ബൈബിൾവാക്യങ്ങളുടെ വിശദീകരണം
ഉൽപത്തി 1:26—‘നാം നമ്മുടെ സ്വരൂപത്തിൽ മനുഷ്യനെ ഉണ്ടാക്കുക’
“ദൈവം പറഞ്ഞു: ‘നമുക്കു നമ്മുടെ ഛായയിൽ, നമ്മുടെ സാദൃശ്യത്തിൽ മനുഷ്യനെ ഉണ്ടാക്കാം; അവർ കടലിലെ മത്സ്യങ്ങളുടെ മേലും ആകാശത്തിലെ പറവജാതികളുടെ മേലും ആധിപത്യം നടത്തട്ടെ; വളർത്തുമൃഗങ്ങളും ഭൂമിയിൽ കാണുന്ന എല്ലാ ജീവികളും മുഴുഭൂമിയും അവർക്കു കീഴടങ്ങിയിരിക്കട്ടെ.’”—ഉൽപത്തി 1:26, പുതിയ ലോക ഭാഷാന്തരം.
“അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു.”—ഉൽപത്തി 1:26, സത്യവേദപുസ്തകം.
ഉൽപത്തി 1:26-ന്റെ അർഥം
ദൈവം തന്റെ സ്വരൂപത്തിൽ അഥവാ ഛായയിൽ ആണ് മനുഷ്യനെ സൃഷ്ടിച്ചത്. എന്നുപറഞ്ഞാൽ സ്നേഹവും സമാനുഭാവവും നീതിയും പോലുള്ള ദൈവത്തിന്റെ ഗുണങ്ങൾ വളർത്തിയെടുക്കാനും പ്രകടിപ്പിക്കാനും മനുഷ്യനു കഴിവുണ്ട്. ദൈവത്തിന്റെ വ്യക്തിത്വം മനുഷ്യന് അനുകരിക്കാൻ കഴിയുന്നത് അതുകൊണ്ടാണ്.
“ദൈവം പറഞ്ഞു: ‘നമുക്കു നമ്മുടെ ഛായയിൽ . . . മനുഷ്യനെ ഉണ്ടാക്കാം.’” ദൈവമായ യഹോവa എല്ലാറ്റിനും മുമ്പ് ആദ്യം സൃഷ്ടിച്ചത് ശക്തനായ ഒരു ആത്മജീവിയെയാണ്. പിന്നീട് യേശു എന്ന് അറിയപ്പെട്ട ഈ ആത്മജീവിയിലൂടെയാണ് ‘സ്വർഗത്തിലും ഭൂമിയിലും ഉള്ള മറ്റെല്ലാം സൃഷ്ടിച്ചത്.’ (കൊലോസ്യർ 1:16) ദൈവത്തിന്റേതുപോലുള്ള ഒരു വ്യക്തിത്വമാണ് യേശുവിനും—ശരിക്കും ‘അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപം.’ (കൊലോസ്യർ 1:15) അതുകൊണ്ടാണ് യേശുവിനോട് ഇങ്ങനെ പറയാൻ ദൈവത്തിനു കഴിഞ്ഞത്: “നമുക്കു നമ്മുടെ ഛായയിൽ . . . മനുഷ്യനെ ഉണ്ടാക്കാം.”
“വളർത്തുമൃഗങ്ങളും . . . മുഴുഭൂമിയും അവർക്കു കീഴടങ്ങിയിരിക്കട്ടെ.” ദൈവത്തിന്റെ ഛായയിൽ അല്ല മൃഗങ്ങളെ സൃഷ്ടിച്ചത്. മനുഷ്യർ കാണിക്കുന്നതുപോലെ സ്നേഹമോ മറ്റു ഗുണങ്ങളോ ഒന്നും കാണിക്കാൻ കഴിയുന്ന വിധത്തിലല്ല ദൈവം അവയെ ഉണ്ടാക്കിയിരിക്കുന്നത്. മനുഷ്യരുടേതുപോലെ ഒരു മനസ്സാക്ഷിയും അവയ്ക്കില്ല. എങ്കിലും ഈ ജീവജാലങ്ങളുടെ കാര്യത്തിൽ ദൈവം ചിന്തയുള്ളവനാണ്. അതുകൊണ്ടാണ് മൃഗങ്ങളെ മനുഷ്യരുടെ കീഴിലാക്കിയിരിക്കുന്നത്. “കീഴടങ്ങിയിരിക്കട്ടെ” എന്നു ദൈവം പറഞ്ഞ ആ പദപ്രയോഗത്തെ “അധികാരം ഉണ്ടായിരിക്കട്ടെ” (ഓശാന ബൈബിൾ) എന്നും “ഉത്തരവാദിത്വം ഏറ്റെടുക്കട്ടെ” (കോമൺ ഇംഗ്ലീഷ് ബൈബിൾ) എന്നും ഒക്കെ പരിഭാഷപ്പെടുത്താം. മൃഗങ്ങളെ പരിപാലിക്കാനുള്ള ഉത്തരവാദിത്വം അതിലൂടെ ദൈവം മനുഷ്യരെ ഏൽപ്പിച്ചു. (സങ്കീർത്തനം 8:6-8; സുഭാഷിതങ്ങൾ 12:10) ഭൂമിയെയും അതിലുള്ള സകല ജീവജാലങ്ങളെയും മനുഷ്യൻ നന്നായി പരിപാലിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു.
ഉൽപത്തി 1:26-ന്റെ സന്ദർഭം
പ്രപഞ്ചം, നമ്മുടെ ഈ ഭൂമി, അതിലെ ജീവജാലങ്ങൾ എന്നിവയുടെയെല്ലാം സൃഷ്ടിയെക്കുറിച്ചാണ് ഉൽപത്തി പുസ്തകത്തിന്റെ ആദ്യത്തെ രണ്ട് അധ്യായങ്ങൾ പറയുന്നത്. യഹോവയുടെ സൃഷ്ടികളെല്ലാം വിസ്മയിപ്പിക്കുന്നതാണെങ്കിലും ഭൂമിയിലെ സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ഠർ മനുഷ്യരാണ്. സകലതും സൃഷ്ടിച്ച് കഴിഞ്ഞപ്പോൾ “താൻ ഉണ്ടാക്കിയതെല്ലാം ദൈവം നോക്കി, വളരെ നല്ലതെന്നു കണ്ടു.”—ഉൽപത്തി 1:31.
ഉൽപത്തി പുസ്തകത്തിലെ സൃഷ്ടിയെക്കുറിച്ചുള്ള വിവരണത്തെപ്പറ്റി കൂടുതൽ മനസ്സിലാക്കാൻ ഈ വീഡിയോ കാണുക.
ഉൽപത്തി 1:26-നെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ
തെറ്റിദ്ധാരണ: ദൈവത്തിന്റെ ഗുണങ്ങൾ പകർത്താനുള്ള കഴിവ് പുരുഷന്മാർക്കു മാത്രമേ ഉള്ളൂ, സ്ത്രീകൾക്കില്ല.
വസ്തുത: പല ബൈബിളുകളിലും ‘മനുഷ്യൻ’ എന്ന പദം ഉപയോഗിച്ചിരിക്കുന്നതു കാണുമ്പോൾ പുരുഷന്മാരെ മാത്രമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഒരു വായനക്കാരൻ ചിന്തിച്ചേക്കാം. എന്നാൽ ബൈബിൾ ആദ്യം എഴുതിയപ്പോൾ ഇവിടെ ഉപയോഗിച്ചിരിക്കുന്ന എബ്രായപദം എല്ലാ മനുഷ്യരെയും, പുരുഷനെയും സ്ത്രീയെയും കുറിക്കുന്നു. പുരുഷന്മാർക്കു മാത്രമല്ല സ്ത്രീകൾക്കും ദൈവത്തിന്റെ ഗുണങ്ങൾ പ്രതിഫലിപ്പിക്കാനാകും. ദൈവത്തിന്റെ പ്രീതിയും നിത്യജീവൻ എന്ന സമ്മാനവും നേടാൻ രണ്ടു കൂട്ടർക്കും അവസരമുണ്ട്, ഒരേപോലെ.—യോഹന്നാൻ 3:16.
തെറ്റിദ്ധാരണ: ദൈവത്തിനു നമ്മുടേതുപോലുള്ള ഒരു ശരീരമുണ്ട്.
വസ്തുത: “ദൈവം ഒരു ആത്മവ്യക്തിയാണ്.” (യോഹന്നാൻ 4:24) അതായത്, ഗ്രഹങ്ങളും നക്ഷത്രങ്ങളും ഒക്കെ അടങ്ങുന്ന ഭൗതിക പ്രപഞ്ചത്തിനു വെളിയിലാണ് ദൈവം വസിക്കുന്നത്. ബൈബിളിൽ ചിലപ്പോഴൊക്കെ ദൈവത്തിന്റെ മുഖം, കൈ, ഹൃദയം എന്നിവയെക്കുറിച്ചൊക്കെ പറയുന്നുണ്ട്. എന്നാൽ മനുഷ്യർക്കു മനസ്സിലാകുന്ന ഭാഷയിൽ ദൈവത്തെ വർണിക്കാൻവേണ്ടി മാത്രമാണ് ആ പ്രയോഗങ്ങളൊക്കെ ഉപയോഗിച്ചിരിക്കുന്നത്.—പുറപ്പാട് 15:6; 1 പത്രോസ് 3:12.
തെറ്റിദ്ധാരണ: യേശു ദൈവമാണെന്ന് ഉൽപത്തി 1:26 കാണിക്കുന്നു.
വസ്തുത: ദൈവവും യേശുവും തമ്മിൽ ഒരു അപ്പനും മകനും എന്ന നിലയിലുള്ള ഉറ്റബന്ധമുണ്ട്. പക്ഷേ അവർ രണ്ടു പേരും ഒന്നല്ല. യേശു പഠിപ്പിച്ചത്, ദൈവം തന്നെക്കാൾ വലിയവനാണ് എന്നാണ്. (യോഹന്നാൻ 14:28) കൂടുതൽ വിവരങ്ങൾക്ക്, യേശുക്രിസ്തു ദൈവമാണോ? എന്ന വീഡിയോ കാണുക, അല്ലെങ്കിൽ “യേശുവിനെ ദൈവപുത്രനെന്നു വിളിക്കുന്നത് എന്തുകൊണ്ട്?” എന്ന ലേഖനം വായിക്കുക.
ഉൽപത്തി പുസ്തകത്തിന്റെ ചുരുക്കം മനസ്സിലാക്കാൻ ഈ വീഡിയോ കാണുക.
a ദൈവത്തിന്റെ പേരാണ് യഹോവ. (സങ്കീർത്തനം 83:18) “ആരാണ് യഹോവ?” എന്ന ലേഖനം കാണുക.