പ്രത്യാശയും സ്നേഹവും വീണ്ടും ഉദിക്കുമ്പോൾ
യുവജനങ്ങളുമായി ഇടപഴകുന്ന മാതാപിതാക്കൾക്കും അധ്യാപകർക്കും മറ്റെല്ലാവർക്കും ഒരു സംഗതി വ്യക്തമാണ്—തങ്ങൾക്കോ യുവജനങ്ങൾക്കോ മറ്റ് ആർക്കെങ്കിലുമോ ഈ ലോകത്തെ മാറ്റാനാവില്ല. ആർക്കും തടുക്കാനാകാത്ത കൂറ്റൻ തിരമാലകൾ പോലുള്ള ശക്തമായ സ്വാധീനങ്ങൾ എങ്ങും പ്രബലമാണ്. എങ്കിലും, സന്തോഷവും ആരോഗ്യവും സത്പെരുമാറ്റവും ഉള്ളവർ ആയിരിക്കുന്നതിനു യുവജനങ്ങളെ സഹായിക്കാൻ നമുക്കു വളരെയേറെ കാര്യങ്ങൾ ചെയ്യാനാകും.
പ്രതിരോധം പ്രതിവിധിയെക്കാൾ ഉത്തമം ആയതിനാൽ, തങ്ങളുടെ ജീവിതരീതിയും പ്രാമുഖ്യതകളും മക്കളുടെ മനോഭാവങ്ങളെയും പെരുമാറ്റ രീതികളെയും എങ്ങനെ കരുപ്പിടിപ്പിക്കുമെന്ന കാര്യം മാതാപിതാക്കൾ ശ്രദ്ധാപൂർവം പരിചിന്തിക്കേണ്ടതാണ്. സ്നേഹവും പരിപാലനവും കളിയാടുന്ന ഗൃഹാന്തരീക്ഷം സ്വവിനാശക പ്രവണതകൾ ഫലപ്രദമായി തടഞ്ഞുനിർത്താൻ ഉതകുന്ന സുരക്ഷിതത്വം പ്രദാനം ചെയ്യും. തങ്ങൾ പറയുന്നതു കേൾക്കാൻ ഒരാൾ ഉണ്ടായിരിക്കുന്നതാണു യുവജനങ്ങൾക്ക് അത്യാവശ്യമായിരിക്കുന്ന ഒരു സംഗതി. മാതാപിതാക്കൾ ശ്രവിക്കാത്തപക്ഷം മോശം സ്വഭാവമുള്ള മറ്റാരോടെങ്കിലുമൊക്കെ അവർ അതു പറയുന്നെന്നു വരാം.
ഇന്നത്തെ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം അത് എന്താണ് അർഥമാക്കുന്നത്? നിങ്ങളുടെ കുട്ടികൾക്ക് ആവശ്യമുള്ളപ്പോൾ, യുവപ്രായത്തിൽ തന്നെ, അവർക്കുവേണ്ടി സമയം കണ്ടെത്തുക. മിക്ക കുടുംബങ്ങളിലും ഇത് അത്ര എളുപ്പമല്ല. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ മാതാപിതാക്കൾക്കു ജോലി ചെയ്യുകയല്ലാതെ ഗത്യന്തരമില്ല. കുട്ടികളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിനു ത്യാഗം സഹിക്കാൻ സന്നദ്ധതയും സാഹചര്യവും ഉള്ളവർക്ക് ഒട്ടുമിക്കപ്പോഴും തക്ക പ്രതിഫലം ലഭിച്ചിട്ടുണ്ട്. മക്കൾ വിജയപ്രദമായി ജീവിതം നയിക്കുന്നതു കാണാൻ അവർക്കു കഴിഞ്ഞിരിക്കുന്നു. എന്നിരുന്നാലും, നേരത്തെ പരാമർശിച്ചതുപോലെ, ചിലപ്പോൾ മാതാപിതാക്കളുടെ എല്ലാവിധ ശ്രമങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ടു കുട്ടികൾക്കിടയിൽ ഗുരുതരമായ പ്രശ്നങ്ങൾ തല പൊക്കിയേക്കാം.
കൂട്ടുകാർക്കും മുതിർന്നവർക്കും സഹായിക്കാനാകും
യുദ്ധം, ബലാത്സംഗം, ദുഷ്പെരുമാറ്റം എന്നിവയ്ക്ക് ഇരയാകുന്ന യുവജനങ്ങളെ സഹായിക്കുന്നതിന് അവരെക്കുറിച്ച് യഥാർഥ കരുതലുള്ള മുതിർന്നവർ കാര്യമായ ശ്രമം ചെയ്യേണ്ടിവരും. അത്തരം ദ്രോഹകരമായ അനുഭവങ്ങളാൽ വൈകാരിക ക്ഷതം സംഭവിച്ചിട്ടുള്ള കുട്ടികൾ സഹായ ശ്രമങ്ങളോടു വേണ്ടവണ്ണം പ്രതികരിക്കുന്നില്ലെന്നു വരാം. അതിനായി നിങ്ങൾ ഒട്ടേറെ സമയം ചെലവഴിക്കുകയും ശ്രമം ചെലുത്തുകയും ചെയ്യേണ്ടി വന്നേക്കാം. അവരെ തുച്ഛീകരിക്കുന്നതോ അവഗണിക്കുന്നതോ തീർച്ചയായും ബുദ്ധി ആയിരിക്കില്ല, സ്നേഹനിർഭരവും ആയിരിക്കില്ല. നമുക്കു കുറച്ചുകൂടെ വൈകാരിക ബലം ആർജിച്ച് വേണ്ടപോലെ ദയയും സ്നേഹവും പ്രകടമാക്കി അപകട അവസ്ഥയിൽ ആയിരിക്കുന്നവരെ സഹായിക്കാൻ സാധിക്കുമോ?
മാതാപിതാക്കൾ മാത്രമല്ല കൂട്ടുകാരും കൂടപ്പിറപ്പുകളും യുവജനങ്ങളുടെ ദുർബലമായ, സമനിലയില്ലാത്ത വൈകാരിക അവസ്ഥയെ സൂചിപ്പിക്കുന്ന പ്രവണതകൾ സംബന്ധിച്ചു ജാഗരൂകർ ആയിരിക്കേണ്ടതുണ്ട്. (8-ാം പേജിലുള്ള “വിദഗ്ധ സഹായം ആവശ്യം” എന്ന ചതുരം കാണുക.) എന്തെങ്കിലും സൂചനകൾ ഉള്ളപക്ഷം അവർക്കു പറയാനുള്ളത് ഉടനടി ശ്രദ്ധിക്കുക. സാധ്യമെങ്കിൽ, ദയാപുരസ്സരം ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് ആകുലചിത്തരായ യുവജനങ്ങളുടെ ആന്തരം മനസ്സിലാക്കാൻ ശ്രമിക്കുക, നിങ്ങൾ അവരെ യഥാർഥമായും സ്നേഹിക്കുന്നുണ്ട് എന്ന് ഉറപ്പേകുക. ദുഷ്കരമായ സ്ഥിതിവിശേഷത്തെ നേരിടുന്നതിന് ആശ്രയ യോഗ്യരായ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മാതാപിതാക്കളെ സഹായിക്കാവുന്നതാണ്. എന്നാൽ, മാതാപിതാക്കളുടെ സ്ഥാനം ഏറ്റെടുക്കാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധാലുക്കൾ ആയിരിക്കണം. ഒട്ടുമിക്കപ്പോഴും യുവജനങ്ങളുടെ ആത്മഹത്യാ പ്രവണത, ശ്രദ്ധയ്ക്ക്—മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്—വേണ്ടിയുള്ള മുറവിളി ആണ്.
സന്തുഷ്ട ഭാവിയെ കുറിച്ചുള്ള പ്രത്യാശയാണ് യുവജനങ്ങൾക്കു നൽകാൻ കഴിയുന്ന ഏറ്റവും നല്ല ഒരു സമ്മാനം. ജീവിതം തുടരാൻ പ്രേരിപ്പിക്കുന്ന ഒരു പ്രേരക ഘടകമാണ് അത്. അനേകം യുവജനങ്ങളും പെട്ടെന്നു വരാൻ പോകുന്ന മെച്ചപ്പെട്ട ലോകാവസ്ഥയെ കുറിച്ചുള്ള ബൈബിൾ വാഗ്ദാനത്തിന്റെ സത്യത തിരിച്ചറിഞ്ഞിരിക്കുന്നു.
ആത്മഹത്യാ ശ്രമത്തിൽ നിന്നു രക്ഷിക്കപ്പെട്ടവർ
പലവട്ടം ആത്മഹത്യയ്ക്കു മുതിർന്ന, ജപ്പാനിൽ നിന്നുള്ള ഒരു യുവതി ഇങ്ങനെ എഴുതി: “പലതവണ ഞാൻ അതിനു തുനിഞ്ഞു. ഒരു കൊച്ചുകുട്ടി ആയിരുന്നപ്പോൾ ഞാൻ ആശ്രയിച്ചിരുന്ന ഒരു വ്യക്തിയിൽ നിന്ന് എനിക്കു ലൈംഗിക ദുഷ്പെരുമാറ്റം അനുഭവിക്കേണ്ടി വന്നു. . . . ‘എനിക്കു മരിക്കണം’ എന്നു ഞാൻ അസംഖ്യം തവണ കുറിച്ചു വെച്ചിട്ടുണ്ട്. അതിൽപ്പിന്നെ ഞാൻ ഒരു യഹോവയുടെ സാക്ഷിയായി, ഇപ്പോൾ ഒരു മുഴുസമയ സുവിശേഷകയാണ്. എങ്കിലും ഇപ്പോഴും ഇടയ്ക്കൊക്കെ എനിക്ക് ആ തോന്നൽ ഉണ്ടാകാറുണ്ട്. . . . യഹോവ എന്നെ ജീവിക്കാൻ അനുവദിച്ചിരിക്കുന്നു. അവൻ എന്നോട് ആർദ്രാനുകമ്പയോടെ, ‘ജീവിതം അവസാനിപ്പിക്കരുത്’ എന്നു പറയുന്നതുപോലെ എനിക്ക് അനുഭവപ്പെടുന്നു.”
റഷ്യയിൽ നിന്നുള്ള ഒരു 15 വയസ്സുകാരി ഇങ്ങനെ വിശദീകരിക്കുന്നു: “എട്ടു വയസ്സുള്ളപ്പോഴേ, എന്നെ ആർക്കും വേണ്ടെന്ന് എനിക്കു തോന്നിത്തുടങ്ങി. മാതാപിതാക്കൾക്ക് എന്നോടു സംസാരിക്കാൻ സമയമില്ലായിരുന്നു. പ്രശ്നങ്ങളെല്ലാം തനിയെ തീർക്കാൻ ഞാൻ ശ്രമിച്ചു. ഞാൻ എന്നിലേക്കു തന്നെ ഒതുങ്ങിക്കൂടി. വീട്ടിൽ ഉള്ളവരുമായി ഞാൻ എപ്പോഴും വഴക്കടിക്കുമായിരുന്നു. പിന്നെ ആത്മഹത്യയെ കുറിച്ചുള്ള ചിന്തയായി. യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടാൻ സാധിച്ചതിൽ ഞാൻ എത്ര സന്തുഷ്ടയാണ്!”
നിരാശ തീർച്ചയായും പ്രത്യാശയ്ക്കു വഴിമാറുമെന്ന് ഓസ്ട്രേലിയയിൽ നിന്നുള്ള, 30-കളിലേക്കു കടന്ന കാതിയുടെ പ്രോത്സാഹജനകമായ അഭിപ്രായം വ്യക്തമാക്കുന്നു: “ജീവിതം ഒടുക്കാനുള്ള വ്യത്യസ്ത മാർഗങ്ങളെക്കുറിച്ചു ഞാൻ സദാ ചിന്തിച്ചുകൊണ്ടിരുന്നു. ഒടുവിൽ ആത്മഹത്യയ്ക്കു ശ്രമിച്ചു. വേദനയും കോപവും ശൂന്യതയും നിറഞ്ഞ ഈ ലോകത്തിൽ നിന്നു രക്ഷപ്പെട്ടാൽ മതിയെന്നേ എനിക്കുണ്ടായിരുന്നുള്ളൂ. വിഷാദം മൂലം എനിക്ക് ഞാൻ കുരുങ്ങിപ്പോയെന്നു കരുതിയ ‘ചിലന്തിവലയിൽ’ നിന്നു പുറത്തു കടക്കാനായില്ല. അതുകൊണ്ട് ആത്മഹത്യയാണ് പരിഹാരം എന്ന് എനിക്കു തോന്നി.
“ഭൂമി സമാധാനവും സന്തുഷ്ടിയും കളിയാടുന്ന പറുദീസ ആയിത്തീരാനുള്ള സാധ്യതയെ കുറിച്ച് ആദ്യം കേട്ടപ്പോൾ വാസ്തവത്തിൽ ഞാൻ അതിനുവേണ്ടി ഉത്കടമായി ആഗ്രഹിച്ചു. എന്നാൽ അതു വെറും സ്വപ്നമാണെന്ന് എനിക്കു തോന്നി. എങ്കിലും, ജീവനെ കുറിച്ചുള്ള യഹോവയുടെ വീക്ഷണത്തെയും നാം ഓരോരുത്തരും അവന്റെ ദൃഷ്ടിയിൽ എത്ര വിലയേറിയവരാണ് എന്നതിനെയും കുറിച്ചു ഞാൻ ക്രമേണ മനസ്സിലാക്കി തുടങ്ങി. പ്രത്യാശയ്ക്കു വകയുണ്ടെന്ന് എനിക്കു തോന്നി തുടങ്ങി. ഒടുവിൽ ഞാൻ ആ ‘ചിലന്തിവല’യിൽ നിന്നു പുറത്തു കടക്കാനുള്ള വഴി കണ്ടെത്തി. അതിൽ നിന്നു പുറത്തു കടക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. ഇടയ്ക്കൊക്കെ ഞാൻ വിഷാദത്തിന് അടിപ്പെടും. അതോടെ എനിക്ക് എന്തു ചെയ്യണമെന്ന് ഒരു എത്തും പിടിയും കിട്ടുകയില്ല. എങ്കിലും, യഹോവയെ എന്റെ ജീവിതത്തിന്റെ കേന്ദ്രബിന്ദു ആക്കിയിരിക്കുന്നത് അവനോട് വളരെയധികം അടുത്തു ചെല്ലാനും സുരക്ഷിതത്വം അനുഭവപ്പെടാനും ഇടയാക്കിയിരിക്കുന്നു. എനിക്കുവേണ്ടി ചെയ്തിട്ടുള്ള എല്ലാറ്റിനും ഞാൻ യഹോവയ്ക്കു നന്ദിയേകുന്നു.”
മേലാൽ യുവജന മരണം ഉണ്ടായിരിക്കുകയില്ല
ബൈബിൾ പഠിക്കുന്നതിലൂടെ മെച്ചപ്പെട്ട ഒന്നിനായി, ക്രിസ്തീയ അപ്പൊസ്തലനായ പൗലൊസ് വിളിച്ച ‘സാക്ഷാലുള്ള ജീവനാ’യി, നോക്കിപ്പാർത്തിരിക്കാൻ സാധിക്കുമെന്ന് ഒരു യുവ വ്യക്തി മനസ്സിലാക്കും. യുവാവായിരുന്ന തിമൊഥെയൊസിനെ പൗലൊസ് ഇങ്ങനെ ബുദ്ധ്യുപദേശിച്ചു: “ധനവാന്മാരോടു . . . നിശ്ചയമില്ലാത്ത ധനത്തിലല്ല, നമുക്കു സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന ദൈവത്തിൽ ആശ വെപ്പാനും നന്മ ചെയ്വാനും സൽപ്രവൃത്തികളിൽ സമ്പന്നരായി . . . സാക്ഷാലുള്ള ജീവനെ പിടിച്ചു കൊള്ളേണ്ടതിന്നു വരുംകാലത്തേക്കു നല്ലോരു അടിസ്ഥാനം നിക്ഷേപിച്ചുകൊൾവാനും ആജ്ഞാപിക്ക.”—1 തിമൊഥെയൊസ് 6:17-19.
മറ്റു വാക്കുകളിൽ പറഞ്ഞാൽ പൗലൊസ് അർഥമാക്കുന്നത്, നാം ഭാവിയെ കുറിച്ചു മറ്റുള്ളവർക്ക് ഉറച്ച പ്രത്യാശ നൽകിക്കൊണ്ട് അവരുമായി ഇടപഴകി ജീവിക്കണം എന്നാണ്. യഹോവ വാഗ്ദത്തം ചെയ്തിരിക്കുന്ന ‘നീതി വസിക്കുന്ന പുതിയ ആകാശത്തിലും പുതിയ ഭൂമിയിലും’ ഉള്ള ജീവിതമാണു “സാക്ഷാലുള്ള ജീവിതം.”—2 പത്രൊസ് 3:13.
മയക്കുമരുന്നു ദുരുപയോഗവും അധാർമിക ജീവിതരീതിയും മരണത്തിലേക്കുള്ള വളഞ്ഞുപുളഞ്ഞ ദീർഘമായ പാതയാണെന്നും ആത്മഹത്യ അതിലേക്കുള്ള കുറുക്കുവഴിയാണെന്നും മുമ്പ് പ്രതിസന്ധിയിൽ ആയിരുന്ന നിരവധി യുവജനങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. യുദ്ധം, വിദ്വേഷം, ദുഷ്പെരുമാറ്റം, സ്നേഹരഹിതമായ ഇടപെടലുകൾ എന്നിവ മുഖമുദ്രയായുള്ള ഈ ലോകം പെട്ടെന്നു നശിപ്പിക്കപ്പെടും എന്ന് അവർ മനസ്സിലാക്കിയിരിക്കുന്നു. ഈ ലോകത്തെ നന്നാക്കാനാകില്ലെന്നും അവർ മനസ്സിലാക്കിയിരിക്കുന്നു. ദൈവരാജ്യം മാത്രമാണ് യഥാർഥ പ്രത്യാശ എന്ന് അവർക്ക് ഉള്ളംകൊണ്ട് അറിയാം. അത് യുവജനങ്ങൾക്കെന്നല്ല അനുസരണമുള്ള മുഴു മനുഷ്യ വർഗത്തിനും ഒരിക്കലും മരിക്കേണ്ടി വരില്ലാത്ത ഒരു പുതിയ ലോകം ആനയിക്കും. അന്ന് ആരും മേലാൽ മരിക്കാൻ ആഗ്രഹിക്കുകയില്ല.—വെളിപ്പാടു 21:1-5.
[8-ാം പേജിലെ ചതുരം]
വിദഗ്ധ സഹായം ആവശ്യം
“90-ലധികം ശതമാനം ആത്മഹത്യയും മനോരോഗങ്ങളുടെ ഫലമാണ്” എന്ന് ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ എൻസൈക്ലോപീഡിയ ഓഫ് മെഡിസിൻ പ്രസ്താവിക്കുന്നു. പിൻവരുന്ന രോഗങ്ങളെ അതു പട്ടികപ്പെടുത്തുന്നു: കടുത്ത വിഷാദം (ഏതാണ്ട് 15 ശതമാനം), ശിഥില വ്യക്തിത്വം (ഏതാണ്ട് 10 ശതമാനം), മദ്യാസക്തി (ഏതാണ്ട് 7 ശതമാനം), സാമൂഹിക വിരുദ്ധ പ്രവണതകൾ (ഏതാണ്ട് 5 ശതമാനം), ഒരുതരം മാനസിക രോഗം (5 ശതമാനത്തിൽ കുറവ്). അത് ഇങ്ങനെ നിർദേശിക്കുന്നു: “എല്ലാ ആത്മഹത്യാ ശ്രമങ്ങളെയും ഗൗരവമായി എടുക്കണം. ആത്മഹത്യയ്ക്കു ശ്രമിക്കുന്ന 20-30 ശതമാനം ആളുകൾ ഒരു വർഷത്തിനകം വീണ്ടും അതിനു ശ്രമിക്കുന്നു.” “[ഐക്യനാടുകളിലെ] ആത്മഹത്യകളിൽ 50-ലധികം ശതമാനവും ഒരു മനോരോഗ വിദഗ്ധന്റെ സഹായം തേടിയിട്ടില്ലാത്തവരുടേതാണ്” എന്നു ഡോ. ജാൻ ഫൊസറ്റ് എഴുതുന്നു. മറ്റൊരു ഉറവിടം പറയുന്നതനുസരിച്ച്, “അന്തർലീനമായ വിഷാദം ചികിത്സിച്ചു ഭേദമാക്കാൻ രോഗി എത്രയും പെട്ടെന്നു മനോരോഗ വിദഗ്ധന്റെ സഹായം തേടുന്നതാണു ചികിത്സയുടെ അതിപ്രധാന വശം.”