ബൈബിളിന്റെ വീക്ഷണം
ദൂതൻമാരെക്കുറിച്ചു നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
“പ്രഭാഷണങ്ങളിലെ തമാശയുടെ പങ്കുമുതൽ പെന്തെക്കോസ്തുകാർ കർമ്മാനുഷ്ഠാനത്തിനു കൊടുക്കുന്ന പ്രാധാന്യംവരെയുള്ള വിഷയങ്ങൾ സംബന്ധിച്ച 500-ൽ പരം റിപ്പോർട്ടുകൾ കേൾക്കാൻ ഏതാണ്ട് 3,000 മതപണ്ഡിതൻമാർ ന്യൂയോർക്കിൽ കഴിഞ്ഞ വാരത്തിൽ നാലു ദിവസം കൂടിവന്നു. ആരും ദൂതൻമാരെക്കുറിച്ചു പറഞ്ഞില്ല.”—ഡയിലി ന്യൂസ്, 1982 ഡിസംബർ 26.
എട്ടു വർഷം കഴിഞ്ഞിരിക്കുന്ന ഇന്നും വൈദികർ ദൂതൻമാരെക്കുറിച്ച് അധികമൊന്നും പറയുന്നില്ല. എന്തുകൊണ്ട്? ഈ സ്വർഗ്ഗീയ സന്ദേശവാഹകർ കേവലം ഒരു പുരാതന കെട്ടുകഥയുടെ ഭാഗമായിമാത്രം വീക്ഷിക്കപ്പെടുകയായിരിക്കുമോ? അല്ലെങ്കിൽ അവർ യഥാർത്ഥത്തിൽ സ്ഥിതിചെയ്യുന്നുവോ? അങ്ങനെയെങ്കിൽ, നിങ്ങൾ അവരെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതെന്താണ്?
അവർ സ്ഥിതിചെയ്യുന്നുവോ?
ചില തത്വശാസ്ത്രജ്ഞൻമാർ അവകാശപ്പെടുന്നതുപോലെ ദൂതൻമാർ കേവലം “ശക്തികളോ” “പ്രപഞ്ചചലനങ്ങളോ” അല്ല. ദൈവവചനത്തിൽ ശതക്കണക്കിനു പ്രാവശ്യം പറയപ്പെടത്തക്കവണ്ണം അവർ യഥാർത്ഥംതന്നെയാണ്. മൂല ബൈബിൾ ഭാഷകളിൽ “ദൂതൻ” (എബ്രായ, മലഖ; ഗ്രീക്ക്, ആഗെലോസ) എന്നു വിവർത്തനംചെയ്തിരിക്കുന്ന പദങ്ങൾ അക്ഷരീയമായി “ഒരു സന്ദേശം കൊണ്ടുവരുന്നയാളെ” അല്ലെങ്കിൽ കേവലം “ഒരു സന്ദേശവാഹകനെ” അർത്ഥമാക്കുന്നു. ഈ വാക്കുകൾ 400ഓളം പ്രാവശ്യം ബൈബിളിലുടനീളം കാണപ്പെടുന്നുണ്ട്, ചിലപ്പോൾ മനുഷ്യരെ പരാമർശിക്കുന്നുവെങ്കിലും സാധാരണയായി ആത്മരൂപികളായ സന്ദേശവാഹകരെത്തന്നെ പരാമർശിക്കുന്നു.
മാനോഹയുടെ മച്ചിയായ ഭാര്യയുടെ പുത്രനായ ശിംശോനെ ഗർഭം ധരിക്കുന്നതിനെക്കുറിച്ചു പ്രഖ്യാപിച്ചുകൊണ്ട് അവൾക്കു പ്രത്യക്ഷപ്പെട്ട ദൂതൻ അവൾക്ക് യഥാർത്ഥമായിരുന്നു. അബ്രാഹാമിനും അവന്റെ ഭാര്യയായ സാറായിക്കും പ്രത്യക്ഷപ്പെട്ട മൂന്നു ദൂതൻമാരും ലോത്തിനെ അന്വേഷിച്ച രണ്ടു പേരും ഒരു അത്തിവൃക്ഷത്തിൻകീഴിലിരുന്ന് ഗിദയോനോടു സംസാരിച്ചയാളും അങ്ങനെയായിരുന്നു. (ഉല്പത്തി 18:1-15; 19:1-5; ന്യായാധിപൻമാർ 6:11-22; 13:3-21) യേശുവിന്റെ ജനനസമയത്ത് വെട്ടിത്തിളങ്ങുന്ന ഒരു പ്രകാശത്തിൻമദ്ധ്യേ ഒരു ദൂതൻ ഒരു കൂട്ടം ഇടയൻമാർക്കു പെട്ടെന്നു പ്രത്യക്ഷപ്പെട്ടു.—ലൂക്കോസ് 2:8, 9.
ആ ദൂതൻമാർ യഥാർത്ഥമായിരുന്നു. അവർ ഒരു ഭാവനാസൃഷ്ടിയോ ഒരു അമൂർത്തശക്തിയോ ആയിരുന്നില്ല. ദൈവത്തിൽനിന്നുള്ള സന്ദേശവാഹകരെന്നനിലയിൽ അവർ ഒരു നിശ്ചിത ഉദ്ദേശ്യം നിറവേററി, ഇന്നത്തെ നമ്മുടെ പ്രയോജനത്തിനുവേണ്ടി ആ വിവരണങ്ങൾ ഉചിതമായി ബൈബിളിൽ രേഖപ്പെടുത്തപ്പെട്ടു. (2 തിമൊഥെയോസ് 3:16) അങ്ങനെ ബൈബിൾ ദൂതൻമാരെക്കുറിച്ച് പ്രധാനപ്പെട്ട വിശദാംശങ്ങൾ വെളിപ്പെടുത്തുന്നു, നിങ്ങൾ അവ അറിയേണ്ടതുണ്ട്. അവയിൽ ചിലത് പരമ്പരാഗത ധാരണകൾക്കു വിരുദ്ധമാണ്.
അവരുടെ ആകാരമെങ്ങനെയാണ്?
ഒരുപക്ഷേ നിങ്ങൾ ദൂതൻമാരെ സുന്ദരികളായ സ്ത്രീകളായോ ചിറകുകളോടെ വെള്ളയങ്കി ധരിച്ചു ചിരിക്കുന്ന തടിച്ച ശിശുക്കളേപ്പോലെ വായുവിൽ തങ്ങിനിന്ന് ചെറിയ കിന്നരം വായിക്കുന്ന ജീവികളായോ ചിത്രീകരിച്ചേക്കാം. അങ്ങനെയെങ്കിൽ, ഇവ ഗ്രീക്ക് പുരാണം പോലെയുള്ള പുറജാതീയ ആശയങ്ങളിൽനിന്ന് എടുത്ത തെററായ സങ്കല്പനങ്ങളാണെന്ന് നിങ്ങൾ അറിയണം. അല്ലെങ്കിൽ ഈ ആശയങ്ങൾ ബൈബിളെഴുത്തു പൂർത്തിയാക്കിയശേഷം സ്വീകരിക്കപ്പെട്ട ആശയങ്ങളാണ്. ബൈബിൾപരമായ പ്രതീകാത്മക ദർശനങ്ങളിൽ, സെറാഫുകളും കെരൂബുകളും പോലെയുള്ള ആത്മരൂപികൾക്ക് ചിറകുകളുണ്ട്.—യെശയ്യാവ് 6:2; യെഹെസ്ക്കേൽ 10:5; വെളിപ്പാട് 14:6.
ദൈവവചനം ദൂതൻമാരെ വർണ്ണിക്കുന്നത് വളരെ ശക്തരായ ആത്മരൂപികളായിട്ടാണ്. ആത്മാവ് അദൃശ്യമാണ്. (1 രാജാക്കൻമാർ 22:21; സങ്കീർത്തനം 34:7; 91:11) ഇസ്രായേലിന്റെ ശത്രുപാളയത്തിലെ 1,85,000 അസ്സീറിയക്കാരെ ഒററ രാത്രികൊണ്ട് വീഴ്ത്തിയത് “യഹോവയുടെ ദൂതൻ” ആയിരുന്നു! (യെശയ്യാവ് 37:36) ദൂതൻമാർ മനുഷ്യർക്കു പ്രത്യക്ഷപ്പെട്ടപ്പോൾ, അവർ എല്ലായ്പ്പോഴും പൂർണ്ണ വേഷധാരികളായ പുരുഷൻമാരായിട്ടാണ് പ്രത്യക്ഷപ്പെട്ടത്, സ്ത്രീകളോ കുട്ടികളൊ ആയിട്ടല്ലായിരുന്നു. മനുഷ്യരിൽ താണ രൂപത്തിൽ ഒരിക്കലും പ്രത്യക്ഷപ്പെട്ടിരുന്നില്ല.
ഈ ശക്തരായ ആത്മജീവികൾ എവിടെനിന്നാണ് വന്നത്? “അവൻ [യേശു] മുഖാന്തരം സ്വർഗ്ഗങ്ങളിലും ഭൂമിയിലുമുള്ള മറെറല്ലാവരും, ദൃശ്യരായവരും അദൃശ്യരായവരും സൃഷ്ടിക്കപ്പെട്ടു”വെന്ന് ബൈബിൾ പറയുന്നു. (കൊലോസ്യർ 1:16) യഹോവയായ ദൈവം ഈ ആദ്യജാതപുത്രൻ മുഖാന്തരം മനുഷ്യർക്കു ദീർഘനാൾമുമ്പേ ദൂതൻമാരെ സൃഷ്ടിച്ചുവെന്നുമാത്രമല്ല, മനുഷ്യരെക്കാൾ ഉയർന്ന ഒരു ജീവരൂപമായി അവരെ നിർമ്മിക്കുകയും ചെയ്തു.—ഇയ്യോബ് 38:4, 7; 2 പത്രോസ് 2:11.
അവർക്കു വ്യക്തിത്വങ്ങളുണ്ടോ?
ദൂതൻമാർക്ക് മനുഷ്യരെപ്പോലെ, വികാരങ്ങളുണ്ട്. ഭൂമിയുടെ സൃഷ്ടിക്കു സാക്ഷികളായശേഷം ദൂതൻമാർ “ഒന്നിച്ച് സന്തോഷിച്ചാർത്തു”വെന്നും, “പുകഴ്ത്തി ആർത്തു”വെന്നുപോലും, നമ്മോടു പറയപ്പെട്ടിരിക്കുന്നു. (ഇയ്യോബ് 38:7) “അനുതപിക്കുന്ന ഒരു പാപിയെപ്രതി ദൈവത്തിന്റെ ദൂതൻമാരുടെ ഇടയിൽ സന്തോഷം ഉയരുന്നു”വെന്നും ബൈബിൾ വെളിപ്പെടുത്തുന്നു. (ലൂക്കോസ് 15:10) തീർച്ചയായും, യാതൊരു അമൂർത്ത “ശക്തി”ക്കും ആ വാക്കുകളിൽ വർണ്ണിക്കപ്പെട്ടിരിക്കുന്ന വമ്പിച്ച സന്തോഷമനുഭവിക്കാൻ കഴിയുമായിരുന്നില്ല.
ദൂതൻമാർക്ക് പരിമിതികളുമുണ്ട്. ക്രിസ്തുവിനെയും ഭാവിയെയും കുറിച്ചുള്ള ചില വസ്തുതകൾ മനുഷ്യപ്രവാചകൻമാർക്കു വെളിപ്പെടുത്തപ്പെട്ടുവെങ്കിലും ദൂതൻമാർക്കു വെളിപ്പെടുത്തപ്പെട്ടില്ല. “ഈ കാര്യങ്ങളിലേക്കുതന്നെ ദൂതൻമാർ ഉററുനോക്കാൻ ആഗ്രഹിക്കുന്നു”വെന്ന് ദൈവവചനം നമ്മോടു പറയുന്നു. (1 പത്രോസ് 1:10-12) കർത്താവിന്റെ വരവിനുവേണ്ടി ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട കൃത്യമായ സമയംസംബന്ധിച്ച് യേശു ഇങ്ങനെ പറഞ്ഞു: “ആ ദിവസവും മണിക്കൂറും സംബന്ധിച്ച് പിതാവിനല്ലാതെ ആർക്കും, സ്വർഗ്ഗത്തിലെ ദൂതൻമാർക്കും പുത്രനുംകൂടെ, അറിയാൻ പാടില്ല.”—മത്തായി 24:36.
കൂടാതെ, രണ്ടു ദൂതൻമാരുടെ പേരുകൾ ബൈബിളിൽ കാണപ്പെടുന്നുണ്ട്, മീഖായേലും ഗബ്രിയേലും. (ദാനിയേൽ 12:1; ലൂക്കോസ് 1:26) ഇത് അവരുടെ വൈയക്തികതയുടെ തെളിവു വർദ്ധിപ്പിക്കുന്നില്ലേ? ദൂതൻമാരെന്ന നിലയിൽ, അവർ ഒരു കമ്പ്യൂട്ടറോ യന്ത്രമനുഷ്യനോ പോലെ ഒരു പ്രത്യേക വിധത്തിൽ പ്രവർത്തിക്കാൻ ആസൂത്രണം ചെയ്യപ്പെട്ടിരിക്കുകയല്ല. പകരം, ദൂതൻമാർക്ക് ചിന്താശക്തിയുടെ വരം കൊടുക്കപ്പെട്ടിട്ടുണ്ട്, വ്യക്തിപരമായ ധാർമ്മിക തീരുമാനങ്ങൾ ചെയ്യാനുള്ള സ്വാതന്ത്ര്യവുമുണ്ട്. അങ്ങനെ, സ്വതന്ത്ര ധാർമ്മികകാര്യസ്ഥരെന്ന നിലയിൽ ചില ദൂതൻമാർ ദൈവത്തോടു മത്സരിക്കാൻ തീരുമാനിക്കുകയും സാത്താനും അവന്റെ ഭൂതങ്ങളുമായിത്തീരുകയും ചെയ്തു.—ഉല്പത്തി 6:1-4; യൂദാ 6; വെളിപ്പാട് 12:7-9.
അവരെ ആരാധിക്കണമോ?
ദൂതൻമാരുടെ അസ്തിത്വത്തെ നാം കെട്ടുകഥയായിട്ടല്ല, വസ്തുതയായി അംഗീകരിക്കണമെന്നിരിക്കെ, നാം അമിതത്വങ്ങൾ ഒഴിവാക്കണം. ചില മതസ്ഥാപനങ്ങൾ ദൂതൻമാർക്ക് അനുചിതമായ പ്രാമുഖ്യം കൊടുത്തിരിക്കുകയാണ്, എന്നാൽ ദൂതാരാധന ബൈബിളിൽ കുററം വിധിക്കപ്പെട്ടിരിക്കുന്നു. (കൊലോസ്യർ 2:18; വെളിപ്പാട് 22:8, 9) കത്തോലിക്കാ സഭ മീഖായേലിനെയും ഗബ്രിയേലിനെയും ആരാധനാലക്ഷ്യങ്ങളാക്കി മാററിയിരിക്കുകയാണ്. പൗരസ്ത്യ ഓർത്തഡോക്സ് സഭകളിൽ ദൂതൻമാർ പ്രായശ്ചിത്തപ്രാർത്ഥനകളിൽ അങ്ങേയററത്തെ പ്രാധാന്യമുള്ളവരാണ്. അപ്പോസ്തലനായ യോഹന്നാൻ തന്റെ പാദത്തിങ്കൽ വീണപ്പോൾ യഹോവയുടെ ദൂതൻ കൊടുത്ത മുന്നറിയിപ്പിൽനിന്ന് എത്ര വ്യത്യസ്തം: “സൂക്തിക്കൂ! അതു ചെയ്യരുത്! ഞാൻ ഒരു സഹയടിമ മാത്രമാണ്.”—വെളിപ്പാട് 19:10.
ദൂതൻമാരെക്കുറിച്ച് ഇത്രയധികം കുഴച്ചിലുള്ളതെന്തുകൊണ്ട്? ഒരു “വെളിച്ചദൂതനായി” പൊയ്മുഖം കാട്ടുന്ന സാത്താൻ “അവിശ്വാസികളുടെ മനസ്സുകളെ കുരുടാക്കിയിരിക്കുന്നു.” (2 കൊരിന്ത്യർ 4:4; 11:14) അങ്ങനെ, ഇന്ന് അനേകർ ദൂതൻമാരുടെ അസ്തിത്വവും പ്രകൃതിയും സംബന്ധിച്ച് ദൈവവചനത്തിനു പറയാനുള്ളതു സ്വീകരിക്കുന്നതിനു പകരം സ്വന്തം അഭിപ്രായങ്ങളോടു പററിനിൽക്കുമെന്നു പ്രതീക്ഷിക്കുന്നത് ന്യായമായിരിക്കുകയില്ലേ? അതെ, ഇന്ന് വൈദികർ ദൂതൻമാരെക്കുറിച്ച് അധികമൊന്നും പറയാതിരുന്നേക്കാമെങ്കിലും അവർ യഥാർത്ഥത്തിൽ സ്ഥിതിചെയ്യുന്നുണ്ടെന്നും യഹോവയുടെ സന്ദേശവാഹകരെന്ന നിലയിൽ മാന്യമായ ഒരു സേവനമനുഷ്ഠിക്കുന്നുണ്ടെന്നും ബൈബിൾരേഖയിലൂടെയുള്ള ദൈവത്തിന്റെ ഉറപ്പു നമുക്കു ലഭിച്ചിട്ടുണ്ട്.—എബ്രായർ 1:7, 14; 6:18. (g90 3⁄8)
[24-ാം പേജിലെ ചിത്രം]
ചിറകുകളോടുകൂടിയ ശിശുക്കളെപ്പോലെയുള്ള ജീവികളായുള്ള ദൂതൻമാരുടെ ചിത്രീകരണം പുറജാതീയ ആശയങ്ങളിൽനിന്നു വന്നിട്ടുള്ളതാണ്
[കടപ്പാട്]
Cupid a Captive by François Boucher, c. 1754