക്ക് അവരെ എങ്ങനെ പിന്തുണയ്ക്കാം? ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ പരിചിന്തിക്കുന്നത്, ജീവിതസാഹചര്യങ്ങൾക്കു മാറ്റമുണ്ടാകുമ്പോൾ അവ കൈകാര്യം ചെയ്യാൻ നമ്മളെ എല്ലാവരെയും സഹായിക്കും.
മാറ്റവുമായി എങ്ങനെ പൊരുത്തപ്പെടാം?
5. നിയമനത്തിലുണ്ടാകുന്ന മാറ്റം നമ്മളെ എങ്ങനെ ബാധിക്കും?
5 നമ്മൾ സേവിക്കുന്നതു ബഥേലിലായാലും മുഴുസമയസേവനത്തിന്റെ മറ്റ് ഏതു മേഖലയിലായാലും അവിടെയുള്ള ആളുകളുമായി നമുക്ക് ഒരു ആത്മബന്ധമുണ്ടായിരിക്കും. ഒരുപക്ഷേ ആ സ്ഥലത്തോടുപോലും വല്ലാത്ത അടുപ്പം തോന്നുന്നുണ്ടാകും. നമ്മുടെ നിയമനം വിടേണ്ടിവരുന്നതിന്റെ കാരണം എന്തായാലും അതു നമ്മളെ വല്ലാതെ വേദനിപ്പിക്കും. നമ്മുടെ കൂട്ടുകാരെ വിട്ടുപോരുന്നതിനെക്കുറിച്ച് ഓർക്കുമ്പോൾ വിഷമം തോന്നും. ഇനി, ശത്രുക്കളുടെ ഉപദ്രവം കാരണമാണു നമുക്കു പോരേണ്ടിവന്നതെങ്കിൽ അവിടെയുള്ള സഹോദരങ്ങളെക്കുറിച്ച് ഉത്കണ്ഠ തോന്നിയേക്കാം. (മത്താ. 10:23; 2 കൊരി. 11:28, 29) മറ്റൊരു നിയമനം സ്വീകരിക്കുന്നവർക്കു പുതിയ ഒരു സംസ്കാരവുമായി ഇണങ്ങിച്ചേരേണ്ടിവരും. സ്വന്തം വീട്ടിലേക്കാണു മടങ്ങുന്നതെങ്കിൽപ്പോലും ഇതുപോലെ തോന്നാം. റോബർട്ടും മേരി ജോയും പറയുന്നു: “സ്വന്തം സംസ്കാരംപോലും ഞങ്ങൾക്ക് അപരിചിതമായി തോന്നി, ഞങ്ങളുടെ ഭാഷയിൽ പ്രസംഗിക്കുന്നതുപോലും ബുദ്ധിമുട്ടായിരുന്നു. സ്വന്തം നാട്ടിൽ അന്യരാണെന്നു ഞങ്ങൾക്കു തോന്നിപ്പോയി.” നിയമനത്തിലെ മാറ്റം ചിലർക്കു സാമ്പത്തികബുദ്ധിമുട്ടുകളും വരുത്തിവെച്ചേക്കും. എങ്ങനെ ജീവിക്കുമെന്ന് അവർ ഉത്കണ്ഠപ്പെട്ടേക്കാം, നിരുത്സാഹവും തോന്നിയേക്കാം. അവർക്ക് എങ്ങനെ പിടിച്ചുനിൽക്കാൻ കഴിയും?
6. നമുക്ക് എങ്ങനെ യഹോവയോട് പറ്റിനിൽക്കാൻ കഴിയും?
6 യഹോവയോടു പറ്റിനിൽക്കുക. (യാക്കോ. 4:8) നമുക്ക് അത് എങ്ങനെ ചെയ്യാം? യഹോവ ‘പ്രാർഥന കേൾക്കുന്നവനാണ്’ എന്ന ഉറപ്പോടെ യഹോവയെ സമീപിക്കുക. (സങ്കീ. 65:2) “ദൈവത്തിനു മുന്നിൽ നിങ്ങളുടെ ഹൃദയം പകരൂ” എന്നാണു സങ്കീർത്തനം 62:8 പറയുന്നത്. “നമ്മൾ ചോദിക്കുകയോ ചിന്തിക്കുകയോ ചെയ്യുന്നതിനെക്കാളെല്ലാം വളരെയധികമായി ചെയ്തുതരാൻ” യഹോവയ്ക്കു കഴിയും. (എഫെ. 3:20) നമ്മൾ എന്തിനുവേണ്ടിയാണോ പ്രാർഥിക്കുന്നത് അതു മാത്രമേ യഹോവ നമുക്കു നടത്തിത്തരൂ എന്നില്ല. ചിലപ്പോൾ യഹോവ നമ്മുടെ പ്രതീക്ഷകൾക്കെല്ലാം അപ്പുറം പ്രവർത്തിക്കും. നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നമ്മൾ മനസ്സിൽപ്പോലും കാണാത്ത കാര്യങ്ങൾ യഹോവ ചെയ്തേക്കാം.
7. (എ) യഹോവയോടു പറ്റിനിൽക്കാൻ നമ്മളെ എന്തു സഹായിക്കും? (ബി) എബ്രായർ 6:10-12 അനുസരിച്ച്, യഹോവയെ വിശ്വസ്തമായി സേവിക്കുന്നവർക്ക് എന്ത് ഉറപ്പുണ്ടായിരിക്കാം?
7 യഹോവയോടു പറ്റിനിൽക്കുന്നതിനു നമ്മൾ ദിവസവും ബൈബിൾ വായിക്കുകയും വായിച്ചതിനെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുകയും വേണം. മുമ്പ് മിഷനറിയായിരുന്ന ഒരു സഹോദരൻ പറയുന്നു: “നിയമനം ഉണ്ടായിരുന്നപ്പോൾ ചെയ്തിരുന്നതുപോലെ ക്രമമായി കുടുംബാരാധന നടത്തുകയും മീറ്റിങ്ങുകൾക്കു തയ്യാറാകുകയും വേണം.” കൂടാതെ പുതിയ സഭയിൽ, പ്രസംഗപ്രവർത്തനത്തിൽ പരമാവധി പങ്കെടുക്കുക. യഹോവയുടെ സേവനത്തിൽ നേരത്തേ ചെയ്തിരുന്നത്രയും ഇപ്പോൾ നിങ്ങൾക്കു ചെയ്യാൻ കഴിയുന്നില്ലായിരിക്കും. എങ്കിലും തന്നെ വിശ്വസ്തമായി സേവിക്കുന്നവരെ യഹോവ മറക്കില്ലെന്ന് ഉറപ്പുണ്ടായിരിക്കാം.—എബ്രായർ 6:10-12 വായിക്കുക.
8. ജീവിതം ലളിതമാക്കിനിറുത്താൻ 1 യോഹന്നാൻ 2:15-17 നിങ്ങളെ സഹായിക്കുന്നത് എങ്ങനെ?
8 ജീവിതം ലളിതമാക്കിനിറുത്തുക. സാത്താന്റെ ലോകത്തിലെ ഉത്കണ്ഠകൾ നിങ്ങളുടെ ആത്മീയപ്രവർത്തനങ്ങളെ ‘ഞെരുക്കാൻ’ അനുവദിക്കരുത്. (മത്താ. 13:22) നല്ല ഉദ്ദേശ്യത്തോടെ ബന്ധുക്കളും സുഹൃത്തുക്കളും മറ്റുള്ളവരും ഒക്കെ പണമുണ്ടാക്കാനും ജീവിതം ഭദ്രമാക്കാനും നിങ്ങളോടു പറഞ്ഞേക്കാം. അത്തരം സമ്മർദങ്ങളെ ചെറുത്തുനിൽക്കുക. (1 യോഹന്നാൻ 2:15-17 വായിക്കുക.) യഹോവയിൽ ആശ്രയിക്കുക. വേണ്ടതെല്ലാം കൃത്യമായ “സമയത്തുതന്നെ” യഹോവ നമുക്കു തരും. വിശ്വാസം ബലിഷ്ഠമാക്കാനും മനസ്സമാധാനം നിലനിറുത്താനും അന്നന്നത്തെ കാര്യങ്ങൾ നിറവേറ്റാനും യഹോവ സഹായിക്കും.—എബ്ര 4:16; 13:5, 6.
9. സുഭാഷിതങ്ങൾ 22:3, 7 അനുസരിച്ച്, അനാവശ്യകടങ്ങൾ ഒഴിവാക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്, ശരിയായ തീരുമാനം എടുക്കാൻ നമ്മളെ എന്തു സഹായിക്കും?
9 അനാവശ്യകടങ്ങൾ ഒഴിവാക്കുക. (സുഭാഷിതങ്ങൾ 22:3, 7 വായിക്കുക.) നമ്മൾ വിചാരിക്കുന്നതിനെക്കാൾ പണച്ചെലവുള്ളതായിരിക്കും നിയമനത്തിലെ മാറ്റം. അതുകൊണ്ട് കടക്കെണിയിൽ വീഴാനുള്ള സാധ്യത കൂടുതലാണ്. നിങ്ങൾക്കു ശരിക്കും ആവശ്യമില്ലാത്ത സാധനങ്ങൾക്കുവേണ്ടി പണം കടം മേടിക്കാതിരിക്കുന്നത് കടബാധ്യത കുറയ്ക്കാൻ സഹായിക്കും. ഇനി, ജീവിതത്തിൽ ചിലപ്പോൾ സമ്മർദമുള്ള സാഹചര്യങ്ങളുണ്ടായേക്കാം. അതിനൊരു ഉദാഹരണമാണു രോഗിയായ കുടുംബാംഗത്തെ നോക്കേണ്ടിവരുന്ന ഒരു സാഹചര്യം. അത്തരം സന്ദർഭങ്ങളിൽ എത്ര പണം കടം മേടിക്കണമെന്നു തീരുമാനിക്കുന്നതുതന്നെ ബുദ്ധിമുട്ടായേക്കാം. അപ്പോൾ ‘പ്രാർഥനയും ഉള്ളുരുകിയുള്ള യാചനയും’ നിങ്ങളെ സഹായിക്കും. പ്രാർഥനയ്ക്കുള്ള ഉത്തരമായി ‘ഹൃദയത്തെയും മനസ്സിനെയും കാക്കുന്ന’ സമാധാനം യഹോവ നിങ്ങൾക്കു തരും. അപ്പോൾ ശാന്തമായി ചിന്തിക്കാനും ശരിയായ തീരുമാനമെടുക്കാനും നിങ്ങൾക്കു കഴിയും. —ഫിലി. 4:6, 7; 1 പത്രോ. 5:7.
10. നമുക്ക് എങ്ങനെ പുതിയ സുഹൃത്തുക്കളെ കണ്ടെത്താൻ കഴിയും?
10 നല്ല സൗഹൃദങ്ങൾ നിലനിറുത്തുക. നിങ്ങൾ അനുഭവിക്കുന്ന വിഷമങ്ങളെക്കുറിച്ചും ബുദ്ധിമുട്ടുകളെക്കുറിച്ചും അടുപ്പമുള്ള സുഹൃത്തുക്കളോടു സംസാരിക്കുക. പ്രത്യേകിച്ചും സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോയവരോടു സംസാരിക്കുന്നതു നിങ്ങൾക്ക് ആശ്വാസം പകരും. (സഭാ. 4:9, 10) മുമ്പത്തെ നിയമനത്തിൽ നിങ്ങൾക്കുണ്ടായിരുന്ന സുഹൃത്തുക്കൾ ഇപ്പോഴും നിങ്ങളുടെ സുഹൃത്തുക്കൾതന്നെയാണ്. എന്നാൽ ഈ മാറിയ സാഹചര്യത്തിൽ നിങ്ങൾ പുതിയ സുഹൃത്തുക്കളെ കണ്ടെത്തണം. ഓർക്കുക: ഒരു കൂട്ടുകാരനെ കിട്ടണമെങ്കിൽ നിങ്ങൾത്തന്നെ ഒരു നല്ല കൂട്ടുകാരൻ ആയിരിക്കണം. നിങ്ങൾക്ക് എങ്ങനെ പുതിയ കൂട്ടുകാരെ നേടാം? യഹോവയുടെ സേവനത്തിലെ നിങ്ങളുടെ നല്ല അനുഭവങ്ങൾ മറ്റുള്ളവരോടു പറയുക. ദൈവസേവനത്തിലെ നിങ്ങളുടെ സന്തോഷം അവരും അറിയട്ടെ. മുഴുസമയസേവനം നിങ്ങൾ ഇത്രയധികം ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടാണെന്നു സഭയിലെ ചിലർക്കു മനസ്സിലായെന്നുവരില്ല. എന്നാൽ മറ്റു ചിലർക്ക് അത് ഒരു പ്രോത്സാഹനമായിരിക്കും. അവർ നിങ്ങളുടെ സുഹൃത്തുക്കളുമായേക്കും. എന്നാൽ നിങ്ങളുടെ നേട്ടങ്ങളെക്കുറിച്ച് അധികം സംസാരിക്കാതിരിക്കാൻ ശ്രദ്ധിക്കുക. അതുപോലെ നിങ്ങളെ വേദനിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ചും കൂടുതൽ സംസാരിക്കരുത്.
11. വിവാഹജീവിതത്തിലെ സന്തോഷം നിങ്ങൾക്ക് എങ്ങനെ നിലനിറുത്താം?
11 ഇണയുടെ രോഗം കാരണമായിരിക്കാം നിങ്ങൾക്കു നിയമനം വിട്ടുപോരേണ്ടിവന്നത്. അങ്ങനെയെങ്കിൽ ഇണയെ കുറ്റപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുക. ഇനി, നിങ്ങളുടെ രോഗമാണ് അതിനു കാരണമായതെങ്കിൽ ‘ഞാൻ കാരണം ഞങ്ങൾക്കു രണ്ടു പേർക്കും സേവനം നിറുത്തേണ്ടിവന്നല്ലോ’ എന്ന് ഓർത്ത് വിഷമിക്കുകയും വേണ്ട. നിങ്ങൾ ‘ഒരു ശരീരമാണെന്നും’ ഏതു സാഹചര്യത്തിലും പരസ്പരം കരുതുമെന്ന് യഹോവയുടെ മുമ്പാകെ വാക്കു കൊടുത്തതാണെന്നും ഓർക്കുക. (മത്താ. 19:5, 6) അപ്രതീക്ഷിതമായ ഗർഭധാരണം കാരണമാണു നിങ്ങൾക്കു നിയമനം ഉപേക്ഷിക്കേണ്ടിവന്നതെങ്കിലോ? നിങ്ങൾക്കുണ്ടായിരുന്ന നിയമനത്തെക്കാൾ വിലപ്പെട്ടതു നിങ്ങളുടെ കുട്ടിയാണെന്നു മകൻ (അല്ലെങ്കിൽ മകൾ) അറിയട്ടെ. ദൈവം തന്ന ഒരു “സമ്മാനം” ആയിട്ടാണ് നിങ്ങൾ കുട്ടിയെ കാണുന്നതെന്ന് അവന് ഉറപ്പു കൊടുക്കുക. (സങ്കീ. 127:3-5) അതേസമയം, ദൈവസേവനത്തിലെ നിങ്ങളുടെ നല്ല അനുഭവങ്ങളെക്കുറിച്ച് കുട്ടിയോടു പറയുക. അത്, നിങ്ങൾ ചെയ്തതുപോലെ യഹോവയുടെ സേവനത്തിനുവേണ്ടി ജീവിതം മാറ്റിവെക്കാൻ അവനെയും പ്രേരിപ്പിച്ചേക്കാം.
മറ്റുള്ളവർക്ക് എങ്ങനെ സഹായിക്കാം
12. (എ) മുഴുസമയസേവനം ചെയ്യുന്നവരെ നിയമനത്തിൽ തുടരാൻ നമുക്ക് എങ്ങനെ സഹായിക്കാം? (ബി) മാറ്റവുമായി പൊരുത്തപ്പെടാൻ മുഴുസമയസേവനം വിട്ടുവരുന്നവരെ നമുക്ക് എങ്ങനെ സഹായിക്കാം?
12 മുഴുസമയസേവനം ചെയ്യുന്നവരെ അവരുടെ നിയമനത്തിൽ തുടരാൻ സഹായിക്കുന്നതിനു പല സഭകളും സഹോദരങ്ങളും ആകുന്നതെല്ലാം ചെയ്യുന്നു. പ്രോത്സാഹനം നൽകുന്ന വാക്കുകൾ പറഞ്ഞുകൊണ്ടും, പണമോ മറ്റ് ആവശ്യമുള്ള സാധനങ്ങളോ കൊടുത്തുകൊണ്ടും, കുടുംബാംഗങ്ങൾക്കുവേണ്ടി കരുതാൻ സഹായിച്ചുകൊണ്ടും അവർ അങ്ങനെ ചെയ്യുന്നു. ഇതിന് അവർ അഭിനന്ദനം അർഹിക്കുന്നു. (ഗലാ. 6:2) നിയമനത്തിൽ മാറ്റം വന്ന ആരെങ്കിലും നിങ്ങളുടെ സഭയിലേക്കു വരുന്നെന്നു കരുതുക. നിയമനം നന്നായി ചെയ്യാത്തതുകൊണ്ടോ എന്തെങ്കിലും തെറ്റു ചെയ്തിട്ട് ശിക്ഷണം കിട്ടിയതുകൊണ്ടോ ആണ് അവരുടെ നിയമനം മാറിയതെന്നു ചിന്തിക്കേണ്ടതില്ല.c മാറ്റവുമായി പൊരുത്തപ്പെടാൻ അവരെ സഹായിക്കുക. അവരെ ഹൃദ്യമായി സ്വാഗതം ചെയ്യുക. മോശമായ ആരോഗ്യം കാരണം അവർക്ക് ഇപ്പോൾ ദൈവസേവനത്തിൽ കൂടുതൽ ചെയ്യാൻ കഴിയുന്നില്ലെങ്കിൽപ്പോലും അവർ മുമ്പ് ചെയ്ത കാര്യങ്ങൾക്ക് അവരെ അഭിനന്ദിക്കുക. അവരെ അടുത്ത് അറിയുക. അവരുടെ അറിവിൽനിന്നും അനുഭവങ്ങളിൽനിന്നും അവർക്കു കിട്ടിയ പരിശീലനത്തിൽനിന്നും പഠിക്കുക.
13. നിയമനത്തിൽ മാറ്റം വരുന്നവരെ നിങ്ങൾക്ക് എങ്ങനെ സഹായിക്കാൻ കഴിയും?
13 നിയമനത്തിൽ മാറ്റം വരുന്നവർക്ക് ആദ്യമൊക്കെ താമസം, യാത്രാസൗകര്യങ്ങൾ, ജോലി, മറ്റ് അടിസ്ഥാനകാര്യങ്ങൾ എന്നിവയ്ക്കു നിങ്ങളുടെ സഹായം വേണ്ടിവരും. ബില്ലുകൾ അടയ്ക്കുന്നതോ ഗവൺമെന്റ് സ്ഥാപനങ്ങൾ കണ്ടെത്തുന്നതോ പോലുള്ള കാര്യങ്ങൾ നമ്മൾ അവർക്കു പറഞ്ഞുകൊടുക്കേണ്ടിവരും. പക്ഷേ ഏറ്റവും പ്രധാനപ്പെട്ട കാര്യം നമ്മൾ അവരെ മനസ്സിലാക്കുക എന്നതാണ്. അവരുടെതന്നെയോ കുടുംബാംഗങ്ങളുടെയോ ആരോഗ്യപ്രശ്നങ്ങൾ അവരെ വലയ്ക്കുന്നുണ്ടാകും. അല്ലെങ്കിൽ പ്രിയപ്പെട്ട ആരുടെയെങ്കിലും മരണം അവരെ ദുഃഖിപ്പിക്കുന്നുണ്ടാകും.d അവർ തുറന്നുപറഞ്ഞില്ലെങ്കിലും, കൂട്ടുകാരെ വിട്ടുപോന്നത് അവരെ ഇപ്പോഴും വിഷമിപ്പിച്ചേക്കാം. ഇങ്ങനെ പലപല വിഷമങ്ങൾ മനസ്സിനെ അലട്ടുന്നതുകൊണ്ട് അവയിൽനിന്നെല്ലാം പുറത്ത് കടക്കാൻ കുറച്ച് സമയമെടുത്തേക്കും.
14. പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാൻ സഹോദരങ്ങൾ ഒരു സഹോദരിയെ എങ്ങനെയാണു സഹായിച്ചത്?
14 അതുവരെ നിങ്ങളുടെ പിന്തുണയും സഹായവും മാറ്റവുമായി പൊരുത്തപ്പെടാൻ അവരെ സഹായിക്കും. അനേകവർഷങ്ങൾ വിദേശരാജ്യത്ത് സേവിച്ച ഒരു സഹോദരി ഇങ്ങനെ പറയുന്നു: “മുമ്പ് ഞാൻ ദിവസവും ബൈബിൾപഠനങ്ങൾ നടത്തുമായിരുന്നു. എന്നാൽ ഈ പ്രദേശത്ത് ഒരു വീട്ടിൽ ചെന്ന് ബൈബിൾ വായിക്കുന്നതോ വീഡിയോ കാണിക്കുന്നതോ തന്നെ വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എന്നാൽ ഇവിടുത്തെ സഹോദരങ്ങൾ എന്നെ അവരുടെ മടക്കസന്ദർശനങ്ങൾക്കും ബൈബിൾപഠനങ്ങൾക്കും കൊണ്ടുപോയി. തീക്ഷ്ണതയുള്ള, ധീരരായ ആ സഹോദരങ്ങൾ പുരോഗമിക്കുന്ന ബൈബിൾപഠനങ്ങൾ നടത്തുന്നതു കണ്ടതുതന്നെ പ്രദേശത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടു മാറ്റി. ഈ പുതിയ പ്രദേശത്ത് സംഭാഷണങ്ങൾ തുടങ്ങേണ്ടത് എങ്ങനെയെന്നു ഞാൻ പഠിച്ചു. ഇതെല്ലാം സന്തോഷം വീണ്ടെടുക്കാൻ എന്നെ സഹായിച്ചു.”
നിങ്ങളുടെ പരമാവധി ചെയ്യുക
15. നിയമനത്തിൽ മാറ്റം വന്നാലും നിങ്ങൾക്ക് എങ്ങനെ വിജയിക്കാൻ കഴിയും?
15 നിയമനത്തിൽ മാറ്റം വന്നാലും നിങ്ങൾക്കു വിജയിക്കാൻ കഴിയും. അതിനെ ഒരു തരംതാഴ്ത്തലായിട്ടു കാണരുത്. നിങ്ങൾ ഒരു പരാജയമാണെന്നും ചിന്തിക്കരുത്. നിങ്ങളുടെ ജീവിതത്തിൽ യഹോവയുടെ കൈ കാണാൻ ശ്രമിക്കുക. സന്തോഷവാർത്ത അറിയിക്കുന്നതിൽ തുടരുക. ഇക്കാര്യത്തിൽ ഒന്നാം നൂറ്റാണ്ടിലെ വിശ്വസ്തരായ ക്രിസ്ത്യാനികൾ ഒരു നല്ല മാതൃകയാണ്. “ചിതറിപ്പോയവർ സന്തോഷവാർത്ത അറിയിച്ചുകൊണ്ട് ദേശം മുഴുവൻ സഞ്ചരിച്ചു.” (പ്രവൃ. 8:1, 4) പ്രസംഗിക്കാനുള്ള ശ്രമങ്ങൾക്കു നല്ല ഫലങ്ങൾ ലഭിക്കുന്നതു നിങ്ങൾക്കു കാണാൻ കഴിഞ്ഞേക്കും. ഉദാഹരണത്തിന്, ഒരു രാജ്യത്തെ ചില മുൻനിരസേവകർക്ക് ആ രാജ്യം വിട്ടുപോകേണ്ടിവന്നു. അപ്പോൾ അവരുടെ ഭാഷയിൽ ആവശ്യം അധികമുള്ള ഒരു സ്ഥലത്തേക്ക് അവർ മാറിത്താമസിച്ചു. മാസങ്ങൾക്കുള്ളിൽത്തന്നെ അവിടെ പുതിയ കൂട്ടങ്ങൾ തുടങ്ങി. ആ കൂട്ടങ്ങൾ തഴച്ചുവളരുകയും ചെയ്തു.
16. നിങ്ങളുടെ പുതിയ നിയമനത്തിൽ നിങ്ങൾക്ക് എങ്ങനെ സന്തോഷം കണ്ടെത്താം?
16 “യഹോവയിൽനിന്നുള്ള സന്തോഷമാണു നിങ്ങളുടെ ശക്തി.” (നെഹ. 8:10, അടിക്കുറിപ്പ്) നിങ്ങളുടെ നിയമനത്തെ നിങ്ങൾ എത്ര പ്രിയപ്പെടുന്നെങ്കിലും ശരി, യഹോവയുമായുള്ള ബന്ധമായിരിക്കണം നിങ്ങളുടെ സന്തോഷത്തിന്റെ അടിസ്ഥാനം, അല്ലാതെ നിങ്ങളുടെ നിയമനമായിരിക്കരുത്. അതുകൊണ്ട് യഹോവയുടെകൂടെ നടക്കുക, ജ്ഞാനത്തിനും മാർഗനിർദേശത്തിനും സഹായത്തിനും ആയി യഹോവയിലേക്കു നോക്കുക. ആളുകളെ സഹായിക്കാൻ പരമാവധി ശ്രമിച്ചതുകൊണ്ടാണു പഴയ നിയമനം നിങ്ങൾക്ക് അത്ര പ്രിയപ്പെട്ടതായത്. പുതിയ നിയമനത്തിലും നിങ്ങളുടെ പരമാവധി ചെയ്യുക. ഈ നിയമനവും പ്രിയപ്പെടാൻ യഹോവ നിങ്ങളെ എങ്ങനെയാണു സഹായിക്കുന്നതെന്നു കാണുക.—സഭാ. 7:10.
17. നമ്മുടെ ഇപ്പോഴത്തെ നിയമനത്തെക്കുറിച്ച് നമ്മൾ എന്ത് ഓർക്കണം?
17 ഓർക്കുക: നമ്മുടെ ഇപ്പോഴത്തെ നിയമനം താത്കാലികമാണ്, പക്ഷേ യഹോവയെ നമ്മൾ എന്നുമെന്നും സേവിക്കും. പുതിയ ലോകത്തിൽ നമ്മുടെയെല്ലാം നിയമനങ്ങൾ മാറിയേക്കാം. തുടക്കത്തിൽ കണ്ട അലെക്സി ചിന്തിക്കുന്നത്, ഇപ്പോഴത്തെ ഈ മാറ്റമെല്ലാം ഭാവിയിലേക്കുള്ള പരിശീലനമാണെന്നാണ്. അലെക്സി പറയുന്നു: “യഹോവയും പുതിയ ലോകവും എല്ലാം യാഥാർഥ്യമാണെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ എന്താണെന്നറിയില്ല, അതെല്ലാം അകലെയാണെന്നായിരുന്നു എന്റെ ചിന്ത. എന്നാൽ ഇപ്പോൾ യഹോവയെ എനിക്ക് എന്റെ കൺമുന്നിൽ കാണാം. എന്റെ യാത്രയിലെ അടുത്ത സ്റ്റോപ്പാണു പുതിയ ലോകമെന്നും എനിക്ക് അറിയാം.” (പ്രവൃ. 2:25) നമ്മുടെ നിയമനം എന്തായിരുന്നാലും ശരി, യഹോവയുടെകൂടെ നമുക്കു നടക്കാം. യഹോവ ഒരിക്കലും നമ്മളെ ഉപേക്ഷിക്കില്ല. യഹോവയെ സേവിക്കുന്നത് എവിടെയായാലും, കഴിവിന്റെ പരമാവധി നമുക്കു ചെയ്യാം. ആ സേവനത്തിൽ സന്തോഷം കണ്ടെത്താൻ യഹോവ നമ്മളെ സഹായിക്കുകതന്നെ ചെയ്യും.—യശ. 41:13.
ഗീതം 90 പരസ്പരം പ്രോത്സാഹിപ്പിക്കുക
a ചില അവസരങ്ങളിൽ മുഴുസമയസേവനത്തിലുള്ള സഹോദരങ്ങൾക്ക് അവരുടെ നിയമനം നിറുത്തേണ്ടിവന്നേക്കാം. അല്ലെങ്കിൽ ഒരു പുതിയ നിയമനം കിട്ടിയേക്കാം. അവർക്കു നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളും, മാറ്റവുമായി പൊരുത്തപ്പെടാൻ അവരെ സഹായിക്കുന്ന കാര്യങ്ങളും ആണ് ഈ ലേഖനം ചർച്ച ചെയ്യുന്നത്. മറ്റുള്ളവർക്ക് അവരെ പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കാനും എങ്ങനെ കഴിയുമെന്നും നമ്മൾ നോക്കും. കൂടാതെ, ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ നമ്മളെയെല്ലാം സഹായിക്കുന്ന ബൈബിൾതത്ത്വങ്ങളും ചിന്തിക്കും.
b സമാനമായി, ഉത്തരവാദിത്വസ്ഥാനങ്ങൾ വഹിക്കുന്ന സഹോദരന്മാർ ഒരു നിശ്ചിതപ്രായത്തിലെത്തുമ്പോൾ അവരെക്കാൾ പ്രായം കുറഞ്ഞ സഹോദരന്മാർക്ക് ഉത്തരവാദിത്വങ്ങൾ കൈമാറുന്നു. 2018 സെപ്റ്റംബർ ലക്കം വീക്ഷാഗോപുരത്തിലെ “പ്രായമുള്ള സഹോദരന്മാരേ, യഹോവ നിങ്ങളുടെ വിശ്വസ്തത വിലമതിക്കുന്നു” എന്ന ലേഖനവും 2018 ഒക്ടോബർ ലക്കം വീക്ഷാഗോപുരത്തിലെ “സാഹചര്യങ്ങൾക്കു മാറ്റം വരുമ്പോഴും മനസ്സമാധാനം നിലനിറുത്തുക” എന്ന ലേഖനവും കാണുക.
c അവർ മുമ്പ് സേവിച്ചിരുന്ന സഭയിലെ മൂപ്പന്മാർ എത്രയും പെട്ടെന്ന് പരിചയപ്പെടുത്തിക്കൊണ്ടുള്ള കത്ത് പുതിയ സഭയിലേക്ക് അയയ്ക്കുക. അങ്ങനെ ചെയ്യുന്നതു താമസംകൂടാതെ ഒരു മൂപ്പനായോ ശുശ്രൂഷാദാസനായോ മുൻനിരസേവകനായോ തുടരാൻ അവരെ സഹായിക്കും.
d 2018 നമ്പർ 3 ഉണരുക!-യിലെ “ദുഃഖിതർക്ക് ആശ്വാസവും സഹായവും” എന്ന ലേഖനപരമ്പര കാണുക.
e ചിത്രക്കുറിപ്പ്: വിദേശരാജ്യത്തെ മിഷനറിസേവനം അവസാനിപ്പിച്ച് പോകേണ്ടിവന്ന ദമ്പതികൾ അവിടത്തെ സഹോദരങ്ങളോടു നിറകണ്ണുകളോടെ യാത്ര പറയുന്നു.
f ചിത്രക്കുറിപ്പ്: സ്വന്തം രാജ്യത്ത് മടങ്ങിയെത്തിയ അവർ മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ സഹായിക്കണമെന്ന് യഹോവയോടു പ്രാർഥിക്കുന്നു.
g ചിത്രക്കുറിപ്പ്: യഹോവയുടെ സഹായത്താൽ ആ ദമ്പതികൾ വീണ്ടും മുഴുസമയസേവനം ആരംഭിച്ചു. മിഷനറിനിയമനത്തിലായിരിക്കെ അവർ പഠിച്ച ഭാഷ ഉപയോഗിച്ച് തങ്ങളുടെ പ്രദേശത്തുള്ള കുടിയേറ്റക്കാരെ സന്തോഷവാർത്ത അറിയിക്കുന്നു.