കൂടുതൽ പഠിക്കാനായി . . .
യഹോവയുടെ ഗുണങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കുക
ബൈബിൾ വായിക്കുമ്പോൾ ആ ഭാഗം നന്നായി മനസ്സിലാക്കാൻ അതെക്കുറിച്ച് ആഴത്തിൽ പഠിക്കാനാകും. പക്ഷേ പഠിക്കുന്നതിന്റെ ഉദ്ദേശ്യം ബൈബിളിനെക്കുറിച്ച് കുറെ അറിവ് നേടുക എന്നതു മാത്രമായിരിക്കരുത്. പകരം യഹോവയുടെ ഗുണങ്ങളെക്കുറിച്ച് പഠിക്കാൻ ശ്രമിക്കുക. അങ്ങനെ ചെയ്യുന്നത് യഹോവയോടുള്ള നമ്മുടെ സ്നേഹം വർധിപ്പിക്കും. അതിനുവേണ്ടി നമ്മളോടുതന്നെ ഈ ചോദ്യം ചോദിക്കാം: ‘ഈ ബൈബിൾവിവരണം യഹോവയെക്കുറിച്ച് എന്നെ എന്താണു പഠിപ്പിക്കുന്നത്?’
ഓരോ ഭാഗവും വായിക്കുമ്പോൾ യഹോവ തന്റെ ഏറ്റവും പ്രധാനഗുണങ്ങളായ സ്നേഹം, നീതി, ജ്ഞാനം, ശക്തി എന്നിവ കാണിച്ചിരിക്കുന്നത് എങ്ങനെയാണെന്നു കണ്ടെത്താൻ ശ്രമിക്കുക. എന്നാൽ ആകർഷകമായ വേറെയും ഗുണങ്ങൾ യഹോവയ്ക്കുണ്ട്. അവയെക്കുറിച്ച് മനസ്സിലാക്കാൻ നമുക്ക് എന്തു ചെയ്യാം?
അതിനുവേണ്ടി യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായിയിൽ “ദൈവമായ യഹോവ” എന്ന പ്രധാനതലക്കെട്ടിനു കീഴിൽ “യഹോവയുടെ ഗുണങ്ങൾ” എന്ന ഉപതലക്കെട്ടു കാണുക. എന്നിട്ട്, നിങ്ങൾ വായിക്കുന്ന ബൈബിൾഭാഗത്ത് അതിൽ കൊടുത്തിരിക്കുന്ന ഏതെല്ലാം ഗുണങ്ങളാണു തെളിഞ്ഞുനിൽക്കുന്നതെന്നു കണ്ടെത്തുകയും അവയെക്കുറിച്ച് കൂടുതലായി പഠിക്കുകയും ചെയ്യുക.