ക്രിസ്ത്യാനികൾ ശബത്ത് ആചരിക്കണോ?
ബൈബിളിന്റെ ഉത്തരം
ക്രിസ്ത്യാനികൾ ആഴ്ചതോറുമുള്ള ശബത്ത് ആചരിക്കേണ്ടതില്ല. അവർ “ക്രിസ്തുവിന്റെ നിയമ”ത്തിൻകീഴിലാണ്. ശബത്ത് ആചരണം അതിൽ ഉൾപ്പെടുന്നില്ല. (ഗലാത്യർ 6:2; കൊലോസ്യർ 2:16, 17) നമുക്ക് അത് എങ്ങനെ അറിയാം? അതിന് ആദ്യം ശബത്തിന്റെ ഉത്ഭവത്തെക്കുറിച്ച് നോക്കാം.
എന്താണു ശബത്ത്?
“വിശ്രമിക്കുക; നിറുത്തുക” എന്നൊക്കെ അർഥമുള്ള ഒരു എബ്രായവാക്കിൽനിന്ന് വന്നിരിക്കുന്ന പദമാണു “ശബത്ത്.” പുരാതന ഇസ്രായേൽ ജനതയ്ക്കു നൽകിയ കല്പനകളിലാണ് ഈ പദം ആദ്യമായി ഉപയോഗിച്ചുകാണുന്നത്. (പുറപ്പാട് 16:23) ഉദാഹരണത്തിന്, പത്തു കല്പനകളിൽ നാലാമത്തേത് ഇതാണ്: “ശബത്തുദിവസം വിശുദ്ധമായി കണക്കാക്കി അത് ആചരിക്കാൻ ഓർക്കുക. ആറു ദിവസം നീ അധ്വാനിക്കണം, നിന്റെ പണികളെല്ലാം ചെയ്യണം. ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയ്ക്കുള്ള ശബത്താണ്. അന്നു നീ ഒരു പണിയും ചെയ്യരുത്.” (പുറപ്പാട് 20:8-10) വെള്ളിയാഴ്ച സൂര്യാസ്തമയംമുതൽ ശനിയാഴ്ച സൂര്യാസ്തമയംവരെയായിരുന്നു ശബത്തുദിവസം. ആ സമയത്ത് ഇസ്രായേല്യർ തങ്ങളുടെ സ്ഥലത്തുനിന്ന് എങ്ങോട്ടെങ്കിലും പോകുകയോ തീ കത്തിക്കുകയോ വിറകു പെറുക്കുകയോ ചുമടു ചുമക്കുകയോ ചെയ്യരുതായിരുന്നു. (പുറപ്പാട് 16:29; 35:3; സംഖ്യ 15:32-36; യിരെമ്യ 17:21) ശബത്തു ലംഘിക്കുന്നതു മരണശിക്ഷ അർഹിക്കുന്ന ഒരു കുറ്റമായിരുന്നു.—പുറപ്പാട് 31:15.
യഹൂദകലണ്ടറിലെ മറ്റു ചില ദിവസങ്ങളെയും, 7-ാമത്തെയും 50-ാമത്തെയും വർഷങ്ങളെയും ശബത്ത് എന്നു വിളിച്ചിരുന്നു. ശബത്തുവർഷങ്ങളിൽ നിലം കൃഷി ചെയ്യാതെ വിട്ടേക്കണമായിരുന്നു. കടം വീട്ടാൻ ഇസ്രായേല്യരെ നിർബന്ധിക്കാനും പാടില്ലായിരുന്നു.—ലേവ്യ 16:29-31; 23:6, 7, 32; 25:4, 11-14; ആവർത്തനം 15:1-3.
ശബത്തുനിയമം ക്രിസ്ത്യാനികൾക്കു ബാധകമല്ലാത്തത് എന്തുകൊണ്ട്?
മോശയിലൂടെ നൽകിയ നിയമങ്ങൾ അനുസരിച്ചിരുന്ന ജനതയ്ക്കു മാത്രമാണു ശബത്തുനിയമവും ബാധകമായിരുന്നത്. (ആവർത്തനം 5:2, 3; യഹസ്കേൽ 20:10-12) മറ്റൊരു ജനതയോടും ദൈവം ശബത്ത് ആചരിക്കാൻ ആവശ്യപ്പെട്ടിരുന്നില്ല. എന്തിനു ജൂതന്മാർപോലും, യേശുക്രിസ്തുവിന്റെ ബലിയിലൂടെ പത്തു കല്പനകൾ ഉൾപ്പെടെയുള്ള “നിയമത്തിൽനിന്ന് സ്വതന്ത്രരാക്കപ്പെട്ടി”രുന്നു. (റോമർ 7:6, 7; 10:4; ഗലാത്യർ 3:24, 25; എഫെസ്യർ 2:15) മോശയുടെ നിയമം അനുസരിക്കുന്നതിനു പകരം, ക്രിസ്ത്യാനികൾ സ്നേഹത്തിന്റെ ശ്രേഷ്ഠനിയമം പിൻപറ്റുന്നു.—റോമർ 13:9, 10; എബ്രായർ 8:13.
ശബത്തിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ
തെറ്റിദ്ധാരണ: ദൈവം ഏഴാം ദിവസം വിശ്രമിച്ചപ്പോഴാണു ശബത്ത് ഏർപ്പെടുത്തിയത്.
വസ്തുത: ബൈബിൾ പറയുന്നു: “ഏഴാം ദിവസത്തെ ദൈവം അനുഗ്രഹിച്ച് അതിനെ വിശുദ്ധമായി പ്രഖ്യാപിച്ചു; കാരണം ഉദ്ദേശിച്ചവയെല്ലാം സൃഷ്ടിച്ച ദൈവം, സൃഷ്ടി എന്ന പ്രവൃത്തി തീർത്ത് ഏഴാം ദിവസം വിശ്രമിക്കാൻതുടങ്ങി.” (ഉൽപത്തി 2:3) ഇതു മനുഷ്യർക്കു നൽകിയ ഏതെങ്കിലും നിയമമല്ല, പകരം സൃഷ്ടിപ്പിന്റെ ഏഴാം ദിവസം ദൈവം എന്തു ചെയ്തു എന്നു മാത്രം പറയുന്ന ഒരു വാക്യമാണ്. മോശയുടെ കാലത്തിനു മുമ്പ് ആരെങ്കിലും ശബത്ത് ആചരിച്ചതായി ബൈബിൾ രേഖപ്പെടുത്തിയിട്ടില്ല.
തെറ്റിദ്ധാരണ: മോശയുടെ നിയമം ലഭിക്കുന്നതിനു മുമ്പുതന്നെ ഇസ്രായേല്യർക്കു ശബത്തുനിയമമുണ്ടായിരുന്നു.
വസ്തുത: “നമ്മുടെ ദൈവമായ യഹോവ ഹോരേബിൽവെച്ച് (അതായത്, സീനായ് പർവതത്തിനു സമീപമുള്ള പ്രദേശം.) നമ്മോടു ഒരു നിയമം ചെയ്തുവല്ലോ” എന്നു മോശ ഇസ്രായേല്യരോടു പറഞ്ഞു. ആ നിയമത്തിൽ അഥവാ ഉടമ്പടിയിൽ ശബത്തുനിയമവും ഉൾപ്പെട്ടിരുന്നു. (ആവർത്തനം 5:2, 12) ഇസ്രായേല്യർക്കു ശബത്ത് തികച്ചും പുതിയ ഒരു കാര്യമായിരുന്നെന്ന് അവരുടെ അനുഭവം വ്യക്തമാക്കുന്നു. അവർ ഈജിപ്തിൽ ആയിരുന്നപ്പോൾത്തന്നെ ശബത്ത് ആചരിച്ചിരുന്നവരാണെങ്കിൽ ഈജിപ്തിൽനിന്നുള്ള മോചനത്തെക്കുറിച്ച് ശബത്ത് അവരെ ഓർമിപ്പിക്കുമെന്നു ദൈവം പറഞ്ഞത് എങ്ങനെ ശരിയാകും? (ആവർത്തനം 5:15) ഇനി, ഏഴാം ദിവസം മന്ന പെറുക്കരുതെന്ന് അവരോടു പറയേണ്ടിവന്നത് എന്തുകൊണ്ടാണ്? (പുറപ്പാട് 16:25-30) രേഖപ്പെടുത്തിയിട്ടുള്ള ആദ്യത്തെ ശബത്തുലംഘനത്തിന്റെ കാര്യത്തിൽ എന്തു ചെയ്യണമെന്ന് അവർക്ക് അറിയില്ലായിരുന്നത് എന്തുകൊണ്ടാണ്?—സംഖ്യ 15:32-36.
തെറ്റിദ്ധാരണ: ശബത്ത് സ്ഥിരമായ ഒരു ഉടമ്പടിയായതുകൊണ്ട് അത് ഇപ്പോഴും ആചരിക്കണം.
വസ്തുത: ചില ബൈബിൾപരിഭാഷകൾ ശബത്തിനെ ഒരു “നിത്യനിയമമായി” പരാമർശിക്കുന്നുവെന്നതു ശരിയാണ്. (പുറപ്പാട് 31:16) എന്നാൽ ‘നിത്യം’ എന്നതിന്റെ എബ്രായപദത്തിനു “ദീർഘകാലത്തേക്കു നിലനിൽക്കുന്ന” എന്നും അർഥമാക്കാനാകും. അത് അവശ്യം എന്നേക്കും എന്ന് ആയിരിക്കണമെന്നില്ല. ഉദാഹരണത്തിന് ഇസ്രായേല്യപൗരോഹിത്യത്തെക്കുറിച്ച് പറഞ്ഞപ്പോഴും ബൈബിൾ ഇതേ പദം ഉപയോഗിച്ചു. പക്ഷേ ഏതാണ്ട് 2,000 വർഷം മുമ്പ് ദൈവം ആ ക്രമീകരണം നിറുത്തലാക്കി.—പുറപ്പാട് 40:15; എബ്രായർ 7:11, 12.
തെറ്റിദ്ധാരണ: യേശു ശബത്ത് ആചരിച്ചിരുന്നതുകൊണ്ട് ക്രിസ്ത്യാനികളും അങ്ങനെ ചെയ്യണം.
വസ്തുത: യേശു ഒരു ജൂതനായിരുന്നതുകൊണ്ട് മോശയുടെ നിയമം അനുസരിക്കാൻ ചെറുപ്പംമുതലേ ബാധ്യസ്ഥനായിരുന്നു. അതുകൊണ്ടാണു യേശു ശബത്ത് ആചരിച്ചത്. (ഗലാത്യർ 4:4) എന്നാൽ യേശുവിന്റെ മരണത്തോടെ ശബത്ത് ഉൾപ്പെടെയുള്ള നിയമ ഉടമ്പടി നീക്കം ചെയ്യപ്പെട്ടു.—കൊലോസ്യർ 2:13, 14.
തെറ്റിദ്ധാരണ: ഒരു ക്രിസ്ത്യാനിയായശേഷവും പൗലോസ് അപ്പോസ്തലൻ ശബത്ത് ആചരിച്ചു.
വസ്തുത: ശബത്തിൽ പൗലോസ് സിനഗോഗിൽ പ്രവേശിച്ചുവെന്നതു ശരിയാണ്. പക്ഷേ അതു ജൂതന്മാരോടൊപ്പം ശബത്ത് ആചരണത്തിൽ പങ്കെടുക്കാനായിരുന്നില്ല, സുവാർത്ത പ്രസംഗിക്കാനായിരുന്നു. (പ്രവൃത്തികൾ 13:14; 17:1-3; 18:4) അന്നാളുകളിൽ, സിനഗോഗിൽ ആരാധനയ്ക്കായി വന്നിരിക്കുന്നവരോടു പ്രസംഗിക്കാൻ സന്ദർശകരായ പ്രസംഗകരെ ക്ഷണിക്കുന്ന ഒരു രീതിയുണ്ടായിരുന്നു. അതനുസരിച്ച് പൗലോസ് സിനഗോഗിൽ സുവാർത്ത പ്രസംഗിച്ചെന്നേ ഉള്ളൂ. (പ്രവൃത്തികൾ 13:15, 32) അദ്ദേഹം ശബത്തിൽ മാത്രമല്ല “ദിവസേന” പ്രസംഗിച്ചിരുന്നു.—പ്രവൃത്തികൾ 17:17.
തെറ്റിദ്ധാരണ: ക്രിസ്ത്യാനികൾ ശബത്ത് ആചരിക്കേണ്ടതു ഞായറാഴ്ചയാണ്.
വസ്തുത: ആഴ്ചയിലെ ആദ്യദിവസമായ ഞായറാഴ്ച ക്രിസ്ത്യാനികൾ വിശ്രമിക്കാനും ആരാധിക്കാനും ആയി മാറ്റിവെക്കണമെന്ന കല്പനയൊന്നും ബൈബിളിലില്ല. ആദ്യകാലത്തെ ക്രിസ്ത്യാനികൾക്കു മറ്റേതൊരു ദിവസവുംപോലെ ഞായറാഴ്ചയും ഒരു പ്രവൃത്തിദിവസമായിരുന്നു. ഒരു സർവവിജ്ഞാനകോശം (The International Standard Bible Encyclopedia) പറയുന്നു: “ആദ്യമൊന്നും ഞായറാഴ്ചകളിൽ ശബത്തിലേതുപോലുള്ള കാര്യങ്ങളൊന്നും ചെയ്തിരുന്നില്ല. പിന്നീട് 4-ാം നൂറ്റാണ്ടായപ്പോൾ കോൺസ്റ്റന്റയ്നാണ് (ഒരു പുറജാതീയ റോമൻ ചക്രവർത്തി) ഞായറാഴ്ചകളിൽ ചില ജോലികൾ ചെയ്യാൻ പാടില്ലെന്ന ഉത്തരവിറക്കിയത്.”a
അങ്ങനെയെങ്കിൽ ഞായറാഴ്ച ഒരു പ്രത്യേക ദിവസമായിരുന്നെന്നു സൂചിപ്പിക്കുന്ന വിവരണങ്ങളെ സംബന്ധിച്ചോ? ഉദാഹരണത്തിന്, പൗലോസ് അപ്പോസ്തലൻ “ആഴ്ചയുടെ ഒന്നാം ദിവസം,” ഞായറാഴ്ച സഹാരാധകരോടൊപ്പം ഭക്ഷണത്തിനു കൂടിവന്നതായി ബൈബിൾ പറയുന്നു. അതിൽ അസ്വാഭാവികമായി ഒന്നുമില്ല. കാരണം അടുത്ത ദിവസം പൗലോസ് യാത്ര പുറപ്പെടാനിരിക്കുകയായിരുന്നു. (പ്രവൃത്തികൾ 20:7) അതുപോലെ ആഴ്ചയുടെ ഒന്നാം ദിവസമായ ഞായറാഴ്ച ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി ഒരു തുക നീക്കിവെക്കാൻ ചില സഭകളോട് ആവശ്യപ്പെട്ടു. ഇവിടെ അത് ഓരോരുത്തർക്കും ചെലവുകൾ ആസൂത്രണം ചെയ്യുന്നതിനുള്ള ഒരു പ്രായോഗികക്രമീകരണം മാത്രമായിരുന്നു. ഓരോരുത്തരും സംഭാവനകൾ സ്വന്തം വീടുകളിലാണു നീക്കിവെച്ചിരുന്നത്; അതു യോഗസ്ഥലത്ത് കൊണ്ടുപോയി കൊടുത്തിരുന്നില്ല.—1 കൊരിന്ത്യർ 16:1, 2.
തെറ്റിദ്ധാരണ: വിശ്രമിക്കാനും ആരാധിക്കാനും വേണ്ടി ആഴ്ചയിൽ ഒരു ദിവസം മാറ്റിവെക്കുന്നതു ശരിയല്ല.
വസ്തുത: ആ തീരുമാനം ബൈബിൾ ഓരോ ക്രിസ്ത്യാനിക്കും വിടുന്നു.—റോമർ 14:5.
a ന്യൂ കാത്തലിക് എൻസൈക്ലോപീഡിയ, രണ്ടാം പതിപ്പ്, വാല്യം 13, പേജ് 608-ഉം കാണുക.