യുവജനങ്ങൾ ചോദിക്കുന്നു
എല്ലാമങ്ങ് അവസാനിപ്പിച്ചാലോ?
ഓരോ വർഷവും ലക്ഷക്കണക്കിന് യുവജനങ്ങളാണ് തങ്ങളുടെ ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുന്നത്; അവരിൽ ആയിരങ്ങളും മരണമടയുന്നു. കൗമാരക്കാർക്കിടയിലെ ആത്മഹത്യ വർധിച്ചുവരുന്നതിനാൽ ഈ വിഷയം ചർച്ചചെയ്യുന്നതു പ്രധാനമാണെന്ന് “ഉണരുക!”യുടെ പ്രസാധകർ കരുതുന്നു.
“എനിക്കു ജീവിക്കേണ്ട. ജീവിച്ചിരിക്കുന്നതിനെക്കാൾ മരിക്കുന്നതാണു നല്ലത്.” ആരാണ് അങ്ങനെ പറഞ്ഞത്? ദൈവവിശ്വാസമില്ലാത്ത ഒരാളാണോ? അതോ ദൈവത്തെ വിട്ടകന്ന ആരെങ്കിലുമാണോ? അതുമല്ലെങ്കിൽ, ദൈവം തള്ളിക്കളഞ്ഞ ഒരാളായിരുന്നോ അത്? അല്ല. ദൈവഭക്തനെങ്കിലും നിരാശനായിത്തീർന്ന യോനായാണ് അതു പറഞ്ഞത്.a (യോനാ 4:3, റ്റുഡേസ് ഇംഗ്ലീഷ് വേർഷൻ) യോനാ ആത്മഹത്യയുടെ വക്കിലായിരുന്നെന്നു ബൈബിൾ പറയുന്നില്ല. എന്നിരുന്നാലും ദൈവത്തിന്റെ ഒരു ദാസനുപോലും ചിലപ്പോഴൊക്കെ അസഹ്യമായ മനോവേദന ഉണ്ടായേക്കാമെന്ന് അവന്റെ ആ ദയനീയ വാക്കുകൾ വെളിപ്പെടുത്തുന്നു.—സങ്കീർത്തനം 34:19.
ഇനി ജീവിച്ചിട്ടു കാര്യമില്ലെന്നു ചിന്തിക്കുന്ന അളവോളം ചില യുവാക്കൾ നിരാശയിലാണ്ടുപോകുന്നു. “വർഷങ്ങളോളം വിഷാദം എന്നെ കൂടെക്കൂടെ വേട്ടയാടിയിരുന്നു. പലപ്പോഴും ഞാൻ മരിക്കാൻ ആഗ്രഹിച്ചു” എന്നു പറഞ്ഞ ലോറയെപ്പോലെ (16) അവർക്കു തോന്നിയേക്കാം.b ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നതായി പറഞ്ഞ ആരെയെങ്കിലും നിങ്ങൾക്ക് അറിയാമെങ്കിൽ, അല്ലെങ്കിൽ നിങ്ങൾതന്നെ അങ്ങനെ ചിന്തിച്ചിട്ടുണ്ടെങ്കിൽ എന്തു ചെയ്യാനാകും? ആദ്യംതന്നെ, അത്തരം ചിന്ത ഉടലെടുത്തേക്കാവുന്നതിന്റെ കാരണം നമുക്കൊന്ന് അടുത്തു പരിശോധിക്കാം.
നിരാശയ്ക്കു പിന്നിൽ
ജീവനൊടുക്കുന്നതിനെക്കുറിച്ച് ഒരാൾ ചിന്തിക്കുന്നത് എന്തുകൊണ്ടായിരിക്കും? അതിനു പല കാരണങ്ങൾ കണ്ടേക്കാം. ‘ദുർഘടസമയങ്ങൾ നിറഞ്ഞ അന്ത്യകാലത്താണു’ നാം ജീവിക്കുന്നത് എന്നതാണ് ഒരു സംഗതി; അതിന്റെ തീവ്രസമ്മർദത്തിലാണ് ഇന്നനേകം യുവജനങ്ങളും. (2 തിമൊഥെയൊസ് 3:1) കൂടാതെ തങ്ങളെക്കുറിച്ചും ചുറ്റുമുള്ള സാഹചര്യങ്ങളെക്കുറിച്ചും അങ്ങേയറ്റം നിഷേധാത്മകമായ ചിന്തകൾ മനസ്സിൽ കൊണ്ടുനടക്കാൻ മാനുഷിക അപൂർണത ഇടയാക്കിയേക്കാം. (റോമർ 7:22–24) ചിലപ്പോൾ മറ്റുള്ളവരുടെ ദുഷ്പെരുമാറ്റമോ ആരോഗ്യപ്രശ്നങ്ങളോ ആയിരിക്കാം കാരണം. ഒരു രാജ്യത്ത് ആത്മഹത്യ ചെയ്ത 90 ശതമാനത്തിലേറെപ്പേരും ഏതെങ്കിലും തരത്തിലുള്ള മാനസികരോഗത്തിന് അടിപ്പെട്ടവരായിരുന്നു എന്നതു ശ്രദ്ധേയമാണ്.c
ക്ലേശങ്ങളും പ്രശ്നങ്ങളും ആർക്കുമുണ്ടാകാം. യഥാർഥത്തിൽ, “സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്നു” എന്ന് ബൈബിൾ പറയുന്നു. (റോമർ 8:22) യുവജനങ്ങളും അതിൽപ്പെടും. സത്യത്തിൽ, പിൻവരുന്നതുപോലുള്ള തിരിച്ചടികൾ ഇളംമനസ്സുകളെ തളർത്തിക്കളഞ്ഞേക്കാം:
◼ ഒരു ബന്ധുവിന്റെയോ സുഹൃത്തിന്റെയോ വളർത്തുമൃഗത്തിന്റെയോ മരണം
◼ കുടുംബകലഹം
◼ പഠനരംഗത്തെ പരാജയം
◼ പ്രണയനൈരാശ്യം
◼ (ശാരീരികമോ ലൈംഗികമോ ആയ പീഡനം ഉൾപ്പെടെയുള്ള) ദുഷ്പെരുമാറ്റം
മേൽപ്പറഞ്ഞ ഒന്നോ അതിലധികമോ പ്രശ്നങ്ങൾ ഇന്നല്ലെങ്കിൽ നാളെ മിക്ക യുവജനങ്ങളും നേരിട്ടേക്കാം. അത്തരം കൊടുങ്കാറ്റുകൾക്കെതിരെ ഉറച്ചുനിൽക്കാൻ ചിലർ മറ്റുള്ളവരെക്കാൾ പ്രാപ്തരായിരിക്കുന്നത് എന്തുകൊണ്ടാണ്? തങ്ങൾ തീർത്തും നിസ്സഹായരും ആശയറ്റവരുമാണെന്നു കരുതുന്നവരാണു പരാജയപ്പെടുന്നതെന്നു വിദഗ്ധർ പറയുന്നു. സാഹചര്യം മെച്ചപ്പെടുത്താൻ ഒന്നുംതന്നെ ചെയ്യാനാവില്ലെന്നു വിശ്വസിക്കുന്ന അവരുടെ മുന്നിൽ വെറും ശൂന്യത മാത്രമാണ്! “ഈ യുവാക്കൾ മരിക്കാൻ ആഗ്രഹിക്കുന്നില്ല എന്നതാണ് മിക്കപ്പോഴും സത്യം. ക്ലേശങ്ങൾക്കൊരു അന്ത്യം—അതുമാത്രമാണ് അവർ തേടുന്നത്,” ഡോ. കാതലീൻ മെക്കോയ് ഉണരുക!യോടു പറഞ്ഞു.
എന്താണു പരിഹാരം?
‘വേദനകളിൽനിന്നുള്ള മോചനത്തിനായി’ ജീവിതംതന്നെ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന ആരെയെങ്കിലും നിങ്ങൾക്കറിയാമായിരിക്കും. അങ്ങനെയെങ്കിൽ എന്തുചെയ്യാനാകും?
ജീവിക്കാൻ ആഗ്രഹമില്ലാത്ത അളവോളം ഒരു സുഹൃത്ത് ദുഃഖത്തിലാണെങ്കിൽ സഹായം തേടാൻ ആ വ്യക്തിയെ പ്രേരിപ്പിക്കുക. പ്രതികരണം എന്തുതന്നെ ആയാലും ബന്ധപ്പെട്ട ഒരു മുതിർന്ന വ്യക്തിയോടു സംസാരിക്കുക. നിങ്ങളുടെ സുഹൃദ്ബന്ധം തകരുമെന്നൊന്നും വിഷമിക്കേണ്ടതില്ല. “അനർത്ഥകാലത്തു” രക്ഷക്കെത്തുന്ന ഒരു യഥാർഥ ‘സ്നേഹിതനെപ്പോലെ’ പ്രവർത്തിക്കുകയായിരിക്കും നിങ്ങളപ്പോൾ. (സദൃശവാക്യങ്ങൾ 17:17) അതിലൂടെ സുഹൃത്തിന്റെ ജീവൻ രക്ഷിക്കാൻ നിങ്ങൾക്കു കഴിഞ്ഞേക്കും!
ജീവിതം അവസാനിപ്പിക്കണമെന്നു നിങ്ങൾക്കുതന്നെ തോന്നുന്നുണ്ടെങ്കിലോ? “സഹായം തേടുക, നിങ്ങളെക്കുറിച്ചു കരുതുകയും നിങ്ങളുടെ വികാരങ്ങൾക്കു വിലകൽപ്പിക്കുകയും നിങ്ങൾക്കു പറയാനുള്ളതു ശ്രദ്ധിക്കുകയും അക്കാര്യങ്ങൾ മനസ്സിലാക്കാൻ മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുന്ന ആരോടെങ്കിലും നിങ്ങളുടെ വികാരവിചാരങ്ങൾ തുറന്നുപറയുക. അച്ഛനോടോ അമ്മയോടോ മറ്റൊരു ബന്ധുവിനോടോ ഒരു സുഹൃത്തിനോടോ അധ്യാപകനോടോ മതശുശ്രൂഷകനോടോ നിങ്ങൾക്കു സംസാരിക്കാം,” ഡോ. മെക്കോയ് ഉപദേശിക്കുന്നു.
പ്രശ്നങ്ങൾ തുറന്നുപറയുന്നതുകൊണ്ട് നിങ്ങൾക്ക് ഒന്നും നഷ്ടപ്പെടാനില്ല, മറിച്ച് പ്രയോജനങ്ങളേയുള്ളൂ. ബൈബിളിലെ ഒരു ഉദാഹരണം നോക്കൂ. “എന്റെ ജീവൻ എനിക്കു വെറുപ്പായ്തോന്നുന്നു” എന്ന് നീതിമാനായ ഇയ്യോബ് ഒരു നിർണായക ഘട്ടത്തിൽ പറഞ്ഞു. എന്നാൽ, “ഞാൻ എന്റെ സങ്കടം തുറന്നുപറയും; എന്റെ മനോവ്യസനത്തിൽ ഞാൻ സംസാരിക്കും” എന്ന് അവൻ തുടർന്നുപറഞ്ഞു. (ഇയ്യോബ് 10:1) ഇയ്യോബ് അങ്ങേയറ്റം നിരാശയിലായിരുന്നു, തന്റെ വ്യഥകൾ ആരോടെങ്കിലും തുറന്നുപറയാൻ അവൻ ആഗ്രഹിച്ചു. പക്വതയുള്ള ഒരു സുഹൃത്തിന്റെ സഹായംതേടുന്നതിലൂടെ ആശ്വാസം കണ്ടെത്താൻ നിങ്ങൾക്കായേക്കും.
സഭാമൂപ്പന്മാർ ഇക്കാര്യത്തിൽ ക്രിസ്ത്യാനികൾക്ക് കൂടുതലായ ഒരു സഹായമാണ്. (യാക്കോബ് 5:14, 15) തീർച്ചയായും, പ്രശ്നങ്ങളെക്കുറിച്ചു സംസാരിക്കുന്നതുകൊണ്ട് അവ ഇല്ലാതാകുന്നില്ല. എന്നാൽ ശരിയായ വീക്ഷണം പുലർത്താൻ അതു നിങ്ങളെ സഹായിച്ചേക്കും. ഒരു വിശ്വസ്ത സുഹൃത്തിന്റെ പിന്തുണ ഒന്നുകൊണ്ടുമാത്രം, പ്രായോഗികമായ ചില പരിഹാരമാർഗങ്ങൾ കണ്ടെത്താനായെന്നുവരാം.
മാറ്റം സുനിശ്ചിതം
പ്രശ്നങ്ങളുമായി മല്ലിടുമ്പോൾ, അവ എത്ര ഗുരുതരമായി കാണപ്പെട്ടാലും കാലക്രമത്തിൽ കാര്യങ്ങൾക്കു മാറ്റംവരും എന്നോർക്കുക. അനേകം ദുരിതങ്ങളിലൂടെ കടന്നുപോയ സങ്കീർത്തനക്കാരനായ ദാവീദ് തന്റെ പ്രാർഥനയിൽ ഇങ്ങനെ പറഞ്ഞു: “എന്റെ ഞരക്കംകൊണ്ടു ഞാൻ തകർന്നിരിക്കുന്നു; രാത്രി മുഴുവനും എന്റെ കിടക്കയെ ഒഴുക്കുന്നു; കണ്ണുനീർകൊണ്ടു ഞാൻ എന്റെ കട്ടിലിനെ നനെക്കുന്നു.” (സങ്കീർത്തനം 6:6) എന്നാൽ “നീ എന്റെ വിലാപത്തെ എനിക്കു നൃത്തമാക്കിത്തീർത്തു” എന്ന് മറ്റൊരു സങ്കീർത്തനത്തിൽ അവനെഴുതി.—സങ്കീർത്തനം 30:11.
ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകുമെന്നും അതേസമയം അവ നീങ്ങിപ്പോകുമെന്നും അനുഭവത്തിലൂടെ ദാവീദ് തിരിച്ചറിഞ്ഞു. ചില പ്രശ്നങ്ങൾക്കു പരിഹാരമില്ലെന്നു തോന്നിയേക്കാം, കുറഞ്ഞപക്ഷം കുറച്ചുകാലത്തേക്കെങ്കിലും. എന്നാൽ ക്ഷമയുള്ളവരായിരിക്കുക. കാര്യങ്ങൾക്കു മാറ്റംവരും, മിക്കപ്പോഴും നല്ല ഫലങ്ങളോടെ. ചിലപ്പോഴൊക്കെ തികച്ചും അപ്രതീക്ഷിതമായ വിധങ്ങളിൽ പ്രശ്നങ്ങൾ ലഘൂകരിക്കപ്പെട്ടേക്കാം. മറ്റുചിലപ്പോൾ, മുമ്പു ചിന്തിക്കാതിരുന്ന ഒരു സമീപനം കൈക്കൊള്ളാൻ നിങ്ങൾക്കായേക്കും. വ്യാകുലപ്പെടുത്തുന്ന പ്രശ്നങ്ങൾ അതേവിധത്തിൽ നിത്യം തുടരുകയില്ലെന്നു സാരം.—2 കൊരിന്ത്യർ 4:17.
പ്രാർഥനയുടെ കരുത്ത്
ഏറ്റവും പ്രധാനപ്പെട്ട ആശയവിനിമയ രൂപമാണ് പ്രാർഥന. ദാവീദിനെപ്പോലെ പിൻവരുംവിധം പ്രാർഥിക്കാൻ നിങ്ങൾക്കാകും: “ദൈവമേ, എന്നെ ശോധന ചെയ്തു എന്റെ ഹൃദയത്തെ അറിയേണമേ; എന്നെ പരീക്ഷിച്ചു എന്റെ നിനവുകളെ അറിയേണമേ. വ്യസനത്തിന്നുള്ള മാർഗ്ഗം എന്നിൽ ഉണ്ടോ എന്നു നോക്കി, ശാശ്വതമാർഗ്ഗത്തിൽ എന്നെ നടത്തേണമേ.”—സങ്കീർത്തനം 139:23, 24.
പ്രാർഥന കേവലമൊരു ഊന്നുവടിയല്ല. ‘നിങ്ങളുടെ ഹൃദയം തന്റെ മുമ്പിൽ പകരാൻ’ നിങ്ങളോടാവശ്യപ്പെടുന്ന സ്വർഗീയ പിതാവുമായുള്ള യഥാർഥ ആശയവിനിമയമാണത്. (സങ്കീർത്തനം 62:8) ദൈവത്തെക്കുറിച്ചുള്ള പിൻവരുന്ന അടിസ്ഥാന സത്യങ്ങൾ പരിചിന്തിക്കുക:
◼ നിങ്ങളുടെ ദുരവസ്ഥയ്ക്കു കാരണമായിരിക്കുന്ന സാഹചര്യങ്ങൾ ദൈവം മനസ്സിലാക്കുന്നു.—സങ്കീർത്തനം 103:14.
◼ നിങ്ങളെക്കുറിച്ചു നിങ്ങൾക്കറിയാവുന്നതിലും മെച്ചമായി അവനറിയാം.—1 യോഹന്നാൻ 3:20.
◼ ‘അവൻ നിങ്ങൾക്കായി കരുതുന്നു.’—1 പത്രൊസ് 5:7.
◼ തന്റെ പുതിയലോകത്തിൽ ദൈവം നിങ്ങളുടെ “കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും.”—വെളിപ്പാടു 21:4.
രോഗങ്ങൾ പ്രശ്നഹേതുവാകുമ്പോൾ
മുമ്പു പറഞ്ഞതുപോലെ ഏതെങ്കിലും തരത്തിലുള്ള രോഗങ്ങളാണ് മിക്കപ്പോഴും ആത്മഹത്യാപ്രവണതയ്ക്കു വഴിവെക്കുന്നത്. നിങ്ങളുടെ സ്ഥിതി അതാണെങ്കിൽ സഹായം തേടാൻ ലജ്ജിക്കരുത്. രോഗികൾക്കു വൈദ്യന്റെ ആവശ്യമുണ്ടെന്നു യേശുപോലും പറഞ്ഞു. (മത്തായി 9:12) സന്തോഷകരമെന്നു പറയട്ടെ, പല പ്രശ്നങ്ങളും ചികിത്സിച്ചു ഭേദമാക്കാനാകും.
ദൈവത്തിന്റെ പുതിയ ലോകത്തിൽ “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല” എന്നു ബൈബിൾ ഉറപ്പുതരുന്നു. (യെശയ്യാവു 33:24) അതുവരെ, ജീവിതപ്രശ്നങ്ങളുമായി പൊരുത്തപ്പെട്ടുപോകാൻ പരമാവധി ശ്രമിക്കുക. അതുതന്നെയാണ്, ജർമനിയിൽ താമസിക്കുന്ന ഹെയ്ഡി ചെയ്തത്. അവൾ പറയുന്നു: “ചിലപ്പോഴൊക്കെ മരിക്കാനാഗ്രഹിച്ചുപോകുന്ന ഘട്ടത്തോളം വിഷാദം എന്നെ വരിഞ്ഞുമുറുക്കിയിരുന്നു. എന്നാൽ ചികിത്സയുടെയും നിരന്തരമായ പ്രാർഥനയുടെയും ഫലമായി ഇപ്പോൾ ഞാനൊരു സാധാരണ ജീവിതം നയിക്കുന്നു.” നിങ്ങളുടെ കാര്യത്തിലും ഇങ്ങനെ സംഭവിച്ചേക്കാം!d
ആത്മഹത്യ ചെയ്യുന്ന ഒരു കൂടെപ്പിറപ്പിന്റെ വിയോഗവുമായി പൊരുത്തപ്പെടാൻ കഴിയുന്നതെങ്ങനെയെന്ന് “യുവജനങ്ങൾ ചോദിക്കുന്നു” എന്ന പരമ്പരയിലെ അടുത്ത ലേഖനം വിശദമാക്കുന്നു
“യുവജനങ്ങൾ ചോദിക്കുന്നു” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org/ype എന്ന വെബ്സൈറ്റിൽ കാണാവുന്നതാണ്.
ചിന്തിക്കാൻ:
◼ ആത്മഹത്യ പ്രശ്നങ്ങൾ പരിഹരിക്കുന്നില്ല പിന്നെയോ അവ മറ്റൊരാൾക്കു കൈമാറുകമാത്രമാണു ചെയ്യുന്നതെന്നു പറയപ്പെടുന്നത് എന്തുകൊണ്ട്?
◼ ഉത്കണ്ഠയാൽ ഭാരപ്പെടുമ്പോൾ നിങ്ങൾക്ക് ആരോടു സംസാരിക്കാനാകും?
[അടിക്കുറിപ്പുകൾ]
a റിബെക്കാ, മോശെ, ഏലിയാവ്, ഇയ്യോബ് എന്നിവരും സമാനമായി പ്രതികരിച്ചിട്ടുണ്ട്.—ഉല്പത്തി 25:22; 27:46; സംഖ്യാപുസ്തകം 11:15; 1 രാജാക്കന്മാർ 19:4; ഇയ്യോബ് 3:21; 14:13.
b പേരുകൾക്കു മാറ്റംവരുത്തിയിരിക്കുന്നു.
c മാനസികരോഗമുള്ള യുവാക്കളിൽ മിക്കവരും ആത്മഹത്യ ചെയ്യുന്നില്ലെന്നതും ശ്രദ്ധാർഹമാണ്.
d വികാരവിക്ഷുബ്ധതകൾ നേരിടുന്നതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 2001 സെപ്റ്റംബർ 8 ലക്കം ഉണരുക!യിലെ (ഇംഗ്ലീഷ്) “വിഷാദമഗ്നരായ കൗമാരപ്രായക്കാർക്കു സഹായം” എന്ന ലേഖന പരമ്പരയും 2004 ജനുവരി 8 ലക്കത്തിലെ (ഇംഗ്ലീഷ്) “വികാരവ്യതിയാന തകരാറുകൾ മനസ്സിലാക്കൽ” എന്ന പരമ്പരയും കാണുക.
[28-ാം പേജിലെ ചതുരം/ചിത്രം]
അച്ഛനമ്മമാർ ശ്രദ്ധിക്കാൻ
ലോകത്തിന്റെ ചിലയിടങ്ങളിൽ യുവജനങ്ങൾക്കിടയിലെ ആത്മഹത്യകൾ ഭീതിദമായ അളവിൽ വർധിച്ചിരിക്കുന്നു. ഉദാഹരണത്തിന്, ഐക്യനാടുകളിൽ 15-നും 25-നും ഇടയ്ക്കു പ്രായമുള്ളവരിലെ മരണത്തിന്റെ പ്രധാന കാരണങ്ങളിൽ മൂന്നാമത്തേത് ആത്മഹത്യയാണ്. കഴിഞ്ഞ 20 വർഷങ്ങളിൽ 10-നും 14-നും ഇടയ്ക്കുള്ള പ്രായക്കാർക്കിടയിൽ ആത്മഹത്യാനിരക്ക് ഇരട്ടിയായിരിക്കുന്നു. മാനസിക തകരാറുള്ളവർ, ആത്മഹത്യാപ്രവണതയുള്ള കുടുംബത്തിൽപ്പെട്ടവർ, മുമ്പ് ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടുള്ളവർ എന്നിവരാണ് ആത്മഹത്യയിൽ അഭയംതേടാൻ ഏറെ സാധ്യതയുള്ളത്. ഇവരിൽ കാണുന്ന ചില ലക്ഷണങ്ങളിതാ:
◼ കുടുംബാംഗങ്ങളിൽനിന്നും സുഹൃത്തുക്കളിൽനിന്നും പിൻവലിയുക
◼ ഭക്ഷണകാര്യങ്ങളും ഉറക്കവുമായി ബന്ധപ്പെട്ടുണ്ടാകുന്ന അസ്വാഭാവിക മാറ്റങ്ങൾ
◼ ഇഷ്ടപ്പെട്ട പ്രവർത്തനങ്ങളിലുള്ള താത്പര്യക്കുറവ്
◼ വ്യക്തിത്വത്തിൽ ഉണ്ടാകുന്ന ശ്രദ്ധേയമായ മാറ്റം
◼ മദ്യപാനം അല്ലെങ്കിൽ ലഹരിമരുന്നുകളുടെ ഉപയോഗം
◼ വിലപ്പെട്ടതായി കരുതിയിരുന്നതെല്ലാം മറ്റുള്ളവർക്ക് ഏൽപ്പിച്ചുകൊടുക്കുക
◼ മരണത്തെക്കുറിച്ച് സംസാരിക്കുക അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വായിക്കാനും മറ്റും അതിയായ താത്പര്യം കാണിക്കുക
ഇത്തരം ലക്ഷണങ്ങൾ അവഗണിക്കുന്നത് മാതാപിതാക്കളുടെ ഭാഗത്തുനിന്നുള്ള വലിയ വീഴ്ചയായിരിക്കുമെന്ന് ഡോ. കാതലീൻ മെക്കോയ് ഉണരുക!യോടു പറയുകയുണ്ടായി. “തന്റെ മകനോ മകൾക്കോ എന്തെങ്കിലും കുഴപ്പമുണ്ടെന്നു ചിന്തിക്കാൻ ആരും ആഗ്രഹിക്കുകയില്ല. അതുകൊണ്ടുതന്നെ ചില മാതാപിതാക്കൾ ആ വസ്തുത അവഗണിച്ചുകളയും. ‘ഇതൊക്കെ ഈ പ്രായത്തിലുള്ളതാണ്,’ ‘അതു തനിയേ മാറിക്കൊള്ളും,’ ‘അവൾ അല്ലെങ്കിലും ഇങ്ങനെയൊക്കെത്തന്നെ ആയിരുന്നു’ എന്നെല്ലാമായിരിക്കും അവരുടെ ന്യായീകരണങ്ങൾ. ഈ ചിന്താഗതി തികച്ചും അപകടകരമാണ്. എല്ലാ ലക്ഷണങ്ങളെയും ഗൗരവത്തോടെതന്നെ കാണുക.”
നിങ്ങളുടെ മകന് അല്ലെങ്കിൽ മകൾക്ക് കടുത്ത വിഷാദമോ മറ്റേതെങ്കിലും മാനസിക തകരാറുകളോ ഉണ്ടെങ്കിൽ സഹായം തേടാൻ മടിവിചാരിക്കരുത്. കുട്ടി ജീവിതം അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നുവെന്ന് സംശയം തോന്നിയാൽ അതേക്കുറിച്ചു ചോദിക്കുക. ആത്മഹത്യയെക്കുറിച്ചു സംസാരിക്കുന്നത് അതിനു പ്രേരണയേകും എന്ന ധാരണ തെറ്റാണ്. വാസ്തവത്തിൽ മാതാപിതാക്കൾ അതേക്കുറിച്ചു സംസാരിക്കുന്നത് അവർക്കൊരു ആശ്വാസമായിരിക്കും. ആത്മഹത്യയെക്കുറിച്ചു ചിന്തിക്കുന്നതായി നിങ്ങളുടെ കുട്ടി തുറന്നുപറയുന്നെങ്കിൽ അവൻ അതിന് എന്തെങ്കിലും ഒരു വഴി കണ്ടുവെച്ചിട്ടുണ്ടോയെന്നും ഉണ്ടെങ്കിൽ അത് എന്താണെന്നും മനസ്സിലാക്കുക. കുട്ടി വലിയ തോതിൽ ആസൂത്രണങ്ങൾ നടത്തിയിട്ടുള്ളതായി കണ്ടെത്തിയാൽ എത്രയും പെട്ടെന്ന് നിങ്ങൾ ഇടപെടണം.e
വിഷാദം താനേ മാറിക്കൊള്ളുമെന്നു വിചാരിക്കുന്നതു ശരിയല്ല. അത് മാറിയതായി കാണപ്പെട്ടാൽത്തന്നെ പ്രശ്നം പരിഹരിക്കപ്പെട്ടുവെന്നു ചിന്തിക്കരുത്. ഏറ്റവും അപകടകരമായ ഘട്ടം ഇതാണെന്ന് ചില വിദഗ്ധർ പറയുന്നു. എന്തുകൊണ്ട്? “കടുത്ത വിഷാദത്തിനടിപ്പെട്ടിരിക്കുന്ന ഒരു കുട്ടിക്ക് ആത്മഹത്യ ചെയ്യാനുള്ള ത്രാണിയുണ്ടാവില്ല. എന്നാൽ അതു നീങ്ങിക്കഴിയുമ്പോൾ അവന് അതിനുള്ള മനോധൈര്യം കൈവരും” എന്ന് ഡോ. മെക്കോയ് പറയുന്നു.
ലക്ഷണങ്ങൾ ശ്രദ്ധിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തുകൊണ്ട് വിഷാദത്തിനടിപ്പെട്ട കുട്ടികൾക്കു സാന്ത്വനമേകാനും അവർക്കൊരു അഭയസ്ഥാനമായിരിക്കാനും മാതാപിതാക്കൾക്കും മറ്റുള്ളവർക്കും കഴിയും.—1 തെസ്സലൊനീക്യർ 5:14.
[അടിക്കുറിപ്പ്]
e തോക്കോ അപകടകരമായ ഔഷധങ്ങളോ മറ്റോ വീട്ടിലുള്ളത് വിശേഷിച്ചും അപകടകരമാണെന്ന് വിദഗ്ധർ പറയുന്നു. “പലരും വീടുകളിൽ തോക്കു സൂക്ഷിക്കുന്നത് സംരക്ഷണത്തിനോ ആത്മരക്ഷാർഥമോ ആണെങ്കിലും ഇങ്ങനെയുള്ള ഭവനങ്ങളിൽ വെടിയേറ്റുമരിക്കുന്നവരിൽ 83 ശതമാനവും വാസ്തവത്തിൽ ആത്മഹത്യ ചെയ്യുന്നതാണ്. ഇവരിൽ പലരും തോക്കിന്റെ ഉടമകളല്ലതാനും,” അമേരിക്കൻ ഫൗണ്ടേഷൻ ഫോർ സൂയിസൈഡ് പ്രിവൻഷൻ അഭിപ്രായപ്പെടുന്നു.
[27-ാം പേജിലെ ചിത്രം]
ഏറ്റവും പ്രധാനപ്പെട്ട ആശയവിനിമയ രൂപമാണു പ്രാർഥന