പഠനലേഖനം 8
പ്രശ്നങ്ങൾ നേരിടുമ്പോഴും എങ്ങനെ സന്തോഷമുള്ളവരായിരിക്കാം?
“എന്റെ സഹോദരങ്ങളേ, നിങ്ങൾക്കു വിവിധപരീക്ഷണങ്ങൾ ഉണ്ടാകുമ്പോൾ അതിൽ സന്തോഷിക്കുക.”—യാക്കോ. 1:2.
ഗീതം 111 സന്തോഷിക്കാനുള്ള കാരണങ്ങൾ
പൂർവാവലോകനംa
1-2. മത്തായി 5:11 അനുസരിച്ച് പ്രശ്നങ്ങളെ നമ്മൾ എങ്ങനെയാണു കാണേണ്ടത്?
തന്റെ ശിഷ്യന്മാർ ശരിക്കും സന്തോഷമുള്ളവരായിരിക്കുമെന്നു യേശു ഉറപ്പു തന്നിട്ടുണ്ട്. അതേസമയം, അവർക്കു പ്രശ്നങ്ങളുണ്ടാകുമെന്നും യേശു മുന്നറിയിപ്പു കൊടുത്തു. (മത്താ. 10:22, 23; ലൂക്കോ. 6:20-23) ക്രിസ്തുവിന്റെ ശിഷ്യന്മാരായിരിക്കുന്നതിൽ നമ്മൾ സന്തോഷിക്കുന്നു. എന്നാൽ വിശ്വാസത്തിന്റെ പേരിൽ വീട്ടുകാർ നമ്മളെ എതിർക്കുകയോ ഗവൺമെന്റ് അധികാരികൾ നമ്മളെ ഉപദ്രവിക്കുകയോ ചെയ്താലോ? അല്ലെങ്കിൽ കൂടെ ജോലി ചെയ്യുന്നവരോ സഹപാഠികളോ തെറ്റായ എന്തെങ്കിലും ചെയ്യാൻ നമ്മളെ നിർബന്ധിച്ചാലോ? ഇതെക്കുറിച്ചൊക്കെ ചിന്തിക്കുമ്പോൾ നമുക്ക് ഉത്കണ്ഠ തോന്നുക സ്വാഭാവികമാണ്.
2 ഉപദ്രവങ്ങളെ സന്തോഷിക്കാനുള്ള കാരണമായി സാധാരണ ആരും കാണാറില്ല. എന്നാൽ അങ്ങനെ ചെയ്യാനാണ് ദൈവവചനം നമ്മളോടു പറയുന്നത്. ഉദാഹരണത്തിന്, പരിശോധനകളുണ്ടാകുമ്പോൾ നിരാശയിൽ മുങ്ങിത്താഴുന്നതിനു പകരം, അതിനെ സന്തോഷത്തിനുള്ള ഒരു കാരണമായി കാണാൻ ശിഷ്യനായ യാക്കോബ് ആവശ്യപ്പെട്ടു. (യാക്കോ. 1:2, 12) ഉപദ്രവങ്ങൾ നേരിടുമ്പോൾപ്പോലും നമ്മൾ സന്തോഷമുള്ളവരായിരിക്കണമെന്നു യേശുവും പറഞ്ഞിട്ടുണ്ട്. (മത്തായി 5:11 വായിക്കുക.) പ്രശ്നങ്ങളുള്ളപ്പോഴും നമുക്ക് എങ്ങനെ സന്തോഷം നിലനിറുത്താം? ആദ്യകാലക്രിസ്ത്യാനികൾക്ക് യാക്കോബ് എഴുതിയ കത്തിലെ ചില കാര്യങ്ങൾ പരിശോധിക്കുന്നത് അതിനു നമ്മളെ സഹായിക്കും. ആദ്യം, അവർ നേരിട്ട പ്രശ്നങ്ങൾ ഏതൊക്കെയാണെന്നു നമുക്കു നോക്കാം.
ആദ്യകാലക്രിസ്ത്യാനികൾ നേരിട്ട പരിശോധനകൾ
3. യാക്കോബ് യേശുവിന്റെ ശിഷ്യനായിത്തീർന്ന് അധികം താമസിയാതെ എന്തു സംഭവിച്ചു?
3 യേശുവിന്റെ അർധസഹോദരനായ യാക്കോബ് ഒരു ശിഷ്യനായിത്തീർന്ന് അധികം താമസിയാതെ, യരുശലേമിലെ ക്രിസ്ത്യാനികൾക്കു നേരെ കഠിനമായ ഉപദ്രവങ്ങൾ പൊട്ടിപ്പുറപ്പെട്ടു. (പ്രവൃ. 1:14; 5:17, 18) ശിഷ്യനായ സ്തെഫാനൊസ് കൊല്ലപ്പെട്ടപ്പോൾ പല ശിഷ്യരും നഗരം വിട്ട് “യഹൂദ്യയിലേക്കും ശമര്യയിലേക്കും ചിതറിപ്പോയി.” അങ്ങനെ ഓടിപ്പോയവർ അങ്ങു ദൂരെ സൈപ്രസ്, അന്ത്യോക്യ എന്നീ പ്രദേശങ്ങൾവരെ എത്തി. (പ്രവൃ. 7:58–8:1; 11:19) അവർക്കു സഹിക്കേണ്ടിവന്ന കഷ്ടപ്പാടുകൾ നമുക്ക് ഊഹിക്കാനേ കഴിയൂ. എന്നിട്ടും പോയ സ്ഥലങ്ങളിലെല്ലാം അവർ ഉത്സാഹത്തോടെ സന്തോഷവാർത്ത പ്രസംഗിച്ചു. അങ്ങനെ ധാരാളം പേർ ക്രിസ്ത്യാനികളായി, റോമൻ സാമ്രാജ്യത്തിലെങ്ങും സഭകൾ സ്ഥാപിക്കപ്പെട്ടു. (1 പത്രോ. 1:1) പക്ഷേ ഇതിലും പ്രയാസമേറിയ കാലങ്ങളായിരുന്നു അവരെ കാത്തിരുന്നത്.
4. ആദ്യകാലക്രിസ്ത്യാനികൾക്കു മറ്റ് എന്തെല്ലാം പ്രശ്നങ്ങൾകൂടെ സഹിക്കേണ്ടിവന്നു?
4 ആദ്യകാലക്രിസ്ത്യാനികൾക്കു പലപല പ്രശ്നങ്ങളാണു നേരിട്ടത്. ഉദാഹരണത്തിന്, ജൂതന്മാരെല്ലാം റോം വിട്ടുപോകണമെന്ന് എ.ഡി. 50-ൽ റോമൻ ചക്രവർത്തിയായ ക്ലൗദ്യൊസ് ഉത്തരവിട്ടു. അതുകൊണ്ട് ക്രിസ്ത്യാനികളായിത്തീർന്ന ജൂതന്മാർക്കും തങ്ങളുടെ വീട് വിട്ട് മറ്റു സ്ഥലങ്ങളിലേക്കു മാറേണ്ടിവന്നു. (പ്രവൃ. 18:1-3) തന്റെ സഹക്രിസ്ത്യാനികളിൽ പലരെയും പരസ്യമായി അപമാനിക്കുകയും ജയിലിലിടുകയും അവരുടെ സ്വത്തുക്കൾ കൊള്ളയടിക്കുകയും ചെയ്തെന്ന് എ.ഡി. 61-നോടടുത്ത് പൗലോസ് അപ്പോസ്തലൻ എഴുതി. (എബ്രാ. 10:32-34) കൂടാതെ മറ്റ് ആളുകളെപ്പോലെ, ക്രിസ്ത്യാനികൾക്കും ദാരിദ്ര്യവും രോഗവും ഒക്കെ അനുഭവിക്കേണ്ടിവന്നു.—റോമ. 15:26; ഫിലി. 2:25-27.
5. ഏതെല്ലാം ചോദ്യങ്ങൾക്കു നമ്മൾ ഉത്തരം കണ്ടെത്തും?
5 യാക്കോബ് തന്റെ കത്ത് എഴുതുന്നത്, എ.ഡി. 62-നു മുമ്പാണ്. തന്റെ സഹോദരങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹത്തിനു നന്നായി അറിയാമായിരുന്നു. അവർക്കുവേണ്ട ചില നിർദേശങ്ങൾ കൊടുക്കാൻ യഹോവ യാക്കോബിനെ ഉപയോഗിച്ചു. ആ നിർദേശങ്ങൾ അനുസരിക്കുന്നത്, പ്രശ്നങ്ങളുള്ളപ്പോഴും സന്തോഷം നിലനിറുത്താൻ അവരെ സഹായിക്കുമായിരുന്നു. നമുക്ക് ഇപ്പോൾ യാക്കോബ് എഴുതിയ ആ കത്ത് ഒന്ന് പരിശോധിച്ച്, പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താം: പരിശോധനകളുണ്ടാകുമ്പോഴും ഒരു ക്രിസ്ത്യാനി സന്തോഷിക്കുന്നത് എന്തുകൊണ്ട്? ഏതെല്ലാം കാര്യങ്ങൾ ഒരു ക്രിസ്ത്യാനിയുടെ സന്തോഷം കവർന്നുകളഞ്ഞേക്കാം? ഇനി, നമ്മൾ നേരിടുന്ന പ്രശ്നം ഏതാണെങ്കിലും സന്തോഷം നിലനിറുത്താൻ ജ്ഞാനം, വിശ്വാസം, ധൈര്യം എന്നീ ഗുണങ്ങൾ നമ്മളെ സഹായിക്കുന്നത് എങ്ങനെ?
ഒരു ക്രിസ്ത്യാനിയുടെ സന്തോഷത്തിന്റെ കാരണം എന്താണ്?
6. ലൂക്കോസ് 6:22, 23 അനുസരിച്ച്, പരിശോധനകൾ നേരിടുമ്പോൾ ഒരു ക്രിസ്ത്യാനിക്കു സന്തോഷിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
6 ആളുകൾ കരുതുന്നത്, തങ്ങൾക്കു നല്ല ആരോഗ്യവും ധാരാളം പണവും നല്ല ഒരു കുടുംബവും ഉണ്ടെങ്കിൽ സന്തോഷം കിട്ടുമെന്നാണ്. പക്ഷേ യാക്കോബ് ഇവിടെ പറയുന്നത്, ദൈവാത്മാവിന്റെ ഫലത്തിന്റെ ഒരു ഘടകമായ സന്തോഷത്തെക്കുറിച്ചാണ്. അത് ഒരു വ്യക്തിയുടെ ജീവിതസാഹചര്യങ്ങളെ ആശ്രയിച്ചുള്ളതല്ല. (ഗലാ. 5:22) മറിച്ച്, താൻ യഹോവയെ സന്തോഷിപ്പിക്കുകയാണെന്നും യേശുവിന്റെ മാതൃക അനുകരിക്കുകയാണെന്നും അറിയുന്നതിലൂടെയാണ് ഒരു ക്രിസ്ത്യാനിക്ക് യഥാർഥ സന്തോഷം കിട്ടുന്നത്. (ലൂക്കോസ് 6:22, 23 വായിക്കുക; കൊലോ. 1:10, 11) ഒരു റാന്തൽവിളക്കിന്റെ തീനാളം അതിന്റെ ചില്ലുകൂടിനുള്ളിൽ കെടാതെ നിൽക്കുന്നതുപോലെ, ഇങ്ങനെയുള്ള സന്തോഷം ഒരു ക്രിസ്ത്യാനിയുടെ ഉള്ളിൽ ജ്വലിച്ചുനിൽക്കും. ആരോഗ്യം മോശമായാലോ സാമ്പത്തികഞെരുക്കമുണ്ടായാലോ അതു മങ്ങിപ്പോകുകയില്ല. കുടുംബാംഗങ്ങളോ മറ്റുള്ളവരോ നമ്മളെ എതിർത്താലും നമ്മളെ പരിഹസിച്ചാലും നമ്മുടെ സന്തോഷം നഷ്ടപ്പെടില്ല. എതിരാളികൾ നമ്മുടെ സന്തോഷം കെടുത്തിക്കളയാൻ നോക്കുമ്പോഴൊക്കെ അത് അണഞ്ഞുപോകുന്നതിനു പകരം ആളിക്കത്തുകയാണു ചെയ്യുന്നത്. കാരണം വിശ്വാസത്തിന്റെ പേരിൽ പരിശോധനകൾ സഹിക്കേണ്ടിവരുമ്പോൾ നമ്മൾ ക്രിസ്തുവിന്റെ യഥാർഥശിഷ്യന്മാരാണെന്നു തെളിയിക്കുകയാണ്. (മത്താ. 10:22; 24:9; യോഹ. 15:20) അതുകൊണ്ടാണ് യാക്കോബിന് ഇങ്ങനെ എഴുതാൻ കഴിഞ്ഞത്: “എന്റെ സഹോദരങ്ങളേ, നിങ്ങൾക്കു വിവിധപരീക്ഷണങ്ങൾ ഉണ്ടാകുമ്പോൾ അതിൽ സന്തോഷിക്കുക.”—യാക്കോ. 1:2.
7-8. പരിശോധനകൾ സഹിച്ചുനിൽക്കുന്നതുകൊണ്ട് നമുക്ക് എന്തു പ്രയോജനമുണ്ട്? വിശദീകരിക്കുക.
7 ക്രിസ്ത്യാനികൾ കഠിനമായ പരിശോധനകൾപോലും സഹിച്ചുനിൽക്കാൻ മനസ്സു കാണിക്കുന്നതിന്റെ മറ്റൊരു കാരണംകൂടി യാക്കോബ് പറയുന്നു: “പരിശോധനകളിലൂടെ മാറ്റു തെളിയുന്ന വിശ്വാസം നിങ്ങൾക്കു സഹനശക്തി പകരും.” (യാക്കോ. 1:3) ഒരു ഇരുമ്പായുധം പഴുപ്പിച്ച്, മൂർച്ച കൂട്ടാൻ ഉപയോഗിക്കുന്ന തീപോലെയാണു പരിശോധനകൾ എന്നു നമുക്കു പറയാം. അതിന്റെ വായ്ത്തല ചുട്ടുപഴുപ്പിച്ച ശേഷം തണുപ്പിക്കുമ്പോൾ അതു കൂടുതൽ ബലമുള്ളതായിത്തീരുന്നു. അതുപോലെ പരിശോധനകൾ സഹിക്കുമ്പോൾ നമ്മുടെ വിശ്വാസവും ശക്തിയുള്ളതായിത്തീരും. അതുകൊണ്ട് യാക്കോബ് ഇങ്ങനെ എഴുതി: ‘നിങ്ങളുടെ സഹനശക്തി അതിന്റെ ലക്ഷ്യം പൂർത്തീകരിക്കട്ടെ. അങ്ങനെ നിങ്ങൾ പൂർണരും എല്ലാം തികഞ്ഞവരും ആകും.’ (യാക്കോ. 1:4) നമുക്കു നേരിടുന്ന പരിശോധനകൾ നമ്മുടെ വിശ്വാസം ശക്തിപ്പെടുത്തുന്നതു കാണുമ്പോൾ സന്തോഷത്തോടെ അവ സഹിച്ചുനിൽക്കാൻ നമുക്കാകും.
8 നമ്മുടെ സന്തോഷം ചോർത്തിക്കളഞ്ഞേക്കാവുന്ന മറ്റു ചില കാര്യങ്ങളെക്കുറിച്ചും യാക്കോബ് തന്റെ കത്തിൽ പറയുന്നുണ്ട്. അവ എന്തെല്ലാമാണെന്നും നമുക്ക് അവയെ എങ്ങനെ മറികടക്കാമെന്നും നോക്കാം.
സന്തോഷം കവരുന്ന പ്രശ്നങ്ങളെ മറികടക്കാം
9. നമുക്ക് ജ്ഞാനം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
9 പ്രശ്നം: എന്തു ചെയ്യണമെന്ന് അറിയില്ല. പ്രശ്നങ്ങൾ നേരിടുമ്പോൾ നമ്മളെടുക്കുന്ന തീരുമാനങ്ങൾ യഹോവയെ സന്തോഷിപ്പിക്കുന്നതായിരിക്കണം, സഹോദരങ്ങളെ ബലപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായിരിക്കണം, നമ്മുടെ വിശ്വസ്തത കാത്തുസൂക്ഷിക്കാൻ സഹായിക്കുന്നതായിരിക്കണം. അതിന് യഹോവയുടെ സഹായം കൂടിയേ തീരൂ. (യിരെ. 10:23) പ്രശ്നങ്ങൾ നേരിടുമ്പോൾ എന്തു ചെയ്യണമെന്നും നമ്മളെ എതിർക്കുന്നവരോട് എന്തു പറയണമെന്നും അറിയണമെങ്കിൽ നമുക്കു ജ്ഞാനം വേണം. അല്ലെങ്കിൽ എന്തു ചെയ്യണമെന്ന് അറിയാതെ, നമ്മുടെ സന്തോഷം നഷ്ടപ്പെട്ടുപോകാൻ അത് ഇടയാക്കും.
10. ജ്ഞാനം ലഭിക്കണമെങ്കിൽ നമ്മൾ എന്തു ചെയ്യണമെന്നാണ് യാക്കോബ് 1:5 പറയുന്നത്?
10 പരിഹാരം: ജ്ഞാനത്തിനായി യഹോവയോട് അപേക്ഷിക്കുക. പ്രശ്നങ്ങളുണ്ടാകുമ്പോൾ സന്തോഷത്തോടെ സഹിച്ചുനിൽക്കണമെങ്കിൽ നമ്മൾ നല്ല തീരുമാനങ്ങളെടുക്കണം. അതിനുള്ള ജ്ഞാനം ലഭിക്കാൻ നമ്മൾ ആദ്യംതന്നെ യഹോവയോടു ചോദിക്കണം. (യാക്കോബ് 1:5 വായിക്കുക.) നമ്മുടെ പ്രാർഥനകൾക്ക് യഹോവ പെട്ടെന്ന് ഉത്തരം തരുന്നില്ല എന്നു തോന്നുന്നെങ്കിൽ എന്തു ചെയ്യണം? യാക്കോബ് പറയുന്നത് നമ്മൾ ദൈവത്തോടു ‘ചോദിച്ചുകൊണ്ടിരിക്കാനാണ്.’ അങ്ങനെ കൂടെക്കൂടെ ചോദിച്ചുകൊണ്ടിരുന്നാൽ ദൈവം നമ്മളോടു മുഷിയുകയോ കോപിക്കുകയോ ഇല്ല. പരിശോധനകൾ സഹിച്ചുനിൽക്കാനുള്ള ജ്ഞാനത്തിനായി പ്രാർഥിക്കുമ്പോൾ നമ്മുടെ സ്വർഗീയപിതാവ് അത് ‘ഉദാരമായി നൽകും.’ (സങ്കീ. 25:12, 13) നമ്മുടെ പ്രശ്നങ്ങളെല്ലാം കാണുന്ന ദൈവം അതിൽ വേദനിക്കുന്നു, നമ്മളെ സഹായിക്കാൻ അതിയായി ആഗ്രഹിക്കുന്നു. ഇതു നമുക്ക് ശരിക്കും സന്തോഷം തരുന്ന കാര്യമല്ലേ? അങ്ങനെയെങ്കിൽ യഹോവ എങ്ങനെയാണു നമുക്ക് ജ്ഞാനം തരുന്നതെന്നു നോക്കാം.
11. ജ്ഞാനം നേടാൻ നമ്മൾ മറ്റെന്തുകൂടെ ചെയ്യണം?
11 യഹോവ തന്റെ വചനത്തിലൂടെ നമുക്ക് ജ്ഞാനം നൽകുന്നു. (സുഭാ. 2:6) അതു നേടാൻ നമ്മൾ ബൈബിളും ബൈബിൾപ്രസിദ്ധീകരണങ്ങളും പഠിക്കണം. പക്ഷേ അങ്ങനെ അറിവ് നേടിയതുകൊണ്ടുമാത്രം മതിയാകുന്നില്ല. ദൈവം ആവശ്യപ്പെടുന്ന കാര്യങ്ങൾ നമ്മൾ ചെയ്യുകയും വേണം. യാക്കോബ് എഴുതി: ‘ദൈവവചനം കേൾക്കുന്നവർ മാത്രമാകാതെ അതിനു ചേർച്ചയിൽ പ്രവർത്തിക്കുന്നവരുമാകണം.’ (യാക്കോ. 1:22) ദൈവത്തിന്റെ വാക്കുകൾക്കു ചേർച്ചയിൽ പ്രവർത്തിക്കുമ്പോൾ നമ്മൾ സമാധാനപ്രിയരും വിട്ടുവീഴ്ച ചെയ്യാൻ മനസ്സുള്ളവരും കരുണയുള്ളവരും ആയിരിക്കും. (യാക്കോ. 3:17) ഈ ഗുണങ്ങൾ പരിശോധനകളുണ്ടാകുമ്പോൾ സന്തോഷത്തോടെ സഹിച്ചുനിൽക്കാൻ നമ്മളെ സഹായിക്കും.
12. ബൈബിൾ പഠിക്കുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
12 ദൈവവചനം ഒരു കണ്ണാടിപോലെയാണ്. നമ്മൾ ഏതു കാര്യത്തിലാണ് മെച്ചപ്പെടേണ്ടതെന്നും അത് എങ്ങനെ ചെയ്യാമെന്നും അതു നമുക്കു കാണിച്ചുതരും. (യാക്കോ. 1:23-25) ഉദാഹരണത്തിന്, ദൈവവചനം പഠിക്കുമ്പോഴായിരിക്കാം നമ്മൾ കോപം നിയന്ത്രിക്കേണ്ടതുണ്ടെന്നു മനസ്സിലാക്കുന്നത്. പ്രകോപനമുണ്ടാകുന്ന സാഹചര്യത്തിൽ ആളുകളോട് എങ്ങനെ ശാന്തരായി ഇടപെടാമെന്ന് യഹോവയുടെ സഹായത്താൽ നമ്മൾ പഠിക്കും. ശാന്തരാണെങ്കിൽ പ്രശ്നങ്ങൾ മെച്ചമായി കൈകാര്യം ചെയ്യാൻ നമുക്കു കഴിയും. നന്നായി ചിന്തിച്ച് നല്ല തീരുമാനങ്ങളെടുക്കാൻ സാധിക്കുകയും ചെയ്യും. (യാക്കോ. 3:13) ബൈബിൾ നന്നായി പഠിക്കേണ്ടത് എത്ര പ്രധാനമാണ് അല്ലേ?
13. ബൈബിൾകഥാപാത്രങ്ങളുടെ മാതൃകയിൽനിന്ന് നമ്മൾ പഠിക്കേണ്ടത് എന്തുകൊണ്ട്?
13 ഇന്ന് പലപ്പോഴും ആളുകൾ തെറ്റു ചെയ്തതിനു ശേഷമാണ് പല പാഠങ്ങളും പഠിക്കുന്നത്. അതിനു പകരം, മറ്റുള്ളവരുടെ വിജയങ്ങളിൽനിന്നും പരാജയങ്ങളിൽനിന്നും പാഠങ്ങൾ പഠിക്കുന്നത് എത്രയോ നന്നായിരിക്കും! അതുകൊണ്ടാണ് അബ്രാഹാം, രാഹാബ്, ഇയ്യോബ്, ഏലിയ തുടങ്ങിയ ബൈബിൾകഥാപാത്രങ്ങളുടെ മാതൃകയിൽനിന്ന് പഠിക്കാൻ യാക്കോബ് നമ്മളെ പ്രോത്സാഹിപ്പിക്കുന്നത്. (യാക്കോ. 2:21-26; 5:10, 11, 17, 18) സന്തോഷം കവർന്നെടുക്കാവുന്ന പല പരിശോധനകളും സഹിച്ചുനിന്നവരാണ് യഹോവയുടെ ഈ വിശ്വസ്തദാസന്മാർ. അവരുടെ മാതൃക കാണിക്കുന്നത്, യഹോവയുടെ സഹായത്താൽ നമുക്കും അവരെപ്പോലെ സഹിച്ചുനിൽക്കാൻ കഴിയും എന്നാണ്.
14-15. സംശയങ്ങൾ അവഗണിച്ചുകളയരുതാത്തത് എന്തുകൊണ്ട്?
14 പ്രശ്നം: സംശയങ്ങൾ. ചിലപ്പോഴൊക്കെ ദൈവവചനത്തിലെ ചില കാര്യങ്ങൾ മനസ്സിലാക്കാൻ നമുക്കു ബുദ്ധുമുട്ടുതോന്നിയേക്കാം. അല്ലെങ്കിൽ, യഹോവ നമ്മുടെ പ്രാർഥനകൾക്ക് നമ്മൾ പ്രതീക്ഷിച്ച ഉത്തരം തന്നില്ലെന്നു വരാം. ഇതു നമ്മുടെ ഉള്ളിൽ സംശയങ്ങൾ വളർത്താൻ ഇടയുണ്ട്. സംശയങ്ങൾ തീർത്തില്ലെങ്കിൽ അവ നമ്മുടെ വിശ്വാസം ദുർബലമാക്കും, യഹോവയുമായുള്ള നമ്മുടെ ബന്ധം തകർക്കുകയും ചെയ്യും. (യാക്കോ. 1:7, 8) മാത്രമല്ല, നമ്മുടെ ഭാവിപ്രത്യാശ നഷ്ടപ്പെടാനും അത് ഇടയാക്കിയേക്കാം.
15 നമ്മുടെ ഭാവിപ്രത്യാശ ഒരു നങ്കൂരംപോലെയാണെന്നു പൗലോസ് അപ്പോസ്തലൻ പറഞ്ഞു. (എബ്രാ. 6:19) നങ്കൂരം കൊടുങ്കാറ്റിന്റെ സമയത്ത് ഒരു കപ്പലിനെ ഉറപ്പിച്ചുനിറുത്തുകയും പാറയിൽ പോയി തട്ടാതെ സംരക്ഷിക്കുകയും ചെയ്യും. പക്ഷേ കപ്പലുമായി ബന്ധിപ്പിച്ചിരിക്കുന്ന ചങ്ങല ബലമുള്ളതാണെങ്കിലേ നങ്കൂരംകൊണ്ട് പ്രയോജനമുള്ളൂ. തുരുമ്പ്, ചങ്ങലയുടെ ബലം കുറയ്ക്കുന്നതുപോലെ നമ്മുടെ ഉള്ളിലെ പരിഹരിക്കാതെ കിടക്കുന്ന സംശയങ്ങൾ നമ്മുടെ വിശ്വാസം ദുർബലമാക്കും. സംശയമുള്ള ഒരു വ്യക്തിക്ക് എതിർപ്പുകളുണ്ടാകുമ്പോൾ യഹോവ തന്റെ വാഗ്ദാനം നിറവേറ്റുമെന്ന വിശ്വാസം നഷ്ടപ്പെട്ടേക്കാം. നമ്മുടെ വിശ്വാസം നഷ്ടപ്പെട്ടാൽ നമ്മുടെ പ്രത്യാശയും നഷ്ടപ്പെടും. “സംശയിക്കുന്നയാൾ കാറ്റിൽ ഇളകിമറിയുന്ന കടൽത്തിരപോലെയാണ്” എന്നു യാക്കോബ് പറയുന്നു. (യാക്കോ. 1:6) അങ്ങനെയുള്ള ഒരു വ്യക്തിക്കു സന്തോഷം കിട്ടുമെന്നു തോന്നുന്നുണ്ടോ?
16. സംശയങ്ങൾ ഉള്ളപ്പോൾ നമ്മൾ എന്താണ് ചെയ്യേണ്ടത്?
16 പരിഹാരം: ഉത്തരം കണ്ടെത്തുക, വിശ്വാസം ബലപ്പെടുത്തുക. സംശയം വെച്ചുകൊണ്ടിരിക്കരുത്. തങ്ങൾ വിശ്വസിച്ചിരുന്ന കാര്യങ്ങളിൽ യാതൊരു ഉറപ്പുമില്ലാത്തവരായിരുന്നു ഏലിയ പ്രവാചകന്റെ കാലത്തെ യഹോവയുടെ ജനം. അവരോട് ഏലിയ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ എത്രത്തോളം രണ്ടു പക്ഷത്ത് നിൽക്കും? യഹോവയാണു സത്യദൈവമെങ്കിൽ ആ ദൈവത്തെ സേവിക്കുക. അല്ല, ബാലാണെങ്കിൽ ആ ദൈവത്തെ സേവിക്കുക!” (1 രാജാ. 18:21) ഇക്കാലത്ത് ജീവിക്കുന്ന നമ്മളും, യഹോവയാണു സത്യദൈവമെന്നും ബൈബിൾ ദൈവത്തിന്റെ വചനമാണെന്നും യഹോവയുടെ സാക്ഷികൾ ദൈവത്തിന്റെ ജനമാണെന്നും പരിശോധിച്ച് ഉറപ്പുവരുത്തണം. (1 തെസ്സ. 5:21) അങ്ങനെ ചെയ്യുമ്പോൾ നമ്മുടെ സംശയങ്ങൾ ഇല്ലാതാക്കാനും വിശ്വാസം ശക്തമാക്കാനും കഴിയും. സംശയങ്ങൾ തീർക്കാൻ സഹായം ആവശ്യമാണെങ്കിൽ നമുക്കു മൂപ്പന്മാരോടു ചോദിക്കാവുന്നതാണ്. യഹോവയെ സേവിക്കുന്നതിന്റെ സന്തോഷം നിലനിറുത്തണമെങ്കിൽ നമ്മുടെ ഉള്ളിൽ വരുന്ന സംശയങ്ങൾ പെട്ടെന്ന് പരിഹരിക്കണം.
17. നിരുത്സാഹിതരായാൽ എന്തു സംഭവിക്കും?
17 പ്രശ്നം: നിരുത്സാഹിതരായി തളർന്നുപോകുക. ദൈവവചനം പറയുന്നു: “കഷ്ടതയുടെ ദിവസം നീ തളർന്നുപോയാൽ നിന്റെ ശക്തികൊണ്ട് ഒരു പ്രയോജനവുമില്ല.” (സുഭാ. 24:10) നമ്മൾ തളർന്നുപോയാൽ, അതോടെ നമ്മുടെ സന്തോഷവും നഷ്ടപ്പെടും.
18. സഹിച്ചുനിൽക്കുക എന്നതുകൊണ്ട് എന്താണ് അർഥമാക്കുന്നത്?
18 പരിഹാരം: സഹിച്ചുനിൽക്കാനുള്ള കരുത്തിനായി യഹോവയിൽ ആശ്രയിക്കുക. പരിശോധനകൾ സഹിച്ചുനിൽക്കണമെങ്കിൽ നമുക്കു മനോബലം ആവശ്യമാണ്. (യാക്കോ. 5:11) “സഹിച്ചുനിൽക്കുക” എന്നതിനു യാക്കോബ് ഉപയോഗിച്ചിരിക്കുന്ന വാക്കു സൂചിപ്പിക്കുന്നത് ഒരാൾ തന്റെ സ്ഥാനത്തുനിന്ന് മാറാതെ ഉറച്ചുനിൽക്കുന്നതിനെയാണ്. എത്ര കടുത്ത ആക്രമണമുണ്ടായാലും പിൻവാങ്ങാതെ ഉറച്ചുനിൽക്കുന്ന ധീരനായ ഒരു പടയാളിയുടെ ചിത്രമായിരിക്കാം ഇപ്പോൾ നമ്മുടെ മനസ്സിലേക്കു വരുന്നത്.
19. പൗലോസ് അപ്പോസ്തലന്റെ മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
19 സഹിച്ചുനിന്നതിന്റെ നല്ലൊരു മാതൃകയാണ് പൗലോസ് അപ്പോസ്തലൻ. ചില സമയങ്ങളിൽ താൻ തളർന്നുപോകുന്നതുപോലെ പൗലോസിന് തോന്നി. സഹിച്ചുനിൽക്കാൻ അദ്ദേഹത്തെ സഹായിച്ചത് എന്താണ്? ആവശ്യമായ ശക്തിക്കായി അദ്ദേഹം യഹോവയിൽ ആശ്രയിച്ചു. യഹോവയുടെ സഹായം നമുക്കും ആവശ്യമാണെന്നു നമ്മൾ താഴ്മയോടെ തിരിച്ചറിയണം. (2 കൊരി. 12:8-10; ഫിലി. 4:13) അപ്പോൾ പൗലോസിനു ലഭിച്ചതുപോലുള്ള ധൈര്യവും ശക്തിയും നമുക്കും ലഭിക്കും.—യാക്കോ. 4:10.
ദൈവത്തോട് അടുത്തുചെല്ലുക, സന്തോഷം നിലനിറുത്തുക
20-21. നമുക്ക് ഏതു കാര്യത്തിൽ ഉറപ്പുണ്ടായിരിക്കാം?
20 നമുക്ക് നേരിടുന്ന പരിശോധനകൾ ഒരിക്കലും ദൈവത്തിൽനിന്നുള്ള ശിക്ഷയല്ല. യാക്കോബ് ഇങ്ങനെ ഉറപ്പു തരുന്നു: “പരീക്ഷണങ്ങൾ ഉണ്ടാകുമ്പോൾ, ‘ദൈവം എന്നെ പരീക്ഷിക്കുകയാണ്’ എന്ന് ആരും പറയാതിരിക്കട്ടെ. ദോഷങ്ങൾകൊണ്ട് ദൈവത്തെ പരീക്ഷിക്കാൻ ആർക്കും കഴിയില്ല; ദൈവവും ആരെയും പരീക്ഷിക്കുന്നില്ല.” (യാക്കോ. 1:13) ഇക്കാര്യത്തിൽ നമുക്കു നല്ല ഉറപ്പുണ്ടായിരിക്കണം. അപ്പോൾ സ്നേഹവാനായ നമ്മുടെ സ്വർഗീയപിതാവിനോടു നമ്മൾ കൂടുതൽ അടുക്കും.—യാക്കോ. 4:8.
21 യഹോവ “മാറ്റമില്ലാത്തവനാണ്.” (യാക്കോ. 1:17) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്കു പരിശോധനകളുണ്ടായപ്പോൾ ദൈവം സഹായിച്ചു, അതുപോലെ ഇന്നു നമ്മളെയും സഹായിക്കും. ജ്ഞാനത്തിനും വിശ്വാസത്തിനും കരുത്തിനും ആയി യഹോവയോട് ആത്മാർഥമായി അപേക്ഷിക്കുക. യഹോവ നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം തരും. പ്രശ്നങ്ങൾ നേരിടുമ്പോൾ സന്തോഷത്തോടെ അതു സഹിച്ചുനിൽക്കാൻ ദൈവം നമ്മളെ ഓരോരുത്തരെയും സഹായിക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാം!
ഗീതം 128 അവസാനത്തോളം സഹിച്ചുനിൽക്കുക
a പ്രശ്നങ്ങൾ നേരിടുന്നതിനു സഹായിക്കുന്ന ധാരാളം ഉപദേശങ്ങൾ യാക്കോബ് എന്ന ബൈബിൾപുസ്തകത്തിലുണ്ട്. ഈ ലേഖനത്തിൽ നമ്മൾ അങ്ങനെയുള്ള ചില ഉപദേശങ്ങൾ ചർച്ച ചെയ്യാൻ പോകുകയാണ്. യഹോവയെ സേവിക്കുന്നതിലെ സന്തോഷം നഷ്ടപ്പെടാതെ പ്രശ്നങ്ങൾ സഹിച്ചുനിൽക്കാൻ അവ നമ്മളെ സഹായിക്കും.
b ചിത്രക്കുറിപ്പ്: ഒരു സഹോദരനെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നു. അധികാരികൾ അദ്ദേഹത്തെ കൊണ്ടുപോകുമ്പോൾ ഭാര്യയും മകളും നോക്കിനിൽക്കുന്നു. ഭർത്താവ് ജയിലിലായിരിക്കുമ്പോൾ സഭയിലെ സഹോദരങ്ങൾ ഭാര്യയോടും മകളോടും ഒപ്പം കുടുംബാരാധനയിൽ പങ്കെടുക്കുന്നു. പരിശോധനകളിൽ സഹിച്ചുനിൽക്കാനുള്ള ശക്തിക്കായി സഹോദരിയും മകളും യഹോവയോടു കൂടെക്കൂടെ പ്രാർഥിക്കുന്നു. യഹോവ അവർക്ക് ആന്തരികസമാധാനവും ധൈര്യവും നൽകുന്നു. അങ്ങനെ അവരുടെ വിശ്വാസം കൂടുതൽ ശക്തമായിത്തീരുന്നു, സന്തോഷത്തോടെ സഹിച്ചുനിൽക്കാൻ അവർക്കു കഴിയുന്നു.