പഠനലേഖനം 8
നിങ്ങളുടെ ഉപദേശം “ഹൃദയത്തിനു സന്തോഷം” നൽകുന്നതാണോ?
“എണ്ണയും സുഗന്ധക്കൂട്ടും ഹൃദയത്തിനു സന്തോഷമേകുന്നു; ആത്മാർഥമായ ഉപദേശത്തിൽനിന്ന് ഉളവായ മധുരമായ സൗഹൃദവും അതുപോലെ.”—സുഭാ. 27:9.
ഗീതം 102 ‘ബലഹീനരെ സഹായിക്കുക’
ചുരുക്കംa
1-2. ഉപദേശം നൽകുന്നതിനെക്കുറിച്ച് ഒരു സഹോദരൻ എന്താണു പഠിച്ചത്?
വർഷങ്ങൾക്കു മുമ്പ് നടന്ന ഒരു സംഭവമാണ്. രണ്ടു മൂപ്പന്മാർ, കുറച്ച് നാളുകളായി മീറ്റിങ്ങിനു വരാത്ത ഒരു സഹോദരിയെ കാണാൻ ചെന്നു. അതിൽ ഒരു സഹോദരൻ മീറ്റിങ്ങിനു വരേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന കുറെ തിരുവെഴുത്തുകൾ സഹോദരിക്കു കാണിച്ചുകൊടുത്തു. താൻ പറഞ്ഞതൊക്കെ സഹോദരിയെ ശരിക്കും പ്രോത്സാഹിപ്പിച്ചെന്നാണ് ആ സഹോദരൻ വിചാരിച്ചത്. എന്നാൽ അവർ അവിടെനിന്ന് പോരുമ്പോൾ സഹോദരി പറഞ്ഞു: “എന്റെ സാഹചര്യത്തെക്കുറിച്ച് നിങ്ങൾക്ക് എന്ത് അറിയാം?” സഹോദരിയുടെ പ്രശ്നങ്ങളെക്കുറിച്ചോ അവസ്ഥയെക്കുറിച്ചോ ഒന്നും ചോദിക്കാതെയാണ് അവർ ആ ഉപദേശം നൽകിയത്. അതുകൊണ്ടുതന്നെ അവരുടെ ഉപദേശം തനിക്കു പ്രയോജനം ചെയ്യുമെന്നു സഹോദരിക്കു തോന്നിയില്ല.
2 അന്ന് ആ സഹോദരിക്കു തിരുവെഴുത്തുകളൊക്കെ കാണിച്ചുകൊടുത്ത സഹോദരൻ പറയുന്നു: “ഒട്ടും ആദരവില്ലാതെയാണല്ലോ ആ സഹോദരി സംസാരിച്ചത് എന്നാണ് അന്ന് എനിക്കു തോന്നിയത്. എന്നാൽ പിന്നീട് അതെക്കുറിച്ച് ചിന്തിച്ചപ്പോൾ ഒരു കാര്യം എനിക്കു മനസ്സിലായി. ആ വാക്യങ്ങളൊക്കെ കാണിച്ചുകൊടുക്കുന്നതിനു പകരം സഹോദരിയുടെ പ്രശ്നം എന്താണെന്നു മനസ്സിലാക്കാൻ ചില ചോദ്യങ്ങളായിരുന്നു ഞാൻ ചോദിക്കേണ്ടിയിരുന്നത്. ‘കാര്യങ്ങളൊക്കെ എങ്ങനെ പോകുന്നു, ഞങ്ങൾ എന്താ ചെയ്തുതരേണ്ടത്’ എന്നതുപോലുള്ള ചോദ്യങ്ങൾ.” ആ സംഭവത്തിലൂടെ വിലപ്പെട്ട ഒരു പാഠമാണു സഹോദരൻ പഠിച്ചത്. അതുകൊണ്ട് ഇന്ന് അദ്ദേഹം സഹാനുഭൂതിയുള്ള, സഹോദരങ്ങളെ സഹായിക്കാൻ മനസ്സുള്ള ഒരു ഇടയനാണ്.
3. സഭയിൽ ആരൊക്കെ ഉപദേശം നൽകിയേക്കാം?
3 സഹോദരങ്ങൾക്ക് ആവശ്യമായ ഉപദേശം കൊടുക്കാൻ, ഇടയന്മാരെന്ന നിലയിൽ മൂപ്പന്മാർക്ക് ഉത്തരവാദിത്വമുണ്ട്. എന്നാൽ സഭയിലെ മറ്റുള്ളവരും ചിലപ്പോൾ ഉപദേശം നൽകേണ്ടതായി വന്നേക്കാം. ഉദാഹരണത്തിന്, ഒരു സഹോദരനോ സഹോദരിയോ തങ്ങളുടെ ഒരു സുഹൃത്തിനു ബൈബിളിൽനിന്നുള്ള ചില ഉപദേശങ്ങൾ കൊടുത്തേക്കാം. (സങ്കീ. 141:5; സുഭാ. 25:12) അല്ലെങ്കിൽ തീത്തോസ് 2:3-5-ൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് പ്രായമുള്ള സഹോദരിമാർക്കു ചിലപ്പോൾ “പ്രായം കുറഞ്ഞ സ്ത്രീകളെ” ഉപദേശിക്കേണ്ടി വന്നേക്കാം. ഇനി, കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾക്കു മിക്കപ്പോഴും ഉപദേശമോ തിരുത്തലോ നൽകേണ്ടി വരാറുണ്ട്. അതുകൊണ്ട് ഈ ലേഖനം പ്രധാനമായും മൂപ്പന്മാരെ ഉദ്ദേശിച്ചുള്ളതാണെങ്കിലും ഇതു പഠിക്കുന്നതിലൂടെ നമുക്ക് എല്ലാവർക്കും പ്രയോജനം നേടാനാകും. ഉപദേശം കേൾക്കുന്ന വ്യക്തിക്ക്, വേണ്ട മാറ്റങ്ങൾ വരുത്താൻ തോന്നുന്ന വിധത്തിൽ എങ്ങനെ അതു കൊടുക്കാമെന്നു നമ്മൾ ചർച്ചചെയ്യും. അത്തരത്തിലുള്ള ഉപദേശം അതു ലഭിക്കുന്ന വ്യക്തിയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നതായിരിക്കും.—സുഭാ. 27:9.
4. ഈ ലേഖനത്തിൽ നമ്മൾ എന്തു ചർച്ചചെയ്യും?
4 ഈ ലേഖനത്തിൽ ഉപദേശം നൽകുന്നതിനെക്കുറിച്ചുള്ള നാലു ചോദ്യങ്ങളുടെ ഉത്തരം നമ്മൾ കണ്ടെത്തും. (1) അതിനു നമ്മളെ പ്രേരിപ്പിക്കുന്നത് എന്തായിരിക്കണം? (2) ഉപദേശം ശരിക്കും ആവശ്യമാണോ? (3) ആരാണ് ഉപദേശം നൽകേണ്ടത്? (4) പ്രയോജനം ചെയ്യുന്ന വിധത്തിൽ നമുക്ക് എങ്ങനെ ഉപദേശം നൽകാം?
നമ്മളെ പ്രേരിപ്പിക്കുന്നത് എന്തായിരിക്കണം?
5. സ്വീകരിക്കാൻ എളുപ്പമായ വിധത്തിൽ സഹോദരങ്ങൾക്ക് ഉപദേശം കൊടുക്കാൻ മൂപ്പന്മാരെ എന്തു സഹായിക്കും? (1 കൊരിന്ത്യർ 13:4, 7)
5 മൂപ്പന്മാർ സഹോദരീസഹോദരന്മാരെ സ്നേഹിക്കുന്നു. ചിലപ്പോൾ അവർ സ്നേഹം കാണിക്കുന്നതു തെറ്റിലേക്കു പോകുന്ന വ്യക്തിക്ക് ഉപദേശം കൊടുത്തുകൊണ്ടാണ്. (ഗലാ. 6:1) എന്നാൽ ഉപദേശം നൽകുന്നതിനു മുമ്പ് മൂപ്പന്മാർ, സ്നേഹത്തെക്കുറിച്ച് പൗലോസ് അപ്പോസ്തലൻ പറഞ്ഞ ചില കാര്യങ്ങൾ ഓർക്കുന്നതു നന്നായിരിക്കും: “സ്നേഹം ക്ഷമയും ദയയും ഉള്ളതാണ്. . . . അത് എല്ലാം സഹിക്കുന്നു; എല്ലാം വിശ്വസിക്കുന്നു; എല്ലാം പ്രത്യാശിക്കുന്നു; എന്തു വന്നാലും പിടിച്ചുനിൽക്കുന്നു.” (1 കൊരിന്ത്യർ 13:4, 7 വായിക്കുക.) മൂപ്പന്മാർ ഈ വാക്യങ്ങളെക്കുറിച്ച് ധ്യാനിക്കുന്നത് ഒരു ഉപദേശം കൊടുക്കാൻ തങ്ങളെ പ്രേരിപ്പിക്കുന്നത് എന്താണെന്നു ചിന്തിക്കാനും ശരിയായ മനോഭാവത്തോടെ അതു നൽകാനും അവരെ സഹായിക്കും. മൂപ്പന്മാർ തങ്ങളെ സ്നേഹിക്കുന്നെന്നു തിരിച്ചറിയുമ്പോൾ അവർ നൽകുന്ന ഉപദേശം സ്വീകരിക്കാൻ സഹോദരങ്ങൾക്ക് എളുപ്പമായിരിക്കും.—റോമ. 12:10.
6. അപ്പോസ്തലനായ പൗലോസ് എന്തു നല്ല മാതൃകവെച്ചു?
6 ഒരു മൂപ്പനായിരുന്ന പൗലോസ് അപ്പോസ്തലൻ ഇക്കാര്യത്തിൽ നല്ല മാതൃകവെച്ചു. ഉദാഹരണത്തിന് തെസ്സലോനിക്യയിലെ സഹോദരങ്ങൾക്ക് ഉപദേശം ആവശ്യമായി വന്നപ്പോൾ അതു നൽകാൻ പൗലോസ് മടിച്ചില്ല. എന്നാൽ അവർക്കു കത്തുകൾ എഴുതിയപ്പോൾ അദ്ദേഹം ആദ്യം അവരെ അഭിനന്ദിക്കുകയാണു ചെയ്തത്. അവരുടെ വിശ്വസ്തതയോടെയുള്ള പ്രവൃത്തികളെയും സ്നേഹത്തോടെ അവർ ചെയ്യുന്ന കഠിനാധ്വാനത്തെയും അവരുടെ സഹനശക്തിയെയും കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. ഇനി, അവരുടെ സാഹചര്യങ്ങളെക്കുറിച്ചും അദ്ദേഹം ചിന്തിച്ചു. അവരുടെ ജീവിതം ഒട്ടും എളുപ്പമല്ലായിരുന്നെന്നും അവർക്ക് ഒരുപാടു കഷ്ടതയും ഉപദ്രവവും സഹിക്കേണ്ടി വന്നെന്നും തനിക്ക് അറിയാമെന്ന് അദ്ദേഹം പറഞ്ഞു. (1 തെസ്സ. 1:3; 2 തെസ്സ. 1:4) അവർ മറ്റു ക്രിസ്ത്യാനികൾക്ക് ഒരു മാതൃകയാണെന്ന കാര്യവും അദ്ദേഹം അവരോടു പറയാതിരുന്നില്ല. (1 തെസ്സ. 1:8, 9) പൗലോസിന്റെ ആ അഭിനന്ദനവാക്കുകൾ കേട്ടപ്പോൾ അവർക്ക് എത്ര സന്തോഷം തോന്നിക്കാണും? പൗലോസിന് ആ സഹോദരങ്ങളോട് ഒരുപാടു സ്നേഹമുണ്ടായിരുന്നു എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അതുകൊണ്ടാണു തെസ്സലോനിക്യർക്ക് എഴുതിയ രണ്ടു കത്തിലും അവർക്കു സ്വീകരിക്കാൻ എളുപ്പമുള്ള വിധത്തിൽ ഉപദേശങ്ങൾ നൽകാൻ അദ്ദേഹത്തിനു കഴിഞ്ഞത്.—1 തെസ്സ. 4:1, 3-5, 11; 2 തെസ്സ. 3:11, 12.
7. ഒരു ഉപദേശം സ്വീകരിക്കാൻ ചിലപ്പോൾ ബുദ്ധിമുട്ടായിരുന്നേക്കാവുന്നത് എന്തുകൊണ്ട്?
7 ഉപദേശം കൊടുക്കുന്നതു ശരിയായ രീതിയിലല്ലെങ്കിൽ എന്തു സംഭവിക്കാം? അനുഭവപരിചയമുള്ള ഒരു മൂപ്പൻ പറയുന്നു: “ചിലർ ഉപദേശം സ്വീകരിക്കാതിരിക്കുന്നതു പറഞ്ഞ കാര്യങ്ങൾക്ക് എന്തെങ്കിലും കുഴപ്പമുണ്ടായിട്ടല്ല, സ്നേഹത്തോടെ അതു പറയാത്തതുകൊണ്ടാണ്.” ഇതിൽനിന്ന് നമുക്ക് എന്തു പഠിക്കാൻ കഴിയും? ഉപദേശം കൊടുക്കുന്നത് ഒരാൾ ചെയ്ത ഒരു കാര്യം ഇഷ്ടപ്പെടാത്തതിന്റെ പേരിലായിരിക്കരുത്, പകരം ആ വ്യക്തിയോടു സ്നേഹം തോന്നിയിട്ടായിരിക്കണം. അങ്ങനെയാകുമ്പോൾ അതു സ്വീകരിക്കാൻ എളുപ്പമായിരിക്കും.
ഉപദേശം ശരിക്കും ആവശ്യമാണോ?
8. ഒരു വ്യക്തിക്ക് ഉപദേശം കൊടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കാൻ ഒരു മൂപ്പൻ തന്നോടുതന്നെ എന്തു ചോദിക്കണം?
8 ഉപദേശം നൽകാൻ മൂപ്പന്മാർ തിടുക്കം കാണിക്കരുത്. അതു കൊടുക്കുന്നതിനു മുമ്പ് ഒരു മൂപ്പൻ തന്നോടുതന്നെ ഇങ്ങനെ ചോദിക്കണം: ‘ശരിക്കും ഇങ്ങനെയൊരു ഉപദേശം നൽകേണ്ട ആവശ്യമുണ്ടോ? അദ്ദേഹം ചെയ്യുന്നതു തെറ്റാണെന്ന് എനിക്ക് ഉറപ്പുണ്ടോ? ഏതെങ്കിലും ഒരു ബൈബിൾകല്പന അദ്ദേഹം ലംഘിച്ചിട്ടുണ്ടോ? അതോ അദ്ദേഹം അക്കാര്യം ചെയ്യുന്നതു ഞാൻ ചെയ്യുന്നതുപോലെയല്ല എന്നേ ഉള്ളോ?’ ‘ചിന്തിക്കാതെ സംസാരിക്കുന്നതിന്’ എതിരെ ബൈബിൾ തരുന്ന മുന്നറിയിപ്പ് മൂപ്പന്മാർ എപ്പോഴും ഓർക്കണം. (സുഭാ. 29:20) ഒരു കാര്യം സംബന്ധിച്ച് ആർക്കെങ്കിലും ഉപദേശം കൊടുക്കണോ വേണ്ടയോ എന്ന് ഉറപ്പില്ലെങ്കിൽ മറ്റൊരു മൂപ്പനോട് അതെക്കുറിച്ച് സംസാരിക്കാവുന്നതാണ്. ആ വ്യക്തി ചെയ്യുന്ന കാര്യം ബൈബിൾതത്ത്വത്തിന് എതിരാണോ എന്നു തീരുമാനിക്കാൻ അതു സഹായിക്കും.—2 തിമൊ. 3:16, 17.
9. വസ്ത്രധാരണത്തോടും ഒരുക്കത്തോടും ഉള്ള ബന്ധത്തിൽ ഉപദേശം കൊടുക്കുന്നതിനെക്കുറിച്ച് പൗലോസിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (1 തിമൊഥെയൊസ് 2:9, 10)
9 ഒരു ഉദാഹരണം നോക്കാം. ഒരു സഹോദരന്റെയോ സഹോദരിയുടെയോ വസ്ത്രധാരണവും ഒരുക്കവും അത്ര ശരിയല്ലെന്ന് ഒരു മൂപ്പനു തോന്നുന്നുവെന്നിരിക്കട്ടെ. അദ്ദേഹത്തിനു തന്നോടുതന്നെ ഇങ്ങനെ ചോദിക്കാം: ‘ഈ വ്യക്തി ഏതെങ്കിലും ബൈബിൾതത്ത്വത്തിനു വിരുദ്ധമായാണോ പ്രവർത്തിക്കുന്നത്?’ സ്വന്തം ആശയങ്ങൾ ആ വ്യക്തിയുടെ മേൽ അടിച്ചേൽപ്പിക്കാതിരിക്കാനായി അദ്ദേഹത്തിന് ഒരു മൂപ്പനോടോ അനുഭവപരിചയമുള്ള മറ്റൊരു പ്രചാരകനോടോ ചോദിക്കാവുന്നതാണ്. അവർക്ക് ഒരുമിച്ച് പൗലോസ് അപ്പോസ്തലൻ അതെക്കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കാനാകും. (1 തിമൊഥെയൊസ് 2:9, 10 വായിക്കുക.) ക്രിസ്ത്യാനികൾ ഏതു വസ്ത്രം ധരിക്കണം, ഏതു ധരിക്കരുത് എന്നതു സംബന്ധിച്ച് പൗലോസ് പ്രത്യേകനിയമങ്ങളൊന്നും ഉണ്ടാക്കിയില്ല. എന്നാൽ അതുമായി ബന്ധപ്പെട്ട ചില തത്ത്വങ്ങൾ പറഞ്ഞിട്ടുണ്ട്. ക്രിസ്ത്യാനികളുടെ വസ്ത്രധാരണം മാന്യവും സുബോധത്തോടെയുള്ളതും അന്തസ്സുള്ളതും ആയിരിക്കണം എന്നാണു പൗലോസ് പറഞ്ഞത്. ബൈബിൾതത്ത്വങ്ങൾ ലംഘിക്കാത്തിടത്തോളം ഓരോരുത്തർക്കും അവരുടെ ഇഷ്ടമനുസരിച്ച് വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ടെന്നു പൗലോസിന് അറിയാമായിരുന്നു. അതുകൊണ്ട് വസ്ത്രധാരണത്തോടു ബന്ധപ്പെട്ട് ആർക്കെങ്കിലും ഉപദേശം കൊടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കുന്നതിനു മുമ്പ് മൂപ്പന്മാർ ഈ കാര്യം ചിന്തിക്കണം: ആ വ്യക്തിയുടെ വസ്ത്രധാരണം മാന്യവും സുബോധത്തോടെയുള്ളതും ആണോ?
10. നമ്മൾ ഏതു കാര്യം ഓർക്കണം?
10 ഒരു കാര്യം സംബന്ധിച്ച് പക്വതയുള്ള രണ്ടു ക്രിസ്ത്യാനികൾ എടുക്കുന്ന തീരുമാനം രണ്ടു തരത്തിലുള്ളതായിരിക്കാം, രണ്ടും ശരിയുമായിരിക്കാം. അതു നമ്മൾ എപ്പോഴും ഓർക്കണം. ശരിയാണെന്നു നമുക്കു തോന്നുന്ന കാര്യങ്ങൾ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ നമ്മൾ ശ്രമിക്കരുത്.—റോമ. 14:10.
ആരാണ് ഉപദേശം നൽകേണ്ടത്?
11-12. ഉപദേശം കൊടുക്കേണ്ടത് ആവശ്യമായി വരുമ്പോൾ ഒരു മൂപ്പൻ തന്നോടുതന്നെ എന്തു ചോദിക്കണം, എന്തുകൊണ്ട്?
11 ഉപദേശം കൊടുക്കേണ്ടത് ആവശ്യമാണെന്നു മനസ്സിലായിക്കഴിഞ്ഞാൽ അടുത്ത ചോദ്യം ആരാണ് അതു കൊടുക്കേണ്ടത് എന്നതാണ്. വിവാഹിതയായ ഒരു സഹോദരിക്കോ പ്രായപൂർത്തിയാകാത്ത ഒരു കുട്ടിക്കോ ഉപദേശം കൊടുക്കേണ്ടിവരുമ്പോൾ ഒരു മൂപ്പൻ അതെക്കുറിച്ച് അവരുടെ കുടുംബനാഥനോടു സംസാരിക്കണം. ചിലപ്പോൾ കുടുംബനാഥൻതന്നെ അക്കാര്യം അവരോടു സംസാരിക്കാൻ തീരുമാനിച്ചേക്കാം.b അതല്ലെങ്കിൽ ഉപദേശം കൊടുക്കുന്ന സമയത്ത് കുടുംബനാഥനോടും അവിടെയുണ്ടായിരിക്കാൻ മൂപ്പന് ആവശ്യപ്പെടാവുന്നതാണ്. ഇനി, 3-ാം ഖണ്ഡികയിൽ കണ്ടതുപോലെ ചില സന്ദർഭങ്ങളിൽ ചെറുപ്പക്കാരിയായ സഹോദരിക്കു പ്രായമുള്ള ഒരു സഹോദരി ഉപദേശം കൊടുക്കുന്നതായിരിക്കും കൂടുതൽ നല്ലത്.
12 മൂപ്പന്മാർ ചിന്തിക്കേണ്ട മറ്റൊരു കാര്യവുമുണ്ട്. ഒരു മൂപ്പനു തന്നോടുതന്നെ ഇങ്ങനെ ചോദിക്കാം: ‘ഈ ഉപദേശം കൊടുക്കാൻ ഏറ്റവും പറ്റിയ വ്യക്തി ഞാനാണോ? അതോ മറ്റാരെങ്കിലും കൊടുക്കുമ്പോഴായിരിക്കുമോ അവർക്ക് അതു സ്വീകരിക്കാൻ കൂടുതൽ എളുപ്പം?’ ഉദാഹരണത്തിന്, തന്നെ ഒന്നിനും കൊള്ളില്ലെന്നു ചിന്തിക്കുന്ന ഒരു സഹോദരന് അതേ സാഹചര്യത്തിലൂടെ കടന്നുപോയിട്ടുള്ള ഒരാളിൽനിന്ന് ഉപദേശം സ്വീകരിക്കാൻ കുറെക്കൂടി എളുപ്പമായിരിക്കും. കാരണം ആ വ്യക്തിക്ക് അദ്ദേഹത്തിന്റെ അവസ്ഥ നന്നായി മനസ്സിലാകും. അതുകൊണ്ടുതന്നെ അദ്ദേഹത്തിനു സ്വീകരിക്കാൻ കഴിയുന്ന വിധത്തിൽ കാര്യങ്ങൾ പറഞ്ഞുകൊടുക്കാനുമാകും. എന്നാൽ വേണ്ട മാറ്റങ്ങൾ വരുത്താൻ സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കാനും ഉപദേശിക്കാനും ഉള്ള ഉത്തരവാദിത്വം എല്ലാ മൂപ്പന്മാർക്കുമുണ്ട് എന്ന കാര്യം ഓർക്കുക. അതുകൊണ്ട് പ്രധാനമായ സംഗതി ഉപദേശം കൊടുക്കേണ്ടതുള്ളപ്പോൾ അതു കൊടുക്കുക എന്നതാണ്, മൂപ്പന്മാർ അത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും.
പ്രയോജനം ചെയ്യുന്ന വിധത്തിൽ നമുക്ക് എങ്ങനെ ഉപദേശം നൽകാൻ കഴിയും?
13-14. മൂപ്പന്മാർ ശ്രദ്ധിച്ചുകേൾക്കേണ്ടതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
13 ശ്രദ്ധിച്ചുകേൾക്കുക. ആർക്കെങ്കിലും ഒരു ഉപദേശം കൊടുക്കാൻ തയ്യാറാകുമ്പോൾ ഒരു മൂപ്പൻ തന്നോടുതന്നെ ഇങ്ങനെ ചോദിക്കണം: ‘ആ സഹോദരന്റെ സാഹചര്യത്തെക്കുറിച്ച് എനിക്ക് എന്തൊക്കെ അറിയാം? അദ്ദേഹത്തിന്റെ കാര്യങ്ങളൊക്കെ എങ്ങനെ പോകുന്നു? എനിക്ക് അറിയാത്ത എന്തെങ്കിലും പ്രശ്നങ്ങൾ അദ്ദേഹം നേരിടുന്നുണ്ടോ? അദ്ദേഹത്തിന് ഇപ്പോൾ ഏറ്റവും ആവശ്യം എന്തായിരിക്കും?’
14 ഉപദേശം നൽകുന്നവർ യാക്കോബ് 1:19-ലെ തത്ത്വത്തിനു ചേർച്ചയിൽ പ്രവർത്തിക്കേണ്ടതുണ്ട്. യാക്കോബ് എഴുതി: “എല്ലാവരും കേൾക്കാൻ തിടുക്കമുള്ളവരായിരിക്കണം; എന്നാൽ സംസാരിക്കാൻ തിടുക്കം കൂട്ടരുത്, പെട്ടെന്നു കോപിക്കുകയുമരുത്.” തനിക്ക് എല്ലാ വസ്തുതകളും അറിയാമെന്ന് ഒരു മൂപ്പൻ ചിന്തിച്ചേക്കാം. പക്ഷേ ശരിക്കും അദ്ദേഹത്തിന് എല്ലാം അറിയാമോ? സുഭാഷിതങ്ങൾ 18:13 പറയുന്നു: “വസ്തുതകളെല്ലാം കേൾക്കുംമുമ്പേ മറുപടി പറയുന്നതു വിഡ്ഢിത്തം; അതു മനുഷ്യന് അപമാനകരം.” കാര്യങ്ങളൊക്കെ ആ വ്യക്തിയോടുതന്നെ ചോദിച്ചറിയുന്നതാണ് ഏറ്റവും നല്ലത്. അതിന് ആദ്യം അദ്ദേഹത്തിനു പറയാനുള്ളതു മുഴുവൻ കേൾക്കണം. ഈ ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞ മൂപ്പനുണ്ടായ അനുഭവം ഓർക്കുക. താൻ തയ്യാറായിപ്പോയ വിവരങ്ങൾ സംസാരിക്കുന്നതിനു മുമ്പ് സഹോദരിയുടെ സാഹചര്യം മനസ്സിലാക്കാൻ ആദ്യം ചില ചോദ്യങ്ങൾ ചോദിക്കണമായിരുന്നെന്നു സഹോദരൻ തിരിച്ചറിഞ്ഞു. “കാര്യങ്ങളൊക്കെ എങ്ങനെ പോകുന്നു, ഞാൻ എന്താ ചെയ്തുതരേണ്ടത്” എന്നതുപോലുള്ള ചോദ്യങ്ങൾ. സഹോദരങ്ങളുടെ സാഹചര്യങ്ങളൊക്കെ മനസ്സിലാക്കാൻ മൂപ്പന്മാർ സമയമെടുക്കുന്നെങ്കിൽ കുറെക്കൂടി നന്നായി സഹോദരങ്ങളെ സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും അവർക്കു കഴിഞ്ഞേക്കും.
15. സുഭാഷിതങ്ങൾ 27:23-ലെ തത്ത്വത്തിനു ചേർച്ചയിൽ മൂപ്പന്മാർക്ക് എങ്ങനെ പ്രവർത്തിക്കാം?
15 സഹോദരങ്ങളെ അടുത്ത് അറിയുക. തുടക്കത്തിൽ കണ്ടതുപോലെ നല്ല ഉപദേശം കൊടുക്കുന്നതിൽ ചില ബൈബിൾവാക്യങ്ങൾ വായിക്കുകയോ ഒന്നോ രണ്ടോ നിർദേശങ്ങൾ നൽകുകയോ ചെയ്യുന്നതിലും അധികം ഉൾപ്പെട്ടിട്ടുണ്ട്. നമ്മുടെ സഹോദരങ്ങളെ നമ്മൾ സ്നേഹിക്കുന്നുണ്ടെന്നും അവരെ മനസ്സിലാക്കുന്നുണ്ടെന്നും സഹായിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും അവർ തിരിച്ചറിയണം. (സുഭാഷിതങ്ങൾ 27:23 വായിക്കുക.) സഹോദരങ്ങളുമായി നല്ല കൂട്ടാകാൻ മൂപ്പന്മാർ കഴിവിന്റെ പരമാവധി ശ്രമിക്കണം.
16. മൂപ്പന്മാർ എന്തു ചെയ്യുന്നെങ്കിൽ അവർ നൽകുന്ന ഉപദേശം സ്വീകരിക്കാൻ സഹോദരങ്ങൾക്ക് എളുപ്പമായിരിക്കും?
16 ഉപദേശം കൊടുക്കേണ്ടതുള്ളപ്പോൾ മാത്രമേ മൂപ്പന്മാർ തങ്ങളോടു സംസാരിക്കുകയുള്ളൂ എന്നൊരു ധാരണ സഹോദരങ്ങൾക്കു കൊടുക്കാതിരിക്കാൻ മൂപ്പന്മാർ ശ്രദ്ധിക്കണം. പകരം, പതിവായി സഹോദരങ്ങളോടു സംസാരിക്കുക. ഇനി, അവർക്ക് എന്തെങ്കിലും പ്രശ്നങ്ങളുള്ളപ്പോൾ ശരിക്കും അവരെക്കുറിച്ച് ചിന്തയുണ്ടെന്നു കാണിക്കുക. “അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ അവരുമായി നല്ല സൗഹൃദത്തിലാകും. അവർക്ക് ഒരു ഉപദേശം കൊടുക്കേണ്ടതുള്ളപ്പോൾ അതു കൊടുക്കാനും എളുപ്പമായിരിക്കും” എന്ന് അനുഭവപരിചയമുള്ള ഒരു മൂപ്പൻ പറയുന്നു. ഇനി, ഉപദേശം കിട്ടുന്നവർക്ക് അതു സ്വീകരിക്കാനും എളുപ്പമായിരിക്കും.
17. ഒരു മൂപ്പൻ ദയയും ക്ഷമയും കാണിക്കേണ്ടതു കൂടുതൽ ആവശ്യമായിവരുന്നത് എപ്പോൾ?
17 ക്ഷമയും ദയയും ഉള്ളവരായിരിക്കുക. നമ്മൾ ബൈബിളിൽനിന്ന് കൊടുക്കുന്ന ഉപദേശം സ്വീകരിക്കാനോ അനുസരിക്കാനോ ഒരാൾ പെട്ടെന്നു തയ്യാറാകുന്നില്ലെങ്കിൽ ദേഷ്യം തോന്നാതിരിക്കാൻ മൂപ്പന്മാർ പ്രത്യേകം ശ്രദ്ധിക്കണം. അതിനു ദയയും ക്ഷമയും അവരെ സഹായിക്കും. അവർ യേശുവിനെപ്പോലെയായിരിക്കണം. യേശുവിനെക്കുറിച്ച് ഇങ്ങനെ ഒരു പ്രവചനമുണ്ടായിരുന്നു: “ചതഞ്ഞ ഈറ്റ അവൻ ഒടിച്ചുകളയില്ല, പുകയുന്ന തിരി കെടുത്തിക്കളയുകയുമില്ല.” (മത്താ. 12:20) അതുകൊണ്ട് ഉപദേശം ആവശ്യമായ വ്യക്തിക്കുവേണ്ടി മൂപ്പനു വ്യക്തിപരമായി യഹോവയോടു പ്രാർഥിക്കാം. ആ ഉപദേശം നൽകിയതിന്റെ കാരണം മനസ്സിലാക്കാനും അതനുസരിച്ച് ജീവിതത്തിൽ വേണ്ട മാറ്റങ്ങൾ വരുത്താനും ആ വ്യക്തിയെ സഹായിക്കണേ എന്ന് അപേക്ഷിക്കാം. ഉപദേശം കിട്ടിയ സഹോദരന് അതെക്കുറിച്ച് ചിന്തിക്കാൻ സമയം വേണ്ടിവന്നേക്കാം. മൂപ്പൻ ആ വ്യക്തിയോടു ദയയോടെയും ക്ഷമയോടെയും ആണ് ഇടപെടുന്നതെങ്കിൽ ഉപദേശം നൽകിയ വിധത്തിൽ ശ്രദ്ധിക്കാതെ ഉപദേശത്തിൽ ശ്രദ്ധിക്കാൻ ആ വ്യക്തിക്കു ബുദ്ധിമുട്ടുണ്ടാകില്ല. നൽകുന്ന ഉപദേശം ദൈവവചനത്തിൽനിന്നായിരിക്കാൻ എപ്പോഴും ശ്രദ്ധിക്കണം.
18. (എ) ഉപദേശം നൽകുമ്പോൾ നമ്മൾ ഏതു കാര്യം മനസ്സിൽപ്പിടിക്കണം? (ബി) ചതുരത്തിൽ പറഞ്ഞിരിക്കുന്നതുപോലെ, ചിത്രത്തിൽ കാണുന്ന മാതാപിതാക്കൾ എന്താണു ചർച്ച ചെയ്യുന്നത്?
18 സ്വന്തം തെറ്റുകളിൽനിന്ന് പഠിക്കുക. അപൂർണരായതുകൊണ്ട് ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന എല്ലാ നിർദേശങ്ങളും അങ്ങനെതന്നെ പാലിക്കാൻ നമുക്കു കഴിയില്ല. (യാക്കോ. 3:2) നമുക്കെല്ലാം തെറ്റുപറ്റും. അങ്ങനെ സംഭവിക്കുമ്പോൾ അവയിൽനിന്ന് പാഠങ്ങൾ പഠിക്കാൻ നമ്മൾ ശ്രമിക്കണം. സഹോദരങ്ങളെ നമ്മൾ സ്നേഹിക്കുന്നുണ്ടെന്നു മനസ്സിലാകുമ്പോൾ അവരെ വിഷമിപ്പിക്കുന്ന രീതിയിൽ നമ്മൾ എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്താലും ക്ഷമിക്കാൻ അവർക്ക് എളുപ്പമായിരിക്കും.—“മാതാപിതാക്കളോട് ഒരു വാക്ക്” എന്ന ചതുരം കാണുക.
നമ്മൾ എന്താണു പഠിച്ചത്?
19. നമ്മുടെ സഹോദരങ്ങളുടെ ഹൃദയത്തിനു സന്തോഷമേകാൻ നമുക്ക് എങ്ങനെ കഴിയും?
19 നമ്മൾ കണ്ടതുപോലെ നല്ല ഉപദേശം നൽകാൻ എപ്പോഴും അത്ര എളുപ്പമല്ല. ഉപദേശം കൊടുക്കുന്നവരും അതു സ്വീകരിക്കുന്നവരും അപൂർണരാണ്. ഈ ലേഖനത്തിൽ നമ്മൾ പഠിച്ച തത്ത്വങ്ങൾ എപ്പോഴും ഓർക്കണം. സഹോദരങ്ങളോടുള്ള സ്നേഹമാണോ അവർക്ക് ഉപദേശം കൊടുക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നതെന്നു ചിന്തിക്കണം. കൂടാതെ ഈ ഉപദേശം ശരിക്കും ആവശ്യമാണോ എന്നും നിങ്ങളാണോ അതു കൊടുക്കാൻ പറ്റിയ ആൾ എന്നും ഉറപ്പുവരുത്തുക. ഒരു ഉപദേശം നൽകുന്നതിനു മുമ്പ് ആ വ്യക്തിയുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക. അതിനുവേണ്ടി ചോദ്യങ്ങൾ ചോദിക്കുക. അദ്ദേഹത്തിനു പറയാനുള്ളതു നന്നായി ശ്രദ്ധിക്കുക. കാര്യങ്ങളെ അദ്ദേഹം കാണുന്നതുപോലെ കാണാൻ ശ്രമിക്കുക. ദയയോടെ ഇടപെടുക. സഹോദരങ്ങളുമായി നല്ല സുഹൃദ്ബന്ധത്തിലേക്കു വരുക. നമ്മുടെ ലക്ഷ്യം ഓർക്കുക: നമ്മുടെ ഉപദേശം നല്ലതായിരുന്നാൽ മാത്രം പോരാ. അതു ‘ഹൃദയത്തിന് സന്തോഷമേകുന്നതും’ ആയിരിക്കണം.—സുഭാ. 27:9.
ഗീതം 103 ഇടയന്മാർ—ദൈവത്തിൽനിന്നുള്ള സമ്മാനം
a ഉപദേശം നൽകുന്നത് എപ്പോഴും അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഉപദേശം കൊടുക്കേണ്ടിവരുമ്പോൾ ഒരു വ്യക്തിക്കു സന്തോഷത്തോടെ അതു സ്വീകരിക്കാനും വേണ്ട മാറ്റങ്ങൾ വരുത്താനും തോന്നുന്ന രീതിയിൽ നമുക്ക് എങ്ങനെ അതു കൊടുക്കാനാകും? അങ്ങനെ ചെയ്യാൻ ഉപദേശം നൽകുന്നവരെ, പ്രത്യേകിച്ച് മൂപ്പന്മാരെ, സഹായിക്കുന്ന വിവരങ്ങളാണ് ഈ ലേഖനത്തിലുള്ളത്.
b 2021 ഫെബ്രുവരി ലക്കം വീക്ഷാഗോപുരത്തിലെ “ശിരഃസ്ഥാനക്രമീകരണം—സഭയിൽ” എന്ന ലേഖനം കാണുക.